ഇതാ, പുളിഞ്ചുവട്ടിലെ ആവേശക്കൂട്ടം

കുടമാളൂർ പുളിഞ്ചുവട്ടിലെ ഫുട്ബോൾ ആരാധകർ ഫ്ലെക്സ് ഡിസൈനിങ്ങിനിടെ
കോട്ടയം
""നിങ്ങൾ ജെമിനിയോട് ചോദിച്ചു നോക്കൂ, ചാറ്റ് ജിപിടിയോട് ചോദിച്ചു നോക്കൂ. ഇത്തവണ ലോകകപ്പ് ഫുട്‌ബോൾ ജേതാക്കളാകാൻ ഏറ്റവും സാധ്യത സ്‌പെയിനിനാണെന്ന് അവർ പറയും.'' – കുടമാളൂർ പുളിഞ്ചുവട്ടിലെ സ്‌പെയിൻ ആരാധകൻ അതുൽ തുളസീധരൻ പറഞ്ഞു. കട്ട സപ്പോർട്ടുമായി സഹോദരൻ ആദിൽ തുളസീധരനുമുണ്ട്. പക്ഷേ, കപ്പ് വിട്ടുകൊടുക്കുമെന്ന് ഒരാളും കരുതേണ്ടെന്നാണ് അർജന്റീന ഫാൻസിന് പറയാനുള്ളത്. കോട്ടയം നഗരത്തിലെ "ഇന്നർ ഐ' ഫ്ലെക്‌സ് പ്രിന്റിങ് സ്ഥാപനത്തിൽ ഇഷ്ടടീമിന്റെ ഫ്ലെക്‌സ് അടിക്കാനെത്തിയതാണ് ഇവർ. പുളിഞ്ചുവടുകാർ പല ടീമുകളുടെ ആരാധകരാണെങ്കിലും കാൽപന്ത് എന്ന വികാരത്തിൽ ഒന്നാണ്. ഒരുമിച്ചെത്തി ഇഷ്ട ടീമുകളുടെ ഫ്ലെക്‌സ് ഡിസൈൻ ചെയ്യും. ഫ്ലെക്‌സ് ഭംഗിയാക്കാനുള്ള നിർദേശങ്ങൾ പരസ്‌പരം പറയും. ലോകകപ്പ് ഫുട്‌ബോൾ കിക്കോഫിനു മുമ്പ് നാട്ടിൽ റാലി നടത്താനുള്ള ഒരുക്കത്തിലാണ് പുളിഞ്ചുവടിലെ ആരാധകർ. അതിനു മുന്നോടിയായി ഫ്ലെക്‌സ് യുദ്ധം ആരംഭിച്ചുകഴിഞ്ഞു. ഇഷ്ടടീമിലെ കളിക്കാരുടെ തലയിൽ ആരാധകരുടെ തല വെട്ടിയൊട്ടിച്ചും ഫ്ലെക്‌സുകൾ തയ്യാറാകുന്നുണ്ട്. കപ്പ് ഇത്തവണ സ്‌പെയിൻ തൂക്കിയടിക്കുമെന്ന് വി രാകേഷ് പറഞ്ഞു. എന്നാൽ അർജന്റീനയെ വെല്ലാൻ ഒരാളുമില്ലെന്നാണ് കെ എസ് വൈശാഖിന്റെ പക്ഷം. ബ്രസീൽ, ജർമനി തുടങ്ങിയ ടീമുകളുടെയും ഫ്ലെക്‌സുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുളിഞ്ചുവട്ടിൽ ഇനി എല്ലാം ഫുട്‌ബോൾ മയം.










0 comments