കാടാണ്... കൂടെ ഇരുട്ടും

നാഗമ്പടം ബസ‍്സ്‌റ്റാൻഡിൽനിന്ന് എംസി റോഡിലേക്ക് കടക്കാനുള്ള പാലത്തിന് ചുറ്റും കാടുപിടിച്ചപ്പോൾ
കോട്ടയം
നിരവധി യാത്രക്കാർ ആശ്രയിക്കുന്ന എംസി റോഡിൽനിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലേക്കും തിരിച്ച് സ്‌റ്റാൻഡിൽനിന്ന് എം സി റോഡിലേക്കും റെയിൽയിലേക്കും എത്താൻ ഉപയോഗിക്കുന്ന മേൽപാലം ദുരിതപാതയാകുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും കേന്ദ്രമായി. കാടിനുള്ളിൽ ഒളിച്ചിരിക്കുന്ന തെരുവുനായ്‌ക്കൾ നടന്നുപോകുന്നവരെ ആക്രമിക്കാൻ വരുന്നതും പതിവായി. വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിൽനിന്ന് എത്തുന്ന യാത്രക്കാരും ഉപയോഗിക്കുന്ന മേൽപ്പാലത്തിന്റെ ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗം മലമൂത്രവിസർജനത്താൽ ദുർഗന്ധം വമിക്കുന്നു. മൂക്ക് പൊത്താതെ പാലം ഇറങ്ങാൻ പറ്റില്ല. മഴക്കാലത്ത് ദുരിതം ഇരട്ടിയാണെന്നും യാത്രക്കാർ പറയുന്നു. രാവിലെ മുതൽ രാത്രി വരെ തിരക്കേറിയ പാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു നടപടിയുമില്ല. റെയിൽവേ, ലോക്കൽ പൊലീസ് ബീറ്റുമില്ല. നഗരസഭയാണ് പാലം നിർമിച്ചത്. വർഷങ്ങൾക്ക് മുമ്പ് പാലത്തിന്റെ സ്ലാബ് അടർന്ന് താഴെവീണ് ഒരാൾ മരിച്ചിരുന്നു. ഇവിടുത്തെ ലൈറ്റുകളും കത്തുന്നില്ല. സാമൂഹ്യവിരുദ്ധരുടെയും ശല്യവും വെല്ലുവിളിയാണ്. പരസ്യ മദ്യപാനവും സ്‌ത്രീകളോടും പെൺകുട്ടികളോടും മോശമായി പെരുമാറിയ സംഭവങ്ങളുമുണ്ട്. സന്ധ്യയ്ക്കുശേഷം മേൽപ്പാലം പരസ്യ മദ്യപാനത്തിന്റെയും അസഭ്യ പെരുമാറ്റങ്ങളുടെയും കേന്ദ്രമാണ്. രാത്രിയിൽ മൂന്നും നാലും പ്ലാറ്റ് ഫോമിൽ വന്നിറങ്ങുന്നവർ ഇത് വഴിയാണ് പ്രൈവറ്റ് ബസ്‌റ്റാന്റിലേക്ക് പോകുന്നത്. കാട് വെട്ടിതളിച്ച് പൊലീസ് സംരക്ഷണം ഇറപ്പാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേയും നഗരസഭയും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.










0 comments