കേന്ദ്രസർക്കാരിനെതിരെ അങ്കണവാടി ജീവനക്കാർ
അലയടിച്ച് പ്രതിഷേധം

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്‌സ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ വനിതാ -ശിശുവികസന പ്രോഗ്രാം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാകാത്ത കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്‌സ് ഫെഡറേഷൻ(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വനിത -ശിശുവികസന പ്രോഗ്രാം ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഓൺലൈൻ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി 5ജി സൗകര്യമുള്ള മൊബൈൽ ഫോൺ ഉടൻ നൽകുക, റീച്ചാർജ് ചെയ്യാൻ പ്രതിമാസം നിശ്ചിത തുക നൽകുക, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമം അവസാനിപ്പിക്കുക. ആധാർ, ഇ കെ വൈ സി– എഫ്‌ആർഎസ് രജിസ്‌ട്രേഷൻ നിർത്തലാക്കുക, അർഹരായ ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നിബന്ധന ഒഴിവാക്കുക, ഇൻസെന്റീവ് കുടിശിക പൂർണമായും നൽകുക, അങ്കണവാടി ജീവനക്കാരെ അവഹേളിച്ച് മാനസിക സമർദത്തിലാക്കുന്നതിൽനിന്നു മേലധികാരികൾ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാർച്ച് 10 മുതൽ ജീവനക്കാർ ഡിജിറ്റൽ പ്രവർത്തനങ്ങൾ നിർത്തി ഡിജിറ്റൽ സമരത്തിലുമായിരുന്നു. പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. നൂറുകണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡി സേതുലക്ഷ്മി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി എൻ ശോഭന, സംസ്ഥാന കമ്മിറ്റിയംഗം സി എ ഗീത, സ്മിത സുനിൽ, ഹൈമി ബോബി, പി ലത എന്നിവർ സംസാരിച്ചു.











0 comments