പഞ്ചായത്തിന്റെ ഭൂപടം വരച്ച കാര്‍ഷിക വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ ആദരം

വിദ്യാർഥികൾ ഭൂപടത്തിന് മുമ്പിൽ
അകലക്കുന്നം
പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികൾക്ക് അകലക്കുന്നം പഞ്ചായത്തിൽ സ്വീകരണമൊരുക്കി. നാടിന്റെ ചരിത്രവും സംസ്‌കാരവും മനസിലാക്കിയ വിദ്യാര്‍ഥികള്‍ തറയിൽ പഞ്ചായത്തിന്റെ ഭൂപടം വരച്ചു. വാര്‍ഡ് തിരിച്ച് പ്രധാനപ്പെട്ട വഴികളും തോടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും പച്ചത്തുരുത്തുകളും അടയാളപ്പെടുത്തി. കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയന്‍സ്, പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ അര്‍ച്ചന എസ്, മരിയ മിലാന്‍ എലിസബത്ത്, ജോയ്‌ലിന്‍ മരിയ ബിനോയ്, സാന്‍സിയ സജി, ഡേവിഡ് തോമസ്, ജെഫിന്‍ ജോണ്‍, നന്ദന ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളവും കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രനും പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജയലക്ഷ്മിയാണ് അകലക്കുന്നത്തേയ്ക്ക് വിദ്യാര്‍ഥികളെ ശുപാര്‍ശ ചെയ്തത്. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നു ദിവസം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കാര്‍ഷിക സംസ്‌കാരം അടുത്തറിഞ്ഞ് കര്‍ഷകരുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങളും കൃഷിയിലെ കീടരോഗബാധകളും മനസിലാക്കി. റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്സ്‌പീരിയന്‍സിന്റെ ഭാഗമായാണ് ഇവരെത്തിയത്. കേരവികസന സമിതി പ്രസിഡന്റ് പി ജെ കുര്യന്‍, കെ വാസുപിള്ള, പഞ്ചായത്ത് മുന്‍ വൈസ് പ്രസഡന്റുമാരായ രാജശേഖരന്‍ നായര്‍, ബെന്നി വടക്കേടം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീലത ജയന്‍, അസി. കൃഷി ഓഫീസർമാരായ, സി ആർ രാജേഷ്, പി എസ് ശശികല, കാര്‍ഷിക കര്‍മസേന പ്രസിഡന്റ് ഹരികുമാര്‍ മറ്റക്കര എന്നിവര്‍ സംസാരിച്ചു.










0 comments