ad
Deshabhimani

print edition ആചാരങ്ങളുടെ തീച്ചൂളയിൽ പച്ചമനുഷ്യൻ

Paithalattam.jpg
avatar
എ സെബാസ്റ്റിയൻ

Published on Jun 07, 2026, 02:20 AM | 1 min read

‘ആചാരങ്ങൾ ആർക്കുവേണ്ടി? മനുഷ്യർക്കുവേണ്ടിയോ അതോ ദൈവങ്ങൾക്കുവേണ്ടിയോ?' എന്ന പ്രസക്തമായ ചോദ്യം പ്രേക്ഷകമനസ്സിലേക്ക് എറിഞ്ഞുതരുന്ന ചിത്രമാണ് വിബിൻ എൻ വേലായുധൻ രചനയും സംവിധാനവും നിർവഹിച്ച ‘പൈതലാട്ടം.' ഭക്തിയുടെയും ആചാരങ്ങളുടെയും മറവിൽ മനുഷ്യൻ അനുഭവിക്കുന്ന തീരാവേദനകളെയും സാമൂഹിക യാഥാർഥ്യങ്ങളെയും ഈ ചിത്രം അടയാളപ്പെടുത്തുന്നു.


തീച്ചാമുണ്ടിയായി ഒറ്റത്തെയ്യം കെട്ടിയാടുന്ന മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. തെയ്യം കെട്ടുമ്പോൾ ദൈവമായി മാറുന്ന അയാൾ, അത് കഴിയുമ്പോൾ കനലിൽ വെന്തുരുകുന്ന വെറുമൊരു പച്ചമനുഷ്യനാണ്. താൻ അനുഭവിക്കുന്ന ഈ നരകയാതന അടുത്ത തലമുറയ്ക്ക് കൈമാറില്ലെന്ന് അയാൾ തീരുമാനിക്കുന്നു. സയൻസ് എക്‌സിബിഷനുകളിൽ പങ്കെടുക്കാനും ശാസ്ത്രീയമായി ചിന്തിക്കാനും താൽപ്പര്യമുള്ള മകനെ ഒരു നല്ലനിലയിലെത്തിക്കാനാണ് ആ അമ്മയും അച്ഛനും ആഗ്രഹിക്കുന്നത്.


എന്നാൽ, ഭക്തിയുടെ ലഹരിയും സമൂഹം നൽകുന്ന ‘ഒറ്റ ദിവസത്തെ ദൈവപദവിയും' തീരുമാനങ്ങളെ മാറ്റിമറിക്കുന്നു. ഒടുവിൽ മകനെ ‘ബാലച്ചാമുണ്ടി'യാക്കാൻ സമൂഹം ആവശ്യപ്പെടുമ്പോൾ ശാസ്ത്രബോധമുള്ള അമ്മ അതിനെ ശക്തമായി എതിർക്കുന്നു. എങ്കിലും, വിശ്വാസത്തിന്റെ സമ്മർദങ്ങൾക്കുമുന്നിൽ അച്ഛൻ പകുതിമനസ്സോടെ സമ്മതിക്കുന്നു. തുടർന്നുണ്ടാകുന്ന ദാരുണമായ സംഭവങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.


ബാലച്ചാമുണ്ടിയായി വേഷമിട്ട വേദാമിത്ര രാമൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. പ്രതാപൻ, ധന്യ അനന്യ, മിഥുൻ ചമ്പു എന്നിവരും ചേർത്തല ജയൻ, അപ്പുണ്ണി ശശി, സുനിൽ സുഖദ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.


നിധിൻ ചെമ്പകശേരിയുടെ കാമറക്കാഴ്ചകളും വിനയന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മൂഡ് നിലനിർത്തി. ലീല എൽ ഗിരീഷ് കുട്ടൻ ഒരുക്കിയ ഈണങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ ആത്മാവിനോട് ചേർന്നുനിൽക്കുന്നതാണ്.


ഭരണവർഗവും പ്രമാണിമാരും തങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളെ അടിച്ചമർത്താൻ ‘ദൈവമാക്കി മാറ്റുക' എന്ന തന്ത്രം എങ്ങനെ ഉപയോഗിക്കുന്നു എന്നു ചിത്രം കാണിച്ചുതരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home