പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്
പ്രവേശനം ഇന്നുകൂടി

കോട്ടയം ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ലഭിച്ചവർക്ക് വെള്ളി വൈകിട്ട് അഞ്ചുവരെ പ്രവേശനംനേടാം. മൂന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനമുണ്ടാകില്ല. അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരമായി പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. ജില്ലയിൽ 3,986 വിദ്യാർഥികളാണ് പ്രവേശനംനേടിയത്. ഇതോടെ 13,458 പേർക്ക് സീറ്റ് ലഭിച്ചു. സ്പോർട്സ് ക്വാട്ടയിലെയും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെയും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. സ്പോർട്സ് ക്വോട്ടയിലെ പ്രവേശനം വ്യാഴാഴ്ച അവസാനിച്ചു. എംആർസുകളിൽ വെള്ളി വൈകിട്ട് അഞ്ചുവരെയും പ്രവേശനം നേടാം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കിനൽകാം. ജൂലൈ ആറിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.











0 comments