ഭൂപടങ്ങളിൽ നിന്ന്‌ മായ്‌ക്കപ്പെട്ടവർ

delhi

ഫോട്ടോ: പി വി സുജിത്ത്‌

avatar
അഖില ബാലകൃഷ്‌ണൻ

Published on Jul 06, 2025, 01:00 AM | 4 min read

നിയെത്ര ദിവസങ്ങളെന്നറിയില്ല, പൂക്കളും വെണ്ടയും മത്തനും ഞാവൽ പഴങ്ങളും നിറഞ്ഞ ഈ മണ്ണിൽനിന്ന്‌ അവരും പറിച്ചുമാറ്റപ്പെടും. ഉഴുതിട്ട നിലങ്ങളും ടാർപൊളീൻകൊണ്ട്‌ മറച്ച കൂരകളും ബുൾഡോസറുകളുടെ കൂർത്ത നഖങ്ങൾ പിച്ചിച്ചീന്തും. ഇതിനിടയിലും അവർ പാടത്ത്‌ തിരക്കിലാണ്‌. നാളേക്കുള്ള പച്ചക്കറികൾ മാർക്കറ്റിലെത്തിക്കണം. അവകാശങ്ങളില്ലെങ്കിലും അവർക്കും ജീവിക്കണം. ഡൽഹി മയൂർ വിഹാർ മെട്രോ സ്റ്റേഷനിൽനിന്ന്‌ രണ്ട്‌ കിലോമീറ്ററുകൾക്കപ്പുറത്താണ്‌ യമുനാ തീരത്തെ ജമുനാ ഗാവ്‌. തലസ്ഥാന നഗരിയിലെ തിരക്കുകളോ പൊടിപടലങ്ങളോ ശ്വാസം മുട്ടിക്കുന്ന വായുവോ ഈ ഗ്രാമത്തിലില്ല. കിലോമീറ്ററുകൾ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന കൃഷിഭൂമിയും അതിൽ പകൽ അന്തിയോളം പണിയെടുക്കുന്ന കുറെ മനുഷ്യരും. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം ചേരി നിവാരണമെന്ന പേരിൽ ഡൽഹിയിൽ കുടിയൊഴിപ്പിച്ച 27,000 പേർക്കൊപ്പം ഇനി ഈ ഗ്രാമവും തുടച്ചുനീക്കപ്പെടും.


തെരുവിലേക്ക്‌


delhiഫോട്ടോ: പി വി സുജിത്ത്‌

‘ഭീതിയോടെയാണ്‌ കഴിയുന്നത്‌. പ്രായപൂർത്തിയായ പെൺകുട്ടികളെയും ചെറിയ കുഞ്ഞുങ്ങളെയും കൂട്ടി തെരുവിലേക്ക്‌ ഇറങ്ങേണ്ടി വരും. പ്രതിമാസം 2500 രൂപ നൽകും, വീടു വച്ചു നൽകും എന്നുപറഞ്ഞ്‌ തൊഴുകൈയുകളോടെയാണ്‌ അവർ വോട്ട്‌ ചോദിച്ചത്‌. പിന്നെയെത്തുന്നത്‌ ഞങ്ങളെ കാർന്നുതിന്നാൻ പാകത്തിന്‌ ബുൾഡോസറുകളാണ്‌’, ചേരികൾക്ക്‌ പകരം വീടു നിർമിച്ചുനൽകുമെന്ന ബിജെപി സർക്കാരിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനത്തിൽ വിശ്വസിച്ച ഒരു കൂട്ടം മനുഷ്യർ പറയുന്നു. ഒരു മാസത്തിനുള്ളിൽ ഒഴിഞ്ഞുപോയില്ലെങ്കിൽ കൃഷി നശിപ്പിക്കുമെന്നാണ്‌ ഭീഷണി. മാർച്ചിൽ ഇവിടെനിന്ന്‌ ഇരുനൂറോളം കുടിലുകൾ ഇടിച്ചുനിരത്തിയിരുന്നു. എന്നുവേണോ ഇടിച്ചുനിരത്തും എന്നുള്ളതുകൊണ്ട്‌ കുടിലുകൾക്ക്‌ പകരം ടാർപൊളീൻ വലിച്ചുകെട്ടിയാണ്‌ യുപിയിൽനിന്നും ബിഹാറിൽനിന്നും വർഷങ്ങൾക്കുമുമ്പ്‌ കുടിയേറിയ ഇവരുടെ താമസം.


പൊന്നുവിളയിക്കുന്നവർ


പൈപ്പുകളിൽനിന്ന്‌ കൈകൊണ്ട്‌ പമ്പ്‌ ചെയ്‌ത്‌ വെള്ളമെടുത്താണ്‌ നോക്കെത്താദൂരത്ത്‌ പരന്നുകിടക്കുന്ന കൃഷിയും കന്നുകാലി വളർത്തലും എല്ലാം. ഗ്യാസ്‌ അടുപ്പുകളില്ല, മഴ പെയ്ത്‌ യമുനയിൽ വെള്ളപ്പൊക്കമാകുമ്പോൾ അടുത്തുള്ള പാലത്തിനടിയിലാകും താമസം. സ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ട്‌. ഇവിടെ നിന്ന്‌ ഇനിയെങ്ങോട്ട്‌ എന്നുള്ളത്‌ ചോദ്യമാണ്‌. ഗ്രാമത്തിലെ യുവാക്കളെല്ലാം കൃഷിചെയ്താണ്‌ ജീവിക്കുന്നത്‌. കൃഷിഭൂമി നഷ്ടപ്പെട്ടാൽ എന്ത്‌ ജോലി ചെയ്യും എന്നറിയില്ല. ഡൽഹിയിലെ പ്രധാന കമ്പോളങ്ങളിലേക്കുള്ള വെണ്ട, മത്തൻ തുടങ്ങി പച്ചക്കറികളെല്ലാം ഇവിടെ നിന്നാണ്‌ എത്തിക്കുന്നത്‌. പ്രതിസന്ധികൾക്കിടയിലും തലസ്ഥാനനഗരിക്ക്‌ നടുവിൽ പുറമ്പോക്ക്‌ ഭൂമിയിൽ പൊന്നുവിളയിച്ച ജനതയോടാണ്‌ കേന്ദ്രവും സംസ്ഥാനവും കോർപറേഷനും ഭരിക്കുന്ന സർക്കാരിന്റെ ക്രൂരത. പുറമ്പോക്ക്‌ ഭൂമിയാണെങ്കിലും ഭൂവുടമകളെന്ന്‌ അവകാശപ്പെട്ടവരിൽനിന്ന്‌ വലിയ തുകയ്ക്ക്‌ ഭൂമി പാട്ടത്തിനെടുത്താണ്‌ ഇവർ കൃഷിചെയ്യുന്നത്‌. ജീവിക്കാൻ കണ്ടെത്തിയ അവസാന മാർഗവും നഷ്ടപ്പെട്ട ആശങ്കയിലാണ്‌ ജമുനാ ഗാവിലെ ഓരോ മനുഷ്യനും.


delhiഫോട്ടോ: പി വി സുജിത്ത്‌

കോടതിക്ക്‌ എന്തുവില


അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച്‌ എട്ട് പ്രധാന സ്ഥലങ്ങളിൽ ഒമ്പത്‌ ഏക്കർ വരുന്ന ഭൂമിയിൽനിന്ന്‌ 27,000ത്തോളം പേരെയാണ്‌ അധികാരത്തിലേറി നാലുമാസത്തിനുള്ളിൽ ബിജെപി സർക്കാർ ഒഴിപ്പിച്ചത്‌. ജമുനാ ഗാവിലേത്‌ പാവപ്പെട്ട കർഷകരാണെങ്കിൽ മറ്റുള്ളവർ ദിവസവേതനത്തിന്‌ തൊഴിലെടുക്കുന്നവർ. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരും വീട്ടുജോലിയെടുക്കുന്നവരും ഉൾപ്പെടും. ഇതിൽ 9000 പേരെങ്കിലും പുനരധിവാസം ലഭിക്കാത്തതിനാൽ ഡൽഹിയുടെ തെരുവുകളിലേക്കാണ്‌ കുടിയിറക്കപ്പെട്ടത്‌. കോടതി വിധിയുടെ പിൻബലമുണ്ടെന്നാണ്‌ സർക്കാർ വാദം. എന്നാൽ, പുനരധിവാസം ഉറപ്പാക്കിയിട്ടേ കുടിയൊഴിപ്പിക്കാവൂ എന്ന നിർദേശം പാലിക്കുന്നില്ലെന്ന്‌ മാത്രമല്ല ഒഴിപ്പിക്കുന്നതിന്‌ ദിവസങ്ങൾക്കുമുമ്പ്‌ മാത്രമാണ്‌ നോട്ടീസ്‌ നൽകുക. മറ്റൊരു സ്ഥലം തേടാനോ സാധനങ്ങൾ മാറ്റാനോ സാവകാശമില്ല. ഒഴിപ്പിക്കലിന്‌ 15 ദിവസംമുമ്പ്‌ നോട്ടീസ്‌ നൽകണമെന്നാണ്‌ സുപ്രീംകോടതി വിധി. തെക്കൻ ഡൽഹിയിലെ സൈനിക് ഫാമുകൾ, വടക്കുകിഴക്കൻ ഡൽഹിയിലെ യമുന വെള്ളപ്പൊക്ക പ്രദേശത്തുള്ള ഓൾഡ് ഉസ്മാൻപുർ ഗ്രാമം, വടക്ക് -പടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാർ, വസീർപുർ, തെക്ക്-കിഴക്കൻ ഡൽഹിയിലെ ഭൂമിഹീൻ, മദ്രാസി, തൈമൂർ നഗർ ക്യാമ്പുകളുമാണ്‌ നോട്ടീസ്‌ നൽകി രണ്ടുദിവസത്തിനുള്ളിൽ ബിജെപി സർക്കാർ ഇടിച്ചുനിരത്തിയത്‌.


തെരുവിലിറക്കുന്നു


പതിറ്റാണ്ടുകളായി ഡൽഹിയിൽ താമസിക്കുന്നവരെയാണ്‌ വേരോടെ പിഴുതെറിയുന്നത്‌. ജങ്പുരയിൽ 60 വർഷത്തോളമായി തമിഴ്‌നാട്ടിൽനിന്ന്‌ കുടിയേറി താമസിച്ചവരാണ്‌ മദ്രാസി ക്യാമ്പിൽനിന്ന്‌ ഒഴിപ്പിച്ച 300 കുടുംബം. മൂന്നു തലമുറയോളം ഡൽഹിയിൽ താമസിച്ചവർ. പലരും വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾ. ഇവരിൽ 200 കുടുംബത്തിന്‌ മാത്രമാണ്‌ പുനരധിവാസം നൽകിയത്‌. 1850 പേർക്ക്‌ കിടപ്പാടമില്ലാതായി. കുടിവെള്ള ക്ഷാമമുള്ള നരയ്ന മേഖലയിലേക്കാണ്‌ മറ്റുള്ളവർക്ക്‌ ഫ്ലാറ്റുകൾ അനുവദിച്ചത്‌. ജോലിസ്ഥലത്തുനിന്നും കുട്ടികളുടെ സ്കൂളിൽനിന്നും കിലോമീറ്ററുകൾ അകലെ. സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ നടത്തിയിട്ടും വീടുകൾ ഇടിച്ചുനിരത്തി. പുനരധിവാസം നൽകാത്ത മറ്റ്‌ കുടുംബങ്ങളെ തമിഴ്‌നാട്‌ സർക്കാരിന്റെ സഹായത്തിൽ നാട്ടിലെത്തിച്ചു. എന്നാൽ, നാട്ടിലേക്ക്‌ മടങ്ങാനാകാത്തവർ തെരുവുകളിൽ അഭയം തേടി. കൽക്കാജി മേഖലയിലെ ഭൂമിഹീൻ ക്യാമ്പിൽ 344 വീടുകളാണ്‌ ബുൾഡോസറുകൾ ഇടിച്ചുനിരത്തിയത്‌. അയ്യായിരത്തോളം പേർക്ക്‌ പുനരധിവാസം നൽകിയില്ല. അശോക്‌ വിഹാറിൽ 2800 പേരാണ്‌ പുനരധിവാസം ലഭിക്കാതെ തെരുവിലായത്‌. മതിയായ രേഖകളില്ലെന്ന്‌ പറഞ്ഞാണ്‌ പലർക്കും പുനരധിവാസം നിഷേധിച്ചത്‌.


ന്യൂനപക്ഷങ്ങൾക്ക്‌ രക്ഷയില്ല


delhiഫോട്ടോ: പി വി സുജിത്ത്‌

ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ബംഗ്ലാദേശികളെന്ന്‌ ആരോപിച്ച്‌ ബംഗാളി സംസാരിക്കുന്ന നിരവധി മുസ്ലിങ്ങളെ രേഖാ ഗുപ്‌തയുടെ സർക്കാർ നാടുകടത്തി. പരിശോധനയെന്ന പേരിൽ ദരിദ്ര തൊഴിലാളികളുടെ വീടുകൾ കയറിയിറങ്ങി ആധാർ പരിശോധന നടത്തി. തെളിവുകൾ കൂടാതെ ബംഗാളികളെന്ന്‌ മുദ്രകുത്തി കുഞ്ഞുങ്ങളുൾപ്പെട്ട കുടുംബങ്ങളെ ക്യാമ്പുകളിലാക്കി നാടുകടത്തൽ നടപടിക്ക്‌ ഇരകളാക്കി. ജൂണിൽ മംഗോൾപുരിയിൽ അനധികൃത നിർമാണങ്ങളെന്നാരോപിച്ച്‌ മസ്‌ജിദും പൊളിച്ചുനീക്കി.


നവ അടിയന്തരാവസ്ഥ


ഡൽഹിയിൽ ചേരി പൊളിക്കൽ നടപടി ആരംഭിക്കുന്നത്‌ അടിയന്തരാവസ്ഥക്കാലത്താണ്‌. 1976ൽ സഞ്ജയ്‌ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ ഡൽഹിയെ സൗന്ദര്യവൽക്കരിക്കാനെന്ന പേരിൽ വ്യാപകമായി ചേരികൾ ഇടിച്ചുനിരത്തി. ഡൽഹി ഡെവലപ്മെന്റ്‌ അതോറിറ്റി വൈസ്‌ ചെയർമാനായിരുന്ന ജഗ്‌മോഹനാണ്‌ അന്നത്തെ ബുൾഡോസർ രാജിന്‌ നേതൃത്വം നൽകിയത്‌. ആയിരക്കണക്കിന്‌ തൊഴിലാളികൾ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു. ബുൾഡോസറുകളെ തടഞ്ഞ്‌ പ്രതിഷേധിച്ചവർക്കു നേരെ വെടിവയ്‌പ്‌ നടത്തി. മാധ്യമങ്ങൾക്ക്‌ നിരോധനം ഉണ്ടായിരുന്നതുകൊണ്ടുതന്നെ അന്ന്‌ കൊല്ലപ്പെട്ടവരുടെ കണക്കുകൾ ഇന്നും അജ്ഞാതമാണ്‌. ആറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. രേഖകളൊന്നും പരിശോധിക്കാതെയായിരുന്നു നടപടികളെല്ലാം. ഏത്‌ ചേരി കണ്ടാലും പൊളിക്കുന്ന സ്ഥിതി. ഇവരിൽ പലരും പിന്നീട്‌ നഗരത്തിൽനിന്ന്‌ മാറി യമുനാ നദിക്ക്‌ കിഴക്ക്‌ പുനരധിവാസം തേടി. അന്നത്തെ ഉദ്യോഗസ്ഥന്‌ മാറിവന്ന സർക്കാരുകൾ ഉന്നതസ്ഥാനങ്ങൾ നൽകി. അടിയന്തരാവസ്ഥ സമയത്ത്‌ സഞ്ജയ്‌ ഗാന്ധിയുടെ അടുത്ത വൃത്തങ്ങളിലുൾപ്പെട്ട ഇയാളെ പിന്നീട്‌ കോൺഗ്രസ്‌ സർക്കാർ ഗോവയുടെയും പിന്നീട്‌ ഡൽഹിയുടെയും ലഫ്‌. ഗവർണറാക്കി. 1995ൽ ഇയാൾ ബിജെപിയിൽ ചേർന്ന്‌ വാജ്‌പേയി മന്ത്രിസഭയിൽ അംഗമായതും ചരിത്രം. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പദ്‌മവിഭൂഷണും നൽകി. അതേ നടപടികളാണ്‌ ഇന്നും തുടരുന്നത്‌.

delhiഫോട്ടോ: പി വി സുജിത്ത്‌

പാഴ്‌വാഗ്‌ദാനങ്ങൾ


2011ലെ സെൻസസ്‌ അനുസരിച്ച്‌ ഡൽഹി ജനസംഖ്യയുടെ ഏകദേശം 10.8 ശതമാനവും ചേരികളിലാണ്‌ താമസം. ചേരി നിവാസികളുടെ പുനരധിവാസത്തിന്‌ പുനരധിവാസ നയം 2016ൽ ആം ആദ്‌മി മന്ത്രിസഭ അംഗീകരിച്ചിരുന്നു. ശരിയായ പുനരധിവാസം ഉറപ്പാക്കാതെ ചേരികൾ നീക്കില്ലെന്നാണ്‌ നയത്തിൽ പറഞ്ഞത്‌. എന്നാൽ, ബിജെപി സർക്കാർ എത്തിയശേഷം പുനരധിവാസ നയം പൂർണമായും ഉപേക്ഷിച്ചെന്ന്‌ മാത്രമല്ല, കൃത്യമായ രേഖകളുള്ളവരെയും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി. അനധികൃതമെന്ന്‌ കണ്ടെത്തിയാൽ ഉടമസ്ഥന്‌ സ്വയം വീട്‌ പൊളിച്ചു മാറ്റാൻ അധികാരം നൽകണമെന്നുള്ള സുപ്രീംകോടതി വിധിയും പാലിക്കുന്നില്ല. നഗരത്തിലെ ജോലിസ്ഥലങ്ങളിൽനിന്ന്‌ കിലോമീറ്ററുകൾ അകലെ പ്രാന്ത പ്രദേശങ്ങളിലാണ്‌ കുടിയിറക്കപ്പെട്ടവർക്ക്‌ വീടുകൾ അനുവദിക്കുന്നത്‌.


ചവിട്ടിമെതിച്ച്‌


ബിജെപി സർക്കാരിന്റെ അനധികൃത ചേരി പൊളിക്കലിനെതിരെ സിപിഐ എമ്മിന്റെയും മറ്റ്‌ പ്രതിപക്ഷ പാർടികളുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു. എന്നാൽ, അവയെ അടിച്ചമർത്താനാണ്‌ ഡൽഹി പൊലീസ്‌ ശ്രമിച്ചത്‌. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഭൂമിഹീൻ ക്യാമ്പിലെ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ്‌ അതിഷിയെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. ബിജെപി തുടങ്ങിയിട്ടേയുള്ളൂ. രാജ്യത്തെ ദരിദ്രരായ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിയിടുന്ന നയം അവർ തുടരുകതന്നെ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home