print edition ത്രില്ലർ കം ബാക്ക്

ഡോ. ശ്രദ്ധ ഗോകുൽ
അനഘ പ്രകാശ്
Published on Jun 07, 2026, 02:17 AM | 2 min read
മിനിസ്ക്രീനിലെ കുസൃതിക്കുട്ടിയായെത്തി, 90's കിഡ്സ് നെഞ്ചിലേറ്റിയ ശ്രദ്ധ വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയത് വെള്ളിത്തിരയിലെ ത്രില്ലർ വിസ്മയത്തിലൂടെ. ‘ദൃശ്യ’ത്തിന്റെ മൂന്നാംപതിപ്പിൽ കുഴിവെട്ടുകാരൻ പത്രോസിന്റെ മകൾ ശ്രേയയെ കണ്ടപ്പോൾ പ്രേക്ഷകർക്ക് വീട്ടിലെ കുട്ടിയെന്നപോൽ സന്തോഷം. സ്വാഭാവിക അഭിനയത്തിലൂടെ മലയാളമനസ്സിൽ ഇടംനേടിയ ഡോ. ശ്രദ്ധ ഗോകുൽ സംസാരിക്കുന്നു.
ആത്മവിശ്വാസം കൂടി
ശരിക്കും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലൂടെയാണ്. സുഹൃത്താണ് ഓഡിഷന് പോകാൻ പറഞ്ഞത്. വലിയൊരു ഗ്യാപ്പ് വന്നതിനാൽ പരിഭ്രമത്തിലായിരുന്നു. തെരഞ്ഞെടുത്തപ്പോൾ ഒരുപാട് സന്തോഷമായി. ആത്മവിശ്വാസവും കൂടി. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും നല്ല കഥാപാത്രമായിരുന്നു. അതുവഴിയാണ് ‘ദൃശ്യ’ത്തിലേക്കും അവസരം വന്നത്. സിനിമയിൽ തുടക്കക്കാരിയായ എനിക്ക് ഏറ്റവും മികച്ച അവസരംതന്നെ ലഭിച്ചു. വലിയൊരു ക്രൂവിനൊപ്പം, ആളുകളിൽ രജിസ്റ്ററായ കഥാപാത്രമാകാനായി.
ചേർത്തു നിർത്തി
ദൃശ്യം മലയാളത്തിലെ ഐക്കോണിക് സിനിമയാണ്. അഭിനേതാക്കളും അണിയറക്കാരുമെല്ലാം ഒരുപാട് നാളായി പരിചയമുണ്ടായിരുന്നവർ. അവരിലൊരാളായി എന്നെയും ചേർത്തുനിർത്തിയിരുന്നു. എവിടെയും ഒരു തുടക്കക്കാരിയാണെന്ന് തോന്നിപ്പിച്ചില്ല. ‘വലതുവശത്തെ കള്ളനി’ലെ ക്രൂതന്നെയായിരുന്നു ‘ദൃശ്യ’ത്തിലുമുണ്ടായിരുന്നത്. മൊത്തത്തിൽ ഒരു കുടുംബത്തിലേക്ക് എത്തിയപോലെയായിരുന്നു. ലാലേട്ടന്റെ കൂടെയുള്ള അഭിനയവും ഒരുപാട് ആസ്വദിച്ചു. ആദ്യസീനിൽ ടെൻഷൻ തോന്നിയെങ്കിലും തമാശയൊക്കെ പറഞ്ഞ് അദ്ദേഹം കംഫർട്ടബിളാക്കി. പിന്നെ, ഓരോ ടേക്കിലും ലാലേട്ടന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ നോക്കിനിന്നുപോയിട്ടുണ്ട്.
വർഷ ടു ശ്രേയ
‘ഹലോ കുട്ടിച്ചാത്തനി’ലെ വർഷയായാണ് ഇന്നും ആളുകൾ തിരിച്ചറിയുന്നത്. ശ്രദ്ധയെന്ന പേര് പലർക്കുമറിയില്ല. ഒരു അഭിനേതാവിന് കിട്ടുന്ന ബഹുമതിയും അതാണല്ലോ. ഡാൻസ് റിയാലിറ്റി ഷോയ്ക്കുശേഷമാണ് സീരിയലിൽ എത്തിയത്. ഷെയ്ൻ നിഗവും നവനീതും അഭിരാമി സുരേഷുമെല്ലാമായിരുന്നു അന്ന് കൂടെ അഭിനയിച്ചവർ. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിലാണ് അതെല്ലാം ചെയ്തത്. സംവിധായകൻ പറയുന്നത് ചെയ്തെന്നുമാത്രം. എന്നാൽ, ഇന്ന് ഏറെ മോഹിച്ചാണ് തിരിച്ചെത്തിയത്. അതിന്റെ എക്സൈറ്റ്മെന്റ് ഒരുപാടുണ്ടുതാനും.
ഡോ. ശ്രദ്ധ
സീരിയലിനുശേഷം ‘പട്ടം പോലെ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പിന്നീട് പഠനത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. ഫിലിപ്പീൻസിൽനിന്ന് മെഡിസിൻ പൂർത്തിയാക്കി. ഇതിനിടയിൽ നൃത്തവും അഭിനയവും പുറകിലായിപ്പോയി. പഠിത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അതെല്ലാം വല്ലാതെ മിസ് ചെയ്തു. അഭിനയിക്കണമെന്നും നൃത്തപഠനം തുടരണമെന്നുമുണ്ടായിരുന്നു. പ്രതീക്ഷിക്കാതെയാണ് ശ്രേയയാകാൻ അവസരം കിട്ടിയത്. കരിയറിനൊപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. ക്ലാസിക്കൽ ഡാൻസും കഥക്കും തുടർന്ന് പഠിക്കണം.
ഏറെ മാറി
തിരിച്ചെത്തിയത് ഏറെ മാറിയ അഭിനയലോകത്തേക്കാണ്. കാമറയ്ക്കുമുമ്പിലും പുറകിലുമെല്ലാം അടിമുടി മാറി. സിനിമ കാണുന്ന ആസ്വാദകരേക്കാൾ, സൂക്ഷ്മമായി വിലയിരുത്തുന്നവരാണ് ഇന്ന് കൂടുതൽ. ഒരു നാണയത്തിന്റെ രണ്ട് വശമെന്നപോലെ, സിനിമയെ ഇത് പോസിറ്റീവായും നെഗറ്റീവായും ബാധിക്കുന്നുണ്ട്. അഭിപ്രായങ്ങളും വിമർശങ്ങളും ഏറുന്നത് ഗ്രോത്തിന് നല്ലതാണ്. എന്നാൽ, ആസ്വാദനം മറ്റൊരാളുടെ വിലയിരുത്തലിനെ ആശ്രയിച്ചാകരുതെന്നുമാത്രം.










0 comments