ad
Deshabhimani

യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക് ‐ 26

മാജൂളിയിൽ കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന സി കെ വിനീത്‌
avatar
വേണു

Published on Jan 03, 2026, 11:24 AM | 5 min read

ഏപ്രിൽ 21 ഞായർ. മാജൂളി

മാജൂളിയിലെ കായ്ബോർത്താ എന്ന ചെറിയൊരു ഗ്രാമത്തിൽ ബ്രഹ്മപുത്രയുടെ കൈവഴിയായ ലോയിത് നദിയുടെ കരയിലാണ് ഞങ്ങൾ താമസിക്കുന്ന റിസോർട്ട്. ഗ്രാമത്തിൽ ഇന്നെന്തോ വിശേഷ ദിവസമാണെന്ന് തോന്നുന്നു. വെളുത്ത അസമീസ് അംഗവസ്‌ത്രം അണിഞ്ഞ ചിലർ വഴിയിലൂടെ ചെറുസംഘമായി എങ്ങോട്ടോ നടക്കുന്നുണ്ട്. വഴിയരികിൽ പൂജാവസ്‌തുക്കൾ വിൽക്കാൻ വച്ചിരിക്കുന്നു. പ്രളയജലം തടയാൻ നിർമിച്ചിരിക്കുന്ന നീണ്ട ചിറയുടെ മേലെ പോകുന്ന വഴിയുടെ ഒരു വശം വയലുകളാണ്. ചിറയ്‌ക്കും നദിക്കുമിടയിലുള്ള പ്രളയപ്രദേശങ്ങൾ ഇപ്പോൾ പുൽമൈതാനങ്ങളായി പരന്നു കിടക്കുന്നു. അങ്ങിങ്ങ് വളർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങളല്ലാതെ മരങ്ങൾ അപൂർവമാണ്. ഒന്നിച്ചുകൂടി നിൽക്കുന്ന നാലു ചെറു വൃക്ഷങ്ങളുടെ കീഴിൽ ഒറ്റയ്‌ക്കൊരു കുഴിമാടം കൂട്ടുകാരെ കാത്തുകിടക്കുന്നു. നീണ്ടൊരു തടിപ്പാലം കടന്ന് മറ്റൊരു ചിറയുടെ മേലേക്ക് വഴി കയറിച്ചെന്നു. അവിടെ ചെറിയൊരു സ്‌കൂൾ ഗ്രൗണ്ടിൽ കുറച്ചു കുട്ടികൾ കാര്യമറിയാതെ കൂടി നിൽക്കുന്നുണ്ട്. അഞ്ചു വയസ്സുമുതൽ പതിനഞ്ചു വയസ്സുവരെയുള്ള ആൺകുട്ടികളാണ് വന്നിരിക്കുന്നത്. അഞ്ചാറു ചെറു ബാലികമാർ മാറിനിന്ന് നോക്കുന്നുണ്ട്.

കുട്ടികൾക്കായി ദേശീയ താരങ്ങൾ ഫുട്ബോൾ പ്രബോധനം ആരംഭിച്ചത് ക്രിക്കറ്റ് ബാറ്റുകൊണ്ടായിരുന്നു. ഇവിടുത്തെ കുട്ടികൾക്കറിയാവുന്ന ഏക കളി ക്രിക്കറ്റാണ്. പത്തു മിനിറ്റ് അവരോടൊപ്പം ക്രിക്കറ്റ് കളിച്ച് കുട്ടികളെ വശീകരിച്ചതിനു ശേഷമാണ് ഫുട്ബോൾ പുറത്തെടുത്തത്. ഇങ്ങനെയും ഒരു കളിയുണ്ടെന്ന് അവരിൽ ചിലർക്ക് പുതിയ അറിവായിരുന്നു. ഫുട്ബോൾ കൈയിലെടുത്തു ഭാരം പരിശോധിച്ചും മണത്തുനോക്കിയും പരസ്‌പരം കൈമാറിയും കുട്ടികൾ കൂട്ടംകൂടി നിന്നു. പ്രാദേശിക അസമീസ് ഭാഷ മാത്രം അറിയാവുന്ന അവരോട് ഫുട്ബോൾ കളിക്കേണ്ടത് എങ്ങനെയാണെന്ന് വിനീതും റിനോയും ഹിന്ദിയിൽ വിവരിച്ചത് ആരോ വിവർത്തനം ചെയ്‌തു കേൾപ്പിച്ചു. ഒരാളുടെ കൈയിൽ കാറ്റില്ലാത്ത വളരെ പഴയ ഒരു ഐക്കെട്ട് ഫുട്ബോളിന്റെ അവശിഷ്ടങ്ങൾ കണ്ടു. തീരെ ചെറിയ കുട്ടികളെ കാഴ്‌ചക്കാരായി മാറ്റിനിർത്തിയിട്ട് മറ്റുള്ളവരെ രണ്ടായി തിരിച്ച്, വിനീതും പ്രഭുവും ഒരു ടീമിലും റിനോ എതിർടീമിലുമായി കളി ആരംഭിച്ചു.

മാജൂളിയിൽ കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന സി കെ വിനീത്‌മാജൂളിയിൽ കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന സി കെ വിനീത്‌

സംസാരഭാഷകളെ അപ്രസക്തമാക്കുന്ന സ്വന്തം ഭാഷ ഫുട്ബോളിനുണ്ടെന്ന്‌ വീണ്ടും വീണ്ടും തെളിയിക്കുന്ന രംഗങ്ങളാണ് പിന്നീടവിടെ കണ്ടത്. ദേശീയ താരങ്ങളെ വട്ടം വളഞ്ഞുകൊണ്ട്, ചേരി വ്യത്യാസമില്ലാതെ കുഞ്ഞുകളിക്കാർ പന്തിന്‌ പിന്നാലെ നിർത്താതെ ഓടാൻ തുടങ്ങി. ഉച്ചത്തിൽ നിർദേശങ്ങൾ നൽകിയും പന്ത്‌ കിട്ടാതെ വരുമ്പോൾ അമർഷവും നിരാശയും അടക്കാനാവാതെ പരാതി പറഞ്ഞും സർവായുധങ്ങളും പ്രയോഗിച്ചാണ് സി കെ വിനീത് കളിക്കുന്നത്. ആദ്യമായി ഫുട്ബോൾ കാണുന്ന കുട്ടികളാണെന്ന അനുഭാവമൊന്നുമില്ല. ചെറിയ അബദ്ധങ്ങൾ പോലും പൊറുക്കുന്ന പ്രശ്നമില്ല. എന്താണ് പ്രഭുവേട്ടാ, മുന്നോട്ട് വേണ്ടേ പാസ് ചെയ്യാൻ, ക്ലിയർ ചാൻസല്ലേ കളഞ്ഞത്, എന്നെല്ലാം നിർത്താതെ പറഞ്ഞുകൊണ്ട്, ലോകകപ്പ് ഫൈനൽ കളിക്കുന്ന ആവേശത്തിലാണ് കുട്ടികൾക്കൊപ്പം ഓടുന്നത്. ഇതിനെല്ലാമിടയിൽ റിനോ ആന്റോ പെട്ടെന്നൊരു ഗോളടിച്ചു. ചുറ്റും ഉയർന്ന ആർപ്പുവിളിയോടെ അന്നത്തെ കളി അവിടെ അവസാനിച്ചു.


ഏപ്രിൽ 22. മാജൂളി

എല്ലാവരും വലിയ സൗഹാർദമാണ് കാണിക്കുന്നത്. ഫലത്തിൽ എനിക്ക് വിശ്രമദിനങ്ങളാണ് ഇത്. വണ്ടി ഓടിക്കുന്ന ജോലി പോലും ഇല്ല. എല്ലാം അവർ തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഞാനൊന്നുമറിയണ്ട. ദിവസങ്ങളായി മുറുകിനിന്ന കെട്ടുകൾ പെട്ടെന്നു മയപ്പെടുമ്പോൾ ഉണ്ടാകുന്ന സുഖാലസ്യം, ഇന്നൊരു ദിവസംകൂടി അനുഭവിക്കാനേ സമയമുള്ളൂ. നാളെ അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കു പോകണം. അവിടെനിന്ന് ഡാപോറിജോ വഴി സിറോവാലിയിലേക്കുള്ള ദീർഘയാത്ര ആരംഭിക്കണം. മാജൂളിയിൽ നിന്ന് സിറോവാലി അടുത്താണെങ്കിലും അരുണാചൽ പ്രദേശിലൂടെയുള്ള ഒരു പർവതയാത്ര ആശിച്ചാണ് പാസിഘട്ട് വഴി ചുറ്റിപ്പോകുന്നത്. അതിലെ പോയാൽ ഇവിടെനിന്ന് സിറോ വരെയുള്ള ദൂരം അറുനൂറ്റി അമ്പത് കിലോമീറ്ററാണ്. വഴിയുടെ അവസ്ഥയും കാലാവസ്ഥയും കണ്ടിട്ട് രണ്ടു ദിവസംകൊണ്ട് ഈ ദൂരമെല്ലാം കടക്കുക സാധ്യമാണെന്നു തോന്നുന്നില്ല. ഒരു രാത്രി പാസിഘട്ടിലും അടുത്ത രാത്രി ഡാപോറിജോയിലും ഉറങ്ങേണ്ടി വരും.


മാജൂളിയെ തെക്കുനിന്നും വടക്കുനിന്നുമായി ചുറ്റിപ്പിടിച്ചു നിൽക്കുന്ന നീണ്ട രണ്ടു കൈകളാണ് ബ്രഹ്മപുത്രയും സുബാൻസിരിയും. ദ്വീപിന്റെ കിഴക്ക് ഭാഗത്ത് രണ്ടു നദികളും വീണ്ടും കൂടിച്ചേരുന്ന ഭാഗം കടൽ പോലെയാണ് പരന്നു കിടക്കുന്നത്. അതിനടുത്തു കണ്ട ചെറിയ ഗ്രാമത്തിലെ എല്ലാ വീടുകളും ഉയരമുള്ള തൂണുകളുടെ മേലെയാണ് നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് പുഴ ഉയരുമ്പോൾ ഇവിടമെല്ലാം പ്രളയജലത്തിൽ മുങ്ങും. താഴത്തെ നിലത്ത് ഇപ്പോൾ കാണുന്ന നെയ്‌ത്തുതറികളെല്ലാം മേലേക്ക് പൊളിച്ചു മാറ്റേണ്ടി വരും. കന്നുകാലികൾ കഷ്ടപ്പെടും. മരിച്ചവർ മണ്ണു കാത്തുകിടക്കും. ഒടുവിൽ വെള്ളമിറങ്ങുമ്പോൾ കരയുടെ കുറേ ഭാഗം പുഴയുടെ കൂടെ പോയിട്ടുണ്ടാകും. മുടക്കമില്ലാതെ ആവർത്തിക്കുന്ന ഈ പ്രക്രിയമൂലം നദിയും ഗ്രാമവും തമ്മിലുള്ള അകലം ഓരോ വർഷവും കുറഞ്ഞുവരികയാണ്. ഒരുദിവസം അകലം പൂജ്യമാകും. അപ്പോൾ ബ്രഹ്മപുത്ര വിഴുങ്ങിയ ഗ്രാമങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പേരുകൂടി പുതുതായി ചേർക്കപ്പെടും. വൈകാതെ അതും മറവി കൊണ്ടുപോകും.

അസമിസ് അംഗവസ്ത്രം അണിഞ്ഞ  കായ്ബോർത്താ ഗ്രാമവാസികൾഅസമിസ് അംഗവസ്ത്രം അണിഞ്ഞ കായ്ബോർത്താ ഗ്രാമവാസികൾ

സംഗമസ്ഥലത്ത് ഒരു കടത്തു ബോട്ടുണ്ടായിരുന്നു. യാത്രക്കാർ കുറവാണ്. വെറുതെ അക്കരെ വരെ പോയിവരാൻ തീരുമാനിച്ചു. ഒരു കാറ്റടിച്ചാൽ അടർന്നു വീഴാൻ തയ്യാറായി നിൽക്കുന്ന മണൽത്തിട്ടകളിൽനിന്ന് കുറേ താഴെയാണ് വെള്ളം. കാഴ്‌ചയിൽ തോന്നുന്നതിലും കൂടുതൽ ദൂരെയാണ് മറുകര. അവിടുത്തെ ഗ്രാമം കടവിൽനിന്ന് വീണ്ടും അകലെയാണ്. ബ്രഹ്മപുത്ര അവർക്ക്‌ അൽപ്പം കൂടി സമയം അനുവദിച്ചുകൊടുത്തിട്ടുണ്ടെന്നാണ്‌ തോന്നുന്നത്. പ്രായമായ ഒരു സ്‌ത്രീ മാത്രമാണ് തിരിച്ചുവരാനായി ഉണ്ടായിരുന്നത്. അവർ ഒരു ബന്ധുവീട്ടിൽ വിരുന്നുപോയി മടങ്ങുകയാണ്. ബോട്ടിറങ്ങിയപ്പോൾ അവർ ഞങ്ങളെ വീട്ടിലേക്ക്‌ ക്ഷണിച്ചു. നേരത്തേ കണ്ട ഗ്രാമത്തിലെ പഴയൊരു വീടാണ് അവരുടേത്. ചായയ്‌ക്ക്‌ പാലില്ലെന്ന് അവർ സങ്കടം പറഞ്ഞു. ഉയരത്തിലുള്ള പലക വരാന്തയിലേക്കുള്ള പടി കയറി ഇരിക്കാൻ ക്ഷണിച്ചിട്ട് അവർ അകത്തേക്ക് പോയി കുറച്ചു ബിസ്‌കറ്റ് എടുത്തു തന്നു. വീണ്ടും പോയി ചായ എടുത്തു കൊണ്ടുവന്നു. ഞങ്ങൾക്കറിയാത്ത ഭാഷയിൽ ധാരാളം വർത്തമാനം പറഞ്ഞു. ഫോട്ടോ എടുക്കാനായി കൊച്ചു മക്കളെ വിളിച്ചിരുത്തി കൂടെയിരുന്നു. അതിനിടയിൽ ധൃതിയിൽ കുട്ടികളുടെ മുടി ഒതുക്കിവച്ചു. ഘടികാര സൂചികളുടെ വേഗം കൂടുന്നു എന്നറിയുമ്പോൾ എങ്ങനെയും ഒപ്പം എത്താനുള്ള തത്രപ്പാടിന്റെ തിടുക്കം അവരുടെ ഇരിപ്പിലും നടപ്പിലും കാണാനുണ്ടായിരുന്നു. ഇരച്ചുനിൽക്കുന്ന മഴ വന്നു വീഴുന്നതിനുമുമ്പേ, ഉണക്കാനിട്ടതെല്ലാം വാരിയെടുക്കാൻ വൈകിയോടുന്നവരുടെ അവസാനത്തെ ആയാസം.


രാത്രി വിനീത് ചിക്കൻ കറിയുണ്ടാക്കി. ഫുട്ബോൾ താരങ്ങൾ രണ്ടു പേരും നല്ല പാചകക്കാരാണ്. മുന്നോട്ടുള്ള യാത്രയായിരുന്നു രാത്രിയിലെ പ്രധാന സംസാരവിഷയം. ഞാൻ വന്ന ചില സ്ഥലങ്ങളിലൂടെയാണ് അവർക്കിനി പോകാനുള്ളത്. മണിപ്പുരാണ് എല്ലാവർക്കും ആകാംക്ഷയുണ്ടാക്കുന്ന സ്ഥലം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവിടെ വീണ്ടും അക്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. അതിനിടെ നാഗാലാൻഡിലെ മോകോക്ചുങ്ങിൽ നിന്നുള്ള പഴയൊരു അന്താരാഷ്‌ട്ര ഫുട്ബോൾ കളിക്കാരനെപ്പറ്റി അറിഞ്ഞ് അങ്ങോട്ട് പോകാനും അവർ ആലോചിക്കുന്നുണ്ടായിരുന്നു. മോകോക്ചുങ്ങിന്റെ ചില ഫോട്ടോകൾ ഞാനവർക്ക്‌ ക്യാമറയിൽ കാണിച്ചുകൊടുത്തു. ക്യാമറയുടെ കാർഡിൽ സ്ഥലം തീരെ കുറവാണ്. ഇനി പോകാനുള്ള സ്ഥലങ്ങളിൽനിന്ന് പുതിയതൊന്ന്‌ വാങ്ങാനും എളുപ്പമല്ല. ഭാഗ്യത്തിന് പ്രഭുവിന്റെ കൈവശം അധികമായി ഉണ്ടായിരുന്ന ഒരെണ്ണം കിട്ടി. നാളെ രാവിലെ അവർ നാലാളും ബ്രഹ്മപുത്ര കടന്ന് തെക്കുപടിഞ്ഞാറേ ദിശയിൽ ദീമാപ്പൂരിലേക്കും, ഞാൻ തനിച്ച് ബ്രഹ്മപുത്രയുടെ വടക്കേത്തീരം വഴി വടക്കു കിഴക്കൻ ദിശയിൽ പാസിഘട്ടിലേക്കും യാത്ര തുടരും.


ഏപ്രിൽ 23.

മാജൂളി ‐ പാസിഘട്ട്

രണ്ടു ദിവസമായി വിട്ടുനിന്നിരുന്ന മഴ വീണ്ടും തുടങ്ങി. പാസിഘട്ടിലേക്കുള്ള ഇരുനൂറ്റി ഇരുപത് കിലോമീറ്റർ ദൂരം അഞ്ചു മണിക്കൂർകൊണ്ട്‌ എത്തുമെന്ന് പറയുന്നു. വഴി നല്ലതാണെന്നർഥം. എവിടെയും ഗതാഗതത്തിരക്ക് ഭയപ്പെടാനില്ല. അതുകൊണ്ടുതന്നെ രാവിലെ തിടുക്കം കൂട്ടേണ്ട കാര്യമില്ല. വയറു നിറച്ചു ഭക്ഷണം കഴിച്ച് ഒമ്പതു മണിക്കാണ് ഇറങ്ങിയത്. മഴയത്തും നീരാവി നിറഞ്ഞ ചൂടാണ്. അനങ്ങിയാൽ വിയർക്കും. ഒരാഴ്‌ചകൂടി കഴിഞ്ഞാൽ മെയ് മാസമായി. ദൂരെ മധ്യഭാരതത്തിൽ വേനൽച്ചൂട് ദിനംപ്രതി ഉയരുകയാണ്. ഇന്നലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചൂട് ഒഡിഷയിലെ ബാരിപദ എന്ന സ്ഥലത്തായിരുന്നു എന്ന്‌ വാർത്തയിൽ കണ്ടു. നാൽപ്പത്തി ഒമ്പത്‌ ഡിഗ്രി സെൽഷ്യസ്‌. ജീവിതത്തിൽ മറക്കാനാവാത്ത ദുരനുഭവം സമ്മാനിച്ചിട്ടുള്ള സ്ഥലമാണ് ബാരിപദ. മുപ്പത്തഞ്ചു വർഷം മുമ്പ്‌, കല്ലും വടിയും വെട്ടുകത്തിയും കൊലവിളികളുമായി വലിയൊരു സംഘം അക്രമികൾ, ഒരു രാത്രി മുഴുവൻ ഞങ്ങളുടെ ഷൂട്ടിങ്‌ സംഘത്തെ ഒരു വീട്ടിനുള്ളിൽ വളഞ്ഞുവച്ച് കാത്തിരുന്നത് രണ്ടു മദ്രാസികളെ വിട്ടുകിട്ടാൻ വേണ്ടിയായിരുന്നു. എന്റെ സഹായി ബാബു സൈമണും ഞാനുമായിരുന്നു മദ്രാസികൾ. സ്ഥലത്തെ പ്രമാണിയുടെ വീടായിരുന്നു അഭയകേന്ദ്രം എന്നതുകൊണ്ടു മാത്രമാണ് ജീവൻ പോകാതെ രക്ഷപ്പെട്ടത്. ഒടുവിൽ നേരം വെളുത്തപ്പോൾ ‘കലാപം സംഘടിപ്പിക്കാൻ’ ചെലവായ മുപ്പതിനായിരം രൂപ എണ്ണിവാങ്ങി അക്രമികൾ പോയി. അന്നത് കൊടുത്ത് ഞങ്ങളെ രക്ഷിച്ചത് സിനിമയുടെ നിർമാതാക്കളായ നാഷണൽ ഫിലിം ഡെവലപ്മെന്റ്‌ കോർപറേഷൻ ആയിരുന്നു. ഇടനില നിർവഹിച്ചത് ബാരിപദ പൊലീസും. എട്ടു വർഷത്തിനുശേഷം, ഇവാൻജലിസ്റ്റ് മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു കുഞ്ഞുങ്ങളേയും ഒരു ജീപ്പിനുള്ളിൽ ജീവനോടെ കത്തിച്ചുകൊന്നത് ബാരിപദയുടെ അടുത്തുള്ള മനോഹർപുർ എന്ന സ്ഥലത്തു വച്ചായിരുന്നു.

വൃക്ഷങ്ങളുടെ കീഴിലെ കുഴിമാടംവൃക്ഷങ്ങളുടെ കീഴിലെ കുഴിമാടം

ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ വടക്കേക്കരയിലെ സമനിരപ്പിലൂടെയാണ് പാസിഘട്ടിലേക്കുള്ള വഴി പോകുന്നത്. നദിയിൽ ഉടനീളം കാണപ്പെടുന്ന നീണ്ട ദ്വീപുകളും മണൽപ്പുറങ്ങളും വെള്ളപ്പരപ്പിന്റെ യഥാർഥ വിസ്‌തൃതി മറച്ചുപിടിക്കുന്നു. സമാന്തരമായി കെട്ടുപിണഞ്ഞൊഴുകുന്ന നിരവധി നദികളുടെ ആകെത്തുകയാണ് ഇവിടെ ബ്രഹ്മപുത്ര. എല്ലായിടത്തുനിന്നും ചെറുതും വലുതുമായ നിരവധി പോഷകനദികൾ പ്രധാന നദിയിൽ വന്നു ചേരുന്നുണ്ട്. കരയ്‌ക്കടിഞ്ഞ കടലാമക്കൂട്ടങ്ങൾ പോലെയുള്ള കറുത്ത ജിയോ ബാഗുകളും സാധാരണ മണൽച്ചാക്കുകളും നെടുനീളത്തിൽ കരകളുടെ മേലെ പറ്റിക്കിടക്കുന്ന ജിയോ ട്യൂബുകളുടെ നീണ്ട നിരകളും ഗുണന ചിഹ്നങ്ങൾ പോലെ വെള്ളത്തിൽ ഉറപ്പിച്ചിരിക്കുന്ന എണ്ണമറ്റ മരക്കുറ്റികളും അനന്തമായ മൺചിറകളും പുഴനീളെ കാണാം. വെള്ളപ്പൊക്കവും തീരനഷ്ടവും കൃഷിനാശവും പരമാവധി തടയുക എന്നതാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മിഷിങ് ബസാർ എന്ന സ്ഥലത്തുവച്ച് വലിയൊരു റോഡിലേക്ക് വഴി ചെന്നു കയറി. ബോഗിബീൽ പാലം കരയിൽ തൊടുന്ന സ്ഥലമാണിത്. ഇനിയങ്ങോട്ട് പുതിയ ഹൈവേയാണ്. കഴിഞ്ഞ ദിവസം മാജൂളിയിലേക്ക് ജങ്കാറിന്‌ പകരം പാലത്തിലൂടെ വന്നിരുന്നെങ്കിൽ, ദൂരവും സമയവും ഒരുപാട് കൂടുതലാകുമായിരുന്നു.

ഉയരമുള്ള തൂണുകളുടെ മേലെ നിർമിച്ച വീടുകൾഉയരമുള്ള തൂണുകളുടെ മേലെ നിർമിച്ച വീടുകൾ

ഈ വഴിയിലെ അവസാനത്തെ അസമീസ് ടൗണാണ് അജിജൂർഅലി. ഇതു കഴിഞ്ഞാലുടൻ അരുണാചൽ പ്രദേശിലേക്ക് സ്വാഗതം എന്നെഴുതിയ കമാനം കാണാം. അതു കടന്നാൽ സിയാങ് പ്രവിശ്യ ആരംഭിക്കും. ഇവിടംമുതൽ വടക്ക് ചൈനീസ് അതിർത്തിവരെ ബ്രഹ്മപുത്ര ഇനി അറിയപ്പെടുന്നത് സിയാങ് എന്ന പേരിലായിരിക്കും. അജിജൂർഅലിയിൽനിന്ന് പാസിഘട്ടിലേക്ക് നാൽപ്പത് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. സംസ്ഥാനം മാറിയെങ്കിലും ഭൂപ്രകൃതി യാതൊരു വ്യത്യാസവുമില്ലാതെ സമതലമായിത്തന്നെ തുടരുന്നു. പാസിഘട്ടിന്‌ ശേഷമാണ് വൻമലകളുടെ അടിവാരത്തേക്ക് വഴി കയറാൻ തുടങ്ങുന്നത്. പെട്രോൾ നിറയ്‌ക്കുക, കൊറിക്കാനെന്തെങ്കിലും വാങ്ങി വയ്‌ക്കുക തുടങ്ങിയ സ്ഥിരം ചടങ്ങുകൾ പാസിഘട്ടിൽ നടത്തി. ഈസ്റ്റ് സിയാങ് ജില്ലയുടെ ആസ്ഥാനമായ പാസിഘട്ട് കാണുമ്പോൾ വീണ്ടുമൊരു ചെറിയ അസമീസ് പട്ടണത്തിലെത്തിയതു പോലെയാണ് തോന്നുന്നത്. ആൾക്കാരും കാഴ്‌ചയിൽ വിഭിന്നരല്ല. സംസാരഭാഷ എന്താണെന്ന് അറിയില്ല. അരുണാചൽ പ്രദേശിലെ ഏറ്റവും പഴക്കംചെന്ന ടൗണാണ് പാസിഘട്ട് എന്ന് പിന്നീടെവിടെയോ വായിച്ചറിഞ്ഞു. കൂടുതലൊന്നും അന്വേഷിക്കാൻ പോകാതെ, എന്തോ കഴിച്ച് ഏതോ ഒരു ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി. രാത്രി കുറേനേരം മഴ പെയ്‌തു . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home