print edition വി ഡി സതീശനെതിരെ പടയൊരുക്കം: എല്ലാം കൈപ്പിടിയിലൊതുക്കുന്നു; ഹൈക്കമാൻഡ് ഇടപെടണം

തിരുവനന്തപുരം: സുപ്രധാന വിഷയങ്ങളിലടക്കം പാർടിയുമായി ആലോചിക്കാതെ സ്വന്തംനിലയിൽ തീരുമാനമെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ കോൺഗ്രസിൽ പരക്കെ അതൃപ്‌തി.
വിഷയം ഹൈക്കമാൻഡിനുമുന്നിൽ അവതരിപ്പിക്കാനാണ് മുതിർന്ന നേതാക്കൾ അടക്കമുള്ളവരുടെ നീക്കം. ഏറ്റവും ഒടുവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചതാണ് ചോദ്യംചെയ്യപ്പെടുന്നത്.
നിയമനത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പരസ്യമായി രംഗത്തുവന്നു. നിയാസിന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് വിവരം. അജൻഡയിൽ ഉൾപ്പെടുത്താതെയാണ് ശേഷാദ്രിനാഥന്റെ നിയമനകാര്യം മന്ത്രിസഭയിൽ എത്തിയത്.
കെപിസിസിയുമായോ മറ്റു നേതാക്കളുമായോ കൂടിയാലോചന ഉണ്ടായില്ല. നേരിട്ടുകാണാനായി നിയാസ് കഴിഞ്ഞദിവസം തലസ്ഥാനത്ത് എത്തിയെങ്കിലും സതീശൻ അനുമതി നൽകിയില്ല. ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധവും സമൂഹമാധ്യമങ്ങളിലെ ഇടപെടലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നിയാസ് കത്തുനൽകി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്‌ക്കും കത്ത് നൽകിയിട്ടുണ്ട്.
വിഷയത്തിൽ ലീഗിനുള്ളിലും അതൃപ്‌തിയുണ്ട്. നിയമനത്തെ തദ്ദേശമന്ത്രി കെ എം ഷാജി പിന്തുണച്ചിട്ടുണ്ട്. സതീശൻ എകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾക്ക് ലീഗ് കീഴടങ്ങുകയാണെന്ന വികാരം അണികളിലുണ്ട്.
എസ്‌ഐആറിന് നേതൃത്വം നൽകിയ രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതും ദേവസ്വം സ്‌പെഷ്യൽ പ്ലീഡർ നിയമനവും പിഎം ശ്രീ വിഷയവും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയതും സതീശൻ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ നിയമനവും സതീശൻ സ്വന്തം നിലയ്‌ക്ക് എടുത്തതാണെന്ന് ആക്ഷേപമുണ്ട്. ഇൗ ഏകപക്ഷീയ നീക്കം അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കളുടെ പക്ഷം.











0 comments