മെഡിക്കൽ കോളേജിൽ മദ്യവിൽപ്പന: യുവാവ് പിടിയിൽ

കോട്ടയം
മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ബൈക്കിൽ മദ്യം എത്തിച്ച് നൽകുന്ന യുവാവ് പിടിയിൽ. മുടിയൂർക്കര സ്വദേശി രവി ശങ്കർ(35)നെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്‌ടർ ബി ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈഡേ ദിവസം അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ ഇയാളുടെ വീട്ടിൽനിന്ന് സ്കൂട്ടറിൽ മദ്യവുമായി വിൽപ്പനയ്ക്ക് പോകുമ്പോഴാണ് ഇയാൾ പിടിയിലായത്. നാല് ലിറ്റർ മദ്യവും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 1200 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബി സന്തോഷ് കുമാർ, സി കണ്ണൻ, പ്രിവന്റീവ് ഓഫീസർ ടി എ ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ വി വിനോദ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ കെ ജി അമ്പിളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.








0 comments