ad
Deshabhimani

പുന്നമട പാന്തേഴ്സ് ജേതാക്കൾ

ആവേശംനിറച്ച്‌ വെള്ളത്തിലെ വള്ളംവലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2026, 01:36 AM | 1 min read

പറവൂർ


വള്ളംകളിയുടെ വീറും വാശിയുമായി വെള്ളത്തിൽ നടന്ന വള്ളംവലി (ടഗ് ഓഫ് ഓർ) ഗോതുരുത്തിൽ പുത്തൻ ആവേശമായി. വള്ളംകളിയും വടംവലിയും സമന്വയിപ്പിച്ച് തുഴക്കാരുടെ കൈക്കരുത്തുകൾ മാറ്റുരച്ച ജലപ്പോരിൽ വേമ്പനാട് വൈക്കിങ്സിനെ പിന്തള്ളി പുന്നമട പാന്തേഴ്സ് ജേതാക്കളായി.​


ജവഹർ തായങ്കരി, കരുവാറ്റ ശ്രീവിനായകൻ, ആനാരി പുത്തൻചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളിലും കർണൻ, തുരുത്തിത്തറ എന്നീ ഇരുട്ടുകുത്തി വള്ളങ്ങളിലുമായാണ് ടീമുകൾ മാറ്റുരച്ചത്. വള്ളങ്ങൾ ഒരേ ദിശയിലേക്ക് തുഴഞ്ഞുവരുന്നതിനു പകരം പരസ്‌പരം എതിർദിശകളിലേക്ക് തുഴയുന്ന വള്ളംവലി മത്സരം കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.


കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയുടെ മുന്നിലെ ജിബിആർ ട്രാക്കിനെ തീപിടിപ്പിക്കുന്ന പോരാട്ടമാണ് തുഴച്ചിൽക്കാർ കാഴ്ച‌വച്ചത്. ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടത്തിൽ വടം കൊണ്ട്‌ ബന്ധിപ്പിച്ച രണ്ട് ചുണ്ടൻ വള്ളങ്ങൾ എതിർദിശയിലേക്ക് ആഞ്ഞു തുഴഞ്ഞ് എതിർവള്ളത്തെ തങ്ങളുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകുന്നവർ ജേതാക്കളാകുന്നതായിരുന്നു മത്സരം. തുഴച്ചിൽക്കാർ ഒരു വള്ളത്തിൽ തന്നെ ഇരുവശങ്ങളിലേക്കു തിരിഞ്ഞിരുന്ന പരസ്‌പരം തുഴയുന്ന തരത്തിലായിരുന്നു ഇരുട്ടുകുത്തിയിലെ ക്രമീകരണം.


ഗോതുരുത്ത് ദി സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബ്‌ (എസ്എസി), സ്പോർട്‌സ് എക്സോട്ടിക്ക എന്നിവയുടെ നേതൃത്വത്തിലായിരുന്നു വള്ളംവലി നടത്തിയത്. പുത്തൻ ജലമാമാങ്കം കാണാൻ ഇരുകരകളിലും കാണികൾ തടിച്ചുകൂടി. മത്സരം മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി ഒ ജെ ജനീഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ എസ് സനീഷ്, പി എ ഹരിദാസ്, ജില്ലാ പഞ്ചായത്ത് അംഗം എം എ നിത്യ, വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്റ് കെ വി അനന്തൻ എന്നിവർ സംസാരിച്ചു. ഗോതുരുത്ത് എസ്എസി പ്രതിനിധി ജിബിൻ ജോർജ് മത്സരങ്ങൾ നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home