ad
Deshabhimani

യാത്ര

നോർത്ത് ഈസ്റ്റ്‌ നോട്ട്ബുക്ക്‐23

പാൻഫാ കോന്യാക്കിന്റെയും ടാൻസാ കോന്യാക്കിന്റെയും ഫോട്ടോ പകർത്തുന്ന വേണു
avatar
വേണു

Published on Dec 13, 2025, 11:10 AM | 14 min read

ഏപ്രിൽ 18. ഷെൻഗാ ചിങ് യൂ ‐ ലോംഗ്വാ

രാവിലെ കണ്ണ്‌ തുറന്നപ്പോൾ ഏതാണീ സ്ഥലം എന്നറിയാതെ ഒരു നിമിഷം പകച്ചുപോയി. ഇന്നലെ രാത്രി ഇവിടെ വന്നുകയറുമ്പോൾ മനസ്സിലുണ്ടായിരുന്ന ഏക ചിന്ത ഉറക്കം മാത്രമായിരുന്നു. തളർച്ചയുടെ ഇരുട്ടിൽ കണ്ടതെല്ലാം ഏതോ കാലത്ത് മറ്റാരോ കണ്ട കാഴ്‌ചകൾ പോലെയാണ് ഇപ്പോൾ തോന്നുന്നത്. രാത്രി ഭക്ഷണം കഴിഞ്ഞുവന്നു കട്ടിലിൽ വീണത് മാത്രമാണ് ഓർമ. അടുത്തകാലത്തൊന്നും ഇതുപോലെ ബോധംകെട്ടുറങ്ങിയിട്ടില്ല. എട്ടു മണിക്കൂർ നീണ്ട അഗാധനിദ്ര, മനസ്സും ശരീരവും വീണ്ടും പ്രവർത്തനയോഗ്യമാക്കിയിരിക്കുന്നു. ആദ്യത്തെ ആകാശവെളിച്ചത്തിൽ കിഴക്കൻ നാഗാ മലനിരകൾ പതുക്കെ തെളിഞ്ഞുവരുന്നത് കട്ടിലിൽ കിടന്നാൽ കാണാം. മലകൾക്കിടയിലെ താഴ്‌വരകളിൽ വെളുത്ത മൂടൽമഞ്ഞ് കനത്തിൽ അടിഞ്ഞുകിടക്കുന്നുണ്ട്. ചുറ്റും നിശ്ശബ്ദതയാണ്. ഒരു കിളിയൊച്ചപോലും എവിടെയും കേൾക്കാനില്ല. പതിനേഴുപേരും ഒരു കക്കൂസും എന്ന അനുപാതം പെട്ടെന്ന് ഓർമവന്നു. പതിനേഴല്ല, ഞാനടക്കം പതിനെട്ടാണ് ശരിയായ എണ്ണം. എന്നാൽ ഭയപ്പെട്ടതുപോലെ അവിടെ യാതൊരു തിരക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല, മേൽപ്പറഞ്ഞ പതിനേഴിൽ ഒരാളെപ്പോലും അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. ഈ വീട്ടിൽ താമസിച്ച മൂന്ന് ദിവസവും ഇതുതന്നെയായിരുന്നു അനുഭവം.

ലോംഗ്വായിലെ പഴയ തലവേട്ടക്കാരനായ പഞ്ചുൻ കോന്യാക്ലോംഗ്വായിലെ പഴയ തലവേട്ടക്കാരനായ പഞ്ചുൻ കോന്യാക്

മുറ്റത്തേക്ക് കയറി ചുറ്റും നോക്കിയപ്പോൾ എവിടെയും ആളനക്കമില്ല. ഗ്രാമം സാവധാനം ഉണർന്നുവരുന്നതേ ഉള്ളൂ. കിഴക്കൻ മലകൾക്ക് മേലെ ചുവപ്പുരാശി പടരാൻ തുടങ്ങിയിരിക്കുന്നു. ദൂരെക്കണ്ട പനയോല മേഞ്ഞ കൂരയിൽനിന്ന് നേർത്ത നീലപ്പുക മേലേക്ക് മെല്ലെ ഉയരുന്നുണ്ട്. ആംഗിന്റെ പ്രധാന വീടിന്റെ വാതിലുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഈ വീട്‌ നിൽക്കുന്നത് പ്രധാന സ്ഥലത്താണെങ്കിലും ഏറ്റവും ഉയരത്തിൽ നിൽക്കുന്നത് പതിവുപോലെ ഗ്രാമത്തിലെ മൊറുങ് തന്നെയാണ്. കിഗ്വേമയിലും ജഖാമയിലും കണ്ട വീടുകളിലെ തലയോട്ടികൾ മിക്കതും ചെറിയ കൊമ്പുള്ള കാളയുടേതായിരുന്നെങ്കിൽ, ഇവിടുത്തെ ഭിത്തികളെ അലങ്കരിക്കുന്ന നീണ്ടു വളഞ്ഞ കൊമ്പുകൾ പലതും കാട്ടുപോത്തിന്റേതാണ്. മിഥുൻ എന്ന കാട്ടുകാളയുടെ തലയോട്ടികളും പ്രധാന സ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. പെട്ടെന്ന്, മുന്നറിയിപ്പൊന്നുമില്ലാതെ ചുവന്ന നിറത്തിൽ സൂര്യവെളിച്ചത്തിന്റെ ആദ്യകിരണങ്ങൾ തലയോട്ടികൾക്കുമേലെ വന്നു വീണു. മുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു പട്ടി തലയുയർത്തി അലസമായി ചുറ്റും നോക്കി കോട്ടുവായിട്ട് ഒന്നുകൂടി ഉറങ്ങാൻ തീരുമാനിച്ചു. പുതിയ പരിസരങ്ങൾ പരിചയപ്പെടാനുള്ള ആഗ്രഹത്തിൽ പുറത്തിറങ്ങി ആദ്യം കണ്ട വഴിയിലൂടെ ഞാൻ വെറുതേ നടന്നു.


വലിയൊരു കുന്നിന്റെ ഒരുവശം ചെത്തിയിറക്കി നിരപ്പാക്കി ഉണ്ടാക്കിയെടുത്ത ഫുട്ബോൾ മൈതാനം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണെന്ന് ഒരു ബോർഡിൽ എഴുതിയിരിക്കുന്നു. അവിടെയെല്ലാം ചെളി പിടിച്ച് മഴവെള്ളം കെട്ടിനിൽക്കുന്നുണ്ട്. മൈതാനം നിരപ്പാക്കിയപ്പോൾ ഒരുവശത്ത് ഉയരത്തിൽ ഉണ്ടായ തിട്ടയുടെ അറ്റത്തുകാണുന്ന വലിയ നിർമിതിയാണ് ഇവിടുത്തെ മൊറുങ്. മൊറുങ്ങിന്റെ ഒരു മൂല മണ്ണിടിഞ്ഞ് നിലം തൊടാതെയാണ് നിൽക്കുന്നത്. മൈതാനത്തിന്റെ വശങ്ങളിൽ വീടുകളുണ്ട്. ചിലതൊക്കെ നിർമിച്ചിരിക്കുന്നത് രണ്ടു നിലകളിൽ നീണ്ട കാലുകളിലാണ്. മുളപ്പാളികൾ മെടഞ്ഞാണ് വീടുകളുടെയെല്ലാം ചുവരുകൾ ഉണ്ടാക്കിയിരിക്കുന്നത്. കൂര മേയാൻ ഉപയോഗിച്ചിരിക്കുന്നത് പനയോലയും പുല്ലുമാണ്. താരതമ്യേന പുതിയ വീടുകൾ മേഞ്ഞിരിക്കുന്നത് ഇരുമ്പുഷീറ്റുകൾ കൊണ്ടാണ്. പൂച്ചെടികളും വിറകടുക്കുകളും എല്ലാ വീടുകളുടെയും മുന്നിലുണ്ട്. കാഴ്‌ചയിൽ പ്രമാണിമാരുടേതെന്ന്‌ തോന്നുന്ന, വലിയ വീടുകളുടെ മുൻവശത്തെ ചുവരുകളിൽ കൊമ്പുകളും തലയോട്ടികളും നിരയായി കാണാം. ചെറിയൊരു വീടിന്റെ മുന്നിൽ പട്ടികളുടെ ചെള്ളു പെറുക്കിക്കൊണ്ടിരുന്ന പ്രായമായ ഒരു സ്‌ത്രീ എന്നെക്കണ്ട് ഇതാരെന്ന മട്ടിൽ സൂക്ഷിച്ചുനോക്കി. സ്‌ത്രീകളുടെ ചെറിയ സംഘങ്ങൾ മൈതാനം കടന്ന് അപ്പുറത്തെ കുന്നുകളിലെ കൃഷിസ്ഥലങ്ങളിലേക്ക് നീങ്ങാൻ തുടങ്ങിയിരിക്കുന്നു. ഝൂം വിത കഴിഞ്ഞ് എല്ലാവർക്കും കാര്യമായ ജോലിത്തിരക്കുള്ള സമയമാണിത്.


പ്രധാന മൊറുങ്ങിന്റെ പേരെഴുതിയ ബോർഡിൽ മനുഷ്യന്റെ തലയോട്ടികളും തോക്കുകളും വരച്ചുവച്ചിട്ടുണ്ട്. വെട്ടിയെടുത്ത മനുഷ്യശിരസ്സുമായി നിൽക്കുന്ന പരമ്പരാഗത നാഗാ യോദ്ധാവിനോടൊപ്പം, മാറുന്ന കാലത്തിന്റെ പ്രതീകമായി പാശ്ചാത്യവേഷത്തിൽ കൈയിലൊരു പേനയും ഉയർത്തിപ്പിടിച്ചുകൊണ്ടൊരു നാഗാ യുവാവും നിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് പണ്ടെങ്ങോ അപ്രത്യക്ഷമായ കടുവ ഇതിനെല്ലാം നടുവിൽ അന്യനെപ്പോലെ നിൽക്കുന്നു. മരത്തിൽ കൊത്തിയെടുത്ത കടുവയുടെ കൂടുതൽ രൂപങ്ങൾ മൊറുങ്ങിന്റെ ഭിത്തിയിൽ പല്ലികളെപ്പോലെ പറ്റിപ്പിടിച്ചിരിക്കുന്നു. ചില രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നത് തലകീഴായാണ്. മൊറുങ്ങിന്റെ മുൻവശത്ത് പ്രധാന്യത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ബോർഡ് 2024‐ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ബോധവൽക്കരണത്തിന്റെ ഭാഗമാണ്. ഇവിടുത്തെ വോട്ടെടുപ്പ് നാളെയാണ്. കിഴക്കൻ നാഗാലാൻഡിലെ ജനങ്ങൾ എപ്രകാരം ബോധവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് നാളെത്തന്നെ രാജ്യം കൃത്യമായി അറിയാൻ പോകുന്നു.

മിഥുൻ എന്ന കാട്ടുകാളയുടെ തലയോട്ടികൾ കൊണ്ട്‌  അലങ്കരിച്ച വീടിന്റെ ഭിത്തിമിഥുൻ എന്ന കാട്ടുകാളയുടെ തലയോട്ടികൾ കൊണ്ട്‌ അലങ്കരിച്ച വീടിന്റെ ഭിത്തി

ആംഗിന്റെ വീട്ടുമുറ്റത്തെ വെളുത്ത ടൈലുകൾ പതിച്ച ശവക്കല്ലറ ടോൺയെയുടെ അച്ഛന്റേതാണ്. ആംഗ് അചിങ് ചക് എന്നാണ് പേര് കണ്ടത്. കല്ലറയ്‌ക്ക് പിന്നിലെ വലിയ ചിത്രത്തിലെ അചിങ് ചക് കോന്യാക്കിന്റെ മുഖത്ത് പച്ച കുത്തിയിട്ടില്ല. കാരണം, അദ്ദേഹം ആരുടേയും തല വെട്ടിയിട്ടില്ല. വിചാരിച്ചതുപോലെ പഴയ തലവേട്ടക്കാരന്റെ വീട്ടിലല്ല താമസമെന്നു മനസ്സിലായപ്പോൾ ചെറിയൊരു നിരാശ തോന്നിയെങ്കിലും, ഇദ്ദേഹത്തിന്റെയും അച്ഛൻ ഉറപ്പായിട്ടും പണ്ട് ആരുടെയെങ്കിലും തല വെട്ടിയിട്ടുണ്ടാകണം എന്നു ഞാൻ സമാധാനിച്ചു. തല വെട്ടിയിട്ടില്ലെങ്കിലും, കല്ലറയിൽ കണ്ടതു പ്രകാരം 1982ൽ നാഗാ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് ഇദ്ദേഹം നേതൃത്വം കൊടുക്കുകയും എഴുപത് ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. 2018ൽ അന്തരിച്ച ആംഗിന് അഞ്ച്‌ ഭാര്യമാരാണ് ഉണ്ടായിരുന്നത്. അതിലൊരാൾ മരിച്ചു. മറ്റുള്ള നാലുപേരാണ് ടോൺയെ പറഞ്ഞ നാല് അമ്മമാർ. ഒന്നാമത്തെ അമ്മയുടെ മൂത്ത മകനാണ് ടോൺയെ. അതുകൊണ്ടാണ് അച്ഛൻ മരിച്ചപ്പോൾ ടോൺയെ അടുത്ത ആംഗ് ആയത്.


ഇന്നലെ രാത്രി അടുക്കളയിൽ കണ്ട രണ്ടാമത്തെ അമ്മയുടെ ഗൗരവമെല്ലാം നേരം വെളുത്തപ്പോൾ ആവിയായിപ്പോയിരിക്കുന്നു. എന്നെക്കണ്ട് പഴയ പരിചയക്കാരെപ്പോലെ ആഹ്ലാദപൂർവം ചിരിച്ച് അവരെന്തോ പറഞ്ഞു. തിരിച്ചൊന്നും പറയാനാവാതെ വിഡ്ഢിച്ചിരിയുമായി ഞാൻ മിണ്ടാതെ നിന്നു. അടുക്കളയിലെ അടുപ്പിനു ചുറ്റും നിശ്ശബ്ദരായി തീ കാഞ്ഞിരുന്ന മറ്റു രണ്ട് അമ്മമാരോടൊപ്പം അവരും ഒരിടത്തു പോയിരുന്നു. നാലാമത്തെ അമ്മ അടുത്തുള്ള സ്വന്തം ഗ്രാമത്തിൽ പോയിരിക്കുകയാണ്. ഒന്നാമത്തെ അമ്മ രാവിലെ തന്നെ വലിയ ഗൗരവത്തിലാണ്. അവർക്ക് കാൽമുട്ടിന് നല്ല വേദനയുണ്ടെന്ന് പുഴുങ്ങിയ മുട്ടയുടെ തോട്‌ പൊളിച്ചുകൊണ്ടിരുന്ന ടോൺയെ പറഞ്ഞു. മൂന്നാമത്തെ അമ്മ ഇരുട്ടിൽനിന്ന് പുറത്തുവരാൻ മടിച്ച് മാറിയിരിക്കുന്നു. ഓംഗാങ് ധൃതിയിൽ വന്ന്‌ എന്റെ പുറത്തു തട്ടിയിട്ട്, ഒരു കുഴലെടുത്ത് അടുപ്പൂതാൻ തുടങ്ങി. എന്നിട്ട് അടുപ്പത്തുനിന്ന് ഒരു പിഞ്ഞാണത്തിൽ കുറച്ചു ചോറു വിളമ്പിയെടുത്ത്, രണ്ടു പുഴുങ്ങിയ മുട്ടയും കുറേ വേവിച്ച ഇലകളും ചേർത്ത് എന്റെ കൈയിൽ തന്നു. എന്നിട്ട് അവിടെയുണ്ടായിരുന്ന പാത്രങ്ങൾ കഴുകിവച്ചു. അതു കഴിഞ്ഞയുടൻ ചെറിയൊരു ചൂലെടുത്ത് നിലം വൃത്തിയാക്കിയിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പത്തുവച്ചു. അവനിതെല്ലാം ചെയ്യുന്നത് ആരും ആവശ്യപ്പെട്ടതുകൊണ്ടല്ല, സ്വന്തം താൽപ്പര്യപ്രകാരമാണെന്ന് കണ്ടാലറിയാം. ഒരു പതിനാലു വയസുകാരൻ ഇത്രമാത്രം ഉത്സാഹത്തിൽ അടുക്കളജോലി ചെയ്യുന്നത് സാധാരണ കാഴ്‌ചയല്ല.


ഷെൻഗാ ചിങ് യൂയിൽനിന്ന് ഒരു മണിക്കൂർ ദൂരെയാണ് ലോംഗ്വാ. മിയാൻമാർ അതിർത്തിയോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത്. അവിടെയാണ് ഇന്നു ജീവിച്ചിരിക്കുന്ന അവസാനത്തെ കോന്യാക് തലവേട്ടക്കാരുള്ളത്. അതിലൊരാളെ കാണാൻ കൂടെ വരാമെന്ന് ടോൺയെ പറഞ്ഞത് വലിയ ആശ്വാസമായി. കാരണം അപരിചിതരെ അകറ്റിനിർത്തുക എന്നത് നാഗാ ഗ്രാമങ്ങൾ കർശനമായി പാലിക്കുന്ന ആചാരമാണ്. ഗ്രാമവാസികൾക്ക് അടുത്തറിയാവുന്ന ആരെങ്കിലും കൂടെയില്ലാതെ നാഗാ ഗ്രാമങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ, ശത്രുസമാനമായ പ്രതികരണങ്ങൾ മാത്രമായിരിക്കും ഫലം. കൈയിൽ ചെറിയൊരു വൃക്ഷത്തൈയുമായി ടോൺയെ പോകാൻ തയ്യാറായി വന്നിട്ട്, പോകുന്ന വഴിക്ക് തന്റെ കൃഷിസ്ഥലത്തൊന്നു കയറണമെന്നു പറഞ്ഞു. കഴിഞ്ഞ ദിവസം ഇങ്ങോട്ടു വരുമ്പോൾ ദൂരെക്കണ്ട ഝൂം കുന്നുകളിലൊന്നാണ് ആംഗിന്റെ കൃഷിസ്ഥലമെന്ന് എനിക്കാദ്യം മനസ്സിലായില്ല. വലിയ കുന്നിന്റെ ചെരുവിലൂടെ കയറിപ്പോകുന്ന ചെറിയ മൺവഴിയിലൂടെ കുറച്ചുദൂരം പോയിട്ട് വലതുഭാഗത്ത് കണ്ട നടവഴിയുടെ മുന്നിൽ വണ്ടി നിന്നു. ബാക്കി ദൂരം മേലേക്ക് നടക്കണമെന്ന് പറഞ്ഞ് ടോൺയെ വണ്ടിയിൽനിന്നിറങ്ങി.

ഓംഗാങ്ഓംഗാങ്

രണ്ടു കുന്നുകളുടെ ഇടയാഴത്തിൽ ഞെരുങ്ങിക്കിടക്കുന്ന നടവഴി മുകളിലെത്തിയപ്പോൾ നേരെ മുന്നിൽ വലിയ ഝൂം കുന്നുകൾ ഉയർന്നുവന്നു. പറ്റെ വടിച്ചു മിനുക്കിയ മരങ്ങളില്ലാത്ത മലകളിൽ മുഖക്കുരു പോലെ മുളച്ചു നിൽക്കുന്ന കുടിലുകൾ കർഷകരുടെ കാവൽപ്പുരകളാണ്. ചില കുടിലുകളിൽ താമസം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളതും ഉടൻ സജീവമാകും. ടോൺയെയുടെ കാവൽപ്പുര മറ്റുള്ളവയിൽനിന്ന് കാഴ്‌ചയിൽ വ്യത്യസ്‌തമായിരുന്നു. സ്ഥലത്തെ ഏറ്റവും ഉയർന്ന സ്ഥാനത്ത്, ഗ്രാമത്തലവന്മാരുടെ വലിയ വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ ദീർഘാകൃതിയിലായാണ് ഇവിടെയും നിർമാണം. പ്രധാന വീടിനു പുറമേ കുറച്ചുമാറി നാലുവശവും തുറന്ന ചെറിയൊരു മുളമാടവും കണ്ടു. തീ വീണു കറുത്ത മണ്ണിൽ പച്ചപ്പിന്റെ ആദ്യത്തെ നാമ്പുകൾ പൊടിച്ചു തുടങ്ങിയിരിക്കുന്നു. കൃഷിയുടമകൾ തന്നെയാണ് പണിയെല്ലാം ചെയ്യുന്നത്. ആംഗിന്റെ കൃഷിസ്ഥലത്ത് പണിയെടുക്കുന്ന സ്‌ത്രീകൾ, വീട്ടിലെ പതിനേഴ് പേരിൽ ചിലരാണ്. ഇക്കൊല്ലം നെല്ലാണിവിടുത്തെ കൃഷി. കള പറിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. ഇതല്ലാതെ വളമോ വെള്ളമോ കീടനാശിനികളോ ഒന്നുംതന്നെ ഝൂം കൃഷിയിൽ ഉപയോഗിക്കുന്നില്ല. മരങ്ങളുടെ ചുടലച്ചാരവും മഴവെള്ളവും മാത്രമാണ് വിളകളുടെ ആരോഗ്യരക്ഷ. ഒന്നോ രണ്ടോ തവണ കൃഷിയിറക്കാൻ വേണ്ടി മാത്രമാണ് ഒരു പ്രദേശമാകെ ചുട്ടെരിക്കുന്നത് എന്നോർത്താൽ, ഝൂം കൃഷി എന്ന ആശയത്തെക്കുറിച്ചുതന്നെ ആർക്കും അഭിപ്രായവ്യത്യാസം തോന്നാം. എന്നാൽ ഝൂമിനെക്കുറിച്ചുള്ള എല്ലാ പരാതികൾക്കും പരിഹാരമെന്ന പോലെ, കാവൽമാടത്തിന്റെ മുന്നിൽ ചെറിയൊരു കുഴിയെടുത്ത് കൂടെക്കൊണ്ടുവന്ന മരത്തൈ അവിടെ ശ്രദ്ധാപൂർവം നട്ടശേഷം ടോൺയെ കൈ തുടച്ച് പോകാൻ തയ്യാറായി.

കുന്നിൻചെരുവിലെ മൺവഴിയുടെ സുഖകരമായ പ്രതലത്തിൽനിന്ന്, ഇന്നലെ രാത്രി ഇങ്ങോട്ടു വന്ന കല്ലുവഴിയിലേക്ക് ഞങ്ങളിറങ്ങി. ശൂന്യമായ വഴിയരികിൽ കണ്ട ചെറിയൊരു കടയുടെ മുന്നിൽ ഒരാൾ തോക്കുമായി നിൽക്കുന്നതു കണ്ട് വണ്ടി നിർത്തി നോക്കി. ടോൺയെയുടെ വീട്ടിലും ഇത്തരം തോക്കുകൾ ഉണ്ടായിരുന്നത് ഞാനോർത്തു. തോക്കുകാരൻ ടോൺയെയുടെ പരിചയക്കാരനാണ്. രാവിലെ കൃഷിപ്പണിയ്‌ക്ക്‌ പോകുകയാണെന്നാണ് അയാൾ പറഞ്ഞത്. അതിന് തോക്കെന്തിനാണെന്ന് ചോദിച്ചപ്പോൾ പക്ഷികളെ കണ്ടാൽ വെടിവയ്‌ക്കാനാണെന്നു പറഞ്ഞു. എന്തുതരം പക്ഷികളെയാണ് നോക്കുന്നതെന്ന് ചോദിച്ചപ്പോൾ അങ്ങനെ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ലെന്നും, എന്തു കിട്ടിയാലും സന്തോഷമെന്നും അയാൾ പറഞ്ഞു. തോക്കിന് ലൈസൻസ് തുടങ്ങിയ ആചാരങ്ങൾ ഇവിടെ നിലവിലില്ല. ഇത്തരം തോക്കുകൾ നിർമിക്കുന്ന ലോഹപ്പണിക്കാർ എല്ലാ ഗ്രാമങ്ങളിലും ഉണ്ടെന്നുകൂടി കേട്ടപ്പോൾ, ഒരു പക്ഷിയുടെ ശബ്ദം കേട്ടിട്ട് ദിവസങ്ങളായല്ലോ എന്നു ഞാനോർത്തു.


പോകുന്ന വഴിയിൽ ഫോംചിങ് എന്ന സ്ഥലത്തുവച്ച് പട്ടാളം വഴി തടഞ്ഞു. ഇതിവിടെ സാധാരണമാണെന്ന് പറഞ്ഞ് ടോൺയെ പുറത്തിറങ്ങി. ഞാനൊരു ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ അവരതും തടഞ്ഞു. ആംഗിനെ അവഗണിച്ച്, ചോദ്യങ്ങളെല്ലാം എന്റെ നേരെയായിരുന്നു. പേരിനൊരു പരിശോധന നടത്തിയിട്ട് വ്യക്തിവിവരങ്ങളും ഫോൺ നമ്പറും ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം പോകാൻ അനുവാദം തന്നു. തിരിച്ചുവരുമ്പോൾ ഇവിടെ വീണ്ടും റിപ്പോർട്ട് ചെയ്യണം എന്നും പറഞ്ഞു. എന്നാൽ തിരിച്ചുവരുമ്പോൾ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. കുറച്ചു മാറി വലിയൊരു വീടിന്റെ പഴയ ഓല മാറ്റി പുതിയതു മേയാനുള്ള തയ്യാറെടുപ്പുകൾ ധൃതിയിൽ നടക്കുന്നതുകണ്ടു. തൊട്ടടുത്തുള്ള മൊറുങ്ങിന്റെ മുറ്റത്ത് പുകപിടിച്ച പഴകിയ ഓലകൾ കറുത്ത നിറത്തിൽ കൂടിക്കിടക്കുന്നുണ്ട്. അതിനിടയിലിരുന്ന് അഞ്ചാറാളുകൾ മേയാൻ പാകത്തിന്‌ പച്ചപ്പനയോല മുറിച്ചുവയ്‌ക്കുന്നു. പുതിയ ഓലകൾക്കായി പുരപ്പുറത്ത് മൂന്നുപേർ കാത്തിരിക്കുന്നു. എല്ലാംകൂടി പത്തു പന്ത്രണ്ടു പേർ പണിക്കാരായുണ്ട്. എന്തായിരിക്കും ഒരാൾക്കിവിടെ ദിവസക്കൂലി എന്നു ചോദിച്ചപ്പോൾ, അങ്ങനെയൊരു രീതി ഇവിടില്ലെന്ന് ടോൺയെ പറഞ്ഞു. എനിക്കതാദ്യം മനസ്സിലായില്ല. ഇവിടെയാരും ഇത്തരം ജോലികൾക്ക് പ്രതിഫലം പ്രതീക്ഷിക്കുന്നില്ല എന്നും, ഇവരിലൊരാളിന്റെ വീടു മേയാൻ സമയമാകുമ്പോൾ ഈ വീടിന്റെ ഉടമസ്ഥനടക്കം എല്ലാവരും ചേർന്നായിരിക്കും അത് ചെയ്യുന്നതെന്നും ടോൺയെ വിശദീകരിച്ചു. പുര മേയാൻ മാത്രമല്ല, മറ്റു പല പ്രധാന ജോലികളും ഇത്തരത്തിൽ പരസ്‌പരസഹകരണ സംവിധാനത്തിലാണ് നടക്കുന്നത്. എന്നാൽ ഈ നിയമം ആംഗുകളുടെ കുടുംബാംഗങ്ങൾക്ക് ബാധകമല്ല. അവർക്കുവേണ്ടി ജോലിയെടുക്കാൻ സമൂഹം ബാധ്യസ്ഥരാണെങ്കിലും, സമൂഹത്തിനുവേണ്ടി ശരീരമനക്കാൻ ആംഗുകൾ ബാധ്യസ്ഥരല്ല. വീടുപണിയുടെ ഒരു ഘട്ടത്തിലും, സഹായത്തിനുപോലും സ്‌ത്രീകളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന പരമ്പരാഗത നിയമവും ഇവിടെ നിലവിലുണ്ട്.

മോൺ ജില്ലയിലെ പ്രധാന ഗോത്രമായ കോന്യാക് നാഗാകളാണ് ലോംഗ്വാ നിവാസികളെല്ലാം. വഴിയരികിൽ ഒരിടത്ത് വണ്ടി നിർത്താൻ പറഞ്ഞിട്ട് ചെറിയൊരു നടവഴിയിലൂടെ ടോൺയെ താഴേക്കിറങ്ങി. പിന്നാലെ ഞാനും നടന്നു. നമ്മളിപ്പോൾ പോകുന്നത് പഞ്ചുൻ കോന്യാക്കിന്റെ വീട്ടിലേക്കാണെന്ന് ടോൺയെ പറഞ്ഞു. ലോംഗ്വായിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ തലവേട്ടക്കാരനാണ് പഞ്ചുൻ കോന്യാക്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിനായി ബിബിസിയും ഗാർഡിയനും ഡിസ്‌കവറിയും നാഷണൽ ജിയോഗ്രാഫിക്കും വരെ ഈ വീട്ടുമുറ്റത്ത് വന്നിട്ടുണ്ട്. മുഖത്തു പച്ചകുത്തിയ ഇന്ത്യൻ തലവേട്ടക്കാരന്റെ മൃഗസമാനമായ കണ്ണുകളുടെ തിളക്കം ലോകത്തിന്റെ പല ഭാഗത്തുമുള്ള ടെലിവിഷൻ പ്രേക്ഷകരും വായനക്കാരും കൗതുകപൂർവം കണ്ടിട്ടുണ്ട്. ഏഴു മനുഷ്യ ശിരസ്സുകൾ വെട്ടിയെടുത്ത് ആഘോഷമായി വീട്ടിൽ നിരത്തിവച്ച പരാക്രമിയാണ് ഈ ചെറിയ മനുഷ്യൻ. അതിന്റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്റെ ചുളിഞ്ഞ മുഖത്ത്‌ കാണുന്ന പച്ച കുത്തിയ വലിയ ചിത്രങ്ങൾ. എന്നാൽ അതൊന്നും ഓർക്കാൻ മെനക്കെടാതെ, കറുത്ത മൃഗരോമങ്ങൾ കൂട്ടിക്കെട്ടി ചാമരം പോലെയെന്തോ ഉണ്ടാക്കിയെടുക്കുന്നതിൽ മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും. പഞ്ചുൻ കോന്യാക്കിനിപ്പോൾ പ്രായം തൊണ്ണൂറു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പണ്ടു വെട്ടിയെടുത്ത തലകളെല്ലാം പള്ളിപ്പറമ്പിലെ മണ്ണിലേക്ക് മടങ്ങിയിരിക്കുന്നു.

തലയാണ് മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളുടേയും ആത്മശക്തിയുടെ പ്രഭവകേന്ദ്രമെന്നും, അന്യന്റെ ആത്മാവിന്റെ ഊർജം സ്വന്തമാക്കാനുള്ള ഏകമാർഗം ആ വ്യക്തിയുടെ ആത്മാവിന്റെ ശക്തികേന്ദ്രമായ തല സ്വന്തമാക്കുക എന്നതാണെന്നും കോന്യാക് നാഗാകൾ വിശ്വസിക്കുന്നു. ശത്രുവിനെ കൊലപ്പെടുത്തിയ ശേഷമാണ് പലപ്പോഴും തലയെടുത്തിരുന്നത്. വെടിവച്ചു വീഴ്‌ത്തിയശേഷം തല വെട്ടിയെടുക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. അപ്രകാരം വെട്ടിയെടുത്ത് സ്വന്തമാക്കുന്ന തലകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് അമാനുഷിക ശക്തിയുടെ പുതിയ തലങ്ങളിലേക്ക് തലവേട്ടക്കാരന്റെ യശസ്സും വളർന്നുവലുതാകും. നിർഭയരും പരാക്രമികളുമായ കോന്യാക് നാഗാകൾ അയൽഗ്രാമങ്ങളുമായിപ്പോലും അകൽച്ചയും ശത്രുതയും എല്ലായ്‌പ്പോഴും വച്ചുപുലർത്തിയിരുന്നു. ചെറിയ തർക്കങ്ങൾപോലും പലപ്പോഴും കലാശിച്ചത് അന്തർഗ്രാമ യുദ്ധങ്ങളിലായിരുന്നു. തുറന്ന യുദ്ധത്തിനോടൊപ്പം ഒളിപ്പോരും പതിയിരുന്നു പകരംവീട്ടലും പതിവായിരുന്നു. എങ്കിലും ശത്രുവിന്റെ തല വെട്ടിയെടുത്ത് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരുന്ന പരാക്രമിയായ നാഗായോദ്ധാവിന്റെ ധീരതയും വീരതയുമാണ് മറ്റെന്തിനുംമീതെ കോന്യാക് ഗോത്രങ്ങൾ എപ്പോഴും ആഘോഷിച്ചിട്ടുള്ളത്. തലവേട്ടക്കാരന്റെ നേട്ടത്തിൽ ഒരു ഗ്രാമം മുഴുവൻ ആഹ്ലാദിക്കുമ്പോൾ, അയൽഗ്രാമക്കാർ തലയും സ്വത്വവും നഷ്ടമായവന്റെ ശരീരശിഷ്ടങ്ങൾ അപമാനത്തിന്റെ ആഴങ്ങളിൽ അടക്കം ചെയ്യുന്നു. ഒരിക്കൽ നഷ്ടമായ ഗോത്രാഭിമാനം തിരിച്ചുപിടിക്കാൻ കഴിയുന്നത്, പകരം വെട്ടിയെടുത്ത തലകൾക്കു മാത്രമാണ്.

പാൻഫാ കോന്യാക്കിന്റെയും ടാൻസാ കോന്യാക്കിന്റെയും ഫോട്ടോ പകർത്തുന്ന വേണുപാൻഫാ കോന്യാക്കിന്റെയും ടാൻസാ കോന്യാക്കിന്റെയും ഫോട്ടോ പകർത്തുന്ന വേണു

കൃഷിഭൂമിയുടേയും നായാട്ടുനിലങ്ങളുടേയും അവകാശത്തർക്കങ്ങൾ എപ്പോഴും ചെന്നവസാനിക്കുന്നത് യുദ്ധത്തിൽ മാത്രമായിരുന്നെങ്കിലും, തലവേട്ടകൾ സംഭവിച്ചിരുന്നത് അന്തർഗ്രാമ യുദ്ധങ്ങളുടെ ഫലമായി മാത്രമായിരുന്നില്ല. വ്യക്തിവിദ്വേഷവും പ്രതികാരദാഹവും ഉച്ചസ്ഥാനമോഹവും മുതൽ, സംശയവും പ്രണയസാഫല്യവും വരെയുള്ള വിവിധ വിഷയങ്ങൾ തലവേട്ടകൾക്ക് കാരണമായിട്ടുണ്ട്. വലിയ യുദ്ധങ്ങൾ മാത്രമല്ല, വ്യക്തികൾ തമ്മിലുള്ള ചെറിയ വഴക്കുകൾപോലും ശത്രുവിന്റെ തലയെടുക്കാൻ കോന്യാക്കുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. ശത്രുക്കൾ എന്നുപറയുമ്പോൾ അയൽഗ്രാമക്കാർ എന്നുമാത്രം മനസ്സിലാക്കിയാൽ മതി. തല വെട്ടുന്നവരും തല പോകുന്നവരും കോന്യാക്കുകൾ തന്നെയാണ്. ഒരേ ഗോത്രത്തിൽപെട്ട അയൽഗ്രാമക്കാർ തന്നെയാണ് എല്ലാവരും. എങ്കിലും ശത്രു എന്നും ശത്രു തന്നെ. അതിനു മാറ്റമില്ല. അങ്ങനെയുള്ള ശത്രുവിന്റെ തലയെടുത്തവൻ ധീരയോദ്ധാവായി സ്വന്തം ഗ്രാമത്തിൽ എക്കാലവും ആദരിക്കപ്പെടും. അയാൾക്കു മാത്രമാണ് ധീരതയുടെ അടയാളമായി മുഖത്ത് വലുതായി പച്ചകുത്താനുള്ള അവകാശമുള്ളത്. ശത്രുവിന്റെ തലയെടുത്ത യോദ്ധാവിന്റെ മുഖത്ത് പച്ചകുത്തുന്നത് ആ ഗ്രാമത്തിലെ ആംഗിന്റെ കുടുംബത്തിലെ സ്‌ത്രീകളാണ്. അത് അവരുടെ മാത്രം അവകാശമാണ്.


ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് വടക്കു കിഴക്കൻ ഇന്ത്യയിലെ എല്ലാ ഗോത്രങ്ങളിലേക്കും ഇരച്ചുകയറിച്ചെന്ന ക്രിസ്‌തുമതത്തിന് എല്ലായിടത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും, കോന്യാക് നാഗാകൾ മാത്രം വഴങ്ങാൻ തയ്യാറാകാതെ നീണ്ടകാലം ചെറുത്തുനിന്നു. ഇന്ന് കോന്യാക്കുകളടക്കം നാഗാലാൻഡിലെ മഹാഭൂരിപക്ഷം ജനങ്ങളും ക്രിസ്‌തുമത വിശ്വാസികളാണ്. എങ്കിലും, മിഷണറിമാരുടെ ദശാബ്ദങ്ങൾ നീണ്ട കഠിനപ്രയത്നത്തിനുശേഷം മാത്രമായിരുന്നു ക്രിസ്‌തുവിന്റെ മാർഗം സ്വീകരിക്കാൻ കോന്യാക്കുകൾ തയ്യാറായത്. നിരന്തര പ്രേരണകൾക്കും വാഗ്ദാനങ്ങൾക്കും വഴങ്ങി തലവേട്ട ഉപേക്ഷിക്കാനും, വെട്ടിയെടുത്തു സൂക്ഷിച്ചിരുന്ന തലകൾ പള്ളിപ്പറമ്പുകളിൽ മറവുചെയ്യാനും കോന്യാക്കുകൾ ഒടുവിൽ സമ്മതം മൂളി. താമസിയാതെ തന്നെ നാഗാലാൻഡിൽ നിയമംമൂലം തലവേട്ട നിരോധിക്കപ്പെട്ടു. മുഖത്തെ പച്ചകുത്തലടക്കം തലവേട്ടയെ മഹത്വവൽക്കരിക്കുന്ന അടയാളങ്ങളും അഭിപ്രായങ്ങളും വരെ നിരോധിത പ്രവൃത്തികളുടെ പട്ടികയിലായി. തലവേട്ടയും പച്ചകുത്തും നിലച്ചെങ്കിലും മറ്റു ഗോത്രങ്ങളെ അപേക്ഷിച്ച്, പരമ്പരാഗത സംസ്‌കാരത്തിന്റെ പദാവലികൾ നാഗാ സമൂഹത്തിൽ നിന്ന് ഇനിയും പൂർണമായി മാഞ്ഞിട്ടില്ല. ഖാസികൾക്കും മിസോകൾക്കും ജെയ്‌ന്റിയകൾക്കും കുക്കികൾക്കും മറ്റു പലർക്കും, അവരുടെ ഗോത്രപൈതൃകത്തിന്റെ പരമാത്മാവ് പണ്ടേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത്‌ കുറച്ചെങ്കിലും സൂക്ഷിച്ചുവച്ചിരിക്കുന്നത് കോന്യാക് നാഗാകളും അരുണാചൽ പ്രദേശിലെ അപ്പത്താനികളും മാത്രമാണ്.


തലവേട്ടക്കാരനായ മുതുമുത്തച്ഛനെ കാണാൻ വന്നവരെ കാണാൻ, രണ്ടു കൊച്ചുകുട്ടികൾ പുറത്തിറങ്ങി വന്നു. അവരുടെ അമ്മയാണെന്നു തോന്നുന്ന ഒരു സ്‌ത്രീ വെറുതേ ഒന്നെത്തി നോക്കിയിട്ട് അകത്തേക്ക് തിരിച്ചുപോയി. നെടുനീളത്തിൽ നിർമിച്ചിരിക്കുന്ന വീടിന്റെ വരാന്തയിലിരുന്ന് എന്തോ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരാൾ ടോൺയെയെ നോക്കി ഒന്നു ചിരിച്ചിട്ട് ജോലി തുടർന്നു. കുനിഞ്ഞിരുന്ന് ശ്രദ്ധാപൂർവം മൃഗരോമങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന പഞ്ചുൻ കോന്യാക് പെട്ടെന്ന് മുഖമുയർത്തി നോക്കിയത് എന്റെ നേരെയായിരുന്നു. അസ്‌ത്രമുന പോലെ തുളച്ചു കയറുന്നതായിരുന്നു ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഇടുങ്ങിയ കൺമുനയുടെ മൂർച്ച. പഞ്ചുൻ കോന്യാക്കിന്റെ പഴയ മുഖത്ത്, കാലം ആഴത്തിൽ വരച്ചിട്ട വരകളുടെ മേലെ പടർന്നുകിടക്കുന്ന പച്ചകുത്തിയ വലിയ ചിത്രങ്ങൾ പറയുന്നതെന്താണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ കഴുത്തിലെ മാലയിൽ കണ്ട വിരൽ നീളമുള്ള അലങ്കാര വസ്‌തുക്കൾ കടുവയുടെ കോമ്പല്ലുകളാണ്. അതിനും അദ്ദേഹത്തിനൊപ്പം പ്രായമുണ്ടാകും. പഞ്ചുൻ കോന്യാക്കിനെ ടോൺയെ ബഹുമാനപൂർവം സംബോധന ചെയ്യുന്നത് അഹോ എന്നായിരുന്നു. അതിന്റെ ഏകദേശ അർഥം അമ്മയുടെ സഹോദരൻ എന്നാണ്. എല്ലാ മുതിർന്ന കോന്യാക് പുരുഷന്മാരെയും അങ്ങനെ വേണം വിളിക്കാൻ.

ടോൺയെയുടെ കൃഷിസ്ഥലംടോൺയെയുടെ കൃഷിസ്ഥലം

ഞങ്ങളെ വീണ്ടുമൊന്ന് നോക്കിയിട്ട് പഞ്ചുൻ കോന്യാക് പണി നിർത്തി എഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി. രണ്ടു മിനിറ്റിനുള്ളിൽ അദ്ദേഹം പുതിയൊരു രൂപത്തിൽ തിരിച്ചുവന്നു. നേരത്തെ ഒഴിഞ്ഞുകിടന്ന കാതുകളിലിപ്പോൾ പുകകൊണ്ട് കറുപ്പിച്ച പന്നിത്തേറ്റകൾ നീണ്ടു വളഞ്ഞുനിൽക്കുന്നുണ്ട്. നേർത്ത ചൂരൽ കൊണ്ടു നെയ്‌തുണ്ടാക്കിയ കിരീടസമാനമായ കറുത്ത തൊപ്പിയെ അലങ്കരിക്കുന്നത് വെളുത്ത തേറ്റകളുടെ ചന്ദ്രക്കലകളും പക്ഷിത്തൂവലുകളും പല്ലുകളും മൃഗരോമങ്ങളുമാണ്. ചുവന്ന തൊങ്ങലുകൾകൊണ്ട് മോടി പിടിപ്പിച്ച നീണ്ട കുന്തത്തിന്റെ മാരകമായ ലോഹമുന, കാലങ്ങളായി ഉപയോഗമില്ലാതെ തുരുമ്പ് പിടിച്ചു തുടങ്ങിയിരിക്കുന്നു. പഴയ ആയുധങ്ങൾ പലതുമിപ്പോൾ അലങ്കാരവസ്‌തുക്കൾ മാത്രമാണ്. എന്നാൽ പണ്ടുകാലത്ത് തലവേട്ടക്കാരന്റെ ഏറ്റവും പ്രധാന മാരകായുധമായിരുന്ന ഡാവോ എന്ന വെട്ടുകത്തി ഇന്നും കോന്യാക്കുകളുടെ നിത്യോപയോഗ വസ്‌തുവാണ്. പുറത്ത് മുളങ്കൂടയും കൈയിൽ ഡാവോയുമില്ലാതെ പണിക്കിറങ്ങുന്ന ഗ്രാമീണർ വളരെ അപൂർവമാണ്. ടോൺയെയുടെ വീട്ടിൽ പഴയതും പുതിയതുമായ പത്തിരുപത് ഡാവോകളെങ്കിലും പ്രധാന സ്ഥാനത്ത് തോക്കുകളോപ്പം നിരന്നുകണ്ടത് ഞാനോർത്തു.


വീടിന്റെ ബാൽക്കണിയിൽ വന്നുനിന്ന് താഴെ തിങ്ങിക്കൂടി നിൽക്കുന്ന ആരാധകരെ പെട്ടെന്നൊന്നു കൈവീശിക്കാണിച്ചശേഷം, തിടുക്കത്തിൽ ഉള്ളിലേക്ക് മറയുന്ന സൂപ്പർതാരത്തിനെപ്പോലെ, അൽപ്പനേരം ഫോട്ടോയ്‌ക്കായി പോസ് ചെയ്‌തശേഷം പഞ്ചുൻ കോന്യാക് തൊപ്പിയൂരി അകത്തേക്ക് പോയി. കാണാൻ വന്നയാൾക്ക് ആവശ്യത്തിനുള്ള പടങ്ങൾ കിട്ടിക്കഴിഞ്ഞു എന്നു കൃത്യം മനസ്സിലാക്കാനുള്ള അനുഭവപരിചയം, സ്വന്തം ഗ്രാമത്തിലെ വനങ്ങൾക്കും വയലുകൾക്കും അപ്പുറം പോയിട്ടില്ലാത്ത നിരക്ഷരനായ പഴയ തലവേട്ടക്കാരനുണ്ട്. ലോംഗ്വായിൽ ഇതേ പ്രായത്തിലുള്ള തലവേട്ടക്കാർ വേറെ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് പഞ്ചുൻ കോന്യാക്കിന് കിട്ടിയിട്ടുള്ള, ഇപ്പോഴും കിട്ടുന്ന, ഫോട്ടോമാനിയാ അതേ അളവിൽ മറ്റുള്ളവർക്ക് കിട്ടാത്തതെന്നു ഞാൻ ചിന്തിച്ചു. രക്തദാഹിയായ കിരാതൻ എന്ന പരിഷ്‌കൃത സങ്കൽപ്പത്തെ തികച്ചും സാധൂകരിക്കുന്ന മട്ടിൽ, സ്വതേ രൂക്ഷമായ തന്റെ മുഖഭാവവും കാട്ടുമൃഗത്തിന്റെ കണ്ണുകളും കൂടുതൽ രൂക്ഷമാക്കി ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള അനായാസ സാമർഥ്യമായിരിക്കണം ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം, അദ്ദേഹത്തിന്റെ മുഖത്തെ പച്ച കുത്തിയ ചിത്രങ്ങൾക്ക് ഇപ്പോഴും മങ്ങലൊട്ടുമില്ല എന്നതായിരിക്കണം.

ഇന്നത്തെ ഉച്ചഭക്ഷണം ലോംഗ്വാ രാജാവിന്റെ കൊട്ടാരത്തിലാണെന്നും അവിടെയടുത്ത് പാൻഫാ കോന്യാക് എന്നു പേരുള്ള മറ്റൊരു പഴയ തലവേട്ടക്കാരന്റെ വീടുണ്ടെന്നും, അദ്ദേഹത്തെക്കൂടി കണ്ടിട്ട് ഭക്ഷണം കഴിക്കാൻ പോകാമെന്നും ടോൺയെ പറഞ്ഞു. പാൻഫാ കോന്യാക്കിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം പുറത്തെവിടെയോ പോയിരിക്കുന്നു എന്നാണ് വീട്ടുകാർ പറഞ്ഞത്.


എനിക്ക്‌ നിരാശ തോന്നിയെങ്കിലും, ഇവരെല്ലാം വളരെ പ്രായമായവരാണെന്നും ദൂരെയെങ്ങും പോകാൻ സാധ്യതയില്ലെന്നും ആളെ നമുക്കു കണ്ടുപിടിക്കാമെന്നും ടോൺയെ സമാധാനിപ്പിച്ചു. പറഞ്ഞതുപോലെ തന്നെ കുറച്ചുദൂരെ വഴിയരികിലെ ചെറിയൊരു കടയുടെ മുന്നിൽ പ്രായമായ മറ്റൊരാളുമായി സംസാരിച്ചുകൊണ്ട് പാൻഫാ കോന്യാക് ഇരിക്കുന്നുണ്ടായിരുന്നു. രണ്ടുപേരും പഴയ കൂട്ടുകാരാണെന്ന് ടോൺയെ പറഞ്ഞു. കൂട്ടുകാരന്റെ മുഖത്തും പച്ച കുത്തിയിട്ടുണ്ട്. പഴയ രണ്ടു തലവേട്ടക്കാർ വയസ്സുകാലത്ത് വഴിയരികിൽ ശാന്തരായി വിശേഷം പറഞ്ഞിരിക്കുന്ന കാഴ്‌ച ഒന്നുമാത്രം മതിയായിരുന്നു ഇവിടെവരെയുള്ള യാത്ര സഫലമായി എന്നു തോന്നാൻ.

പാൻഫാ കോന്യാക്കിന്റെ കൂട്ടുകാരന്റെ പേര് ടാൻസാ കോന്യാക് എന്നാണ്. കടയുടെ തൊട്ടുപിന്നിലാണ് അദ്ദേഹത്തിന്റെ വീട്. രണ്ടുപേർക്കും പ്രായം തൊണ്ണൂറ് കഴിഞ്ഞു. എല്ലാവിധ ആടയാഭരണങ്ങളും അണിഞ്ഞ് ആർഭാടപൂർവമാണ് കൂട്ടുകാരനെ കാണാൻ പാൻഫാ കോന്യാക് എത്തിയിരിക്കുന്നത്. പഞ്ചുൻ കോന്യാക് ധരിച്ചിരുന്ന പന്നിത്തേറ്റകൊണ്ടലങ്കരിച്ച തൂവൽ കിരീടത്തിന് പകരം, എഴുന്നു നിൽക്കുന്ന കറുത്ത മൃഗരോമം കൊണ്ടുണ്ടാക്കിയ കൃത്രിമ മുടിയാണ് തലയിൽ കണ്ടത്. കാതിൽ കറുപ്പിച്ച കാട്ടുപന്നിത്തേറ്റയും കഴുത്തിൽ പല്ലുമാലയ്‌ക്കൊപ്പം അഞ്ച്‌ തലയുള്ള യാൻ റായും അദ്ദേഹം ധരിച്ചിരുന്നു. മുഖത്തെ പച്ചകുത്തു പോലെ തന്നെ, കഴുത്തിൽ മാലയായി തലവേട്ടക്കാർക്ക് മാത്രം അണിയാൻ അവകാശമുള്ള, മനുഷ്യ ശിരസ്സിന്റെ പിച്ചള രൂപങ്ങളാണ് യാൻ റാ. യാൻ റായിലെ തലകളുടെ എണ്ണം, അത് ധരിച്ചിരിക്കുന്നയാൾ വെട്ടിയെടുത്ത തലകളുടെ എണ്ണമാണ്. നാലു തലകളുള്ള യാൻ റായുടെ ഉടമ, നാലു തലകൾ വെട്ടിയവനാണ്. തലവേട്ട നടത്തിയവർക്കു മാത്രം ധരിക്കാൻ അവകാശമുള്ള ഈ വിശിഷ്ട സേവാ മെഡലിന്റെ നിർമാണവും വിൽപ്പനയും കോന്യാക് ഗ്രാമങ്ങളിൽ ഇന്നും സാധാരണമാണ്. ഒരിക്കൽ വാങ്ങിയവർക്ക് വീണ്ടും വീണ്ടും വാങ്ങേണ്ട ആവശ്യമില്ലാത്ത സ്ഥിതിക്ക്, ആരാണിതിന്റെ പുതിയ ആവശ്യക്കാർ എന്നു മനസ്സിലായില്ല.

പാൻഫാ കോന്യാക്കിന്റെ പല്ലുകൾക്കെല്ലാം കറുത്ത നിറമാണ്. പല്ലുകൾ കറുപ്പിക്കുക എന്നത് വളരെ പഴയൊരു കോന്യാക് ആചാരമാണ്. പിശാചിനും പട്ടിക്കും വെളുത്ത പല്ലായതുകൊണ്ടാണ്, മനുഷ്യന്റെ പല്ലുകൾ കറുപ്പിക്കുന്നത്.

ലോംഗ്വായിലെ രാജകൊട്ടാരത്തിന്റെ ഭിത്തികളിൽ കൊത്തിവെച്ച  പ്രാചീന നാഗാരൂപങ്ങൾലോംഗ്വായിലെ രാജകൊട്ടാരത്തിന്റെ ഭിത്തികളിൽ കൊത്തിവെച്ച പ്രാചീന നാഗാരൂപങ്ങൾ

നാലു തലയുള്ള യാൻ റായും കടുവാപ്പല്ലിന്റെ ഒരു മാലയും മാത്രമായിരുന്നു വീട്ടിൽത്തന്നെ ഉണ്ടായിരുന്ന ടാൻസാ കോന്യാക്കിന്റെ അലങ്കാരം. വെളുത്ത മുടി പ്രത്യേക രീതിയിൽ പിന്നിൽ കെട്ടി ചെറിയൊരു മരക്കഷ്‌ണം ഇടയിൽ തിരുകി ഉറപ്പിച്ചിരിക്കുന്നു. തലവേട്ടക്കാരെല്ലാം ഒരേ ഛായക്കാരായിക്കണം എന്നില്ലെങ്കിലും, ഇരുവരും തമ്മിൽ രൂപത്തിലും ഭാവത്തിലും ഉണ്ടായിരുന്ന അന്തരം അതിശയിപ്പിക്കുന്നതായിരുന്നു. വെളുത്ത മുഖവും ചിരിക്കുന്ന കണ്ണുകളുമുള്ള ടാൻസാ കോന്യാക്കിന് പഴയ ഹിന്ദി സിനിമാ നടൻ ദേവാനന്ദിന്റെ ഛായയാണെങ്കിൽ, മുൻകാല വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ കാർട്ലി ആംബ്രോസിന്റെ പോലെയുള്ള നീണ്ട കൈകാലുകളും നിസ്സംഗമായ തണുത്തുറഞ്ഞ നോട്ടവുമായിരുന്നു പാൻഫാ കോന്യാക്കിന്റെ ആകാരഭാവം. രണ്ടുപേരുടേയും മുഖത്തെ പച്ച കുത്തുകൾ ഇപ്പോൾ മങ്ങിയിരിക്കുന്നു. മങ്ങൽ കൂടുതൽ പ്രകടമായി കണ്ടത് പാൻഫാ കോന്യാക്കിന്റെ ഇരുണ്ട നിറമുള്ള മുഖത്തായിരുന്നു.


ലോംഗ്വായുടെ സാമന്ത ഗ്രാമങ്ങളിൽ ഒന്നു മാത്രമാണ്, ടോൺയെയുടെ ഗ്രാമമായ ഷെൻഗാ ചിങ് യൂ. 1928ൽ സൈമൺ കമീഷന്റെ ശുപാർശപ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽനിന്ന് ബർമയെ വേർപെടുത്തി രാജ്യം രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തെ നാഗാകൾ ശക്തമായി എതിർത്തത്, ഇരു രാജ്യങ്ങളിലായി നാഗാ മലകളും അതോടൊപ്പം നാഗാ ജനതയും രണ്ടായി വിഭജിച്ചുപോകുമെന്നു മനസ്സിലാക്കിയതുകൊണ്ടായിരുന്നു. ബ്രിട്ടീഷുകാർ വിഭാവനംചെയ്‌തു നടപ്പാക്കിയതും, സ്വതന്ത്ര ഇന്ത്യ പിന്തുടർന്നതുമായ വിഭജന രേഖകൾ അപ്രായോഗികവും ന്യായവിരുദ്ധവുമാണെന്ന നാഗാവാദത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് ലോംഗ്വാ രാജാവിന്റെ കൊട്ടാരം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, കൊട്ടാരത്തിന്റെ പടിഞ്ഞാറെ പകുതി നിൽക്കുന്നത് ഇന്ത്യയിലും കിഴക്കേ പകുതി നിൽക്കുന്നത് ഇന്നത്തെ മിയാൻമാറായ ബർമയിലുമാണ്.


ഇത്തരം സാങ്കേതിക വിഭജന രേഖകൾ ഇരുഭാഗത്തുമുള്ള ജനങ്ങളുടെ നിത്യജീവിതത്തിനെ ഇപ്പോൾ നേരിട്ടു ബാധിക്കുന്നില്ല. അതിർത്തിയുടെ രണ്ടുവശത്തും പത്തു കിലോമീറ്റർ വീതം സ്വതന്ത്ര വാണിജ്യ മേഖലയാണ്. ഇവിടെ കൃഷിയും വ്യാപാരവുമടക്കം ഒന്നിനും നിലവിലെ വിഭജനരേഖ തടസ്സമല്ല. ഇവിടുത്തെ താമസക്കാർക്കെല്ലാം ഇരട്ട പൗരത്വമാണുള്ളത്.


അതിനാൽത്തന്നെ ഇവിടെയാരും ഇരുരാജ്യങ്ങൾക്കും നികുതി കൊടുക്കുന്നുമില്ല. എല്ലാവർക്കും ബന്ധുക്കളും സ്വന്തക്കാരും കൂട്ടുകാരും രണ്ടു ഭാഗത്തുമുണ്ട്. എന്നാൽ ഈ സ്ഥിതി എത്രകാലം തുടരാൻ കഴിയും എന്ന ആശങ്ക ഇവിടുത്തെ ജനങ്ങൾക്കുണ്ട്. നാഗാലാൻഡിൽ മിയാൻമാർ അതിർത്തി പൂർണമായും വേലി കെട്ടി അടയ്‌ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്ന പുതിയ വാർത്ത അതിർത്തി നാഗാകളെ വല്ലാതെ അസ്വസ്ഥരാക്കിയിരിക്കുന്നു. കേട്ടതു ശരിയാണെങ്കിൽ, ലോംഗ്വാ രാജാവിന്റെ അടുക്കള രണ്ടായി പകുത്തുകൊണ്ടായിരിക്കും നിർദിഷ്ട വേലി കടന്നുപോകുന്നത്.

ഈ ഭാഗത്തെ ഏറ്റവും പ്രധാന ഗ്രാമമായ ലോംഗ്വായിലെ രാജകൊട്ടാരത്തിനും അതിനൊത്ത ആഡംബരവും പ്രൗഢിയും ഉണ്ടായിരുന്നു. കൊട്ടാരത്തിന്റെ പഴയ ഭാഗങ്ങളെല്ലാം നിർമിച്ചിരിക്കുന്നത് മുളയും ഓലയും കൊണ്ടുതന്നെയാണ്. പുതിയ ഭാഗങ്ങളിൽ ഇഷ്ടികക്കെട്ടാണ്. ഇവിടെകണ്ട നൂറുകണക്കിന് തലയോട്ടികളിൽ ചിലതിന് നൂറ്റാണ്ടുകളുടെ പഴക്കം തോന്നിക്കും. ചില തലയോട്ടികളിൽ വളർന്നു നിൽക്കുന്ന ഭീമാകാരമായ കൊമ്പുകൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലുതായിരുന്നു. കൊട്ടാരഭിത്തികളിൽ, തടിപ്പലകയിൽ കൊത്തിവച്ച പ്രാചീന നാഗാ രൂപങ്ങൾ നിരന്നു നിൽക്കുന്നു. ഏതോ ഭീകര വന്യജീവിയുടെ യഥാർഥ ശരീരമെന്ന സങ്കൽപ്പത്തിലാണ് വീടിന്റെ മുന്നിൽ പല്ലിളിച്ചു നിൽക്കുന്ന മൃഗരൂപം നിർമിച്ചിരിക്കുന്നതെങ്കിലും, കലാകാരന്റെ കൃത്രിമ ഭാവനയിൽ വിരിഞ്ഞ വ്യാജ നിർമിതിയാണെന്ന് കണ്ടാലറിയാം. ഉയർത്തിപ്പിടിച്ച ഡാവോയുമായി പരസ്‌പരം തലവെട്ടാൻ ആഞ്ഞുനിൽക്കുന്ന കോന്യാക് യോദ്ധാക്കളുടെ ത്രിമാന ശിൽപ്പത്തിന് പരമ്പരാഗത നാഗാ ശൈലിയേക്കാൾ സാമ്യം, സാധാരണമായ യാഥാർഥ്യ ശൈലിയോടായിരുന്നു. നാഗാലാൻഡിൽ തലവേട്ട പണ്ടേ അവസാനിച്ചു എന്നു പറയുമ്പോഴും, തലവേട്ടയെ ഇത്തരത്തിൽ അഭിമാനപൂർവം ആദരിക്കുന്ന അടയാളങ്ങൾ കോന്യാക്കുകൾക്കിടയിൽ ഇന്നും ധാരാളമായി കാണാൻ കഴിയും. കൊട്ടാരത്തിന്റെ മറ്റൊരു മുറിയിൽ, പിച്ചളയിൽ ചിത്രപ്പണികൾ ചെയ്‌ത മുഴങ്ങുന്ന ലോഹത്താലങ്ങൾ, അഥവാ ഗോങ്ങുകൾ, പല വലുപ്പത്തിൽ നിരത്തിവച്ചിരിക്കുന്നു. ഇവിടെ കണ്ട മരത്തടിവാദ്യമായ സുങ് കോങ്ങിന്റെ വലിയ തലയ്‌ക്ക്‌ കടുവയുടെ മുഖമാണ്. സുങ് കോങ്ങിന് ഇവിടെ പറയുന്ന പേര് ഹം എന്നാണ്.

ലോംഗ്വായിലെ ആംഗിന്റെ അടുക്കള, മൈതാനം പോലെ വിശാലമായിരുന്നെങ്കിലും ഭക്ഷണം എല്ലായിടത്തെയും പോലെ തന്നെ, പോർക്കും ചോറും ഇല വേവിച്ചതും മാത്രമായിരുന്നു. അടുപ്പിന്റെ മേലെയുള്ള പരണത്തട്ടിൽ വേഴാമ്പലിന്റെ വലിയൊരു കൊക്കും ശിരോകവചവും പുകപറ്റി നിറംമങ്ങിക്കിടക്കുന്നുണ്ട്. പഞ്ചുൻ കോന്യാക്കിന്റെ വീട്ടിൽ കണ്ടയാളുടെ തൊപ്പിയിലെ വേഴാമ്പലിന്റെ വലിയ തൂവൽ കടലാസു തൂവലായിരുന്നു എന്നു ഞാനോർത്തു. തൂവലിനും കൊക്കിനും ശിരോകവചത്തിനും വേണ്ടി വേഴാമ്പലുകളെ കൊന്നൊടുക്കുന്നത് നിരുത്സാഹപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, വേഴാമ്പലിന്റെ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച കൊക്കും ശിരോകവചവും നാഗാകൾക്കും, അരുണാചൽ പ്രദേശിലെ നിഷി ഗോത്രക്കാർക്കും വന്യജീവി സംരക്ഷണ പ്രവർത്തകർ സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കാഴ്‌ചയിൽ യഥാർഥമെന്ന് തോന്നുന്ന കൃത്രിമ വസ്‌തുക്കൾ, മടിച്ചാണെങ്കിലും ഗോത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്ന്‌ കേൾക്കുന്നു. ഈ മനംമാറ്റത്തിന്റെ പ്രധാനം കാരണം വേട്ടയാടാൻ വേഴാമ്പലുകളില്ല എന്നതു കൂടിയാണ്. ഇരുപത് വർഷങ്ങൾക്കുള്ളിൽ നാഗാ മലകളിലെ മലമുഴക്കി വേഴാമ്പലുകൾ പൂർണമായും ഇല്ലാതാകാനുള്ള സാധ്യത വലുതാണെന്ന് വിദഗ്ധർ പലരും ആശങ്കപ്പെടുന്നു.


ഇന്ന് കൊഹിമയിൽ വേഴാമ്പലിന്റെ വാലിലെ ഒരു തൂവലിന്റെ കരിഞ്ചന്ത വില മുന്നൂറു രൂപയാണ്. അടുക്കളയുടെ ഒരു ഭാഗത്ത് മൂന്ന്‌ സ്‌ത്രീകൾ നിശ്ശബ്ദരായിരുന്ന് മുത്തുമാലകൾ കോർക്കുന്നു. പുതിയ മുത്തുകളെല്ലാം ചൈനയിൽനിന്ന്‌ മിയാൻമാർ വഴി അതിർത്തി കടന്നുവരുന്ന പ്ലാസ്റ്റിക് മുത്തുകളാണ്. മാലകളുടെ മഴവിൽ നിറങ്ങൾ, പല രൂപത്തിലും വലുപ്പത്തിലും മുളഞ്ചുവരുകളിൽ കൂട്ടംകൂടിക്കിടക്കുന്നു. ആകാശത്തിനെതിരെ ഉയർന്നുനിൽക്കുന്ന നീണ്ട മുളകളുടെ അറ്റത്ത്, കന്നുകാലികളുടെ തലയോട്ടികൾ ആറെണ്ണം നിറങ്ങളില്ലാതെ മങ്ങിനിൽക്കുന്നു. ലോംഗ്വായിലെ ആംഗിന്റെ പേരും ടോൺയെ എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള ഏഴു ഗ്രാമങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിലും നാലെണ്ണം മിയാൻമാറിലുമാണ്.

ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി നേരെ പോയത് ലോംഗ്വായിലെ പ്രധാന പിച്ചളപ്പണിക്കാരനായ ഹോങ്സാ കോന്യാക്കിന്റെ പണിശാലയിലേക്കാണ്. പിച്ചള മാത്രമല്ല, തടിയും മുടിയും എല്ലും പല്ലുമെല്ലാം കലാരൂപങ്ങളാക്കി മാറ്റാൻ അതിസമർഥനാണ് ഹോങ്സാ എന്നാണ് ടോൺയെ പറഞ്ഞത്.

വീടുമേയുന്ന യുവാക്കൾവീടുമേയുന്ന യുവാക്കൾ

പണിശാലയുടെ ഇരുട്ടിൽ അപ്രതീക്ഷിതമായി പരിചിത മുഖങ്ങൾ കണ്ടു. ചുറ്റുപാടും കൂടിക്കിടക്കുന്ന പലതരം കലാവസ്‌തുക്കൾക്കു നടുവിലെ നിലത്ത്, പാൻഫാ കോന്യാക്കും കൂട്ടുകാരൻ ടാൻസാ കോന്യാക്കും ലോഹക്കപ്പുകളിൽനിന്ന് കട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെപ്പോലെ തന്നെ അവരും ഞങ്ങളെ അവിടെ തീരെ പ്രതീക്ഷിച്ചിട്ടില്ല എന്ന് അവരുടെ നിശ്ശബ്ദ മുഖങ്ങൾ പറഞ്ഞു. ഇരുവരും ധരിച്ചിരിക്കുന്ന യാൻ റാ ശിരസ്സുകൾ ഹോങ്സായുടെ അച്ഛന്റെ കാലത്ത് നിർമിച്ചതായിരിക്കുമെന്ന് ടോൺയെ ശബ്ദം താഴ്‌ത്തിപ്പറഞ്ഞു.


പുതുതായി പണിതീർത്ത യാൻ റാകൾ പണിശാലയുടെ ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ഇപ്പോഴിതിന്റെ ആവശ്യക്കാർ ആരാണെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, വിടാതെ പിന്നാലെ കൂടി ഫോട്ടോയെടുത്ത് ശല്യംചെയ്യുന്ന പരദേശി ന്യായമായും അർഹിക്കുന്ന അകൽച്ച തലവേട്ടക്കാരുടെ മുഖത്ത് കണ്ടതോടെ ഞാൻ മിണ്ടാതിരുന്നു. അലോസരം ലേശം കൂടുതൽ കണ്ടത് പാൻഫാ കോന്യാക്കിന്റെ തണുത്ത കണ്ണുകളിലായിരുന്നു. കളിക്കൂട്ടുകാരുടെ സ്വകാര്യസദസ്സിൽ ഇനിയും കല്ലുകടിയാകാൻ നിൽക്കാതെ കിട്ടിയതെല്ലാം ധാരാളം, മഹാഭാഗ്യം എന്നാശ്വസിച്ച്, തടിയിൽ ഹോങ്സാ നിർമിച്ച ചെറിയൊരു നാഗാരൂപം വാങ്ങി വേഗം തന്നെ ഇറങ്ങി.


ലോംഗ്വായിൽനിന്ന് ഷെൻഗാ ചിങ് യൂവിൽ തിരിച്ചെത്തിയപ്പോൾ നേരം സന്ധ്യയോടടുത്തു. രാവിലെ കണ്ട തോക്കുകാരനെ വഴിയിൽ വീണ്ടും കണ്ടു. ഏതെങ്കിലും പക്ഷികളെ കിട്ടിയോ എന്നു ചോദിച്ചപ്പോൾ, ഇല്ല എന്ന്‌ തലയാട്ടി. ആൾപ്പെരുമാറ്റം അൽപ്പമെങ്കിലും ഉള്ള ഇടങ്ങളിലൊന്നും പക്ഷികളില്ല. എല്ലാം പണ്ടേ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. എവിടെനിന്നെങ്കിലും വഴി തെറ്റി ഏതെങ്കിലുമൊരു പക്ഷി എന്നെങ്കിലും വരാതിരിക്കില്ല, എന്ന ശൂന്യമായ വിശ്വാസം മാത്രമാണ് വെടിക്കാരനെ മുന്നോട്ട് നയിക്കുന്നത്.

രാത്രി അപ്പായ് വന്നു. ഇന്നലെ എന്റെ കൂടെ മോണിൽനിന്നു വന്നയാളാണ് അപ്പായ്.

ടോൺയെയുടെ വണ്ടിയിൽ ഡീസലില്ലാത്തതിൽ ഇരുവരും നിരാശരാണ്. ആഴ്‌ചയിൽ രണ്ടു മൂന്നു തവണയെങ്കിലും മോണിൽനിന്നു വന്നുപോകുന്ന സുമോ ടാക്‌സി വന്നിട്ട് ഒരാഴ്‌ച കഴിഞ്ഞു. അതിൽ വേണം ഡീസൽ വരാൻ. അത്യാവശ്യം വല്ലതും ഉണ്ടായാൽ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ എന്റെ വണ്ടി ചൂണ്ടിക്കാട്ടി ടോൺയെ ചിരിച്ചു. ഇലക്ഷൻ കാലമായതു കൊണ്ട് സർക്കാർ വണ്ടികൾ ചിലപ്പോൾ വന്നാലായി. മറ്റാർക്കും ഇവിടെ വണ്ടിയില്ല. അടുത്തെങ്ങും ആശുപത്രികളില്ല. ഫോം ചിങ്ങിലെ ആർമി ക്യാമ്പിൽ ചെറിയ സൗകര്യങ്ങളുണ്ട്. അതും അവർക്ക് കരുണ തോന്നിയാൽ മാത്രം. ഇവിടെവച്ച് ഒരു ആക്‌സിഡന്റ്‌ ഉണ്ടായാൽ ചികിത്സ കിട്ടാതെ മരിക്കാനാണ് കൂടുതൽ സാധ്യത എന്ന് ആംഗ് പറഞ്ഞത് അപ്പായ് ശരിവച്ചു. ഞാനതോർത്തുവച്ചു. (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home