ad
Deshabhimani

അഭിമുഖം

സംസ്‌കാരത്തിന്റെ അവശേഷിപ്പുകളെയും അവർ തുടച്ചുനീക്കുന്നു

ഈനത്‌ വീസ്‌മാൻ
avatar
ഈനത്‌ വീസ്‌മാൻ/ കെ ഗിരീഷ്‌

Published on Apr 27, 2026, 03:38 PM | 11 min read

ലസ്‌തീനിയൻ മനുഷ്യാവകാശ പോരാട്ടങ്ങൾക്കായി നാടകത്തെ സമരവേദിയാക്കി, രാഷ്ട്രീയ നാടകങ്ങളെ പുനർനിർവചിച്ച ഇസ്രായേലി നടിയും നാടകകൃത്തും സംവിധായകയുമാണ് ഈനത്‌ വീസ്‌മാൻ. ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള പലസ്തീനികളുടെ ജീവിതം കലയിലൂടെ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ, സമകാലിക മിഡിൽ ഈസ്റ്റേൺ കലാരംഗത്തെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒരാളായി അവരെ മാറ്റി. മുഖ്യധാരാ ഇസ്രായേലി സിനിമകളിൽ നിന്നും ടെലിവിഷനിൽ നിന്നുമാണ് അവരുടെ കലാജീവിതം ആരംഭിച്ചത്. ‘ഓപ്പറേഷൻ ഗ്രാൻഡ്‌മ' പോലുള്ള ജനപ്രിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ അവർ പിന്നീട് രാഷ്ട്രീയ ഡോക്യുമെന്ററി നാടകങ്ങളിലേക്ക് ചുവടുമാറ്റി. യഥാർഥ സാക്ഷ്യങ്ങൾ, കോടതി രേഖകൾ, രാഷ്ട്രീയ തടവുകാരുടെ കത്തുകൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ‘വെർബാറ്റിം തിയേറ്റർ' ശൈലിയാണ് അവർ പിന്തുടരുന്നത്. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനികളുടെ ജീവിതം പച്ചയായി അവതരിപ്പിക്കുന്ന ‘പ്രിസണേഴ്സ് ഓഫ് ദി ഓക്യുപ്പേഷൻ' അവരുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ്.

ഈനത്‌ വീസ്‌മാൻഈനത്‌ വീസ്‌മാൻ

ഭരണകൂട സെൻസർഷിപ്പിനെതിരെയുള്ള പോരാട്ടമാണ് ഈനത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ‘ഐ, ദാരീൻ ടി' , ‘പാലസ്തീൻ, ഇയർ സീറോ' തുടങ്ങിയ നാടകങ്ങൾ ഇസ്രായേൽ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്‌തു. ഇതിന്റെ പേരിൽ അവർക്ക് സർക്കാർ ഫണ്ടുകൾ നഷ്ടമാവുകയും രാഷ്ട്രീയ നേതാക്കളിൽ നിന്ന് കടുത്ത വിമർശനങ്ങളും ‘രാജ്യദ്രോഹി' എന്ന പേരും ലഭിച്ചു. 2026-ൽ കേരള രാജ്യാന്തര നാടകമേളയിൽ ‘ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’ എന്ന അവരുടെ നാടകം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സർക്കാർ വിസ നിഷേധിച്ചതിനെ തുടർന്ന്‌ സംഘത്തിന്‌ എത്താനായില്ല. എങ്കിലും ന്യൂയോർക്കിലെ ലാ മാമ പോലുള്ള പ്രശസ്തമായ വേദികളിൽ ഇ‍ൗ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടുവരുന്നു. കലയെയും ആക്ടിവിസത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈനത്ത് നിലകൊള്ളുന്നു. ന്യൂ ഇസ്രായേൽ ഫണ്ട് എസൻഷ്യൽ ആർട്ട് അവാർഡ്, ഇസ്രായേലി സിനിമകളിലെ അഭിനയത്തിന് പലതവണ നാമനിർദേശങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ ഇ‍ൗനത്തിന്‌ ലഭിച്ചു. ഈനത്തിന്റെ നാടകങ്ങൾ ഇസ്രായേലിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്ക് കാരണമായി. 2017-ൽ അക്ര് ഫെസ്റ്റിവലിൽ അവരുടെ നാടകം അവതരിപ്പിക്കുന്നതിനെതിരെ ഇസ്രായേൽ സാംസ്‌കാരിക മന്ത്രാലയം രംഗത്തുവരികയും ഫണ്ട് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലസ്തീൻ തടവുകാരുടെ കത്തുകൾ അടിസ്ഥാനമാക്കി നിർമിച്ച നാടകങ്ങൾ "ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു’ എന്ന് ആരോപിച്ച് ഇസ്രായേൽ സർക്കാർ പലപ്പോഴും തടയാൻ ശ്രമിച്ചു. വ്യക്തിപരമായി ഇസ്രായേലി ഭീഷണിയുടെ നടുവിലാണ്‌ ഇ‍ൗനത്തിന്റെയും കുടുംബത്തിന്റെയും ജീവിതം. നിരവധി തവണ കുഞ്ഞുങ്ങൾ ഉൾപ്പടെ ഇസ്രായേലികളുടെ ശാരീരികാക്രമണത്തിന്‌ ഇരയായി. ഇസ്രായേൽ മതേതര ജനാധിപത്യ രാഷ്‌ട്രമാകണമെന്ന്‌ ആവശ്യപ്പെടുന്ന ബാലാദ്‌ പാർടി അംഗമാണ്‌. ഇ‍ൗനത്‌ വീസ്‌മാനുമായി നടത്തിയ ഓൺലൈൻ അഭിമുഖം.


? ഇസ്രായേലി ടിവിയിലും സിനിമയിലും നിറഞ്ഞുനിൽക്കുന്ന സമയത്താണ്‌ നിങ്ങൾ രാഷ്‌ട്രീയ നാടകങ്ങളിലേക്ക്‌ ചുവടുമാറുന്നത്‌. അതിന്‌ വലിയ വില നൽകേണ്ടതായി വന്നു. ആ മാറ്റം പറഞ്ഞുകൊണ്ട്‌ തുടങ്ങിക്കൂടെ.

= അതെ, തീർച്ചയായും. 2014-ൽ ഗാസയിലെ ആക്രമണ സമയത്ത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. ടീഷർട്ടിൽ പലസ്തീൻ പതാകയുടെ ചിത്രവുമായി ഞാൻ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. 2006-ൽ എടുത്ത ഫോട്ടോയാണ്‌. പക്ഷേ ആളുകൾ അത് 2014-ൽ ഗാസയിലെ ആക്രമണ സമയത്ത് എടുത്തതാണെന്ന് കരുതി എനിക്കെതിരെ വിദ്വേഷപ്രചാരണം ആരംഭിച്ചു. എന്റെ പ്രവർത്തികളെല്ലാം തടയാനും എന്റെ സിനിമകളും ടിവി പരമ്പരകളും കാണരുതെന്നുമുൾപ്പടെ നിരവധി ആഹ്വാനങ്ങൾ ഉണ്ടായി. സോഷ്യൽ മീഡിയ ആക്രമണങ്ങളുണ്ടായി. ജീവന് ഭീഷണിയുണ്ടായി, ബലാത്സംഗഭീഷണിയും ഉണ്ടായി. ആളുകൾക്ക് എന്നെ തിരിച്ചറിയാമായിരുന്നതിനാൽ വിദ്വേഷം തെരുവുകളിലും തുടർന്നു. കുറച്ചു കാലത്തേക്ക് ഞാൻ തനിച്ച്‌ തെരുവുകളിൽ നടക്കാൻ ഭയപ്പെട്ടു.

കരിയർ രക്ഷിക്കണമെങ്കിൽ വാർത്താസമ്മേളനം നടത്തി മാപ്പുപറയണമെന്നും ഇസ്രായേലിനുവേണ്ടി നിലകൊള്ളുന്നുവെന്ന് വിശദീകരിക്കുകയും വേണമെന്ന്‌ എന്റെ ഏജന്റ് പറഞ്ഞു. അല്ലാത്തപക്ഷം ഇനി സിനിമയ്‌ക്കു വേണ്ടിയുള്ള ഒരു ഓഡിഷനിലേക്കും അയക്കില്ല എന്നും അയാൾ തീർത്തുപറഞ്ഞു. എങ്കിൽ വേണ്ട എന്നുതന്നെയായിരുന്നു എന്റെ മറുപടി. സംഭവിച്ചതിനെക്കുറിച്ചെല്ലാം ഞാൻ ഒന്ന്‌ ചിന്തിച്ചു. പിഴവു പറ്റിയിട്ടില്ല എന്ന്‌ തിരിച്ചറിഞ്ഞു. മുഖ്യധാരാ അഭിനേതാവ്‌ എന്ന നിലയിൽ ആളുകളുടെ സ്നേഹം മാത്രം ലഭിച്ചിരുന്ന ഒരാളാണ്‌ ഞാൻ, പെട്ടെന്ന് അങ്ങേയറ്റം വെറുക്കപ്പെടുകയാണ്‌. എന്നെ അഭിനയത്തിൽ നിന്ന്‌ വിലക്കി. ഞാൻ വല്ലാത്ത മാനസികാവസ്ഥയിലായി. പക്ഷെ സൈക്കോ തെറാപ്പിക്ക്‌ പോകാനല്ല തീരുമാനിച്ചത്‌; എനിക്കുണ്ടായ അനുഭവത്തെ വേദിയിൽ അവതരിപ്പിക്കാനാണ്‌. അങ്ങനെയാണ്‌ എന്റെ ആദ്യ നാടകം ‘ലജ്ജ' ഉണ്ടായത്. കലയും രാഷ്‌ട്രീയവും സംഗമിക്കുന്ന ഒരു ഘട്ടമായിരുന്നു അത്‌.

ഞാൻ ആക്ടിവിസത്തെ നാടകത്തിലേക്ക് കൊണ്ടുപോയി. - പൊതുവേദിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ, എന്റെ കഥയെ വേദിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. നാടകം വളരെ ഫലപ്രദമായ മാധ്യമമാണെന്നും എന്റെ എല്ലാ ആക്ടിവിസവും അരങ്ങിലേക്ക് മാറ്റാനാവുമെന്നും മനസ്സിലാക്കി. ഇസ്രായേലിലെ ഒരു വെളുത്ത ജൂതൻ എന്ന നിലയിൽ എനിക്ക് ചില പരിഗണനകൾ ഉണ്ടായിരുന്നു. അതുപയോഗിച്ച് പലസ്തീൻ കലാകാരന്മാർക്ക്, പൊതുവെ പലസ്തീനികൾക്ക് പറയാനാവാത്ത പലതും ഞാൻ വിളിച്ചുപറയുന്നു. എന്നെ നിരോധിക്കാൻ കഴിയും, പക്ഷേ എന്റെ കലാസൃഷ്ടിയുടെ പേരിൽ ഇതുവരെ എന്നെ തടവിലാക്കിയിട്ടില്ല.

‘പ്രിസണേഴ്‌സ്‌ ഓഫ്‌ ദ ഓക്യുപ്പേഷൻ’ നാടകത്തിൽനിന്ന്‌‘പ്രിസണേഴ്‌സ്‌ ഓഫ്‌ ദ ഓക്യുപ്പേഷൻ’ നാടകത്തിൽനിന്ന്‌

ഞാൻ ഇസ്രായേലി ടിവിയിൽ അഭിനയിക്കുന്നില്ല എന്ന്‌ തീരുമാനിച്ചു. കാരണം റാഡിക്കൽ ഇടതുപക്ഷം, രാജ്യദ്രോഹി എന്നിങ്ങനെ മുദ്രകുത്തപ്പെട്ടതിനാൽ എന്നോടൊപ്പം പ്രവർത്തിക്കാൻ മറ്റു കലാകാരന്മാർ ഭയപ്പെടാൻ തുടങ്ങി. ഇസ്രായേലികളേക്കാൾ പലസ്തീനികൾക്കൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് എളുപ്പമായിത്തോന്നി. 2022ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബാലാദ്- പാർടിയിൽ ചേർന്നു. ഞാൻ രാഷ്‌ട്രീയ പശ്‌ചാത്തലമുള്ളയാളായിരുന്നില്ല. കലാകാരിയാണ്, പക്ഷെ ഞാൻ ചെയ്‌ത നാടകം ഒരു രാഷ്ട്രീയ രൂപമായിരുന്നു. നാടകം വളരെ പ്രധാനമായിരിക്കുന്പോൾ തന്നെ, അത് സൃഷ്ടിക്കുന്ന സഖ്യങ്ങളും സമൂഹങ്ങളും അതിനേക്കാൾ പ്രധാനമായിരുന്നു. ഞാൻ ബോധപൂർവം ശ്രമിക്കാതെ തന്നെ ഒരു രാഷ്ട്രീയ വേദിയും രാഷ്‌ട്രീയ സമൂഹവും കെട്ടിപ്പടുക്കുകയായിരുന്നു.

? നിങ്ങൾ നേരിട്ട അനുഭവങ്ങൾ ഇപ്പോഴും തുടരുന്നുണ്ടോ.

= ഒരു സയണിസ്റ്റ് വിരുദ്ധ ജൂത എന്ന നിലയിൽ, തീർച്ചയായും എന്റെ ജോലിക്കും സ്ഥാനങ്ങൾക്കും വലിയ വില നൽകേണ്ടിവന്നതാണ്‌ മുമ്പേ പറഞ്ഞത്‌. കുടുംബത്തിന്‌ നേരിട്ട ആക്രമണങ്ങളെക്കുറിച്ച്‌ പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്‌. പ്രതിരോധവും വിലക്കും ഇപ്പോൾ ശക്തമാക്കിയിരിക്കുകയാണ്‌. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് എന്നെ പുറത്താക്കി. വംശഹത്യയ്‌ക്കെതിരെ സംസാരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ഏജന്റ് എനിക്ക്‌ ജോലി നൽകുന്നത്‌ അവസാനിപ്പിച്ചു. ഇപ്പോൾ ഇവിടെയും അവിടെയും കുറച്ച് മണിക്കൂർ മാത്രമാണ്‌ പഠിപ്പിക്കുന്നത്‌, ചിലപ്പോൾ മാസത്തിലൊരിക്കൽ മാത്രം. വിദ്വേഷ സന്ദേശങ്ങളും ഭീഷണികളും ഇപ്പോഴും തുടരുന്നുണ്ട്‌.


? തൃശൂരിൽ നടന്ന അന്താരാഷ്‌ട്ര നാടകോത്സവത്തിൽ നിങ്ങൾ അവതരിപ്പിക്കേണ്ടിയിരുന്ന ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകത്തെക്കുറിച്ച് വിവരിക്കാമോ.

= ഞങ്ങളെ സംബന്ധിച്ചിടത്തോളം ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്നത് നെഞ്ചിൽതൊട്ട, ഒപ്പം നിർബന്ധമായി ചെയ്യേണ്ട ഒന്നായിരുന്നു. ഗാസയിലെ തിയേറ്റർ ഫോർ എവരിബഡി അടക്കം കലാകേന്ദ്രങ്ങൾ, വിശേഷിച്ച്‌ നാടകശാലകൾ തകർക്കപ്പെട്ടപ്പോൾ, അതിനോട് പ്രതികരിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് തോന്നി. പോളിഷ് നാടകകൃത്തായ സ്ലാവോമിർ മ്രോസെക്ക് 1974-ൽ എഴുതിയ വിഖ്യാതമായ നാടകം ‘ദി എമിഗ്രന്റ്‌സ്’ ആണ്‌ തിയറ്റർ ഫോർ എവരിബഡിയിൽ അരങ്ങേറിയ അവസാന നാടകം. ‘ദ ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’യിലൂടെ ഞങ്ങൾ ആ നാടകം പുനർനിർമിക്കാൻ ശ്രമിക്കുകയായിരുന്നു. ഗാസയിലെ വംശഹത്യ തുടങ്ങുന്നതിന് മുമ്പ്‌ വിഖ്യാത നാടകപ്രവർത്തകരായ ഹൊസ്സാം അൽ-മദ്‌ഹൂൻ, ജമാൽ അൽ-റൂസി എന്നിവർ ഇ‍ൗ നാടകം അവതരിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് അത്‌ നിർത്തേണ്ടി വന്നു. പക്ഷേ പക്ഷെ ‘ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’ കേവലം പുനരാവിഷ്‌കാരമല്ല.

അന്യനാട്ടിൽ ഒരു ചെറിയ ബേസ്‌മെന്റ്‌ മുറിയിൽ കഴിയുന്ന രണ്ട് കുടിയേറ്റക്കാരുടെ കഥയാണ്‌ ‘എമിഗ്രന്റസ്‌’ പറഞ്ഞത്‌. ഒരാൾ രാഷ്ട്രീയ അഭയാർഥിയും മറ്റൊരാൾ പണമുണ്ടാക്കാൻ വന്ന സാധാരണ തൊഴിലാളിയുമാണ്. സ്വാതന്ത്ര്യം, അടിമത്തം, സ്വന്തം നാട് നഷ്ടപ്പെട്ടവരുടെ ഏകാന്തത, ദാരിദ്ര്യം എന്നിവയാണ് ‘എമിഗ്രന്റ്‌സ്‌’ ചർച്ച ചെയ്‌തത്. ഗാസയിലെ ജനങ്ങളുടെ അവസ്ഥയുമായി ഇതിന് വലിയ സാമ്യമുള്ളതിനാലാണ് ഹൊസ്സാം അൽ-മദ്‌ഹൂനും സംഘവും ഈ നാടകം ഗാസയിൽ അവതരിപ്പിച്ചത്. ഉപരോധിക്കപ്പെട്ട ഗാസയും ഒരു വലിയ 'ബേസ്‌മെന്റ്' ആണെന്ന് അവർ വിശ്വസിച്ചു. ഞങ്ങൾ ഇതിനെ ഒരു പ്രതിരോധമായാണ്‌ കണ്ടത്‌.

ഞങ്ങളുടെ അവതരണത്തിൽ നാടകത്തിന്റെ ഇടയിൽ അഭിനേതാക്കൾ പെട്ടെന്ന് അഭിനയം നിർത്തുകയും സ്റ്റേജിൽ വച്ച് തന്നെ ഇതിലെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. ഓരോ തവണ അഭിനേതാക്കൾ ‘എമിഗ്രന്റ്‌സി’ലെ രംഗങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോഴും അവർക്ക് പൂർത്തിയാക്കാൻ കഴിയാതാവുന്നു. പലപ്പോഴും പരാജയപ്പെടുന്നു. ആ ഘട്ടത്തിൽ യുദ്ധമാരംഭിച്ച കാലത്ത്‌ ഹൊസ്സാം അൽ-മദ്‌ഹൂൻ ഗാസയിൽ നിന്ന് അയച്ച സന്ദേശങ്ങളും കത്തുകളും അതേപ്പടി വായിക്കുന്നു. നാടകത്തിലുടനീളം ഇസ്രായേൽ പൗരത്വമുള്ള, പലസ്തീൻ അഭിനേതാക്കൾ കഠിനമായ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നുണ്ട്. താരതമ്യേന സുരക്ഷിതമായ ഇടങ്ങളിൽ ജീവിക്കുന്ന -തങ്ങൾക്ക്‌ ഇത്തരം നടകം കളിക്കാനുള്ള അവകാശമാണ്‌ അവരെ ആദ്യം അലട്ടിയത്‌. ഗാസയിലെ സഹോദരങ്ങളുടെ അവസ്ഥയിലേക്ക് എങ്ങനെയാണ് തങ്ങൾക്ക് ഇറങ്ങിച്ചെല്ലാൻ പറ്റുക? എന്നീ പ്രശ്‌നങ്ങൾ അഭിനേതാക്കളെ അലട്ടി. മഹത്തായ സാംസ്‌കാരിക പാരന്പര്യമുള്ള പലസ്തീന്റെ കലയും നാടകവും കഥകളും നിലനിൽക്കുക തന്നെ വേണമെന്ന ഞങ്ങളുടെ നിർബന്ധമാണ് ‘ ദ ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’

ഈനത്‌ വീസ്‌മാൻഈനത്‌ വീസ്‌മാൻ

? പലസ്‌തീനിയൻ സംസ്‌കാരത്തിന്‌ എന്തു സംഭവിക്കുന്നു.

= പലരും വ്യാഖ്യാനിക്കുന്നതുപോലെ പലസ്‌തീനിൽ നടക്കുന്നത്‌ കേവലം വംശഹത്യയോ ഒരു ദേശത്തെ ഇല്ലാതാക്കലോ മാത്രമല്ല. ഒരു ജനതയുടെ സംസ്‌കാരത്തെതന്നെ ഇല്ലാതാക്കലാണ്‌, അത്തരത്തിലൊരു സംസ്‌കാരം നിലനിന്നിരുന്നു എന്ന അറിവും ഓർമയും ഇല്ലാതാക്കലാണ്‌. പലസ്‌തീൻ വളരെ ബൃഹത്തായ സാംസ്‌കാരിക പാരന്പര്യമുള്ള മണ്ണാണ്‌. യുനെസ്‌കോ ലോക സാംസ്‌കാരിക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ തത്‌രീസ് എന്ന പരമ്പരാഗത തുന്നൽവേലയ്‌ക്ക്‌ 3,000 വർഷത്തിലേറെ പഴക്കമുണ്ട്. പലസ്തീന്റെ ദേശീയ നൃത്തരൂപമായ ദബ്കെയും യുനെസ്‌കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി. ഹിഖായ എന്ന സ്ത്രീകൾ മാത്രം പറയുന്ന പലസ്തീനിയൻ നാടോടിക്കഥകളും യുനെസ്‌കോ സാംസ്‌കാരിക പൈതൃക പട്ടികയിലുള്ളതാണ്‌. വിഖ്യാതവും പരന്പരാഗതവുമായ കരകൗശല വിദ്യകളുടെ മണ്ണാണ്‌, ഹെബ്രോൺ നഗരം ലോകപ്രശസ്തമായ ഗ്ലാസ് നിർമാണ കേന്ദ്രമാണ്‌. ഒലീവ് തടിയിൽ ശിൽപവേല ചെയ്യുന്നവരാണ്‌ ബെത്‌ലഹേമിലെ കലാകാരന്മാർ. ‘അതാബ', ‘ദലോന' തുടങ്ങിയ പാരന്പര്യ നാടോടി സംഗീതം പലസ്‌തീനിനുണ്ട്‌. മഹ്‌മൂദ് ദർവിഷ്, ഗസ്സാൻ കനഫാനി, എഡ്വേർഡ് സൈദ്, ഫദ്‌വ തുഖാൻ, മുരീദ് ബർഗൂത്തി, അദാനിയ ഷിബ്ലി, 2025-ൽ പുലിറ്റ്‌സർ പുരസ്‌കാരം നേടിയ മുസാബ് അബു തോഹ തുടങ്ങി ലോകോത്തര കവികൾക്കും ചിന്തകർക്കും എഴുത്തുകാർക്കും പലസ്‌തീൻ ജന്മം നൽകിയിട്ടുണ്ട്‌. 1920കളിലെ സാംസ്‌കാരിക നവോത്ഥാനകാലത്ത്‌ പലസ്‌തീനിലെമ്പാടും അറബ്‌ ഗ്രന്ഥങ്ങളെയും വിവർത്തനം ചെയ്‌ത യൂറോപ്യൻ നാടകങ്ങളെയും ആധാരമാക്കിയുള്ള തിയറ്റർ അവതരണങ്ങളുണ്ടായിരുന്നു. 1961ലെ ജൂൺ യുദ്ധമെന്നറിയപ്പെടുന്ന മൂന്നാം അറബ്‌ ‐ഇസ്രയേലി യുദ്ധത്തിന്‌ ശേഷം പലസ്‌തീനിയൻ സ്വത്വത്തോടെയുള്ള ഒരു തിയറ്ററിനെക്കുറിച്ച്‌ കിനാവുകാണാൻ തുടങ്ങി. ഓസ്‌ലോ കരാറോടെ 1994ൽ ഈ സ്വപ്‌നത്തിന്‌ കുറേക്കൂടി തെളിമയും ഊർജവും കൈവന്നു. 1948ലെ പലസ്‌തീനിയൻ യുദ്ധത്തിനുമുമ്പ്‌ ദൃശ്യകലാപാരമ്പര്യമെന്നത്‌ ഹക്കാവതി കഥപറച്ചിലും നിഴൽപ്പാവക്കൂത്തും ജാഫയിലെയും ജെറൂസലേമിലെയും നിശാക്ലബുകളിലും മറ്റും നടന്ന പാശ്‌ചാത്യ രംഗാവതരണങ്ങളുമായിരുന്നു. 19ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജാഫയിലും നസ്‌റേത്തിലും ഹൈഫയിലും പ്രാദേശിക നാടകസംഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങി. 1911ൽ ഹാംലറ്റ്‌ ഗാസയിൽ അറബി ഭാഷയിൽ അവതരിപ്പിച്ചു. 1948ന്‌ ശേഷം 1966 വരെയുള്ള കാലത്ത്‌ സ്‌കൂളുകളിലോ ചർച്ചുകളിലോ നടന്ന നേരംപോക്ക്‌ മാത്രമായി നാടകം മാറി.

1967ലെ യുദ്ധത്തിന്റെ സാംസ്‌കാരികപ്രതിഫലനം പലസ്‌തീനി ജനതയുടെ ഐക്യപ്പെടലും പുതിയ നാടകഭാഷയ്‌ക്കായുള്ള അന്വേഷണവുമാണ്‌. ഇക്കാലത്തെ ശ്രദ്ധേയമായ വ്യക്തിത്വം ഫ്രങ്കോയിൻ അബു സലേമിന്റേതാണ്‌. 1971ൽ അബു സലേം ബലാലിൻ തിയറ്ററിന്‌ രൂപം കൊടുക്കുന്നതോടെ പലസ്‌തീനിയൻ തിയറ്ററിന്റെ പുതിയ ഘട്ടം ആരംഭിച്ചു. അതൊരു നേരംപോക്കായിരുന്നില്ല, രാഷ്‌ട്രീയ പ്രവർത്തനം കൂടിയായിരുന്നു. ‘അൽ ആത്‌മഹ്‌’ ഉൾപ്പടെയുള്ള നിരവധി നാടകങ്ങൾ അതുവരെയുള്ള കാഴ്‌ചാശീലത്തെയും ചിന്താശീലത്തെയും തിരുത്തി. ബ്രഹ്‌തോൾഡ്‌ ബ്രഹ്‌റ്റിന്റെ അലീനിയേഷൻ തിയറി, പിന്നീട്‌ ഫ്രീഡം തിയറ്ററും അഷ്‌തർ തിയറ്ററും കൈക്കൊണ്ട അഗസ്റ്റോ ബോളിന്റെ മർദിതന്റെ നാടകവേദി ശൈലി... ഇങ്ങനെ 70കളോടെ നാടകത്തിലെ പരീക്ഷണാത്മകത സജീവമായി. സെൻസറിങ്ങിനെ ഒഴിവാക്കി സമകാലീനപ്രശ്‌നങ്ങൾ വേദിയിലെത്തിക്കാൻ മെറ്റാതിയറ്ററിക്കൽ പരീക്ഷണങ്ങൾ നിരവധിയുണ്ടായി.


പലസ്‌തീനിയൻ സിനിമയ്‌ക്കും ഇ‍ൗ സന്പന്ന ചരിത്രമുണ്ട്‌. 1935-ൽ ഇബ്രാഹിം ഹസ്സൻ സിർഹാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘സജാൾ’ തുടങ്ങി അത്‌ ആരംഭിക്കുന്നു. ജാഫ കേന്ദ്രീകരിച്ച് സിനിമാക്കമ്പനികൾ അന്നേ സജീവമായിരുന്നു. മുസ്തഫ അബു അലി ഈ കാലഘട്ടത്തിലെ പ്രധാന സംവിധായകനായിരുന്നു. ഓസ്‌കാർ നാമനിർദേശം ലഭിച്ച ‘പാരഡൈസ് നൗ' സിനിമയുടെ സംവിധായകൻ ഹാനി അബു അസദ്, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ ‘ഡിവൈൻ ഇന്റർവെൻഷൻ' സിനിമയുടെ സംവിധായകൻ എലിയ സുലൈമാൻ, പലസ്തീനിലെ ആദ്യ വനിതാ സംവിധായികരിൽ ഒരാളും സമീപകാലത്ത്‌ വലിയ ചർച്ചയായ ‘പലസ്‌തീൻ 36' എന്ന ചിത്രത്തിന്റെ സംവിധായികയുമായ ആനിമേരി ജാസിർ എന്നിവർ ശ്രദ്ധേയരാണ്‌. സമീപകാലത്ത്‌ പലസ്തീനിയൻ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു. ‘പലസ്‌തീൻ 36' , കൗതർ ബെൻ ഹനിയയുടെ ‘ദ വോയ്‌സ്‌ ഓഫ്‌ ഹിന്ദ്‌ രജബ്‌', ചെറിയാൻ ഡാബിസിന്റെ ‘ആൾ ദാറ്റ്‌സ്‌ ലെഫ്‌റ്റ്‌ ഓഫ്‌ യു’ എന്നീ ചിത്രങ്ങൾ 2026-ലെ ഓസ്‌കാർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി. 2025-ൽ പലസ്തീൻ-‐ ഇസ്രായേൽ കൂട്ടായ്മ നിർമിച്ച‘നോ അദർ ലാൻഡ്‌' മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടി.

"പലസ്‌തീൻ, ഇയർ സീറോ’ നാടകത്തിലെ രംഗം"പലസ്‌തീൻ, ഇയർ സീറോ’ നാടകത്തിലെ രംഗം

ഇങ്ങനെ സമ്പന്നമായ പലസ്‌തീനിയൻ സംസ്‌കാരത്തെ, അതിന്റെ അടയാളങ്ങളെപ്പോലും പോലും ഇല്ലാതാക്കലാണ്‌ ഇസ്രയേലിന്റെ ലക്ഷ്യം. വിശേഷിച്ച്‌ ഗാസയിൽ. ഗാസയിലെ സാംസ്‌കാരിക അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട റഷാദ് ഷാവ സാംസ്‌കാരിക കേന്ദ്രം 2023 നവംബറിൽ തകർക്കപ്പെട്ടു. സെയ്ദ് അൽ-മിഷ്ഹാൽ സാംസ്‌കാരിക കേന്ദ്രം ഗാസയിലെ ഏറ്റവും വലിയ ആർട്സ് കോംപ്ലക്‌സ്‌ ആയിരുന്നു. ഇത് 2018-ലെ വ്യോമാക്രമണത്തിൽ തകർന്നു, ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഓർത്തഡോക്‌സ്‌ സാംസ്‌കാരിക കേന്ദ്രം, ആശുപത്രികൾക്കുള്ളിലെ ചെറിയ കലാകേന്ദ്രങ്ങൾ തുടങ്ങിയവയും 2023‐25 കാലയളവിൽ ഇല്ലാതാക്കപ്പെട്ടു. കെട്ടിടങ്ങൾ ഇല്ലാതായതോടെ നാടകങ്ങൾ പുതിയ രൂപങ്ങൾ തേടി. സ്‌കൂളുകളിലെ അഭയാർഥി ക്യാമ്പുകളിലും ടെന്റുകളിലും ഇപ്പോൾ നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു. കുട്ടികൾക്ക് മാനസികാശ്വാസം നൽകാനായി ടെന്റുകളിൽ സന്നദ്ധപ്രവർത്തകർ താൽക്കാലിക സിനിമാ സ്‌ക്രീനുകൾ ഒരുക്കുന്നു. കലാപരമായ വിജയങ്ങൾക്കിടയിലും പലസ്തീനിയൻ കലാകാരന്മാർ കടുത്ത പ്രതിസന്ധികൾ നേരിടുന്നു. "നോ അദർ ലാൻഡ്’ പോലുള്ള ചിത്രങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ അമേരിക്കയിലെ വമ്പൻ വിതരണക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടി. 2026 ജനുവരിയിൽ കിഴക്കൻ ജറുസലേമിൽ "പലസ്തീൻ 36’ എന്ന ചിത്രത്തിന്റെ പ്രദർശനം ഇസ്രായേൽ പോലീസ് തടഞ്ഞ്‌ പ്രൊജക്‌ഷനിസ്റ്റിനെ അറസ്റ്റ് ചെയ്തു.

ഗാസയിലെ ഭൂരിഭാഗം നാടകശാലകളും ഇപ്പോഴും അടഞ്ഞുകിടക്കുകയോ തകർക്കപ്പെടുകയോ ചെയ്ത നിലയിലാണ്. 1995ൽ സ്ഥാപിക്കപ്പെട്ട തിയറ്റർ ഫോർ എവരിബഡി ഹൊസാം മദൂനും ജമാൽ അൽറൂസിയും ചേർന്നാണ്‌ സ്ഥാപിച്ചത്‌. 2026ൽ ഇ‍ൗ തിയേറ്ററിന്റെ നാടകശാല ഉൾപ്പടെ തകർക്കപ്പെട്ടു. നിരവധി നാടകപ്രവർത്തകർ നാടുവിടുകയോ കൊലചെയ്യപ്പെടുകയോ ചെയ്‌തു. ഏതാനും മാസം മുമ്പ്, കുട്ടികളുടെ നാടകോത്സവത്തിനിടയിൽ ഇസ്രായേലി പോലീസ് ജറൂസലേമിലെ അൽ-ഹകാവതിയിലെ പലസ്തീൻ നാഷണൽ തിയേറ്റർ റെയ്ഡ് ചെയ്തു. ഒരു നാടകം കാണാൻ പോലും കുട്ടികൾക്ക്‌ കഴിഞ്ഞില്ല. സന്ദേശം വ്യക്തമാണല്ലോ പലസ്‌തീൻ സംസ്‌കാരം, പലസ്തീൻ ശബ്ദങ്ങൾ, പലസ്‌തീൻ കഥകൾ എന്നിവ കുട്ടികൾക്കായിപോലും, ഒരു തിയേറ്ററിലും അവതരിപ്പിക്കാൻ അനുവാദമില്ല. ഞങ്ങളുടെ നാടകം പലസ്തീൻ തിയേറ്റർ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുകൾ സൃഷ്ടിക്കുകയാണ്. അവർ കെട്ടിടങ്ങളെയും ജീവിതങ്ങളെയും നശിപ്പിക്കുക മാത്രമല്ല - ആ സംസ്‌കാരം എപ്പോഴെങ്കിലും നിലനിന്നിരുന്നു എന്ന ഓർമ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.


? നിങ്ങളുടെ നാടകങ്ങൾ എപ്പോഴും പലസ്‌തീനിനെ അഭിസംബോധന ചെയ്യുന്നതെന്തുകൊണ്ടാണ്‌.

= എന്തുകൊണ്ട്‌ അഭിസംബോധന ചെയ്യുന്നു എന്നതല്ല യഥാർഥത്തിൽ ചോദിക്കേണ്ടിയിരുന്നത്‌. നമുക്ക് പലസ്‌തീനിനെക്കുറിച്ച്‌ സംസാരിക്കാതിരിക്കാൻ കഴിയുമോ എന്നാണ്. ഞങ്ങൾക്ക്‌ ജീവിച്ചിരിക്കുന്ന യാഥാർഥ്യമാണത്‌. - ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് ഒന്നര മണിക്കൂർ മാത്രം യാത്രാദൂരമുള്ള ഒരിടത്ത്‌ വംശഹത്യ, അത് ഞങ്ങളെ വല്ലാതെ ബാധിച്ചു. ഞങ്ങളല്ലാതെ മറ്റാരാണ് ഈ കഥകൾ പറയുക? ഇസ്രായേലി മാധ്യമങ്ങളോ? അന്താരാഷ്ട്ര നിരീക്ഷകരോ? അവർക്കാവില്ല, ആയാലും പറയാനാവില്ല. നിങ്ങളറിയുന്ന പല വിവരങ്ങളും ലഘൂകരിച്ചതാണ്‌, മരണക്കണക്ക്‌ പോലും.

മറ്റുള്ളവർക്ക് ഇല്ലാത്ത ശബ്ദങ്ങൾ, സാക്ഷ്യങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയിലേക്ക് ഞങ്ങൾക്ക്‌ പ്രവേശനമുണ്ട്. എന്നെങ്കിലും പലസ്‌തീൻ സ്വതന്ത്രമായാൽ കോമഡികൾ സംവിധാനം ചെയ്യാൻ തുടങ്ങണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നുണ്ട്‌. അതുവരെ എന്നെ അലട്ടുന്ന കാഴ്‌ചകൾ, അനുഭവങ്ങൾ എല്ലാം പലസ്‌തീൻ മാത്രമാണ്‌. മറ്റൊന്നും പറയാൻ എനിക്കാവില്ല. മരണത്തിനും കബന്ധങ്ങൾക്കും നടുവിൽ നിന്ന്‌, അവയുടെ വേദനയും രക്തത്തിന്റെ ഗന്ധവും നിങ്ങളെ അലട്ടുന്നുവെങ്കിൽ, ആ മനുഷ്യരുടെ അനാഥരാക്കപ്പെട്ട രോഗപീഡയനുഭവിക്കുന്ന പട്ടിണിയാൽ മൃതതുല്യമായ, അനാഥകുഞ്ഞുങ്ങളുടെ, അമ്മമാരുടെ മുഖത്തെ കണ്ണീർപ്പാടുകൾ ഉള്ളിൽ തറയുന്നുവെങ്കിൽ നിങ്ങൾക്കെങ്ങനെ തത്വചിന്തയും കോമഡിയും നിങ്ങളുടെ നാടകത്തിലേക്ക്‌ സ്വീകരിക്കാനാവും.


? എന്തുകൊണ്ടാണ് എപ്പോഴും ഡോക്യു-തിയേറ്റർ രൂപം തെരഞ്ഞെടുക്കുന്നത്.

= ഡോക്യുതിയറ്റർ ഒരു തിരഞ്ഞെടുപ്പായിട്ടല്ല, മറിച്ച് ഒരു ധാർമിക ആവശ്യകതയായാണ്‌ തോന്നുന്നത്‌. ഇത്രയേറെ പരുക്കനും വേദനാജനകവുമായുള്ള യാഥാർഥ്യങ്ങൾക്കു നടുവിൽ നിന്ന്‌ എങ്ങനെയാണ്‌ ഫിക്‌ഷൻ അവതരിപ്പിക്കാൻ കഴിയുക. ഇല്ലാതാക്കപ്പെടുന്ന ഒരു വംശമാണ്‌ എന്റെ മുന്നിലുള്ളത്‌. അതാകട്ടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ ഭക്ഷണവും വസ്‌ത്രവും കിടപ്പാടവും ഇല്ലാതെ ജീവിക്കുന്ന സമൂഹം. എന്തിനാണ്‌ എന്ന ചോദ്യം ചോദിക്കാൻ പോലും അവർക്ക്‌ അവകാശമില്ല. ഓരോ നിമിഷവും കടന്നുപോവുന്പോൾ അവർ ചിന്തിക്കുന്നത്‌ ഒരു നിമിഷം കൂടി ഞാൻ ജീവിച്ചല്ലോ എന്നാണ്‌. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടുമെന്ന യാഥാർഥ്യത്തിലാണ്‌ അവർ ജീവിക്കുന്നത്‌. മരണത്തിന്റെയും നാശത്തിന്റെയും കാഴ്‌ചകളിൽ മനോനില തകർന്ന, ഉറ്റവരും ഉടയോരുമില്ലാത്ത പതിനായിരകണക്കിന്‌ കുട്ടികൾ, അതിക്രമങ്ങൾക്ക്‌ ഇരയാവേണ്ടി വന്ന സ്‌ത്രീകൾ... ഇവരുടെ നടുവിൽ നിന്ന്‌ ഞങ്ങൾക്ക്‌ വർണാഭമായ നാടകരൂപം മെനയാനാവില്ല. ഞങ്ങൾക്ക്‌ ലോകത്തോട്‌ പലസ്‌തീനിന്റെ അനുഭവങ്ങൾ പറയണം. അവിടുത്തെ ഓരോ മനുഷ്യനും കുഞ്ഞുങ്ങൾക്കുപോലും ഒരായുസ്സു മുഴുവൻ പറഞ്ഞാലും തീരാത്ത പീഡാനുഭവങ്ങളുണ്ട്. അതിന് വെളിച്ച, സംഗീതങ്ങളുടെ, കാണിയെ രസിപ്പിക്കുന്ന ഫിക്‌ഷന്റെ മേന്പൊടി ചേർത്ത്‌ പറയാനാവില്ല. ഞങ്ങൾ ഒരു അടിയന്തരാവസ്ഥയിലാണ് ജീവിക്കുന്നത്. ഡോക്യു-തിയേറ്റർ അടിയന്തരാവസ്ഥയിലെ തിയറ്റർ രൂപമാണ്.


? പുതിയ രാഷ്‌ട്രീയാന്തരീക്ഷത്തിൽ പലസ്‌തീനിൽ എന്താണ്‌ സംഭവിക്കുന്നത്‌.

= എല്ലാവരും പലസ്‌തീനിലെ പുതിയ രാഷ്‌ട്രീയകാലാവസ്ഥയെക്കുറിച്ച്‌ ചോദിക്കുന്നു. അങ്ങനെയൊരു "പുതിയ രാഷ്ട്രീയ കാലാവസ്ഥ’ ഇല്ല. അധിനിവേശ രാഷ്‌ട്രീയത്തിനും അതിന്റെ ആത്യന്തികലക്ഷ്യമായ വംശഹത്യയ്‌ക്കും അവസാനമില്ലാത്തിടത്ത്‌ എന്ത്‌ പുതിയ രാഷ്‌ട്രീയകാലാവസ്ഥ? അതിജീവനം മാത്രമാണിപ്പോൾ മുന്നിലുള്ളത്‌.

പലസ്‌തീനിൽ ബോംബുവർഷം മാത്രമാണ്‌ നിലച്ചത്‌. ഉപരോധവും വംശഹത്യയും വർധിതശക്തിയിൽ തുടരുകയാണ്‌. പൂർണമായും അടച്ചിടപ്പെട്ട ഗാസയാണ്‌ ഇപ്പോഴുള്ളത്‌. ജനങ്ങൾ പട്ടിണിയിലാണ്. ചികിത്സാസാമഗ്രികളില്ല, പുനർനിർമാണത്തിനുള്ള അസംസ്‌കൃതവസ്‌തുക്കളില്ല. അധിനിവേശം നിലയ്‌ക്കുന്നേയില്ല. റെയ്ഡുകളും അറസ്റ്റുകളും തുടരുന്നു, വീടുകൾ തകർക്കുന്നു.പട്ടിണിക്കിട്ടും ചികിത്സ നൽകാതെയും കൊല്ലപ്പെടുന്നവരുടേതാണ്‌ പുതിയ ഗാസ. വെടിനിർത്തൽ എന്നത്‌ ശാന്തതയാണെന്ന്‌ ലോകത്തിന്റെ ധാരണ മാത്രമാണ്‌. പ്രകടമായ അക്രമം മാത്രമാണ്‌ നിർത്തിയത്‌. പുറമേയ്‌ക്കറിയാതെ മറ്റെല്ലാം തുടരുന്നു.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ റഷാദ്‌ ഷാവ സാംസ്‌കാരിക കേന്ദ്രംഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ റഷാദ്‌ ഷാവ സാംസ്‌കാരിക കേന്ദ്രം

? ദീർഘകാല അധിനിവേശം കുട്ടികളെയും സ്ത്രീകളെയും എത്രത്തോളം ബാധിച്ചിട്ടുണ്ട്.

= എങ്ങനെയാണ്‌ ഇതിനുത്തരം പറഞ്ഞ്‌ തുടങ്ങുക എന്ന്‌ എനിക്കറിയില്ല. ഇ‍‍ൗ തലമുറയിലെ കുഞ്ഞുങ്ങളുടേയും സ്‌ത്രീകളുടേയും അനുഭവം പറഞ്ഞാൽ മതിയാകില്ലല്ലോ. 78 വർഷമായി നടക്കുന്ന അധിനിവേശം തലമുറകളിൽ ഉണ്ടാക്കിയ സ്വാധീനം എങ്ങനെയാണ്‌ അളക്കാനാവുക. വെസ്റ്റ് ബാങ്കിലും ജറൂസലേമിലും ഇസ്രായേലിലെ പലസ്‌തീൻ പൗരന്മാരിലും - അധിനിവേശത്തിനു കീഴിലുള്ള എല്ലായിടത്തും പലസ്‌തീൻ സ്ത്രീകൾക്കും കുട്ടികൾക്കും അക്രമം സ്ഥിരാനുഭവമാണ്. അച്ഛൻമാർ അറസ്റ്റ് ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതും വീടുകൾ തകർക്കപ്പെടുന്നതും അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെടുന്നതും കണ്ട്‌ വളരുന്ന കുട്ടികളുടെ മനോനില നിങ്ങൾക്ക്‌ ഉ‍ൗഹിക്കാനാവുമോ? ഒരു തുള്ളി വെള്ളത്തിനുവേണ്ടി നിലവിളിക്കുന്ന കുട്ടികളുടെ, രോഗത്തിന്റെ വേട്ടയിൽ തളർന്നുകിടക്കുന്ന കുട്ടിയുടെ മനോനില സങ്കൽപ്പിക്കാനാവുമോ? തങ്ങൾ നിലനിൽക്കുന്നതുതന്നെ സയണിസ്റ്റുകളും അവരുടെ കൂട്ടാളികളും ഒരു ഭീഷണിയായി കണക്കാക്കുന്നുവെന്ന് പലസ്‌തീനികൾ തിരിച്ചറിയുന്നുണ്ട്‌.


? സയണിസവുമായി യോജിക്കാത്ത ഇസ്രായേലി സമൂഹം എങ്ങനെയാണ്‌ പലസ്‌തീൻ പ്രശ്‌നത്തോട്‌ പ്രതികരിക്കുന്നത്‌.

= ഞങ്ങൾ വളരെ കുറവാണ്, കുറഞ്ഞുവരികയാണ്. ഇസ്രായേലി സമൂഹം വലതുപക്ഷത്തേക്ക് വളരെയധികം ചായുകയാണ്‌. എനിക്ക്‌ തോന്നുന്നത്‌ ഇസ്രയേലിൽ മാത്രമല്ല ലോകത്തെന്പാടും ഇ‍ൗ തീവ്രവലതുപക്ഷ ചായ്‌വ്‌ രൂക്ഷമാണ്‌ എന്നാണ്‌. ഇസ്രയേലിൽ പൊതുസമൂഹത്തിലെ ചർച്ചകൾ കൂടുതൽ തീവ്രവും അക്രമാസക്തവും പരസ്യമായി വംശഹത്യയെ ന്യയീകരിക്കുന്നതുമായി തീർന്നിട്ടുണ്ട്‌. സയണിസത്തെ എതിർക്കുന്ന, പലസ്‌തീനോടൊപ്പം നിൽക്കുന്ന ഇസ്രായേലി ജൂതന്മാരുണ്ട്. കലാകാരന്മാർ, അക്കാദമിക് വിദഗ്ധർ, ആക്ടിവിസ്റ്റുകൾ. പക്ഷേ അവർ പൂർണമായ ഒറ്റപ്പെടലിനെ നേരിടുന്നു. ജോലി നഷ്ടപ്പെടുന്നു, സുഹൃത്തുക്കളെ നഷ്ടപ്പെടുന്നു, അവരെ രാജ്യദ്രോഹികളെന്നും സ്വയം വെറുക്കുന്ന ജൂതന്മാരെന്നും വിളിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ നില ദയനീയമാണ്‌.

‘ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’ നാടകത്തിലെ രംഗം ‘ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’ നാടകത്തിലെ രംഗം

? ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലിനെ നാടകത്തിന് ചെറുക്കാനാവുമോ.

= നാടകത്തിന് അത്തരത്തിൽ ചെറുക്കാൻ കഴിയുമെന്ന് ഉറപ്പില്ല. ഫാസിസത്തെ തടയാൻ തിയേറ്ററിന് കഴിയില്ലെങ്കിലും അതിന്റെ ആഖ്യാനത്തെ നിയന്ത്രിക്കാൻ നാടകത്തിന്‌ കഴിയും. ഇസ്രായേലിലും ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും എല്ലായിടത്തും തീവ്രവലതുപക്ഷം ഒരേ രീതിയിൽ പ്രവർത്തിക്കുന്നു. നാടകം സത്യത്തിന് ഇടം സൃഷ്ടിക്കുന്നു. ആശയാദർശങ്ങളുടെ ലോകം സൃഷ്‌ടിക്കാൻ നാടകത്തിനാവും. മറ്റേത്‌ കലയേക്കാളും അക്കാര്യത്തിൽ നാടകത്തിനാണ്‌ കൂടുതൽ മനുഷ്യരെ ശരിയോടൊപ്പം, മനുഷ്യവംശത്തോടൊപ്പം നിർത്താനാവുക. അതുകൊണ്ടുതന്നെ ഫാസിസം മറ്റേതു കലയേക്കാളും നാടകത്തെ ലക്ഷ്യമിടുന്നുണ്ട്‌. അത്‌ വിലക്കും നിരോധനവും കൊണ്ടുമാത്രമല്ല, പല രീതിയിൽ ഫാസിസവും മുതലാളിത്തവും തിയറ്ററിനെ, നാടകപ്രവർത്തകരെ, വരുതിയിൽ നിർത്താൻ ശ്രമിക്കുന്നു. സുരക്ഷിതമായ ഇടങ്ങളിൽ നാടകം കളിച്ച്‌ കൂടുതൽ സുരക്ഷിതരായിരിക്കാൻ നാടകപ്രവർത്തകരെ പ്രേരിപ്പിക്കുകയാണ്‌. നാടകം ഒരിക്കലും സുരക്ഷിത ഇടത്തിലെ കലാവ്യാപാരമല്ല. അതതുകാലത്തെ എല്ലാ തിന്മകളോടും പൊരുതിയാണ്‌ അത്‌ നിലനിന്നത്‌. അത്‌ എക്കാലത്തും പൊളിറ്റിക്കലാണ്‌. എന്നാൽ അത്തരം പൊളിറ്റിക്കൽ കണ്ടന്റുകളെ ഒളിപ്പിക്കുകയും അതൊരു ഉത്സാവാഘോഷം പോലെ ആർഭാടക്കാഴ്‌ചകളിലേക്ക്‌ ചുരുക്കിക്കെട്ടുകയുമാണ്‌. രാഷ്‌ട്രീയം അപകടസാധ്യതയുള്ളതാണെന്ന്‌ നാടകപ്രവർത്തകരെ ഭയപ്പെടുത്തുന്നു. നിരോധനം, വിലക്ക്‌, കോടതി... അതിങ്ങനെ പോകുന്നു. ഇന്ന്‌ മിക്ക തിയേറ്ററുകളും സുരക്ഷിതമാക്കുകയാണ്‌. യഥാർഥ അപകടസാധ്യതകൾ നാടകക്കാർ ഏറ്റെടുക്കാൻ തയ്യാറല്ല. മിക്ക തിയേറ്റർ ഇവന്റുകളും ഉത്സവങ്ങളാകുന്നു. പണം മുടക്കുന്ന കോർപ്പറേറ്റുകൾ, ഇതര ഏജൻസികൾ, സർക്കാരുകൾ‐ ഇവരെ അസ്വസ്ഥമാക്കുന്ന എല്ലാം നാടകത്തിൽ നിന്ന്‌ ഒഴിവാക്കി സുരക്ഷിത ഇടത്തിൽ നാടകക്കാരായി ജീവിക്കാൻ പലരും താൽപ്പര്യപ്പെടുന്നു.


? ഒരു നാടക പ്രവർത്തക എന്ന നിലയിൽ, ലോകത്തോട്, പ്രത്യേകിച്ച് കേരളം പോലുള്ള, പലസ്‌തീനുമായി എപ്പോഴും ഐക്യദാർഢ്യം പ്രഖ്യാപിച്ച സമൂഹങ്ങളോട്, നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്.

= ആദ്യം - നന്ദി പറയുന്നു. കേരളം പലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ, നിശബ്ദത പാലിക്കാൻ വിസമ്മതിക്കുമ്പോൾ, അത് നിങ്ങൾ കരുതുന്നതിനേക്കാൾ പ്രധാനമായി ഞങ്ങൾക്ക്‌ അനുഭവപ്പെടുന്നു. സാക്ഷ്യം വഹിക്കാൻ നിർബന്ധിക്കുന്ന സമൂഹങ്ങളുണ്ടെന്ന് അറിയുന്നത് - ഞങ്ങളെ മുന്നോട്ടുനയിക്കുന്നു. ഇറ്റ്ഫോക്ക് ഫെസ്റ്റിവലിൽ നിങ്ങൾ വാക്കുകളിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുക മാത്രമല്ല, പലസ്‌തീൻ ശബ്ദങ്ങൾക്കും, പലസ്‌തീൻ കലയ്‌ക്കും പലസ്‌തീൻ നിലനിൽപ്പിനും യഥാർഥ ഇടം സൃഷ്ടിക്കുകയാണ്. പ്രായോഗികമായി സാംസ്‌കാരിക ഐക്യദാർഢ്യം ഇങ്ങനെയാണ് കാണപ്പെടുന്നത്. ഇറ്റ്‌ഫോക്ക്‌ വിവാദങ്ങൾ ഒഴിവാക്കുന്നില്ല, നിങ്ങൾ അത് സ്വീകരിക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home