ad
Deshabhimani

നാടകം

ഗുരു ‐ 3

ചിത്രീകരണം: ഷിനോജ് ചോറൻ
avatar
സച്ചിദാനന്ദൻ

Published on Oct 13, 2025, 11:16 AM | 11 min read

രംഗം പതിനൊന്ന്

(‘ദൈവദശക’ത്തിലെ വരികള്‍ കേള്‍ക്കാം):

ആഴിയും തിരയും കാറ്റും

ആഴവും പോലെ ഞങ്ങളും

മായയും നിന്‍ മഹിമയും

നീയുമെന്നുള്ളിലാകണം

നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറ-‐

ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

(പിന്നില്‍നിന്ന്, ഗുരു പിൻവര്‍ഷം ആലുവാ സർവമതസമ്മേളനത്തിന് നല്‍കിയ സന്ദേശഭാഗം മുഴങ്ങുന്നു):

‘ഇവിടെ, ആലുവയില്‍, സർവമത സമ്മേളനത്തിനു കൂടിയ സർവരും അറിവാന്‍: എല്ലാ മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നാണെന്നും ഭിന്നമതാനുയായികള്‍ തമ്മില്‍ കലഹിച്ചിട്ടാവശ്യമില്ലെന്നും ഈ മതമഹാസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ നാം ശിവഗിരിയില്‍ സ്ഥാപിക്കുവാന്‍ വിചാരിക്കുന്ന മഹാപാഠശാലയില്‍ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളുംകൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു.'

ചിത്രീകരണം: ഷിനോജ് ചോറൻചിത്രീകരണം: ഷിനോജ് ചോറൻ

(എ കെ ഗോവിന്ദദാസിന്റെ ‘ഗാന്ധ്യാശ്രമം’ എന്ന വീട്. ഗുരു കാത്തിരിക്കുന്നു. ഗാന്ധി, രാജഗോപാലാചാരിക്ക്‌ പിന്നാലെ ഖദര്‍ മുണ്ട് മാത്രം ധരിച്ച് പുഞ്ചിരിയോടെ എത്തുന്നു. വലിയ ആള്‍ക്കൂട്ടം ചുറ്റും. അവര്‍ ഗാന്ധിജിയെ നമസ്‌കരിക്കുകയും തൊഴുകയും ചെയ്യുന്നു. ഗുരു എണീറ്റ്‌ ഗാന്ധിയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. ഗുരുവിന്റെ ഒരു ശിഷ്യന്‍ ഗാന്ധിയുടെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു.)

ഗുരു: ആവൂ, ഇന്നെങ്കിലും നമുക്ക്‌ ഉപദ്രവം ഒഴിഞ്ഞുകിട്ടി. (ഗാന്ധിജി ചിരിക്കുന്നു)

ഹാളില്‍ ഇരുവരും ഖദര്‍ വിരിച്ച പുല്‍പ്പായയില്‍ ഇരിക്കുന്നു. കുമാരനാശാനും ഉണ്ട്. ശരിക്കും ഗാന്ധിയ്‌ക്കു സംസ്‌കൃതം സംസാരിക്കാന്‍ അറിയാത്തതിനാല്‍ ഇംഗ്ലീഷില്‍ സംസാരിക്കയും ആശാന്‍ പരിഭാഷ നടത്തുകയുമാണ് ചെയ്‌തത്, ഗുരു മലയാളത്തിലും. ഇവിടെ മലയാളം ഉപയോഗിക്കുന്നു.

ഗാന്ധി: സ്വാമിജി, ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ എവിടെയെങ്കിലും അയിത്തം ആചരിക്കാന്‍ പറയുന്നുണ്ടോ?

ഗുരു: ഇല്ല.

ഗാന്ധി: അയിത്തം ഇല്ലാതാക്കാന്‍ വൈക്കത്ത് നടക്കുന്ന സത്യഗ്രഹപ്രസ്ഥാനത്തില്‍ സ്വാമിജിക്ക് അഭിപ്രായവ്യത്യാസമുണ്ടോ?

ഗുരു: ഒട്ടും ഇല്ല.

ഗാന്ധി: ആ പ്രസ്ഥാനത്തില്‍ എന്തെങ്കിലും ചേര്‍ക്കാനോ മാറ്റാനോ ഉണ്ടോ?

ഗുരു: അത് നന്നായി നടക്കുന്നതായി അറിയുന്നു. പിന്നെ എന്തിനു മാറ്റം?

ഗാന്ധി: അധഃകൃത വർഗക്കാരുടെ അവശതകള്‍ മാറ്റുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ എന്താണ് ചെയ്യേണ്ടത്?

ഗുരു: അവര്‍ക്ക് വിദ്യാഭ്യാസം വേണം, സമ്പത്തു വേണം. മിശ്രഭോജനം, മിശ്രവിവാഹം, എല്ലാം നന്ന്, ഉടനടി വേണമെന്നില്ല. പക്ഷെ നന്നാകാനുള്ള സൗകര്യം മറ്റുള്ളവരെപ്പോലെ അവര്‍ക്കും ഉണ്ടാകണം.

ഗാന്ധി: ചിലര്‍ പറയുന്നത് അഹിംസാത്മകമായ സത്യഗ്രഹം വ്യർഥമാണ് എന്നാണ്; ബലപ്രയോഗംകൊണ്ടേ അവകാശം സ്ഥാപിക്കാന്‍ കഴിയൂ എന്നും. സ്വാമിജി ഏതു പക്ഷത്താണ്?

ഗുരു: നമുക്ക്‌ ബലപ്രയോഗത്തില്‍ വിശ്വാസമില്ല, സമീപനമാണ് മാറേണ്ടത്. മുരുക്കുംപുഴയില്‍ നാം എഴുതിവയ്‌പ്പിച്ചത് ‘സത്യം, ധർമം, ദയ, ശാന്തി’ എന്നാണ്. അവയാണ് മൂല്യങ്ങള്‍. അവ ഇല്ലെങ്കില്‍ മതത്തിന്‌ ലോകത്ത് ഒരു സ്ഥാനവുമില്ല. (ചൊല്ലുന്നു)

പൊരുതു ജയിപ്പതസാധ്യമൊന്നിനോടൊ-‐

ന്നൊരു മതവും പൊരുതാലൊടുങ്ങുവീല

പരമതവാദിയിതോര്‍ത്തിടാതെ പാഴേ

പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

ഗാന്ധി: അല്ല, പൊരുതലും ബലപ്രയോഗവും ഹൈന്ദവധർമവിധികളില്‍ പറഞ്ഞിട്ടുണ്ടോ?

ഗുരു: രാജാക്കന്മാരും മറ്റും പണ്ട് അത് ഉപയോഗിച്ചിരുന്നതായി പുരാണങ്ങളില്‍ കാണുന്നു. പക്ഷെ സാധാരണ ജനങ്ങള്‍ക്ക്‌ സാമൂഹ്യമാറ്റത്തിന് അത് നന്നാവില്ല.

ഗാന്ധി: സ്വാതന്ത്ര്യം കിട്ടാന്‍ മതം മാറുകയാണ് ശരിയായ വഴി എന്ന് ചിലര്‍ പറഞ്ഞുകേള്‍ക്കുന്നു. സ്വാമിജി അങ്ങനെ കരുതുന്നുണ്ടോ?

ഗുരു: മതം മാറിയവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു വരുന്നതായി കാണുന്നുണ്ട്. അപ്പോള്‍ ജനങ്ങളും മതപരിവര്‍ത്തനം നല്ലതാണ് എന്ന് കരുതുന്നു. അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

ഗാന്ധി: ആദ്ധ്യാത്മികമായ മോക്ഷം ലഭിക്കാന്‍ ഹിന്ദുമതം മതിയാകും എന്ന് സ്വാമിജി കരുതുന്നുണ്ടോ?

ചിത്രീകരണം: ഷിനോജ് ചോറൻചിത്രീകരണം: ഷിനോജ് ചോറൻ

ഗുരു: ഇതര മതങ്ങളിലും മോക്ഷമാര്‍ഗം ഉണ്ടല്ലോ. നമുക്ക്‌ ഒരു മതത്തോടും വിരോധമില്ല. (‘ആത്മോപദേശശതക’ത്തില്‍നിന്ന് ചൊല്ലുന്നു):

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്‌തിടുന്നു:

ജഗതിയിലിമ്മതമേകമെന്നു ചിന്തി-‐

ച്ചഘമണയാതകതാരമര്‍ത്തിടേണം

ഗാന്ധി: മോക്ഷപ്രാപ്തിക്ക് ഹിന്ദുമതം മതിയോ എന്നാണ്‌ ചോദ്യം.

ഗുരു: ധാരാളം മതി. പക്ഷെ ജനങ്ങള്‍ അധികം ആഗ്രഹിക്കുന്നത് മോക്ഷത്തെക്കാള്‍ ലൗകികമായ സ്വാതന്ത്ര്യമാണല്ലോ. ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യമില്ല.

ഗാന്ധി: ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?

ഗുരു: അത് സഫലമാകാതെ വരില്ല. അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂർണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടി വരും.

ഗാന്ധി: (ചിരിക്കുന്നു) എന്റെ ആയുഷ്‌കാലത്തു തന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധഃകൃതവർഗക്കാരില്‍ തന്നെ അയിത്താചാരമുണ്ടല്ലോ. സ്വാമിജിയുടെ അമ്പലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?

ഗുരു: ഉണ്ട്. ആദ്യം പ്രയാസങ്ങളുണ്ടായി. പുലയ സമുദായത്തിലെയും പറയ സമുദായത്തിലെയും കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ശിവഗിരിയില്‍ താമസിച്ചു പഠിച്ചുവരുന്നു. ആരാധനകളിലും അവര്‍ സംബന്ധിക്കുന്നുണ്ട്. നാം അങ്ങയെപ്പോലെ വർണാശ്രമധർമത്തില്‍ വിശ്വസിക്കുന്നില്ല. അതാണ്‌ സനാതനമെങ്കില്‍ ഞാന്‍ സനാതനിയുമല്ല. അതിപ്പോള്‍ തൊഴില്‍ വിഭജനം മാത്രമല്ല, ആര്‌ മീതെ, ആര്‌ താഴെ എന്ന ചോദ്യത്തിലേക്ക്‌ നയിച്ചിരിക്കുന്നു. ബ്രാഹ്മണാധിപത്യം അപകടമാണ്.

ഗാന്ധി: വളരെ സന്തോഷം.


(തൊഴുത്‌ പിരിയുന്നു, സി വി കുഞ്ഞുരാമന്‍ പ്രവേശിക്കുന്നു)

സി വി: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന അങ്ങയുടെ വചനം പലര്‍ക്കും ദഹിച്ചിട്ടില്ല. പലരും പല വ്യാഖ്യാനവും നല്‍കുന്നു. ആശാന്‍ പോലും ‘വ്യാഖ്യാതാക്കളില്‍ നിന്നും എന്നെ രക്ഷിക്കണേ’ എന്ന് പരിഹസിക്കയല്ലാതെ ഒരു വ്യാഖ്യാനം നല്‍കിയില്ല. അത് അങ്ങുതന്നെ അരുളിചെയ്യണം. ഞങ്ങളുടെ വ്യാഖ്യാനം ജനങ്ങള്‍ സ്വീകരിക്കില്ല.

ഗുരു: അല്ല, കുഞ്ഞുരാമന്‍ എങ്ങനെ വ്യാഖ്യാനിക്കും?

സി വി: മനുഷ്യത്വംകൊണ്ട് മനുഷ്യരെല്ലാം ഒരു ജാതി. അങ്ങ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ, ‘മനുഷ്യാണാം മനുഷ്യത്വം/ ജാതി,ർഗോത്വം ഗവാം യഥാ.’ ഒരു ദൈവം മനുഷ്യന് എന്നതിനെക്കുറിച്ചും വിശ്വാസികള്‍ക്ക് ആക്ഷേപമുണ്ടാവില്ല. ‘ഒരു മതം’ ആണ് പ്രശ്നം. ‘പലമതസാരവുമേകം’ എന്ന് അങ്ങുതന്നെ പറയാഞ്ഞിട്ടല്ല, എങ്കിലും സാധാരണക്കാര്‍ക്ക് അത് പോരാ. ആളുകള്‍ ചോദിക്കുന്നത് ആസ്‌തിക മതത്തിന്റെയും നാസ്‌തികമതത്തിന്റെയും സാരം എങ്ങനെ ഒന്നാകും എന്നാണ്.

ഗുരു: ‘മതം’ എന്ന വാക്കിന്റെ നാനാർഥമാണ് പ്രശ്നം. നാസ്‌തികവാദം ഒരിക്കലും ഒരു ജനസമുദായത്തിന്റെ മതമായിരുന്നിട്ടില്ല. അത് ചില വ്യക്തികളുടെ ‘അഭിപ്രായങ്ങള്‍’ മാത്രമാണ്.

കുഞ്ഞുരാമന്‍ ആസ്‌തികനോ, നാസ്‌തികനോ? നാസ്‌തികനെന്നാണ്‌ കേൾവി.

സി വി: ഇതേവരെ ഞാന്‍ ആസ്‌തികന്‍ ആണെന്നാണ്‌ എന്റെ വിശ്വാസം. ഞാന്‍ ആസ്‌തികരോടും നാസ്‌തികരോടും വാദപ്രതിവാദം നടത്തിയിട്ടുണ്ട്. അതാണ്‌ അങ്ങനെ ഒരു ധാരണ.


ഗുരു: വാദിക്കാന്‍ വേണ്ടി വാദിക്കരുത്. അറിയാനും അറിയിക്കാനുമാണ് സംവാദം. എല്ലാ മതങ്ങളും നദികള്‍ പോലെ ഒരേ ഇടത്തേക്ക്‌ ഒഴുകുന്നു. മതങ്ങളുടെ ധർമം മനുഷ്യരെ സൂക്ഷ്മം അന്വേഷിക്കാന്‍ പ്രേരിപ്പിക്കയാണ്. ആ അന്വേഷണം മനുഷ്യര്‍ തന്നെ നടത്തണം. സൂക്ഷ്മം അറിഞ്ഞവര്‍ക്ക് മതം പ്രമാണമാണോ? മറിച്ച് അവര്‍ മതത്തിന് പ്രമാണമാണ്. ബുദ്ധന് ബുദ്ധമതംകൊണ്ട് പ്രയോജനമുണ്ടോ? അദ്ദേഹം അന്വേഷിച്ചറിഞ്ഞ നിർവാണമാര്‍ഗമാണ് ബുദ്ധമതമായത്. ക്രിസ്‌തുവിന് ക്രിസ്‌തുമതം കൊണ്ടുമില്ല പ്രയോജനം. പിന്തുടരുന്നവര്‍ക്കാണ് ആ പ്രയോജനം. ഇത് എല്ലാ മതത്തെക്കുറിച്ചും പറയാം.

സി വി: അപ്പോള്‍ ഒരു പൊതുമതം സാധ്യമാണോ? അതാണോ ശ്രീനാരായണധർമം?

ഗുരു: അങ്ങനെയൊന്നും നാം പറയില്ല. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഒന്ന് തോറ്റാല്‍ കഴിയും, പക്ഷെ മതങ്ങള്‍ തമ്മിലുള്ള പോര് അങ്ങനെ തീരില്ല. അത് ഇല്ലാതിരിക്കാന്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അജ്ഞതയില്‍ നിന്നാണ് അഹന്ത വരുന്നത്, അപ്പോള്‍ മറ്റു മതങ്ങള്‍ തെറ്റാണെന്ന് പറയാന്‍ തുടങ്ങും, സ്വന്തം മതത്തെക്കുറിച്ച് പൊള്ളയായ അഹങ്കാരവും ഉണ്ടാവും. പ്രധാന തത്വങ്ങളില്‍ മതങ്ങള്‍ സമാനമാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്നതാണ് ഏകമതം. അതാകണം മനുഷ്യരുടെ മതം. ബാഹ്യമായ മതപരിവര്‍ത്തനത്തില്‍ കാര്യമില്ല. ആന്തരികമായി ആകട്ടെ, മതപരിവര്‍ത്തനത്തിന്റെ ആവശ്യവുമില്ല.

സി വി: ഹിന്ദുമതം നല്ലതാണെന്നും എന്നാല്‍ അതില്‍ മാറ്റങ്ങള്‍ വേണമെന്നും പറയുന്നവരും ഉണ്ട്.

ചിത്രീകരണം: ഷിനോജ് ചോറൻചിത്രീകരണം: ഷിനോജ് ചോറൻ

ഗുരു: നോക്കൂ, ‘ഹിന്ദുമതം’ എന്ന് സങ്കു

ചിതമായ അർഥത്തില്‍ വിളിക്കാവുന്ന ഒരു മതം ഇല്ല. ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെ വിദേശികള്‍ ഹിന്ദുക്കള്‍ എന്ന് വിളിച്ചു; അതില്‍ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും എല്ലാം ഉണ്ടായിരുന്നു. അവരുടെ നോട്ടത്തില്‍ ഇവരെല്ലാം ഹിന്ദുക്കളായിരുന്നു. പക്ഷെ ആരും അങ്ങനെ പറയുന്നില്ല, സമ്മതിക്കുന്നുമില്ല. പുറത്തുനിന്നു വന്ന മതങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ ബുദ്ധമതവും ജൈനമതവും മറ്റും ഇന്ത്യന്‍- അഥവാ ഹിന്ദു-മതമാണല്ലോ. ഹിന്ദുമതം എന്ന് ചിലര്‍ പറയുമ്പോള്‍ തന്നെ വൈദികം, പൗരാണികം, സാംഖ്യം, വൈശേഷികം മീമാംസകം, ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം, ശൈവം, വൈഷ്‌ണവം, ശാക്തേയം എന്നിങ്ങനെ അതിനകത്തും വ്യവഛേദങ്ങള്‍ ഉണ്ട്. പിന്നെ വർണങ്ങള്‍, ജാതികള്‍, രാമഭക്തര്‍, കൃഷ്‌ണഭക്തര്‍... ഇവയെ ഒന്നിച്ച് ഹിന്ദുമതം എന്ന് പറയാമെങ്കില്‍, എല്ലാ മതങ്ങളും ചേര്‍ത്ത് ഇന്ത്യക്കാരുടേത് ഏകമതം എന്ന് പറയുന്നതില്‍ എന്താണ് യുക്തിഹീനത? ഓരോ മതവും ഓരോ മൂല്യത്തിനു പ്രത്യേകം വില കല്‍പ്പിക്കുന്നു എന്നേയുള്ളൂ. ഇസ്ലാമില്‍ സാഹോദര്യം, ക്രിസ്‌തുമതത്തില്‍ സ്‌നേഹം, ബുദ്ധമതത്തില്‍ കരുണ, ജൈനമതത്തില്‍ അഹിംസ... വാസ്‌തവത്തില്‍ ഈ മൂല്യങ്ങളെല്ലാം പരസ്‌പരാശ്രിതമല്ലേ? ഓരോ ദേശത്തും കാലത്തും കൂടുതല്‍ ആവശ്യമായവ പ്രവാചകര്‍ ഊന്നിപ്പറഞ്ഞു എന്ന് മാത്രം. മതങ്ങളുടെ മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണ്. ഇത് മനസ്സിലായാല്‍ മതം മാറേണ്ട ആവശ്യവും വരില്ല.

സി വി: അപ്പോള്‍ അങ്ങയുടെ ശിഷ്യരില്‍ എല്ലാ മതക്കാര്‍ക്കും പ്രവേശനം അനുവദിക്കേണ്ടതല്ലേ?

ഗുരു: നമുക്ക്‌ അതിന്‌ അല്‍പ്പംപോലും വിരോധമില്ല, എന്നല്ല, സന്തോഷം ഉണ്ടാവുകയും ചെയ്യും. നാം മുസ്ലിം പള്ളിയും ക്രിസ്‌ത്യന്‍ പള്ളിയും ബുദ്ധ വിഹാരവും ജൈനമന്ദിരവും പാഴ്സി ദേവാലയവും എല്ലാം നിർമിക്കാന്‍ തയ്യാറാണ്. അവര്‍ ക്ഷണിക്കുകയേ വേണ്ടൂ. അല്ലാതെ ചെയ്‌താല്‍ ആരെങ്കിലും എതിര്‍ത്താലോ, പ്രത്യേകിച്ചും പുരോഹിതര്‍?

അല്ല, കുഞ്ഞിരാമന് നമ്മുടെ സന്യാസിസംഘത്തില്‍ ചേര്‍ന്നുകൂടെ?

സി വി: ചേരാനാഗ്രഹമുണ്ട്,

(സി വി കുഞ്ഞിരാമന്‍ അറിയാതെന്നപോലെ ചൊല്ലുന്നു):

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ഒരുയോനി,യൊരാകാര,മൊരു ഭേദവുമില്ലതില്‍...

നരജാതിയില്‍നിന്നല്ലോ പിറന്നീടുന്നു വിപ്രനും

പറയന്‍ താനും, എന്തുള്ളതന്തരം നരജാതിയില്‍?

(ചൊല്ലിക്കൊണ്ടു പോകുന്നു)

(തിരശ്ശീലയ്‌ക്കു പിറകില്‍നിന്ന് കുമാരനാശാന്റെ കവിത):

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍

നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം

ആരാധ്യനതോര്‍ത്തിടുകില്‍ ഞങ്ങള്‍ക്കവിടുന്നാം

നാരായണമൂര്‍ത്തേ! ഗുരു നാരായണമൂര്‍ത്തേ!

തന്‍ പോലെയുറുമ്പാദിയെയും പാര്‍ത്തിടുമങ്ങേ-‐

ക്കന്‍പോടുലകര്‍ത്ഥിപ്പു ചിരായുസ്സു ദയാബ്ധേ!

മുന്‍പോല്‍ സുഖമായ് മേന്മ തൊടുന്നോര്‍ക്കരുളും കാല്‍-‐

തുമ്പോടിനിയും വാഴ്‌ക ശതാബ്ദം ഗുരുമൂര്‍ത്തേ!

(തുടര്‍ന്ന് പല ശബ്ദങ്ങളില്‍):

വയലിന്‍ വായിക്കുന്ന ജാഗ്രതയോടെ

തറിയില്‍ മുഴുകിയിരിക്കുന്ന

ആ ചാലിയനെ നോക്കൂ

അവന്‍ നെയ്യുന്ന വിരിയില്‍ അവനറിയാതെ

ബ്രഹ്മാവിന്റെ നാലാമത്തെ ശിരസ്സ്

വിരിഞ്ഞു വരുന്നതു കാണൂ

മറിയുന്ന പുതുമണ്ണിന്റെ സുഗന്ധത്തില്‍

താനലിയുവോളം കരിയുന്തിപ്പാടുന്ന

ആ പുലയനെ നോക്കൂ

അവന്റെ ഉഴവുചാലില്‍ പെട്ടെന്ന്

സീത പ്രത്യക്ഷപ്പെട്ടു കരയുന്നതു കേള്‍ക്കൂ

തട്ടാന്റെ ഉമിയില്‍ ശിവന്‍

താണ്ഡവമാടുന്നത് കാണൂ

കുറവന്റെ അടുപ്പില്‍

പാർവതി തപസ്സിരിക്കുന്നത് കാണൂ

കുശവന്റെ ചക്രത്തില്‍

വിഷ്‌ണുവിന്റെ ശിരസ്സ്,

ആശാരിയുടെ വാതില്‍പ്പടിയില്‍

ലക്ഷ്മിയുടെ താമര,

കൊല്ലന്റെ ഉലയില്‍ മുരുകന്റെ വേല്‍

മറവന്റെ കുരുമുളകുകുട്ടയില്‍

എരിവുള്ള ഒരു പച്ചദൈവം

പണിയന്‍ യജമാനര്‍ക്കെതിരെ

ഉയര്‍ത്തുന്ന ബ്രഹ്മാസ്‌ത്രം.

വരൂ, കാണൂ,

മാഞ്ഞു പോകുന്ന

അടിമത്തത്തിന്റെ പാടുകള്‍.

മുന്നില്‍ ഉയരുന്ന സ്വാതന്ത്ര്യത്തിന്റെ പടികള്‍

മണ്ണില്‍ പതിയുന്ന സമത്വത്തിന്റെ കാലടികള്‍.

ചിത്രീകരണം: ഷിനോജ് ചോറൻചിത്രീകരണം: ഷിനോജ് ചോറൻ

രംഗം പന്ത്രണ്ട്

(ഗുരു കിടക്കുന്നു. ആത്മഗതം): ശരീരത്തിന് സഹിക്കാവുന്ന വേദനയെല്ലാം സഹിച്ചു. ഇപ്പോഴാണ് അല്‍പ്പം ആശ്വാസം. ഇനിയെങ്കിലും ആത്മാവിനു മുക്തി നല്‍കണേ, ഗുരോ!

ഡോ. പല്‍പ്പു: സമാധാനമായിരിക്കൂ. വേദന പോയല്ലോ.

(ഗുരു പതുക്കെ മയക്കത്തിലേക്ക്‌ വീഴുന്നു. ഇനിയുള്ളത് ചില സ്വപ്‌നദൃശ്യങ്ങളാണ്. ഡോക്ടര്‍ പോകുന്നു)

(ഗുരുവിന്റെ അച്ഛനും അമ്മയും പ്രവേശിക്കുന്നു)

അച്ഛന്‍: നാണൂ, നാണൂ. വിഷമിച്ചത് മതി. ഞങ്ങള്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വസ്‌തി നിറഞ്ഞുള്ള വയറുവേദന, പിടച്ചില്‍. നീ നിന്റെ ജാതിയും മതവും ഇല്ലാത്ത ധർമം പരിപാലിക്കാന്‍ ഉണ്ടാക്കിയ യോഗം മറ്റൊരു ജാതിസംഘടന മാത്രമായപ്പോള്‍ ഉണ്ടായ ദുഃഖം, അത് വിട്ടുപോരേണ്ടിവന്നപ്പോഴുണ്ടായ ധർമസങ്കടം. നീ വളരെ വലിയ ആളാവുമെന്നു ഞങ്ങള്‍ക്ക് നിന്റെ കുട്ടിക്കാലത്തേ ബോധ്യമായി, നിന്റെ കുസൃതികള്‍ കുസൃതികളായിരുന്നില്ല, നിന്റെ ചോദ്യങ്ങള്‍ തത്വചിന്ത ആയിരുന്നു.

അമ്മ: ഈശ്വരാ, എന്റെ കുട്ടിയെ ഇനിയും വേദനിപ്പിക്കരുതേ! അവന്‍ ലോകത്തിനുവേണ്ടി നല്ലത് മാത്രമല്ലേ ചെയ്‌തുള്ളൂ? സ്വന്തം ജീവിതം സമൂഹത്തിനു സമര്‍പ്പിച്ചില്ലേ? താഴ്‌ന്നവരെയെല്ലാം ഉയര്‍ത്തിയില്ലേ? ഞങ്ങളുടെപോലും കണ്ണ്‌ തുറപ്പിച്ചില്ലേ? നിന്റെ പല കാവ്യങ്ങളും എനിക്ക് കാണാതെ അറിയാം. ‘സദാചാരം’ എനിക്ക് വലിയ ഇഷ്ടമാ. കട്ടിസംസ്‌കൃതം മനസ്സിലാക്കാന്‍ പ്രയാസം. പിന്നെ ചോദിച്ചു പഠിക്കും. പരേതരിലും ഉണ്ടല്ലോ വിദ്വാന്മാര്‍... (ചൊല്ലുന്നു)


നല്ലതല്ലൊരുവാന്‍ ചെയ്‌ത

നല്ല കാര്യം മറപ്പത്

നല്ലതല്ലാത്തതുടനേ

മറന്നീടുന്നതുത്തമം

ധർമം ജയിക്കുന്നു, സത്യം

ജയിക്കുന്നിങ്ങു സർവദാ

അധർമവും ജയിക്കുന്നി‐-

ല്ലസത്യവുമൊരിക്കലും

നെല്ലിന്നു നീരു വിട്ടീടില്‍

പുല്ലിനും പോയിടുന്നത്

കല്ലിലത്രേ ജലം, നെല്ലില്‍‐

ച്ചെല്ലും വഴി ചെറുക്കുകില്‍

(ഗുരു അവരെ തൊഴുന്നു.)

ഗുരു: സന്തോഷായി. നിങ്ങളെ കണ്ടല്ലോ. ഞാന്‍ നിങ്ങളെ കുറേ വേദനിപ്പിച്ചു, കാളിക്കുട്ടിക്കും വിഷമം ആയിട്ടുണ്ടാവും. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയായിരുന്നു അത്. മാപ്പ്, മാപ്പ്.

അച്ഛന്‍: ഞങ്ങള്‍ മരണം കഴിഞ്ഞിട്ടും എല്ലാം അറിയുന്നുണ്ടായിരുന്നു. നിന്റെ ഷഷ്ടിപൂര്‍ത്തി നന്നായി. നീ ആര്‍ഭാടത്തില്‍ നിന്നെല്ലാം മാറിനിന്നതും ശ്രദ്ധിച്ചു. നീ രമണമഹര്‍ഷിയെ കണ്ടതും ലങ്കയില്‍ രണ്ടുതവണ പോയതും എല്ലാം അറിയുന്നുണ്ടായിരുന്നു. പ്രബുദ്ധകേരളത്തില്‍ നീ എഴുതിയതും വായിച്ചു.

(പിറകില്‍നിന്ന് അതിലെ വാക്കുകള്‍): ‘ഞാന്‍ ഒരു ജാതിയിലോ മതത്തിലോ പെടുന്നില്ല. ആലുവയിലെ അദ്വൈത ആശ്രമത്തില്‍ ഞാന്‍ ശിഷ്യരായി എടുത്തവരില്‍ ഈ മാനദണ്ഡം പാലിക്കുന്നവരേ എന്റെ പിന്തുടര്‍ച്ചക്കാര്‍ ആകാന്‍ പാടുള്ളൂ. ഭാവിയിലും നമ്മുടെ സംഘത്തില്‍ ആ തത്വം അംഗീകരിച്ചവരെ മാത്രമേ പുതിയ അംഗങ്ങള്‍ ആക്കാവൂ.’

അയ്യൻകാളി കോട്ടുകാല്‍ വന്നു നിന്നെ സന്ദര്‍ശിച്ചപ്പോഴും ഞങ്ങള്‍ ഉണ്ടായിരുന്നു. മുട്ടത്തറയിലെ പുലയസമ്മേളനത്തില്‍ പറഞ്ഞതും കേട്ടു.

(പിന്നില്‍നിന്ന്): ‘മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെയിടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദം ഇല്ല, ഉണ്ടാകാന്‍ നിവൃത്തിയും ഇല്ല. ചിലര്‍ക്കു പണവും പഠിപ്പും ശുചിയും മറ്റും കൂടുതലായിരിക്കും. മറ്റുചിലര്‍ക്ക് അതൊക്കെ കുറവായിരിക്കും. ചിലരുടെ നിറമായിരിക്കയില്ല മറ്റു ചിലരുടെ നിറം. ഈ മാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക്‌ ജാതിവ്യത്യാസം ഇല്ല. പുലയര്‍ക്ക് ഇപ്പോള്‍ ധനവും വിദ്യയും ഇല്ലാത്ത കുറവ് വളരെയുണ്ട്. ഇത് രണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായി വേണം. അതുണ്ടായാല്‍ ധനവും ശുചിയും എല്ലാമുണ്ടാകും. നിങ്ങള്‍ വേല ചെയ്‌തു പണമുണ്ടാക്കുന്നുണ്ട്, പക്ഷെ അത് മദ്യപാനം ചെയ്‌തും മറ്റും വെറുതെ പോകുന്നു. അല്‍പ്പം സമ്പാദിച്ചു ശേഖരിച്ചാല്‍ നിങ്ങള്‍ക്ക് കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം. നിങ്ങള്‍ ഒന്നിച്ച് ഈ തീരുമാനം എടുക്കണം. മറ്റാരുടെയും സഹായം കൂടാതെ ഇത് ചെയ്‌താല്‍ നിങ്ങള്‍ക്ക് നല്ലത് വരും.’

ചിത്രീകരണം: ഷിനോജ് ചോറൻചിത്രീകരണം: ഷിനോജ് ചോറൻ

അമ്മ: മോനേ, നീ വലിയ ആളാവുമെന്ന് കുട്ടിക്കാലത്തേ അമ്മയ്‌ക്കറിയാമായിരുന്നു. നിന്റെ സംസാരവും പ്രവൃത്തിയും അങ്ങനെ ആയിരുന്നല്ലോ. നീ കുടുംബജീവിതം ഉപേക്ഷിച്ചത് മാനവസേവയ്‌ക്കാണെന്നും മനസ്സിലായി. മാപ്പ് പറയേണ്ടത് ഞങ്ങളാണ്.നിന്റെ പട്ടത്താനം പ്രസംഗത്തിലെ ചില വരികള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു.

(പിറകില്‍നിന്ന് ശബ്ദം): ‘ഇപ്പോള്‍ കാണുന്ന മനുഷ്യനിർമിതമായ ജാതിവിഭാഗത്തിന് യാതൊരു അർഥവുമില്ല. അനർഥകരവുമാണ്. അത് നശിക്കതന്നെ വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നുമുള്ള വിചാരം തന്നെ ഇല്ലാതാക്കണം. ഈ വിചാരം നമ്മില്‍ നിന്ന് പോയിട്ട്‌ വളരെക്കാലമായി. സാമുദായിക സംഗതികള്‍ മതത്തിനോ മതം സാമുദായിക സംഗതികള്‍ക്കോ കീഴടങ്ങി ഇരിക്കുന്നത് തെറ്റാണ്...

‘എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം’ എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യങ്ങളോട് കൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്‌ യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേകമതം സ്ഥാപിച്ചിട്ടുമില്ല.എല്ലാ മതങ്ങളും നമുക്ക്‌ സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്‌ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടതു ചെയ്‌വാന്‍ നമുക്ക്‌ എപ്പോഴും സന്തോഷമാണുള്ളത്...’


അമ്മ: നീ ഞങ്ങള്‍ കരുതിയതിനും അപ്പുറം പോയി, മോനേ!

അച്ഛന്‍: ആലുവയിലെ സർവമത സമ്മേളനത്തിനും ഞങ്ങള്‍ വന്നിരുന്നു. സത്യവ്രതസ്വാമികളുടെ ഗംഭീരമായ സ്വാഗതപ്രസംഗവും മറ്റു പല പ്രസംഗങ്ങളും കേട്ടു. ശിവഗിരിയില്‍ മഹാപാഠശാല സ്ഥാപിച്ച് എല്ലാ മതങ്ങളും അവിടെ പഠിപ്പിക്കാനുള്ള തീരുമാനവും നന്നായി. എങ്കിലും മലയാളികള്‍ നിന്നോടൊപ്പം ഉയരുമോ മോനേ? നിന്നെ ‘ഈഴവഗുരു’ ആയി കാണുന്നവരാണധികം. ഇപ്പോഴും ജാതിസംഘടനകള്‍, മതസ്‌പർധകള്‍, വർഗീയ ലഹളകള്‍... എല്ലാം കുറയുമായിരിക്കും, അല്ലേ?

അമ്മ: നിന്റെ അപൂർവ പ്രവൃത്തികളെക്കുറിച്ചും കേള്‍ക്കാറുണ്ട്. അര്‍ദ്ധനാരീശ്വരസ്‌തവം ചൊല്ലി മഴ പെയ്യിച്ചത്, കായക്കുല കട്ട കള്ളന്‌ മാപ്പ് കൊടുക്കാത്തതില്‍ ആശ്രമവാസികളോട്‌ കോപിച്ചത്, മുറ്റക്കാട്ട് അമ്പലത്തിനരികില്‍ എന്നും ഓരോ ചക്ക കാണാതായപ്പോള്‍ പാചകക്കാരന്‍ പകല്‍ ഒരാള്‍ പാകമായ ചക്ക നോക്കി വയ്‌ക്കുന്നത് കണ്ടുപിടിക്കുകയും രാത്രി പാമ്പുകളും മറ്റും ഉള്ളതുകൊണ്ട് പാവമായ കള്ളനോട് പകല്‍തന്നെ വന്ന്‌ ചക്ക എടുത്തുകൊള്ളാന്‍ നീ പറയുകയും ചെയ്‌തത്, പിരിയാന്‍ പോയ ഭാര്യാ-ഭര്‍ത്താക്കന്മാരെ യോജിപ്പിച്ചത്, കരഞ്ഞുകൊണ്ടിരുന്ന വിധവയെ, മരിച്ചയാള്‍ തിരിച്ചു വരില്ലെന്നതുകൊണ്ട് കരച്ചില്‍ നിര്‍ത്തി കുട്ടികളെ നോക്കാന്‍ ഉപദേശിച്ചത്, ലളിതമായ അദ്വൈതം ഉപദേശിച്ചു ഭാർഗവന്‍ എന്നയാളുടെ പേടി മാറ്റിയത്, വാടാനപ്പള്ളിയിലെ വയ്‌ക്കാട്ടു തറവാട്ടിലെ ശങ്കരന്റെ വീട്‌ കടലെടുക്കുന്നത് തടയാന്‍ വേണ്ടി അറബിക്കടലിനെ തടുത്തുനിര്‍ത്തിയത്... ഒടുവില്‍ ശ്രീനാരായണ ധർമസംഘം സ്ഥാപിച്ചത് വരെ എല്ലാം അറിയാം.

ഗുരു: മതി മതി, അമ്മേ. അല്‍പ്പം കാരുണ്യവും അല്‍പ്പം ഉള്‍ക്കാഴ്‌ചയും അല്‍പ്പം കാലാവസ്ഥാജ്ഞാനവും അല്‍പ്പം ജീവിതപരിചയവുമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍. പക്ഷെ അവയൊക്കെ ഇല്ലാതാവുകയാണ്. അത് ഓർമിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്‌തത്. അതൊന്നും ഇന്ദ്രജാലമല്ല. പിന്നെ സംഘം- അതെ, ഒന്ന് അഴുകിയപ്പോള്‍ മറ്റൊന്ന് മുളച്ചു എന്ന് പറഞ്ഞാല്‍ മതി. എന്നാലും ശ്രീനാരായണ ധർമപരിപാലന സംഘം ചെയ്‌ത നല്ല കാര്യങ്ങള്‍ ഞാന്‍ തള്ളിപ്പറയില്ല, വിശേഷിച്ചും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍. ആദര്‍ശം മറന്നുപോയി എന്ന് മാത്രം. അതുകൊണ്ട് എല്ലാ ബന്ധവും വിച്ഛേദിക്കേണ്ടിവന്നു.


(അച്ഛനും അമ്മയും മറയുമ്പോള്‍ കുമാരനാശാന്‍ കടന്നുവരുന്നു)

ഗുരു (പുഞ്ചിരിയോടെ): കുമാരു! ഹൊ. കായിക്കരയില്‍ ആദ്യം കണ്ടതുമുതലുള്ള ബന്ധം. പല്ലനയാറ്റിലെ അപകടം കേട്ടു നാം ഞെട്ടി. എന്നാലും നീ വന്നല്ലോ. ഒരുഭാഗത്ത് കവിയെന്ന പ്രശസ്‌തി, ഒരുഭാഗത്ത് ജാതിയുടെ പേരില്‍ അപമാനം; അവസാനകാലത്ത് സ്വന്തം സംഘടന എന്ന് കരുതി ആത്മാവില്‍ ചേര്‍ത്ത സംഘടനയില്‍ നിന്നുകൂടി അവഹേളനം. നമുക്ക് നന്നായി മനസ്സിലാവും കുമാരൂ, നിന്റെ വേദന. നാം പറഞ്ഞതും പലര്‍ക്കും മനസ്സിലായില്ല. അവരവരുടെ ലാഭത്തിനായി ഓരോ വിഭാഗവും നമ്മെ ഉപയോഗിക്കുന്നു. ഇനി അധികം സമയമില്ല നിന്റെ കൂടെ ചേരാന്‍. നാം ഉള്ളപ്പോള്‍ ഇങ്ങനെയെങ്കില്‍ ഇല്ലാത്തപ്പോള്‍ എങ്ങനെയാവും!

ആശാന്‍: അറിയാം ഗുരുദേവന്റെ ദുഃഖം. നാം ഉണ്ടാക്കിയ സംഘടന തന്നെ ‘ഒരു ജാതി, ഒരു മതം’ എന്ന നമ്മുടെ ആദര്‍ശങ്ങളില്‍നിന്ന് അകന്നുപോകുന്നു. കീഴാളര്‍ ഇന്നും മാറ്റിനിര്‍ത്തപ്പെടുന്നു. പരിഹാസം മുന്നില്‍നിന്ന് പിന്നിലേക്ക്‌ മാറുന്നു എന്നുമാത്രം. കുട്ടികളെ സ്‌കൂളിലും അപ്പുറവും അയക്കാന്‍ പണമില്ലാത്തവര്‍ ഇപ്പോഴുമുണ്ട്. കൂലി കൂടുമ്പോള്‍ ചെലവും കൂടുന്നു. ഇപ്പോള്‍ എന്നെ വിഷമിപ്പിക്കുന്നത് ഗുരുദേവന്റെ ഈ അവസ്ഥയാണ്. ഇത്രയും കാലം അങ്ങ് സമൂഹത്തിനുവേണ്ടി ജീവിച്ചു. മോക്ഷം മാത്രം മതിയെങ്കില്‍ അങ്ങേക്ക്‌ കാട്ടിലോ മലയിലോ ഗുഹയിലോ തപസ്സ്‌ ചെയ്‌താല്‍ മതിയായിരുന്നു. പക്ഷെ അങ്ങ് അമ്പലങ്ങള്‍ മാത്രമല്ല, പാഠശാലകളും ഉണ്ടാക്കി, തൊഴിലിടങ്ങള്‍ ഉണ്ടാക്കാന്‍ പലരെയും പ്രേരിപ്പിച്ചു, ജാതി നോക്കാതെ മനുഷ്യരെ കൈപിടിച്ചുയര്‍ത്തി. ഇത്രയും ആത്മശുദ്ധിയുള്ള ഒരാള്‍ ഇങ്ങനെ കഷ്ടപ്പെടാമോ? എന്ത് നീതിയാണ് അത്. മതപ്പോരുകളും വാദങ്ങളും കണ്ടപ്പോഴും നിശ്ചലനായിരുന്ന ഗുരുവല്ലേ? ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ' എന്ന് അന്ന് ഞാന്‍ എഴുതി. എന്നിട്ടിപ്പോള്‍... (വിതുമ്പലിന്റെ വക്കത്ത്)

ഗുരു: ലീലയെയും മദനനെയും നളിനിയെയും ദിവാകരനെയും ചണ്ഡാലികയെയും ആനന്ദഭിക്ഷുവിനെയും വാസവദത്തയെയും ഉപഗുപ്തനെയും ഏകാകിയായ സീതയെയുമെല്ലാം സൃഷ്ടിച്ച കുമാരുവാണോ ഈ പറയുന്നത്?

‘ശ്രീ ഭൂവിലസ്ഥിര, അസംശയം’ എന്നെഴുതിയ ആള്‍? വീണ പൂവിനെ നോക്കി വിലപിച്ച ആള്‍? നാം പലപ്പോഴും വിചാരിക്കും, കുമാരു ഗാര്‍ഹസ്ഥ്യം സ്വീകരിച്ചത് നന്നായി എന്ന്. അല്ലെങ്കില്‍ സ്‌തോത്രങ്ങളില്‍ ഒടുങ്ങിപ്പോകുമായിരുന്നു ആ കവിത്വം. കുമാരുവിന്റെ കവിതകളില്‍ നാം രണ്ടു ലോകങ്ങളും കാണുന്നു, കവിയുടെയും തത്വചിന്തകന്റെയും, ഗൃഹസ്ഥന്റെയും വൈരാഗിയുടെയും. അവിടെ നശ്വരതയെക്കുറിച്ചുള്ള അറിവുണ്ട്, എന്നാല്‍ സ്‌നേഹവും സഹാനുഭൂതിയും ഉണ്ട്. കുമാരു ബുദ്ധദര്‍ശനം പഠിച്ചതും നന്നായി, ബുദ്ധചരിതം തർജുമ ചെയ്‌തതുകൊണ്ട് മാത്രമല്ല, ആ കവിതയില്‍ ഉടനീളം കരുണയും മൈത്രിയും ചിലയിടത്ത് മുദിതവും ഉപേക്ഷയും ഉണ്ട്. സുഖ-ദുഃഖങ്ങൾക്കപ്പുറം അനുഭവങ്ങളുടെ ഒരു മറുകരയില്ലേ? ശരീരം ഉണ്ടാവുക എന്നാല്‍ വേദന സഹിക്കുകയാണ്.

ആശാന്‍: എല്ലാം അങ്ങയുടെ അനുഗ്രഹം. അങ്ങയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍... എങ്കിലും എന്റെ സംശയം എന്തിനാണ് ഈശ്വരന്‍ നമുക്കു മറുകര പോകാന്‍ സങ്കടങ്ങളുടെ ഒരു വന്‍കടല്‍ ഉണ്ടാക്കിവച്ചതെന്നാണ്...


ഗുരു: അങ്ങനെ പറയരുത്. ‘തിരിയാ ലോകരഹസ്യമാര്‍ക്കും’ എന്നെഴുതിയ ആളല്ലേ? എന്റെ കൂടെ പണ്ടുമുതലേ നടന്നയാള്‍. ഇപ്പോഴത്തെ അപവാദങ്ങള്‍ കേട്ട് ഒട്ടും വിഷമിക്കരുത്. അതാണ്‌ ലോകത്തിന്റെ രീതി. കവിയാകേണ്ടവന്‍ ഏതു സാഹചര്യത്തിലും കവിയാകും. "ചിന്താവിഷ്ടയായ സീത’ പോലെ ഒരു കവിത എഴുതാന്‍ സഹധർമിണിയെ ഉപേക്ഷിച്ച എനിക്ക് കഴിയുമോ? അതിനു ബഹിഷ്‌കൃതയായ ഒരു ഭർതൃമതിയുടെ ഏകാന്തതയും വേദനയും സങ്കല്‍പ്പിക്കാന്‍ കഴിയണം. വാസവദത്തയോടും സാവിത്രിയോടും സഹതപിക്കാന്‍ എനിക്കും കഴിഞ്ഞേക്കും; ആ ‘ക്രൂരമുഹമ്മദര്‍’ അല്‍പ്പം കടുത്തുപോയെങ്കിലും. നമ്മള്‍ കഷ്ടപ്പെട്ടത് ഈ സവർണജന്മിമാരില്‍ നിന്ന് എല്ലാ മതങ്ങളിലും ജാതികളിലും പെട്ടവരെ രക്ഷിക്കാന്‍ ആയിരുന്നല്ലോ. നാം ഹിംസ അനുവദിക്കയില്ല എന്ന് മാത്രം. ബോധത്തെക്കാള്‍ വലിയ ആയുധമല്ല കത്തിയും കൊടുവാളും. ചണ്ഡാലികയെ ഭിക്ഷുണിയായി ഉയര്‍ത്താനും നമുക്കു കഴിയും. പക്ഷെ കുമാരുവിനെപ്പോലുള്ള ആഖ്യാനബലം നമുക്കില്ല. നളിനിയും ലീലയും കുമാരുവിന്റെ തന്നെ സൃഷ്ടികളേ ആവൂ. ‘ഹാ, മര്‍ത്ത്യന്‍ സുരഭാവമാര്‍ന്നിടുകിലും ഭൂസ്‌നേഹി’ എന്നല്ലേ? നമുക്കും ഭൂമി വേണം, പക്ഷെ ആകാശവും വേണം. കുമാരു നമ്മെക്കാള്‍ എത്രയോ ഉയര്‍ന്ന കവിയാണ്‌.


ആശാന്‍: അങ്ങനെ പറയരുത്. അങ്ങയുടെ വാഗ്‌വൈഭവം എനിക്കില്ല. എ ആര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍ തിരുമനസ്സ് തന്നെ അത് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. അങ്ങേയ്‌ക്ക്‌ സംസ്‌കൃവും തമിഴും നന്നായി വഴങ്ങും. എനിക്ക് പ്രാസമൊപ്പിക്കാന്‍ തന്നെ വലിയ പാടുപെടണം.

ഗുരു: അങ്ങനെ പറയരുത്. തമ്പുരാന് വേണ്ടി എഴുതിയ ‘പ്രരോദനം' പോലും എത്ര സുന്ദരമാണ്!

മൂടും കാര്‍മുകിലാലകാലതിമിരം

വ്യാപിച്ചു മായുന്നിതാ

കാടും കായലുമിക്കടല്‍ത്തിരകളും

സഹ്യാദ്രികൂടങ്ങളും;

ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്-‐

ന്നിമ്മട്ടു വന്‍ വൃഷ്ടിയാല്‍

പാടേ കേരളഭൂമി കേണു ഭുവനം

കണ്ണീരില്‍ മുക്കുന്നിതേ.

എത്ര മനോഹരമാണ് ഈ ആദ്യവരികള്‍ തന്നെ! കുമാരു തന്നെ ‘കരുണ’യിലെ ചില വരികള്‍ ചൊല്ലാമോ? അധികം വേണ്ടാ.

ആശാന്‍:

നമസ്‌കാരമുപഗുപ്ത, വരിക ഭവാന്‍ നിർവാണ

നിമഗ്നനാകാതെ വീണ്ടും ലോകസേവയ്‌ക്കായ്‌;

പതിതകാരുണികരാം ഭവാദൃശസുതന്മാരെ

ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.

ഗുരു: മനസ്സിലായി. അവസാനവരികള്‍. എത്ര അർഥപൂർണം!

ഡോ. പല്‍പ്പു (അയ്യപ്പനോടൊപ്പം പ്രവേശിച്ച്): സ്വാമി ആരോടാ സംസാരിക്കുന്നത്? ഞാന്‍ ആരെയും കാണുന്നില്ലല്ലോ? പുറത്ത് വലിയ ഒരു ജനക്കൂട്ടം കാത്തുനില്‍ക്കുന്നു. അവര്‍ ഞങ്ങളെ ശകാരിക്കുന്നുമുണ്ട്.

അയ്യപ്പന്‍: ഇനി കാണിക്കയാവും നല്ലത്. ലക്ഷണം നന്നായി തോന്നുന്നില്ല.

ഗുരു: അയ്യോ. രസച്ചരടു മുറിച്ചു. (പതുക്കെ കണ്ണുകള്‍ അടയ്‌ക്കുന്നു. പല്‍പ്പുവും പിന്നാലേ അയ്യപ്പനും ഗുരുവിന്റെ വായില്‍ അല്‍പ്പം വെള്ളമൊഴിച്ചു കൊടുക്കുന്നു.)

ഉപസംഹാരം

ആദ്യം കണ്ട ഗുരുപ്രതിമകള്‍ വീണ്ടും. ശരിയായ ഗുരു കൂടി ചേര്‍ന്നിട്ടുണ്ട്. ഓരോന്നും പറയുന്നു: ഞാന്‍ കൂട്ടില്‍നിന്ന് പുറത്തുചാടി. ഞാന്‍ ഏകനും അനേകരുമാണെന്നു മനസ്സിലായി. ഞാന്‍ വീണ്ടും വരും. കേരളം അത്രയ്‌ക്കും പിറകോട്ടു പോയിരിക്കുന്നു. ഞാന്‍ പുറത്താക്കിയതെല്ലാം തിരിച്ചുവന്നിരിക്കുന്നു. ജാതിഭേദം, മതമത്സരം, അനാചാരം, ആര്‍ഭാടം. ഭൗതികജീവിതം മുന്നോട്ടുപോയപ്പോള്‍ ഞാന്‍ ആശ്വസിച്ചു, കേരളം രക്ഷപ്പെട്ടു എന്ന് കരുതി. പക്ഷെ സാമൂഹ്യജീവിതവും ആത്മീയജീവിതവും പിന്നോട്ടാണ്. വിദ്വേഷവും അസൂയയും സ്വാർഥതയും കൂടിയെന്ന് തോന്നുന്നു. ഇപ്പോള്‍ വീണ്ടും കേരളത്തിന്‌ എന്നെപ്പോലെ ഒരാളെ ആവശ്യമുണ്ട്. (അകലേക്ക്‌ നോക്കി) ആരാണ് വരുന്നത്? ഞാന്‍ തന്നെയല്ലേ?

പ്രതിമകള്‍ ഒന്നിച്ച് വട്ടത്തില്‍ ചലിക്കുന്നു. കൈ കോര്‍ത്ത് പാടുന്നു:

നാം തന്നെ നാം തന്നെ വീണ്ടും

നാമൊരേ ജാതിയാണല്ലോ

നാമൊരേ മാനവഗോത്രം

നമ്മുടെ യാത്മാവുമൊന്നേ

നമ്മുടെ ഭാഷയുമൊന്നേ

നമ്മുടെ സ്‌നേഹവുമൊന്നേ

നാമും പ്രകൃതിയുമൊന്നേ

നാമേ പുഴകളും കാടും

നാം തന്നെ നാളെയുമിന്നും

നാം തന്നെ നാം തന്നെ വീണ്ടും...

(അവര്‍ വട്ടത്തില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, തിരശ്ശീല)

.അവസാനിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home