ad
Deshabhimani

തകർത്തുപെയ്യുന്നു

മതിലിടിഞ്ഞുവീണ് കേടുപാടുപറ്റിയ ഓടത്തിൽപീടികയിലെ  
കൊളവയൽ പ്രകാശന്റെ വീട്

മതിലിടിഞ്ഞുവീണ് കേടുപാടുപറ്റിയ ഓടത്തിൽപീടികയിലെ 
കൊളവയൽ പ്രകാശന്റെ വീട്

avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 02:24 AM | 2 min read

കണ്ണൂർ

വടക്കൻ കേരളത്തിനും കർണാടകത്തിനും മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ വടക്കൻ ജില്ലകളിൽ, ശനി വൈകിട്ടോടെ വീണ്ടും റെഡ് അലർട്ട്‌ പ്രഖ്യാപിച്ചു. നിലവിൽ ഞായർമുതൽ ബുധൻവരെ ഓറഞ്ച്‌ അലർട്ടും പറയുന്നുണ്ട്‌. ജില്ലകളിലുള്ളവരുടെ മൊബൈലിൽ കനത്ത മഴ മുൻകരുതലിന്റെ ഭാഗമായി ശനി ഉച്ചക്ക്‌ സന്ദേശ അലറാമും അടിച്ചു. ദേശീയപാത വികസനം നടക്കുന്ന തളിപ്പറന്പ്‌ കുപ്പത്തും ചാലയിലും വെള്ളക്കെട്ടുണ്ടായി. ചിറക്കൽ ചാമുണ്ഡി കോട്ടത്തിന്റെ ഭാഗമായി നിർമിച്ച പുതിയ പൈതൃക മണ്ഡപം തകർന്നുവീണു. കഴിഞ്ഞമാസമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തലശേരി ​ശനിയാഴ്ച പെയ്ത കനത്തമഴയിൽ തലശേരി നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പുതിയ ബസ് സ്റ്റാൻഡ്‌, മണവാട്ടി ജങ്‌ഷൻ, ജൂബിലി റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, ഗുഡ്ഷെഡ് റോഡ്, കുയ്യാലി, സ്റ്റേഡിയം പരിസരം, എവികെ നായർ റോഡിലെ മുജാഹിദ് പള്ളി പരിസരം എന്നിവിടങ്ങളിലാണ് വെള്ളം ഉയർന്നത്. പലയിടങ്ങളിലും റോഡും നടപ്പാതയും വെള്ളത്തിനടിയിലായി.മണവാട്ടി ജങ്‌ഷനിലെ പത്തോളം കടകളിൽ വെള്ളം കയറി. ​ടാക്‌സി സ്റ്റാൻഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ മാറ്റിയിട്ടു. പച്ചക്കറി മാർക്കറ്റിലും വെള്ളക്കെട്ടുണ്ടായി. കസ്റ്റംസ് റോഡിൽ വാദ്യാർ പീടിക കെആർഎസ് പരിസരത്ത് മരം കടപുഴകി വീണു. അഞ്ചരക്കണ്ടി ഓടത്തിൽപീടികയിലെ കൊളവയിൽ പ്രകാശന്റെ വീടിന് തൊട്ടടുത്ത മതിലിടിഞ്ഞ് നാശം. വെള്ളി പുലർച്ചെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത്‌ കല്ലും മണ്ണും വീണതിനെ തുടർന്ന് ചുമരിന്‌ കേടുപാടുണ്ടായി. അടുക്കള ഉപകരണങളും തകർന്നു. രാമന്തളി ഏഴിമലയിലെ രാമച്ചനാട്ട് ബിനോയിയുടെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര ശനി പുലർച്ചെ മൂന്നോടെ ശക്തമായ മഴയിൽ തകർന്നു. കുടുംബത്തെ താൽകാലിക ഷെഡിലേക്ക് മാറ്റി. പെരിന്തട്ട പെരിന്തട്ട തവിടിശേരിയിലെ പുണ്ണാക്കൻ തമ്പായിയുടെ വീടിന്റെ മേൽക്കൂര മഴയിൽ തകർന്നു. ശനി രാവിലെയുണ്ടായ ശക്തമായ കാറ്റിൽ മരം പിഴുത്‌ വീണതിനെത്തുടർന്നാണ് അപകടം. തമ്പായി തനിച്ചാണ് വീട്ടിൽ താമസം. സാരമായ പരിക്കേറ്റ തമ്പായി പ്രാഥമിക ചികിത്സ തേടി.


ഇന്ന്‌ ഓറഞ്ച് അലർട്ട്

പെരുമഴയാണ്‌, ശ്രദ്ധിക്കണേ

​കണ്ണൂർ ​ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഞായറാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർമുതൽ 204.4 മില്ലി മീറ്റർവരെ മഴയുണ്ടാകാം. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.


പ്രത്യേക നിർദേശങ്ങൾ

മലയോരമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറിത്താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽക്കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ​സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്‌. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദീപ്, കർണാടക തീരങ്ങളിൽ ഒമ്പതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



വിനോദ സഞ്ചാര 
കേന്ദ്രങ്ങളിൽ നിയന്ത്രണം

​കണ്ണൂർ​ മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ഡിടിപിസി. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിക്കും. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ്‌ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. ബീച്ചുകളിലേക്കുള്ള യാത്രയും ഒഴിവാക്കണം. ബീച്ച്‌ പാർക്കുകൾ അടച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home