അഭിമുഖം
ഞാൻ ലീലാവതി

എം ലീലാവതി/എൻ ഇ സുധീർ
Published on Sep 20, 2025, 11:26 AM | 10 min read
അസാധാരണമായ ഒരു സാഹിത്യജീവിതത്തിന്റെ പേരാണ് എം ലീലാവതി. മുണ്ടശ്ശേരിയേയും കുട്ടികൃഷ്ണമാരാരേയും ജി ശങ്കരക്കുറുപ്പിനേയും ഒക്കെ വിമർശിച്ചുകൊണ്ട് തുടക്കംകുറിച്ച മലയാള നിരൂപണസാഹിത്യത്തിലെ ആദ്യത്തെ സ്ത്രീശബ്ദം. പാണ്ഡിത്യം കൊണ്ടും കലാസ്വാദനപാടവം കൊണ്ടും വിസ്മയിപ്പിച്ച ഒരാൾ. സൃഷ്ടിയേയും പ്രതിഭയേയും ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട് അവർ നടത്തിയ വിമർശനങ്ങൾ മലയാളത്തിലെ വേറിട്ട വിലയിരുത്തലുകളാണ്. സാഹിത്യത്തിലെന്ന പോലെ, സമൂഹത്തിന്റെ സങ്കീർണതകളെക്കുറിച്ചും ലീലാവതി ടീച്ചർക്ക് കൃത്യമായ ബോധ്യങ്ങളുണ്ട്.
97‐ാം വയസ്സിലും ബൗദ്ധിക ജാഗ്രതയോടെ, ലോകത്തിന്റെ സ്പന്ദനങ്ങളെ സൂക്ഷ്‌മമായി മനസ്സിലാക്കിക്കൊണ്ട് ലീലാവതി ടീച്ചർ നമ്മോടൊപ്പമുണ്ട്. സാഹിത്യ വിമർശനകലയിൽ ഹിംസാത്മക വിമർശനത്തിന്റെ പക്ഷത്തല്ല ടീച്ചർ. എന്നാൽ പലരും തെറ്റായി വിലയിരുത്തിയതുപോലെ വിമർശനത്തിലെ മാതൃവാത്സല്യം എന്നതും അവരുടെ വഴിയല്ല. സമഗ്രസ്പർശിയായ, മൂല്യബോധത്തിലധിഷ്ഠിതമായ ഒരു വിമർശനരീതിയാണ് എം ലീലാവതി മുന്നോട്ടുവച്ചത്.
ലീലാവതി ടീച്ചർ എന്ന വ്യക്തിയെ അടുത്തറിയാൻ, എട്ട് പതിറ്റാേണ്ടാളമായി അവർ നടത്തിക്കൊണ്ടിരിക്കുന്ന ബൗദ്ധിക സഞ്ചാരത്തെ അടുത്തറിയാൻ ശ്രമിക്കുകയാണ് സുഹൃത്തും എഴുത്തുകാരനുമായ എൻ ഇ സുധീർ ഈ അഭിമുഖത്തിലൂടെ....
എം ലീലാവതി
ഫോട്ടോ: കെ ആർ വിനയൻ
എൻ ഇ സുധീർ: ടീച്ചർക്ക് തൊണ്ണൂറ്റിയേഴ് വയസ്സു കഴിഞ്ഞു അല്ലേ? ഈ ജീവിതത്തെയിങ്ങനെ കൊണ്ടുപോകുന്ന ഊർജമെന്താണ്, അടിസ്ഥാന ഊർജം?
എം ലീലാവതി: അടിസ്ഥാന ഊർജമെന്ന് പറഞ്ഞാൽ, ജീവിക്കണ്ട എന്നൊരു തോന്നൽ വരത്തക്കവണ്ണം ഉള്ള വലിയ വിഷമങ്ങളൊന്നും ഉണ്ടായിട്ടില്ല. പലതരത്തിലുള്ള വ്യഥകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യണം എന്നൊരു തോന്നൽ ഉണ്ടായിരുന്നു. എന്തെങ്കിലും ചെയ്തോണ്ടിരിക്കുകയാണെങ്കിൽ പിന്നെ ജീവിതത്തെപ്പറ്റി അധികമായി ചിന്തിക്കില്ല. അങ്ങനെയാണ് എഴുത്തും വായനയും ജീവിക്കാനുള്ളൊരു പ്രേരണയായിത്തീർന്നത്.
? ഈ എഴുത്തും വായനയും എപ്പോഴാണ് ജീവിതത്തിലേക്ക് കടന്നുവന്നത്...
= അത് വളരെ വളരെ നേരത്തേതന്നെ, ഇന്റർമീഡിയറ്റിന് പഠിക്കുന്ന കാലത്തൊക്കെത്തന്നെ, എഴുത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ ലേഖനമെഴുതീട്ടുള്ളത്. എഴുത്തിനുള്ളൊരു ത്വര (Urge) ,അത് വളരെ മുമ്പേ ഉണ്ടായിരുന്നു. ആദ്യം എഴുതിയ ലേഖനത്തിലെ വിഷയം ‘കേരള സ്ത്രീകളുടെ ഭാഷാപാണ്ഡിത്യം' ആണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണത്. അതൊരു ഇന്റലക്ച്വൽ ടൈപ്പ് ഓഫ് റൈറ്റിങ് ആണ്. അങ്ങനെയൊന്ന് എഴുതാൻ ആ പ്രായത്തിൽ തോന്നി എന്നുെണ്ടങ്കിൽ അതിന്റെ അർഥം ആ വഴിക്കൊരു വാസനയുണ്ട് എന്നാണല്ലോ.
? അതിന്റെയൊരു പ്രേരണയെന്തായിരുന്നു; സാഹചര്യം.
= അതൊരു കഥയാണ്, മുത്തശ്ശൻ പറഞ്ഞൊരു കഥയാണ്. മുത്തശ്ശന് കൊറച്ചൊക്കെ സാഹിത്യവാസന ഉണ്ടായിരുന്നു.ഒരു അന്തർജനം ചുമരിലൊരു ശ്ലോകമെഴുതിയിട്ടു. അതിന്റെ അർഥം ആലോചിച്ചാലോചിച്ചിരുന്നു, ഭർത്താവിന്റെ സഹോദരൻ ദേവരൻ. അർഥം പിടികിട്ടാതെയിരിക്കുന്ന ആ സമയംകൊണ്ട് പാചകം മുഴുമിച്ചു. എന്നിട്ട് ‘ദേവരാ ഉണ്ണാൻ കാലായി’ എന്ന് പറഞ്ഞപ്പോഴാണ് ശ്ലോകത്തിന്റെ അർഥം മനസ്സിലായത്. അതാണ് കഥ.
‘ദേവരാജമഹം ദൃഷ്ട്വാ
വാരിവാരണമസ്തകേ
ഖാദന്നർക്കഞ്ചസോമഞ്ച
വിഷം പീത്വാ, ക്ഷയം ഗത.’
ഇതാണ് ശ്ലോകം. ഞാൻ ദേവരാജനെ കണ്ടു. ‘വാരിവാരണമസ്തകേ' ഐരാവതത്തിന്റെ (വെള്ളാനയുടെ) പുറത്ത്. അർക്കനേയും സോമനേയും (സൂര്യനേയും ചന്ദ്രനേയും) തിന്നിട്ട് ക്ഷയം പ്രാപിച്ചു. ഇങ്ങനെ പറയുന്നതിൽ ഒരർഥവുമില്ലല്ലോ. പക്ഷേ, ദേവരാ എന്ന വിളി കേട്ടപ്പോൾ, ദേവരാ അജം എന്ന പദഘടന വെളിപ്പെട്ടു. ഞാനാടിനെ കണ്ടു. ‘വാരിവാരണമസ്തകേ' വെള്ളക്കെട്ടിന്റെ പുറത്ത്. ‘ഖാദന്നർക്കഞ്ചസോമഞ്ച, എരിക്കും സോമവും കഴിച്ചിട്ട്. ‘വിഷം പീത്വാ' വെള്ളം കുടിച്ച് ‘ക്ഷയംഗത' താഴേക്ക് പോയി. ഈ ശ്ലോകം മുത്തശ്ശൻ പറഞ്ഞുതന്നതാണ്. ആ അന്തർജനത്തിന്റെ കഴിവ് എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി.
‘ബാലമിത്രം' എന്ന് പേരുള്ളൊരു മാസികയുണ്ടായിരുന്നു ആ കാലത്ത്. കുട്ടികളുടെ മാസിക. തെക്ക്ന്ന് എവ്ട്ന്നോ വരുന്നതാണ്. വെറുതേ അതിലേക്ക് ഈ കഥയൊക്കെ മനസ്സിൽ വെച്ച് ഒരു ലേഖനം എഴുതി അയച്ചുകൊടുത്തു. അവർ പബ്ലിഷ് ചെയ്തു. അതാണ് ആദ്യത്തേത്. ‘കേരളസ്ത്രീകളുടെ ഭാഷാപാണ്ഡിത്യം.' അത് ഒരുതരത്തിൽ ഐറണിക്കലാണ്. ഭാഷാപാണ്ഡിത്യം സ്ത്രീകൾക്ക് ഉണ്ടാവുക എന്നുള്ള ആ ആശയം സബ്കോൺഷ്യസിൽ ഉണ്ട് എന്നാണെനിക്ക് തോന്നുന്നത്. എന്തായാലും എഴുത്തിന് പിന്നിൽ മുത്തശ്ശന്റെ ഇൻസ്പിരേഷനാണ്.
എം ലീലാവതിയും ആത്മസുഹൃത്ത് പ്രൊഫ. സരോജിനിയും
?അന്നൊക്കെ വായന ഉണ്ടായിരുന്നോ...
= വീട്ടിൽ വായനയൊക്കെ വളരെ കുറവാണ്. അക്കാലത്ത് അവിടെയൊന്നും ലൈബ്രറിയൊന്നുമില്ല. പിന്നെ അമ്മാവന്, എന്റെ അമ്മയുടെ യങ്ങർ ബ്രദർ, ചെർളയം കോവിലകത്ത് ജോലിയായിരുന്നു. അദ്ദേഹം അവ്ട്ന്ന് പുസ്തകങ്ങൾ കൊണ്ടുവരും. അതിലെ കവിതാപുസ്തകങ്ങൾ വായിച്ച് അമ്മ നോട്ട്ബുക്കിൽ കവിതയൊക്കെ പകർത്തിവെച്ചിട്ടുണ്ട്‌്. പുസ്തകങ്ങൾ വാങ്ങാനൊന്നും ആ കാലത്ത് കഴിവില്ല. ചെർളയം കോവിലകത്തുനിന്ന് ഒരുപാട് പുസ്തകങ്ങളിങ്ങനെ അമ്മാവൻ കൊണ്ടുവരും, വള്ളത്തോളിന്റെയും ആശാന്റെയും ഒക്കെ കവിതകൾ... ശിഷ്യനും മകനും, നളിനി, ലീല... ഇതൊക്കെ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോത്തന്നെ വായിച്ച് കൊറെയൊക്കെ ഹൃദിസ്ഥമാക്കിയിരുന്നു.
? അങ്ങനെ എഴുത്തും വായനയും തുടരണമെന്ന് അന്നേ ഒരാഗ്രഹമുണ്ടായിരുന്നു, അല്ലേ.
= അതായിരിക്കണം അങ്ങനെ ആഗ്രഹമുണ്ടാവാൻ കാരണം. അമ്മയ്ക്കും കുറച്ച് സാഹിത്യത്തിനോട് താൽപ്പര്യമുണ്ട്. അല്ലെങ്കിലിതൊക്കെ നോട്ട്ബുക്കിൽ എഴുതിവയ്ക്കില്ലല്ലോ. എന്നെ മുത്തശ്ശനും അമ്മയുമാണ് ഈ വഴിയിലേക്ക് തിരിച്ചുവിട്ടത് എന്നുവേണം വിചാരിക്കാൻ. അങ്ങനെ വായനയിൽ വലിയൊരു താൽപ്പര്യം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. കിട്ടുന്ന പുസ്തകമൊക്കെ വായിക്കും. അമ്മാവൻ കൊണ്ടുവരുന്നതെല്ലാം. കൂടുതലായി ഒന്നും കിട്ടാനില്ലായിരുന്നു.
? എന്തായാലും സാഹിത്യ പുസ്തകങ്ങളാണ് ആദ്യം കിട്ടിയത്.
= ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് മഹാകവി ജി ശങ്കരക്കുറുപ്പ് കാളിദാസന്റെ ‘മേഘസന്ദേശം’ വിവർത്തനം ചെയ്തത്. ആ കാലത്ത് ഞാനും ആഴ്ചപ്പതിപ്പിൽനിന്ന് ആ ശ്ലോകങ്ങൾ നോട്ട്ബുക്കിൽ പകർത്തി വെച്ചിട്ടുണ്ടായിരുന്നു, അമ്മ എഴുതിവെക്കുന്നപോലെ. മഹാരാജാസ് കോളേജിൽ വരുന്ന കാലത്ത് അക്ഷരശ്ലോകം കോമ്പറ്റീഷന് ഈ ശ്ലോകങ്ങളൊക്കെ ഞാൻ ചൊല്ലിയിരുന്നു.
? എപ്പോഴാണ് ഗൗരവമായിട്ട് എഴുത്തിലേക്ക് വരുന്നത്...
= സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായിരുന്നു മഹാകവി ജി ശങ്കരക്കുറുപ്പ്. അദ്ദേഹം എനിക്ക് എഴുതാനുള്ളൊരു വാസനയുണ്ടെന്ന് കണ്ടപ്പോൾ, എന്നോട് എഴുതാൻ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ 49 മുതൽക്കുതന്നെ സാഹിത്യപരിഷത്തിന്റെ ത്രൈമാസികത്തിൽ എഴുതാൻ തുടങ്ങി. അങ്ങനെയാണ് ലേഖനങ്ങളെഴുതിത്തുടങ്ങിയത്. കുറുപ്പ് മാഷ് പറയും, എന്തെങ്കിലും എഴുതി തരൂ എന്ന്. അപ്പോൾ ചിലതൊക്കെ എഴുതിക്കൊടുക്കും.
ജി ശങ്കരക്കുറുപ്പ്
? അതൊക്കെ സാഹിത്യലേഖനങ്ങളായിരുന്നോ...
= ഒക്കെ സാഹിത്യലേഖനങ്ങളായിരുന്നു. മുണ്ടശ്ശേരിയുടെ കർണഭൂഷണ വിമർശനത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനമൊക്കെ, വളരെ നേരത്തേതന്നെ, 1949‐ൽ എഴുതിയിരുന്നു.
? അക്കാലത്തൊന്നും മൗലികമായിട്ട് എഴുതാൻ ശ്രമിച്ചിട്ടേയില്ലേ, കവിതയോ കഥയോ അങ്ങനെ ഏതെങ്കിലും...
= കവിത, കുട്ടിക്കാലത്ത് എഴുതിയിരുന്നു. കുട്ടിക്കാലത്ത് കവിതയോട് ഒരു ഭ്രമം ഉണ്ടായിരുന്നു. പക്ഷേ, മഹാകവി ജിയുടെ കവിതയൊക്കെ വായിച്ചപ്പോൾ കവിത എഴുതാനുള്ള ഭ്രമമൊക്കെ പോയി. എഴുതാൻ നമ്മളെക്കൊണ്ടാവില്ല എന്ന തോന്നൽ വന്നു. പിന്നെ വായനതന്നെയായിരുന്നു പ്രധാനം.
? വിമർശനം അല്ലെങ്കിൽ നിരൂപണമാണ് എന്റെ വഴി എന്ന് എപ്പോഴാണ് തീരുമാനിച്ചത്.
= അങ്ങനൊരു തീരുമാനൊന്നും ശരിക്ക് പറഞ്ഞാൽ ഉണ്ടായിട്ടില്ല. കുറുപ്പുമാഷ് ലേഖനങ്ങൾ ആവശ്യപ്പെടും. ലേഖനങ്ങൾ എഴുതിക്കൊടുക്കും. അങ്ങനെയങ്ങനെ സാഹിത്യനിരൂപണപരമായ ലേഖനങ്ങൾ ധാരാളം എഴുതാൻ തുടങ്ങി. പ്രധാനപ്പെട്ടൊരു നിരൂപണലേഖനം എഴുതിയത് മഹാകവി ജി യുടെ ‘നിമിഷം' എന്ന കവിതയെപ്പറ്റിയാണ്. എഴുതാനുള്ള പ്രേരണ എന്താണെന്നുവെച്ചാൽ, അത് ഒരു ടെക്സ്റ്റ് ബുക്ക് ആയിരുന്നു. അത് പഠിപ്പിക്കുമ്പോൾ സ്വാഭാവികമായും ആ കാലത്ത് ഉണ്ടായിട്ടുള്ള നിരൂപണങ്ങളൊക്കെ വായിക്കുമല്ലോ. അങ്ങനെ കുട്ടികൃഷ്ണമാരാർ ‘നിമിഷ'ത്തിനെ നിശിതമായി വിമർശിച്ചുകൊണ്ടൊരു ലേഖനം എഴുതിയത് വായിക്കാനിടയായി. കുട്ടികൃഷ്ണമാരാർ ആ കവിതയുടെ ചൈതന്യത്തിലേക്ക് കടന്നിട്ടില്ല എന്നൊരു തോന്നലുണ്ടായി എനിക്ക്. കവിതയെക്കുറിച്ച് കുട്ടികൾക്ക് ശരിയായ രീതിയിൽ ക്ലാസെടുക്കണമല്ലോ. ‘നിമിഷം' എന്നത് കാലത്തിന്റെ ഒരു ചെറിയ ഖണ്ഡം ആണല്ലോ. അപ്പോൾ അത് കാലത്തിനെ സംബന്ധിച്ചുള്ള ഒരു കവിതയാണ്. അതിൽ, ആധുനികശാസ്ത്രത്തിലെ കാലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഇണക്കിച്ചേർത്തിട്ടുണ്ട്.
‘എത്രമേൽ ക്ഷുദ്രമല്ലോരോനിമിഷ‐
മിപ്പത്രമടിച്ചതു പാറീടുമ്പോൾ
അണ്ഡകടാഹവും മുമ്പോട്ട് മുമ്പോട്ടു‐
ച്ചണ്ഡമാം വേഗത്തിൽ നീങ്ങിടുന്നു.’
ഇതൊരു ശാസ്ത്രീയമായ ആശയമാണ്. ഈവക ആശയങ്ങളൊന്നും തിരിച്ചറിയാതെ നിമിഷത്തിനെ പൂമ്പാറ്റയായിക്കാണുന്ന ദുർബലമായ രൂപകം എന്ന മട്ടിലാണ് കുട്ടികൃഷ്ണ മാരാർ ആ കവിതയെ സമീപിച്ചത്. അതേക്കുറിച്ച് വിശദമായ ഒരു ലേഖനമെഴുതി.
എൻ ഇ സുധീറിനൊപ്പം ഫോട്ടോ: വി കെ അഭിജിത്
? ഏത് വർഷത്തിലാണ് ഈ ലേഖനം വന്നത്.
= അത് 1951‐ലാണ്‌്. കുട്ടികൾക്ക് ആശയം വിശദീകരിച്ചുകൊടുക്കേണ്ടതുണ്ട്. കാലത്തിന്റെ അത്ഭുതാവഹമായ സ്വഭാവം, സ്പേസും കാലവും തമ്മിലുള്ള ബന്ധം ഒക്കെ ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തിലല്ലേ വിശദീകരിക്കാൻ കഴിയൂ. ശാസ്ത്രത്തിലെ ആശയം മാഷ് ഉൾക്കൊണ്ടിട്ടുള്ളതുകൊണ്ടാണ് കവിത അങ്ങനെയായത്. മാരാർ ആവക ഭാഗത്തിലേക്ക് നോക്കീട്ടേയില്ല. വെറുമൊരു അലങ്കാരം നിർമിക്കലാണ്, കവിതയുടെ ലക്ഷ്യമെന്ന സമീപനരീതി ശരിയല്ല എന്ന് ഈ ലേഖനത്തിൽ ഞാൻ സമർഥിക്കാൻ ശ്രമിച്ചിരുന്നു. 1949‐ൽ ഞാൻ സെന്റ് മേരീസിൽ ലക്ചററായി ചേർന്നു. സെന്റ് മേരീസിൽവച്ചാണ് ഈ സംഭവം, 1951‐ൽ. ലേഖനം എഴുതിയ കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുറുപ്പുമാഷും ഒന്നും അറിഞ്ഞിട്ടില്ല. മാഷോട് പറഞ്ഞാൽ മാഷ് ചിലപ്പോളത് പബ്ലിഷ് ചെയ്യാൻ സമ്മതിക്കില്ല എന്നൊരു തോന്നലെനിക്കുണ്ടായിരുന്നു. ലേഖനം ഞാൻ മാതൃഭൂമിക്ക് അയച്ചുകൊടുത്തു. അന്ന് എൻ വി കൃഷ്ണവാര്യരാണ് മാതൃഭൂമിയുടെ എഡിറ്റർ. വലിയ പ്രാധാന്യത്തോടുകൂടി അത് പബ്ലിഷ് ചെയ്തു. അദ്ദേഹത്തിന്റെ ‘കൊച്ചുതൊമ്മൻ' എന്ന കവിതയും ഈ ലേഖനവും ഒരേ ലക്കം ആഴ്ചപ്പതിപ്പിലായിരുന്നു അച്ചടിച്ചുവന്നത്. നിരൂപണത്തിനൊപ്പം എന്റെ ഒരു ഫോട്ടോകൂടി കൊടുത്തു. ഫോട്ടോ എവിട്ന്നോ അദ്ദേഹം സമ്പാദിച്ചതാണ്. സ്ത്രീകൾ നിരൂപണമൊന്നും എഴുതുന്ന കാലമല്ലല്ലോ അത്. അതുകൊണ്ട് ഇതൊരു ഫേക്ക് പേരല്ല, ശരിയായിട്ടൊരു സ്ത്രീതന്നെയാണ് എന്നു വ്യക്തമാക്കാനാവാം അദ്ദേഹം എവ്ട്ന്നോ ഒരു ഫോട്ടോ സമ്പാദിച്ചത്. ആ ലേഖനം വിവാദത്തിന് ഹേതുവായി. എന്നുവച്ചാൽ ഏതോ ഒരു സ്ത്രീ കുട്ടികൃഷ്ണ മാരാരെ വിമർശിക്കുക എന്നതു സംഭവ്യമായി തോന്നിയില്ല ചിലർക്ക്. എന്തായിരുന്നു ആരോപണം എന്നുവച്ചാൽ ജി ശങ്കരക്കുറുപ്പുതന്നെ എഴുതീട്ട്, ഒരു സ്ത്രീയുടെ പേരിൽ പബ്ലിഷ് ചെയ്തു എന്നു കേട്ടിട്ടുണ്ട്. ആ ആശങ്കകൊണ്ടായിരിക്കണം കുറുപ്പുമാഷ് ലേഖനം കണ്ടിട്ട് ലീലാവതി, ‘മാരാരെ വിമർശിക്കാൻ മാത്രമൊന്നും വളർന്നിട്ടില്ല' എന്ന് എന്നോട് പറഞ്ഞു. പക്ഷേ, ഇതേ മാഷ് തന്നെയാണ് മുണ്ടശ്ശേരിയുടെ ‘കർണഭൂഷണ'ത്തെപ്പറ്റി ഞാൻ വിമർശിച്ച് എഴുതിയപ്പോൾ സാഹിത്യപരിഷത്ത് മാസികയിൽ പബ്ലിഷ് ചെയ്തത്. മുണ്ടശ്ശേരിയെ വിമർശിക്കാമെന്നുണ്ടെങ്കിൽ മാരാരെയുമാവാം. അതും ഖണ്ഡനവിമർശനമായിരുന്നു. ‘കർണഭൂഷണ'ത്തെപ്പറ്റി വളരെ പരിഹാസമായിട്ടാണ് മുണ്ടശ്ശേരി എഴുതിയത്. അതിനെ ഖണ്ഡിച്ചുകൊണ്ടാണ് അന്ന് ഞാൻ എഴുതീട്ടുള്ളത്. അദ്യത്തേതിനെ മാഷ് എതിർത്തത് അത് മാഷ്ടെ കവിതയെപ്പറ്റി ആയതുകൊണ്ടാവാം.
ഫോട്ടോ: വി കെ അഭിജിത്
? മാരാർ ലേഖനത്തോട് റെസ്പോണ്ട് ചെയ്തില്ലേ...
= മാരാരാണ് ഇങ്ങനെ ഇതിനെപ്പറ്റി പറഞ്ഞതെന്നാണ് കേട്ടിട്ടുള്ളത്. ഞാൻ മാരാരെ കണ്ടിട്ടില്ല, അക്കാലത്ത്. പിന്നീട് പരിചയപ്പെട്ടിട്ടുണ്ട്. മാരാർക്ക് ഒരു ഈർഷ്യ ഉള്ളിലുണ്ട് എന്നാണ് തോന്നീട്ടുള്ളത്. എങ്കിലുമദ്ദേഹം പുറമേക്കൊന്നും കാണിച്ചിട്ടില്ല.
? പക്ഷേ, മാരാരുടെ ‘ഭാരതപര്യടന'ത്തെക്കുറിച്ചും ടീച്ചർക്ക് വിമർശനം ഉണ്ടായിരുന്നല്ലോ.
= അത്, അടുത്തകാലത്തൊക്കെയാണ്. മുമ്പേ മനസ്സിലുണ്ടായിരുന്നു. എഴുതാതിരുന്നത്, പണ്ട് കുറുപ്പുമാഷ് പറഞ്ഞ ആശയങ്ങളൊക്കെ ഉള്ളിലുണ്ട് എന്നുള്ളതുകൊണ്ടാണ്. എന്നാൽ പിന്നെ അടുത്തകാലത്ത് എന്തുകൊണ്ട് എഴുതി എന്നു ചോദിച്ചാൽ ചില കാര്യങ്ങൾ ഖണ്ഡിച്ചേ തീരൂ എന്നുള്ള ബോധ്യം വന്നതിനാലാണ്.
ഇതേ മട്ടിലൂടെ ആശയങ്ങൾ, രാമായണത്തെ സംബന്ധിച്ചുമുണ്ട്. വാൽമീകിരാമായണം ഞാൻ വിവർത്തനം ചെയ്തപ്പോൾ വാൽമീകിരാമായണത്തിൽ പറഞ്ഞിട്ടുള്ളത് എനിക്ക് വ്യക്തമായി മനസ്സിലായി. മാരാർ പലപ്പോഴും ആശയങ്ങൾ തെറ്റായി അവതരിപ്പിച്ചു എന്ന എന്റെ തോന്നൽ, ഞാൻ ജീവിച്ചിരിക്കുമ്പോൾ എഴുതിയില്ല എന്നുണ്ടെങ്കിൽ വേറെ ഒരാൾ എഴുതുകയില്ലല്ലോ...?
? ഇല്ല. അതു നന്നായി. മറ്റൊരു കാര്യം. വിമർശനരംഗത്ത് വരുമ്പോൾ സ്ത്രീകളാരും അവടെയില്ല. ഇന്നും അതിന് വലിയ മാറ്റമില്ലല്ലോ. അപ്പോ പിന്നെ അതത്ര എളുപ്പമാവാനിടയില്ലല്ലോ. വിമർശകയാവുക എന്നതിൽ നേരിട്ട പ്രയാസങ്ങൾ എന്തൊക്കെയായിരുന്നു.
= ആ കാലത്ത് നിരൂപകരുടെ മണ്ഡലത്തിൽ ഞാനൊട്ടും സ്വീകാര്യയായിരുന്നിട്ടില്ല. ഒരു പുരുഷനോടൊപ്പം മത്സരിക്കാൻ മാത്രോന്നും സ്ത്രീകളായിട്ടില്ല എന്ന ധാരണ പൊതുവേ പണ്ഡിതപക്ഷത്തിനുണ്ട്, എല്ലാർക്കും. പിന്നെ ചുരുക്കം ചിലരുണ്ട്, ഗുപ്തൻനായർ മാഷിനെപ്പോലെയൊക്കെ വളരെ ഉദാരമായിട്ടുള്ള സമീപനരീതിയുള്ളവർ, പരിചയവും സൗഹൃദവുമൊക്കെ പ്രകടിപ്പിക്കുന്നവർ. പക്ഷേ, എല്ലാവർക്കും അതുപോലെ ഔദാര്യമൊന്നുമില്ല. ഞാൻ നിരൂപണം എഴുതുമ്പോൾ അത് എങ്ങനെങ്കിലും തടസ്സപ്പെടുത്തണം എന്ന മട്ടിൽ അനോണിമസ് ലെറ്റേഴ്സ് എനിക്ക് പലരും എഴുതിയിരുന്നു. എഴുത്ത് നിർത്തണം എന്നുള്ളതാണ് ലെറ്ററുകളിലെ ആവശ്യം. പിന്നെ വളരെ അശ്ലീലശൈലിയിലൊക്കെ വിമർശിച്ചുകൊണ്ട് എഴുത്തുകൾ വന്നിരുന്നു എനിക്കെതിരെ...
? വിമർശനത്തിന്റെ സ്വഭാവത്തിൽ ടീച്ചർക്ക് വേറിട്ടൊരു വഴിയുണ്ട്. ടീച്ചർതന്നെ പറഞ്ഞതനുസരിച്ചാണെങ്കിൽ ഒരു വിധിപറയലില്ല, വധിക്കില്ല. അപ്പോ വിധിയും വധവുമല്ലാത്തൊരു നിരൂപണം. അന്നത്തെ കാലഘട്ടത്തിൽ ഇത് രണ്ടുമായിരുന്നു മുഖ്യനിരൂപകരൊക്കെ, പ്രമുഖരൊക്കെ ചെയ്തുകൊണ്ടിരുന്നത്. അതിൽനിന്ന് മാറിയിട്ട് സാഹിത്യത്തെ വേറെ രീതിയിൽ കാണേണ്ടതുണ്ട് എന്ന് പറയുന്ന ഒരു മനോഭാവം ടീച്ചർക്ക് ഉണ്ടായിരുന്നല്ലോ. അതെങ്ങനെ ഉണ്ടായി? സ്വയം ആർജിച്ചെടുത്ത തീരുമാനമായിരുന്നോ? അതേസമയം ആദ്യ ലേഖനങ്ങൾ നല്ല ഖണ്ഡന വിമർശനവുമായിരുന്നല്ലോ...
= ‘നിമിഷ'ത്തിനെ ഖണ്ഡിച്ചു എന്നുള്ളത് ഒരു ഖണ്ഡനനിരൂപണം എഴുതണമെന്നുള്ള വിചാരത്തോടെയല്ലേയല്ല. ആ കവിത എല്ലാ കോളേജിലും കുട്ടികൾ പഠിക്കുന്നതാണല്ലോ. ഞാൻ പറയുന്ന ആശയം എന്റെ ക്ലാസിലെ കുട്ടികൾക്ക് മാത്രമല്ലേ മനസ്സിലാവുള്ളൂ. മറ്റുള്ളവർക്കും അത് മനസ്സിലാവേണ്ടതുണ്ടല്ലോ... ഈ ചിന്തയാണ് ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്. ഒരു ആശയപ്രചാരണം എന്നതിൽക്കവിഞ്ഞ് ഒരു വലിയ നിരൂപകനെ ഖണ്ഡിക്കണം എന്നൊരു വിചാരമൊന്നും അന്നുണ്ടായിരുന്നില്ല; സത്യസന്ധമായിട്ടാ ഞാൻ പറയുന്നത്. അങ്ങനത്തൊരു ചിന്തയേ ഉണ്ടായിട്ടില്ല; പക്ഷേ, അത് അങ്ങനെ വന്നു ഭവിച്ചപ്പോൾ മറ്റുള്ളവർക്ക് മനസ്സിന് വിഷമമോ വിരോധമോ തോന്നത്തക്കവണ്ണം എഴുതണ്ട ആവശ്യമില്ലല്ലോ എന്നുതോന്നി. അല്ലെങ്കിലതെന്റെ പ്രകൃതിയിൽപ്പെട്ടതല്ല. മറ്റുള്ളവരെ ഖണ്ഡിക്കലാണ് വിമർശനം എന്നുള്ളൊരഭിപ്രായം മൗലികമായിട്ട് എനിക്കില്ല. ഈ പ്രത്യേകലേഖനം ഇങ്ങനെയായിപ്പോയത് ഈ ആശയപരമായ സംഘർഷം കാരണമാണ്. സ്വതവേ കവിതകൾ വായിക്കുമ്പോഴും കഥ വായിക്കുമ്പൊഴുമൊക്കെ ഗ്രന്ഥകർത്താവ് അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് എന്താണ് എന്നാണ് അന്വേഷിക്കാറ്. ഗ്രന്ഥകർത്താവിന്റെ അന്വേഷണത്തിന്റെ കൂടെ നമ്മളും അന്വേഷിക്കുക എന്നതാണ് ശരിയായിട്ടുള്ള വിമർശനത്തിന്റെ വഴി എന്നുള്ളൊരു അഭിപ്രായാണ് എനിക്കുള്ളത്. നേരേമറിച്ച് ഗ്രന്ഥകർത്താവിന്റെ എതിർവശത്ത് നിന്നിട്ടുവേണം കാണാൻ എന്നുള്ള വിചാരത്തോടുകൂടിയാണ് സാഹിത്യനിരൂപണത്തിനെ പലരും കൈകാര്യം ചെയ്തിട്ടുള്ളത്. പക്ഷേ, എന്റെ രീതി നേരേമറിച്ചാണ്. ഗ്രന്ഥകർത്താവിനെ പിൻചെല്ലുകയാണ് വേണ്ടത്. ഖണ്ഡിക്കാൻവേണ്ടി എഴുതുകയല്ല വേണ്ടത്. പറയുന്നതെന്താണെന്ന് നല്ലപോലെ ഗ്രഹിച്ചതിനുശേഷം അതിൽ നമുക്ക് വിപ്രതിപത്തി ഉെണ്ടങ്കിൽ പ്രകടിപ്പിക്കാം. അത് വേറെ കാര്യം. പക്ഷേ, ഗ്രന്ഥകർത്താവിന്റെ വിവക്ഷിതം എന്താണെന്ന് സത്യസന്ധമായി അന്വേഷിക്കണം എന്നുള്ളൊരു സമീപനരീതിയാണ് ഞാൻ പിന്തുടരുന്നത്.
ലീലാവതി ടീച്ചറുടെ (ഇടതുവശത്ത് മുൻനിരയിൽ ഇരിക്കുന്നത്) ഒരു കുടുംബചിത്രം
? അപ്പോ അതിലെ പോരായ്‌മകളെക്കുറിച്ചോ. ഗ്രന്ഥകർത്താവ് പറയാൻ ചിലത് ഉദ്ദേശിച്ചു. എന്നാൽ അദ്ദേഹത്തിനത് പറഞ്ഞുഫലിപ്പിക്കാൻ കഴിഞ്ഞില്ല. അതിന്റെ രചനാശൈലിയിലെ പ്രശ്നങ്ങൾ, അതിലെ ഭാഷ‐ അതൊക്കെ നമുക്ക് ഖണ്ഡിച്ചു കൂടേ.
= അങ്ങനെയുള്ള സന്ദർഭങ്ങളിൽ അതൊക്കെ സൂചിപ്പിക്കും. ഇന്നയിന്ന പോരായ്മകൾ ഉണ്ടെന്ന് സൂചന. അതിൽ കവിഞ്ഞ് അതിനെ ഒരു തീക്ഷ്ണമായ വിമർശനമാക്കി മാറ്റില്ല. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ആ വശങ്ങൾ ഈ ഗ്രന്ഥകർത്താവ് കാണാതെപോയത് എന്നതിനെപ്പറ്റി നമ്മുടെ ഒരു അന്വേഷണമുണ്ടല്ലോ. അത് സൂചിപ്പിക്കാതിരുന്നിട്ടില്ല ഞാൻ.
? ഒരു ഗ്രന്ഥം വിമർശനത്തിനെടുക്കുമ്പോൾ പ്രാഥമികമായ ചില സ്വഭാവങ്ങൾ നിർബന്ധമുേണ്ടാ. അതോ ഏതും അങ്ങനെ വിമർശനത്തിനായി എടുക്കുമോ. ആദ്യം തന്നെ മികച്ചതല്ല എന്ന തോന്നലുണ്ടായാൽ അതിനെ അവഗണിക്കാറുണ്ടോ...
= ചില ഗ്രന്ഥങ്ങളെയൊക്കെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തോളം നമുക്കതിൽ എതിർപ്പുെണ്ടങ്കിൽ അതിനെപ്പറ്റി ഞാൻ മൗനമവലംബിക്കുന്ന പതിവുണ്ട്. ആരെങ്കിലും ചോദിച്ചാൽ പറയാം എന്നല്ലാതെ, അത് പറയാനായിട്ടുമാത്രം എഴുതേണ്ട ആവശ്യമില്ല. അപ്പോൾ അതിന്റെ നേരെ മൗനം പാലിക്കും. കൃതികളുടെ കാര്യത്തിൽ മാത്രമല്ല, കർത്താക്കളുടെ കാര്യത്തിലും അതേ സമീപനം. ചിലരെപ്പറ്റി എഴുതീട്ടില്ല എന്നുണ്ടെങ്കിൽ എഴുതണം എന്നുള്ള തോന്നലുണ്ടായിട്ടില്ല എന്ന അർഥമാണ്. അക്കാരണം കൊണ്ടുതന്നെ പലർക്കും ശത്രുതയുണ്ട്. കാരണം, ഞാൻ ചിലരെപ്പറ്റി എഴുതാത്തത് എനിക്ക് വിരോധമുള്ളതുകൊണ്ടാണ് എന്ന തോന്നൽ. അതും ശരിയല്ല. കാരണം നമുക്ക് എല്ലാവരെപ്പറ്റിയും എഴുതാൻ പറ്റുമോ? നമുക്കും പരിമിതിയൊക്കെ ഉണ്ടല്ലോ. ചിലരെപ്പറ്റി മൗനംഅവലംബിക്കുന്നത് അത് പറയണ്ട എന്നുള്ള വിചാരംകൊണ്ട്. പക്ഷേ, മറ്റുള്ള പലരെപ്പറ്റിയും മൗനമവലംബിക്കുന്നത് നമുക്കതിനുള്ള സന്ദർഭവും സൗകര്യവും കിട്ടാത്തതുകൊണ്ടാണ്. ഇത് വേർതിരിച്ചറിയില്ലല്ലോ മറ്റുള്ളവർക്ക്. അതുകൊണ്ട് ചിലരെപ്പറ്റി എഴുതാഞ്ഞാൽ തന്റെ കൃതികളോടുള്ള വിരോധംകൊണ്ടാണ് എന്ന് ചിലർ നിഗമിച്ചിട്ടുണ്ട്. അങ്ങനെ ചില ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരോടും ഇത് വിശദീകരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ.
? മലയാള നിരൂപണത്തിന്റെ ചരിത്രമെടുക്കുമ്പോൾ, ടീച്ചറാദ്യം പറഞ്ഞപോലെ പ്രമാണിമാർ, എന്നുവച്ചാൽ സാഹിത്യത്തെ ഭരിച്ചിരുന്നവർ, സാഹിത്യം ഇങ്ങനെ പോകണം, അല്ലെങ്കിൽ ഇങ്ങനെ വേണമെന്ന് നിർബന്ധം പിടിച്ച പ്രമാണിമാർ, വരുന്നു. അതുകഴിഞ്ഞ് ടീച്ചറ് വരുന്നു. ടീച്ചറുടെ കാഴ്‌ചപ്പാടിൽ നിരൂപണം എന്നാൽ എന്താണ്...
= എന്റെ സമീപനരീതി; ഓരോ ഗ്രന്ഥകർത്താവിനും, സർഗാത്മക സാഹിത്യകാരനായാലും ശരി നിരൂപകനായാലും ശരി, തന്റേതായിട്ടുള്ള ഒരു വീക്ഷണമുണ്ട്. ജീവിതവീക്ഷണം. ആ ജീവിതവീക്ഷണം മനസ്സിലാക്കീട്ട് വേണം നമ്മളതിന്റെ വിമർശനമോ അല്ലെങ്കിലതിന്റെ പ്രശംസയോ നടത്താൻ, ഗ്രന്ഥകർത്താവിന്റെ കൂടെനടന്ന് അന്വേഷണം. അത് സത്യസന്ധമായി ചെയ്യാതെ ഖണ്ഡിക്കുന്നതിലോ പ്രശംസിക്കുന്നതിലോ അർഥമില്ല. അങ്ങനെയാണ് ഈ അന്വേഷണത്തിൽ ഞാൻ ഏർപ്പെടാറുള്ളത്. ഗ്രന്ഥകർത്താവിന്റെ വിവക്ഷിതം എന്താണ് എന്നുള്ള അന്വേഷണം. ആ അന്വേഷണം കഴിഞ്ഞിട്ട് അതിൽ നമുക്കെന്തെങ്കിലും അനാശാസ്യം എന്ന് തോന്നീട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് പറയാനും പറയാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ സ്വാതന്ത്ര്യമാണ്. എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ചോദിച്ചാൽ എനിക്ക് പറയണം എന്നു തോന്നിയില്ല. അത്രേയുള്ളൂ. ഇന്നത് എഴുതണം എന്ന് ഒരു കവിയോടു പറയാൻ കഴിയില്ലല്ലോ. അതുപോലെ നമ്മളോട് ഇന്നത് എഴുതണം എന്നു പറയാൻ പാടില്ല.
എന്തെങ്കിലുമൊരു പ്രശ്നം സമൂഹത്തിലുണ്ടായാൽ എന്തുകൊണ്ട് നിങ്ങൾ അതിനെപ്പറ്റി പ്രതികരിച്ചില്ല എന്നൊരു ചോദ്യം ഉണ്ടാവാറുണ്ട്. എപ്പോഴും പ്രതികരിച്ചോളണം എന്നുേണ്ടാ? തോന്നിയാലല്ലേ പ്രതികരിക്കുക. ആ ചോദ്യത്തിന് അർഥമില്ല. ഇന്നതിനെപ്പറ്റി എന്തുകൊണ്ട് എഴുതിയില്ല അല്ലെങ്കിൽ ഇന്നമട്ടിൽ എന്തുകൊണ്ട് എഴുതിയില്ല എന്നു ചോദിക്കുന്നതിൽ അർഥമില്ല. എഴുതിയ ആ മട്ട് നമുക്ക് സ്വീകാര്യമാണോ അല്ലയോ എന്നതാണ് നമ്മൾ അന്വേഷിക്കേണ്ടത്. അതാണ് എന്റെ സമീപനരീതി.
? സാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ, അല്ലെങ്കിൽ സാഹിത്യത്തെ സമൂഹവുമായി കൂട്ടിച്ചേർക്കുന്നതിൽ നിരൂപണത്തിന് പങ്കുേണ്ടാ.
= അത് വളരെ പ്രധാനമായിട്ടുള്ളൊരു ഇഷ്യൂ ആണ്. നമ്മൾ ജീവിക്കുന്നത് ഒരു സമൂഹത്തിലാണ്. മറ്റു പല ജീവികളേയുംപോലെ മനുഷ്യനും ഒരു സമൂഹജീവിയാണ്. ഒറ്റയ്ക്കൊറ്റയ്ക്കൊരു ജീവിതമില്ലല്ലോ. സമൂഹത്തിനോട് നമുക്ക് ആത്യന്തികമായ കടപ്പാടുണ്ട്. അക്കാര്യത്തിൽ ഒരു തർക്കവുമില്ല. ഈ കടപ്പാട് മറന്നുകൊണ്ട് സാഹിത്യരചനയിൽ ഏർപ്പെടുന്നത് ശരിക്കും ജീവിതത്തോടും സാഹിത്യത്തോടും ചെയ്യുന്ന നീതിയല്ല. എപ്പോഴും സാമൂഹികബന്ധം പ്രധാനമാണ്. അത് നമ്മുടെ കാലഘട്ടത്തിലല്ല, എല്ലാ കാലഘട്ടത്തിലും അങ്ങനെയൊക്കെത്തന്നെയാണ്. ഇപ്പോൾ ഇതിഹാസപുരാണങ്ങളെ ആസ്പദമാക്കിയിട്ട് സാഹിത്യരചന നിർവഹിച്ചിട്ടുള്ളവരും ആ പ്രശ്നങ്ങളൊക്കെ സമകാലത്ത് എപ്രകാരം പ്രസക്തമാണ് എന്നുള്ളതിനെപ്പറ്റി അവരുടേതായ അഭിപ്രായം ഉണ്ടാവും. പഴയ കഥ എഴുതിയാലും ശരി പുതിയതായാലും ശരി അത് സമൂഹത്തിനോടുള്ള മനുഷ്യന്റെ വ്യക്തിപരമായ ബന്ധമാണ്. ആ ബന്ധം എക്കാലത്തും പ്രധാനമാണ്. ആ ബന്ധം അവതരിപ്പിക്കുമ്പോൾ അത് സമൂഹത്തിന് ദോഷകരമായിട്ടുള്ള രീതിയിൽ അവതരിപ്പിക്കണമോ, സമൂഹത്തിന്റെ ഉത്കർഷോന്മുഖമായി വേണോ, അതിനെപ്പറ്റി എനിക്കൊരു തർക്കവുമില്ല. സമൂഹത്തിന്റെ ഉത്കർഷം ലക്ഷ്യമാക്കിക്കൊണ്ടുവേണം സാഹിത്യകാരൻ എഴുതാൻ. നിലവിലുള്ള ജീവിതത്തിലെ പ്രശ്നങ്ങൾ, അഗാധതയിലേക്കു വേരൂന്നിയിട്ടുള്ള പലതരത്തിലുള്ള ദുഷ്ടതകൾ. അതിനെപ്പറ്റിയൊക്കെ എഴുതീട്ടുള്ളവരുണ്ട്. പക്ഷേ, അവരതിനെപ്പറ്റി എഴുതിയിട്ടുെണ്ടങ്കിലും ആ ദുഷ്ടതകളിൽ അഭിരമിക്കത്തക്കവണ്ണം എഴുതിയാൽ അത് അനാശാസ്യമാണ്. ‘ശബ്ദങ്ങൾ' ബഷീർഎഴുതുമ്പോൾ സമൂഹത്തിലെ അനാശാസ്യമായ പലതിനെപ്പറ്റിയും തുറന്ന് എഴുതീട്ടുണ്ട്. പക്ഷേ, അതൊക്കെ നിലനിൽക്കുന്നു എന്ന മട്ടിലല്ല ബഷീർ എഴുതിയത്, അത് തുറന്നുകാട്ടിയത് നമുക്കതിനോട് ഒരു വികർഷണം ഉണ്ടാവണം എന്നുള്ളതിനാലാണ്. ആ ലക്ഷ്യത്തിലാണ് നമ്മൾ ഊന്നുന്നത്. അത് എഴുതുന്നതിന്റെ രീതിയനുസരിച്ചിരിക്കും. അതിലാണ്ടുമുങ്ങി അതിൽ രസിക്കുന്നുേണ്ടാ ഗ്രന്ഥകർത്താവ് അതോ അതിനോടുള്ള എതിർപ്പ് പരോക്ഷമായി പ്രകടിപ്പിക്കുന്നുേണ്ടാ?
സുഗതകുമാരി, ബാലാമണിയമ്മ, ലീലാവതി ടീച്ചർ
? അങ്ങനൊരു കണ്ടെത്തൽ വർത്തമാനകാല സാഹചര്യത്തിൽ സംഭവിക്കുന്നില്ല എന്നു ഞാൻ പറഞ്ഞാൽ...
= വർത്തമാനകാലത്തിൽ വേണ്ടിടത്തോളം ഇല്ല. എന്താന്നുവെച്ചാൽ മൂല്യചിന്തതന്നെ കുറഞ്ഞുകുറഞ്ഞുപോയി. മൂല്യവിമർശനം എന്ന് പറയുന്നതേ കുറഞ്ഞുകുറഞ്ഞുവരികയാണ്. ചില ചില ഇഷ്യൂസ്, സമൂഹത്തിൽ ചില വിഭാഗത്തിനോടുള്ള സമീപനങ്ങൾ. ദളിത്, സ്ത്രീ വിഭാഗത്തിനോടുള്ള സമീപനം അല്ലെങ്കിൽ ശരീരത്തിനോടുള്ള സമീപനം, അല്ലെങ്കിൽ ഭൂസ്ഥിതിയോടുള്ള സമീപനം, ഇങ്ങനെയൊക്കെയുള്ള ഇഷ്യൂ ഒക്കെയെടുത്ത് അതിനെപ്പറ്റി അവതരിപ്പിക്കയല്ലാതെ മൂല്യം എന്നുള്ളതിനെ സംബന്ധിച്ചൊരു വിമർശനം വളരെ വളരെ കുറഞ്ഞുവരികയാണ്.
നമ്മുടെ കാലഘട്ടത്തിൽ, വിമർശനത്തിലെ സാഹിത്യമൂല്യത്തെക്കുറിച്ചുള്ള അന്വേഷണവും കുറഞ്ഞുവന്നിരിക്കയാണ്. സാഹിത്യത്തിൽ ജ്യോഗ്രഫിയുണ്ട്, ഹിസ്റ്ററിയുണ്ട്, സോഷ്യോളജിയുണ്ട്. ഒക്കെയുണ്ട്. പക്ഷേ, വാല്യൂസിനെ സംബന്ധിച്ചുള്ള സമീപനം കുറഞ്ഞുവരികയാണ് നമ്മുടെ കാലഘട്ടത്തിൽ. അതിന്റെ കാരണം എന്താന്നു ചോദിച്ചാൽ, വാല്യൂസിന്റെ കാര്യത്തിലാകുമ്പോൾ നമ്മുടെ പക്ഷവും പുറത്തുവരും, നമ്മളേതിന്റെകൂടെ നിൽക്കുന്നു എന്നതു വരും. പലർക്കും നിലപാടുകൾ അവതരിപ്പിക്കാൻ ഇഷ്ടമില്ല. അപ്പോ ജ്യോഗ്രഫിയും ഹിസ്റ്ററിയും സോഷ്യോളജിയുമെല്ലാം പറഞ്ഞുകൊണ്ട് കൃതിയുടെ ചുറ്റുപാടും കാട് തല്ലി ഫീലുണ്ടാക്കലാണ് ഇന്നത്തെ നിരൂപണത്തിന്റെ ഒരു പ്രത്യേകത എന്നെനിക്ക് തോന്നീട്ടുണ്ട്. ഈയൊരു സമീപനരീതി പാടില്ല എന്നൊന്നും ഞാൻ പറയില്ല. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടം അനുസരിച്ചെഴുതാം. ഏതെങ്കിലും ഒരു പ്രത്യേക വീക്ഷണത്തിൽ കൃതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതേസമയത്ത് മൂല്യവിചിന്തനം വേണ്ട എന്ന സമീപനരീതി ശരിയല്ല . ( തുടരും)








0 comments