കാർ കടയിലേക്ക് ഇടിച്ചുകയറി; ഏഴ് പേർക്ക് പരിക്ക്

വാഴൂർ പതിനേഴാംമൈലിൽ കാർ കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ
വാഴൂര്‍
വാഴൂർ പതിനേഴാംമൈലിൽ കാർ കടയിലേക്ക് ഇടിച്ചുകയറി കാർ യാത്രികരടക്കം ഏഴ് പേർക്ക് പരിക്ക്. കടയ്ക്ക് മുമ്പിലുണ്ടായിരുന്ന രതീഷ് ചന്ദ്രൻ (43), ബന്ധു തുമരംപാറ പുത്തൻവീട്ടിൽ രഞ്ജിത്ത് (42), സമീപത്തെ ഹോട്ടലുമടമ അഖിൽ മുരളിയുടെ മകൾ നൈനിക (ഒന്നര വയസ്), രതീഷിന്റെ സുഹൃത്തിന്റെ മകൻ ഷാവോ (അഞ്ച്), കാർ യാത്രികരായ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, സെബി മാത്യു (45), കാളകെട്ടി സ്വദേശി ചാൾസ് ജോസഫ് (61) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ രതീഷിനെയും രഞ്ജിത്തിനെയും കോട്ടയത്തെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ശനി പകൽ ഒന്നരയോടെയായിരുന്നു അപകടം. രതീഷ് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു. ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയവരും രതീഷും സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു അപകടം. കൊടുങ്ങൂർ ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ കാർ ദിശതെറ്റി കടയിലേക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഹോട്ടലിന്റെ മുന്‍ ഭാഗത്ത് ഇടിച്ചാണ് കാർ നിന്നത്. ഹോട്ടലിലിന് സാരമായ കേടുപാടുകളുണ്ടായി. മുമ്പിലായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ച് തകർത്തു.











0 comments