പോഷൺ അഭിയാനിൽ കുടിശിക 1.45 കോടി
അങ്കണവാടി ജീവനക്കാരെ കൊള്ളയടിച്ച് കേന്ദ്രം

കോട്ടയം
കേന്ദ്രസർക്കാരിന്റെ പോഷൺ അഭിയാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ മുടങ്ങിയതോടെ ജില്ലയിലെ അങ്കണവാടി ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട കുടിശികയും ഇൻസെന്റീവ് തുകയും കേന്ദ്രസർക്കാർ പിടിച്ചുവച്ചതാണ് ജീവനക്കാരെ വലയ്ക്കുന്നത്. ഇൻസെന്റീവ് ഇനത്തിൽ മാത്രം ജില്ലയിലെ ജീവനക്കാർക്ക് ലഭിക്കാനുള്ളത് 1,45,88,000 രൂപയാണ്. ഇതിൽ വർക്കർമാർക്ക് 97,94,750 രൂപയും ഹെൽപ്പർമാർക്ക് 47,93,250 രൂപയും ഇനിയും ലഭിക്കാനുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുമെന്ന പേരിലാണ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. 60 ശതമാനം വീട് സന്ദർശിച്ച് മാസം 21 ദിവസത്തെ പ്രവർത്തനം പോഷൺ ട്രാക്കർ ആപ്പിൽ അപ്ഡേറ്റ് ചെയ്‌താൽ മാത്രമേ ആനുകൂല്യം കിട്ടു. ഇത്തരം നിബന്ധനകൾ കൃത്യമായി പാലിച്ചിട്ടും തുക കേന്ദ്രം പിടിച്ചുവയ്ക്കുകയാണ്. മാസത്തിൽ രണ്ടുവീതം പോഷകാഹാര ക്ലാസെടുക്കുന്ന ഇനത്തിലെ സിബിഇ തുകയും തടഞ്ഞുവച്ചിട്ടുണ്ട്. 25,32,750 രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ 6,76,000 രൂപയും മാർച്ചിൽ 8,74,250 രൂപയും ഏപ്രിലിൽ 9,82,500 രൂപയുമാണ് സിബിഇ കുടിശ്ശിക. 149.17 കോടി രൂപയാണ് സംസ്ഥാനത്താകെ പോഷൺ അഭിയാൻ പദ്ധതിയിൽ കേന്ദ്രം കുടിശ്ശിക വരുത്തിയത്. ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിൽ വിഹിതം പങ്കുവയ്‌ക്കേണ്ട പദ്ധതിയാണിത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ഫണ്ട് വൈകിയപ്പോൾ സർക്കാർ സ്വന്തം നിലയ്ക്ക് പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നു. എന്നാൽ, നിലവിൽ കൃത്യമായ കണക്കുകൾ സമർപ്പിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. കൈയിൽനിന്ന് ചെലവാക്കിയ പണം പോലും തിരികെ ലഭിക്കാതെ നട്ടംതിരിയുകയാണ് ജീവനക്കാർ. അതോടൊപ്പം മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.











0 comments