ad
Deshabhimani

print edition പട്ടിണിക്കാരെ പിടിക്കുന്ന പതിനേഴുകാരൻ

Rohan.jpg

അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കൊപ്പം റോഹൻ ദിലീപ്

avatar
ഡോ. രാമന്തളി രവി

Published on Jun 07, 2026, 02:24 AM | 2 min read

യുദ്ധക്കൊതിയിലും ലോകം കീഴടക്കാനുള്ള തത്രപ്പാടിലും കണ്ണും കാതും നഷ്ടപ്പെട്ട അമേരിക്കയിലെ സ്കൂളുകളിലെ ക്ലാസ്‌മുറികളിൽ കുട്ടികൾ വിശന്നിരിക്കുന്നു. ചിലരെങ്കിലും പോഷകാഹാരക്കുറവുമൂലം തളർന്നുവീഴുന്നു. ഈ പട്ടിണിക്കും തളർച്ചയ്ക്കുമെതിരെ മലയാളിപ്പയ്യൻ നടത്തിയ ധീരോദാത്തമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം. റോഹൻ ദിലീപിന് 2026ലെ ഇന്റർനാഷണൽ യൂത്ത് അവാർഡ്.


​ആരും പട്ടിണി കിടക്കരുത്


യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംസ്ഥാനങ്ങളിൽ ഒന്നാണ് വിസ്കോൺസിൻ. ഇതിന്റെ തലസ്ഥാനമായ മാഡിസൺ സിറ്റിയിലെ ബയോടെക്നോളജി സ്ഥാപനത്തിൽ സീനിയർ സയന്റിസ്റ്റായ ഡോ. ദിലീപ് പുളുക്കുനാടിന്റെ മകനായ റോഹൻ ദിലീപ് എന്ന പതിനേഴുകാരനാണ് 2026-ലെ ഏറ്റവും മികച്ച ജീവകാരുണ്യപ്രവർത്തനം നടത്തുന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ അന്തർദേശീയ യൂത്ത് അവാർഡ് ലഭിച്ചത്.


കേരളത്തിൽ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശികളാണ് റോഹൻ ദിലീപിന്റെ അമ്മയും അച്ഛനും. അമ്മ നീത പി കോറോത്ത് മാഡിസണിൽത്തന്നെ സീനിയർ ഡാറ്റ എൻജിനിയറായി പ്രവർത്തിക്കുന്നു. ഏകസഹോദരി വേദിക എലിമെന്ററി സ്കൂൾ വിദ്യാർഥിയാണ്.

എലിമെന്ററി ക്ലാസുകളിൽ പഠിക്കുമ്പോൾത്തന്നെ പഠനത്തിൽ മികച്ചുനിന്ന റോഹൻ, മറ്റുള്ളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു. സ്കൂളിലെ കൂട്ടുകാരുമായുള്ള ഇടപെടലിൽനിന്നാണ് ഭക്ഷണം കിട്ടാത്ത കുട്ടികൾ തങ്ങളുടെ ഇടയിലും സ്കൂളിനു പുറത്തുമായുണ്ടെന്ന സത്യം അവൻ അറിയുന്നത്.


അത്തരം കുട്ടികളെ തിരക്കിയുള്ള അന്വേഷണം അനിവാര്യമാണെന്ന ഒരു ബോധം പത്താംക്ലാസിലെത്തിയ റോഹനിൽ രൂപംകൊണ്ടു. കൂട്ടുകാരുമായി ഈ വിഷയം സംസാരിച്ചു. ചിലർക്കെങ്കിലും റോഹൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി. മിഡിൽടൺ സ്കൂളിലെ വിദ്യാർഥികൾതന്നെ ഇതിന്‌ മുൻകൈയെടുത്ത്‌ സന്നദ്ധസംഘടനയ്‌ക്ക് രൂപംകൊടുത്തു. മീൽസ് മാറ്റർ എന്ന പേരും സ്വീകരിച്ചു. നോൺ പ്രോഫിറ്റ് സംഘടനകളുടെ ഗണത്തിലേക്ക് ചേർന്നു. ആരും പട്ടിണി കിടക്കരുത്. എല്ലാവർക്കും പോഷകാഹാരം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു. ഭക്ഷണപദാർഥങ്ങൾ ശേഖരിക്കുക, ആവശ്യക്കാരുടെ മുമ്പിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.


തുടക്കം എളുപ്പമായില്ല


അത്ര എളുപ്പമല്ലെന്ന് പ്രവർത്തനത്തിന് തുടക്കംകുറിച്ചപ്പോൾത്തന്നെ മനസ്സിലായി. വിശക്കുന്ന കുട്ടികളും പട്ടിണി കിടക്കുന്നവരും പൊതുസ്ഥലത്തുവച്ചും ആളുകളുടെ മുമ്പിൽവച്ചും ഭക്ഷണം സ്വീകരിക്കാൻ വൈമനസ്യം കാട്ടി. തങ്ങളുടെ കഷ്ടപ്പാടും പട്ടിണിയും പുറത്തുപറയാൻ അവർ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ അവരുടെ അന്തസ്സും അഭിമാനവും സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരെ കണ്ടുപിടിക്കാൻ കുട്ടികൾ ഏറെ കഷ്ടപ്പെട്ടു. തങ്ങൾ ഭക്ഷണം നൽകുന്നവരുടെ പേരും ഐഡന്റിറ്റിയും വെളിപ്പെടുത്തുകയില്ലെന്ന ഉറപ്പിൽ അവർക്ക് കൂടുതൽപേരെ കണ്ടെത്താൻ കഴിഞ്ഞു.


ചില പ്രത്യേക കേന്ദ്രങ്ങൾ നിശ്ചയിച്ച് അവിടെ ഭക്ഷണവസ്തുക്കൾ എത്തിച്ചു. ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്ന കാര്യത്തിലും ചില സവിശേഷതകൾ സ്വീകരിച്ചു. മാളുകളിലേക്കും സ്റ്റോറുകളിലേക്കും സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് ഗേറ്റിൽ നിന്നുകൊണ്ട് ഒരുകൂട്ടം കുട്ടികൾ സ്ലിപ്പുകൾ നൽകുന്നു. തങ്ങൾ ഇവിടെ നിൽക്കുന്നത് വിശക്കുന്ന വയറുകൾക്ക് ഭക്ഷണമെത്തിക്കാനാണെന്ന് കുറിപ്പിൽ പറയും.


നിങ്ങൾക്ക് സന്മനസ്സുണ്ടെങ്കിൽ ഇന്നയിന്ന ഭക്ഷ്യവസ്തുക്കൾകൂടി വാങ്ങിയാലും. തിരിച്ചുവരുമ്പോൾ മീൽസ് മാറ്ററിനുവേണ്ടി വാങ്ങിയ വസ്തുക്കൾ നിക്ഷേപിക്കാൻ അവരുടെ പേരുകളിൽ ബോക്സുകൾ സ്ഥാപിച്ചു. ആളുകൾ അതിൽ നിക്ഷേപിക്കുകയും ചെയ്തു. ഇത്തരം ശേഖരണവും വിതരണവും ആപ്പിന്റെ സഹായത്തോടെ സുഗമമായി നിർവഹിച്ചു. പേരുകേട്ട ഭക്ഷണശാലകളിൽനിന്നും പൊതുസ്ഥാപനങ്ങളിൽനിന്നും പ്രതിമാസ ശേഖരണവും അയൽപക്ക ശേഖരണവും മുറപോലെ സ്കൂളിലെ ഇരുപതംഗസംഘം ഏറ്റെടുത്തു. ഇപ്പോഴതിന്റെ ചുമതല റോഹനെ കൂടാതെ സഹ അധ്യക്ഷയായ ബിയാട്രീസ് നോർമനും വഹിക്കുന്നു.


​കൂടുതൽ ഉത്തരവാദിത്വബോധം


ഈ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയതുകൊണ്ടാണ് 2026ലെ ഇന്റർനാഷണൽ നിലവാരത്തിലുള്ള വില്യം ആർ സിംസ്സ് അവാർഡ് മിഡിൽടൺ മീൽസ് മാറ്ററിനെ തേടിയെത്തിയത്.

സമൂഹത്തിലെ അസ്ഥിരജീവിതങ്ങളെ അന്വേഷിച്ചുനടക്കൽ ഇന്ന് ഇവർക്കൊരു ഹോബിയാണ്. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും കേവലജീവിതത്തിലേക്ക് മടങ്ങുന്നതിനുപകരം, തന്റെ കൂട്ടുകാരിൽ ദുഃഖമനുഭവിക്കുന്നവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നുകയറുകയായിരുന്നു റോഹനും കൂട്ടുകാരും.


ക്ലാസ്‌മുറികളിൽനിന്നും ചുറ്റുമുള്ള ജീവിതങ്ങളെ നിരീക്ഷിച്ചും വിശദാംശങ്ങൾ ശേഖരിച്ചും തുടങ്ങിയ അവരുടെ യജ്ഞം നാടുകളുടെ നടുവിലേക്കെത്തിയപ്പോൾ നൂറുകണക്കിനാളുകളും സ്ഥാപനങ്ങളും ഈ കുട്ടികളോടൊപ്പം നിന്നു. അസോസിയേഷൻ ഓഫ് ഫണ്ട് റൈസിങ്‌ പ്രൊഫഷണൽ (AFP) പ്രസ്ഥാനത്തിന്റെ സിഇഒയായ ആർട്ട് ടെയ്‌ലറാണ് ഏപ്രിൽ 28ന്‌ ഈ കുട്ടികൾക്ക്‌ മൂവായിരത്തോളം ആളുകൾ പങ്കെടുത്ത സദസ്സിൽവച്ച് AFP ICON 2026 എന്ന അവാർഡ് നൽകിയത്.


സമ്മാനം സ്വീകരിച്ചുകൊണ്ട് റോഹനും ബിയാട്രീസും പറഞ്ഞത്– “ഈ അംഗീകാരം ഞങ്ങൾക്ക് വളരെ ആവേശം നൽകുന്നു. ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കുകയും ഞങ്ങൾക്കു കൂടുതൽ ചുമതല നൽകുകയുമാണ് ചെയ്തിരിക്കുന്നത്.’’ റോഹൻ ദിലീപ് ഈ അധ്യയനവർഷം 12–ാംക്ലാസ്‌ പാസായി. ജൂണിൽ ഡിഗ്രിക്കായി വിസ് കോൺസിൻ യൂണിവേഴ്സിറ്റിയിൽ ബിസിനസ് സ്കൂളിൽ ചേരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home