പെൺഹിറ്റ്‌ലറുകളുടെ മുഖത്തടിച്ച ജാനകിയമ്മാൾ

ആദിത്യ എസ്
Published on Mar 30, 2025, 11:01 AM | 3 min read
തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റുകാർക്ക് എന്നും അമ്മയാണ് കെ പി ജാനകി അമ്മാൾ. തമിഴ്നാട്ടിലെ, -ഇന്ത്യയിലെതന്നെ- ആദ്യകാല മഹിളാ കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖ.
1917ൽ മധുരയിൽ ഒരു സാധാരണ ഗ്രാമീണ കുടുംബത്തിൽ ജനിച്ചു. എട്ടു വയസ്സായപ്പോൾ അമ്മ മരിച്ചു. അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. വിദ്യാർഥിനി ആയിരിക്കെ ഖാദിപ്രസ്ഥാനത്തിൽ ആകൃഷ്ടയായി. അങ്ങനെയാണ് ഒരു നാടകസംഘത്തിൽ ചേർന്നത്. അക്കാലത്തെ തമിഴ് നാടകങ്ങളിൽ ഗാനങ്ങൾക്കായിരുന്നു സംഭാഷണങ്ങളേക്കാൾ പ്രാധാന്യം. ജാനകിയുടേത് മനോഹരമായ ശബ്ദം. അവരുടെ ഗാനങ്ങൾ ജനങ്ങളെ ആകർഷിച്ചു. അതിവേഗം നല്ലൊരു അഭിനേത്രി എന്ന നിലയിൽ പ്രസിദ്ധി നേടി. അവയിൽ പുരുഷ– സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതോടെ കെ പി ജാനകി അമ്മാൾ ‘രാജാപാർട്ട് ജാനകി'യായി.
കോൺഗ്രസിൽ
പതിനേഴാം വയസ്സിൽ നാടക സംഘത്തിലെ ഹാർമോണിസ്റ്റ് ഗുരുസ്വാമിയുടെ ഭാര്യയായതോടെയാണ് ജാനകി പൊതുപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഗുരുസ്വാമി നല്ലൊരു ദേശീയവാദിയും കോൺഗ്രസുകാരനുമായിരുന്നു. ജാനകി അമ്മാളും കോൺഗ്രസിൽ അംഗത്വമെടുത്തു. അതിനുശേഷം കോൺഗ്രസിന്റെ വേദികളിൽ അവർ പാടും. ഭാരതിയുടെ ഗാനങ്ങളും ഗാന്ധിജിയെയും നെഹ്റുവിനെയും കുറിച്ചുള്ള ഗാനങ്ങളും ഇമ്പമാർന്ന സ്വരത്തിൽ പാടുമ്പോൾ സദസ്സാകെ ആവേശംകൊണ്ട് ഇളകിമറിയും. കോൺഗ്രസ് യോഗങ്ങളിൽ, പ്രമുഖ നേതാക്കൾ പ്രസംഗിക്കുന്ന യോഗങ്ങളിൽപ്പോലും അവരുടെ പാട്ട് പ്രധാന ഇനമായി.
പേരുകേട്ട നാടകനടൻ വിശ്വനാഥ ദാസിനൊപ്പം അക്കാലത്ത് സ്ത്രീകളാരും അഭിനയിക്കാൻ തയ്യാറായില്ല. ‘താഴ്ന്ന' ജാതിക്കാരനായതായിരുന്നു കാരണം. ജാനകി അമ്മാൾ വിശ്വനാഥ ദാസിനൊപ്പം അഭിനയിച്ചുകൊണ്ട് കടുത്ത യാഥാസ്ഥിതിക ചിന്തയ്‌ക്കും പ്രവൃത്തിക്കും കനത്ത പ്രഹരമേൽപ്പിച്ചു.
സോഷ്യലിസ്റ്റ്
കോൺഗ്രസിനകത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി (സിഎസ്‌പി)യുടെ ഒരു ഘടകം തമിഴ്നാട്ടിലും നിലവിൽ വന്നു. എ കെ ഗോപാലനും പി ജീവാനന്ദവും പി രാമമൂർത്തിയും തമിഴ്നാട്ടിലാകെ സിഎസ്‌പി ഘടകങ്ങൾ രൂപീകരിക്കുന്ന പ്രവർത്തനത്തിൽ മുഴുകി. ജാനകി അവരുമായി ബന്ധപ്പെട്ടു. 1936-ൽ വതലഗുണ്ടുവിൽ സിഎസ്‌പി സമ്മേളനം. അതിൽ പങ്കെടുക്കുക മാത്രമല്ല പാടുകയും ചെയ്തു. അതിനുശേഷം സിഎസ്‌പിയുടെ സജീവ പ്രവർത്തകയായി.
1938-ൽ നടന്ന എഐസിസി സമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം. ഗാന്ധിജിയുടെ സ്ഥാനാർഥി പട്ടാഭി സീതാരാമയ്യ ഒരു ഭാഗത്ത്. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി സുഭാഷ് ചന്ദ്രബോസ് മറുവശത്ത്. കടുത്ത പോരാട്ടത്തിൽ സുഭാഷ് ചന്ദ്രബോസ് ജയിച്ചു. ഇത് തമിഴ്നാട്ടിലെ വലതുപക്ഷ കോൺഗ്രസ് നേതാക്കൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതിനാൽ, സമ്മേളനം കഴിഞ്ഞ ഉടൻ ബോസ് തമിഴ്നാട്ടിൽ പര്യടനം നടത്തിയപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകാൻ കോൺഗ്രസ് നേതാക്കൾ വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകാൻ സിഎസ്‌പി തീരുമാനിച്ചു. അതിന് മുൻകൈ എടുത്തത് മുത്തുരാമലിംഗ തേവരും ജാനകിയും. പരിപാടികളിൽ ജാനകി ബോസിനെ അനുഗമിച്ചു. പല സ്ഥലങ്ങളിലും അദ്ദേഹം പതാകയുയർത്തി.
മധുരയിലെ കോൺഗ്രസ് കമ്മിറ്റി സിഎസ്‌പിയുടെ നിയന്ത്രണത്തിൽ വന്നപ്പോൾ ഗുരുസ്വാമി പ്രസിഡന്റും ജാനകി സെക്രട്ടറിയുമായി. ഒരേസമയം കോൺഗ്രസിന്റെയും സിഎസ്‌പിയുടെയും പ്രവർത്തനം സജീവമായി നടത്തി. 1939-ൽ കമ്യൂണിസ്റ്റ് പാർടിയുടെ ഒരു ബ്രാഞ്ച് മധുരയിൽ രൂപംകൊണ്ടു. എ ചെല്ലയ്യ, വി രാമനാഥൻ, എസ് എസ് ഗുരുസ്വാമി, കെ പി ജാനകി അമ്മാൾ, എൻ ശങ്കരയ്യ, ഐ വി സുബ്ബയ്യ തുടങ്ങിയവരായിരുന്നു അതിലെ അംഗങ്ങൾ. 1919-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. യുദ്ധത്തിനെതിരെ അണിനിരക്കാൻ കമ്യൂണിസ്റ്റ് പാർടി തീരുമാനിച്ചു. ഒരു യോഗത്തിൽ പ്രസംഗിക്കവെ, ജാനകി അറസ്റ്റിലായി. ഭർത്താവിനെയും അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചപ്പോൾ ജാനകിയെ വെല്ലൂർ ജയിലിൽ കൊണ്ടുപോയി തള്ളി. യുദ്ധത്തിനെതിരെ പ്രചാരണം നടത്തിയതിന്റെ പേരിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി അറസ്റ്റിലായ സ്ത്രീയാണ് ജാനകി. അവരോടൊപ്പം അറസ്റ്റിലായ മറ്റൊരു സ്ത്രീയാണ് എൻ എസ് രുക്മിണി. ആറു മാസത്തിനുശേഷം ജയിൽ മോചിതയായി.
കമ്യൂണിസ്റ്റ്
1940-ൽ മധുര ജില്ലയിലെ മോട്ടയരമ്പുവിൽ കേഡർമാർക്ക് പരിശീലനം നൽകാൻ പാർടിയുടെ ഒരു ക്യാമ്പ്. കമ്യൂണിസ്റ്റ് പാർടിയുടെ മേൽ നിരോധനം നിലനിൽക്കുന്നതിനാൽ കോൺഗ്രസിന്റെ പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എ കെ ഗോപാലൻ, സുബ്രഹ്‌മണ്യ ശർമ തുടങ്ങിയവർ അതിൽ സംബന്ധിച്ചു. അതിനുവേണ്ടി വന്ന ചെലവിന്റെ ഏറിയ കൂറും നിറവേറ്റിയത് ജാനകി. സ്വന്തം ആഭരണങ്ങൾ വിറ്റു കിട്ടിയ തുക അതിന് ഉപയോഗിക്കുകയായിരുന്നു. ഈ ക്യാമ്പ് മാർക്സിസത്തെക്കുറിച്ച് മനസ്സിലാക്കാൻ ഒട്ടേറെ പേരെ സഹായിച്ചു. കൂട്ടത്തിൽ ജാനകിയെയും. ക്യാമ്പിനെക്കുറിച്ചും കമ്യൂണിസ്റ്റുകാർ അതിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുമുള്ള വിവരം എങ്ങനെയോ പൊലീസ് മണത്തറിഞ്ഞു. അവർ സ്ഥലത്തെത്തി പലരെയും അറസ്റ്റ് ചെയ്തു. അപ്പോൾ ജാനകി അറസ്റ്റിലായില്ലെങ്കിലും 1941-ൽ ദേശരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ടു. ഈ കരിനിയമ പ്രകാരം ദക്ഷിണേന്ത്യയിൽ ആദ്യമായി അറസ്റ്റിലായ സ്ത്രീയും ജാനകിയാണ്. ഹാർവേ മില്ലിൽ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിലും ജാനകി അറസ്റ്റിലായി. അടുത്ത വർഷം പി രാമമൂർത്തി കൈത്തറി തൊഴിലാളികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. അത് വിജയിപ്പിക്കാൻ ജാനകി കൈമെയ് മറന്ന് പ്രവർത്തിച്ചു. തുടർന്ന് പാർടിയുടെ നിർദേശപ്രകാരം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതയായി. ഫ്യൂഡൽ പ്രഭുക്കൾക്കെതിരെ അനവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
1950-ൽ എ കെ ഗോപാലൻ, കെ ടി കെ തങ്കമണി, എം ആർ വെങ്കിട്ടരാമൻ, ഗുരുസ്വാമി തുടങ്ങിയവരോടൊപ്പം ജാനകി അമ്മാളിനെയും അറസ്റ്റ് ചെയ്‌തു. വെല്ലൂർ ജയിലിലാണ് ജാനകിയെ പാർപ്പിച്ചത്. മനുഷ്യത്വരഹിതമായ പെരുമാറ്റം ജയിലിലുണ്ടായി. വെല്ലൂർ ജയിലിൽ 22 തടവുകാരെ വെടിവച്ച് കൊന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റു തടവുകാരോടൊപ്പം ജാനകി ജയിലിനകത്ത് നിരാഹാര സമരം നടത്തി.
ആറു വർഷത്തെ ജയിൽ ജീവിതത്തിൽ എത്രയെത്ര സംഭവങ്ങൾ. വെല്ലൂർ ജയിലിൽ തടവുകാരെ അങ്ങേയറ്റം പീഡിപ്പിക്കുന്ന, ‘പെൺഹിറ്റ്‌ലർ' എന്ന പേരിലറിയപ്പെട്ട ഒരു വാർഡൻ ഉണ്ടായിരുന്നു. ഒരു ദിവസം അവരെ കണ്ടപ്പോൾ ജാനകി അമ്മാൾ ബഹുമാനപൂർവം എഴുന്നേറ്റ് നിന്നില്ല. അവർ ക്രുദ്ധയായി. ‘ജയിൽ പട്ടി' എന്നുവിളിച്ച് ജാനകി അമ്മാളെ അധിക്ഷേപിച്ചു. മാത്രമല്ല, ചെരിപ്പൂരിയും അടിച്ചു. അടുത്ത ദിവസം രാവിലെ തടവുകാരെല്ലാവരും പതിവുപോലെ വരിവരിയായി നിന്നു. ജാനകി പെൺഹിറ്റ്‌ലറുടെ അടുത്തേക്ക് നടന്നടുത്ത് സ്വന്തം ചെരിപ്പൂരി അവരുടെ മുഖത്ത് ആഞ്ഞടിച്ചു. അതായിരുന്നു ജാനകി അമ്മാൾ.
മഹിളാ നേതാവ്
സ്വാതന്ത്ര്യലബ്ധിക്കുശേഷം കർഷകത്തൊഴിലാളി രംഗത്തും മഹിളാരംഗത്തുമാണ് അവർ മുഖ്യമായും ശ്രദ്ധിച്ചത്. മധുര മുനിസിപ്പൽ കൗൺസിൽ അംഗം, ജില്ലാ ബോർഡ് മെമ്പർ, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവിന്റെ മരണശേഷം മധുര പാർടി ഓഫീസിലേക്ക് താമസം മാറ്റി. മരണംവരെ താമസം അവിടെയാക്കി. ഇന്ത്യ ഗവൺമെന്റ് വച്ചുനീട്ടിയ താമ്രപത്രവും സ്വാതന്ത്ര്യ സമര പെൻഷനും സ്വീകരിച്ചില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പിളർപ്പുണ്ടായപ്പോൾ സിപിഐ എമ്മിനൊപ്പം നിലയുറപ്പിച്ചു. സംസ്ഥാനത്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകരിക്കാൻ മുൻകൈ എടുത്ത അവർ അതിന്റെ സ്ഥാപക പ്രസിഡന്റയി. 1992 മാർച്ച് ഒന്നി-ന് അന്തരിച്ചു.









0 comments