print edition കടലിന്നഗാധമാം നീലിമയിൽ

പ്രതീകാത്മക ചിത്രം
ഡോ. എം ഡി മനോജ്
Published on Jun 07, 2026, 02:14 AM | 5 min read
കടൽ എന്ന ജലരാശി സജീവ രൂപകമെന്നോണം ചലച്ചിത്രവുമായി വലിയ പാരസ്‌പര്യം തീർക്കുന്നു. ചലച്ചിത്രത്തിനും പാട്ടിനും കടൽ പകർന്നുനൽകുന്ന സ്‌മൃതികൾ, വൈകാരികതകൾ, ഗൃഹാതുരതകൾ എന്നിവ ശ്രദ്ധേയമാണ്. കടൽ സാമീപ്യംകൊണ്ട് ധന്യമായ പാട്ടുകളെക്കുറിച്ച് ആലോചിക്കുന്പോൾ മലയാളസിനിമയിലെ സമുദ്രഗീതികളിലേക്ക് നാം മനസ്സും കാതും ചേർത്തുവയ്‌ക്കുന്നു. ജീവിതത്തിന്റെ അനേകതകളെ അടയാളപ്പെടുത്താൻ കടലിന്റെ ഭാവാന്തരങ്ങൾക്ക് സാധ്യമാകുന്നു. കടലിന്റെ ഏറ്റുവും ശോഭയാർന്ന ഭാഷ്യങ്ങൾ നാമെത്രയോ ചലച്ചിത്രങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്‌തു.
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
‘പുലരേ പൂങ്കോടിയിൽ പെരുമീൻ വെള്ളാട്ടമായ്’ എന്ന ഗാനമാണ് അമരം എന്ന സിനിമയെ നിർവചിച്ചത്. വാസന്തി രാഗത്തിൽ തുടങ്ങി ശുദ്ധസാവേരി, ഹിന്ദോളം എന്നിവയിൽ അവസാനിച്ച രാഗമാലികയിൽ കടലിന്റെ മർമരങ്ങളും ഹൃദയസ്‌പന്ദനങ്ങളും കേൾക്കാനാകും. ചെമ്മീനാണ് കടൽ അതിന്റെ മുഴുവൻ സ്വരൂപവും കാണിച്ച ആദ്യ മലയാള സിനിമ. സലിൽ ചൗധരി വംഗസംഗീതത്തിന്റെ സൗന്ദര്യത്തിൽ നെയ്‌തെടുത്ത ‘ചാകര കടപ്പുറത്ത് ഉത്സവമായ് ചാകര തെരപ്പുറത്തിനി മത്സരമായ്’ എന്ന ഗാനം ആ സിനിമയെ വേണ്ടുവോളം വെളിപ്പെടുത്തുന്നുണ്ട്.
പുറക്കാട്ട് കടപ്പുറത്ത് ചാകര വന്നതറിഞ്ഞ്, ഇടവപ്പാതിക്കോളുകഴിഞ്ഞ് കടലിനക്കരെ മാനം തെളിഞ്ഞ് ചാകര വന്നതറിഞ്ഞ് ജനങ്ങൾ ഉത്സവലഹരിയിൽ ആറാടുന്നു. പുത്തൻവലക്കാരെയും പുന്നപ്രക്കാരെയും അഭിസംബോധന ചെയ്യുന്ന വയലാർ എഴുതിയ സംഘഗാനത്തിൽ കടലും കടൽക്കരയുമെല്ലാം തെളിഞ്ഞു നിൽക്കുകയാണ്. കടലിന് കൈവന്ന ‘പൂത്തിരുനാളിൽ’ മുക്കുവർ ഒന്നടങ്കം ആഹ്ലാദിക്കുന്നു.
പാലാഴീന്നിക്കരെയെത്തിയ പൂമീനും പൂവാലൻ ചെമ്മീനുമെല്ലാം പാട്ടിൽ ചാകര തീർത്തു. കാണാപ്പൂമീനിന് പോകുന്ന തോണിക്കാരന്റെ മനസ്സ് മുഴുവനുമുണ്ട് ഇൗ പാട്ടിൽ. ‘കടലിനക്കരെ പോണോരേ, കാണാപ്പൊന്നിന് പോണോരേ, പോയ്‌വരുന്പോളെന്തുകൊണ്ടുവരും’ എന്ന പാട്ടിലും കടൽമക്കളുടെ സംഘശക്തിയുണ്ട്. ‘പതിനാലാം രാവിലെ പാലാഴിത്തിരയിലെ മത്സ്യകന്യകമാരുടെ മാണിക്യക്കല്ല് തരാമോ’ എന്ന ചോദ്യത്തിൽ സംഘസംഗീതത്തിന്റെ സൗന്ദര്യം മുഴുവനുമുണ്ടായിരുന്നു.
കടലിനെയും തീരത്തെയും ഏറെ ധ്വന്യാത്മകമായി ഉപയോഗിച്ച ആദ്യസിനിമകൂടിയാണ് ചെമ്മീൻ. സലിൽദായ്‌ക്കുവേണ്ടി വയലാർ എഴുതിയ ‘മാനസമൈനേ വരൂ’ എന്ന വരികളിലേക്ക് കടൽത്തിരകൾ ഇരച്ചുകയറി വരുന്നുണ്ട്. ‘കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല’ എന്ന കവിയുടെ വാക്കുകളെ സലിൽ ചൗധരി മോഹനദർശനമാക്കി ഇൗണമിട്ടു. ‘പണ്ടൊരു മുക്കുവൻ മുത്തിനുപോയി പടിഞ്ഞാറൻ കാറ്റത്ത് മുങ്ങിപ്പോയി, അരയത്തി പെണ്ണ് തപസ്സിരുന്ന്, അവനെ കടലമ്മ കൊണ്ടുവന്ന്, അരയൻ തോണിയിൽ പോയാലെ അവന് കാവല് നീയാണേ, അരയത്തിപ്പെണ്ണ് പിഴച്ചുപോയി, അവനെ കടലമ്മ കൊണ്ടുപോയി’ എന്ന തുറയിലെ വിശ്വാസങ്ങളെ പാട്ടിൽ കൊണ്ടുവന്നു വയലാർ.
കടലല പാടി കരളും പാടി
മലയാളത്തിൽ തലത് മഹ്‌മൂദ് പാടിയ ഒരേഒരു പാട്ടാണ് ‘കടലേ നീലക്കടലേ.’ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന സിനിമയ്‌ക്കുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഗാനത്തിന് ബാബുരാജായിരുന്നു സംഗീതം. നാട്ടിൽനിന്ന് അകന്ന് നാലുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന നായകൻ തനിക്ക് പ്രിയപ്പെട്ടവരെ ഓർത്ത് പാടുന്ന ഗാനമാണിത്. കടൽ ഒരേസമയം അയാൾക്ക് ദുഃഖവും സുഖവും നൽകുന്ന ഒന്നായിത്തീരുന്നു. ‘കടലേ നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ’ എന്നാണ് നായകന്റെ വേദന നിറഞ്ഞ ചോദ്യം. ‘കടലല പാടി കരളും പാടി കദനം നിറയും ഗാനങ്ങൾ’ എന്ന വരിയിൽ കടൽ അയാൾക്ക് ഒരാശ്വാസമാകുന്നു.
ഏകാന്തതയുടെ അപാരതീരം
മലയാള ചലച്ചിത്രഗാനങ്ങളിൽ ആന്തരഗഹനതയും നിഗൂഢ സൗന്ദര്യവും ശബ്ദഗാംഭീര്യവും ഒത്തിണങ്ങിയ ഒരു പാട്ടുണ്ടായി. അത് ‘ഏകാന്തതയുടെ അപാരതീര’മാണ്. ബഷീറിന്റെ ഭാർഗ്ഗവീനിലയത്തിനുവേണ്ടി പി ഭാസ്‌കരനും ബാബുരാജും ചേർന്നൊരുക്കി കമുകറ പുരുഷോത്തമൻ പാടിയ ആ ഗാനത്തിൽ കടലിരന്പത്തിന്റെ പശ്‌ചാത്തലഭംഗികളുണ്ട്. കടലപാരതയുടെ അനുഭവസീമകളിലേക്ക് നമ്മെ ആനയിക്കുകയാണ് ഗാനശിൽപ്പികൾ. ഇൗ പാട്ടിന്റെ ദൃശ്യസാധ്യതകൾ മുഴുവനും സംവിധായകനായ വിൻസന്റ് മാഷ് സാക്ഷാൽക്കരിക്കുന്നത് കടലിന്റെ സജീവതയിലാണ്.
മനുഷ്യന് കടൽ എന്നും അപാരതയാണ്. അതുകൊണ്ടാണ് വയലാർ തന്റെ മറ്റൊരു പാട്ടിൽ കടലിന്റെ മഹാവിസ്‌തൃതിയുടെ കരയിൽ അലയുന്ന പഥികനായി മനുഷ്യനെ കാണുന്നത്. ദത്തുപുത്രൻ എന്ന ചിത്രത്തിലെ ‘ആഴി അലയാഴി അപാരതേ നിൻ വിജനമാം കരയിൽ അലയുന്നു ഞാനാം പഥികൻ’ എന്ന വരികൾക്ക് അതിഗഹനമായ ഇൗണമിട്ടത് ജി ദേവരാജനായിരുന്നു. കടൽപ്പാലം എന്ന ചിത്രത്തിൽ വയലാർ രചിച്ച് ദേവരാജൻ മാഷ് സംഗീതം പകർന്ന് എസ് പി ബി പാടിയ ‘ഇൗ കടലും മറു കടലും’ എന്ന പാട്ടിൽ കടലിനക്കരെ പോകുന്നവരുടെ കഥയുണ്ട്.
മനുഷ്യ പ്രണയത്തിന്റെ സമസ്‌ത വൈകാരികതകളെയും കടലിനോട് ചേർത്തുവച്ച് ശ്രീകുമാരൻതന്പി എഴുതി എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ഒരു ഗാനം ഏറെ ശ്രദ്ധേയമാണ്. ‘കടലിനെന്തു മോഹം, കരയെ വാരിപ്പുണരാൻ മോഹം’ എന്നുതുടങ്ങുന്ന പാട്ടിൽ മുഴുവനും അരയന്റെ ജീവിതമോഹങ്ങളെ അണിനിരത്തുന്നു. ‘കട്ടമരത്തോണിയേറി കരകാണാക്കടൽ നടുവിൽ അലയിളക്കി നീന്തിവരും മീൻപിടിത്തക്കാരനോ അരവയറ് നിറയാൻ മോഹം’ എന്നാണ് ഇൗ പാട്ടിന്റെ തുടർവരികൾ. ‘കാറ്റുലയ്‌ക്കും കക്കക്കുടിലിൽ കളിമൺ വിളക്കിനരികിൽ കടലിൽ പോയ മുക്കുവനെ കാത്തിരിക്കും പെണ്ണിനോ കണ്ണുനീര് തോരാൻ മോഹം’ എന്നിങ്ങനെ അവസാനിക്കുന്ന ഇൗ പാട്ടിൽ ഒരു മുക്കുവജീവിതത്തിന്റെ മൃദുലവികാരങ്ങൾ മുഴുവനുമുണ്ട്.
പാട്ടിൽ കഥാപാത്രസന്ദർഭങ്ങളെ കടലിന്റെ ഇമേജറിയുമായി അടുപ്പിച്ചുനിർത്തുന്നത് അതിന്റെ തീരങ്ങളാണ്. ഏറ്റവും സാരവത്തായ കഥാപാത്രമുഹൂർത്തങ്ങളെ ദൃഢീകരിക്കാൻ സിനിമാപ്പാട്ടിൽ ‘കടലും കരയും’ എന്ന ദ്വയത്തെ കവികൾ കൊണ്ടുവന്നു. ശ്രീകുമാരൻതന്പിയുടെ ‘പുണരാനടുക്കുന്പോൾ പുറന്തള്ളും തീരവും തിരയുടെ സ്വന്തമെന്നോ’പ്രണയത്തിന്റെ പ്രാണനിമിഷങ്ങൾക്ക് ജീവനേകാൻ കവികൾ കടലിനെയും തിരയെയും തീരത്തിനെയുമൊക്കെ പാട്ടിലേക്ക് ക്ഷണിച്ചുവരുത്തി.
‘വാരിപ്പുണർന്നു പിൻവാങ്ങും തിരയോട് കോരിത്തരിക്കുന്ന തീരമോതി ആയിരം ജന്മത്തിൻ സാഫല്യമാകവേ നീയൊരുമാത്രയെനിക്ക് തന്നു’ എന്ന ഒ എൻ വി പാട്ടിൽ സ്‌നേഹാർദ്രവിരഹവും ശോകവും കാണിക്കുന്ന പ്രണയസാഫല്യത്തിന്റെ എത്രയോ മാത്രകൾ ഉണ്ടായിരുന്നു. കാതിൽ തേന്മഴയായ് പാടാൻ കടലിനോട് പറയുന്നുണ്ട് കവി.
‘തിരമാലകളുടെ ഗാനം തീരത്തിനത് ജീവരാഗം’ എന്ന് ശ്രീകുമാരൻതന്പി മറ്റൊരു പാട്ടിലെഴുതി. ഇവിടെയെല്ലാം കടലിന്റെ സംഗീതശ്രുതികൾ ഇഴപാകിയിട്ടുണ്ട്. പതിയെപ്പതിയെ അനുരാഗം വിടരുന്ന ഒരു കടൽപ്പാട്ടുണ്ട് കൈതപ്രത്തിന്റേതായി. എം ജയചന്ദ്രൻ സംഗീതം ചെയ്‌ത ‘കണ്ടോ കണ്ടോ കടല് കണ്ടിട്ടെത്രനാളായി’ എന്ന ഗാനം. കടൽവായ്‌ത്താരിയുടെ അകന്പടിയിൽ മുന്നേറുന്ന ഇൗ ഗാനം അവസാനിക്കുന്നത് ഇങ്ങനെ, ‘കരയുടെ കാതിൽ കടലല പറയും കഥകേൾക്കാൻ കൊതിച്ചിട്ടെത്തറ നാളായി.’
പൊന്നോണം വന്നു വല പൊന്നാക്കിത്തന്നു
പ്രണയത്തിന്റെ ആഴവും വിരഹതീവ്രതയും പ്രകടിപ്പിക്കാൻ അറബിക്കടലിനെ സാക്ഷിയാക്കുന്ന വരികൾ മലയാളത്തിലെ നിരവധി പാട്ടുകളിലുണ്ട്. ‘അറബിക്കടലേ നീ സാക്ഷി, അലിയും തീരമേ നീ സാക്ഷി’ എന്ന പാട്ടിൽ അറബിക്കടൽ വലിയ ദൃശ്യസാന്നിധ്യമാകുന്നു. തിരുനയിനാർ കുറിച്ചി എഴുതി ബ്രദർ ലക്ഷ്‌മൺ ഇൗണമിട്ട് പി ലീലയും കമുകറയും ചേർന്ന് പാടിയ ‘കടലേ കരയുക നീ നിൻ മാറിൽ കളിയാടാൻ കടമകൾ മറക്കാത്ത നിൻ മക്കളിതാ പോരുകയായി’ അരയജീവിതത്തിന്റെ സംഘഗാനമാകുന്നു.
‘മുങ്ങി മുങ്ങി വൻകടലിൽ മുത്ത് വാരും കൂട്ടരേ നിങ്ങളുടെ മീൻവലയിൽ എന്തെല്ലാം മീന്’ എന്ന വരിയിൽ കടൽജീവിതത്തിന്റെ സകല സ്‌പന്ദനങ്ങളും അലയടിക്കുന്നു. ‘കടലമ്മേ കടലമ്മേ കനിയുകയില്ലേ’ എന്ന വയലാർ–ദേവരാജൻ സംഗമത്തിലെ ഗാനത്തിലും കടൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘കടലമ്മേ തിരവീശി വരമമ്മേ വരമമ്മേ കനിയണമേ വരം പോലെൻ കടലമ്മേ’ എന്ന പൂവച്ചൽ ഗാനത്തിലും കടൽ ഒരു മാതൃസ്വരൂപമായി തെളിയുന്നു.
കേരളത്തിന്റെ തീരപ്രദേശങ്ങളെയും കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും അവരുടെ ആഘോഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന എത്രയോ ഗാനങ്ങൾ മലയാളത്തിലുണ്ട്. ‘കടലമ്മേ കനിയണമേ പൊന്നോണം വന്നു വല പൊന്നാക്കിത്തന്നു’ എന്ന വരിയിൽ ഇത്തരമൊരു കാഴ്‌ച കാണം.
നീളെ പൊങ്ങും തിരമാല നീലക്കടലിൻ നിറമാല
കടൽ ഒരു മിത്തായി വരുന്ന ചില ഗാനങ്ങളുണ്ട്. ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലെ ‘നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാൻ’, ‘കണ്ടാൽ ചിരിക്കാത്ത കാക്കക്കറുന്പിയെ’, ‘കടപ്പുറത്തൊരു ചാകര വന്നാൽ മിന്നിന് പൊന്നുതരാം’ എന്നൊക്കെയുള്ള പാട്ടുകളിൽ കടൽപുരാവൃത്തങ്ങളുടെ പുനരാവിഷ്‌കാരമുണ്ട്. ‘അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുന്പോ എന്തൊരു ചേലാണ് കണ്ടുനിൽക്കാം, കടൽ സുന്ദരിയാകുന്നു കണ്ടുനിൽക്കാൻ’ എന്ന വരിയിൽ കടലിന്റെ സൗന്ദര്യപ്രഭാവം മുഴുവനും വെളിപ്പെടുകയാണ്.
മനസ്സിന്റെ പ്രതിരൂപമെന്നപോലെ പാട്ടിൽ കടൽ ഉയർന്നുവരുന്നുണ്ട്. ‘അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ, എൻ അറബിക്കഥയിലെ രാജകുമാരി സുഖമായ് വാഴുന്നോ’ എന്ന ഭാസ്‌കരൻ മാഷിന്റെ വരികൾക്ക് രാഘവൻ മാഷ് ഇൗണമിട്ട ഗാനം രബീന്ദ്രസംഗീത ശൈലിയിലുള്ളതാണ്. ഇൗ പാട്ടിൽ അറബിക്കടൽ വലിയൊരു സാന്ത്വനബിംബമായിത്തീരുകയാണ്. ഭാർഗ്ഗവീനിലയത്തിലെ ‘അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി’ എന്ന വരികളിൽ കടൽ പശ്ചാത്തലബിംബമായി പ്രണയം അവതരിപ്പിക്കുകയാണ്.
ബാബുരാജിന്റെ സംഗീതം. വേർപിരിയാനാകാത്ത പ്രണയസൗഹൃദത്തിന്റെ ചേതോമനോഹരമായ കാഴ്‌ചകൾ ഇൗ പാട്ടിൽ നാം അനുഭവിക്കുന്നത് കടൽഭംഗികളിലാണ്. നീളെ പൊങ്ങും തിരമാലയും നീലക്കടലിൻ നിറമാലയുമെല്ലാം ഭാസ്‌കരൻ മാഷിന്റെ കൽപ്പനാസൗന്ദര്യതലങ്ങളാണ്. ‘കാറ്റുചിക്കിയ തെളിമണലിൽ കാലടിയാൽ നീ കഥയെഴുതി, വായിക്കാൻ ഞാനണയും മുന്പേ വൻതിരവന്നത് മായ്‌ച്ചുകളഞ്ഞല്ലോ’ എന്ന വരിയിൽ ശോകത്തിന്റെ കടലലകൾ പെരുകി നിറയുന്നു.
‘ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ’ എന്ന ചാന്തുപൊട്ടിലെ വരികളിൽ (വയലാർ ശരച്ചന്ദ്രൻ) കടൽ ഒരു സംസ്‌കാരമായി രൂപംകൊള്ളുന്നു. കടലിൽ വീഴുന്ന നിലാവിനെക്കുറിച്ച് ഒ എൻ വി തന്റെ ഗാനങ്ങളിൽ നിരന്തരമെഴുതിയിരുന്നു. കടൽ, പ്രണയസങ്കൽപ്പത്തിന്റെ കാൽപ്പനികതകൾ തീർക്കുന്നു. ‘
കടലിന്നഗാധമാം നീലിമയിൽ’ എന്ന ഒ എൻ വി പാട്ടിൽ കടൽ മനസ്സിന്നഗാധതകളെ വന്നുതൊടുന്നുണ്ട്. കടലെന്നും അനന്തതയുടെയും അപാരതയുടെയും സാക്ഷ്യമായി നിലകൊള്ളുകയാണ്. ‘കടലേ അപാരതേ സാക്ഷ്യം’ എന്ന എം ഡി രാജേന്ദ്രന്റെ വരിയിൽ ഇൗ നിത്യസത്യത്തിന് തെളിച്ചമേറുന്നു.










0 comments