ad
Deshabhimani

കേന്ദ്രത്തിന്റെ ഉപരോധം കാടത്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2026, 01:50 AM | 1 min read

കോട്ടയം

കേരളത്തോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹ സമരത്തിന്‌ ഐക്യദാർഢ്യവുമായി ജില്ലയിലെ ജനങ്ങളും. റബറിനുള്ള താങ്ങുവില, നെൽ സംഭരണ സബ്‌സിഡി, ജൽജീവൻ മിഷൻ, ക്ഷേമപെൻഷൻ വിഹിതം തുടങ്ങിയവയിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശിക ജില്ലയിലെ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്നതാണ്‌. റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ കേരളം ആവശ്യപ്പെടാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കേന്ദ്രമന്ത്രിമാർ വന്ന്‌ വാഗ്‌ദാനം നൽകി പോകുന്നതല്ലാതെ പാലിക്കുന്നില്ല. ക്രിസ്‌ത്യൻ സഭകൾ തന്നെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന നിലയുണ്ടായി. സംസ്ഥാന സർക്കാർ ഇ‍ൗയിടെ റബറിന്റെ താങ്ങുവില 200 രൂപയാക്കി വർധിപ്പിച്ചു. എന്നിട്ടും കേന്ദ്രം അനങ്ങിയില്ല. നെല്ല്‌ സംഭരിച്ച വകയിൽ 1206.69 കോടി രൂപ കേന്ദ്രസർക്കാർ സബ്‌സിഡി വിഹിതം നൽകാനുണ്ട്‌. ജില്ലയിലെ നെൽകർഷകർക്ക്‌ ഇതിന്റെ വിഹിതം ലഭിക്കാനുണ്ട്‌. ജൽജീവൻ മിഷൻ പദ്ധതിക്കായി 974.68 കോടി രൂപ കേന്ദ്ര വിഹിതം നൽകാനുണ്ട്‌. സംസ്ഥാന സർക്കാർ മുൻകൂട്ടി പണം നൽകുന്നതിനാലാണ്‌ ജില്ലയിൽ അർഹരായവരുടെ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്‌. ക്ഷേമ പെൻഷൻ വിഹിതം 324 കോടി രൂപയാണ്‌ കേന്ദ്രം സംസ്ഥാനത്തിന്‌ നൽകാനുള്ളത്‌. കേന്ദ്രത്തിന്റെ വിഹിതം ലഭിക്കേണ്ട ഒരുവിഭാഗം ക്ഷേമപെൻഷൻകാർക്ക്‌ സംസ്ഥാനം നൽകുന്നതാണ്‌ ലഭിക്കുന്നത്‌. ഇത്തരത്തിൽ നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയിൽ കടുത്ത പ്രതിഷേധമാണ്‌ ജനങ്ങൾക്കുള്ളത്‌. ഡൽഹിയിൽ തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരത്ത്‌ സത്യഗ്രഹമായി ശക്തിയാർജിക്ക‍ുന്പോൾ കേന്ദ്ര സർക്കാരിന്‌ മുന്നിൽ വഴങ്ങില്ലെന്ന്‌ കേരള ജനത പ്രഖ്യാപിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home