ആവേശത്തിരയുയർത്തി അയ്‌മനം ജലോത്സവം

ഐക്കരശാലിയിൽ മീനച്ചിലാറ്റിൽ നടന്ന അയ്‌മനം ജലോത്സവത്തിൽ ചെറുവള്ളങ്ങളുടെ ആവേശ മത്സരത്തിനിടെ നിലതെറ്റി വെള്ളത്തിലേക്ക് വീഴുന്ന തുഴച്ചിലുകാരൻ
അയ്മനം ഐക്കരശാലി തോട്ടിൽ ആവേശത്തിരയിളക്കി ആറാമത് അയ്മനം ജലോത്സവം. ഡ്രീം ക്യാച്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വള്ളംകളിയിൽ വിവിധ വിഭാഗങ്ങളിലായി നിരവധി ടീമുകൾ മാറ്റുരച്ചു. കാണികളുടെ ആവേശകരമായ പിന്തുണയോടെ നടന്ന മത്സരങ്ങൾ വർണാഭ കാഴ്ചയായി. 11 പേർ തുഴഞ്ഞ മത്സരത്തിൽ ജിബിൻ ചാലാശേരി ക്യാപ്ടനായ പടയാളി വള്ളം ഒന്നാംസ്ഥാനം നേടി. ഏഴ് പേർ തുഴഞ്ഞ മത്സരത്തിൽ അഷേർ അഭ്യനാഥ് ക്യാപ്ടനായ ആർപ്പൂക്കര വള്ളവും അഞ്ചുപേർ തുഴഞ്ഞ മത്സരത്തിൽ അനൂപ് ക്യാപ്ടനായ ധ്യാൻ വള്ളവും ജേതാക്കളായി. നാലുപേർ തുഴഞ്ഞ ഫൈബർ വള്ളം വിഭാഗത്തിൽ കുഞ്ഞൂട്ടൻ മുട്ടേൽ ക്യാപ്ടനായ കണ്ണൻമോൻ വള്ളം ഒന്നാമതെത്തി. നാലുപേർ വിദ്യാർഥികളുടെ മത്സരത്തിൽ അമ്പാടി ക്യാപ്ടനായ പോരാളി വള്ളവും മൂന്നുപേർ ഫൈബർ വള്ളം വിഭാഗത്തിൽ സുജാ ബൈജു ക്യാപ്ടനായ തോട്ടിത്തറ വള്ളവും വിജയിച്ചു. രണ്ടുപേർ ഫൈബർ വള്ളം മത്സരത്തിൽ റേച്ചൽ മുപ്പതിൽ ക്യാപ്ടനായ ഗബ്രിയേൽ വള്ളവും ഒരാൾ തുഴഞ്ഞ ഫൈബർ വള്ളം മത്സരത്തിൽ അശ്വിൻ സുരേഷിന്റെ ഗരുഡൻ വള്ളവും ഒന്നാംസ്ഥാനം നേടി. അഞ്ചുപേർ തുഴഞ്ഞ ഫൈബർ വള്ളം മത്സരത്തിൽ അലീസ മറിയം ക്യാപ്ടനായ റോഷൻ വള്ളവും സീനിയർ സിറ്റിസൺസ് വിഭാഗത്തിൽ ജോണിച്ചൻ ക്യാപ്ടനായ കളമ്പുകാട്ടുശേരി വള്ളവും ജേതാക്കളായി. നാട്ടകം സുരേഷ് എംഎൽഎ ജലോത്സവം ഉദ്ഘാടനംചെയ്തു. ജലോത്സവ കമ്മിറ്റി ചെയർമാൻ പി പി ബിജോഷ് അധ്യക്ഷനായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, പഞ്ചായത്തംഗം എ കെ ആലിച്ചൻ, ആഘോഷ കമ്മിറ്റി രക്ഷാധികാരി ബി ജെ ലിജീഷ്, ഡോ. രോഹിത് കുമാർ എന്നിവർ സംസാരിച്ചു. ഡിവൈഎസ്‌പി കെ ജി അനീഷ് സമ്മാനദാനം നടത്തി. രക്ഷാധികാരി ടി പി മനു നന്ദി പറഞ്ഞു.










0 comments