ആനക്കല്ലിൽ കോഴികളെ ഇന്ന് കൊല്ലും
വീണ്ടും ഭയപ്പെടുത്തി പക്ഷിപ്പനി

കോട്ടയം
ജില്ലയെ ഭയപ്പെടുത്തി വീണ്ടും പക്ഷിപ്പനി. ഇത്തവണ ആനക്കല്ല് വില്ലണിയിലെ ഫാമിലെ കോഴികൾക്കാണ് അസുഖം ബാധിച്ചത്. കഴിഞ്ഞമാസം കോട്ടയത്തും മാഞ്ഞൂരിലും പക്ഷിപ്പനി പടർന്നിരുന്നു. മൃഗസംരക്ഷണ വകുപ്പ് അടിയന്തരമായി ഇടപെട്ട് ഇത് മറ്റിടങ്ങളിലേക്ക് പടർന്നിട്ടില്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ, ആശങ്കയുയർത്തിയാണ് ആനക്കല്ലിൽ വീണ്ടും കോഴികൾക്ക് അസുഖം ബാധിച്ചത്. കായലും കനാലുകളുമുള്ള പടിഞ്ഞാറൻ മേഖലയിലാണ് സാധാരണ പക്ഷിപ്പനി കണ്ടുവരുന്നത്. എന്നാൽ ഇത്തവണ വന്നത് മലയോരമേഖലയിലാണ്. മൂവായിരത്തോളം കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ഫാമിലെ കോഴികളെയും ഒരു കിലേമീറ്റർ ചുറ്റളവിലുള്ള മറ്റ് പക്ഷികളെയും ചൊവ്വാഴ്‌ച കൊന്ന് ശാസ്‌ത്രീയമായി സംസ്‌കരിക്കും. അണുനശീകരണം പൂർത്തിയാക്കി സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ ഫാമിന് തുറന്ന് പ്രവർത്തിക്കാനാകൂ. വായുവിലൂടെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതും മാരകവുമായ അസുഖമാണ് പക്ഷിപ്പനി. 50 ശതമാനം വരെ മരണസാധ്യതയുണ്ട്. നിലവിൽ ഗുരുതരമായ വ്യാപനം എവിടെയുമുണ്ടായിട്ടില്ല. എന്നാൽ ഇടയ്‌ക്കിടെ വന്നുപോകുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കോഴിയിറച്ചിക്ക് വിലകൂടുകയാണിപ്പോൾ. കിലോ 189 രൂപ വരെയെത്തി. എല്ലാ വർഷവും ഒറ്റപ്പെട്ടയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിക്കാറുണ്ട്. 2021ൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിലും 2022ൽ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങിലും 2023ൽ പനച്ചിക്കാട്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞകൊല്ലം പടിഞ്ഞാറൻ മേഖലയിൽ ആയിരക്കണക്കിന് കോഴികളെയും താറാവുകളെയുമാണ് കൊല്ലേണ്ടിവന്നത്. ഇതുമൂലം കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ചെറുതല്ല.










0 comments