ad
Deshabhimani

print edition അഭിനയം ജീവിതമെന്നപോലെ

Lijio

ലിജോമോൾ ജോസ്

avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Jul 26, 2026, 12:01 AM | 2 min read

​2016-ൽ ‘മഹേഷിന്റെ പ്രതികാര'ത്തിലൂടെ സിനിമയിലെത്തി, തന്റേതായ അഭിനയശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ലിജോമോൾ ജോസ്. ഷാഹി കബീറിന്റെ രചനയിൽ നവാഗതനായ കിരൺദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദ’മാണ് ലിജോമോളുടെ പുതിയ ചിത്രം. ജൂലൈ 31ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ താരം ദേശാഭിമാനിയുമായി പങ്കുവയ്ക്കുന്നു.


​‘ഉന്മാദ'ത്തെക്കുറിച്ച്‌

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ മികച്ചൊരു ത്രില്ലർ സിനിമയാണ്. മുമ്പ് വന്നിട്ടുള്ള ഷാഹി കബീർ ചിത്രങ്ങളിൽനിന്ന് ഈ പൊലീസ് കഥ വ്യത്യസ്തമായി നിൽക്കുന്നു എന്നതാണ് എന്നെ ഈ കഥയിലേക്ക് ആകർഷിച്ചത്. ഷാഹി കബീർ ആദ്യം കഥ പറയുമ്പോൾത്തന്നെ, അദ്ദേഹം മുമ്പ് ചെയ്ത എല്ലാ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായ കഥയാണെന്ന് തോന്നി. അദ്ദേഹം പൊലീസിലുണ്ടായിരുന്ന ആളാണ്. ഒരാൾക്ക് ഇത്ര വ്യത്യസ്തമായ കഥകൾ എങ്ങനെ എഴുതാൻ കഴിയുന്നു എന്ന ആശ്ചര്യമായിരുന്നു എനിക്ക്. കഥയും ആ ടീമുമാണ് ‘ഉന്മാദം’ തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.


​കഥാപാത്രത്തിനായുള്ള 
പ്രത്യേക തയ്യാറെടുപ്പുകൾ

സൗമ്യ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് സൗമ്യ. കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഓരോ സിനിമയിലും അഭിനയിക്കുമ്പോൾ സെറ്റിലെത്തി കഥാപാത്രത്തെ ആഴത്തിൽ മനസ്സിലാക്കിയാണ്‌ ചെയ്യാറുള്ളത്‌. ഒരു സീൻ എന്താണെന്ന് മനസ്സിലാക്കി, ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു.


സംവിധായകൻ കിരൺദാസ്‌

കിരൺദാസ് നവാഗതസംവിധായകനാണെങ്കിലും അതിന്റെ പരിഭ്രമമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു കാരണം, മലയാളത്തിലെ മുൻനിര എഡിറ്റർമാരിൽ ഒരാളാണ്‌ കിരൺദാസ്‌. ഏതൊക്കെ സീനുകൾ എടുക്കണം, ഏതൊക്കെയാണ് ആവശ്യമില്ലാത്തത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. സിനിമയെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. അഭിനേതാക്കൾക്ക് അവരുടേതായ സ്പേസ് നൽകുന്ന സംവിധായകനാണ്.


കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അന്ന് സിനിമകൾ കാണുമ്പോൾ ഞാൻ സിനിമയിലേക്ക് വരുമെന്നോ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്നോ കരുതിയിരുന്നില്ല. ഇപ്പോൾ അത്‌ സാധിച്ചത് വലിയ കാര്യമായാണ് കാണുന്നത്. കൂടെയുള്ളവരെ കംഫർട്ടബിളാക്കുന്ന പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്.


മറ്റ്‌ അഭിനേതാക്കൾ

എനിക്ക് ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകളുള്ളത് കുഞ്ചാക്കോ ബോബനൊപ്പമാണ്. പിന്നെ ഞങ്ങളുടെ മക്കളായി അഭിനയിച്ച രണ്ടു കുട്ടികൾ. അവർ ഗംഭീര ആർട്ടിസ്റ്റുകളാണ്. കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, ജോളി, നാടക കലാകാരനായ മോഹൻ എന്നിവരും ചിത്രത്തിലുണ്ട്. എല്ലാവരുടെയും കൂടെ മുമ്പ് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ടെൻഷനൊന്നും ഉണ്ടായ സെറ്റായിരുന്നില്ല ‘ഉന്മാദ'ത്തിന്റേത്.


‘ഉന്മാദ’ത്തിന്റെ ഷൂട്ടിങ് അനുഭവം

മുംബൈ ആസ്ഥാനമായ പനോരമ സ്റ്റുഡിയോസാണ് നിർമാണം. ഷെഡ്യൂൾ ബ്രേക്കിന്റെ സമയത്ത് അവർ ഞങ്ങൾക്ക് ബൊക്കെയൊക്കെ കൊണ്ടുവന്ന് തരുമായിരുന്നു. അതെനിക്ക് പുതിയ അനുഭവമായിരുന്നു. ഇവിടെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. മുംബൈയിൽ അങ്ങനെയൊക്കെയായിരിക്കാം.

സിനിമകളുടെ തെരഞ്ഞെടുപ്പ്


സിനിമ തെരഞ്ഞെടുക്കുമ്പോൾ എപ്പോഴും അതിന്റെ കഥയ്ക്കും കഥാപാത്രത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. പിന്നെ സിനിമയുടെ ടീം ഏതാണെന്നതും പരിഗണിക്കും. പിന്നെ, ഞാനത്ര സെലക്ടീവ് ഒന്നുമല്ല. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ മുമ്പ് ചെയ്തതുമായി സാമ്യമുണ്ടോയെന്ന് നോക്കാറുണ്ട്. വ്യത്യസ്തമായി ചെയ്യാനാണ് ശ്രമിക്കുന്നത്.


എപ്പോഴും എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ സീരിയസും ഒരുപാട് ഭാരം ചുമക്കുന്നവയുമാണ്. എനിക്ക് കുറച്ച് ലളിതമായ, തമാശയൊക്കെ പറയുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്നുണ്ട്. ആളുകൾ രസിച്ചുകാണുന്ന സിനിമകളുടെയും ഭാഗമാകണമെന്നുണ്ട്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ അങ്ങനെ എനിക്ക് സംഭവിച്ചിട്ടുള്ള വളരെ ചുരുക്കം സിനിമകളിലൊന്നാണ്.


ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം


​പ്രിയപ്പെട്ട ഒരു കഥാപാത്രംമാത്രം തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ, കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കനി, ജയ് ഭീമിലെ സെങ്കനി, പൊൻമാനിലെ സ്റ്റെഫി തുടങ്ങി ഇഷ്ടമുള്ള കുറച്ച് കഥാപാത്രങ്ങളുണ്ട്.


‘മഹേഷിന്റെ പ്രതികാരം’ പഠിപ്പിച്ച പാഠം


​ഒരു സിനിമയിൽ അഭിനയിക്കേണ്ടെന്നും മറിച്ച് ആ സീനിലെ സാഹചര്യം എന്താണെന്ന് മനസ്സിലാക്കി, അത് സ്വന്തം ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന് അവതരിപ്പിച്ചാൽമാത്രം മതിയെന്നും പഠിപ്പിച്ചുതന്നത് മഹേഷിന്റെ പ്രതികാരവും ദിലീഷേട്ടനുമാണ്. അതുതന്നെയാണ് ഇന്നും പിന്തുടരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home