ഓളപ്പരപ്പിലെ ഓർമകൾക്ക് കായലാഴം

വള്ളംകളി മത്സരത്തിൽ തുഴഞ്ഞ തുഴയുമായി കുമ്മനം അഷ് റഫ് . പിറകിൽ ലഭിച്ച ബാഡ്‌ജും കാണാം
കുമ്മനം
വള്ളംകളി കുട്ടനാട്ടുകാർക്ക് കൂടെപിറപ്പാണെങ്കിലും ചരിത്രവും ഭൂമിശാസ്‌ത്രവും അതറിയണമെങ്കിൽ കോട്ടയം കുമ്മനത്ത് വരണം. വള്ളങ്ങളുടെ ചരിത്രവും പ്രത്യേകതകളും തുഴച്ചിലിന്റെ താളവും വള്ളക്കാരുടെ കഥകളും ഓർമയിൽ ഇന്നും സൂക്ഷിക്കുന്ന ഒരാളുണ്ട് കുമ്മനത്ത്. കുമ്മനം മാലിയേക്കൽ വീട്ടിൽ കെ എം അഷ് റഫ് എന്ന കുമ്മനം അഷ് റഫ്. വയസ് 72 ആയെങ്കിലും വള്ളങ്ങളും വെള്ളവും വിട്ടൊരു കളിയില്ല. ബാപ്പ മാളിയേക്കൽ മുഹമ്മദ്(മാളിയേക്കൻ) അമരക്കാരനായ ചുരുളൻ വള്ളത്തിലാണ് തുടക്കം. അന്ന് വയസ് 11. കളിവള്ളത്തിൽ കയറാൻ ശ്രമിച്ച കുട്ടിയെ ബാപ്പ തടഞ്ഞു. മത്സരം നടന്നപ്പോൾ മാളിയേക്കന്റെ കൂട്ടുകാരനായ വേളൂർ രാഘവേട്ടൻ ഇരിക്കട്ടെ എന്ന് പറഞ്ഞ് പിടിച്ചിരുത്തി. കളത്തൂർ വലിയ ആശാനും വേളൂർ രാഘവനാശാനുമായിരുന്നു ആദ്യകാല ഗുരുക്കമാർ. വള്ളത്തിൽനിന്ന് വെള്ളം കോരികളഞ്ഞ് തുടങ്ങിയതാണ് വള്ളത്തോടും പുഴയോടുമുള്ള അഷറഫിന്റെ സ്നേഹം. പഠനസമയത്ത് കാഞ്ഞിരം എസ്‌എൻഡിപി സ്കൂളിനുവേണ്ടി സെന്റ് മേരീസ് വള്ളത്തിൽ പലതവണ ട്രോഫി നേടി. വള്ളത്തിന്റെ ഉടമ സ്‌നേഹം കൊണ്ട് വള്ളം സൗജന്യമായി നൽകി. ചുരുളൻ വള്ളമായ ജയശ്രീ, പടക്കുതിര എന്നിവയെ ജലരാജാക്കൻമാരാക്കിയതും അഷ് റഫാണ്. 1970ൽ ഹനുമാൻ വള്ളത്തിൽ തുടങ്ങിയതാണ് അഷറഫും ആലപ്പുഴ വള്ളംകളിയും തമ്മിലുള്ള ബന്ധം. ഇടയ്‌ക്ക് വിദേശത്ത് ജോലിക്ക് പോയെങ്കിലും വള്ളം കളി ദിവസം നാട്ടിലെത്തും. കാലം കടന്നപ്പോൾ വള്ളംകളിയുടെ അറിവിന്റെ ശേഖരമായി. അംഗീകാരമായി നെഹ്റു ട്രോഫി വള്ളംകളിയുടെ ലൈഫ് അംഗത്വം ലഭിച്ചു. നാല് വർഷമായി നെഹ്റു ട്രോഫി വള്ളംകളിയുടെ നിരീക്ഷകനാണ്. ചീഫ് അമ്പയർ, അമ്പയർ, ജഡ്‌ജ് എന്നീ സ്ഥാനങ്ങളും വഹിച്ചു. തബലിസ്‌റ്റ് കൂടിയാണ് . മുറിനിറയെ ട്രോഫികളും ബാഡ്‌ജുകളും തുഴഞ്ഞ വള്ളങ്ങളുടെ തുഴകളുമുണ്ട്. ആയിഷയാണ് ഭാര്യ. അനസ്, അൻസാർ, അനീഷ എന്നിവർ മക്കൾ.










0 comments