ആശങ്കയുടെ താഴ്‌വര

തീക്കോയി വില്ലേജിലെ വാഗമൺ– -തീക്കോയി റോഡിൽ തുമ്പശ്ശേരിയിൽ വീടിനുസമീപം എ എൻ പ്രസന്നകുമാർ
കോട്ടയം പശ്‌ചിമഘട്ടത്തെ സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ വീണ്ടും പരിസ്ഥിതിലോല മേഖലകൾ (ഇഎസ്‌എ) സംബന്ധിച്ച കരട് വിജഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനവാസ മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്‌ത്തി. 12 വർഷത്തിനിടെ ഇത് ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ഇത് നടപ്പിലായാൽ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ ആയി മാറും. ഇവിടെ കൃഷിയോ കെട്ടിടനിർമാണമോ സാധ്യമാകില്ല. സ്വന്തം വീട് അറ്റകുറ്റപ്പണി നടത്താനാകില്ല. വസ്‌തു ഇൗടായി ബാങ്കുകൾ സ്വീകരിക്കില്ല. ജില്ലയിൽ മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കക്കര, കൂട്ടിക്കൽ വില്ലേജുകൾ ഇഎസ്എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പശ്‌ചിമഘട്ടത്തിൽനിന്ന് ഏറെ അകന്നുനിൽക്കുന്ന വില്ലേജുകൾ മൊത്തത്തിൽ ഇഎസ്‌എയിൽ ഉൾപ്പെടുത്തിയതിലെ യുക്തി എന്തെന്നാണ് ഇവിടെയുള്ളവരുടെ ചോദ്യം. ആയിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതംതന്നെ താറുമാറാകും. ഫീൽഡ് സർവേ നടത്തിയിട്ടില്ല; സാമൂഹികാഘാതം എത്രയുണ്ടെന്ന് പഠിച്ചിട്ടില്ല; വ്യക്തതയില്ല – പുതിയ വിജ്ഞാപനത്തെക്കുറിച്ച് പരാതികൾ നിരവധിയാണ്. ഇതിന് പ്രധാന ഉത്തരവാദി 2011-–16 കാലത്തെ ഉമ്മൻചാണ്ടി സർക്കാരാണ്. ഫീൽഡ്‌തല പരിശോധനകളോ, ശാസ്ത്രീയ ഭൂപട നിർണയമോ നടത്താതെ, ജനവാസ മേഖലകളെയും ഇഎസ്‌എയിൽ ഉൾപ്പെടുത്താൻ അന്നത്തെ സർക്കാർ അനുമതി നൽകി. പിന്നീട് വന്ന പിണറായി സർക്കാർ കോട്ടയം ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കിയുള്ള ശുപാർശയാണ് സമർപ്പിച്ചത്. പരമാവധി ജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ അന്ന് സർക്കാർ സ്വീകരിച്ചു. എന്നാൽ യുഡിഎഫ് സർക്കാരിന് ആ നിശ്‌ചയദാർഢ്യമുണ്ടായില്ല. ജില്ലയിലെ വില്ലേജുകളടക്കം കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എയായി ഉൾപ്പെടുത്താനുള്ള നിർദേശവുമായി കരട് വിജ്ഞാപനം പുറത്തിറങ്ങി. ആക്ഷേപം സമർപ്പിക്കാനുള്ള സമയം തീരാൻ ദിവസങ്ങൾ മാത്രം. കേരള കർഷകസംഘം ശനിയാഴ്‌ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കൺവൻഷൻ ചേരുന്നുണ്ട്. തീക്കോയിയിൽ കർഷകരുടെ കൂട്ടായ്‌മ രൂപീകരിച്ചു. നിലനിൽപിനായി പോരാടാനാണ് അവരുടെ തീരുമാനം.









0 comments