ad
Deshabhimani

യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐24

ടോൺയെയുടെ വീടിനു പുറത്തിരുന്ന്‌ മുത്തുമാല കോർക്കുന്ന അമ്മമാർ
avatar
വേണു

Published on Dec 20, 2025, 11:14 AM | 6 min read

ഏപ്രിൽ 19 ഷെൻഗാ ചിങ് യൂ ‐ ഷെൻഗാ

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാഗാലാൻഡിൽ ഇന്നാണ്. കർണാടക വിട്ടതിനുശേഷം ഇതുവരെയും ഒരു ദേശീയ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതിന്റെ യാതൊരു ലക്ഷണങ്ങളും എവിടെയും കണ്ടിട്ടില്ല. ആകെ ചെറിയൊരനക്കം കണ്ടത് അഗർത്തലയിൽ മാത്രമായിരുന്നു. ഫുട്ബോൾ മൈതാനത്തിന് തൊട്ടുള്ള പ്രൈമറി സ്‌കൂളിലാണ് ഷെൻഗാ ചിങ് യൂവിലെ പോളിങ് ബൂത്ത്. രാവിലെ ഏഴുമണിക്കു തന്നെ ബൂത്തും ലിസ്റ്റും ഉദ്യോഗസ്ഥരും പൊലീസും റെഡിയാണ്. നാട്ടുകാരെന്നു തോന്നിക്കുന്ന നാലഞ്ച് പേർ എന്തോ കാര്യമായി സംസാരിച്ചിരിക്കുന്നു. പോളിങ് ഇനിയും തുടങ്ങിയിട്ടില്ല.

ഇന്ന് ദൂരെയെങ്ങും പോകാനില്ല. ഇവിടെ അടുത്തുള്ള ഷെൻഗാ എന്നൊരു ഗ്രാമത്തിൽ തോക്കുണ്ടാക്കുന്ന ഒരാളെ കാണണം. അവിടെയുള്ള ആംഗിന്റെ വീടും അടുത്തുള്ള പഴയ ചില വീടുകളുംകൂടി കൂട്ടത്തിൽ കാണാമെന്ന് ടോൺയെ പറഞ്ഞു. ഷെൻഗാ എന്ന പേരിന് ഷെൻഗാ ചിങ് യൂവുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോൾ, ചിങ് യൂ എന്നാൽ ചെറുത് എന്നാണർഥമെന്ന് ടോൺയെ പറഞ്ഞു. വേളിയും കൊച്ചുവേളിയും പോലെ, നാഗ്പൂരും ഛോട്ടാനാഗ്പൂരും പോലെ, പമ്പയും കൊച്ചുപമ്പയും പോലെ തന്നെയാണ് ഷെൻഗായും കൊച്ചുഷെൻഗായും. ആംഗ് വോട്ട് ചെയ്യാൻ പോകുന്നില്ലേ, എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ഈ വീട്ടിൽ മാത്രം പതിനൊന്ന് വോട്ടർമാരുണ്ട്. അവരാരും വോട്ടു ചെയ്യുന്നില്ലെന്ന് കേട്ടപ്പോൾ അതൽപ്പം അസാധാരണമായി തോന്നി. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായ പ്രദേശത്ത് വോട്ടിനും തെരഞ്ഞെടുപ്പിനുമെല്ലാം ഇത്രയ്‌ക്കുള്ള പ്രാധാന്യമേ ഉണ്ടാകൂ എന്നു ഞാൻ ഊഹിച്ചു. എന്നാൽ എന്റെ ഊഹം തീരെ ശരിയായിരുന്നില്ല. വോട്ടിനും തെരഞ്ഞെടുപ്പിനുമെല്ലാം വളരെ വലിയ പ്രാധാന്യമാണ് ഇവിടെയുള്ളവർ നൽകുന്നതെന്ന് അൽപ്പസമയത്തിനുള്ളിൽതന്നെ എനിക്ക് മനസ്സിലായി.

ടോൺയെയുടെ വീടിനു പുറത്തിരുന്ന്‌ മുത്തുമാല കോർക്കുന്ന അമ്മമാർടോൺയെയുടെ വീടിനു പുറത്തിരുന്ന്‌ മുത്തുമാല കോർക്കുന്ന അമ്മമാർ

2001 മാർച്ച് മാസത്തിൽ 78‐ാമത്തെ വയസ്സിൽ അന്തരിച്ച, ഷെൻഗാ ഗ്രാമത്തിന്റെ പ്രധാന ആംഗ് ആയിരുന്ന അഗാങ് റോൺഗാങ്ങിന്റെ സ്മൃതിഫലകത്തിൽ ഇംഗ്ലീഷിൽ കൊത്തിവച്ചിരിക്കുന്ന വരികളുടെ അർഥം ഇതാണ്:

‘കോന്യാക്കുകളുടെ പൈതൃക പാരമ്പര്യം സംരക്ഷിക്കുന്നതിൽ അതീവജാഗ്രത പുലർത്തിയിരുന്ന ഇദ്ദേഹത്തിന് നാല് ആംഗ്യാമാരും (ആംഗ് എന്നതിന്റെ സ്ത്രീലിംഗമാണ് ആംഗ്യാ. റാണി എന്നർഥം) പതിനെട്ട് ഭാര്യമാരും ഇരുപത്തിയാറ്‌ മക്കളും അമ്പത്തിയൊമ്പത് കൊച്ചുമക്കളും ഉണ്ടായിരുന്നു. മുപ്പത്തിയാറു മനുഷ്യ ശിരസ്സുകൾ നേരിട്ടു വെട്ടിയെടുത്തിട്ടുള്ള ഈ വീരപരാക്രമിയുടെ ഭരണകാലത്ത് നാട്ടിലെങ്ങും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടായി. അതുകൂടാതെ, അക്കാലത്ത് പലയിടത്തുനിന്നുമുണ്ടായ എതിർപ്പുകളൊന്നും വകവയ്‌ക്കാതെ, അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന യോദ്ധാക്കൾ നൂറ്റിമുപ്പത് ശത്രു ശിരസ്സുകൾ വേറെ വെട്ടിയെടുത്തു. ഒടുവിൽ, 1992‐ൽ ക്രിസ്‌തുമതം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായി. ഈ ശിലയുടെ സ്ഥാപകൻ ഇപ്പോഴത്തെ ആംഗ് ആയിട്ടുള്ള ആലോ നോവാങ് ആണ്.’


ശിലാഫലകം നിൽക്കുന്നത് ഇവിടുത്തെ ആംഗിന്റെ വീട്ടുമുറ്റത്താണ്. വീടിന്റെ ചുവരുകളിൽ വലിയ കൊമ്പുകളുള്ള എണ്ണമറ്റ മൃഗശിരസ്സുകൾ നിരന്നിരിക്കുന്നുണ്ട്. ഒരുകാലത്ത് ഇവിടെയെല്ലാം നിരത്തിവച്ചിരുന്ന മനുഷ്യശിരസ്സുകൾ മനസ്സിൽ കാണാൻ ശ്രമിക്കുമ്പോൾ കബന്ധങ്ങൾ എല്ലായിടത്തുനിന്നും എഴുന്നേറ്റുവരുന്നു. കബന്ധങ്ങളെ മറന്ന് ശിരസ്സുകളെ മാത്രം സ്മരിക്കുന്നത് ദുഷ്‌കരമാണ്. മനുഷ്യത്വമില്ലാത്ത കിരാതപ്രവൃത്തിയായി പരിഷ്‌കൃതലോകം തലവേട്ടയെ അപലപിക്കുമ്പോഴും, തലയെടുക്കുക എന്നർഥമുള്ള സ്‌കാൽപിങ് (Scalping) തുടങ്ങിയ പദപ്രയോഗങ്ങൾ, കായികശേഷിയുടെയും കോർപറേറ്റ് കൗശലത്തിന്റെയും പര്യായമായി ഇംഗ്ലീഷ്‌ ഭാഷ ഇന്നും ഉപയോഗിക്കുന്നുണ്ട്. ക്രിക്കറ്റിൽ നാലു വിക്കറ്റെടുത്താൽ, നാലു തലവെട്ടി എന്നർഥത്തിൽ, ‘Scalped four’ എന്നൊക്കെ സ്‌പോർട്സ് എഡിറ്റർമാർ തലക്കെട്ടുകൾ കൊടുക്കുന്നു. ചെറിയ വിലയ്‌ക്ക്‌ വാങ്ങിയ ഓഹരികൾ ഒരേദിവസം തന്നെ തിരിച്ചു വിൽക്കുകയും, വില നോക്കി വീണ്ടും വാങ്ങി വീണ്ടും വിൽക്കുകയും ചെയ്യുന്ന കൗശലത്തിനും സ്‌കാൽപിങ് എന്നാണ് ഓമനപ്പേര്. കരിഞ്ചന്തയിൽ സിനിമാ ടിക്കറ്റ്‌ വിലകൂട്ടി വിൽക്കുന്നതിനും സ്‌കാൽപിങ് എന്നു പറയും. ഇതൊന്നും ബോധപൂർവമല്ല എന്ന്‌ വാദിച്ചാൽ തന്നെയും, പരിഷ്‌കൃത മനസ്സിന്റെ പ്രാചീനമായ ഉള്ളറകളിൽ ധാരാളം തലവേട്ടക്കാർ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നു എന്നതാണ് സത്യം.

ഷെൻഗാ ചിങ്‌ യൂവിലെ മൊറൂങ്‌ഷെൻഗാ ചിങ്‌ യൂവിലെ മൊറൂങ്‌

ഉന്നം പിഴക്കാത്ത തോക്കു വേണമെങ്കിൽ, ഷെൻഗായിലെ ഇരുമ്പു പണിക്കാരനായ ഗാങ്ടോയുടെ ആലയിൽ പോകണം. ഗാങ്ടോ തോക്കു നിർമാണം തുടങ്ങിയിട്ട് ഇരുപത് വർഷം കഴിഞ്ഞു. ഇതിനിടെ ഒറ്റക്കുഴലും ഇരട്ടക്കുഴലുമായി കുറഞ്ഞത് മുന്നൂറ് തോക്കുകളെങ്കിലും അദ്ദേഹം നാട്ടുകാർക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റക്കുഴൽ തോക്കിന് ഏകദേശം എണ്ണായിരം രൂപയും ഇരട്ടക്കുഴലിന് അതിന്റെ ഇരട്ടിയുമാണ് ഇപ്പോഴത്തെ വില. കോന്യാക്കുകൾക്കിടയിൽ വ്യാപകമായി നിറതോക്ക്‌ നിർമാണം ആരംഭിച്ചിട്ട് നൂറ്റമ്പത് വർഷമെങ്കിലും ആയിട്ടുണ്ട് എന്നാണ് ഗാങ്ടോ പറഞ്ഞത്. ഡാവോയും അമ്പും കുന്തമുനകളും മാത്രം നിർമിച്ചിരുന്ന നാഗാ ലോഹപ്പണിക്കാർ, ബ്രിട്ടീഷുകാരുമായി നടന്ന യുദ്ധങ്ങളിൽ പിടിച്ചെടുത്ത തോക്കുകൾ നോക്കിപ്പഠിച്ചാണ് ആദ്യത്തെ തോക്കുകൾ സ്വന്തമായി നിർമിച്ചത്. ഇന്ന് ഇവിടെയുള്ള എല്ലാ കോന്യാക് വീടുകളിലും ഒരു തോക്കെങ്കിലും ഉണ്ടായിരിക്കും എന്നുറപ്പാണ്. ടോൺയെയുടെ വീട്ടിൽ മാത്രം പന്ത്രണ്ട് തോക്കുണ്ട്.


തോക്കുകൾ മാത്രമല്ല, വെടിമരുന്ന് നിർമിക്കാനും കോന്യാക് നാഗാകൾക്ക് ആദ്യകാലങ്ങളിൽ സ്വന്തം മാർഗങ്ങളുണ്ടായിരുന്നു. ഗ്രാമത്തിലെ എല്ലാവരും ഒരു പ്രത്യേക സ്ഥലത്ത് മാത്രം മാസങ്ങളോളം മൂത്രമൊഴിക്കുക എന്നതാണ് വെടിമരുന്ന് നിർമാണത്തിന്റെ ആദ്യത്തെ പടി. അവിടുത്തെ മണ്ണെടുത്ത് വെള്ളം ചേർത്തു തിളപ്പിക്കുമ്പോൾ കറുത്ത നിറത്തിൽ പിരിഞ്ഞു മാറുന്ന രാസവസ്‌തു, മനുഷ്യന്റെ മൂത്രത്തിൽ ധാരാളമായുള്ള പൊട്ടാഷ്യം നൈട്രേറ്റിന്റെയും ഗന്ധകത്തിന്റെയും മിശ്രിതമാണ്. അത്‌ ഉണക്കിപ്പൊടിച്ച് അതിനോടൊപ്പം ഒരു പ്രത്യേക മരത്തിന്റെ കരിപ്പൊടി കൂടി ചേർത്താൽ വെടിമരുന്നായി. ഇത്തരത്തിലുള്ള വെടിമരുന്നു നിർമാണം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിരുന്നതായി അറിവില്ല എന്നും പറയപ്പെടുന്നു. സ്‌ത്രീകൾ തോക്കുപയോഗിക്കുന്നത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകും എന്നാണ് കോന്യാക്കുകളുടെ വിശ്വാസം. എന്നാൽ, ആദ്യകാല വെടിമരുന്ന്‌ നിർമാണ പ്രക്രിയയിൽ ഭാഗമാകാൻ കോന്യാക് സ്‌ത്രീകൾക്ക് എന്തെങ്കിലും വിലക്കുകൾ ഉണ്ടായിരുന്നോ എന്നറിയില്ല.


ഷെൻഗായിലെ പോളിങ് ബൂത്തിന്റെ മുന്നിൽ ഇലക്ഷൻ കമീഷന്റെ രണ്ടു വണ്ടികൾ കിടപ്പുണ്ട്. എന്നാൽ വോട്ടർമാർ ആരെയും കണ്ടില്ല. ആദ്യം ധരിച്ചതുപോലെ ടോൺയെയും കുടുംബാംഗങ്ങളും മാത്രമല്ല വോട്ടു ചെയ്യാത്തത് എന്നാണ്‌ തോന്നുന്നത്. അന്വേഷിച്ചപ്പോൾ, കിഴക്കൻ നാഗാലാൻഡിലെ ആറ് അതിർത്തി ജില്ലകളിൽ ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ എൻപോ (ഈസ്റ്റൺ നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ) ആഹ്വാനം ചെയ്‌തിരിക്കുകയാണ് എന്ന്‌ മനസ്സിലായി. ബൂത്തിന്റെ മുറ്റത്ത് ഇരിക്കുന്നവർ എൻപോ പ്രവർത്തകരാണ്. കശ്‌മീരിലും ബസ്‌തറിലും മറ്റും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനായുള്ള ശ്രമങ്ങൾ മുമ്പും പലതവണ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കലും പൂർണമായി വിജയം കണ്ടിട്ടില്ല. പോളിങ്‌ ശതമാനം കുറയ്‌ക്കാൻ കഴിഞ്ഞു എന്നത് മാത്രമായിരുന്നു ഫലം. പണ്ട് ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ വിഘടനവാദികൾ ആഹ്വാനം ചെയ്‌തപ്പോൾ, ജമ്മു കശ്‌മീരിലെ പോളിങ്‌ ശതമാനം വെറും പതിനഞ്ചായി താഴ്‌ന്നിരുന്നു. ആ സമയത്ത് ശ്രീനഗറിലും പെഹൽഗാമിലുമായി സിനിമാ ഷൂട്ടിനുവേണ്ടി ഒരു മാസം ഉണ്ടായിരുന്നതു കൊണ്ടാണ് അതിപ്പോഴും ഓർമയുള്ളത്. സമയം രാവിലെ പതിനൊന്നായായിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിങ്‌ ഏജന്റുമാരും പൊലീസുകാരുമടക്കം ഒരാൾപോലും ഷെൻഗായിലെ ബൂത്തിൽ ഇതുവരെ വോട്ട് ചെയ്‌തിട്ടില്ല. കിഴക്കൻ നാഗാലാൻഡിലെ ആറു ജില്ലകളിലും ഏറെക്കുറെ ഇതുതന്നെയായിരിക്കും സ്ഥിതി എന്ന് ടോൺയെ പറഞ്ഞു. ഇരുപത് ലക്ഷം മാത്രം ജനസംഖ്യയുള്ള നാഗാലാൻഡിലെ ഏക ലോക്‌സഭാ സീറ്റിനായി മത്സരിക്കുന്ന സ്ഥാനാർഥികൾ ആരാണെന്നുപോലും ശ്രദ്ധിക്കാൻ ഇവിടെയാരും മിനക്കെടുന്നില്ല. വോട്ട്‌ ചെയ്യുന്നത് എന്തിനാണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുന്ന പോസ്റ്ററുകൾ മാത്രം ആദ്യത്തെ വോട്ടറെക്കാത്ത് ആശവിടാതെ നിൽക്കുന്നുണ്ട്.


ഷെൻഗാ ചിങ് യൂവിലേക്ക് തിരിച്ചുപോകുന്ന വഴി, ആകാശം കുടഞ്ഞിട്ടതുപോലെ അഞ്ചു മിനിറ്റ് പെയ്‌ത മഴ അപ്പോൾത്തന്നെ അടങ്ങി. ഷെൻഗാ ചിങ് യൂവിലെ പോളിങ്‌ ബൂത്തിലും ഇതുവരെ ഒരു വോട്ടുപോലും വീണിട്ടില്ല. എൻപോയുടെ അഞ്ചാറു പ്രവർത്തകർ വരാന്തയിൽ ഇരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ അപ്പായിയും ഉണ്ടായിരുന്നു. അവിടെ ആകെയുണ്ടായിരുന്ന ഒരു പൊലീസുകാരൻ പണിയൊന്നുമില്ലാതെ പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നു. തല നരച്ച കുറ്റിമുടിക്കാരൻ പോളിങ് ഓഫീസറാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു. നോക് ലാങ് എന്നാണ് പേരു പറഞ്ഞത്. അദ്ദേഹത്തിന് നല്ല ഇംഗ്ലീഷറിയാം. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.

ഷെൻഗാ ചിങ്‌ യൂഷെൻഗാ ചിങ്‌ യൂ

മിയാൻമാർ അതിർത്തിയോട് ചേർന്നുകിടക്കുന്ന ആറ് ജില്ലകൾ ചേർന്ന പ്രദേശമാണ് കിഴക്കൻ നാഗാലാൻഡ്, അല്ലെങ്കിൽ ഫ്രൻടിയർ നാഗാലാൻഡ് എന്നറിയപ്പെടുന്നത്. ഈ പ്രദേശങ്ങൾ വർഷങ്ങളായി വികസനമോ പുരോഗതിയോ ഇല്ലാതെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. നാഗാലാൻഡ് നിയമസഭയിൽ ആകെയുള്ള അറുപത് എംഎൽഎമാരിൽ ഇരുപതു പേർ ഇവിടെനിന്നുള്ളവരാണ്. എങ്കിലും അവർക്ക് കൊഹിമയിൽ യാതൊരുവിധ സ്വാധീനവും ഇല്ല. ഫ്രൻടിയർ നാഗാലാൻഡിനെ പ്രത്യേക പ്രവിശ്യയായി അംഗീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരമാർഗം. നോക്കാം, ആലോചിക്കാം എന്നൊക്കെ പറഞ്ഞ് കേന്ദ്ര സർക്കാർ വർഷങ്ങളായി ഞങ്ങളെ കുരങ്ങുകളിപ്പിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ എൻപോ തീരുമാനിച്ചിരുന്നതാണ്. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് അമിത് ഷാ വാക്ക്‌ തന്നതുകൊണ്ടാണ് അന്നത് പിൻവലിച്ചത്. ഇത്തവണ എന്തായാലും ബഹിഷ്‌കരണവുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്. നിങ്ങൾ വന്ന വഴിയിൽ കണ്ട സ്ത്രീകളുടെ വാഹനപരിശോധനയും മറ്റും ഇതിന്റെ ഭാഗമാണ്. ലക്ഷ്യം കാണുന്നതുവരെ പ്രതിഷേധം തുടരാനാണ് എൻപോയുടെ തീരുമാനം. ഈ വിഷയത്തിൽ ഫ്രൻടിയർ നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങളും ഒറ്റക്കെട്ടാണെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുക എന്നതാണ് സമാധാനപൂർവമായ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്റെ ലക്ഷ്യം.


കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും അടുത്ത ദിവസത്തെ ഓൺലൈൻ വാർത്തകളിൽ കണ്ടത് അതിശയിപ്പിക്കുന്ന കണക്കുകളായിരുന്നു. കിഴക്കൻ നാഗാലാൻഡിലെ ആറു ജില്ലകളിൽ പോളിങ് ശതമാനം പൂജ്യത്തിനടുത്തു നിൽക്കുന്നു എന്ന് ചിലർ പറഞ്ഞപ്പോൾ, മറ്റു ചില മാധ്യമങ്ങളിൽ കണ്ടത് നാലു ലക്ഷം വോട്ടർമാരുള്ള ഫ്രൻടിയർ ജില്ലകളിലെ ഒരു ബൂത്തിലും ഒരൊറ്റ വോട്ടുപോലും രേഖപ്പെടുത്താതെയാണ് നാഗാലാൻഡിൽ പൊതുതെരഞ്ഞെടുപ്പ് സമാപിച്ചത് എന്നായിരുന്നു. എന്തായാലും ഞാൻ കണ്ട രണ്ടു ബൂത്തുകളിലും ഒരാൾപോലും വോട്ടു ചെയ്യാൻ എത്തിയിരുന്നില്ല എന്നതിന് ഞാനും സാക്ഷിയാണ്. ഇന്ത്യയുടെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇങ്ങനെയൊരു ബഹിഷ്‌കരണം എവിടെയും നടന്നിട്ടുണ്ടാകാൻ വഴിയില്ല. ഫ്രൻടിയർ നാഗാലാൻഡ് എന്ന പ്രത്യേക പദവിക്കുവേണ്ടി ഗോത്രവ്യത്യാസങ്ങൾ മറന്ന് അതിർത്തി നാഗാകളെല്ലാം ഒറ്റക്കെട്ടാണെന്നുതന്നെ വേണം മനസ്സിലാക്കാൻ.

ടോൺയെയുടെ വീടിന്റെ വശത്തെ തണലിലിരുന്ന് രണ്ടാമത്തെയും മൂന്നാമത്തെയും അമ്മമാർ മുത്തുമാല കോർക്കുകയാണ്. കോർത്തുതീർന്ന ചെറിയൊരു മാലയെടുത്ത് രണ്ടാമത്തെ അമ്മ എന്റെ നേരെ നീട്ടി. ഞാനതു വാങ്ങി സന്തോഷപൂർവം കഴുത്തിലിട്ടു. വീട്ടിലെ പതിനേഴു പേരിൽ ഒരാളെക്കൂടി ആദ്യമായി കണ്ടു. രാവിലെ രണ്ടു മുതിർന്ന പെൺകുട്ടികളെ അടുക്കളയിൽ പുതുതായി കണ്ടിരുന്നു. ഇവരൊക്കെ തമ്മിലുള്ള ബന്ധം എന്താണെന്ന് ഇപ്പോഴും അറിയില്ല. ഇനി അന്വേഷിച്ചിട്ട് കാര്യമില്ല. എന്റെ വണ്ടിയുടെ ചുറ്റും നടന്ന് ഓംഗാങ് വിശദമായി എന്തോ പരിശോധിക്കുന്നുണ്ട്. ഡോർ തുറന്നുകൊടുത്ത് അവനെ അകത്തു കയറ്റിയിരുത്തി.

ആംഗ്‌ ടോൺയെയുടെ വീട്‌ആംഗ്‌ ടോൺയെയുടെ വീട്‌

അവന്റെ നോട്ടം മുഴുവൻ സ്റ്റിയറിങ് ഭാഗത്തേക്കാണ്. ഫുട്ബോൾ മൈതാനത്തേക്ക് വണ്ടി കൊണ്ടുപോയിട്ട് ഞാനവനെ ഡ്രൈവിങ് സീറ്റിലിരുത്തി സൈഡിലിരുന്നു. അതിയായ ആഹ്ലാദത്തോടെ അവൻ സ്റ്റിയറിങ് പിടിച്ച് വണ്ടി ഓടിക്കുന്നതായി ഭാവിച്ചിരുന്നു. ഓടിച്ചുനോക്കണോ, എന്നു ഞാൻ ചോദിച്ചു. പെട്ടന്നവന്റെ ചിരി മങ്ങി. അവനതത്ര വിശ്വാസം വരുന്നില്ല എന്നെനിക്ക് തോന്നി. മുന്നിൽ വലിയ മൈതാനം ആളൊഴിഞ്ഞ് കിടക്കുകയാണ്. ദൂരെ പോളിങ്‌ ബൂത്തിലും ആരുമില്ല. ഓടിക്കുന്നോ, എന്ന് ഞാൻ വീണ്ടും ചോദിച്ചു. അവൻ മെല്ലെ തലയാട്ടി. വണ്ടി ഓട്ടോമാറ്റിക്കാണ്. ക്ലച്ചും ഗിയറുമൊന്നും നോക്കണ്ട. വഴി മൈതാനമാണ്. സ്റ്റിയറിങ് പിടിച്ച് വെറുതേയിരുന്നാൽ വണ്ടി തനിയെ പൊക്കോളും.


ബ്രേക്കും ആക്‌സിലറേറ്ററും കാണിച്ചുകൊടുത്തിട്ട്, വണ്ടി ഡ്രൈവ് മോഡിലിട്ട് ബ്രേക്കിൽനിന്ന് കാലെടുത്ത് ആക്‌സിലറേറ്ററിൽ പതുക്കെ കാലമർത്താൻ പറഞ്ഞു. ഇതുവരെ കാണാത്ത ഒരു ഏകാഗ്രത ഓംഗാങ്ങിന്റെ മുഖത്ത് മുറുകി വരാൻ തുടങ്ങി. അവന്റെ ചെറിയ കൈകൾക്കുള്ളിൽ സ്റ്റിയറിങ്ങിന് ശ്വാസം മുട്ടുന്നുണ്ട്. തോളിൽത്തട്ടിയിട്ട് പേടിക്കണ്ട, പതുക്കെ കാല് അമർത്തികൊടുക്ക് എന്ന് പിന്നെയും ഞാൻ പറഞ്ഞു. തന്റെ ശരീരത്തിന്റെ മുഴുവൻ ശ്രദ്ധയും വലതു കാൽപ്പാദത്തിലേക്ക് മാത്രം കേന്ദ്രീകരിക്കാനാണ് അവൻ ശ്രമിക്കുന്നത് എന്നു മനസ്സിലായി. പക്ഷേ അവന്റെ കാലനങ്ങുന്നില്ല. മുഖത്തെ മുറുക്കം കൂടിവരുകയാണ്. പേടിക്കണ്ട, എന്നു വീണ്ടും പറഞ്ഞപ്പോഴും അവൻ മുന്നിലുള്ള എന്തിനെയോ തുറിച്ചുനോക്കി ശ്വാസം പിടിച്ചിരുന്നതല്ലാതെ ഒന്നുമുണ്ടായില്ല. ഒടുവിൽ ബ്രേക്കിൽ അമർന്നിരുന്ന കാലൊന്നയഞ്ഞപ്പോൾ വണ്ടി പതുക്കെ മുന്നോട്ടു നീങ്ങാൻ തുടങ്ങി. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും മുറുകിനിന്നിരുന്ന അവന്റെ മുഖവും ശരീരവും പെട്ടെന്ന് മയപ്പെട്ടു. സ്റ്റിയറിങ്ങിലെ ഉടുമ്പുപിടി ഒന്നയഞ്ഞു. അവന്റെ മുഖത്തൊരു പുഞ്ചിരി പൊടിഞ്ഞു. അവൻ വേഗമൽപ്പം കൂട്ടി. വണ്ടി മെല്ലെ ഓടി മൈതാനത്തിന് ഒരു വട്ടം വലംവച്ച് തിരിച്ചുവന്നു നിന്നു. എങ്ങനെയുണ്ട്, എന്ന് ചോദിച്ചപ്പോൾ, പോരുകൾ പലത്‌ ജയിച്ച പഴയൊരു കോന്യാക് യോദ്ധാവിനെപ്പോലെ എന്നെ നോക്കിച്ചിരിച്ചിട്ട്, വൺ മോർ, എന്ന് ഓംഗാങ് പറഞ്ഞു .(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home