ad
Deshabhimani

യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക്‐25

ബ്രഹ്മപുത്രയിൽ യാത്രയ്‌ക്കൊരുങ്ങുന്ന ജങ്കാർ
avatar
വേണു

Published on Dec 29, 2025, 10:47 AM | 7 min read

ഏപ്രിൽ 20 ഷെൻഗാ ചിങ് യൂ ‐ മാജൂളി

മഴ മൂലം സാരമായ വഴിമാറ്റമൊന്നും ഇതുവരെ വേണ്ടിവന്നില്ലെങ്കിലും, മുന്നോട്ടുള്ള യാത്രയിൽ അതു വേണ്ടിവരുമെന്നാണ് തോന്നുന്നത്. അരുണാചൽ പ്രദേശിലെ നാംഡഫാ നാഷണൽ പാർക്കിലേക്കുള്ള വഴി കൊള്ളാമെന്ന് മാപ്പിൽ കണ്ടെങ്കിലും, ഈ വഴിയിലെ അടുത്ത സ്ഥലമായ പാസീഘട്ടിൽനിന്ന് അങ്ങോട്ടുമിങ്ങോട്ടുമായി അറുനൂറ് കിലോമീറ്റർ ഓടണം. സിറോ താഴ്‌വരയിലേക്കുള്ള യാത്രാമധ്യേ രാത്രി തങ്ങാനുള്ള ഒരിടം മാത്രമാണ് എനിക്കു പാസീഘട്ട്. തന്നെയുമല്ല, സിറോയുടെ നേരേ വിപരീത ദിശയിലാണ് നാംഡഫാ. അവിടുത്തെ താമസം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോൾ വെറുംകൈയോടെ മടങ്ങേണ്ടിവരും.


നോക് റെക് നാഷണൽ പാർക്കും മുർലിൻ നാഷണൽ പാർക്കും അടഞ്ഞുകിടന്നതോർത്തപ്പോൾ മടിച്ചാണെങ്കിലും ലിസ്റ്റിൽനിന്ന് നാംഡഫാ വെട്ടി. പോകണമെന്ന് തുടക്കത്തിൽ തന്നെ മനസ്സിലുണ്ടായിരുന്ന തവാങ്ങും ഇപ്പോൾ സംശയത്തിലാണ്. പതിനായിരം അടിയിലധികം ഉയരമുള്ള തവാങ്ങിലേക്കുള്ള നീണ്ട വഴിയിൽ മണ്ണിടിച്ചിൽ സ്ഥിരമായിരിക്കുന്നു എന്ന് വാർത്തകൾ പറയുന്നു. നാവിഗേഷൻ മാപ്പ് നിറയെ ചുവപ്പു മേഖലകളാണ് കാണുന്നത്. തവാങ്ങും കൂടി ഉപേക്ഷിക്കേണ്ടിവന്നാൽ റൂട്ടിൽ കാര്യമായ മാറ്റങ്ങൾ വേണ്ടിവരും. ഇതിനു പുറമേയാണ് ഫുട്ബോൾ കളിക്കാരെ വഴിയിൽ കാണാനുള്ളത്. എന്റെ സൗകര്യം മാത്രം നോക്കി ചെയ്യാവുന്ന കാര്യമല്ലിത്. സി കെ വിനീതും റിനോ ആന്റോയും ഈ ഭാഗത്താണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ എല്ലാ ജില്ലകളെയും തൊട്ടുകൊണ്ടുള്ള വളരെ സങ്കീർണമായ യാത്രയാണ് അവരുടേത്. ഇവിടെ, ഞാൻ പോകുന്നതിന്റെ എതിർദിശയിലാണ് ഇപ്പോൾ അവരുടെ സഞ്ചാരം. അസമിലെ മാജൂളി എന്ന സ്ഥലത്തുവച്ച് തമ്മിൽ കാണാനാണ് ഒടുവിൽ തീരുമാനിച്ചത്. അവരെത്തിയിട്ട് ദിവസം രണ്ടായി. ഇന്നു വൈകിട്ട് ഞാനവിടെ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷെൻഗാ ചിങ് യൂവിൽനിന്നു മോൺ വരെയുള്ള രണ്ടു മണിക്കൂറിനു പുറമേ വീണ്ടുമൊരു ആറു മണിക്കൂറാണ് മാജൂളി വരെയുള്ള ദൂരം കാണിക്കുന്നത്. നീണ്ട ദൂരങ്ങൾ എനിക്കിപ്പോൾ അസൗകര്യമായി തോന്നാറില്ല. വഴിദൂരം ഭയന്ന് വേഗം കൂട്ടാൻ ശ്രമിക്കാറില്ല. വഴി നീളെ വണ്ടി നിർത്തി വേണ്ടാത്ത പടങ്ങളെടുക്കാൻ ബദ്ധപ്പെടാറില്ല. സമയം നോക്കാതെയും അസ്വസ്ഥതയോ മടുപ്പോ അത്യാവേശമോ തോന്നാതെയും സ്വസ്ഥമായി വണ്ടിയോടിക്കാൻ ഞാനിപ്പോൾ ശീലിച്ചുകഴിഞ്ഞു.

ബ്രഹ്മപുത്രയിൽ യാത്രയ്‌ക്കൊരുങ്ങുന്ന ജങ്കാർബ്രഹ്മപുത്രയിൽ യാത്രയ്‌ക്കൊരുങ്ങുന്ന ജങ്കാർ

മോണിൽനിന്ന് നാഗാമലകൾ കടന്ന് വടക്കോട്ട് ഇറങ്ങിച്ചെന്നാൽ അസം സമതലത്തിലെത്തും. ടിസിറ്റ് എന്ന ചെറിയൊരു ഗ്രാമമാണ് ഇവിടെ സംസ്ഥാന അതിർത്തി. ഈ വഴിയിലെ അവസാനത്തെ നാഗാ ഗ്രാമമാണിത്. ടിസിറ്റ് കഴിഞ്ഞതോടെ മലകൾ പെട്ടെന്ന് ചെറുതാകുകയും ചുറ്റുപാടും സമതലങ്ങൾ തെളിഞ്ഞു വരുകയും ചെയ്‌തു. പ്രകൃതിഘടനയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് മനുഷ്യന്റെ മാനസികനിലയെ സ്വാധീനിക്കാൻ ചിലപ്പോൾ സാധിക്കും. ഗാരോ മലകളിൽ തുടങ്ങി, കഴിഞ്ഞ ഒരു മാസമായി സ്ഥിരമായി കൂടെയുണ്ടായിരുന്ന കാടും മലകളും കാഴ്‌ചയിൽനിന്നു പെട്ടെന്ന് മറഞ്ഞുപോയപ്പോൾ, അടുപ്പക്കാർ അകന്നുപോകുമ്പോഴുണ്ടാകുന്ന വിഷാദമാണ് തോന്നിയത്. അടുത്ത വലിയ നഗരമായ ദിബ്രുഗഡിന് മുമ്പ്‌ സോനാരി എന്ന ചെറുപട്ടണത്തിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ജങ്കാറിൽ ബ്രഹ്മപുത്ര കടന്നുവേണം മാജൂളിയിലെത്താൻ. അല്ലെങ്കിൽ നേരെ പോയിട്ട്, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ്- റെയിൽ ഡബിൾ ഡെക്കർ പാലമായ ബോഗിബീൽ പാലം വഴിയും പോകാം. ബ്രഹ്മപുത്രയുടെ മേലെ അഞ്ചു കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ കണ്ണടച്ച് പറക്കുന്നതിനു പകരം, കാഴ്‌ചകൾ കണ്ട് ജങ്കാറിൽ സാവധാനം പോകാനായിരുന്നു എനിക്കിഷ്ടം.


കേരളത്തിലെയും പഞ്ചാബിലേയും ചില നദികളെ മാറ്റിനിർത്തിയാൽ ഇന്ത്യയിലെ പ്രധാന നദികൾക്കെല്ലാം പെൺപേരുകളാണുള്ളതെന്നു കാണാം. ഗംഗ, യമുന, സിന്ധു, പത്മ, നർമദ, തീസ്‌താ, ചമ്പൽ, കോയൽ, ഗോദാവരി, ഗൗതമി, ഇന്ദ്രാവതി, കാവേരി, താപ്തി, ഭഗീരഥി, സരസ്വതി എന്നുതുടങ്ങി ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇതിനൊരപവാദം ബ്രഹ്മപുത്രയാണ്. ബ്രഹ്മാവിന്റെ പുത്രിയല്ല, പുത്രനാണ് ബ്രഹ്മപുത്ര. ടിബറ്റിലെ മാനസരോവർ പ്രദേശത്തുനിന്നുത്ഭവിച്ച്, ചൈനയിൽ ട്‌സാങ്പോ എന്നും അരുണാചൽപ്രദേശിൽ സിയാങ് എന്നും അസമിൽ ബ്രഹ്മപുത്രൊ എന്നും ബംഗ്ലാദേശിൽ ജംന എന്നും ഒടുവിൽ ഗംഗയോട് ചേർന്നശേഷം മേഘ്ന എന്നും അറിയപ്പെടുന്ന മൂവായിരം കിലോമീറ്റർ നീളമുള്ള ഈ നദി, ലോകത്തിലെ തന്നെ വലിയ നദികളിൽ ഒന്നാണ്. സമാന്തരമായി ഒഴുകുന്ന നിരവധി ചാലുകൾ പിണച്ചു പിന്നിയതുപോലെയാണ് മാപ്പിൽ ബ്രഹ്മപുത്രയുടെ ഇപ്പോഴത്തെ രൂപം. ഈ ചാലുകളോരോന്നിനും കേരളത്തിലെ ഏതു പ്രധാനപ്പെട്ട നദികളേക്കാളുമധികം വലുപ്പമുണ്ട്. ഹിമാലയത്തിൽ മഞ്ഞുരുകുന്ന വേനൽക്കാലത്തും അതിന്റെ തുടർച്ചയായ മൺസൂൺ മഴക്കാലത്തുമായി നാലഞ്ചു മാസം നീണ്ടുനിൽക്കുന്നതാണ് ബ്രഹ്മപുത്രയിലെ പ്രളയങ്ങൾ. ആ സമയത്ത് ഇപ്പോൾ ചിതറിക്കിടക്കുന്ന ചാലുകളെല്ലാം ഒന്നിച്ചു കര കവിഞ്ഞ് എല്ലാം വിഴുങ്ങുന്ന കടലായി മാറും. മൺസൂൺ തുടങ്ങിയിട്ടില്ല. ഉരുക്കുവെള്ളം വന്നു തുടങ്ങുന്നതേ ഉള്ളൂ. കരകൾ ഇപ്പോഴും ഉയരത്തിലാണ് നിൽക്കുന്നത്.

ബ്രഹ്മപുത്രാനദിബ്രഹ്മപുത്രാനദി

തീരം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുക്കിവച്ചിരിക്കുന്ന എണ്ണമറ്റ മണൽചാക്കുകളുടെ നീണ്ട നിരകൾക്കിടയിലൂടെ താഴേക്ക് പോകുന്ന മൺവഴി ചെന്നവസാനിക്കുന്നത് വെള്ളത്തിന്റെ വക്കിലാണ്. അവിടെ പഴയൊരു ജങ്കാറിൽനിന്ന് ചാക്കുകെട്ടുകൾ ചുമന്നുകൊണ്ട് കയറിവരുന്ന പണിക്കാരുടെ ഇടയിലൂടെ വണ്ടി താഴേക്കിറക്കാൻ ശ്രമിച്ചപ്പോൾ, സമയമായില്ല എന്നൊരാൾ പറഞ്ഞു. ഇപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടു മണിയായി. ഇതുവരെ ഒന്നും കഴിച്ചില്ല. ഗറില്ലാ ഭക്ഷണം തീർന്നിട്ട് ദിവസങ്ങളായി. വണ്ടി ഇവിടെ നിർത്തിയിട്ട് ഭക്ഷണം അന്വേഷിച്ചു പോകുന്നതും ബുദ്ധിയല്ല. രണ്ടു മൂന്ന് വണ്ടികൾക്കുള്ള ഇടമേ ജങ്കാറിനുള്ളൂ. അത് നഷ്ടപ്പെട്ടാൽ അടുത്ത കടത്ത് അഞ്ചുമണിക്ക് മാത്രമാണുള്ളത്. അതിൽ വൻതിരക്കായിരിക്കും. എന്തായാലും ഭാഗ്യപരീക്ഷണം വേണ്ട എന്നുതന്നെ തീരുമാനിച്ചു. പിന്നിൽ മറ്റു രണ്ടു വണ്ടികൾ കൂടി വന്നുനിന്നു. ചരക്കിറക്കം വളരെ പതുക്കെയാണ് നടക്കുന്നത്. അതിനിടെ ധാരാളം ബൈക്കുകളും തിക്കിത്തിരക്കി മുന്നോട്ട് കയറിവരാൻ തുടങ്ങി. ഒടുവിൽ ഒരാൾ വന്ന് ഒരു ടിക്കറ്റെഴുതി തന്നു. ആദ്യം ബൈക്കുകൾക്കാണ് അവസരം എന്നു പറഞ്ഞിട്ട് ടിക്കറ്റ് തുകയായ എഴുന്നൂറ്റി അൻപത് രൂപ വാങ്ങി അയാൾ പോയി. പാലമായിരുന്നു ഭേദമെന്നു തോന്നിയെങ്കിലും, എനിക്ക് പോകാനുള്ള ഭാഗത്തുനിന്ന് ഒരുപാട് മാറിയാണ് പാലം ചെന്നുചേരുന്നതെന്ന് അപ്പോൾ പരിചയപ്പെട്ട ഒരാൾ പറഞ്ഞു. ടിക്കറ്റ്‌ തുക എഴുന്നൂറ്റി അൻപതാണെന്ന് കേട്ടപ്പോൾ, ഇത് പരദേശികൾക്കുള്ള പ്രത്യേക നിരക്കായിരിക്കുമെന്ന് പറഞ്ഞ് അയാൾ ചിരിച്ചു. ഒരു കാറിന് നാനൂറ് രൂപയാണിവിടെ സാധാരണ നിരക്ക്. അതിന്റെ പേരിൽ തർക്കിക്കാൻ പോയില്ലെങ്കിലും, ‘ഇന്ത്യാക്കാരെ പരദേശികളായി കാണുന്നവർ’ എന്ന പഴി കേൾക്കുന്ന ‘പ്രാകൃത’ മനുഷ്യരാരും ഇതുപോലെയുള്ള പ്രത്യേക പരിഗണനകൾ നൽകി പരദേശികളെ ആദരിക്കുന്നത് എവിടെയും കണ്ടിട്ടില്ലല്ലോ എന്നോർത്തു.


മൂന്നു കാറുകളും ഇരുപത് ബൈക്കുകളും നൂറു യാത്രക്കാരുമായി ജങ്കാർ പുറപ്പെട്ടപ്പോൾ മണി മൂന്ന്‌ കഴിഞ്ഞു. കുറച്ചുദൂരം കുറുകെ പോയി ഇടത്തേക്ക് തിരിഞ്ഞിട്ട് പുഴയ്‌ക്ക്‌ നെടുകെ ജങ്കാർ നീങ്ങാൻ തുടങ്ങി. ഞാൻ ധരിച്ചിരുന്നതുപോലെ നേരെ അക്കരയല്ല ലക്ഷ്യസ്ഥലം. കഴിഞ്ഞ വർഷം വിയറ്റ്നാമിലെ സെയ്ഗോണിൽ നിന്ന് കംബോഡിയയിലെ നോംപെൻ വരെയുള്ള ഏഴു മണിക്കൂർ ദൂരം മീകോങ് നദിയിലൂടെ ഒരു ബോട്ടിൽ യാത്ര ചെയ്‌തതോർത്തു. ബ്രഹ്മപുത്രയുടെ ഇരട്ടിയോളം വലുപ്പമാണ് മീകോങ് നദിക്കുള്ളത്. ഇടയ്‌ക്ക്‌ കടന്നുപോകുന്ന വലിയ ബാർജുകളും ചെറിയ ചില ഗ്രാമങ്ങളും ഒഴിച്ചാൽ, ഈ ദൂരത്തിനിടയിൽ ബോട്ടിലിരുന്നു കാണാൻ കഴിഞ്ഞത്, മാറ്റമില്ലാതെ കൂടെയുള്ള വലിയ ജലപ്പരപ്പും വശങ്ങളിൽ ഉയരത്തിൽ നിൽക്കുന്ന മണൽത്തിട്ടകളുടെ അപ്പുറമുള്ള ആകാശവും സഹയാത്രികരുടെ ഉറങ്ങുന്ന മുഖങ്ങളും മാത്രമായിരുന്നു. ഇവിടെയും സാഹചര്യങ്ങൾ സമാനമായിരുന്നു. നമ്മളിപ്പോൾ യാത്ര ചെയ്യുന്നത് ഐതിഹാസിക നദിയായ ബ്രഹ്മപുത്രയിലൂടെയാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീജലദ്വീപായ മാജൂളിയിലേക്കാണ് ഈ യാത്രയെന്നും ഇടയ്‌ക്കിടെ സ്വയം പറഞ്ഞു ബോധ്യപ്പെടുത്തിയില്ലെങ്കിൽ ചുറ്റുപാടുകൾ വളരെപ്പെട്ടെന്നു തന്നെ വിരസമാകാൻ തുടങ്ങും.

കേരള വനം വകുപ്പ്‌ ഉദ്യോഗസ്ഥനായ പ്രഭുവും മുൻ ഇന്ത്യൻ ഫുട്‌ബോളർ റിനോ ആന്റോയുംകേരള വനം വകുപ്പ്‌ ഉദ്യോഗസ്ഥനായ പ്രഭുവും മുൻ ഇന്ത്യൻ ഫുട്‌ബോളർ റിനോ ആന്റോയും

സമാന്തരമായൊഴുകുന്ന ബ്രഹ്മപുത്ര, സുബാൻസിരി നദികൾക്കിടയിൽ ഏകദേശം എണ്ണൂറ് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ ദീർഘാകൃതിയിലാണ് മാജൂളിയുടെ കിടപ്പ്. വിവിധ ജനസമൂഹങ്ങളിൽപെട്ട ഒന്നര ലക്ഷം പേർ ഇപ്പോഴും ഈ ദ്വീപിൽ താമസമുണ്ട്. വൈഷ്‌ണവ ഹിന്ദുക്കളാണ് കൂടുതൽ. നൂറു വർഷങ്ങൾക്ക് മുമ്പ്‌ ആയിരത്തി ഇരുനൂറ് ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുണ്ടായിരുന്ന ദ്വീപിന്റെ ബാക്കി ഭാഗങ്ങൾ ഇക്കാലത്തിനിടയിൽ ബ്രഹ്മപുത്ര കൊണ്ടുപോയി. കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വർഷത്തിനിടയിൽ മാത്രം മാജൂളിക്ക് നഷ്ടമായത് നാൽപ്പത് ഗ്രാമങ്ങളാണ്. ഈ അളവിൽ നിലം നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ അടുത്തുതന്നെ മാജൂളി പൂർണമായും ബ്രഹ്മപുത്രയിൽ അലിഞ്ഞില്ലാതാകുമെന്ന് ഗവേഷകർ ഭയക്കുന്നു. ബ്രഹ്മപുത്രയുടെ മേൽപ്രദേശങ്ങളിൽ വെള്ളപ്പൊക്കം തടയാനായി സ്ഥാപിച്ചിട്ടുള്ള എണ്ണമറ്റ മണൽച്ചാക്കുകളും ചിറകളും ജിയോ ടൂബുകളും നദിയുടെ പരപ്പ്‌ കുറയ്‌ക്കുകയും ഒഴുക്ക് വർധിപ്പിക്കുകയും ചെയ്‌തതുമൂലമാണ്, താഴേത്തലങ്ങളിലെ മണൽത്തിട്ടകളും തുരുത്തുകളും കൂടുതൽ വേഗത്തിൽ ഒലിച്ചുപോകുന്നത് എന്ന്‌ വിദഗ്ധർ പറയുന്നു. മണ്ണിനെ പിടിച്ചുനിർത്താൻ കഴിയുന്ന വേരുകളുള്ള മരങ്ങളുടെ അഭാവം ഈ ഭീഷണിയുടെ ഗൗരവം കൂടുതൽ ഉയർത്തുന്നു.


ഇതിനുള്ള പരിഹാരത്തിന്റെ ആരംഭമായി മാജൂളിയുടെ തെക്കുള്ള വലിയൊരു മണൽത്തിട്ട ഒറ്റയ്‌ക്കൊരാൾ വലിയൊരു വനമാക്കി മാറ്റിയെടുത്തിരിക്കുന്നു. ഇന്ന് മൊലായ് വനങ്ങൾ എന്ന പേരിൽ ലോകപ്രസിദ്ധമായ ഈ മനുഷ്യനിർമിത വനത്തിന്റെ പിന്നിൽ ജാദവ് പയെങ് എന്ന ഒരൊറ്റ മനുഷ്യന്റെ അധ്വാനം മാത്രമാണുള്ളത്. അദ്ദേഹം ഏകദേശം അരനൂറ്റാണ്ട് മുമ്പാരംഭിച്ചതും ഇന്നും തുടരുന്നതുമായ സമാനതകളില്ലാത്ത ഒരു വൃക്ഷവൽക്കരണ മഹായജ്ഞത്തിന്റെ ഫലമായിട്ടാണ് ആയിരത്തി എണ്ണൂറ് ഏക്കർ വിസ്‌തീർണത്തിൽ ഒഴിഞ്ഞുകിടന്നിരുന്ന പാഴ്‌മണൽ നിലങ്ങൾ ഇപ്പോൾ നാനാതരം പക്ഷിമൃഗാദികളുടെ അഭയാരണ്യമായി മാറിയിരിക്കുന്നത്. മരങ്ങൾ വേരുറപ്പിച്ചതോടെ കരനഷ്ടവും ഇവിടെ ഇല്ലാതായി. മാനും മയിലും മാത്രമല്ല, ആനയും കാണ്ടാമൃഗവുംവരെ ഇന്നിവിടുത്തെ താമസക്കാരായിക്കഴിഞ്ഞു. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, കടുവകളെപ്പോലും ആകർഷിക്കാൻ ശേഷിയുള്ള വലിയ ജൈവസമ്പത്ത് ഇന്നീ വനത്തിലുണ്ട്. ഒരു സാധാരണക്കാരൻ പരപ്രേരണയോ പരസഹായമോ ഇല്ലാതെ സംഭാവനയോ ശ്രമദാനമോ പ്രതീക്ഷിക്കാതെ സ്വന്തം അധ്വാനവും ഇച്ഛാശക്തിയും കൊണ്ടുമാത്രം ഉണ്ടാക്കിയെടുത്ത ഈ മഹാസംരംഭത്തിന്റെ ഒരംശം പോലും മറ്റിടങ്ങളിൽ ആവർത്തിക്കാൻ ശതകോടികൾ ചെലവഴിച്ചിട്ടും ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല എന്നതും കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം.

മാജൂളിയിലെ ജങ്കാർ ജെട്ടിയിൽനിന്ന് വീണ്ടും അര മണിക്കൂർ ദൂരെയാണ് വിനീതും റിനോയും താമസിക്കുന്ന അയാങ് ഒകും റിസോർട്ട്. അവിടെയെത്തിയപ്പോൾ നേരം സന്ധ്യയായി. വലിയ സ്വാഗതമായിരുന്നു അവർ എനിക്കു തന്നത്. ഫുട്ബോൾ താരങ്ങളെ നേരിട്ടു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനവും എഴുപതുകളിലും കേരളത്തിൽ പലയിടങ്ങളിലും ദേശീയ തലത്തിലുള്ള ക്ലബ് ഫുട്ബോൾ ടൂർണമെന്റുകൾ നടക്കാറുണ്ടായിരുന്നു. ജി വി രാജ, ശ്രീനാരായണ, മാമ്മൻ മാപ്പിള, സേട്ട് നാഗ്ജി, ചാക്കോള തുടങ്ങിയ ടൂർണമെന്റുകളിൽ കളിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വലിയ ടീമുകൾ അക്കാലത്ത് കേരളത്തിൽ വരാറുണ്ടായിരുന്നു. വാസ്‌കോ, ഡെംപോ, ജെ സി ടി, ഓർക്കേ, ടാറ്റാ, റെയിൽവേ, എം ഇ ജി, എം ആർ സി, ആർ എ സി തുടങ്ങി കേരള ടീമുകളായ ഫാക്ടും അലിൻഡും കേരള പൊലീസും കോഴിക്കോട് യങ്‌ ചലഞ്ചേഴ്സുമൊക്കെ അന്നു കേരളത്തിൽ സുപരിചിത നാമങ്ങളാണ്. മലയാളം പത്രങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് അന്ന് കളികൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. ഒരിക്കൽ ഒരു സെമി ഫൈനലിൽ ടാറ്റായോട് പരാജയപ്പെട്ട് ഓർക്കേ പുറത്തായപ്പോൾ, ഒരു പത്രത്തിൽ അക്ഷരം തെറ്റി വന്ന തലക്കെട്ട്, ‘ഓർക്കാപ്പുറത്ത് ടാറ്റാ ഫൈനലിൽ’ എന്നായിരുന്നു. ഇന്ദർസിങ്, മണി, ചേക്കു, മൊയ്‌തീൻ കുട്ടി, ബാലകൃഷ്‌ണൻ, കൊറ്റൻ, സുധീർ, അവീന്ദർ സിങ്, ചേൻ സിങ്, നജീമുദ്ദീൻ, സേതുമാധവൻ, സൈമൺ സുന്ദർരാജ് തുടങ്ങിയ പേരുകൾ കുട്ടികൾക്കു പോലും അറിയാമായിരുന്നു. ഇവരിൽ ചിലർ അന്നത്തെ ഇന്ത്യൻ ടീമംഗങ്ങളായിരുന്നു. മിക്കവരും സന്തോഷ് ട്രോഫി കളിച്ചിട്ടുള്ളവരാണ്. വിദേശികൾ ഇല്ലായിരുന്നു.

അക്കാലത്ത് ഫുട്ബോൾ സാധാരണക്കാരുടെ കളിയും ക്രിക്കറ്റ് മേൽത്തട്ടുകാരുടെ കളിയുമാണ്. ഇന്നത് നേരെ തിരിച്ചാണ്. കേരളത്തിലെ സാധാരണക്കാർക്ക് പേരറിയാവുന്ന ഇന്ത്യൻ ഫുട്ബോൾ കളിക്കാർ ഇന്നു ചുരുക്കമാണ്.


ഇക്കൊല്ലം കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചവർ ആരൊക്കെയാണെന്ന് ചോദിച്ചാൽ നമ്മുടെ സ്‌പോർട്സ് ലേഖകന്മാർ പോലും അറിയാതെ പരസ്‌പരം നോക്കും. ഐഎസ്എല്ലിൽ കളിക്കുന്ന ചില താരങ്ങൾ മാത്രമാണ് ഇതിനൊരപവാദം. കോട്ടയം മാമ്മൻ മാപ്പിള ട്രോഫിയുടെ കുറഞ്ഞ ടിക്കറ്റിന് അന്ന് അമ്പതു പൈസയാണ് വില. ഒരു സിനിമാ ടിക്കറ്റിന്റെ കാശിന് രണ്ടു പന്തുകളി കാണാം. എന്നാൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അമ്പതു പൈസ കിട്ടുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. നിർത്താതെ ശല്യം ചെയ്തു കരഞ്ഞു പിന്നാലെ നടന്നാലും അപൂർവമായി മാത്രമായിരുന്നു അമ്മയുടെ മനസ്സലിയുന്നത്. അങ്ങനെ വല്ലപ്പോഴും കിട്ടുന്ന അമ്പത് പൈസയുമായി നാഗമ്പടം സ്റ്റേഡിയത്തിലേക്കുള്ള മൂന്ന്‌ കിലോമീറ്റർ ദൂരം നിർത്താതെ ഓടിയിരുന്നത് കളി കാണാനായിരുന്നില്ല, കളിക്കാരെ കാണാനായിരുന്നു.

സി കെ വിനീത്‌സി കെ വിനീത്‌

ഇന്ത്യയിലെ എല്ലാ ജില്ലകളും സന്ദർശിച്ച് അവിടെനിന്ന് മുപ്പത് സ്ഥലങ്ങൾ തെരഞ്ഞെടുത്ത് കുട്ടികൾക്കായി മുപ്പത് ഫുട്ബോൾ അക്കാദമികൾ ആരംഭിക്കുക എന്ന വലിയൊരു പദ്ധതിയുടെ ഭാഗമാണ് വിനീതിന്റേയും റിനോയുടേയും ഈ യാത്ര. യാത്രയ്‌ക്കാവശ്യമായ കായികശേഷി യുവ ഫുട്ബോളർമാർക്ക് തീർച്ചയായും ഉണ്ടാവും എന്നതിന് സംശയമില്ല. പണച്ചെലവിനും മാർഗങ്ങളുണ്ടാകും. എന്നാൽ ഇത്തരമൊരു യാത്ര ആവശ്യപ്പെടുന്ന ഇച്ഛാശക്തിയും ഉദ്ദേശ്യഗൗരവവും ഈയളവിൽ ഞാൻ പ്രതീക്ഷിച്ചതല്ല. വലിയ തയ്യാറെടുപ്പുകളാണ് യാത്രയ്‌ക്കായി നടത്തിയിരിക്കുന്നത്. എല്ലായിടങ്ങളിലും സംഘാടകരും പിന്തുണക്കാരും ആവശ്യമായി വരും. ചെറിയ സ്‌കൂൾ ഗ്രൗണ്ടുകളാണ് കളരി നിലങ്ങൾ. ഡ്രോണും വീഡിയോ ക്യാമറകളും ഗ്യാസടുപ്പും ചമ്മന്തിപ്പൊടിയും അടക്കമുള്ള വിവിധ സന്നാഹങ്ങൾ വണ്ടിയിലുണ്ട്. പന്തുകളിക്കാർ രണ്ടുപേരും ഫോട്ടോഗ്രഫിയിൽ മിടുക്കരാണെങ്കിലും ഒരു വീഡിയോഗ്രാഫർ കൂടി അധികമായി കൂടെയുണ്ട്. ഇതിനെല്ലാം പുറമേ കേരള വനം വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനായ പ്രഭുവും കുറച്ചു ദിവസത്തേക്ക് ഇവരോടൊപ്പം ചേർന്നിട്ടുണ്ട്. അദ്ദേഹം മികച്ച ഫോട്ടോഗ്രാഫർ മാത്രമല്ല, ഫുട്ബോൾ ഭ്രാന്തനുമാണ്. യുവ വീഡിയോഗ്രാഫറുടെ പേര് ഗോകുൽ എന്നാണ്. ചിലർ ഗൂഗിൾ എന്നും വിളിക്കും. രാത്രി ഭക്ഷണം കഴിഞ്ഞ് ഫുട്ബോൾ ഫൗണ്ടേഷന്റെ കൈയൊപ്പിട്ട ജേഴ്സിയും ഒരു കറുത്ത ടീ ഷർട്ടും അവരെനിക്ക് സമ്മാനമായി തന്നു. അടുത്ത ദിവസം അവരോടൊപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്‌തു .(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home