ad
Deshabhimani

ഇടിച്ചിൽ ഭീഷണിയായി മൺകൂന

ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

a

അപകട ഭീഷണി ഉയർത്തുന്ന മൺകൂനയുള്ള പ്രദേശംപുള്ളിപ്പാടം വില്ലേജ് ഓഫിസർ അനീസയുടെ നേതൃത്വത്തിൽ റവന്യു അധികൃതർ പരിശോധിക്കുന്നു

avatar
പി ചന്ദ്രബാബു

Published on Jul 10, 2026, 02:09 AM | 1 min read

മുക്കം

കക്കാടംപൊയിലിൽ ക്വാറിയോട് ചേർന്ന കൂറ്റൻ മൺകൂന അപകടഭീഷണിയായ സാഹചര്യത്തിൽ നടപടിയുമായി അധികൃതർ. ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ ചാലിയാർ പഞ്ചായത്ത് അടിയന്തര സ്റ്റോപ്പ് മെമ്മോ നൽകി. നിലവിലെ അപകടഭീഷണി സംബന്ധിച്ച് പുള്ളിപ്പാടം വില്ലേജ് ഓഫീസർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്ന മൺകൂന മഴയെ തുടർന്ന്‌ ഇടിച്ചിൽ ഭീഷണിയിലാണെന്ന്‌ "ദേശാഭിമാനി’ വാർത്തയ്‌ക്ക്‌ പിന്നാലെയാണ്‌ അടിയന്തര നടപടികളുമായി റവന്യു, പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്‌. വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ മൺകൂന വീണ്ടും ചർച്ചയായത്‌.

അപകടഭീഷണിയിലായിരുന്ന മൂന്ന് കുടുംബങ്ങളെ ദുരന്തസാധ്യത കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുള്ളിപ്പാടം വില്ലേജ് ഓഫീസറുടെയും ചാലിയാർ പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. തുടർന്നാണ് ക്വാറിക്ക്‌ സ്റ്റോപ്പ് മെമ്മോ നൽകിയത്. മൺകൂന ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി.

മലപ്പുറം-–കോഴിക്കോട് ജില്ലകൾ അതിരിടുന്ന കക്കാടംപൊയിൽ, വെണ്ടേക്കുംപൊയിൽ മേലെ മങ്ങാട് പ്രദേശത്താണ് ക്വാറിക്കുവേണ്ടി കുന്നിൻമുകളിൽ കൂട്ടിയിട്ടിരിക്കുന്ന മൺകൂന. മന്ത്രി പി കെ ബഷീറിന്റെ മണ്ഡലത്തിലാണ് പ്രദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home