ചെറുതനയെ പൊന്നണിയിക്കാൻ നാട്ടകം ബോട്ട് ക്ലബ്

നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങുന്ന നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടനിലുള്ള പരിശീലനത്തുഴച്ചിൽ കരിമ്പുംകാലാ കടവിൽ നടത്തിയപ്പോൾ. ഫോട്ടോ: മനു വിശ്വനാഥ്
കോട്ടയം
പമ്പയുടെയും വേമ്പനാട്ട് കായലിന്റെയും ഓളപ്പരപ്പുകളെ കീറിമുറിച്ച് വിജയക്കൊടി പാറിച്ച നാട്ടകം ബോട്ട് ക്ലബ് പുന്നമടക്കായലിൽ വിജയത്തുഴയെറിയും. വള്ളംകളി പ്രേമികളുടെ മനസിലേക്ക് ആവേശത്തിന്റെ ഓളപ്പരപ്പ് നിറച്ച് നെഹ്‌റുട്രോഫിയിൽ മുത്തമിടുക എന്ന ലക്ഷ്യത്തോടെ "ചെറുതന ചുണ്ടനിൽ'ആണ് പരിശീലന തുഴച്ചിൽ നടത്തുന്നത്. പള്ളം കരിമ്പിൻകാല കടവിലാണ് പരിശീലനം. ചിട്ടയായ പരിശീലനവും നാട്ടുകാരുടെ പിന്തുണയുമാണ് നാട്ടകം ബോട്ട് ക്ലബ്ബിന്റെ നാളിതുവരെയുള്ള വിജയങ്ങൾ. നിരവധി വിജയങ്ങൾ നീന്തിയെടുത്ത പ്രഗത്ഭരായ തുഴച്ചിൽക്കാരുടെ കൂട്ടായ്മയാണ് നാട്ടകം ബോട്ട് ക്ലബ്. മികച്ച പ്രകടനങ്ങളിലൂടെ നെഹ്റു ട്രോഫി ഉൾപ്പെടെ ജലമേളകളിൽ ക്ലബ് ചരിത്രം കുറിച്ചിട്ടുണ്ട്. അക്ഷരനഗരിയുടെ അഭിമാനമായി നാട്ടകം ബോട്ട്‌ക്ലബ് മാറും. 1994ൽ 2019 വരെ കരുവാറ്റ, കല്ലൂപ്പറമ്പൻ, ആയാപറമ്പ് വലിയ ദിവാൻജി, വെള്ളംകുളങ്ങര, കരിച്ചാൽ, ആനാരി ചുണ്ടനുകളിലും അമ്പലക്കടവൻ (വെപ്പ്), മൂന്നുതൈക്കൻ(ഇരുട്ടുകുത്തി) എന്നീ വള്ളങ്ങളിൽ തുഴഞ്ഞ് നേടിയത് മിന്നുന്ന വിജയം. ഈ സീസണിൽ "ചെറുതന ചുണ്ടനിൽ' വലിയ പ്രതീക്ഷകാളോടെയാണ് നാട്ടകം ബോട്ട് ക്ലബ് ഇറങ്ങുന്നത്. മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാറാണ് ക്യാപ്‌ടൻ. റോച്ചാ സി മാത്യു ലീഡിങ് ക്യാപ്റ്റനാണ്. ബാബു ജോൺ(ഇന്ത്യൻ കോച്ച്) പരിശീലകൻ.










0 comments