print edition പറക്കൂ അകലെ പറക്കൂ...

കണ്ണൂർ റൈഡേഴ്സിലെ അംഗമായ ടി ടി സുകുമാരൻ കുടനിർമാണത്തിനിടെ| ഫോട്ടോ: പി ദിലീപ്കുമാർ

വിനോദ് പായം
Published on Jul 26, 2026, 12:01 AM | 4 min read
സംരംഭം തുടങ്ങാൻ അല്ലെങ്കിൽ ഒരു യാത്ര പോകാൻ, അതുമല്ലെങ്കിൽ നാട്ടിലൊരു കൂട്ടായ്‌മ നടത്താൻ നാം എന്തൊക്കെ സ്വരുക്കൂട്ടണം? പണം, സമയം, സന്ദർഭം... ഇങ്ങനെയൊക്കെയാകും ചിന്ത പോകുക. ഇൗ പട്ടികയിൽ ആരോഗ്യം എന്നൊരു വാക്കുണ്ടാകില്ല. ആരോഗ്യമുള്ളവർ, നിവർന്നുനടക്കാൻ പാങ്ങുള്ളവർ ഒരിക്കലും അതൊന്നും ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ആലോചിക്കില്ല. നാം നടന്ന യാത്രകൾ തുടരാൻ പറ്റാത്ത കാലത്തുമാത്രമേ, ആരോഗ്യമുള്ളവരായിരുന്നു എന്ന ബോധ്യമുണ്ടാകൂ. വിടർന്നുപറക്കാനും വിരിഞ്ഞ ചിറകുള്ള കാലത്തെപ്പറ്റി ആലോചിക്കാനും നല്ല ചിറകില്ലാത്തവർമാത്രമേ തീക്ഷ്‌ണമായി വിചാരപ്പെടൂ.
അങ്ങനെ വിചാരിച്ച്, വിചാരിച്ച് നിവർന്നുനിൽക്കാത്ത നട്ടെല്ലുമായി, ഉൗന്നാൻ പറ്റാത്ത കാലുമായി സാധാരണ മനുഷ്യന് ചെയ്യാൻ പറ്റാത്ത പലതരം ശാരീരികവ്യത്യാസങ്ങളുമായി അവർ സഞ്ചരിക്കുകയാണ്. ‘കണ്ണൂർ റൈഡേഴ്‌സ്’ എന്ന പേരിൽ ഭിന്നശേഷിക്കാരായ 15 കൂട്ടുകാർ.
എല്ലാ ഞായറാഴ്‌ചയും കഴിയുന്ന ഇടങ്ങളിലേക്കൊരു സഞ്ചാരമായിരുന്നു ലക്ഷ്യം. വീൽചെയർ ഒപ്പമുള്ള കാറിൽ കൂട്ടിക്കെട്ടി, മുച്ചക്ര സ്‌കൂട്ടറിലാണ് സഞ്ചാരം. ഉൗട്ടിവരെ ഇൗ കൂട്ടായ്‌മയുടെ സഞ്ചാരം നീണ്ടു. മൈസൂരു, കുടക് എന്നീ സ്ഥലങ്ങളിലുമെത്തി. കണ്ണൂർ ജില്ലയിൽ ഇൗ കൂട്ടായ്‌മ കാണാത്ത ബീച്ചും കുന്നുമില്ല; കോട്ടയും ആരാധനാലയവുമില്ല. കൂട്ടായ്‌മയിലെ ചിലർ കശ്‌മീരുവരെയാണ് പറന്നത്; രാജ്യാതിർത്തി ഭേദിച്ച് ഭൂട്ടാൻവരെയാണ് എത്തിയത്.
മുച്ചക്രയാത്ര
കോവിഡ് കാലത്തെ ദുരിതംതാണ്ടിയ വീർപ്പുമുട്ടലിലാണ്, ഭിന്നശേഷിക്കാരായ ‘കണ്ണൂർ റൈഡേഴ്‌സ്’ വാട്‌സാപ് ഗ്രൂപ്പ് സഞ്ചാരം പ്ലാൻ ചെയ്‌തത്. അപകടത്തിൽ നട്ടെല്ല് തകർന്ന് വീൽചെയറിൽനിന്ന് ഇറങ്ങാൻ പറ്റാത്തവർമുതൽ ജന്മനാ പോളിയോ വന്ന് കാൽ ഉൗന്നാൻ പറ്റാത്തവർവരെ ഗ്രൂപ്പിലുണ്ട്. ലോകം കാണണം; പറക്കലിൽ പരസ്‌പരം താങ്ങാകണം. പോകുന്ന ഇടങ്ങൾ, ഹോട്ടലുകൾ, ഭക്ഷണം ഒന്നും ഭിന്നശേഷിസൗഹൃദമാകണമെന്നില്ല. അതൊന്നും പ്രശ്‌നമാകരുത്; മോഹംകൊണ്ട് പറക്കാൻ തീരുമാനിച്ചവർക്ക് കൊഴിഞ്ഞ തൂവലിനുപകരം മനക്കരുത്ത് പീലിയായി വിടരും.
കോവിഡ് കാലം കഴിഞ്ഞ് ജനപഥങ്ങൾ സജീവമായ ഒരു ഞായറാഴ്‌ചയാണ് യാത്ര തുടങ്ങിയത്. ആദ്യം മുഴപ്പിലങ്ങാട് തീരം. കണ്ണൂരിലെതന്നെ അടുത്ത പ്രദേശങ്ങളായിരുന്നു പിന്നീട് ലക്ഷ്യംവച്ചത്. മാടായിപ്പാറ, വയലപ്ര പാർക്ക്, ചൂട്ടാട് ബീച്ച്, ധർമടം ബീച്ച് എന്നിവിടങ്ങളിലേക്ക് യാത്ര നീണ്ടു. പിന്നീട് കുടക്, വൈതൽമല, റാണിപുരം, തൃശൂർ കുതിരാൻ തുരങ്കം, വയനാട്, മൈസൂരു, ഉൗട്ടി എന്നിവിടങ്ങളിലേക്കും.
എല്ലാ സജ്ജീകരണങ്ങളോടുംകൂടിയാണ് യാത്ര. യാത്രക്കാരെല്ലാം മുച്ചക്ര സ്‌കൂട്ടറിലാകും. ഒന്നോ രണ്ടോ വീൽചെയർ ഒപ്പം വരുന്ന ഒരു കാറിൽ കയറ്റും. സ്കൂട്ടർ കേടായാൽ അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങളും അതിലുണ്ടാകും.
കണ്ണൂർ ഇടച്ചൊവ്വയിലെ ടി ടി സുകുമാരൻ, കെ സ്വപ്‌ന, ബഷീർ പാണപ്പുഴ, പി കെ ഗോവിന്ദൻ, കെ വി രമേശൻ, വി വി ജ്യോതിലക്ഷ്മി, എം ബി ടി ഷറഫുദ്ദീൻ, എ കെ ദീപ്തി, പി ജെ ഷിജി, ടി വിനു, പി പി മണികുമാർ, ടി സുരേഷ്, പി എ മഞ്ജു, കെ വിജേഷ്, പി അശ്വതി, വി എം വിഷ്ണു എന്നിവരാണ് കണ്ണൂർ റൈഡേഴ്സിലെ അംഗങ്ങൾ. കുറച്ചുകാലമായി ശശികുമാർ ഏഴോം, ദിവാകരൻ കൈവേലി എന്നിവരും കൂട്ടത്തിലുണ്ട്. സഞ്ചാരികൾക്കായി ഒരേ നിറത്തിൽ ഡ്രസ് കോഡുമുണ്ട്. മൂന്നു ദമ്പതിമാരും സഹായിയായി ഒരാളും സഞ്ചാരസംഘത്തിലുണ്ട്.
ജീവിതയാത്ര
പതിനാറുവർഷംമുമ്പ് കണ്ണൂർ അഴീക്കോട്ടെ സ്വന്തം വീടിനുമുകളിൽ കോൺക്രീറ്റിനായി തട്ടടിക്കാൻ കയറിയതാണ് ഇടച്ചൊവ്വയിലെ ടി ടി സുകുമാരൻ. തിരിച്ചിറങ്ങുമ്പോൾ കാലൊന്ന് തെന്നിയതാണ്. അതിനുശേഷം അരയ്‌ക്കുകീഴോട്ട് എന്തു നടക്കുന്നുവെന്ന് ഓർമയില്ല. നട്ടെല്ലിനൊപ്പം സുഷുമ്‌നാ നാഡിയും തകർന്നതിനാൽ ചലനം നിലച്ചു. പൊട്ടിത്തകർന്ന നട്ടെല്ല് മംഗളൂരുവിലെ ദീർഘകാലത്തെ ചികിത്സയിൽ കൂട്ടിച്ചേർത്തു. പക്ഷേ, എഴുന്നേറ്റുനിൽക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
ജീവിതയാത്രയിലെ ദീർഘമായ കയറ്റക്കാലം തുടങ്ങി. 16 വർഷമായി സുകുമാരൻ ആ യാത്ര തുടരുന്നുണ്ട്. എഴുന്നേൽക്കാൻ പറ്റില്ലെന്നു പറഞ്ഞ കാലത്തോട് വീൽചെയർവരെ ഇരിക്കാമെന്ന് കാണിച്ചുകൊടുത്തു. മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കാമെന്നും. അപകടത്തെ തുടർന്നുണ്ടായ ഭീമമായ ചികിത്സാചെലവിൽ, പുതിയ വീട് വിൽക്കേണ്ടി വന്നു. ഇടച്ചൊവ്വയിൽ സർക്കാർ പതിച്ചുനൽകിയ മൂന്നുസെന്റിൽ ഉണ്ടാക്കിയ ചെറിയ വീട്ടിലാണ്
ഇപ്പോൾ ഭാര്യ സ്വപ്‌നയ്‌ക്കൊപ്പം ജീവിതം.
ശരീരം ഇടറിവീണെങ്കിലും ജീവിതയാത്രയിൽ ഇടറാതിരിക്കാനുള്ള പോരാട്ടമായിരുന്നു, പിന്നീട് സുകുമാരന്. വീൽചെയറിൽ ഇരുന്നുള്ള ജോലിക്കായി ശ്രമം തുടങ്ങി. ആയകാലത്ത് ചെയ്യാത്ത തൊഴിലില്ല; പറ്റുന്ന ജോലി ചെയ്‌തുതന്നെ ജീവിക്കുമെന്ന നട്ടെല്ലുറപ്പ്. അതിനായി കുട, പേന, സോപ്പ് നിർമാണത്തിൽ പരിശീലനം നേടി. മിനക്കെട്ടിരുന്നാൽ പത്തിലധികം കുടകൾ ടി ടി സുകുമാരൻ ഒറ്റദിവസം ഉണ്ടാക്കും. കൂടാതെ പേപ്പർ പേനയും സോപ്പും ഉണ്ടാക്കും. ഭിന്നശേഷിക്കാർക്കായി മോട്ടിവേഷൻ ക്ലാസുമെടുക്കും.
ഞായറാഴ്‌ചകളിൽ പുറംലോകം കാണാമെന്ന ആശയത്തിൽ ആദ്യമേതന്നെ സുകുമാരനുമുണ്ട്. പയ്യന്നൂരിലെ ഫ്ലൈ സംഘടനയിലുള്ള 15 പേർ ചേർന്നാണ് കണ്ണൂർ റൈഡേഴ്‌സ് എന്ന ആലോചന തുടങ്ങുന്നത്. അതാണിപ്പോൾ ഉൗട്ടിവരെയുള്ള യാത്രകളായി തുടരുന്നത്.
മുച്ചക്രത്തിലെ ദീർഘയാത്ര, നട്ടെല്ലിനെ കാര്യമായി ബാധിക്കും. പ്രാണവേദനയാകും ഓരോ യാത്രയുടെ അവസാനത്തിലും. സമയത്ത് മൂത്രമൊഴിക്കാൻ പറ്റാതായാൽ യൂറിൻ ഇൻഫക്‌ഷനുണ്ടാകും. വഴിയിൽ കാണുന്ന ശുചിമുറിയിൽ ഓടിക്കയറി കാര്യം സാധിക്കാനാകില്ല. ഭിന്നശേഷിസൗഹൃദമുള്ള ഇടം കണ്ടെത്തണം. അതൊന്നും വകവയ്‌ക്കാതെയുള്ള യാത്രാനന്ദമാണ് റൈഡേഴ്‌സ് ഗ്രൂപ്പിനെ സചേതനമാക്കുന്നത്.
പാരാലിമ്പിക്‌സിൽ പവർ ലിഫ്‌റ്റിൽ പങ്കെടുക്കാനും മോഹിച്ചിരുന്നു ടി ടി സുകുമാരൻ. എന്നാൽ, നട്ടെല്ലിലെ ക്ലിപ്പിന് തകരാറ് വന്നേക്കുമെന്നതിനാൽ ഡോക്ടർമാർ വിലക്കി.
ബഷീർ യാത്ര
അതിജീവിതരുടെ യാത്രയിൽ അതിരും കടന്നുള്ള സഞ്ചാരമാണ് മാടായി പാണപ്പുഴയിലെ ബഷീറിന്റേത് ഞായറാഴ്‌ചയാത്രകൾ കൂടാതെ, അതിർത്തിയും കടന്ന് അദ്ദേഹത്തിന്റെ വീൽചെയർ നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഡൽഹി, കശ്‌മീർ, ലഡാക്ക്, പഞ്ചാബ്, മുംബൈ തുടങ്ങിയ സ്വപ്‌നസ്ഥലങ്ങളിലെല്ലാം എല്ലാ പരിമിതിയും മറികടന്ന് സഞ്ചരിച്ചു.
ജനുവരിയിൽ ബഷീറും ഭിന്നശേഷിക്കാരായ അഞ്ചു കൂട്ടുകാരും ചേർന്ന് ഭാരതപര്യടനത്തിന് പ്ലാനിട്ടു. 60 ദിവസം നീളുന്ന 12,000 കിലോമീറ്റർ റോഡുസഞ്ചാരമായിരുന്നു ഉദ്ദേശ്യം. യാത്രയുടെ അവസാനം കടുത്ത ആരോഗ്യപ്രശ്‌നത്താൽ ബഷീറിന്റെ യാത്ര മുടങ്ങി. എന്നാൽ ‘ഈഗിൾ സ്പെഷ്യലി ഏബിൾഡ് റൈഡേഴ്‌സ്’ എന്ന പേരിൽ പത്ത് അംഗങ്ങളടങ്ങിയ ടീം യാത്ര തുടർന്നു. തൃശൂരിലെ പി എ സൂരജ്, പി എ രാജൻ, കാസർകോട്ടെ കെ രാഗേഷ്, തിരുവനന്തപുരത്തെ ആർ ബി രാകേഷ് എന്നിവരായിരുന്നു അതിലെ ഭിന്നശേഷിക്കാരായ റൈഡർമാർ.
കണ്ണൂർ പോളിടെക്‌നിക് കോളേജ് പഠനകാലത്ത് കൂട്ടുകാർക്കൊപ്പം ഉൗട്ടിയിൽ വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് ബഷീർ പാണപ്പുഴയ്‌ക്ക് നട്ടെല്ല് തകർത്ത അപകടമുണ്ടായത്.
വീൽചെയറിലേക്ക് ജീവിതം മാറി. പഠിച്ച ഇലക്‌ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമ മാത്രമാണ് കൈയിലുള്ളത്. പാണപ്പുഴയിൽ ബാറ്ററിക്കടയും റിപ്പയറിങ് കടയും നടത്തുകയാണിപ്പോൾ. അതിനിടയ്‌ക്കാണ് മോഹയാത്രകൾ. യാത്രകളിലെല്ലാം തന്നെപ്പോലുള്ളവർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളെക്കുറിച്ച് ബഷീർ അന്വേഷിക്കും. ഒന്നും കിട്ടാതായതോടെ സ്വന്തം നിലയിൽ വീൽചെയറിന് കയറാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടി രൂപകൽപ്പന ചെയ്‌തു. അതിലാണിപ്പോൾ സഞ്ചാരം. സ്‌കൂട്ടി മുഖമുള്ള വാഹനത്തിന്റെ പിൻഭാഗത്ത് വീൽചെയറിലിരുന്ന് കയറാവുന്ന റാമ്പുണ്ട്.
മുന്നിൽ ഒരാൾക്കും പിന്നിൽ രണ്ടാൾക്കും ഇരിക്കാം. കൂടാതെ സാധനങ്ങളും പിറകിൽ കയറ്റാം. ഇൗ വാഹനത്തിന്റെ നിർമാണത്തിന് ബഷീറിന് സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു. ഒറ്റ ചാർജിങ്ങിൽ 120 കിലോമീറ്റർ കിട്ടുന്ന ഇൗ വാഹനത്തിന്റെ പേറ്റന്റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് ബഷീർ. വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്തതിനാൽ വാഹന നിർമാണം മോഹം മാത്രം.
മോഹത്താൽമാത്രം യാത്ര സാധ്യമല്ല, എന്ന വലിയ വെല്ലുവിളിയാണ് ഇപ്പോൾ കണ്ണൂർ യാത്രാസംഘം നേരിടുന്നത്. മുമ്പ് എല്ലാ ഞായറാഴ്‌ചകളിലും നടന്ന യാത്ര, ഇപ്പോൾ പതിവില്ല.
ആരോഗ്യകാരണത്തിനൊപ്പം സാമ്പത്തികപരിമിതിയും തന്നെയാണ് പ്രധാന പ്രശ്‌നം. സംഘത്തിലെ എല്ലാവരും വളരെ പരിമിതമായ സാമ്പത്തികജീവിതം നയിക്കുന്നവരാണ്. കുട, പേപ്പർ പേന നിർമാണം, ലോട്ടറി വിൽപ്പന എന്നിങ്ങനെയുള്ള ജോലികളാണ് ഭൂരിഭാഗംപേരും ചെയ്യുന്നത്. അതിലെ വരുമാനം മരുന്ന്, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്‌ക്കുതന്നെ എത്തുന്നില്ല. പറന്നുനടക്കുമ്പോൾ കാണുന്ന കാഴ്‌ചകളിൽ വർണങ്ങളായി തങ്ങളുമുണ്ടെന്ന് ശാരീരിക അവശതകൾക്കിടയിലും അവർക്ക് തോന്നും. അതിനാൽ അവർക്ക് യാത്ര ചെയ്‌തേ മതിയാകൂ.
സമൂഹത്തിനും ഇവർക്കായി പലതും ചെയ്യാനാകും. ഭിന്നശേഷിക്കാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാവരും വാങ്ങിയാൽത്തന്നെ വലിയ ആശ്വാസമാകും. നൽകുന്ന ഓരോ രൂപയിലും ജീവിതയാത്രകളിലേക്കുള്ള ഓരോ ടിക്കറ്റും അടങ്ങിയിട്ടുണ്ട്. ഉയരെ ലോകം കാണാനുള്ള യാത്രകളാകെ സ്‌പോൺസർ ചെയ്യുന്നവരെയും പ്രതീക്ഷിക്കുന്നുണ്ട്. നൽകാമോ അവർക്കൊരു യാത്രാ ടിക്കറ്റ്!










0 comments