ആഫ്രിക്കൻ പന്നിപ്പനി
മനുഷ്യരിലേക്ക് പകരില്ല; ഫാമുകളിൽ ജാഗ്രത വേണം

കോട്ടയം
ആഫ്രിക്കൻ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ ഏക സർക്കാർ പന്നി ഫാമായ കാഞ്ഞിരപ്പള്ളി കപ്പാട് പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയും കൊന്ന് കുഴിച്ചുമൂടിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതലയുള്ള ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഫാമുകളുണ്ടെങ്കിൽ അവിടത്തെ പന്നികളെയും ദയാവധം ചെയ്യും. രോഗകേന്ദ്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജാഗ്രത തുടരും. രോഗബാധിത പ്രദേശങ്ങളിൽ പന്നിമാംസ വിൽപനയ്‌ക്കും പന്നികളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. അതിവേഗം പടർന്നുപിടിക്കും മാംസത്തിനായി വളർത്തുന്ന നാട്ടുപന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഒരുതരം വൈറൽ പനിയാണ് ആഫ്രിക്കൻ വൈറൽ പനി. അസ്ഫാർവൈറിഡെ എന്ന ഡിഎൻഎ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. 2022 ജൂലൈയിലാണ് കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുകയും രോഗബാധയുണ്ടാക്കുകയും ചെയ്യുന്ന ജന്തു ജന്യരോഗമല്ല ആഫ്രിക്കൻ പന്നിപ്പനി. എന്നാൽ വളർത്തുപന്നികളെയും കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. അതിവേഗത്തിൽ മറ്റു പന്നികളിലേക്ക് പടർന്നുപിടിക്കാൻ വൈറസിന് കഴിയും. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറു ശതമാനമാണ്. രോഗ ലക്ഷണങ്ങൾ വൈറസ് ബാധയേറ്റ് മൂന്ന്– അഞ്ച് ദിവസത്തിനകം പന്നികൾ ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങും. തുടർന്ന് രോഗം മൂർച്ഛിച്ച് ഒന്ന് –രണ്ട് ആഴ്ചയ്ക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും. ആന്തരാവയവങ്ങളിലെ രക്തസ്രാവത്തിന് വൈറസ് കാരണമാവും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ വേണ്ടായ്‌ക, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദി, ഗർഭിണിപ്പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.










0 comments