ad
Deshabhimani

മുഖാമുഖം

ദേശങ്ങൾ കാലങ്ങൾ കഥനങ്ങൾ

എൻ എസ്‌ മാധവൻ      ഫോട്ടോ: കെ ആർ  ആർ വിനയൻ


സ്വന്തം സാഹിത്യപ്രവർത്തനത്തെ മാറിനിന്ന് നോക്കിക്കാണാനുള്ള മാനസികസജ്ജീകരണവും ലോകാവലോകനശീലവും ഉള്ള ആളാണ് എൻ എസ് മാധവൻ. അതിനാൽ തന്റെ പ്രതികരണങ്ങൾ വ്യക്തിപരതയുടെ കളം വിടുന്നു. അവ വിശകലനപരവും ചരിത്രബോധത്താൽ സവിശേഷവുമായിത്തീരുന്നു. ഓർമയിൽ നിന്ന് പല ദേശങ്ങളിലും കാലങ്ങളിലും എത്തിച്ചേർന്ന് ആ പ്രതികരണങ്ങൾ ഈടുറ്റതാകുന്നുണ്ട്‌. ചിലപ്പോൾ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. അതിലെ നാടകീയതയും ശ്രദ്ധേയം.

സംവാദാത്മകതയുടെ വഴക്കത്തിലുള്ള ഇടറാത്ത ശ്രദ്ധയും വിശ്വാസവും ഇവിടെ ഉണ്ട്. ഇത് ജനാധിപത്യസംസ്‌കാരത്തോടുള്ള തന്റെ വിടാത്ത കൂറിന്റെ തെളിവാണ്‌. തന്നിലൂടെ നീങ്ങുന്ന സമകാലികലോകം വൈജ്ഞാനികതയുടെ ഊർജമായി ഈ മലയാളിയിൽ സന്നിഹിതമാവുന്നതും ഈ സംവാദത്തിൽ ചേർന്നപ്പോൾ ഞങ്ങൾ കേട്ടറിയുകയുണ്ടായി.

എൻ എസ് മാധവൻ 2025 ഒക്‌ടോബർ ഒടുവിൽ കാസർകോട്ടെ മാണിയാട്ട്‌ കെ ബാലകൃഷ്‌ണൻ നമ്പ്യാർ സ്മാരക സാഹിത്യപുരസ്‌കാരം സ്വീകരിക്കാനായി വന്നപ്പോൾ നടത്തിയതാണ് ഈ സംഭാഷണം. പ്രധാന വിഷയം സാഹിത്യം തന്നെ.

ഒരു ദിവസം ഉച്ചവരെ ഞങ്ങൾ ചെറുവത്തൂരിനടുത്ത്‌ കാരിയിൽ, കയ്യൂർ, ചീമേനി എന്നിവിടങ്ങളിൽ സഞ്ചരിച്ചു. ആ ഗ്രാമസഞ്ചാരത്തിന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് സംഭാഷണം അവസാനിക്കുന്നത്. മുൻപൊരിക്കൽ കാസർകോട്ട് നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചും ഈ വേളയിൽ എൻ എസ് മാധവൻ ഓർത്തുപറയുന്നുണ്ട്.

എൻ എസ്‌ മാധവൻ      ഫോട്ടോ: കെ ആർ  ആർ വിനയൻ എൻ എസ്‌ മാധവൻ ഫോട്ടോ: കെ ആർ ആർ വിനയൻ

ഇ പി രാജഗോപാലൻ:

താങ്കളെ ഏറ്റവും ബാധിച്ച, എന്നുതന്നെ പറയട്ടെ, ദേശം കൊച്ചിയാണ്. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയ'കളിലും ‘ഭീമച്ചനി'ലും വലിയ കൊച്ചിക്കാഴ്‌ചകളുണ്ട്. ഈ ദേശത്തിന്റെ മൗലികമായ ഭാവങ്ങൾ എന്തൊക്കെയാണ്?

എൻ എസ് മാധവൻ: കൊച്ചിയെപ്പറ്റി വിശദമായ ഒരു പഠനം അഷീഷ് നന്ദി നടത്തിയിട്ടുണ്ട്. ഈ പഠനത്തിൽ പറയുന്നത്‌ ആയിരം കൊല്ലത്തോളം ഇത്രയധികം മതക്കാരും ജാതികളും ഉപജാതികളും അധിവസിക്കുന്ന ഒരു സ്ഥലത്ത് അവർ തമ്മിൽ യാതൊരു സ്‌പർധയും ഉണ്ടായിട്ടില്ല എന്നാണ്. കൊച്ചിയുടെ ഇങ്ങനെയുള്ള സാർവലൗകികഭാവം, -കോസ്മോപൊളിറ്റാനിസം, മറ്റ് നഗരങ്ങളിൽ കാണാൻ പ്രയാസമാണ്. ഇന്ത്യയിൽ തന്നെ ഒരുകാലത്ത് നഗരങ്ങളിലെ ജനങ്ങളിൽ യാഥാസ്ഥിതികരാവാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു (പത്തുവർഷങ്ങൾക്കു മുമ്പ് ബിജെപി ഒരു നഗരാധിഷ്ഠിത പാർടിയാണ് എന്ന പ്രവണത ഉണ്ടായിരുന്നു). എന്നാൽ ഇന്ത്യയിൽ മറ്റു പലയിടത്തും കാണാത്ത സാർവലൗകികഭാവം കൊച്ചിയിൽ ഉണ്ട്. വാസ്‌തവത്തിൽ കൊച്ചിയുടെ സാർവലൗകികഭാവം ചെറുപ്പംമുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അത് എന്നെ ആകർഷിച്ചിരുന്നു.


കൊച്ചി രാജ്യം ഒരു ദുർബല രാജ്യമായിരുന്നു. ഒരുഭാഗത്ത് സാമൂതിരിയും മറ്റൊരു ഭാഗത്ത് തിരുവിതാംകൂറും ശക്തമായ രാജ്യങ്ങളായി നിലനിന്ന കാലത്ത് നയചാതുര്യം അല്ലെങ്കിൽ ഡിപ്ലോമസി കൊണ്ടു മാത്രമാണ് കൊച്ചി രാജ്യം നിലനിന്നത്. ആ വഴക്കം കൊച്ചിക്കാരിൽ കാണാൻ പറ്റും എന്നാണ് തോന്നുന്നത്. അക്കാലത്ത് ഏറ്റവും പാവപ്പെട്ട ഒന്നര ലക്ഷത്തോളം വരുന്ന മുക്കുവർ മതപരിവർത്തനം ചെയ്‌തു. അവരുടെ ആറാമത്തെയോ ഏഴാമത്തെയോ തലമുറയാണ് ഇപ്പോഴത്തേത്‌. ഒരുപക്ഷേ, അതും വലിയ സാമൂഹ്യമാറ്റത്തിന് കാരണമായി. അവരുടെ ഒരു സാംസ്‌കാരികരൂപമായ ചവിട്ടുനാടകം പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇതൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.

പത്തു മുപ്പതു കൊല്ലം മുമ്പ് ഇവിടെ ചിന്നിച്ചിതറിക്കിടക്കുന്ന ദ്വീപുകൾ ഉണ്ടായിരുന്നു. ഈ ദ്വീപുകളിലെ ജീവിതം അവസാനിക്കുന്നത് അവിടുത്തെ അവസാനത്തെ ബോട്ട് പോകുമ്പോഴായിരുന്നു. അതിനുശേഷം കടുത്ത ഏകാന്തതയാണ്. പിറ്റേദിവസം രാവിലെവരെ ഭീതി നിലനിന്നിരുന്നു...


അന്നത്തെ ബോട്ടുകൾക്കെല്ലാം പേരുണ്ടായിരുന്നു ‘കിങ്‌ ഓഫ് കിങ്‌സ്‌' -പോലെ. ‘കിങ്‌ ഓഫ് കിങ്‌സ്‌' പോയിക്കഴിഞ്ഞിട്ട് ഒരു പാമ്പ് കടിയോ പെട്ടെന്ന് ഒരു പനി മൂർച്ഛിക്കലോ ഉണ്ടായാൽ ആൾക്കാർക്ക് രക്ഷയുണ്ടായിരുന്നില്ല. ഈയൊരു നില ഒരുതരം അടഞ്ഞ മനഃസ്ഥിതി ഉണ്ടാക്കേണ്ടതാണ്. എന്നാൽ അതല്ല, വിശാലമായ ഒരു മാനസികനിലയാണ് ഞാൻ കൊച്ചിക്കാരിൽ കണ്ടത്. ആദ്യം പറഞ്ഞ ചരിത്രമാണ് ഇതിന്റെ കാരണം.

ഇ പി ആർ: ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവൽ എഴുതാൻ ആരംഭിച്ച നിമിഷത്തെപ്പറ്റി എന്താണ് ഇപ്പോൾ ഓർമിക്കാനാവുക?

എൻ എസ് മാധവൻ: ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' ഒരു നോവൽ ആയിട്ടല്ല ആരംഭിച്ചത്. ചെറുകഥ എന്ന രൂപത്തിലാണ് തുടക്കം. പിന്നീട് നോവലാണ് എന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതൊരു പരിണാമപ്രക്രിയ ആയിരുന്നു. ആദ്യം നോവൽ എഴുതാൻ ആയിരുന്നില്ല തുടങ്ങിയതെങ്കിലും ആഖ്യാനം ചെയ്യേണ്ട കാലത്തെപ്പറ്റിയുള്ള ഒരു ഏകദേശരൂപം ഒപ്പമുണ്ടായിരുന്നു. 1951 മുതൽ 1965 വരെയുള്ള കാലത്തെപ്പറ്റിയാണ് കാര്യമായി എഴുതിയത്.

കെ പി മോഹനൻ, ഇ പി രാജഗോപാലൻ, എൻ എസ്‌ മാധവൻ           ഫോട്ടോ: അരവിന്ദ്‌ വി പി കെ പി മോഹനൻ, ഇ പി രാജഗോപാലൻ, എൻ എസ്‌ മാധവൻ ഫോട്ടോ: അരവിന്ദ്‌ വി പി

ഇ പി ആർ: കേരളീയർ പൊതുവെ ഇഷ്ടപ്പെടാറുള്ളത് വൈകാരിക സന്ദർഭങ്ങൾ തുടരെ യുള്ള ആൽബം പോലുള്ള നോവലുകളാണ്. എന്നാൽ വൈജ്ഞാനികഘടനയ്‌ക്ക്, കോഗ്നിറ്റീവ് ഫോമിന്, വലിയ സാധ്യതകൾ ഉണ്ട് എന്ന് തെളിയിച്ച നോവലാണ് ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ.’

എൻ എസ് മാധവൻ: ഒരുപക്ഷേ ഞാൻ ശ്രമിച്ചത് നോവലിന്റെ രൂപത്തേക്കാൾ കൊച്ചിയെപ്പറ്റി ഒരു വെബ്സൈറ്റ് ഉണ്ടാക്കുക എന്നുള്ളതായിരുന്നു. ഒരു ലിങ്ക് അമർത്തിയാൽ എന്ത് കാണുന്നു, അതൊക്കെ എഴുതിവയ്‌ക്കൽ-, അതായിരുന്നു എന്റെ ചിന്ത. ഈ നോവൽ ഒരു ബിഗ് ഷോപ്പർ പോലെയാണ്. (ആരാണ് നോവൽ എന്ന സാഹിത്യരൂപത്തെ, മൗലികമായി ഇങ്ങനെ നിർവചിച്ചത് എന്ന് ഓർമയില്ല.) ഒരുപക്ഷേ നോവലിന് ചെറുകഥയിൽ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇതുതന്നെയായിരിക്കും. നോവലിൽ എന്തും ചെയ്യാം എന്ന സാധ്യതയുണ്ട്.


ഇ പി ആർ: വാസ്‌തവത്തിൽ ആ നോവലിനു വേണ്ടിയിട്ടുള്ള ഒരുക്കങ്ങൾ എന്തൊക്കെയായിരുന്നു? എത്രകാലം കൊണ്ട് എഴുതിത്തീർക്കാൻ പറ്റി? ആ ഒരുക്കങ്ങളെക്കുറിച്ച് പറയാമോ?

എൻ എസ് മാധവൻ: ഒരു ചെറിയ വെല്ലുവിളി ഉണ്ടായിരുന്നു. കൊച്ചിക്കാർക്ക് ഭാഷാപരമായ ഒരു അപകർഷതാബോധം ദീർഘകാലം ഉണ്ടായിരുന്നു, പ്രത്യേകിച്ച് കൊച്ചിക്കാരല്ലാത്തവരുമായി സംസാരിക്കുമ്പോൾ. ആ ഭാഷ അവർ സംസ്‌കൃതവൽക്കരിച്ചും മറ്റുമാണ് സംസാരിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്ത് ഒന്നും ഈ പ്രശ്നമുണ്ടായിരുന്നില്ല. സ്വാഭാവികമായ ഭാഷ എനിക്ക് കേൾക്കാമായിരുന്നു. പതുക്കെപ്പതുക്കെ കുറച്ചു പരിഷ്‌കാരം വരുന്നുണ്ട്. സ്വാഭാവിക ഭാഷയിലുള്ള സംസാരങ്ങൾക്ക് പകരം അച്ചടിഭാഷയിലുള്ള സംസാരം. അവർ ഈ ഭാഷയെ ഒരൽപം മോശമായി കാണുകയും ചെയ്‌തു. അതിനൊരു ഉദാഹരണം റോസി തോമസിന്റെ ആത്മകഥയിൽ പറയുന്നുണ്ട്. റോസിയുടെ അമ്മ കല്യാണം കഴിച്ച എം പി പോൾ വൈപ്പിൻകാരൻ ആയിരുന്നു. എം പി പോളിന്റെ കല്യാണാലോചന വന്നപ്പോഴുണ്ടായ ചെറിയ എതിർപ്പ് ഈ "ഞഞ്ഞം മിഞ്ഞം' ഭാഷ പറയുന്ന നാട്ടിലേക്ക് എങ്ങനെ പെണ്ണു കൊടുക്കും എന്നുള്ളതായിരുന്നു. ഇതിൽ പഴയ തലമുറയ്‌ക്ക്‌ ഒരു പ്രശ്നവും ഇല്ലായിരുന്നു. നോവലെഴുതാൻ വേണ്ടി എനിക്ക് 1950‐കളിലെ കൊച്ചിഭാഷ കേൾക്കണമായിരുന്നു. അവിടെ താമസിക്കേണ്ടിവന്നു. ഫോർട്ട് കൊച്ചിയിൽ നാലഞ്ചു മാസം താമസിച്ചു. പല വാക്കുകളും ഉപയോഗത്തിൽനിന്ന് പുറത്തായിപ്പോയി എന്ന് മനസ്സിലായി. നീണ്ടകാലം കൊച്ചിയിൽ ഉണ്ടായിരുന്ന പല പ്രയോഗങ്ങളും ഇപ്പോൾ നിലവിലില്ല. ഇന്ന് കൊച്ചിഭാഷയ്‌ക്ക്‌ സിനിമകളിൽകൂടി ഒരുതരം ഗ്ലാമർ വീണ്ടുംകൈവന്നിട്ടുണ്ട്. അത്‌ പ്രയോജനം ചെയ്യുമോ എന്ന് അറിയില്ല.


ഇ പി ആർ: ഭൂപ്രകൃതിക്കൊപ്പം ദേശചരിത്രവും ശരീരവും ഇതിലൊരു വിഷയമാണ്. ഇത് മൂന്നും ഏതാണ്ട് ഒരേ പ്രാധാന്യം ഉള്ളതാണ്. ഭൂപ്രകൃതി, ദേശചരിത്രം, ശരീരം ഇവയുടെ ചേർച്ചയെ പറ്റി എഴുത്തുകാരൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

എൻ എസ് മാധവൻ: പ്രത്യേക തരത്തിലുള്ള പ്രകൃതിയാണ്. ഒന്നു വേമ്പനാട്ട് കായൽ അവസാനിക്കുകയാണ്. പെരിയാർ കടലുമായി ചേരാൻ വേണ്ടി വളരെ വിശാലമാവുകയാണ്. പിന്നെ ഒരുഭാഗത്ത് ഒരു നേരിയ ഇടുക്ക്. കടലിൽ ഇതെല്ലാംകൂടി ചേരുന്നു. ഉണ്ടാവുന്നത് വളരെ അപൂർവമായിട്ടുള്ള ഒരു വാട്ടർ സ്‌കേപ്പ് ജലദൃശ്യം -ആണ്. ശരീരം എന്നും ശരീരം മാത്രമല്ല. മതവിശ്വാസത്തെ ശരീരവുമായി ചേർത്ത് കണ്ടുശീലിച്ച ഒരു ജനവിഭാഗത്തെക്കുറിച്ചാണ് ഈ നോവലിൽ ഉള്ളത്.


കെ പി മോഹനൻ: ജെസിക്ക ഗർഭപാത്രത്തിൽ കിടക്കുന്ന ചരിത്രം തൊട്ടാണല്ലോ അവളുടെ ചരിത്രം പറയുന്ന ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' തുടങ്ങുന്നത്. വെള്ളം വലിയ രൂപകമായി വരുന്നു. വെള്ളം അവസാനംവരെ ഒരു വലിയ രൂപകമായി നിലകൊള്ളുന്നു. എന്തുകൊണ്ടായിരിക്കും?

എൻ എസ് മാധവൻ: വെള്ളത്തിന്റെ ചലനാത്മകത പ്രധാനം. നീങ്ങുന്ന ബിംബം (moving image) ആണല്ലോ വെള്ളം. എപ്പോഴും ചലിക്കുന്ന ദൃശ്യങ്ങൾ നമ്മളെ ഹിപ്‌നോട്ടൈസ് ചെയ്യും. കടപ്പുറത്ത് തിരമാല നോക്കിയിരിക്കാൻ, വെറുതെ കടപ്പുറത്തിരിക്കാൻ തോന്നുന്നത് അതിന്റെ ചലനാത്മകത കൊണ്ടാണ്. അതായിരിക്കാം ഈ ആദ്യാവസാന സാന്നിധ്യത്തിന്റെ കാരണം.

 കൊച്ചിയിലെ കപ്പലുകൾ     ഫോട്ടോ: ബിജു ഇബ്രാഹിം കൊച്ചിയിലെ കപ്പലുകൾ ഫോട്ടോ: ബിജു ഇബ്രാഹിം

ഇ പി ആർ: ‘ഭീമച്ച’ന്റെ ആലോചനയിലെ ഒരു ഭൗതികാധാരം സി എസ് ഗോപാലപ്പണിക്കരുടെ ‘മുതല നായാട്ട്‌' എന്ന ചെറുകഥയാണ്. അതേപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: ‘ഭീമച്ച'ന്റെ ഇടം ‘ലന്തൻബത്തേരി’യിൽ പ്രതിപാദിച്ച ഭൂപ്രദേശമല്ല. വൻകര തന്നെയാണ്. അതായത് എറണാകുളം. വേറെ തന്നെ ഒരു സ്ഥലമാണ് ഇത്. ഭരണകൂടത്തിന്റെ സാന്നിധ്യം, immediate presence തന്നെ, അവിടെയുണ്ട്. നാഗരികതയുണ്ട്. ജാതി, കമ്പോളങ്ങൾ എല്ലാമുണ്ട്. ഈ കഥ, - ‘മുതലനായാട്ട്', ആദ്യം വായിച്ചപ്പോൾ തോന്നിയ കാര്യം എന്തിന് ഈ മുതലനായാട്ട് നടത്തി എന്നതാണ്. ദ്രോഹിക്കാത്ത ഒരു ജന്തുവായിരുന്നു മുതല. 1940 വരെ കൊച്ചിക്കായലിൽ നിറച്ചും മുതലകളായിരുന്നു. രാജാവ് ഉത്തരവിട്ട് വെടിവച്ചിട്ടതുകൊണ്ടാണ്‌ മുതലകൾക്ക്‌ വംശനാശം വന്നതെന്ന് വിക്കിപീഡിയയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇതിന്റെ ആധാരം എന്താണെന്ന് പറയുന്ന രേഖകളൊന്നും അവിടെ കൊടുത്തിട്ടില്ല. കൊച്ചിക്കായലിലെ മുതലകൾ ഏറ്റവും വലിയതരം മുതലകളായിരുന്നു. ലവണജല മുതലകൾ (Salt water crocodiles). വേമ്പനാട് തടാകവ്യവസ്ഥയുടെ വടക്കുപടിഞ്ഞാറൻ ഭാഗമായ കൊച്ചിക്കായൽ ഒരുകാലത്ത് ഉപ്പുവെള്ള മുതലകളുടെ ആവാസകേന്ദ്രമായിരുന്നു; തുറമുഖം സ്ഥാപിച്ചതോടെയും, കണ്ടൽക്കാടുകളുടെ നാശം മൂലമുള്ള ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതോടെയും, കായലിന്റെ അരികിലുള്ള മനുഷ്യവാസ കേന്ദ്രങ്ങളുടെ വർധനവോടെയും ഭീമാകാരമായ ഈ ഉരഗങ്ങൾ പതുക്കെ അപ്രത്യക്ഷമായി. ഇപ്പോൾ നെയ്യാർ ഡാമിൽ മാത്രമേ രണ്ട് മൂന്ന് മുതലകൾ ഉള്ളൂ.

മുതലകൾ ജനജീവിതത്തെ ശരിക്കും ബാധിച്ചിരുന്നു. പശു, പന്നി, ആടുകൾ‐ എല്ലാത്തിനെയും അവ കൊന്നൊടുക്കിയിരുന്നു. മുതലനായാട്ടിന്റെ ആൾക്കാർക്ക് ഇതൊരു മൃഗയാവിനോദമായിരുന്നു. സി എസ് ഗോപാലപ്പണിക്കരുടെ ആഖ്യാനം ഒരു നിലയ്‌ക്ക്‌ ശരിയായ പ്രതിനിധാനം (representation) --അല്ല. അന്നത്തെ കാലത്ത് ഒരുപാട് നായാട്ടുകഥകൾ (hunting stories) വരുന്നുണ്ടായിരുന്നു. അങ്ങനെയൊരു വേട്ടക്കഥയായിട്ടായിരിക്കാം അത് വന്നത്. ‘മലബാറിലെ ശിക്കാർ' പോലുള്ള ഒത്തിരി എഴുത്തുകൾ അക്കാലത്ത് ഉണ്ടായിരുന്നു. പണിക്കരുടെ ‘ഒരു മുതലനായാട്ട്' വന്നത് ‘രസികരഞ്ജിനി'യിലാണെന്ന് തോന്നുന്നു. രാമവർമ അപ്പൻ തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും ചേർന്ന് 1902-‐ൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാള മാസികയാണ് ‘രസികരഞ്ജിനി.'


പ്രസിദ്ധീകരിച്ചപ്പോൾ കഥ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. കഥയായിട്ട് പ്രത്യക്ഷപ്പെടുന്നത് വൈകിയാവാം. ഡിസി ബുക്‌സിന്റെ ‘നൂറുവർഷം നൂറുകഥ' എന്ന സമാഹാരത്തിൽ ഈ കഥയുണ്ട്. അതിൽ വിവരിക്കുന്ന മുതലയൊക്കെ ‘ഭീമച്ചനി'ൽ ഉണ്ട്. അതിൽ ഭൂപ്രകൃതി, ആളുകളുടെ കാര്യങ്ങൾ എന്നിവയെല്ലാം വരുന്നുണ്ട്. സെക്രട്ടറിയറ്റിലെല്ലാം ജോലി ചെയ്യുന്ന ആൾക്കാരുണ്ട്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പേരുകളുണ്ട്. അവരുടെ പേരുകളൊന്നും പഴയ ‘ഒരു മുതലനായാട്ടി'ലില്ല. അവരെയാണ് ‘ഭീമച്ചനി'ൽ ശരിക്കും ഊർജസ്വലമാക്കിയത്‐ trigger ചെയ്‌തത് - എന്നു പറയാം.


ഇ പി ആർ: ‘ഭീമച്ചനും' ‘ഹിഗ്വിറ്റ'യും തമ്മിൽ സാമ്യം ഉണ്ടോ? പല വായനക്കാർക്കും അങ്ങനെ തോന്നുന്നുണ്ട്. കഥാഘടനയിൽ അങ്ങനെ ഉണ്ടോ? എഴുതുമ്പോൾ അങ്ങനെ ഓർത്തിരുന്നോ?

എൻ എസ് മാധവൻ: ഇല്ല. എന്നാൽ ഇപ്പോൾ പറയുമ്പോൾ അങ്ങനെ കാണാൻ പറ്റുന്നുണ്ട്.

ഇ പി ആർ: ജനദ്രോഹിയായ, ക്രൂരനായ ആളെ ജനപക്ഷത്തുനിന്ന് നേരിടുന്നു എന്ന്.

എൻ എസ് മാധവൻ: അതെ.

ഇ പി ആർ: "ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റി, ‘കാക്കശ്ശേരി' എന്ന കഥയിൽ രസനീയമായ ഒരു സന്ദർഭമുണ്ട്. പാമ്പുകടിയേറ്റ രവിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി സുഖപ്പെടുത്തി തിരിച്ചുകൊണ്ടുവന്നതാണ് ആ സന്ദർഭം.

എൻ എസ് മാധവൻ: അത് സംഭവിക്കാവുന്നതാണ്. വിജയന്റെ എഴുത്തിന് മുഴുവനുമുള്ള പ്രത്യേകത അതിന്റെ സന്ദിഗ്ധതയാണ്. ഒന്നും തെളിച്ചുപറയാത്ത രീതിയാണ്. രവി മരിച്ചു എന്ന് വിളിച്ചുപറയുന്നുണ്ടോ? ജലത്തിന്റെ, മഴയുടെ ഒരു സന്ദർഭം അവിടെയുണ്ട്. മരിച്ചു എന്ന് പറയുന്നില്ല.

എൻ എസ്‌ മാധവൻ      ഫോട്ടോ: അബുൾ കലാം ആസാദ്‌ എൻ എസ്‌ മാധവൻ ഫോട്ടോ: അബുൾ കലാം ആസാദ്‌

കെ പി എം: ഒ വി വിജയന്റെ ‘കടൽത്തീരത്ത്' എന്ന കഥയെക്കുറിച്ചും താങ്കൾ ഇപ്പോൾ പറയുന്നുണ്ടല്ലോ.

ഇ പി ആർ: ആ കഥയിലെ ഒരു ഭാഗം ഞാൻ വായിക്കാം: "കൈപ്പടങ്ങളിൽ എന്തോ നനഞ്ഞു കുതിരുന്നു. കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെളളായിയപ്പൻ പൊതിയഴിച്ചു.വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകൾത്തട്ടുകളിലെവിടെ നിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു.’ ഈ സന്ദർഭത്തെപ്പറ്റി വയനാട്ടിലെ ഒരു സാഹിത്യ സമ്മേളനത്തിൽ വച്ച് താങ്കൾ വിമർശിക്കുകയുണ്ടായല്ലോ. അത് ഒന്ന് വിശദമാക്കാമോ?

എൻ എസ് മാധവൻ: ഒ വി വിജയൻ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളാണ്. എപ്പോഴും ഞാൻ തിരിച്ചുപോകുന്ന എഴുത്തുകാരനാണ് വിജയൻ. പക്ഷേ, വിജയന്റെ സന്ദിഗ്ധതയിൽ വൈരുധ്യങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. ഈ പ്രത്യേകത ‘കടൽത്തീരത്ത്' എന്ന കഥയിൽ കാണാം. വിജയന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഥയാണ് ‘കടൽത്തീരത്ത്.' ‘ഖസാക്കിന്റെ ഇതിഹാസ'ത്തിൽ ഒരു മിത്തിക്കൽ പ്രപഞ്ചം വിജയൻ സൃഷ്ടിക്കുന്നുണ്ട്. ഏറെ ഏകാഗ്രമായ ഒന്ന്. അതിൽ വൈരുധ്യങ്ങൾ വളരെ കുറവാണ്. പക്ഷേ, പതിറ്റാണ്ടുകൾ കഴിഞ്ഞ് ‘കടൽത്തീരത്ത്' വന്നപ്പോൾ പെട്ടെന്ന് സംസ്‌കൃതീകരിച്ച ഒരു ബിംബാവലി അവിടെ കൊണ്ടുവന്നു. ദളിതന്റെ മരണാനന്തര ചടങ്ങുകളോ വിശ്വാസങ്ങളോ ഇതൊന്നും ആയിരിക്കുകയില്ല. ബലിക്കാക്കകൾ ആകാശത്ത് പറന്നിരുന്നു എന്നത് ദളിതസന്ദർഭത്തിൽ സംശയാസ്‌പദമാണ്. ഇതിലെ വല്ലാത്ത സംസ്‌കൃതീകരണം സന്ദിഗ്ധതയുടെ ഭാഗമാണ്. വിജയൻ മരിച്ചപ്പോൾ ഒരു കുറിപ്പ് ഈ നിലയിൽ ഒരു കത്തിന്റെ രൂപത്തിൽ എഴുതിയിരുന്നു.


കെ പി എം: ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ബലിക്കാക്കകൾ എന്ന ഇമേജിലേക്ക് വന്നെത്തിയില്ലായിരുന്നെങ്കിൽ വിജയന് കഥ എങ്ങനെ അവസാനിപ്പിക്കാനാകുമായിരുന്നു?

എൻ എസ് മാധവൻ: എനിക്കറിയില്ല. വിജയൻ വളരെ തീവ്രതയും രൂക്ഷതയും കൃത്യതയും ഉള്ള ആളായിരുന്നല്ലോ. ഒരു എഴുത്തുകാരന് ജനങ്ങളുമായുള്ള അടുപ്പത്തിൽനിന്ന് പലതും കണ്ടെടുക്കാവുന്നതാണ്. ബലിക്കാക്കകളുടെ അവസ്ഥകൾ, പള്ളിയിലെ ഖബറടക്കം ഇവയുടെയൊക്കെ കാര്യങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതിന്റെ മിത്ത് പകരം വയ്‌ക്കണമായിരുന്നു എന്നാണ് ഒരു തോന്നൽ.

ഇ പി ആർ: പുതിയ വായനക്കാർക്ക്, --പ്രത്യേകിച്ച് മലയാള സാഹിത്യത്തിൽ ബിരുദ--- ബിരുദാനന്തര പഠനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ് ഈ ചോദ്യം.‘ഹിഗ്വിറ്റ ' എന്ന കഥയുടെ ആലോചനയെക്കുറിച്ചും നിർമാണത്തെക്കുറിച്ചും പറയാമോ? അത് ഒറ്റയടിക്ക് എഴുതിയ കഥയാണോ?

എൻ എസ് മാധവൻ: ‘ഹിഗ്വിറ്റ' എഴുതുന്ന സമയത്ത് സാഹിത്യകാരനാണ് എന്ന ചിന്തയിൽ നിന്നും പരിപൂർണമായും വിട്ടുപോയിരുന്നു. Non utilitarian വായന -‐ നമ്മുടെ എല്ലാ സമൂഹത്തിലും വിജ്ഞാനദാഹികളും നമ്മളേക്കാൾ വലിയ ആൾക്കാരും ബുദ്ധിമാന്മാരും ചെയ്‌തിരുന്ന കാര്യം ലേഖനമെഴുതണം എന്ന മുൻകൂർ ഉദ്ദേശ്യമില്ലാത്ത വായന ആയിരുന്നു. അതായിരുന്നു അക്കാലത്തെ വായന. അത്തരമൊരു കാലത്താണ് ‘ഹിഗ്വിറ്റ' ഉണ്ടാവുന്നത്. മലയാളഭാഷയുമായിട്ടുള്ള എന്റെ ഇടപെടലുകൾ നിലച്ചുപോയ കാലമാണ്.


ഇ പി ആർ: അപ്പോൾ ജോലി എവിടെ?

എൻ എസ് മാധവൻ: ബീഹാറിൽ. 1987‐ൽ ഇ കെ നായനാരുടെ മന്ത്രിസഭാക്കാലത്ത് നാട്ടിലേക്ക് വന്നു. കേരളത്തിൽ ജോലി ചെയ്യാൻ എനിക്ക് അവസരം ലഭിച്ചത് ആ സമയത്താണ്. ബീഹാറിൽ നീതി വകുപ്പിലായിരുന്നു. ഹിന്ദിയും മലയാളവും തമ്മിൽ സാമ്യമുണ്ടെങ്കിലും നീതി എന്ന വാക്കിന്റെ കാര്യത്തിൽ വലിയ അർഥവ്യത്യാസമുണ്ട്. ഹിന്ദിയിൽ ‘നീതി' എന്ന വാക്കിന് policy എന്നാണർഥം. നയം. എന്നാൽ ‘നീതി'ക്ക് മലയാളത്തിൽ justice എന്നാണ് അർഥം. അക്കാലത്ത് tax policy എന്നതിന് കരനീതി എന്നാണോ അർഥം എന്ന് ചോദിച്ച് വന്നവർ ഉണ്ട്.

പിന്നെ അക്കാലത്ത് സാഹിത്യവായന ഉണ്ടായിരുന്നില്ല. ആയിടെ വലിയ നോവലുകളൊന്നും നാട്ടിൽ ഉണ്ടായില്ല. നല്ല കഥകൾ വന്നിരുന്നു. പിന്നീടാണ് അവ വായിക്കാൻ സാധിച്ചത്. ഭാഷ ഇല്ലാതെ പോകുന്നു എന്ന തോന്നലിൽ ജീവിച്ചു. എഴുത്തുകാരനാണെന്ന ബോധം ഇല്ലാത്ത ആ കാലഘട്ടത്തിലാണ് ലോകകപ്പ് ഫുട്ബോൾ (നേരിട്ട്) കാണാൻ പോകുന്നത്. ഹിഗ്വിറ്റ എന്ന, കളിക്കളത്തിലെ ‘കഥാപാത്രം' എന്നെ വളരെ ആകർഷിച്ചു. അതിൽ നിന്നാണ് ഈ കഥ ഉണ്ടാവുന്നത്.


അതിൽ എന്റെ ബീഹാർ ജീവിതവും ഉണ്ടായിരുന്നു. ഗോത്രഭൂമികളിലാണ് ഞാൻ ജോലി ചെയ്‌തത്. അവിടെ ലൂസി മരണ്ടിയെ പോലെ ചൂഷണത്തിന് വിധേയകളായ സ്‌ത്രീകളും ജബ്ബാറിനെ പോലുള്ളവരും ഉണ്ടായിരുന്നു.

‘ഹിഗ്വിറ്റ'യ്‌ക്ക്‌ മുമ്പ്‌ എന്റെ എഴുത്തുകൾക്ക് ചെറിയ ഒരു വൃത്തത്തിൽ വായനക്കാർ ഉണ്ടായിരുന്നു. അത്രമാത്രം. അത് ആത്മവിശ്വാസത്തെ ബാധിച്ചു. ഈ കഥ നന്നായി എഴുതാൻ സാധിക്കുമോ എന്ന് സംശയിച്ചു. ഉപേക്ഷിക്കുകയാണെങ്കിൽ ഉപേക്ഷിക്കട്ടെ എന്ന് വിചാരിച്ച് മാതൃഭൂമി ആഴ്‌ചപ്പതിപ്പിനയച്ചു. പത്രാധിപർ ഉപേക്ഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടെ എന്ന് വിചാരിച്ച് തിരിച്ചയക്കാനുള്ള സ്റ്റാമ്പൊട്ടിച്ച കവർ സഹിതം അന്ന് ജോലി ചെയ്‌തിരുന്ന തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിലുള്ള പോസ്റ്റോഫീസിൽനിന്നും കഥ അയച്ചു.


ഇ പി ആർ: അന്ന് സിനിമയുമായുള്ള ബന്ധം? പ്രത്യേക ഔദ്യോഗിക ചുമതല തന്നെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

എൻ എസ് മാധവൻ: സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന്റെ മാനേജിങ്‌ ഡയറക്ടറായായിരുന്നു.

ഇ പി ആർ: അന്ന് പല ഭാഷകളിലെയും പുതിയ പുതിയ സിനിമകളൊക്കെ കാണാൻ അവസരമുണ്ടായിരുന്നു...

എൻ എസ് മാധവൻ: കൂടാതെ അന്ന് സിനിമയുടെ നിർമാണം വളരെ അടുത്തുനിന്നും കാണാൻ പറ്റി. അന്നത്തെ കെഎഫ്ഡിസി പ്രവർത്തക സമിതിയിൽ പ്രശസ്‌തരായ അടൂർ ഗോപാലകൃഷ്‌ണൻ, അരവിന്ദൻ, കെ ജി ജോർജ് എന്നിവരുണ്ടായിരുന്നു. പി ജി(പി ഗോവിന്ദപ്പിള്ള)യായിരുന്നു ചെയർമാൻ. സ്റ്റുഡിയോ മാനേജർ ഷാജി(ഷാജി എൻ കരുൺ)യായിരുന്നു.


ഇ പി ആർ: ചലച്ചിത്രസൗന്ദര്യശാസ്‌ത്രവുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധിച്ച കാര്യങ്ങൾ ഉണ്ടാവുമല്ലോ...

എൻ എസ് മാധവൻ: എഡിറ്റിങ്‌ കാണാൻ കഴിഞ്ഞിട്ടുണ്ട്. ബന്ധമില്ലാത്ത രണ്ട് ദൃശ്യങ്ങൾ കാട്ടി അതിന്റെ മൂന്നാമതൊരർഥമുണ്ടാക്കുക എന്നത് അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. അതിനുമുമ്പ് സിനിമ നിർമിക്കുന്നത് അടുത്തുനിന്ന് കണ്ടിരുന്നില്ല. അകത്ത് എന്തെല്ലാമായിരുന്നു എന്ന് അന്നറിയില്ലായിരുന്നു. സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ വലിയ സ്ഥാപനമായിരുന്നു. ശബ്ദലേഖനത്തിന് തുടർച്ചയായി അവാർഡുകൾ കിട്ടിയിരുന്നു.

കയ്യൂർ രക്തസാക്ഷി സ്‌മാരകം          ഫോട്ടോ: ശശി കയ്യൂർ കയ്യൂർ രക്തസാക്ഷി സ്‌മാരകം ഫോട്ടോ: ശശി കയ്യൂർ

ഇ പി ആർ: സി വി രാമൻപിള്ളയുടെ ജീനിയസ് ആദ്യകാല കഥകളിൽ ഓർമിക്കപ്പെടുന്നുണ്ട്. ആരാണ് എൻ എസ് മാധവന്റെ സി വി രാമൻപിള്ള?

എൻ എസ് മാധവൻ: എനിക്ക് തോന്നുന്നത്, ഒരുപക്ഷേ, ആദ്യമായി രാഷ്ട്രീയം കൈകാര്യം ചെയ്ത, സീരിയസ് ആയി കൈകാര്യം ചെയ്ത ഒന്നാമത്തെ മലയാള നോവലിസ്റ്റ് സി വി രാമൻപിള്ളയാണ് എന്നാണ്. ആ ഭാഷ, സി വി ഉണ്ടാക്കിയ ഭാഷ, നേരായും നിലനിന്നിരുന്നുവോ സാങ്കൽപ്പികഭാഷയായിരുന്നുവോ എന്നതല്ല, ആ ഭാഷയിലുടനീളം അതിന്റെ ഏകാഗ്രത കാത്തുസൂക്ഷിക്കുന്നതിൽ സി വി വിജയിച്ചു എന്നതാണ്. എന്റെ സ്ഥാനക്രമത്തിൽ ഒ വി വിജയന് മുമ്പ് സി വിയായിരുന്നു. സി വി കഴിഞ്ഞാൽ വിജയൻ. ഇത് എന്റെ മാത്രം അഭിപ്രായമല്ല. സാഹിത്യകൂട്ടായ്‌മയിൽ പൊതുവേ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായമാണ് സി വി മുതൽ ഒ വി വരെ എന്ന വീക്ഷണം. ബാലചന്ദ്രൻ ചുള്ളിക്കാടിന് സി വിയുടെ വരികളെല്ലാം ഹൃദിസ്ഥമായിരുന്നു. കാണാപ്പാഠം പറയും.


ഇ പി ആർ: ആദ്യത്തെ കഥയാണ് ‘ശിശു.' ആ നിലയിലും നല്ല കഥ എന്ന നിലയിലും അതിന് പ്രാധാന്യം ഉണ്ട്. ‘ശിശു'വിന്റെ പിറവിയെപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: ‘ശിശു'വിന്റെ പിറവി ആകർഷണീയമായിരുന്നു. സാഹിത്യത്തോട് താൽപ്പര്യമില്ലാതെ വായനയോട് താൽപ്പര്യമില്ലാതെ എഴുതുന്നത് പ്രതിബദ്ധത, കമ്മിറ്റ്മെന്റ് - മൂലമാണല്ലോ. അങ്ങനെ എഴുതുന്നതിൽ ഞാൻ വിമുഖനായിരുന്നു. ആ സമയത്താണ് ടി ആറിന്റെ ഒരു കഥ വരുന്നത്. അന്നത്തെ ഒരു നാഴികക്കല്ലായ കഥയായിരുന്നു അത്. കഥ എഴുതാൻ എനിക്ക് അക്കാലത്ത് മടിയായിരുന്നു. വായിക്കുക, മനസ്സുകൊണ്ട് നിരൂപണം ചെയ്യുക എന്നതായിരുന്നു രീതി.

അപ്പോഴാണ് മാതൃഭൂമിയിൽ കഥാമത്സരം വരുന്നത്. വിദ്യാർഥികൾക്കുള്ള മത്സരം. ഞങ്ങളുടെ ഹോസ്റ്റലിലൊക്കെ എല്ലാവരും കഥയെഴുതിയിരുന്നു. എന്തുകൊണ്ട് നമുക്കും എഴുതിക്കൂടാ എന്ന് തോന്നി. എഴുതി. സാഹിത്യസദസ്സിലും മറ്റും ചർച്ച ചെയ്‌തപ്പോഴാണ് ഇത് അയച്ചുകൊടുക്കൂ എന്ന് ചിലർ പറഞ്ഞത്.


ഇ പി ആർ: പല കഥകളിലും ആവർത്തിച്ചുവരുന്ന ഒരു പേരാണ് രാഘവൻ. അതൊരു കൗതുകമാണ്. വായനക്കാർക്ക് അത് സംബന്ധിച്ച് അറിയാൻ താൽപ്പര്യമുണ്ടാവും.

എൻ എസ് മാധവൻ: എന്റെ രണ്ടാമത്തെ കഥയിലോ മറ്റോ ആണ് രാഘവൻ വരുന്നത്. ഓർമയില്ല. ‘ദുരന്തത്തിന്റെ ജനനം' എന്ന കഥ. ‘ശിശു'വിന്റെ പിറവിക്ക് ശേഷം കാക്കനാടനോ മറ്റോ വിളിച്ചു. കഥ ‘മലയാളനാടി’ൽ പ്രസിദ്ധീകരിച്ചു. ‘ഞാൻ' എന്ന വാക്കിന് വളരെ പരിമിതി ഉണ്ട്. അതിനാൽ മാധവനുമായി സാമ്യമുള്ള ഒരു പേര് കണ്ടുപിടിക്കുകയായിരുന്നു.


കെ പി എം: ‘പഞ്ചകന്യകകൾ' എന്ന സമാഹാരത്തിലെ ‘അഹല്യ' എന്ന കഥയിൽ മറ്റൊരു മാനമാണ് കാണുന്നത്.

എൻ എസ് മാധവൻ: അതെ.

കെ പി എം: അവിടെ കൃത്യമായി ആഖ്യാനത്തിന്റെ ഭാഗം തന്നെയാണ്.

എൻ എസ് മാധവൻ: അതെ. അതെ.

കെ പി എം: ‘അഹല്യ' വളരെ വിചിത്രമായ ഒരു കഥയായി അനുഭവപ്പെടുന്നുണ്ട്. ‘അഹല്യ'യിൽ എല്ലാവരെയും പുതിയ സന്ദർഭത്തിലേക്ക് കൊണ്ടുവരുന്നു. അഹല്യ ഒരു പ്രതികാരം ചെയ്യുന്നു എന്നതിന് കഥയിൽ വലിയ പ്രാധാന്യമുണ്ട്. അവസാനഘട്ടത്തിൽ പോലും മാപ്പ് നൽകുന്നതങ്ങനെയാണ്.

എൻ എസ് മാധവൻ: അതെ.


ഇ പി ആർ: തിയേറ്റർ താങ്കളുടെ ഒരു ഇഷ്ടവിഷയമാണ്. ‘കാർമെൻ' എന്ന കഥ മാത്രം മുൻനിർത്തിയല്ല ഇങ്ങനെ പറയുന്നത്. തിയേറ്റർ എന്ന വിഷയം കഥയിലെ ഒരു ഫിലോസഫിയായിവരെ വരുന്നുണ്ട്.

എൻ എസ് മാധവൻ: ഞാൻ കാവാലത്തിന്റെ ട്രൂപ്പിന്റെ റിഹേഴ്സൽ യൗവനത്തുടക്കത്തിലേ കണ്ടിരുന്നു. ജോലി കിട്ടുന്നതിനൊക്കെ മുമ്പുതന്നെ. അപ്പോഴാണ് അരങ്ങിൽ എല്ലാറ്റിനും, ഓരോന്നിനും അർഥമുണ്ടെന്നും നാം നാടകം കാണുന്നത് പോലെയല്ല നാടകനിർമാണം എന്നും മനസ്സിലായത്. പിന്നെ ഒരുപടി കൂടി മുന്നോട്ടുപോയത് ജോലി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചാണ്ഡിഗഢിൽ കുമാരവർമയുടെ കൂടെ താമസിക്കുമ്പോൾ, അവിടത്തെ സ്‌കൂൾ ഓഫ് ഡ്രാമയിൽ പോവുകയും മറ്റും ചെയ്‌തപ്പോൾ.

തിയേറ്റർ അവിടെവച്ചാണ് ബാധിച്ചത്. അരങ്ങിലെ ഒരു ചെറിയ പ്രവർത്തനം കൊണ്ടുപോലും ഉദ്ദേശിക്കുന്ന കാര്യം എന്തെന്ന് ആദ്യമായി മനസ്സിലാക്കിയത് അവിടെ വച്ചാണ്. സരളമായ ഒരു നീക്കത്തിൽ തന്നെയും വളരെയധികം ചിന്തകളും അർഥതലങ്ങളുമുണ്ടെന്ന് മനസ്സിലായി.

കുമാരവർമ അവിടുത്തെ കാവാലമാണ്. കാവാലവും അദ്ദേഹവും പുതിയ രംഗഭാഷയാണ് മലയാളത്തിലേക്ക് കൊണ്ടുവന്നത്. അതിന് മുമ്പുള്ള നാടകങ്ങളുടെ പ്രകൃതത്തിൽനിന്നും വ്യത്യസ്‌തമായിരുന്നു അവരുടെ രംഗഭാഷ. ജി ശങ്കരപ്പിള്ളയായിരിക്കും, ഒരുപക്ഷേ, ഇതിന് തുടക്കം കുറിച്ചത്.

എന്നാൽ ഇതിനൊന്നും എന്റെ എഴുത്തുമായി യാതൊരു പ്രത്യക്ഷബന്ധവും ഇല്ല. ആ കാര്യങ്ങൾ മനസ്സിൽ കിടക്കുന്നുണ്ട്. തിയേറ്റർ ദൃശ്യപരമായ വലിയ ചരിത്രമാണ്. മനുഷ്യർ പുരോഗമിക്കുന്നതിന്റെ വലിയ ഒരു കണ്ണാടിയാണ് തിയേറ്റർ എന്ന് ചെറുപ്പംമുതലേ തോന്നിയിട്ടുണ്ട്. അതായിരിക്കാം ഒരുപക്ഷേ കഥാഖ്യാനങ്ങളിലെ ദൃശ്യപരതയ്‌ക്ക് കാരണം.

ഇ പി ആർ: തിയേറ്റർ ബോധത്തിന് കഥകളിൽ തുടർച്ചയുണ്ടാകുന്നതിനെപ്പറ്റി എന്തു പറയുന്നു?

കെ പി എം: കഥയെഴുത്തിന്റെ തുടക്കകാലത്തോ പിന്നീടോ പി കുഞ്ഞിരാമൻ നായരുടെ ‘കളിയച്ഛൻ' വായിച്ചിരുന്നോ?

എൻ എസ് മാധവൻ: കഥകളിയേക്കാൾ താൽപ്പര്യം ചുട്ടികുത്തായിരുന്നു. തൃപ്പൂണിത്തുറ അമ്പലത്തിലെ കളിയരങ്ങിന്റെ പിറകിലുള്ള അണിയറയിലായിരുന്നു കൂടുതൽ ശ്രദ്ധ. പിന്നെയുള്ളത് ഈ വിഷയത്തിലുള്ള പുസ്‌തകവായനയാണ്. കഥകളിയുടെ കാഴ്‌ചസഹായി പോലെ ഒന്നുണ്ടായിരുന്നു, ഒരു ലഘുലേഖ. നാലഞ്ച് പേജിൽ കഥകളിയുടെ വിശദാംശങ്ങൾ, കഥാസന്ദർഭങ്ങൾ എന്നിവ എഴുതുമായിരുന്നു. അത് അച്ചടിച്ചിട്ടും മറ്റുമല്ല. സൈക്ലോസ്റ്റൈൽ ചെയ്യും. ഈ സഹായി വായിച്ച ഓർമയുടെ ഒപ്പമാണ് കളി കാണാനിരിക്കുക. ഇങ്ങനെ ഒരുങ്ങിവന്ന് എല്ലാ മാസവും മുടങ്ങാതെ കഥകളി കണ്ടു. പിന്നീട് കേരളം മുഴുവൻ നടന്ന് കഥകളി കണ്ടു. അമ്പലപ്പുഴ, മറ്റ് പലേടത്തും.


ഇ പി ആർ: നാട്ടിൽ ഇല്ലാത്ത കാലത്ത്, വടക്കേയിന്ത്യൻ നഗരങ്ങളിൽ തീവണ്ടിയൊക്കെ കാത്തുനിൽക്കുമ്പോൾ ചുറ്റുമുള്ള നാട്ടുകാരിൽ, അവരുടെ നിൽപ്പുകളിൽ, നീക്കങ്ങളിൽ ഒരുതരം നാടകം ജീവിതത്തിന്റെ തിയേറ്ററുകൾ -കണ്ടെത്തിയിരുന്നോ?

എൻ എസ് മാധവൻ: ആ നിലയിൽ കാത്തുനിൽക്കുമ്പോൾ ഉള്ളിലേക്ക് മടങ്ങുക എന്നതായിരുന്നു രീതി. പുറംദൃശ്യങ്ങൾ ശ്രദ്ധിച്ചില്ല.

കെ പി എം: ഒരുപാട് സ്ഥലരാശികളെപ്പറ്റി പരാമർശിക്കുന്നുണ്ടല്ലോ. നേരിൽ കണ്ട വിദേശനാടുകളെപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: വെനീസിലും റോമിലുമൊക്കെ താമസിക്കാൻ ഇടയായിട്ടുണ്ട്. അവിടെ പിസിഐ എന്ന് പറയുന്ന രാഷ്ടീയ പാർടി ഉണ്ടായിരുന്നു. ഞാൻ പോകുന്ന സമയത്ത്, 1985-‐86ലോ മറ്റോ, അവർ വളരെ ശക്തമായിരുന്നു.

എൻ എസ്‌ മാധവൻ     ഫോട്ടോ: അബുൾ കലാം ആസാദ്‌ എൻ എസ്‌ മാധവൻ ഫോട്ടോ: അബുൾ കലാം ആസാദ്‌

കെ പി എം: പിസിഐ എന്നാൽ എന്താണ്?

എൻ എസ് മാധവൻ: പാർടി കമ്യൂണിസ്റ്റ് ഇറ്റാലിയ എന്നോ മറ്റോ ആണ്. അവിടെ ഗ്രാംഷിയെത്തുടർന്ന് ഒരു തലമുറയാകെ കമ്യൂണിസ്റ്റ് ആകുന്ന കാലമുണ്ടായിരുന്നു.

കെ പി എം: തോഗ്ലിയാറ്റി? പാൽമിറോ തോഗ്ലിയാറ്റി?

എൻ എസ് മാധവൻ: അങ്ങനെയുള്ളവർ.

കെ പി എം: ബനാറസിൽ പോകാറുണ്ടായിരുന്നതായി അറിയാം. ബനാറസ് ഓർമകൾ പറയൂ.

എൻ എസ് മാധവൻ: ബീഹാറിൽനിന്ന്, പാറ്റ്നയിൽ നിന്ന്‌ മൂന്ന് മണിക്കൂറേ ബനാറസിലേക്കുള്ളൂ. അവിടെ ബനാറസ് യൂനിവേഴ്സിറ്റിയിൽ കറങ്ങി ഗസ്റ്റ്ഹൗസിൽ താമസിച്ച് ചുറ്റിക്കറങ്ങിപ്പോവുമായിരുന്നു. വളരെ സന്തോഷപ്രദമായിരുന്ന ദിനങ്ങൾ. റിട്ടയർ ചെയ്യുന്നത് വരെ അങ്ങനെ പോകുമായിരുന്നു. ഇപ്പോൾ സർവകലാശാലയുടെ ആ സ്വഭാവമൊക്കെ നശിപ്പിച്ചു. നിലവിൽ സിനിമാസെറ്റ് പോലെയായിട്ടുണ്ട്. പണ്ടൊക്കെ ജൈവമായിട്ടുള്ള സ്ഥലമായിരുന്നു.


കെ പി എം: ഏറെ ശ്രദ്ധേയമായ ക്രാഫ്റ്റാണ് ‘കാർമെൻ' എന്ന കഥയുടേത്. കഥകളിയിലെ ചുവന്നതാടിയുടെ അലർച്ചയ്‌ക്ക്‌ (മറുപടിയായി) കിട്ടേണ്ട, വെനീസിലെ തോടുകളിൽ തുഴഞ്ഞ് നീങ്ങുന്ന വള്ളക്കാരുടെ മറുകൂക്കൂകൾ എന്ന ഭാവനയിലാണ് തുടക്കം. കഥയ്‌ക്ക് വേണ്ടി എങ്ങനെയാണ് വിവരശേഖരത്തെ, ഡാറ്റയെ -സംയോജിപ്പിച്ചത്?

എൻ എസ് മാധവൻ: ‘മുതലവേട്ട'യിലേതു പോലെ തന്നെ. ഏറ്റവും പ്രശസ്‌തമായ യൂറോപ്യൻ ഓപ്പറ, ജ്യൊർജ് ബിസേ എന്ന ഫ്രഞ്ച് സംവിധായകൻ നിർമിച്ച നാലു രംഗങ്ങളുള്ള കാർമെൻ എന്ന ഓപ്പറയാണ്. 1875ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചു. യൂറോപ്യൻ റൊമാന്റിസിസത്തിന്റെ മകുടോദാഹരണം. ജ്യൊർജ് ബിസേയുടെ കാർമെൻ അടിസ്ഥാനമാക്കി പത്ത് സിനിമകളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്. ആ ഓപ്പറ ആണ് ഈ കഥയിലെ ഒരു ഇനം. കഥാഘടനയിൽ അത് ഉണ്ട്‌. അതിനോടുള്ള ഒരു സർഗാത്മക സംവാദം കൂടിയാണ് ഈ കഥ.


കെ പി എം: നേരത്തെ സി വിയുടെ ഭാഷ സ്വാധീനിച്ചതിനെപ്പറ്റി പറഞ്ഞു. പക്ഷേ ഭാഷ മാത്രമല്ല സി വി; രാഷ്‌ട്രീയചരിത്രവും കൂടിയാണ് സി വി. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകളി'ൽ ചരിത്രം പറയുന്നുണ്ടല്ലോ. അതിൽ ചരിത്രത്തിന്റെ ചുറ്റുകളെപ്പറ്റി പരാമർശിക്കുന്നുണ്ട്. താങ്കൾ എങ്ങനെയാണ് ചരിത്രവും ഭാവനയും കഥകളിൽ കൂട്ടിയിണക്കുന്നത്?

എൻ എസ് മാധവൻ: സി വി ചരിത്രത്തെ വികലമാക്കിയാണ് അവതരിപ്പിച്ചത്. സി വി പറയുന്നത് പോലെയാണ് തിരുവിതാംകൂർ ചരിത്രം എന്ന് പറയുന്നവരുണ്ട്. അതങ്ങനെയല്ല. സി വി ചരിത്രമല്ല പറഞ്ഞത്. സി വിക്കഥകൾ അധികാരത്തെപ്പറ്റിയാണ്. പിന്നെ, ഞാൻ കുട്ടിക്കാലംമുതൽ വായിച്ച, ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ജെയിംസ് ജോയ്സ് ആയിരുന്നു. ഐറിഷ് നഗരത്തിന്റെ വിപ്ലവത്തിന്റെ ഒരു വിവരണം അതിലുണ്ടായിരുന്നു. ഒ വി വിജയൻ, ഇതുപോലെ തന്നെ, ദേശചരിത്രം ഉണ്ടാക്കുകയാണ് ചെയ്തത്. ഇതും ദേശചരിത്രത്തിന്റെ ഒരു ഭാഗം ആകണമെന്ന ആഗ്രഹം അബോധത്തിലെവിടെയോ നടന്നിട്ടുണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത്.


ഇ പി ആർ: ഒരു ഉദ്ധരണിയാണ്. "ആശയങ്ങൾ പാവപ്പെട്ട കുട്ടികളുടെ കളിപ്പാട്ടങ്ങളാണ്.’ ഈ വാക്യത്തോടെയാണ് ‘ചൂളൈമേടിലെ ശവങ്ങൾ' എന്ന കഥ തുടങ്ങുന്നത്. ആശയം എന്ന പരികൽപ്പനയെപ്പറ്റി എന്താണ് പറയാനുള്ളത്? ഐഡിയോളജി എന്നാണോ ഐഡിയ എന്നാണോ ഉദ്ദേശിച്ചത്? അല്ല, മറ്റെന്തെങ്കിലും മനസ്സിൽ വച്ചാണോ?

എൻ എസ് മാധവൻ: ഇവിടെ thinking, thoughts, fantasy എന്ന അർഥമാണ് കൽപ്പിച്ചത്. ഇ എം എസ് Ideologyയെ തർജമ ചെയ്‌തിട്ടുള്ളത് പ്രത്യയശാസ്‌ത്രം എന്നാണ്. ആ അർഥമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെ thoughts, കളിപ്പാട്ടം ഇല്ലാത്തതാണ് അവരുടെ പ്രശ്നം.

ഇ പി ആർ: എൻ എസ് മാധവനെ പോലൊരാൾ ഇങ്ങനെ പറയുമോ എന്ന സംശയം ഉണ്ടായേക്കാം. ഇവിടെ ആശയം എന്നതിന് കുട്ടികളുടെ നിഷ്‌കളങ്കത, ഭാവന എന്ന അർഥം കൽപ്പിക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

എൻ എസ് മാധവൻ: അതെ.


ഇ പി ആർ: നോവൽ വൈകാരികതയുടെ ആവിഷ്‌കാരം മാത്രമല്ല. നമ്മൾ കേരളീയർ വൈകാരികതയ്‌ക്ക് ഊന്നൽ കൊടുക്കുന്നവരാണ്-. അതുകൊണ്ടാണ് പൈങ്കിളിയിലേക്കൊക്കെ പോകുന്നത്. വൈകാരികതയുടേത് മാത്രമല്ല വൈജ്ഞാനികതയുടേതുമാണ് നോവൽ. ഈ ആശയം താങ്കൾക്ക് പ്രിയപ്പെട്ടതാണ് എന്ന് വിചാരിക്കുന്നു.

എൻ എസ് മാധവൻ: മലയാളികൾ പൊതുവേ നോവലിനെ വൈകാരികതയോടെ സമീപിക്കുന്നു എന്ന് പറയുന്നത്, ഒരുപക്ഷേ ശരിയായിരിക്കില്ല. നമ്മുടെ നല്ല വായനാസമൂഹം ആനന്ദത്തിൽ അഭിരമിക്കുന്നവരിൽനിന്നും വ്യത്യസ്‌തമാണ്. ആ സമൂഹം ആനന്ദം പോലുള്ള ചാപല്യങ്ങൾക്കൊന്നും വിധേയരല്ല.


ഇ പി ആർ: വിചാരനോവലിന്റെ മലയാളത്തെളിവായി ‘ഇന്ദുലേഖ'യുടെ പതിനെട്ടാം അധ്യായമുണ്ട്.

എൻ എസ് മാധവൻ: ശരിയാണ്. 18-‐ാം അധ്യായം ഉണ്ട്. അത് ഒരുപക്ഷേ വളരെ ശരിയായിരിക്കാം. പക്ഷേ, പൂർണമായും ശരിയായിരിക്കില്ല. ഇങ്ങനെയൊരു ധാര കേരളത്തിൽ ഉണ്ടായിരുന്നു എന്ന ബോധം എനിക്കുണ്ടായിരുന്നു.

കെ പി എം: ഒരിക്കൽ ഒരു ചടങ്ങിൽ എൻ എസ് മാധവൻ സംസാരിക്കുമ്പോൾ പറഞ്ഞു: വി കെ എന്നിന്റെ കൃതികൾക്ക് annotations വേണ്ടിയിരുന്നു. ഇതിന്റെയൊരു ഭാരം, വിചാരങ്ങളുടെ ഭാരം, നോവലിൽ വരുമ്പോൾ annotations-ന്റെ ഒരു ടെക്‌സ്റ്റ്‌ ഉണ്ടാക്കുക എന്ന അവസ്ഥ വരുന്നു.

എൻ എസ് മാധവൻ: അതെ. അരുന്ധതി റോയിയുടെ ‘ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്സ്' എന്ന കൃതിയിലെ സൂചനകൾ ആർക്കും മനസ്സിലാവും. എന്നാൽ വി കെ എൻ എന്താണ് ഉദ്ദേശിക്കുന്നത്, ആന്തരികാർഥങ്ങൾ എന്താണ് എന്നത് ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടതാണ്. വി കെ എന്നിനെ നന്നായി മനസ്സിലാക്കാൻ അവയൊക്കെ വായിക്കേണ്ടിവരും. ഇതൊന്നും ഇല്ലാതെയും വി കെ എന്നിനെ വായിക്കാൻ സാധിക്കും. അത് വേറെ കാര്യം.

ഇഡു മൺകോട്ടയ്‌ക്ക്‌ മുന്നിൽ കെ പി മോഹനൻ, എൻ എസ്‌ മാധവൻ,  ഇ പി രാജഗോപാലൻ    ഇഡു മൺകോട്ടയ്‌ക്ക്‌ മുന്നിൽ കെ പി മോഹനൻ, എൻ എസ്‌ മാധവൻ, ഇ പി രാജഗോപാലൻ

ഇ പി ആർ: മുമ്പ് ഒരു പത്രാധിപർ നിർദേശിച്ചതനുസരിച്ച് ഓണപ്പതിപ്പിന് വേണ്ടി ഞാൻ വി കെ എന്നിനെ കാണാൻ പോയി. ഞാൻ വളരെ ചെറിയ ആളല്ലേ. എന്നെ കണ്ണിൽ പിടിച്ചില്ല. ഞാൻ അദ്ദേഹത്തിന് വേണ്ടുന്നതൊന്നും കൊണ്ടുപോയിട്ടുമില്ല. മൂപ്പർ മുഷിഞ്ഞു. ചോദ്യങ്ങളൊക്കെ കൈവശം ഉണ്ട്. ഒന്നും ചോദിക്കാൻ സാവകാശം കിട്ടുന്നില്ല. തുടരെ ഇങ്ങോട്ട് മിണ്ടുന്നു. ആ ഏകഭാഷണത്തിനിടയിൽ ഊണ് തന്നു. കറികൾ സാമ്പാറും കർമൂസത്തോരനും. രണ്ട് വാക്കിന്റെയും ചരിത്രം കൂടി കിട്ടി. തുടർന്ന്, മടങ്ങിക്കോളൂ എന്ന് അന്തരീക്ഷത്തിൽനിന്ന് വായിച്ചറിഞ്ഞു.

എന്നാൽ മടങ്ങുമ്പോൾ വി കെ എൻ കൂടെ വന്നു. ഒപ്പം ഓണക്കാലത്തെ നല്ല വെയിലുണ്ട്. അദ്ദേഹം പറഞ്ഞു--: പ്രിൻസ് ഓഫ് വെയിൽസ്! ‐ വെയിലുകളുടെ രാജകുമാരൻ. ആ യാത്ര മുതലായ നിമിഷം.

എൻ എസ് മാധവൻ: ‘അസുരവാണി’, ‘ആരോഹണം’... ---വായനയുടെ രസത്തിനപ്പുറം ഈ കൃതികളുടെയൊക്കെ ഉള്ളറിവുകൾ മലയാളികൾക്ക് കിട്ടണമെങ്കിൽ വേറെത്തന്നെ വ്യാഖ്യാനപാഠങ്ങൾ വേണ്ടിവരും.

ആരാണ് പയ്യൻ? പല ഊഹങ്ങളും നാം കേട്ടിട്ടുണ്ട്. എന്നെ വളരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഒരു ചെറുകഥ. അതിൽ ഒരു ഇംഗ്ലീഷുകാരനെ, ഇംഗ്ലീഷുകാരനായ അഡ്മിറലോ മറ്റോ ആണ്, എഴുതുമ്പോൾ പയ്യൻ ലണ്ടൻ നഗരത്തെപ്പറ്റി ഓർക്കുന്നു. ജി പിഎസ് ഇല്ലാത്ത കാലത്ത്, ലണ്ടനിൽ പോകാത്ത വി കെ എൻ ഇതൊക്കെ എഴുതി.


കെ പി എം: വിശദാംശങ്ങൾ ഉണ്ട്.

എൻ എസ് മാധവൻ: ഉണ്ട്. ഞാൻ വിചാരിക്കുന്നത് വി കെ എൻ ടൈംസ്, പഴയ ടൈംസ്, വായിച്ചതിൽ നിന്നാവാം ഈ എഴുത്ത് എന്നാണ്. ആൾ അപ്റ്റുഡേറ്റ് ആയിരുന്നു.

ഇ പി ആർ: ഒരു സാധാരണ ചോദ്യം: കഥയെഴുത്തിന്റെ രീതി എന്താണ്? ഒറ്റയടിക്ക് എഴുതുകയാണോ?

എൻ എസ് മാധവൻ: പണ്ട് എങ്ങനെയാണ് എഴുതിയത് എന്ന് ഓർമയില്ല. ഇപ്പോൾ ഒറ്റയടിക്ക് എഴുതുക എന്നതാണ് രീതി. റഫ് ഡ്രാഫ്റ്റ്. പിന്നെ അതിന്മേൽ പണിയെടുക്കും.


ഇ പി ആർ: ആ അനുഭവത്തെപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: കുറേ ചെറിയ നോട്ടുപുസ്‌തകങ്ങളിലെഴുതും. ‘ഭീമച്ചൻ' നാലഞ്ച് നോട്ടുപുസ്‌തകങ്ങളിൽ എഴുതി. കൈപ്പടയിൽത്തന്നെ. ഇടയ്‌ക്ക് സംഭാഷണം വേണ്ടിടത്ത് dialogue എന്ന് ചേർക്കും. സംഭാഷണം പഴയ ഭാഷയിലാവും വേണ്ടത്. അത് കണ്ടുപിടിക്കണമല്ലോ. രണ്ടാം ഘട്ടത്തിലാവും കയ്യെഴുത്തുപ്രതിയാവുക. പിന്നെ പ്രിന്റ്‌ എടുക്കും. പ്രിന്റ് എടുക്കുമ്പോഴത്തേക്കും തിരുത്തലുകൾ വരുത്തും. നാലഞ്ച് പ്രിന്റ്‌ എടുക്കുമ്പോഴത്തേക്കാണ് കഥയാവുക.


ഇ പി ആർ: ഈ ചോദ്യം ചോദിച്ചത് മറ്റൊരു ലക്ഷ്യം വച്ചാണ്. എം എം ബഷീർ മാഷ് ചെയ്‌ത ഏറ്റവും വലിയ സേവനം, കുമാരനാശാന്റെ കയ്യെഴുത്തുപ്രതികൾ പരിശോധിച്ച് ഒരു ശ്ലോകത്തിന് എത്ര പണിയെടുത്തു എന്ന് കാണിക്കുന്ന ഒരു പുസ്‌തകം എഴുതിയതാണ്.

അതുപോലെ കഥയുടെ സ്‌ക്രിപ്റ്റിന്റെ വിവിധ ഘട്ടങ്ങൾ ആദ്യം എഴുതിയതും തിരുത്തും അവസാനകോപ്പിയും ഒക്കെ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കിൽ അതുതന്നെ ഒരു ഗവേഷണത്തിന് വകയുള്ളതാണ്. ഇതുകൂടി കണ്ടാണ് ചോദിച്ചത്.

എൻ എസ് മാധവൻ: കയ്യെഴുത്തുപ്രതികൾ ഉണ്ട്. ആദ്യം എഴുതിയതും തിരുത്തിയതുമെല്ലാം. പക്ഷേ ഒന്നും മനസ്സിലാവില്ല. ചില ഡോക്ടർമാരുടെ കുറിപ്പടി പോലെയാണ്.

ഇ പി ആർ: തന്നാൽ പരിശോധിക്കാം.

എൻ എസ് മാധവൻ: ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എഴുതുമ്പോൾ കൈപ്പടയായിരുന്നല്ലോ. എല്ലായിടത്തും ലാപ്ടോപ് ഉണ്ടായിരുന്നില്ല. മലയാളത്തിൽ യൂനികോഡ് കണ്ടുപിടിച്ചിരുന്നില്ല. പക്ഷേ, അതിന്റെ കംപ്യൂട്ടർ കോപ്പി ഉണ്ടാക്കിവച്ചു, പിന്നീട്. ആദ്യം എഴുതിയത് മുഴുവൻ ബൈൻഡ് ചെയ്‌ത്‌ വച്ചു.

ഇ പി ആർ: ഇനിയൊരിക്കൽ എറണാകുളത്തെ ഫ്ളാറ്റിൽ വരും.

എൻ എസ് മാധവൻ: ഓകെ. പക്ഷെ, അതിലെ പേജിന്റെയൊക്കെ ക്രമം മാറിപ്പോയി.

ഇ പി ആർ: അതൊക്കെയാണെങ്കിലും സ്‌ക്രിപ്റ്റുകൾക്ക്‌ വിലയുണ്ട്. ഗവേഷകർക്ക് ഈ അണിയറത്തെളിവുകൾ വേണം. ഒരു എഴുത്താൾ ഒരു വാക്കിനായി എത്ര അധ്വാനിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, പണിയെടുത്തിട്ടുണ്ട് എന്ന് അവ വ്യക്തമാക്കും. എഴുത്താളിന്റെ മനസ്സിന്റെ ഭൂപടം പോലെയാണ് അത്.

എൻ എസ് മാധവൻ: അതെ.


കെ പി എം: ഇനിയുള്ള കാലം കൈപ്പടക്കാലമായിരിക്കില്ല.

എൻ എസ് മാധവൻ: എഴുത്തിൽ മാത്രമല്ല ഈ മാറ്റം. കാർട്ടൂണിലും ദൃശ്യമാണ്. ആർ കെ ലക്ഷ്മണടക്കം പലരും ടാബ്ലറ്റിലാണ് വര. ലോകം മാറിയിരിക്കുന്നു.

കെ പി എം : ‘നാലാം ലോകം ' വിചിത്രമായ ഒരു കഥയാണ് . എനിക്ക് തോന്നുന്നത് അതിന് സമാന്തരമായി ഒരു കഥയും ഇല്ല എന്നാണ്. ബഹിരാകാശത്തേക്ക് രണ്ട് മനുഷ്യർ പോകുമ്പോൾ ഒരു രാഷ്ട്രം ഉണ്ടായിരുന്നു. വരുമ്പോൾ ഇല്ല! ഈ ദേശീയത, രാഷ്ട്രങ്ങളുടെ രൂപംകൊള്ളൽ, അതിന്റെ നിലനില്പ്... ഇതൊക്കെ ശിഥിലമായി മാറുന്നു. അത് ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർടിയുമായി ബന്ധപ്പെടുന്നുമുണ്ട്.

ഇ പി ആർ: അനന്തൻ നമ്പ്യാരുടെ ആഖ്യാനമൊക്കെ വരുന്നു.

എൻ എസ് മാധവൻ: സോവിയറ്റ് യൂനിയൻ തകർന്നപ്പോൾ ഹൃദയസ്തംഭനം ഉണ്ടായ ആൾക്കാർ ഉണ്ട്.


കെ പി എം: ലെനിന്റെ പ്രതിമകൾ പൊളിഞ്ഞുവീഴുന്നു എന്ന വാർത്ത അവിശ്വസനീയമായിരുന്നു.

എൻ എൻ മാധവൻ: ടെലിവിഷൻ വരുന്നതിന് മുമ്പായിരുന്നു സോവിയറ്റ് യൂനിയൻ തകർന്നിരുന്നതെങ്കിൽ സമ്മതിച്ചുതരാൻ ആളുകൾ തയ്യാറാവില്ലായിരുന്നു. ഏറ്റവും വലിയ തൊഴിലാളി കേന്ദ്രമായ കൊച്ചിയിൽ അപ്പോഴും പ്രതീക്ഷിച്ച അളവിൽ ആഴത്തിൽ വേരോടാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞുവോ എന്ന കാര്യം സംശയമാണ്. പക്ഷെ അതിന്റെ ആദ്യകാലത്തെ ചരിത്രം സോവിയറ്റ് യൂണിയനിലെ പാർടിയുടെ പിളർപ്പിനു ശേഷം വേറൊരുതരം ആഖ്യാനമായിത്തീർന്നു.


ഇ പി ആർ: സ്‌ത്രീ ‘ഞാനാ'യി പറയുന്ന വലിയ ആഖ്യാനങ്ങൾ മലയാളത്തിൽ അധികമൊന്നും ഇല്ല. "പതിനെട്ട് അച്ചുകുത്തുപിള്ളമാർ എറണാകുളത്തുനിന്നു കായൽ കടന്ന് തുരുത്തുകളിലെത്തി കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് അച്ചുകുത്തിയ ദിവസം ഞാൻ ജനിച്ചു’: ഈ ‘പെൺ ഞാൻ’ നോവലിൽ എല്ലായിടത്തും ഉണ്ട്. ‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' വായിക്കുന്ന ഒരാൾ ആദ്യം ശീലംകൊണ്ട് മനസ്സിലാക്കുക ‘ഞാൻ' എന്നത് ഒരു പുരുഷനാണ് എന്നാണ്. ചോദ്യം ഇതാണ്: ലന്തൻബത്തേരിയിലെ നരേറ്റർ (ഞാൻ) സ്‌ത്രീയാണ്. സ്‌ത്രീ എന്ന അറിവിനെ മുൻനിർത്തി സ്‌ത്രീയെന്ന ആവിഷ്‌കാരത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

എൻ എസ് മാധവൻ: രണ്ട് കാര്യങ്ങളുണ്ട്. മലയാളത്തിലെ പല എഴുത്തുകാരും സ്ത്രീകളെ ചിത്രീകരിക്കുന്നതിൽ വിമുഖരായിരുന്നു. മാധവിക്കുട്ടിക്ക് പുരുഷകഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ വൈദഗ്ധ്യമുണ്ടായിരുന്നു. എല്ലാ എഴുത്തുകാരികൾക്കും അത് സാധിച്ചില്ല. സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിക്കുക എന്നത് എനിക്ക് ഒരു സ്വകാര്യവെല്ലുവിളിയായിരുന്നു.


ഇ പി ആർ: ഉറൂബിന്റെ ‘ഉമ്മാച്ചു' വില്ലേ?

എൻ എസ് മാധവൻ: ഉറൂബിൽ ഉണ്ടായിരുന്നു. എന്നാൽ വി കെ എന്നിൽ ഇല്ലായിരുന്നു. എം പി നാരായണപിള്ളയിൽ തീരെ ഇല്ലായിരുന്നു. അത് ഒരു വെല്ലുവിളിയായിരുന്നു. ഞാൻ ജനിച്ച സാഹചര്യത്തിൽ, ധാരാളം സ്‌ത്രീകൾ ഉണ്ടായിരുന്ന വീട്ടിൽ, ഒന്നാമത്തേയോ രണ്ടാമത്തേയോ ആൺതരിയായിരുന്നു ഞാൻ. അമ്മയ്‌ക്ക്‌ അഞ്ച് സഹോദരിമാരുണ്ടായിരുന്നു.

കെ പി എം: പഞ്ചകന്യകകൾ ‐ -അത് സമർപ്പിച്ചത് അഞ്ച് സ്‌ത്രീകൾക്കാണ്.

എൻ എസ് മാധവൻ: ഇപ്പറഞ്ഞ അഞ്ചാണ് അത്. അന്ന് മിക്ക കുടുംബങ്ങളിലും സ്‌ത്രീസാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ എനിക്ക് സ്‌ത്രീസാന്നിധ്യം അപരിചിതമായിരുന്നില്ല.


ഇ പി ആർ: ‘കാക്കശ്ശേരി' എന്ന മാന്ത്രിക നാമമുള്ള കഥയിൽ എഴുത്തുനിർത്തിയ ഒരു അച്ഛൻ ഉണ്ട്. ഒരുനാൾ അയാൾ മകളോട് എഴുതാനുള്ള കടലാസ് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. "അച്ഛൻ എഴുതാൻ തുടങ്ങാണോ?’ എന്ന് മകൾ ചോദിക്കുന്നുണ്ട്. ‘ഇല്ലെങ്കിൽ അവർ ജയിക്കും’ എന്ന് അച്ഛന്റെ മറുപടി.

കഥയ്‌ക്കകത്തും പുറത്തും ഏറെ പ്രാധാന്യമുള്ള ഒരു സന്ദർഭമാണ് ഇത്. ഇതിനെപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: അകർമണ്യതയിൽ അഭിരമിക്കുന്ന ഒരാളാണ് ഞാൻ എന്ന് സ്വയം വിലയിരുത്തുന്ന ഞാൻ എനിക്കു നൽകുന്ന താക്കീതാണ് ഇത്.


ഇ പി ആർ: അതിനപ്പുറം പറഞ്ഞാൽ...?

എൻ എസ് മാധവൻ: ശബ്ദിക്കുന്നത് നിർത്തുകയാണെങ്കിൽ, രാഷ്‌ട്രീയമായി നമ്മുടെ വിനിമയം എത്തുന്നില്ലെങ്കിൽ ജനങ്ങളിൽ ജനശത്രുക്കൾ സ്വാധീനം ചെലുത്തും. ഈ കഥാസന്ദർഭത്തിലെ ‘അവർ' എന്ന വാക്ക് ആപേക്ഷികമാണ്. കർമം ചെയ്യാനുള്ള ആഹ്വാനമാണ് അത്.

ഇ പി ആർ: കെ കെ ച്യുല്യാറ്റിനെ ആവശ്യമുണ്ട് എന്ന് കാണിച്ചുകൊണ്ടുള്ള ഒരു പത്രപരസ്യം എന്റെ ഒരു സമീപകാലസ്വപ്‌നത്തിൽ വരികയുണ്ടായി. എന്താണ് ഇന്നത്തെ ഇന്ത്യൻ മാധ്യമലോകത്തിന്റെ പൊതുപ്രകൃതം?

എൻ എസ് മാധവൻ: ഇന്ന് കെ കെ ച്യുല്യാറ്റ് അപ്രസക്തമായ ഒരു കാലഘട്ടമാണ്. പത്രാധിപന്മാരെയോ പത്രപ്രവർത്തകരെയോ ആവശ്യമില്ലാത്ത കാലം. അവരെ നിലയ്‌ക്ക് നിർത്തേണ്ട ആവശ്യമുണ്ട് എന്ന് ഇന്നത്തെ ഭരണവർഗം കരുതുന്നില്ല. അവർ അപ്രസക്തരായിരിക്കുന്നു. ഇന്ന് അതിന് പകരം വന്നവർ ചെയ്യുന്നത് പത്രസ്ഥാപനത്തെ മൊത്തം വിലയ്‌ക്കെടുക്കുകയാണ്. അത്തരമൊരു സന്ദർഭത്തിൽ പത്രസ്ഥാപന വ്യവസ്ഥയ്‌ക്കകത്ത് ച്യുല്യാറ്റിനെപ്പോലുള്ള ഒരാൾക്ക് നിലനിൽക്കാൻ പറ്റില്ല. ഒരുപക്ഷേ, ഇന്ന് ച്യുല്യാറ്റിന് ജെൻസിയിൽ പെട്ടവർ ചെയ്യുന്ന ട്വിറ്ററിലോ ഇൻസ്റ്റഗ്രാം പോസ്റ്റിലോ കത്തിപ്പടരാം. അത്രമാത്രം.

ഇന്ദിരാഗാന്ധിയുടെ കാലത്ത്, അടിയന്തരാവസ്ഥയുടെ കാലത്ത്, മാധ്യമസ്ഥാപനങ്ങളെ തകർത്ത് പേടിപ്പിച്ച് നിശ്ശബ്ദരാക്കി. അടിയന്തരാവസ്ഥക്കെതിരെ ഏറ്റവും കൂടുതൽ പോരാടിയ ഒരാൾ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ രാംനാഥ് ഗോയങ്കയായിരുന്നു. ഇന്നത് സാധ്യമേയല്ല. തൊണ്ണൂറ്റഞ്ച്‌ ശതമാനവും സാധ്യമല്ല. ഇന്ന് ആരെങ്കിലും ഭരണകൂടത്തെ വിമർശിച്ചാൽ വിമർശകരെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്നു. പ്രബീർ പുർകായസ്‌ത എന്റെ ഒരു പഴയ സുഹൃത്താണ്. ആ മനുഷ്യനെ യുഎപിഎ ചുമത്തി ജയിലിലടച്ചു എന്ന് പറയേണ്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോയത്.

കെ പി എം: ബീഹാറിൽ എത്ര വർഷം ഉണ്ടായിരുന്നു?

എൻ എസ് മാധവൻ: എല്ലാംകൂടി പതിനെട്ട്‐ ഇരുപത് വർഷം ഉണ്ടായിരുന്നു.


കെ പി എം: പാറ്റ്ന -ഒരു ദരിദ്ര തലസ്ഥാനം. സോഷ്യലിസ്റ്റുകളുടെ നാട്. കർപ്പൂരി ഠാക്കൂറിന്റെ നാട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തായ്‌വേര് ഉണ്ട്. എങ്കിലും ബീഹാറിന്റെ സ്ഥിതി എന്തുകൊണ്ടാണ് ഇങ്ങനെ?

എൻ എസ് മാധവൻ: ഈ പാരമ്പര്യം ഏതോ രീതിയിൽ ഇപ്പോഴും തുടരുന്നു. ബീഹാർ, വിശാലഹിന്ദി ഭൂവിഭാഗത്തിന്റെ ഹൃദയമാണ്. അവിടെ ഇതുവരെയും ബിജെപി മുഖ്യമന്ത്രി വന്നിട്ടില്ല. സുശീൽ മോഡി പോയി. അദ്ദേഹത്തിന്റെ രാഷ്‌ട്രീയവും മാറി. നിതീഷ് അവിടുത്തെ സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ലാലുവിനെയും നിതീഷിനെയും സ്വാധീനിച്ചത് ലോഹ്യയായിരുന്നു. അവരുടെ കാലം കഴിഞ്ഞാൽ ഈ പൈതൃകത്തിന് എന്ത് സംഭവിക്കും എന്ന് കണ്ടറിയേണ്ടതാണ്. സിപിഐ (എംഎൽ) അവിടെ ശക്തമായ കമ്യൂണിസ്റ്റ് പാർടിയാണ്. ബീഹാറിലെ മാവോയിസ്റ്റ് പ്രസ്ഥാനം ദളിതരെ സഹായിച്ചു. അവിടുത്തെ നെൽവയലുകളുടെ ഒരു ഭാഗത്ത് ബ്രാഹ്മണർ, മറുഭാഗത്ത് ദളിതർ. അവിടെ ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ല. രാത്രിയാവുമ്പോൾ ഈ ആവശ്യത്തിനായി പുറത്ത് വരുന്ന സ്‌ത്രീകളെ പീഡിപ്പിക്കുന്നത് സവർണരുടെ അവകാശമായിരുന്നു. അതിനെതിരെ അക്രമാസക്തമായി നേരിട്ടതും സിപിഐ (എംഎൽ) ആയിരുന്നു. അവർക്ക് വലിയ സ്വാധീനം ഉണ്ട്. അതിന്റെ കാരണം അതിശക്തമായ സമരങ്ങൾ നടത്തിയതാണ്. ബീഹാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശരിക്കും ദളിതരെ സഹായിച്ചു.

എൻ എസ്‌ മാധവൻ കയ്യൂർ രക്തസാക്ഷി സ്‌മാരകത്തിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പുവയ്‌ക്കുന്നു                                                                                                                                                                                      എൻ എസ്‌ മാധവൻ കയ്യൂർ രക്തസാക്ഷി സ്‌മാരകത്തിലെ സന്ദർശക രജിസ്റ്ററിൽ ഒപ്പുവയ്‌ക്കുന്നു

അവിടെ ജാതിപ്പോര്‌ (Caste war) നടന്നു. അത് അവസാനിപ്പിക്കുന്നതുവരെ 30-‐40 പേർ വച്ച് രണ്ട് ഭാഗത്തും നഷ്ടപ്പെട്ടു. അതുകാരണം വലിയൊരു സ്വാധീനം ഈ പ്രദേശങ്ങളിൽ ഇവർക്കുണ്ട്‌.

എന്നാൽ ലാലു മറ്റ് രാഷ്‌ട്രീയ കക്ഷികളെ വളർത്താൻ സമ്മതിച്ചിരുന്നില്ല. അവിടെ കൂട്ടുകക്ഷി സമ്പ്രദായത്തിനല്ലാതെ ഏതെങ്കിലും ഒരു കക്ഷിക്ക് മാത്രമായി സാധ്യതയില്ലാത്ത പ്രദേശം, കേരളം പോലെ തന്നെ. ലാലുവിന്റെ കൂടെ നേരിട്ട് ജോലി ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും ബീഹാറിലും സംഭവിച്ചതൊക്കെ നാരായണഗുരുവിനെപ്പോലുള്ള സാമൂഹ്യപരിവർത്തനത്തിന് നേതൃത്വം കൊടുത്ത ആളുകളുണ്ടായിരുന്നില്ല എന്ന സാഹചര്യത്തിൽനിന്നാണ്. അവിടെ സഹജാനന്ദസരസ്വതി ഉണ്ടായിരുന്നു. അദ്ദേഹം ഉയർന്നുവന്നത് മേൽജാതിയിൽ നിന്നായിരുന്നു. നാരായണഗുരു, അയ്യങ്കാളി എന്നിവരെ പോലെ അവർണ വിഭാഗത്തിൽനിന്നും വന്ന സാമൂഹ്യ പരിഷ്‌കർത്താക്കൾ ഉണ്ടായില്ല. സഹജാനന്ദസരസ്വതി ഭൂസമരത്തിൽ ഇടപെട്ടിരുന്നു എന്നത് ശരിയാണ്. എന്നാൽ ബ്രാഹ്മണമേധാവിത്വത്തിനെതിരെ ഇടപെട്ടത് ലാലുവാണ്. സാമൂഹ്യമാറ്റത്തിനുള്ള കാര്യങ്ങൾ രാഷ്‌ട്രീയക്കാരൻ ചെയ്‌തതിന്റെ എല്ലാ അപചയങ്ങളും അവിടെ കാണാം. കാരണം ഇതിനെ ഒരു രാഷ്‌ട്രീയെ മൂലധനമായിക്കണ്ട് അത്തരത്തിൽ ഇടപെട്ട ദോഷമുണ്ടായിരുന്നു. കേരളത്തിൽ നമുക്ക് ശക്തമായ രണ്ട് ധാരകൾ ഉണ്ടായിരുന്നു‐ നവോത്ഥാനത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും. അതിന്റെ മികവാണ് കേരളത്തിൽ കാണുന്നത്. പക്ഷേ ബീഹാറിൽ മാറ്റം കൊണ്ടുവന്നത് ലാലു എന്ന കക്ഷിരാഷ്‌ട്രീയ നേതാവാണ്.


കെ പി എം : അവിടെ ഇപ്പോഴും ജാതി അതിശക്തമാണ്. അല്ലേ?

എൻ എസ് മാധവൻ: അതെ.

ഇ പി ആർ: താങ്കളെ ഞാൻ ആദ്യമായി നേരിൽ കണ്ടത് കാസർകോട്ട്‌ വച്ചാണ്. തളങ്കര മുസ്ലിം ഹൈസ്‌കൂളിൽ വച്ച്. നമ്മൾ ഒരേ പ്രസംഗവേദിയിലുണ്ടായിരുന്നു. അന്നത്തെ പ്രസംഗത്തിൽ താങ്കൾ മുച്ചിലോട്ട് ഭഗവതിയെപ്പറ്റിയും കുട്ടമത്തിന്റെ മുച്ചിലോട്ട് ഭഗവതി കാവ്യത്തെപ്പറ്റിയും പറയുകയുണ്ടായി. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ പ്രഭാഷണം...

എൻ എസ് മാധവൻ: ഞാൻ ഓർക്കുന്നു. നമ്മുടെ ജീവിതത്തിൽ പല ചാപല്യങ്ങളും ഉണ്ടാകുമല്ലോ. എന്റെ ജീവിതത്തിൽ എനിക്കുണ്ടായ ചാപല്യമാണ് ഫോട്ടോഗ്രഫി പഠിക്കണമെന്ന കമ്പം. അന്ന് ഗുരുവിന്റെ അടുത്ത് ഫീസ് കൊടുത്ത് പഠിച്ചു. അത് പ്രയോഗിക്കാനായി ഡൽഹിയിൽ നിന്നും കോറോത്തുള്ള പെരുങ്കളിയാട്ടത്തിന് വന്നു. പയ്യന്നൂരിൽ താമസിച്ചു. അതിനുശേഷം ഫോട്ടോഗ്രഫിക്ക് ഇത്രയും വലിയ ക്യാമറ എടുത്ത് നടക്കുന്നതിന് പകരം ഐ ക്യാമറ മതിയല്ലോ എന്ന് തിരിച്ചറിഞ്ഞു. അന്ന് കോറോത്ത് കണ്ട പെരുങ്കളിയാട്ടത്തിന്റെ കഥ ‘കോറോം ഡയറീസ്’ എന്ന പേരിൽ എഴുതുകയുണ്ടായി. മാതൃഭൂമിയുടെ ‘യാത്ര’ മാഗസിനിൽ പ്രസിദ്ധീകരിച്ചു. ഈ നീക്കം എത്തിച്ചത് മുച്ചിലോട്ട് ഭഗവതിയുടെ കഥയിലാണ്. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന സ്‌ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ കഥയായിട്ടാണ് ഞാൻ അതിനെ കാണുന്നത്. വെറും അറിവിന്റെ പേരിൽ സ്‌ത്രീ പീഡിപ്പിക്കപ്പെടുന്നതിന്റെ കഥ. ഒരു യുവാവിന് നാല് ഭാഷകളറിയാമെന്നതിന്റെ പേരിൽ വെട്ടിക്കൊന്നു എന്ന് പറഞ്ഞതുപോലെ ഏതാണ്ട് അതിന് സമാനമായ സംഭവമാണ്. മുച്ചിലോട്ട് ഭഗവതിയുടെ പുരാവൃത്തത്തിൽ രണ്ട് കാര്യങ്ങളുണ്ട്.


ഒന്ന്, അറിവിന് അടിസ്ഥാനം അനുഭവമാണെന്ന തെറ്റിദ്ധാരണ. മറ്റൊന്ന്, തികഞ്ഞ സ്‌ത്രീവിരുദ്ധത. തികച്ചും ആധുനികമായ ഒരു കാവ്യമായി കുട്ടമത്ത് എഴുതിയതാണ് ‘മുച്ചിലോട്ട് ഭഗവതി’ എന്ന കൃതി. കെ ബാലകൃഷ്‌ണൻ നമ്പ്യാർ വിശദമായി അതിനെപ്പറ്റി എഴുതിയിട്ടുണ്ട്.

ഇത്ര വലിയ ഒരു മിത്ത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പൂർവാശ്രമത്തിൽ ചെയ്‌ത വലിയ ഒരു തെറ്റിനെ തിരുത്താനാകാതെ അവരെ ദൈവമാക്കി. പല തെയ്യങ്ങളെപ്പറ്റിയും ഇങ്ങനെ പറയാം. കോറോത്ത് മുച്ചിലോട്ട് വന്നപ്പോഴാണ് അതിശക്തമായ ഫെമിനിസ്റ്റ് മിത്ത് എന്ന നിലയിൽ മുച്ചിലോട്ട് ഭഗവതിയുടെ കഥ അറിയുന്നത്‌. അതിൽ വളരെയധികം ഞാൻ സന്തോഷിച്ചു എന്നും പറയാം. കുട്ടമത്ത് കുഞ്ഞിക്കൃഷ്‌ണ കുറുപ്പിന്റെ കവിത കാവ്യാത്മകവും താളാത്മകവുമായ കൃതിയാണ്. ഈയൊരു മിത്ത് അനീതി ചെയ്‌തതിലുള്ള ഒരു പശ്ചാത്താപമായിട്ട് ദേവിയ്‌ക്ക്‌ ആരാധ്യമായ തെയ്യത്തിന്റെ രൂപം നൽകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. സാമൂഹ്യശാസ്‌ത്ര പഠനത്തിനെല്ലാം വളരെയധികം സാധ്യതയുള്ളതാണ് മുച്ചിലോട്ട് ഭഗവതിയുടെ കഥ.

ഇ പി ആർ: കാസർകോട്ടെ സാംസ്‌കാരിക ചരിത്രത്തെയും ഗ്രാമജീവിതത്തെയും സമരചരിത്രത്തെയും ശ്രദ്ധിക്കാറുള്ള ആളാണല്ലോ: കയ്യൂർ രക്തസാക്ഷി സ്മാരകം, ചെറുവത്തൂർ കാരിയിലെ ഇഡു തുടങ്ങിയവ സന്ദർശിക്കുകയുമുണ്ടായി. ഒരു കയ്യൂർക്കാരനോട് മിണ്ടുന്നതും കണ്ടു. കയ്യൂർ ചീമേനി പാറപ്പുറത്തെ പുൽപ്പടർപ്പുകൾ ഉണ്ടാക്കുന്ന സവിശേഷമായ കാഴ്‌ചയും ശ്രദ്ധിച്ചു. ഈ കാര്യങ്ങളെപ്പറ്റി പറയാമോ?

എൻ എസ് മാധവൻ: കാസർകോട്‌ വളരെ കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞ സ്ഥലമാണ്. അതിന് കാരണം നിരഞ്ജനയാണ്. ഞാനൊക്കെ കോളേജിൽ പഠിക്കുന്ന കാലത്ത് നിരഞ്ജനയുടെ പുസ്തകം ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമായിരുന്നു. കയ്യൂർ സമരത്തെക്കുറിച്ച് ഞാനും കൂട്ടുകാരുമെല്ലാം ആവേശഭരിതരായ കാലഘട്ടമായിരുന്നു അത്. പിന്നെ, പ്രായമായപ്പോൾ പലപ്പോഴായി വ്യക്തിപരമായ ആവശ്യങ്ങൾക്ക് നീലേശ്വരത്ത് വരേണ്ടതായി വന്നു. അപ്പോഴെല്ലാം എന്റെ മുമ്പിലുണ്ടായിരുന്ന ചോദ്യം കാസർകോട്ടുകാരുടെ സ്വത്വത്തെക്കുറിച്ചാണ്. ഞങ്ങൾ തെക്കുള്ളവർ ഒഴുക്കൻമട്ടിൽ വടക്കേ മലബാർ എന്ന് പൊതുവേ പറഞ്ഞിരുന്നുവെങ്കിലും കാസർകോട്ടുകാർക്ക് വടക്കേ മലബാർ എന്ന സ്വത്വത്തോട് പൊരുത്തപ്പെട്ടു പോകാനായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവരിൽ ഇപ്പോഴും ഒരംശം ദക്ഷിണ കനറ ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഫോട്ടോ: നിസ ബഷീർ ഫോട്ടോ: നിസ ബഷീർ

ഇവിടുത്തെ ഏറ്റവും ഉജ്വലമായ ഒരു ചരിത്രപാരമ്പര്യം എന്ന് പറയുന്നത് കയ്യൂർ സമരം തന്നെയാണ്. അതിന്റെ പല സ്മാരകങ്ങളും ഇവിടെയുണ്ടാക്കിയിട്ടുണ്ട്. രക്തസാക്ഷി മണ്ഡപം, വലിയ ഓഡിറ്റോറിയം തുടങ്ങിയവ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ പരിപാലിക്കുന്നതിൽ ഒട്ടും ശ്രദ്ധ ചെലുത്തുന്നില്ല എന്ന് കാണുന്നു. അത് വലിയ പോരായ്‌മയാണ്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. യൂറോപ്പിലായിരുന്നെങ്കിൽ ഈ സ്മാരകങ്ങൾ വളരെയധികം ശ്രദ്ധയോടെ ചരിത്രത്തിന്റെ ഭാഗമായി കാണുമായിരുന്നു. ഈ സ്മാരകങ്ങളുടെ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധചെലുത്തി അവിടുത്തേക്ക് പുതിയ തലമുറയെ ആകർഷിക്കേണ്ടതായിട്ടുണ്ട്. കാരണം, ഉജ്വലമായ ഒരു സ്വാതന്ത്ര്യ സമരത്തിന്റേയും കർഷക കലാപത്തിന്റേയും ചരിത്രം പറഞ്ഞുതരുന്നതാണ് ഈ സ്മാരകങ്ങൾ.


ഈ വരവിൽ കണ്ട ഒരു കാര്യം ഇഡു എന്ന് പറയുന്ന, പഴയ റോമൻ ആംഫി തിയേറ്ററുകളുടെ മാതൃകയിൽ നിർമിച്ച, അർധചന്ദ്രാകൃതിയിലുള്ള മൺകോട്ടകളാണ്. വിഷ്‌ണുമൂർത്തി തെയ്യത്തിന്റെ ‘സ്ഥാന'ങ്ങളാണ്. ഇഡു തുളു ഭാഷയിലെ വാക്കാണ് എന്ന് കേട്ടു. ലക്ഷ്യസ്ഥാനം എന്ന് അർഥം. അമ്പെയ്‌ത്തിനുള്ളതാണ് എന്നാണ് വിശ്വാസം. അവയിൽ ചിലത് നന്നായി പരിപാലിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതിനെ സംബന്ധിച്ച് കാസർകോട്‌ ജില്ലയിലുള്ളവർക്ക് തന്നെ വേണ്ടുവോളം അറിയാമെന്ന് തോന്നുന്നില്ല. വിശദമായ പഠനങ്ങൾ വേണ്ടിവരും .

( തയ്യാറാക്കിയത്‌: ശശിമോഹൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home