ad
Deshabhimani

യാത്ര

നോർത്ത്‌ ഈസ്‌റ്റ്‌ നോട്ട്‌ബുക്ക്‌ ‐ 22

മോണിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വാഹനപരിശോധനക്കെത്തിയ നാഗാ സ്‌ത്രീകളുടെ സംഘം
avatar
വേണു

Published on Dec 06, 2025, 11:29 AM | 12 min read

ഏപ്രിൽ 16. കൊഹിമ ‐ മോകോക്ചുങ്

ഇന്നലെ രാത്രി നല്ല മഴ പെയ്‌തിട്ടുണ്ട്. കൊഹിമയ്‌ക്ക്‌ വടക്കുകിഴക്ക് അഞ്ചു മണിക്കൂർ മാത്രം ദൂരെയാണ് എനിക്കിന്ന്‌ രാത്രി ഉറങ്ങാനുള്ള സ്ഥലമായ മോകോക്ചുങ്. പതുക്കെ സമാധാനമായിട്ട് പുറപ്പെട്ടാൽ മതിയെങ്കിലും, യാത്രയ്‌ക്കിടയിൽ ശീലിച്ചു പോയതുകൊണ്ട് വെളുപ്പിന് തന്നെ ഉറക്കം തെളിഞ്ഞു. ഇറങ്ങാൻ തയ്യാറായപ്പോൾ എല്ലാം മങ്ങിക്കിടക്കുകയാണ്. ഒന്നിനും തെളിച്ചം തോന്നുന്നില്ല. സൂര്യനും ഇല്ല. പതിവുപോലെ നല്ലത്, മോശം, വളരെ മോശം എന്നിങ്ങനെ മൂന്നായി തരംതിരിക്കാവുന്ന അവസ്ഥയിലാണ് വഴികൾ. പന്ത്രണ്ടര ആയപ്പോൾ മോകോക്ചുങ്ങിലെ ഹോട്ടലിലെത്തി. ഈ പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലത്താണ് ഈ ഹോട്ടൽ നിൽക്കുന്നതെന്നും ഇവിടെയുള്ള ഒരു ചെറിയ കുളത്തിലെ ഒരിക്കലും വറ്റാത്ത ഉറവയാണ് മോകോക്ചുങ്ങിലെ ഏറ്റവും വലിയ നദിയായ മിലാകിന്റെ ഉത്ഭവസ്ഥാനമെന്നും ഒരു ബോർഡിൽ കണ്ടു. മിലാക് നദി വടക്ക് പടിഞ്ഞാറേക്കൊഴുകി അസമിൽ എത്തുമ്പോൾ ഝാൻജി നദിയായി മാറി അവസാനം ബ്രഹ്മപുത്രയിൽ ലയിക്കും. എവിടെയാണ് ഇതിന്റെയെല്ലാം തുടക്കമായ കുളമെന്ന്‌ ചോദിച്ചപ്പോൾ, ഒരു ചെറിയ സിമന്റ്‌ ടാങ്കിൽ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലെ അഴുകിയ ഇലകൾ ചൂണ്ടിക്കാണിച്ചിട്ട്, ദാ, ഈ കാണുന്നതാണ് സങ്ടെംലാ എന്നറിയപ്പെടുന്ന ഉത്ഭവസ്ഥാനമെന്ന് ഒരാൾ പറഞ്ഞു. മഹാനദികൾ പലതും ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ശൈശവത്തിൽ നിന്നാണ് യാത്ര തുടങ്ങുന്നതെന്ന് കേട്ടിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്ന നദിയാണ് മിലാക് എന്നതിന് സംശയമില്ല. ഏതോ പ്രധാന സൈനിക ആസ്ഥാനമാണ് ഹോട്ടലിന്റെ തൊട്ടടുത്ത അയൽപക്കം. അതുകഴിഞ്ഞാൽ കാണുന്നത് സർക്കാർ ഓഫീസുകളാണ്.

മോണിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വാഹനപരിശോധനക്കെത്തിയ നാഗാ സ്‌ത്രീകളുടെ സംഘംമോണിലേക്കുള്ള യാത്രാമധ്യേ വഴിയിൽ വാഹനപരിശോധനക്കെത്തിയ നാഗാ സ്‌ത്രീകളുടെ സംഘം

എന്തോ കഴിച്ച് കുറച്ചുനേരം കിടന്നുറങ്ങി. നാലു മണിക്ക് വെറുതേ പുറത്തിറങ്ങി നടന്നു. ചെറിയൊരു പട്ടണമാണ് മോകോക്ചുങ്. വഴിയിൽ ഒരിടത്ത് മോകോക്ചുങ് കൂട്ടക്കുരുതിയിൽ മരിച്ചവർക്കായുള്ള ഒരു സ്മാരക ഫലകം കണ്ടു. 1994 ഡിസംബർ 27ന് ഇവിടെ ഇന്ത്യൻ സേന നടത്തിയ തേർവാഴ്‌ചയിൽ ഒരു കുട്ടിയടക്കം പന്ത്രണ്ട്‌ നിരപരാധികൾ മരിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. കൊള്ളയും ബലാത്സംഗങ്ങളും നടന്നു. ഇന്ന് നാഗാലാൻഡിൽ ആ ദുർദിനം അറിയപ്പെടുന്നത് ‘അയതായ് മോകോക്ചുങ്’ എന്ന പേരിലാണ്. യാതൊരു പ്രകോപനവും കൂടാതെ, തികച്ചും അപ്രതീക്ഷിതമായാണ് സൈന്യം ജനവാസ മേഖലയിലേക്ക് വെടിവയ്‌പ്പ്‌ ആരംഭിച്ചത്. ആരോ മിലിട്ടറി വണ്ടികൾക്കുനേരെ കല്ലെറിഞ്ഞു എന്നായിരുന്നു പട്ടാളം നൽകിയ ആദ്യ വിശദീകരണം. വെടിവയ്‌പ്പിൽ തൃപ്തിവരാത്ത സൈന്യം, ഡീസലിൽ മുക്കിയ തുണിക്കെട്ടുകൾ കത്തിച്ച് വലിച്ചെറിഞ്ഞ് വീടുകൾക്ക് തീയിടുകയും ധാന്യശേഖരം നശിപ്പിക്കുകയും ചെയ്‌തു. ശത്രുസൈന്യത്തിന്റെ ബങ്കറുകൾ തകർക്കാനുപയോഗിക്കുന്ന വലിയ ഷെല്ലുകളായിരുന്നു നിരപരാധികളുടെ വീടുകൾ തകർക്കാനായി പട്ടാളം ഉപയോഗിച്ചത്. ഇന്ത്യൻ കരസേന മേധാവി ജനറൽ റോയ് ചൗധരി കൊഹിമ സന്ദർശിക്കാൻ തെരഞ്ഞെടുത്ത അതേദിവസം തന്നെയാണ് ഈ കൂട്ടക്കൊല നടന്നത് എന്നതും, ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്‌ കൊഹിമയും മോകോക്ചുങ്ങും അടക്കമുള്ള സ്ഥലങ്ങളിലെ ടെലിഫോൺ ലൈനുകൾ ഒന്നിച്ചു പ്രവർത്തനരഹിതമായി എന്നതുമടക്കം, വിശദീകരിക്കാൻ വിഷമമുള്ള നിരവധി സംഭവങ്ങളെ തികച്ചും യാദൃച്ഛികം എന്നു പറഞ്ഞു സൈന്യം നിസ്സാരമായി തള്ളിക്കളഞ്ഞു, എന്നാൽ, ജനങ്ങളിൽ ഭീതി ഉയർത്താനും പട്ടാളമേധാവിയെ അത് നേരിട്ടു ബോധ്യപ്പെടുത്താനുമായി പട്ടാളം മുൻകൂട്ടി ആസൂത്രണം ചെയ്‌തു നടപ്പാക്കിയ ആക്രമണം തന്നെയായിരുന്നു ‘അയതായ് മോകോക്ചുങ്’ എന്ന് നാഗാകൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.


മൊകൊക്ചുങ് കൂട്ടക്കൊല കഴിഞ്ഞ് മൂന്നു മാസങ്ങൾക്കു ശേഷം 1995 മാർച്ച് അഞ്ചിന് മറ്റൊരു കൂട്ടക്കൊലയ്‌ക്ക്‌ നാഗാലാൻഡ് വീണ്ടും സാക്ഷിയായി. അഞ്ചു കിലോമീറ്റർ നീളത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന രാഷ്‌ട്രീയ റൈഫിൾസിന്റെ നെടുങ്കൻ സായുധവാഹന വ്യൂഹം കൊഹിമ ടൗണിലെ ഏറ്റവും ജനസാന്ദ്രമായ സ്ഥലത്തെത്തിയപ്പോൾ അതിലൊരു വണ്ടിയുടെ ടയർ പഞ്ചറായി ഉച്ചത്തിൽ പൊട്ടിത്തെറിച്ചു. പൊട്ടിയത് ബോംബാണെന്ന് തെറ്റിദ്ധരിച്ചു ഭയന്ന ഭടന്മാർ റോഡിനിരുവശത്തേക്കും ഭ്രാന്തമായി വെടിവയ്‌ക്കാൻ തുടങ്ങി. നിരവധി വീടുകൾ നിറഞ്ഞുനിൽക്കുന്ന ഭാഗങ്ങളായിരുന്നു ഇതെല്ലാം. രണ്ടു മണിക്കൂർ നീണ്ട വെടിവയ്‌പ്പിൽ സ്‌ത്രീകളും കുട്ടികളുമടക്കം ഏഴുപേർ മരിച്ചു. പരിക്കേറ്റ നൂറുപേരിൽ പലരും ചലനശേഷിപോലും നിലച്ച് ഏറ്റവും ഗുരുതരമായ അവസ്ഥയിലായിരുന്നു. ചിലരൊക്കെ ഇന്നും അതേ നിലയിൽ തുടരുന്നു.

മോകോക്ചുങ്മോകോക്ചുങ്

സമീപകാലത്ത്, 2021 ഡിസംബർ അഞ്ചിന്, മോൺ ജില്ലയിലെ ഓട്ടിങ് എന്ന സ്ഥലത്ത് ഇന്ത്യൻ സൈന്യം നടത്തിയ പരാക്രമമായിരുന്നു ഏറ്റവും നിന്ദ്യം. തുറന്ന ഒരു മിനിലോറിയിൽ പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറ് തൊഴിലാളികളെയും ഡ്രൈവറെയും അവരുടെ ഗ്രാമമായ ഓട്ടിങ്ങിന് തൊട്ടടുത്തുവച്ച്, പതിവുപോലെ യാതൊരു പ്രകോപനവുമില്ലാതെ പട്ടാളം വെടിവച്ചു കൊന്നു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ ഗ്രാമവാസികൾ കണ്ടത് പട്ടാള വണ്ടിയിൽ കൂടിക്കിടക്കുന്ന ഏഴ് മൃതശരീരങ്ങളായിരുന്നു. അവയിൽ ചിലതിനെ ഗറില്ലാ യൂണിഫോം അണിയിക്കാനുള്ള ശ്രമത്തിലായിരുന്ന പട്ടാളത്തിനെ രക്ഷപ്പെടാൻ അനുവദിക്കാതെ ജനം തടഞ്ഞുവച്ചു. പട്ടാളം അത്‌ നേരിട്ടത് കൂടുതൽ വെടിയുണ്ടകൾ കൊണ്ടായിരുന്നു. വീണ്ടും ഏഴുപേർകൂടി മരിച്ചുവീണു. പിറ്റേന്ന് മോൺ ടൗണിൽ നടന്ന പ്രതിഷേധത്തിനിടയിൽ മറ്റൊരു നാഗാ യുവാവ്‌ കൂടി വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. ഗ്രാമീണരുടെ പണിയുപകരണങ്ങൾ കണ്ടപ്പോൾ ആയുധങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്ന് നിസ്സാരമായി പറഞ്ഞ് പട്ടാളം കൈകഴുകി. അങ്ങനെ കൈകഴുകി രക്ഷപ്പെടാൻ, അഫ്‌സ്‌പ (AFSPA) അടക്കം രാജ്യസുരക്ഷയുടെ പേരിൽ ഇവിടെ നടപ്പിലുള്ള നിരവധി നിയമങ്ങൾ അവരെ അനുവദിക്കുന്നുണ്ട്. പട്ടാളത്തിന്റെ വ്യാഖ്യാനം അതേപടി പാർലമെന്റിൽ പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷായും കൈ കഴുകി.


ഇവിടെ പരാമർശിക്കപ്പെട്ട മൂന്ന് സംഭവങ്ങളും മറ്റനേകം സമാന സംഭവങ്ങളുടെ പരമ്പരയിലെ ചിലതു മാത്രമാണ്. മിക്കവാറും എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും, സംശയങ്ങളും തെറ്റിദ്ധാരണകളും മറയാക്കി യാതൊരു ഉത്തരവാദബോധവുമില്ലാതെ നിരപരാധികളെ കൊല്ലാനുള്ള നിയമപരമായ അധികാരം സൈന്യത്തിനുണ്ട്. അതവർ പൂർണമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഓട്ടിങ് കൂട്ടക്കൊല മോൺ നിവാസികളായ കൊന്യാക് നാഗാകളെ അധികാരികളിൽനിന്ന് കൂടുതൽ അകറ്റി. നാഗാ സംസ്‌കാരത്തിന്റെ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാതെ ആറു നാഗാ ജില്ലകൾ സർക്കാരിനെതിരെ പ്രതിഷേധിക്കുകയും എല്ലാ മൊറുങ്ങുകളിലും കറുത്ത കൊടികൾ ഉയർത്തുകയും ചെയ്‌തു. കോന്യാക് എംഎൽഎയും ബിജെപി പ്രസിഡന്റുമായ ന്യാവാങ് കോന്യാക് രാജിഭീഷണി മുഴക്കി. മറ്റു ചിലർ രാജിവച്ചു. മാത്രമല്ല, കുറേക്കാലമായി ഉറക്കമായിരുന്ന ഈസ്റ്റൺ നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ഇതോടെ വീണ്ടും സജീവമാകുകയും ചെയ്‌തു.


ഏപ്രിൽ 17.

മോകോക്ചുങ് ‐ -മോൺ -‐ ഷെൻഗാ ചിങ്‌യു

ഇന്നലെ സന്ധ്യമുതൽ നിർത്താതെ മഴയായിരുന്നു. രാവിലെ ഉണർന്നപ്പോൾ, രാത്രി മുഴുവൻ പെയ്‌തു മടുത്ത മഴമേഘങ്ങൾ കൂട്ടത്തോടെ താഴേക്കിറങ്ങിവന്ന് എല്ലാം മൂടി നിൽക്കുന്നതാണ് കണ്ടത്. ഈ യാത്രയുടെ പ്രധാന ഉദ്ദേശ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാണുക എന്നതാണെന്ന് പൊതുവേ പറയുമ്പോഴും, നാഗാലാൻഡിലെ അതിർത്തി പ്രദേശമായ മോൺ ജില്ലയായിരുന്നു ഏറ്റവും പ്രധാന ആകർഷണം. നാഗാലാൻഡിന്റെ വടക്കുകിഴക്കേ മൂലയിലാണ് മോൺ. അങ്ങോട്ടുള്ള വഴിയിലാണ് ഞാനിപ്പോൾ നിൽക്കുന്ന മോകോക്ചുങ്. നാഗാലാൻഡിലെ ഏറ്റവും വന്യവും വിദൂരവുമായ സ്ഥലമാണ് മോൺ. അവിടേക്കുള്ള വഴികൾ അതിദുർഘടവും ആൾസഞ്ചാരമില്ലാത്തതുമാണ്. അതിനോടൊപ്പം ഇത്തരം മഴകൂടി ചേർന്നാൽ ഫലം എന്താകുമെന്ന് മനസ്സിലാകുന്നില്ല. ഇന്നലെ രാത്രി പലതവണ ശ്രമിച്ചതിനു ശേഷമാണ് മോണിലെ എന്റെ ആതിഥേയനായ ആംഗ് ടോൺയെ എന്ന ഗ്രാമത്തലവനെ ഫോണിൽ കിട്ടിയത്. ആംഗ് എന്നാൽ രാജാവ് എന്നാണർഥം. ആംഗ് പറഞ്ഞതനുസരിച്ച് മോൺ ടൗണിൽനിന്ന് വീണ്ടും രണ്ടു മണിക്കൂർ ദൂരെയുള്ള ഷെൻഗാ ചിങ് യു എന്ന കോന്യാക് ഗ്രാമത്തിലാണ് എത്തേണ്ടത്. അങ്ങനെയൊരു സ്ഥലം മാപ്പിലില്ല. അതു സാരമില്ലെന്നും മോണിൽനിന്ന് വഴി കാണിക്കാൻ ഒരാളെ ഏർപ്പാടാക്കാമെന്നും ആംഗ് ടോൺയെ പറഞ്ഞു. മോകോക്ചുങ്ങിൽ നിന്ന് എവിടെയും നിർത്താതെ പോയാൽ അഞ്ചര മണിക്കൂർകൊണ്ട് മോണിൽ എത്താം. എന്നാൽ ഇടയ്‌ക്കിടെ വഴിയിൽ വണ്ടി നിർത്തി കാഴ്‌ചകൾ കണ്ട് പതുക്കെ പോകാനാണ് എനിക്ക് താൽപ്പര്യം.

             പുറത്ത്‌ തൂക്കിയിട്ട മുളങ്കൂടകളിൽ കാട്ടുവിറകുമായി വീട്ടിലേക്ക് മടങ്ങുന്നവർപുറത്ത്‌ തൂക്കിയിട്ട മുളങ്കൂടകളിൽ കാട്ടുവിറകുമായി വീട്ടിലേക്ക് മടങ്ങുന്നവർ

മോകോക്ചുങ്ങിൽനിന്ന് കുറച്ചുദൂരം താഴേക്കിറങ്ങിയതോടെ രാവിലത്തെ മഞ്ഞ് മാഞ്ഞുപോയി. അതോടെ റോഡും ചെളിവഴിയായി. മലകളെ ചുറ്റിപ്പോകുന്ന വഴികളിൽ പലയിടത്തും ഒരു വണ്ടിക്കുള്ള വീതി മാത്രമാണ് ഉണ്ടായിരുന്നത്. എതിരെ വരാൻ വണ്ടികളൊന്നും ഇല്ലാതിരുന്നത് രക്ഷയായി. ചെളിവഴികളെ ഇടയ്‌ക്കിടെ പരസ്‌പരം ബന്ധിപ്പിക്കുന്നത് ആധുനികരീതിയിൽ നിർമിച്ച പുതിയ റോഡുകളുടെ ചെറിയ ദൂരങ്ങളാണ്. ഇതിനെല്ലാമിടയിൽ പൊട്ടിത്തകർന്ന് കിടക്കുന്ന പഴയ പ്രമാണിമാരും ഉണ്ടായിരുന്നു. ചെളിവഴികളേക്കാൾ ഏറെ ശ്രമകരമാണ് പഴയ പ്രമാണിമാരുമായുള്ള ഇടപാടുകൾ. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് മഴ തുടങ്ങി. മഴയടങ്ങിയപ്പോൾ എമ്പാടും കനത്ത മൂടൽമഞ്ഞ് നിറഞ്ഞു. പതിനഞ്ചടിക്കപ്പുറം കാഴ്‌ചയില്ല. ഭാഗ്യത്തിന് ഇതിപ്പോൾ പുതിയ വഴിയാണ്. വഴിയിലെ വെളുത്ത വരകൾ നോക്കി സൂക്ഷിച്ചുപോയാൽ മാത്രം മതി. എന്നാൽ പെട്ടെന്നു തന്നെ ആ സഹായവും നിലച്ചു. വഴി വീണ്ടും ചെളിപിടിച്ച മണ്ണുവഴിയായി. വളഞ്ഞു തിരിഞ്ഞു കാഴ്‌ചയില്ലാത്ത വഴിയിലൂടെ ഇഴഞ്ഞും, ഇടയ്‌ക്കിടെ നിർത്തിയിറങ്ങി പരിസരം നോക്കിയുമാണ് കുറേദൂരം പോയത്. അന്തരീക്ഷം വീണ്ടും തെളിഞ്ഞപ്പോൾ മലകളെ പറ്റിപ്പിടിച്ചു പോയിരുന്ന വഴി നിരപ്പിലേക്ക് മാറി. ടാറിട്ട റോഡിന്റെ ഇരുവശത്തും ഇപ്പോൾ കാടുകളാണ്. എല്ലായിടത്തും മുളകൾ ഉയരത്തിൽ വളർന്നു നിൽക്കുന്നുണ്ട്.


വീണ്ടുമൊരു വളവു തിരിഞ്ഞപ്പോൾ ദൂരെ ചുവന്ന നിറങ്ങൾ അനങ്ങുന്നതു കണ്ടു. പെട്ടെന്നത് ചുവന്ന വസ്‌ത്രങ്ങൾ ധരിച്ച നാഗാ സ്‌ത്രീകളുടെ ചെറിയൊരു സംഘമായി വഴിയിലേക്കിറങ്ങി നിന്നു വണ്ടി തടഞ്ഞു. ഞാൻ വണ്ടി നിർത്തി ഇറങ്ങി. സ്‌ത്രീകളുടെ ഇടയിൽ എല്ലാ പ്രായക്കാരും ഉണ്ടായിരുന്നു. മുറിഞ്ഞ ഇംഗ്ലീഷ് വാക്കുകൾകൊണ്ട് അവരെന്നെ വളഞ്ഞു വച്ചു ചോദ്യംചെയ്‌തു. വണ്ടി തുറന്നുകാണിക്കാൻ ആവശ്യപ്പെട്ടു. വണ്ടിയിലെ വസ്‌തുവകകൾ കണ്ട് ആദ്യമൊന്ന് അറച്ചെങ്കിലും ബാഗുകളെല്ലാം തുറന്നു പരിശോധിച്ചു. അംബികാപൂരിലെ ദരിമയിൽനിന്നു വാങ്ങിയ കാളയിരിക്കുന്ന കാർഡ് ബോർഡ് പെട്ടി കെട്ടഴിച്ച് കാളയെ പുറത്തെടുത്തു വിശദമായി നോക്കിയശേഷം വളരെ ശ്രദ്ധിച്ച് പൂർവസ്ഥിതിയിൽ തിരിച്ചുവച്ചു. ഒടുവിൽ പരിശോധന മതിയാക്കി പോയ്‌ക്കോളാൻ പറഞ്ഞു. എന്നാൽ വണ്ടി മാറ്റി നിർത്തിയിട്ട് കുറച്ചുനേരം കൂടി അവരോടൊപ്പം ചെലവഴിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. റോഡരികിലെ ഒറ്റപ്പെട്ട ഒരു വീടിനോടു ചേർത്തു പണിതിരിക്കുന്ന ചായക്കടയുടെ മുന്നിൽ ഒരു ബെഞ്ചും മൂന്നുനാല്‌ പ്ലാസ്റ്റിക് കസേരകളും കിടപ്പുണ്ട്. അവിടെ കൂടിനിൽക്കുന്ന സ്‌ത്രീകൾ ഈസ്റ്റൺ നാഗാ വിമൻസ് ഓർഗനൈസേഷന്റെ പ്രവർത്തകരാണ്. എന്താണ് നിങ്ങൾ തിരയുന്നതെന്ന് ചോദിച്ചപ്പോൾ ആയുധം, കള്ളപ്പണം, മയക്കുമരുന്ന്, ആൽക്കഹോൾ എന്നിങ്ങനെ കൃത്യമായി എണ്ണിപ്പറഞ്ഞു തന്നു. ഇത് തെരഞ്ഞെടുപ്പു കാലമാണെന്നും തെരഞ്ഞെടുപ്പ് കമീഷനും പൊലീസുമാണല്ലോ ഈ ജോലി ചെയ്യാൻ ബാധ്യസ്ഥർ എന്നും ഞാനോർത്തു. എന്നാൽ ഇപ്പോൾ ഇവിടെ നടക്കുന്നത് വളരെ വ്യത്യസ്‌തമായ ഒരു തെരഞ്ഞെടുപ്പ്‌ പ്രവർത്തനമാണെന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം വോട്ടെടുപ്പ് നടക്കുമ്പോൾ മാത്രമായിരിക്കും എനിക്കു മനസ്സിലാകാൻ പോകുന്നത്.


വഴിയിൽ വണ്ടികളൊന്നും ഇല്ലാത്തതുകൊണ്ട് വെറുതേ വർത്തമാനം പറഞ്ഞിരിക്കുകയാണ് പ്രധാന പണിയെന്ന് പറഞ്ഞ് ഒരു മധ്യവയസ്‌ക ചിരിച്ചു. ആകെ രണ്ടു വാക്ക് ഇംഗ്ലീഷ് അറിയാവുന്നത് അവർക്ക് മാത്രമാണ്. പരിശോധനകൾ തങ്ങളുടെ സുരക്ഷയ്‌ക്ക് പരമപ്രധാനമാണെന്നും രാത്രിയിൽ ഈ ജോലി ചെയ്യുന്നത് പുരുഷന്മാരാണെന്നും പറഞ്ഞു. വാഹന പരിശോധനാസമയത്ത് ഞാനെടുത്ത ചില ഫോട്ടോകൾ അവരെ ക്യാമറയിൽ കാണിച്ചുകൊടുത്തപ്പോൾ എല്ലാവരും കൂടിനിന്നു പടങ്ങൾ നോക്കിക്കണ്ടു. ചില പൊട്ടിച്ചിരികൾക്കിടെ ഉയർന്ന കമന്റുകൾ അവരിൽ ചിലരെത്തന്നെ ഉദ്ദേശിച്ചാണെന്ന് അവരുടെ മുഖഭാവം പറഞ്ഞു. ഫോട്ടോയിൽ കണ്ടപ്പോൾ, പ്രതീക്ഷിച്ച ഭംഗിയില്ലെന്ന നിരാശ ചില മുഖങ്ങളിൽ കണ്ടു. കൂട്ടത്തിൽ ചെറുപ്പക്കാരിയായ ഒരു സ്‌ത്രീ എന്നോടു പറഞ്ഞതെന്താണെന്ന് മനസ്സിലായില്ലെങ്കിലും, ഉടൻതന്നെ എല്ലാവരും വസ്‌ത്രങ്ങൾ ശരിയാക്കി വരിയായി നിന്നതിന്റെ അർഥം വ്യക്തമായിരുന്നു. പുതിയ പടങ്ങൾ കണ്ടപ്പോൾ ചിലർക്കുണ്ടായ ആശ്വാസം ചെറുതല്ലെന്ന് അവരുടെ മുഖത്തു തെളിഞ്ഞ തുറന്ന ചിരികൾ പറഞ്ഞു. പറയാനുള്ളത് പരസ്‌പരം പറയാനും മനസ്സിലാക്കാനും വല്ലാതെ ആയാസപ്പെടേണ്ടി വരുന്നത് വളരെ ദുഃഖകരമാണ്. ഒറ്റവാക്കുകളും ചിരിയും തലയാട്ടലും ആംഗ്യങ്ങളുംകൊണ്ട് പറയാവുന്നതെല്ലാം പറഞ്ഞുകഴിഞ്ഞു. എല്ലാവരോടും യാത്രപറഞ്ഞ് വണ്ടിയിൽ കയറിനോക്കിയപ്പോൾ, ഇവിടെനിന്ന് മോൺ വരെ മാത്രം ഇനിയും നാലര മണിക്കൂർ ദൂരം കാണിക്കുന്നു.

കുന്നുകളിലെ ഝും കർഷകരുടെ ഓലമാടങ്ങൾകുന്നുകളിലെ ഝും കർഷകരുടെ ഓലമാടങ്ങൾ

അരമണിക്കൂർകൂടി പോയിക്കഴിഞ്ഞപ്പോൾ, പ്രധാന വഴിയുടെ ഇടതുവശത്ത്‌ കണ്ട വലിയ കമാന വാതിൽ തുറക്കുന്നത് കാങ്ചിങ് എന്ന പ്രധാനപ്പെട്ട ഒരു ഗ്രാമത്തിലേക്കാണ്. ഫോം നാഗാകളുടെ ഗ്രാമമാണിത്. ഗ്രാമത്തിനുപുറത്തെ വഴിയരികിൽ പുതുതായി പണിതീർത്ത കടമുറികളുടെ അടഞ്ഞുകിടക്കുന്ന പച്ച ഷട്ടറുകൾക്ക് മുന്നിലെ തണലത്ത് കസേരകളിൽ നിരന്നിരിക്കുന്നത് ഫോം നാഗാ സ്‌ത്രീകളുടെ ജാഗ്രതാ സംഘമാണ്. ഇവിടുത്തെ സംഘത്തിന് അംഗബലം കൂടുതലുണ്ട്. എല്ലാവരും സാധാരണ വസ്‌ത്രത്തിനു മേലെ ചുവന്ന അംഗവസ്‌ത്രം ചുറ്റിയാണ് വന്നിരിക്കുന്നത്. പരിശോധനയും ചോദ്യം ചെയ്യലും കഴിഞ്ഞതോടെ അന്തരീക്ഷം പെട്ടെന്ന് മയപ്പെട്ടെങ്കിലും ആശയവിനിമയ സാധ്യതകൾ മിനിമം മാത്രമായി തുടർന്നു.

വീണ്ടും ചുറ്റുപാടുകൾ പുകമഞ്ഞിൽ മൂടി. വഴി വീണ്ടും മണ്ണുവഴിയായി. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവർ പുറത്തു തൂക്കിയിട്ട മുളങ്കൂടകളിൽ കാട്ടുവിറക് കുത്തിനിറച്ചിരിക്കുന്നു. സമയം നാലാകുന്നു. മോൺ ജില്ലയുടെ അതിരിൽ പൊലീസ് ചെക്ക് പോസ്റ്റും അതു കഴിഞ്ഞാൽ വീണ്ടും സ്‌ത്രീകളുടെ ചെക്കിങ്ങും ഉണ്ടായിരുന്നു. പരിശോധനയൊന്നും ഇല്ലാതെ തന്നെ കടന്നു പോകാൻ പൊലീസ് അനുവാദം തന്നു. ഇവിടുത്തെ സ്‌ത്രീകളുടെ ജാഗ്രതാ സംഘവും പേരിനൊന്ന് വണ്ടി തുറന്നുനോക്കിയിട്ട് പോയ്‌ക്കോളാൻ പറഞ്ഞു. ഇവരുടെ കറുത്ത വസ്‌ത്രങ്ങൾ കണ്ടിട്ട് കോന്യാക് ഗോത്രക്കാരാണെന്നു തോന്നി. കുറച്ചു മുന്നിൽ വണ്ടി ഒതുക്കി നിർത്തിയിട്ട് മാറിനിന്ന് ഒരു പടമെടുക്കാനായി പൊലീസ് ചെക്ക് പോസ്റ്റിന്റെ അടുത്തേക്ക് പോയ എന്നെ വീണ്ടും കണ്ടതോടെ, ബോറടിച്ചിരുന്ന ഇൻസ്‌പെക്ടർ ഒന്നുണർന്നു. പോകാൻ പറഞ്ഞിട്ടും പോകാതെ നിൽക്കുന്നവർക്കുള്ള ശിക്ഷ എന്തായിരിക്കണമെന്ന് ഒരു നിമിഷം ആലോചിച്ചശേഷം, ഐഎൽപി കാണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിലതെല്ലാം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കൈയിൽ കരുതേണ്ട ഒന്നാണ് ഐഎൽപി അഥവാ ഇന്നർ ലൈൻ പെർമിറ്റ്. മിസോറാം, മണിപ്പുർ, അരുണാചൽ എന്നീ മൂന്നു സംസ്ഥാനങ്ങളുടെ ഐഎൽപി, ആദ്യം തന്നെ എടുത്തിരുന്നെങ്കിലും ഇതുവരെ എവിടെയുമത് കാണിക്കാൻ ആരും ആവശ്യപ്പെട്ടിരുന്നില്ല. ആദ്യമായാണ് ഒരാളിത് ചോദിക്കുന്നത്. കൃത്യം നാഗാലാൻഡിന്റെ ഐഎൽപി മാത്രം എന്റെ കൈയിൽ ഇല്ല. ഐഎൽപി അത്യാവശ്യമാണെന്നും അതില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നും പൊലീസുകാരൻ പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ മറ്റു സംസ്ഥാനങ്ങളുടെ പെർമിറ്റുകൾ കാണിച്ചുകൊടുത്തിട്ട്, നാഗാലാൻഡിൽ ഐഎൽപി ആവശ്യമാണെന്ന് അറിയില്ലായിരുന്നു എന്നു ഞാൻ കള്ളം പറഞ്ഞു. ഇവിടെയാണത് ഏറ്റവും ആവശ്യം, എന്ന്‌ അദ്ദേഹം പറഞ്ഞു. ഒടുവിൽ, കരുണ തോന്നിയ ഇൻസ്‌പെക്ടർ എനിക്കൊരു വഴി പറഞ്ഞുതന്നു. മോൺ ടൗണിലെ പൊലീസ് സ്റ്റേഷനിൽ പോയി അപേക്ഷ കൊടുത്താൽ അവിടെനിന്ന് പെർമിറ്റ് കിട്ടുമെന്നും, എന്നാൽ വീണ്ടും ഇതു തന്നെ സംഭവിച്ചാൽ കിട്ടുന്നത് ശിക്ഷയായിരിക്കും എന്നും പറഞ്ഞു. പെട്ടെന്നൊരു നന്ദി പറഞ്ഞ് കൂടുതൽ ഫോട്ടോ എടുക്കാനൊന്നും നിൽക്കാതെ അപ്പോൾത്തന്നെ സ്ഥലംവിട്ടു.

ഇവിടെനിന്ന് മോണിലേക്കുള്ള ദൂരം പൂജ്യം കിലോമീറ്റർ ആണെന്നെഴുതിയ ബോർഡിന്റെ മുന്നിലെ ചെളിവഴിയുടെ വശത്ത് വണ്ടി നിർത്തിയിട്ട്, വഴി കാണിക്കാൻ കൂടെ വരാമെന്നു പറഞ്ഞയാളിനെ വിളിച്ചു. അയാൾ ആംഗിന്റെ ഒരു സഹോദരനാണെന്നാണ് പറഞ്ഞത്. പേര് അപ്പായ്. അപ്പായ് എന്നെ മോൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പത്തു മിനിറ്റിനകം ഫോട്ടോ പതിച്ച ഐഎൽപി കൈയിൽ കിട്ടി. നിയമവിരുദ്ധമായി നാഗാലാൻഡിൽ പ്രവേശിച്ച വ്യക്തിയാണെങ്കിലും, ഇയാൾ മോൺ ടൗണിന്‌ വേണ്ടി ചെയ്‌തിട്ടുള്ള വലിയ സേവനങ്ങൾ കണക്കിലെടുത്താണ് ശിക്ഷയൊഴിവാക്കി ഒരവസരം കൂടി നൽകുന്നതെന്ന് അതിൽ പറഞ്ഞിരുന്നു. എന്റെ യഥാർഥ സേവനങ്ങൾ മോൺ ഇനിയും കാണാനിരിക്കുന്നതേ ഉള്ളൂ എന്ന് മനസ്സിൽ പറഞ്ഞു. ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് മാത്രമാണ് എനിക്ക് നാഗാലാൻഡിൽ കഴിയാനുള്ള അനുവാദമുള്ളത്. മോണിലെ ഏക പെട്രോൾ പമ്പിൽനിന്ന് ടാങ്ക് നിറച്ച ഉടൻ തന്നെ ഞങ്ങൾ ഷെൻഗാ ചിങ്‌യുവിലേക്കുള്ള അടുത്ത രണ്ടു മണിക്കൂർ യാത്ര ആരംഭിച്ചു. വഴി വീണ്ടും മണ്ണുവഴിയായി മാറി. അൽപ്പം മുമ്പ്‌ മാത്രം പെയ്‌ത മഴയുടെ ഫലമായി എല്ലാം നനഞ്ഞു ചെളിപിടിച്ചു കിടക്കുകയാണ്. ഇനിയും പെയ്യാൻ പറ്റാതെ, ഈർപ്പം മുറ്റി കനംവച്ച കൂടുതൽ മഴമേഘങ്ങൾ ഭാരമിറക്കാൻ ഇടംതേടി താഴേക്കിറങ്ങി വരുന്നുണ്ട്. ഇടയ്‌ക്ക് വല്ലപ്പോഴും മൂടൽമഞ്ഞ്‌ മാറിത്തരുമ്പോൾ ദൂരെക്കാണുന്ന മലനിരകളുടെ മുകളിൽ തിങ്ങിത്തുളുമ്പി നിൽക്കുന്ന കരിമേഘങ്ങൾക്ക് ഇനിയും അധികസമയം പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് ശരിവയ്‌ക്കുന്നതുപോലെ ഒരിടി കുടുങ്ങി. പെട്ടെന്നൊരു കാറ്റു വീശി. അതോടൊപ്പം അതിശക്തമായ മഴയും തുടങ്ങി.


മഴ അധികം നീണ്ടില്ലെങ്കിലും കലങ്ങിയ മഴവെള്ളച്ചാലുകൾ റോഡിനോട് ചേർന്നും ചിലപ്പോൾ റോഡിനു കുറുകെയും ഓട്ടം തുടരുന്നുണ്ട്. ഓടാൻ മാർഗമില്ലാതെ കുടുങ്ങിപ്പോയവർ ചെറു തടാകങ്ങളായി വഴിയിൽ കെട്ടിക്കിടക്കുന്നു. മഴ മാറിയിട്ടും ആകാശം തെളിയാത്തത് സമയം സന്ധ്യയായതുകൊണ്ടാണ്. കൂടുതൽ മോശമായിത്തുടങ്ങിയ വഴിയിൽനിന്ന് വലത്തേക്ക് കണ്ട ചെറിയ വഴിയിലേക്ക് വണ്ടി തിരിക്കാൻ അപ്പായ് പറഞ്ഞു. ഇതാണ് ഷെൻഗാ ചിങ്‌യുവിലേക്കുള്ള വഴി. നേരേ പോയാൽ ലോംഗ്വാ എന്ന ഗ്രാമമാണ്. ഇപ്പോഴും ശേഷിക്കുന്ന അവസാനത്തെ തലവേട്ടക്കാരിൽ ചിലർ അവിടെയാണുള്ളത്. ചെറിയ വഴി അതികഠിനമായിരുന്നു. കല്ല്, കുഴി, ചെളി തുടങ്ങിയ സ്ഥിരം പരിചയക്കാരോടൊപ്പം, മണ്ണൊലിച്ച് പാറ തെളിഞ്ഞു നിൽക്കുന്ന കുത്തുകയറ്റങ്ങളും ഒരിക്കലും തീരാത്ത കൊടും വളവുകളും ഇടിഞ്ഞുവീണ മണ്ണിനടിയിൽ കാലങ്ങളായി മോചനം കാത്തുകിടക്കുന്ന പഴയ കന്നുകാലിപ്പാതകളും കടന്ന് ഇരുന്നും നിരങ്ങിയുമാണ് വഴി പോകുന്നത്. മുന്നോട്ടുപോകുന്തോറും, വലിയ മലകളോടൊപ്പം ഇടത്തരം കുന്നിൻ നിരകളും കണ്ടുതുടങ്ങി. വഴിയരികിൽ കണ്ട നിർമാണം മിക്കവാറും പൂർത്തിയായ പുതിയ മുളവീട് മേഞ്ഞിരിക്കുന്നത് പനയോലകൊണ്ടാണ്. താമസിയാതെ തന്നെ കൊഹിമയ്‌ക്ക്‌ ശേഷം കാണാനില്ലായിരുന്ന ഝൂം കൃഷി വലിയതോതിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഞങ്ങളിപ്പോൾ പോകുന്ന കുന്നിന്റെ ചെരുവിൽ ഇഞ്ചിത്തൈകൾ വളർന്നു തുടങ്ങിയിരിയുന്നു. ഡിൽകോണിലെ ഛാരി വല്യമ്മയുടെ വീട്ടിൽനിന്ന് പൂയി ഇഞ്ചിവിത്ത് എടുത്തത് ഞാനോർത്തു. ഇഞ്ചിപ്പാടം കഴിഞ്ഞുള്ള കാടിനക്കരെ, ചാരം വീണു കറുത്ത കുന്നുകളുടെ ചെരുവിൽ പച്ചപ്പിന്റെ നേർത്ത പാടകൾ പൊടിച്ചു നിൽക്കുന്നുണ്ട്. കുന്നുകളുടെ ശരീരമാകെ തിണർത്തു നിൽക്കുന്ന കുരുക്കൾ, ഝും കർഷകരുടെ ഓലമാടങ്ങളാണ്.


വഴിയുടെ വശത്ത് വീണ്ടുമൊരു വീട്‌ കണ്ടു. അതിനു മുന്നിൽ ഒരു ജീപ്പുമായി ആരെയോ കാത്തുനിൽക്കുന്നവർ അപ്പായിയുടെ കൂട്ടുകാരാണ്. മുന്നിൽ കാണുന്ന കുന്നിലെ ഝൂമിൽ ഇവർക്കും പങ്കുണ്ട്. കുന്നുകളുടെ ഉച്ചിയിലും കൃഷിയോഗ്യമല്ലാതെ മൂലകളിലും ചെറിയ മുളങ്കൂട്ടങ്ങൾ വെട്ടാതെ നിർത്തിയിരിക്കുന്നത് ഭാവിയിലെ ഉപയോഗത്തിന് വേണ്ടിയാണെന്ന് അപ്പായ് പറഞ്ഞു. മുന്നോട്ടുപോകുന്തോറും കുന്നുകളും കുടിലുകളും കൂടുതൽ അടുത്തുവരാൻ തുടങ്ങി. അതത്ര രസിക്കാത്തതുപോലെ, പെട്ടെന്ന് ഇരുട്ട്‌ ചാടിവീണ് എല്ലാ കാഴ്‌ചയും മറച്ചു. അടുത്ത അരമണിക്കൂർ ദൂരത്ത് കാറിന്റെ വെളിച്ചത്തിൽ ആകെ കാണാൻ കഴിഞ്ഞത് വഴിയിൽ തെറിച്ചുനിൽക്കുന്ന കല്ലുകളും വഴിയരികിലെ മരങ്ങളുടെ പിന്നിലൂടെ ഓടിമറയുന്ന നിഴലുകളും മാത്രമായിരുന്നു. എവിടെയോ തനിച്ചു നിൽക്കുന്ന വലിയൊരു വീട്ടുമുറ്റത്തെ ഇരുട്ടിലേക്ക് വണ്ടി ഇറങ്ങിച്ചെന്നു. ഇതാണ് ആംഗിന്റെ വീട് എന്ന് അപ്പായ് പറഞ്ഞു. കാറിന്റെ വെളിച്ചത്തിൽ കണ്ടത്, വീടിനു മുന്നിലെ മുളംചുവരിൽ നിരന്നിരിക്കുന്ന വലിയ കൊമ്പുകളും തലയോടുകളും മാത്രമായിരുന്നു.


വണ്ടിയുടെ ശബ്ദം കേട്ട് ആദ്യമിറങ്ങി വന്നത് കണ്ടാൽ പതിനാല്‌ വയസ്സ്‌ തോന്നുന്ന ആൺകുട്ടിയും പത്തു വയസ്സ്‌ തോന്നുന്ന പെൺകുട്ടിയുമായിരുന്നു. തൊട്ടുപിന്നാലെ ഏകദേശം മുപ്പത് വയസ്സ്‌ തോന്നുന്ന മെലിഞ്ഞൊരു ചെറുപ്പക്കാരൻ പുറത്തുവന്ന് ഹലോ പറഞ്ഞു. അപ്പായ് കൂടുതൽ നിൽക്കാതെ, നാളെ കാണാമെന്നു പറഞ്ഞു പോയി. കുറച്ചപ്പുറത്താണ് അപ്പായിയുടെ വീട്.

ടോൺയെ എന്നാണ് ചെറുപ്പക്കാരൻ പേര്‌ പറഞ്ഞത്. ഇതിനു മുമ്പ്‌ ഈ പേര്‌ കേട്ടിട്ടുള്ളത് ഷെൻഗാ ചിങ് യു എന്ന ഈ തലവേട്ടക്കാരുടെ ഗ്രാമത്തിന്റെ ആംഗ് അഥവാ തലവൻ എന്ന നിലയ്‌ക്കാണ്. താൻ തന്നെയാണ് ആംഗ് ടോൺയെ എന്ന് ചെറുപ്പക്കാരൻ ചിരിച്ചിട്ട് പറഞ്ഞു. ആംഗിന്റെ ഇംഗ്ലീഷ് നല്ലതാണ്.

ഇരുട്ടത്ത് പരിസരങ്ങൾ മനസ്സിലാകുന്നില്ല. രാവിലെമുതൽ കറന്റില്ലെന്നും അകത്ത് കാണുന്ന ഏക എൽഇഡി ബൾബ് സോളാറിന്റെ സഹായത്തിലാണ് കത്തുന്നതെന്നും ടോൺയെ പറഞ്ഞു. വണ്ടിയിൽനിന്ന് ഒരു രാത്രിയിലേക്ക് അത്യാവശ്യം വേണ്ടതുമാത്രമെടുത്ത് ഞാൻ ഗൃഹപ്രവേശനത്തിന് തയ്യാറായി. ഇതുവരെ എന്റെ വണ്ടി മാത്രം നോക്കി നിന്നിരുന്ന ആൺകുട്ടി ഉടൻതന്നെ സഹായിക്കാനായി മുന്നോട്ടുവന്നു. വണ്ടിയിൽ നിന്ന് രണ്ടു കുപ്പി വെള്ളമെടുത്ത് ഏൽപ്പിച്ചപ്പോൾ അവന്റെ മുഖത്ത് വലിയൊരു ചിരി വിടർന്നു. അവനോട് പേരു ചോദിച്ചപ്പോൾ ഓംഗാങ് എന്ന്‌ മറുപടി പറഞ്ഞത് ടോൺയെ ആയിരുന്നു. തന്റെ സഹോദരിയുടെ മകനാണെന്നും പറഞ്ഞു. പ്രധാന വീടിനോട് ചേർന്ന് കണ്ട നിർമിതികൾ മറ്റു വീടുകളാണോ എന്ന്‌ മനസ്സിലായില്ല. അതിഥിമുറി താഴെയാണെന്ന് ടോൺയെ പറഞ്ഞു. കാട്ടുകല്ലുകൾ അടുക്കിവച്ചുണ്ടാക്കിയ നിരപ്പും നിശ്ചയവുമില്ലാത്ത കുത്തുപടികളാണ് താഴേക്കുള്ള വഴിയെന്നു ടോർച്ചുവെളിച്ചത്തിൽ മനസ്സിലായി. നിന്നും നോക്കിയും ഓരോ ചുവടും ഉറച്ചെന്നുറപ്പിച്ചും മാത്രമായിരുന്നു ആംഗിന്റെ അതിഥിമുറിയിലേക്കുള്ള പടികൾ ഞാനിറങ്ങിയത്. വീണ്ടുമൊരു വീഴ്‌ച തീർത്തും അചിന്ത്യമാണ്.


മുളകൊണ്ട് നിർമിച്ച ചെറിയൊരു മുറിയിലെ ഇരുട്ടിലേക്ക് ഓംഗാങ് എന്നെ കൂട്ടിക്കൊണ്ടു പോയി. മുളവാതിൽ കൂടാതെ കുഞ്ഞു ജനലും മുന്നിൽ മൂന്നടി വീതിയുള്ള വരാന്തയും ഉണ്ട്. ഇവിടെയെല്ലായിടത്തും കാണുന്നതു പോലെ കുത്തനെയുള്ള ചെരുവിന്റെ മുകളിൽ മരക്കാലുകളിലാണ് മുറി നിൽക്കുന്നതെന്ന്, മുളപ്പാളി മെടഞ്ഞ തറയിൽ കാലു വയ്‌ക്കുമ്പോഴുണ്ടാകുന്ന കൊച്ചുകൊച്ചു ഭൂമികുലുക്കങ്ങൾ പറഞ്ഞു. പെട്ടെന്ന് കറന്റ്‌ വന്നു. വലിയ ആഹ്ലാദത്തിൽ വെരി ഗുഡ് എന്ന് ഓംഗാങ് ഉച്ചത്തിൽ പറഞ്ഞു. അവൻ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അവന്റെ ഉടുപ്പിൽ ഫ്രഞ്ച്‌ ഫുട്‌ബോൾ താരം കിലിയൻ എംബാപ്പെയുടെ പേരുണ്ട്. പോകുന്നതിന് മുമ്പ്‌ എന്നെ നോക്കി വീണ്ടുമൊന്ന് ചിരിച്ചിട്ട് യൂ ടോൾ എന്നവൻ പറഞ്ഞു. അതിനു മറുപടിയായി അവന്റെ മുടിയിൽ വെറുതേ ഒന്നു തട്ടിയിട്ട്, യൂ ആർ ഓൾസോ ടോൾ എന്നു ഞാനും പറഞ്ഞു. നോ, നോ എന്നു പറഞ്ഞ് എന്നോട് ചേർന്നുനിന്നിട്ട് എന്റെ നെഞ്ചൊപ്പം മാത്രമേ ഉയരം ഉള്ളൂ എന്നവൻ കാണിച്ചുതന്നു.

പരാക്രമികളായ നാഗാ യോദ്ധാക്കളുടെ ബലിഷ്ഠ ശരീരങ്ങൾ ചിത്രങ്ങളിലും ടിവിയിലും മറ്റും മുമ്പ്‌ കണ്ടപ്പോഴെല്ലാം ഇവർ ഉയരമുള്ള മനുഷ്യരാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു ശരാശരി നാഗാ പുരുഷന്റെ ഉയരം ഏകദേശം അഞ്ചര അടിയാണെന്നാണ് കാഴ്‌ചയിൽ മനസ്സിലാകുന്നത്. മുറിയിലുണ്ടായിരുന്ന ഏക വസ്‌തു ചെറിയൊരു കട്ടിലായിരുന്നു. ദിവസം മുഴുവൻ നീണ്ട ദുർഘടയാത്രയിൽ തളർന്ന ശരീരം, മരം പോലെ കടുത്ത മെത്തയിൽ വീണയുടൻ മയങ്ങിപ്പോയി. ഓംഗാങ് വീണ്ടും വന്ന് ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്. രാവിലെ മോകോക്ചുങ്ങിൽ നിന്ന് ഇറങ്ങിയതിനുശേഷം ഒന്നും കഴിച്ചിട്ടില്ല. വിശക്കുന്നുണ്ടെങ്കിലും എഴുന്നേൽക്കാൻ തോന്നുന്നില്ല. യൂ ഈറ്റ്, എന്ന് ഓംഗാങ് വീണ്ടും പറഞ്ഞു.


എല്ലാ നാഗാ വീടുകളിലേയും പോലെ ഇവിടെയും അടുക്കളയാണ് പ്രധാന ഇടം. കഴിഞ്ഞ ദിവസം കിഗ്വേമയിലും ജഖാമയിലും കണ്ട വീടുകളിലെ അടുപ്പുകൾ പ്രധാന മുറിയുടെ ഒരുവശത്തായിരുന്നെങ്കിൽ ഇവിടെയത് അടുക്കളയുടെ ഒത്ത നടുവിലാണ്. അതിനുള്ള വലുപ്പം ആംഗിന്റെ അടുക്കളയ്‌ക്കുണ്ട്. എല്ലാം അടുപ്പിന്‌ ചുറ്റുമാണ്. വിറകടുപ്പിന്റെ മുകളിൽ പുകയിൽ ഉണങ്ങാൻ വച്ച വസ്‌തുക്കളിൽ കൂടുതലും മാംസത്തുണ്ടുകളായിരുന്നു. അടുപ്പിന് ചുറ്റും നാലഞ്ച് ചെറിയ മുള സ്റ്റൂളുകൾ കണ്ടു. അതിലൊന്നിൽ ഞാനിരുന്നു. അവിടെനിന്ന് കുറച്ചു മാറി ഇരുട്ടത്ത് മറ്റൊരു സ്റ്റൂളിലിരുന്ന് പ്രായമായ ഒരു സ്‌ത്രീ ഭക്ഷണം കഴിക്കുന്നുണ്ട്. അവരെന്നെ ഒറ്റത്തവണ നോക്കിയിട്ട് ഗൗരവത്തിൽ ഭക്ഷണം കഴിക്കുന്നത്‌ തുടർന്നു. ചോറിനോടൊപ്പം കിട്ടിയത് പതിവുപോലെ പോർക്കും ഇലകളും തന്നെയായിരുന്നു എന്നാണോർമ. മങ്ങിത്തുടങ്ങിയ കനലുകൾക്ക് മേലെയിരുന്ന കലത്തിലെ ചോറിന് പൊള്ളുന്ന ചൂടായിരുന്നു. ഭക്ഷണമെടുത്തതും വിളമ്പിയതുമെല്ലാം ഓംഗാങ് തന്നെയാണ്‌. ടോൺയെ എവിടെയെന്ന് ചോദിച്ചപ്പോൾ, ഇവിടെ എന്നുപറഞ്ഞ് ടോൺയെ കടന്നുവന്നു. ഇപ്പോൾ അദ്ദേഹം കൂടുതൽ ഉല്ലാസവാനാണ്. ഭക്ഷണത്തിനിടയിൽ ഞങ്ങൾ പരസ്‌പരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തനിക്ക്‌ നാല് അമ്മമാരുണ്ടെന്ന് ടോൺയെ പറഞ്ഞു. രണ്ടാമത്തെ അമ്മയാണ് അവിടെയിരുന്നു ഭക്ഷണം കഴിക്കുന്നത്. ആദ്യത്തെ അമ്മ ഉറക്കമായി. അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷമായി. താൻ ഇപ്പോഴും അവിവാഹിതനാണ്. വീട്ടിൽ കുട്ടികളടക്കം പതിനേഴുപേർ താമസമുണ്ട്. നാലാളെ മാത്രമാണല്ലോ ഇതുവരെ കണ്ടത് എന്നു ഞാനോർത്തു.


ഈ വീടിന്റെ ഭൂമിശാസ്‌ത്രം ഇപ്പോഴും തീരെ മനസ്സിലായിട്ടില്ല. അടുക്കളയിലേക്ക് കയറിയ വഴിയിലൂടെയല്ല പുറത്തിറങ്ങിയത്. കറന്റ്‌ വന്നെങ്കിലും വെളിച്ചം കഷ്ടിയാണ്. പരിസരങ്ങൾ പൂർണ നിശ്ശബ്ദതയിലാണ്. എന്റെ വണ്ടിയുടെ അപ്പുറത്ത് കണ്ട ജീപ്പ് ഡീസലില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്‌ചയായി എന്ന് ടോൺയെ പറഞ്ഞു. കൂടുതൽ അന്വേഷിക്കാനും അറിയാനുമുള്ള അവസ്ഥയല്ല ഇപ്പോൾ. സമയം ഒമ്പത് മണിയായിട്ടേ ഉള്ളെങ്കിലും കണ്ണടഞ്ഞു പോകുന്നു. പെട്ടെന്നാണ് ഒരു സുപ്രധാന കാര്യം ഓർമ വന്നത്. അതന്വേഷിച്ചപ്പോൾ, താഴേക്കിറങ്ങുന്ന ചവിട്ടുകല്ലുകളുടെ വശത്ത് കണ്ട ഷെഡ് കാണിച്ചുതന്നിട്ട് ഇതാണ് ടോയ്ലറ്റ് എന്ന് ടോൺയെ പറഞ്ഞു. പതിനേഴുപേർക്ക് ഒരെണ്ണം മാത്രമാണുള്ളത് എന്ന്‌ കേട്ടപ്പോൾ ചെറിയൊരു ആശങ്ക തോന്നി. രാവിലെ എപ്പോഴാണ് റഷ് അവർ എന്നു ചോദിച്ചപ്പോൾ, ദേർ ഈസ് നോ റഷ് അവർ, എന്ന് ആംഗ് പറഞ്ഞു . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home