കോട്ടയം – കൊല്ലം മെമു കോച്ച് എട്ടാക്കി ചുരുക്കി
യാത്രക്കാർക്ക് എട്ടിന്റെ പണി

കോട്ടയം–കൊല്ലം മെമുവിലെ യാത്രക്കാരുടെ തിരക്ക്
കോട്ടയം
കോട്ടയം – കൊല്ലം മെമു ട്രെയിനിലെ കോച്ചുകൾ വെട്ടിക്കുറച്ചത് കാരണം യാത്രക്കാർ വലയുന്നു. വൈകിട്ട് 5.40ന് കോട്ടയത്തുനിന്ന് പുറപ്പെടുമ്പോൾ തന്നെ തിങ്ങി നിറയുന്ന ട്രെയിനിൽ ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽനിന്നുള്ള യാത്രക്കാർ കൂടി കയറുമ്പോൾ അപകടകരമാംവിധം തിരക്കാണ് ഉണ്ടാകാറുള്ളത്. ജീവനക്കാരും വിദ്യാർഥികളൂം ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനിന്റെ കോച്ചുകളാണ് വെട്ടിക്കുറച്ചത്. അനിയന്ത്രിതമായ തിരക്കുമൂലം സ്‌ത്രീ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവാണ്. സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ വാതിൽപ്പടിയിൽ ജീവൻ പണയംവച്ച് യാത്ര ചെയ്യേണ്ട സാഹചര്യം പതിവായി മാറിയിരിക്കുകയാണ്. ശ്വാസംമുട്ടിക്കുന്ന തിരക്കിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു. ട്രെയിനിലെ അനിയന്ത്രിത തിരക്കും നിത്യേന ഉണ്ടാകുന്ന അപകട സാധ്യതകളും ചൂണ്ടിക്കാട്ടി യാത്രക്കാർ നിരവധി തവണ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആറുമാസം 12 മുതൽ 16 വരെ കോച്ചുകൾ അനുവദിച്ചിരുന്നു. അതാണിപ്പോൾ മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കി എട്ടാക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ദുരിതപൂർണ യാത്ര അവസാനിപ്പിക്കാൻ മെമുവിന് 16 കോച്ചുകൾ അനുവദിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. കോട്ടയം– എറണാകുളം പാതയിലും നരകയാത്ര കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ ദുരിതത്തിന് അറുതിയില്ല. കോച്ചുകളുടെ അപര്യാപ്തതയും പുതിയ സർവീസുകളുടെ അഭാവവും മൂലം രാവിലെയും വൈകിട്ടും യാത്രക്കാർ അതിരൂക്ഷമായ തിരക്കാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ലോക്മാന്യ തിലക് സൂപ്പർഫാസ്റ്റിന് പിന്നാലെ എത്തിയ മെമുവിൽ ചങ്ങനാശേരി മുതൽതന്നെ യാത്രക്കാർ നിറഞ്ഞതോടെ പലർക്കും ട്രെയിനിൽ കയറാൻ കഴിഞ്ഞില്ല. അഞ്ച് പ്ലാറ്റ്‌ഫോമുകളോടെ സ്റ്റേഷൻ നവീകരിച്ചിട്ടും പുതിയ ട്രെയിൻ സർവീസുകളൊന്നും അനുവദിക്കാത്തതിൽ യാത്രക്കാരും പ്രതിഷേധത്തിലാണ്.










0 comments