ഓർമയിൽ തെളിമയോടെ ബാബുവും 91ലെ തെരഞ്ഞെടുപ്പും

പി സി പ്രശോഭ്
Published on Mar 29, 2026, 01:13 AM | 1 min read
കോട്ടയം ""1991 മെയ് 15. നമ്മൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പറഞ്ഞായിരുന്നു ബാബു പോയത്. അന്ന് വൈകിട്ട്, വലിയൊരു ഇടിമുഴക്കം ഞാനും കേട്ടു. അധികം വൈകാതെ ബാബുവിന് മിന്നലേറ്റെന്ന വാർത്തയെത്തി.'' – കേരള കോൺഗ്രസ് എം വൈസ്‌ചെയർമാൻ തോമസ് ചാഴികാടൻ ഓർത്തെടുത്തു. 91ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ സ്ഥാനാർഥിയായിരുന്നു ബാബു ചാഴികാടൻ. ആർപ്പൂക്കര വാരിമുട്ടത്ത്, തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെ ഇടിമിന്നലിൽ ആ ജീവൻ പൊലിഞ്ഞു. ഇതിനെത്തുടർന്നായിരുന്നു ബാബുവിന്റെ ജ്യേഷ്‌ഠൻ തോമസ് ചാഴികാടൻ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. ബാബുവിന്റെ വിയോഗം നൽകിയ മനോവ്യഥ ഉള്ളിൽ അടക്കിപ്പിടിച്ചായിരുന്നു കന്നി തെരഞ്ഞെടുപ്പിൽ ചാഴികാടന്റെ പ്രചാരണം. ""ത്വക്‌സംബന്ധമായ പ്രശ്‌നങ്ങൾ കാരണം കാരിത്താസ് ആശുപത്രിയിലേക്ക് പോകാൻ ഏറ്റുമാനൂരിലാണ് ഞാൻ ബാബുവുമായി അവസാനം യാത്രപറഞ്ഞ് പിരിഞ്ഞത്. ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റായി. വൈകിട്ട് ഏകദേശം അഞ്ചരയോടെ, മഴയുടെ ലക്ഷണം കണ്ടു. വൈകാതെ വലിയ ഇടിമുഴക്കവും. ബാബുവിന് മിന്നലേറ്റെന്ന് ആരോ വന്ന് പറയുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് ചെന്നപ്പോഴേക്കും ബാബു മരിച്ചിരുന്നു. അന്ന്, ബാബുവിന്റെ എതിർസ്ഥാനാർഥിയായിരുന്ന വൈക്കം വിശ്വൻ ആശുപത്രിയിലെത്തി പൊട്ടിക്കരഞ്ഞതായി പ്രവർത്തകർ പറഞ്ഞത് ഓർക്കുന്നു. വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ടിവന്ന എനിക്ക് പൊതുദർശനത്തിന് പോലും പോകാനായില്ല. അരീക്കരയിലെ തറവാട്ടുവീട്ടിൽ ബോഡി എത്തിച്ചപ്പോഴാണ് കാണാനായത്.'' പിന്നീട് ഏറ്റുമാനൂർ പഞ്ചായത്ത് ഹാളിൽ നടന്ന ബാബു ചാഴികാടൻ അനുസ്‌മരണചടങ്ങായിരുന്നു തന്റെ ആദ്യ പൊതുവേദിയെന്നും ചാഴികാടൻ സ്‌മരിക്കുന്നു. തോമസ് ചാഴികാടൻ അന്ന് തിരുവനന്തപുരം ന്യൂ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരായിരുന്നു. തിരുവനന്തപുരത്ത് തന്റെ ഓഫീസിൽ വന്ന് കാണാൻ ചാഴികാടനോട് അന്ന് റവന്യു മന്ത്രിയായിരുന്ന കെ എം മാണി ആവശ്യപ്പെട്ടു. ചെന്നു കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ""ടോമി ഏറ്റുമാനൂരിൽ മത്സരിക്കണം.'' ചാഴികാടൻ സമ്മതമറിയിച്ചു. പിന്നീട് ഏറ്റുമാനൂർ മണ്ഡലത്തിൽ തുടർച്ചയായി നാല് ജയങ്ങൾ. 2019ൽ കോട്ടയം ലോക്‌സഭാംഗം. ബാബു ചാഴികാടൻ മരിച്ചപ്പോൾ അനുശോചനമറിയിച്ച് രാജീവ് ഗാന്ധി അമ്മ ഏലിയാമ്മ സിറിയക്കിന് കത്തയച്ചിരുന്നു. അത് വീട്ടിൽ ലഭിച്ചത് മെയ് 21നാണ് – രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം.










0 comments