യാത്ര
നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക് ‐27

വേണു
Published on Jan 12, 2026, 10:48 AM | 5 min read
ഏപ്രിൽ 24. പാസിഘട്ട്‐ഡാപോറിജോ‐സിറോ
സിലിഗുറിക്കുശേഷം ഒരിക്കൽപ്പോലും കൈവിടാതെ എപ്പോഴും കൂടെയുണ്ടായിരുന്ന മഴ ഇപ്പോഴും കൂടെത്തന്നെയുണ്ട്. ഇവിടെനിന്ന് ഡാപോറിജോ വരെയുള്ള ഇരുനൂറ്റി അൻപത് കിലോമീറ്റർ ദൂരം ആറര മണിക്കൂർകൊണ്ട് എത്തുമെന്ന് മാപ്പിൽ കാണുന്നു. എവിടെയും നിർത്താതെ വിട്ടുപോകാൻ തോന്നുന്ന വിരസവീഥികളിൽ മാത്രമാണ് നാവിഗേഷൻ കാണിക്കുന്ന സമയത്തിന് പ്രസക്തിയുള്ളത്. വണ്ടി നിർത്തി ഇറങ്ങിനിന്നു കാണാൻ താൽപ്പര്യം തോന്നുന്ന കാഴ്‌ചകൾ ഇവിടുത്തെ വഴികളിൽ പ്രതീക്ഷിക്കണം. അതിനുവേണ്ടിയാണ് വഴി ചുറ്റി ഇതിലേ വന്നത്. മഴയും വിശപ്പും ഉറപ്പായും പ്രതീക്ഷിക്കണം. സമയം കൂടുതൽ വേണ്ടിവരും. യാത്രാസമയം എട്ടര മണിക്കൂറായി മനസ്സിൽ തിരുത്തി നേരത്തെ പുറപ്പെട്ടു.
കാട്ടുമൃഗമായ മിഥുൻ
രാവിലെ പട്ടണം നനഞ്ഞിരുണ്ട് കിടക്കുകയാണ്. വഴികൾ ശൂന്യമാണ്. ആദ്യം തോന്നിയതുപോലെ അത്ര ചെറിയ ടൗണല്ല പാസിഘട്ട് എന്ന് മനസ്സിലായി. ട്രാഫിക് ഒട്ടുമില്ലാത്ത വലിയൊരു ട്രാഫിക് സർക്കിളിൽ വച്ച് വഴി ഹൈവേ അഞ്ഞൂറ്റിപ്പതിനഞ്ചുമായി പോയിച്ചേർന്നു. അതുടൻതന്നെ ഹൈവേ പതിമൂന്നായി മാറിയിട്ട്, സിയാങ് എന്നു പേരു മാറിയ ബ്രഹ്മപുത്രയുടെ തീരം പറ്റി കുറച്ചുദൂരം പോയശേഷം, സമതലങ്ങൾ വിട്ട് ഉയരത്തിലേക്കുള്ള കയറ്റം ആരംഭിച്ചു. ഓരോ വളവു കഴിയുമ്പോഴും സിയാങ്ങിലെ കലങ്ങിയൊഴുകുന്ന വെള്ളം റോഡിൽനിന്ന് കൂടുതൽ താഴാൻ തുടങ്ങി. ചെറിയ കല്ലും കരടും മാറ്റിനിർത്തിയാൽ വഴി നല്ലതാണ്. പെട്ടെന്ന് മേഘങ്ങൾ വന്നിറങ്ങി എല്ലാം മൂടി. മൂടൽമഞ്ഞിന്റെ നടുവിൽ അനങ്ങാതെ നിന്നിരുന്ന ഇരുണ്ട വസ്‌തു, തൊട്ടടുത്ത് എത്തിയപ്പോൾ കാട്ടുമൃഗമായ മിഥുന്റെ രൂപമെടുത്ത് ധൃതിയിൽ നടന്നുമാറി. കേരളത്തിൽ കാട്ടുപോത്ത് എന്നറിയപ്പെടുന്ന കാട്ടുകാളയുടെ ചെറിയൊരു വകഭേദമാണ് മിഥുൻ. സാങ്കേതികമായി ഇതൊരു വന്യജീവിയാണെങ്കിലും മനുഷ്യനുമായി അടുക്കാൻ ഇവയ്‌ക്ക് തീരെ മടിയില്ല. മിഥുന്റെ സൗഹൃദസ്വഭാവം പരമാവധി മുതലാക്കാൻ മനുഷ്യൻ പണ്ടേ പഠിച്ചുകഴിഞ്ഞു. പശുവിന്റെ അളവിൽ പാലില്ലെങ്കിലും മിഥുന്റെ ഇറച്ചി എല്ലാ ഗോത്രങ്ങളുടെയും ഇഷ്ട ഭക്ഷണമാണ്. വടക്കു കിഴക്കൻ ജനതയുടെ ഏറ്റവും പ്രിയപ്പെട്ട ബലിമൃഗം ഇപ്പോഴും മിഥുൻ തന്നെയാണ്. നാഗാലാൻഡിലെ മുളംചുവരുകളിൽ നിരന്നിരുന്ന നൂറുകണക്കിന് കൊമ്പുകളും തലയോടുകളും അതാണ് പറയുന്നത്. നാഗാലാൻഡിന്റെയും അരുണാചലിന്റെയും സംസ്ഥാന മൃഗവും മിസ്റ്റർ മിഥുൻ തന്നെയാണ്.
കാടുമൂടി നിൽക്കുന്ന വന്മലകളുടെ ഇടയിലെ ആഴത്തിലൂടെയാണ് ഇവിടെ സിയാങ്ങിന്റെ താഴേക്കുള്ള യാത്ര. അസമിലെ സമതലങ്ങളിൽ കണ്ട പരപ്പും പക്വതയുമല്ല, പകരമൊരു പതിനാലുകാരന്റെ പ്രസരിപ്പും പാച്ചിലുമാണ് ഇപ്പോൾ പുഴയുടെ പുതുവെള്ളത്തിൽ കാണുന്നത്. മലകളിൽ മരങ്ങൾക്കിടയിൽ രൂപസ്ഥിരതയില്ലാത്ത വെളുത്ത പുകമേഘങ്ങൾ പെയ്യാൻ കൊതിച്ചു കാത്തുകിടക്കുന്നുണ്ട്. മണ്ണിനുകൊള്ളാൻ പറ്റാത്ത മഴവെള്ളം ചാലുകളായി ഓടിയിറങ്ങിവന്ന് ബംഗാൾ സമുദ്രത്തിലേക്കുള്ള നീണ്ട യാത്രയ്‌ക്കായി സിയാങ്ങിനോടൊപ്പം കൂട്ടുചേരുന്നു.
ദൂരെ വലിയൊരു വളവിന്റെ വശത്ത് കാലം തെറ്റിയ കാലാളുകൾ സ്വർണനിറത്തിൽ പൊരുതി നിൽക്കുന്നു. പരാക്രമികളായ ഗോത്ര യോദ്ധാക്കളുടെ അസ്ത്രമുനയ്‌ക്ക് മുന്നിൽ വീണുകിടക്കുന്നത് രണ്ടു ബ്രിട്ടീഷ് ഭടന്മാരാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം, ഇവിടെ ബബൂക് എന്ന ഈ സ്ഥലത്ത്, മൂന്നു മാസം നീണ്ടുനിന്ന ആംഗ്ലോ-‐ആഡി യുദ്ധത്തിന്റെ സ്മാരകമാണിത്. തെക്കൻ അരുണാചലിലെ ഏറ്റവും പ്രബലരായ ഗോത്രമാണ് ആഡി. യുദ്ധത്തിനൊടുവിൽ പരാജയം ആഡികൾക്കായിരുന്നു. അതോടെയാണ് ഇന്നത്തെ അരുണാചൽ പ്രദേശിലേക്ക് ബ്രിട്ടീഷ് അധിനിവേശം ആരംഭിച്ചത്. കെക്കാർ മോൺയിങ് എന്നറിയപ്പെടുന്ന ഈ യുദ്ധം നടന്നത് 1911‐ൽ ആയിരുന്നു എന്ന് അവിടെക്കണ്ട ഒരു ഫലകം അറിയിച്ചു.
ബബൂകിലെ ആംഗ്ലോ-‐ആഡി യുദ്ധത്തിന്റെ സ്മാരകം
ബബൂക്കിൽ നിന്ന് വഴി വീണ്ടും താഴേക്കിറങ്ങി വെള്ളത്തിനോട് കൂടുതൽ അടുത്തുവന്നു. ഇവിടെ പരന്നൊഴുകുന്ന നദിയുടെ കരകൾ നിറയെ ഉരുളൻ കല്ലുകളാണ്. മലകളുടെ ചെരിവിലെ കുത്തൊഴുക്കിൽ ഉരുണ്ടും ഉരഞ്ഞും ദേഹം മിനുക്കിയ കല്ലുകൾ, ഒഴുക്കുകുറഞ്ഞ നിരപ്പിൽ ഓട്ടം മതിയാക്കി വിശ്രമിക്കുന്നു. കോംസിങ് എന്ന ചെറിയ ഗ്രാമം കഴിഞ്ഞതോടെ വഴി വീണ്ടും ഉയരാൻ തുടങ്ങി. ഇവിടെ മറ്റൊരു വലിയ നദിയായ സിയോം പടിഞ്ഞാറു നിന്ന് വന്ന് സിയാങ്ങിനോടൊപ്പം ചേർന്നു. അതോടെ കുറേ നേരമായിട്ട് കൂടെയുണ്ടായിരുന്ന എന്നെ ഉപേക്ഷിച്ച് സിയോമിനെയും കൂട്ടി സിയാങ് നേരേ വടക്കോട്ട് തിരിഞ്ഞുപോയി. സിയോമിന്റെ തെക്കേക്കരയിലൂടെ പടിഞ്ഞാറു ഭാഗത്തുള്ള വൻമലകളുടെ ഉയരത്തിലേക്കാണ് ഇനിയുള്ള വഴി. മലകളുടെ നടുവിലെ അടിവാരത്താണ് ആലോ അല്ലെങ്കിൽ അലോങ് ടൗൺ. അലോങ്ങിൽ എത്തുന്നതിന് തൊട്ടുമുമ്പ് സിയോമും എന്നെ ഉപേക്ഷിച്ചുപോയി. കുറച്ചു കടകളും കാറുകളും കൈവണ്ടികളുമുള്ള അലോങ്ങിലെ പ്രധാന കൃഷി ഓറഞ്ചാണെന്ന് പിന്നീടറിഞ്ഞു. വഴിയിലെ മലഞ്ചെരുവുകളിൽ പ്ലാന്റേഷൻ രീതിയിൽ കണ്ട മരത്തോട്ടങ്ങൾ ഓറഞ്ചു തോട്ടങ്ങളായിരുന്നു എന്നപ്പോൾ മനസ്സിലായിരുന്നില്ല. അലോങ്ങും ബബൂക്കും പോലെയുള്ള ചെറിയ ടൗണുകൾക്കിടയിലെ നീണ്ട ദൂരത്തിനിടയിൽ മനുഷ്യവാസം തീരെ കാണാനില്ല. എവിടെയും ഒരു ചായക്കട പോലുമില്ല. വഴിയിൽ വാഹനങ്ങളുമില്ല.
മുളയില മേഞ്ഞ വീടുകളുടെ മുന്നിലെ നിരന്ന പാടങ്ങളിലേക്ക് മേഘം പുകഞ്ഞു നിൽക്കുന്ന കുന്നിൻ ചെരിവുകൾ തട്ടുകളായി താഴേക്കിറങ്ങി വരുന്നു. താഴത്തെ തട്ടുകളിൽ മഴവെള്ളം കെട്ടിക്കിടപ്പുണ്ട്. നെല്ലായിരിക്കണം ഇവിടുത്തെ പ്രധാന കൃഷി. കൃഷിപ്പണികൾ ഇനിയും തുടങ്ങിയിട്ടില്ല. ഈ കുഞ്ഞു ഗ്രാമത്തിന്റെ പേര് ബോക്ടാക് എന്നാണെന്ന് ഒരു ബോർഡിൽ കണ്ടു. ആംഗു എന്ന മറ്റൊരു ചെറിയ ഗ്രാമം കഴിഞ്ഞതോടെ വഴി വീണ്ടും മലകയറാൻ തുടങ്ങി. അടുത്ത മൂന്നു മണിക്കൂർ ദൂരം കുത്തുകയറ്റങ്ങളും ഹെയർപിൻ വളവുകളും നിറഞ്ഞ ശരിയായ മലമ്പാത തന്നെയായിരുന്നു. ചിലയിടങ്ങളിൽ വഴി പുതിയതാണ്. മറ്റു ചിലയിടങ്ങൾ വളരെ ദുഷ്‌കരമാണ്. ചുറ്റുപാടുമുള്ള കൊടുംകാടുകൾ മഴമഞ്ഞിൽ ഒളിഞ്ഞും ഇടയ്‌ക്കിടെ തെളിഞ്ഞും നനഞ്ഞുനിൽക്കുന്നു. അന്തരീക്ഷത്തിൽ വീണ്ടും മഴ മണക്കുന്നുണ്ട്. ഡാപോറിജോ എത്തുന്നതിന് അരമണിക്കൂർ മുമ്പ് ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ മഴ തുടങ്ങി. ഇവിടെ മഹാഭാഗ്യത്തിന് വഴി പുതിയതാണ്. പതുക്കെ പോകണമെന്നു മാത്രം. പെട്ടെന്നിരച്ചു പെയ്‌തും, ഇടയ്‌ക്ക് വെടിനിർത്തിയും, വീണ്ടും തുടങ്ങിയും മഴ പിടിതരാതെ കളിക്കുകയാണ്. വഴി വീണ്ടും താഴേക്കിറങ്ങി വന്നു. സിയാങ്ങും സിയോമും എന്നെ വഴിയിലുപേക്ഷിച്ചു പോയെങ്കിലും, മാജൂളിയിൽ വച്ചു കണ്ട സുബാൻസിരി അടിവാരത്തുവച്ച് പരിചയം പുതുക്കി അടുത്തുവന്നു. സുബാൻസിരിക്ക് കുറുകെയുള്ള വലിയ തൂക്കുപാലത്തിന്റെ മുന്നിലെ വീതി കുറഞ്ഞ വഴിയിൽ ഭാരവണ്ടികൾ മുഖത്തോടുമുഖം നോക്കി അനങ്ങാതെ നിൽക്കുന്നു. പുതിയ റോഡിന്റെ വശത്തെ ചെളിമണ്ണിലേക്ക് വണ്ടിയിറക്കാൻ ആർക്കും ധൈര്യമില്ല. സമയം മൂന്നാകുന്നു. ഇന്നത്തെ ഭക്ഷണം ഇതുവരെ ബിസ്‌കറ്റ് മാത്രമായിരുന്നു. ഒരു ഹോട്ടൽ കണ്ടുപിടിച്ച് എന്തെങ്കിലും ഉടനെ കഴിക്കണം. താമസിക്കാൻ പറഞ്ഞുവച്ച ഹോട്ടലിന്റെ ഉടമയോട് കഴിഞ്ഞദിവസം വാടക ചോദിച്ചപ്പോൾ എങ്ങും തൊടാതെയാണ് സംസാരിച്ചത്. വന്നുനോക്ക്, അപ്പോൾ പറയാം എന്നായിരുന്നു മറുപടി.
ഡാപോറിജോയിൽ താമസയോഗ്യമായ ഇടങ്ങൾ കുറവാണെന്ന് വെബ്സൈറ്റുകളും ഗൈഡുകളും പറയുന്നു. ആകെയുള്ള ഹോട്ടലിന്റെ അസംകാരൻ ഉടമ ഇപ്പോൾ ആവശ്യപ്പെടുന്ന വാടക മൂവായിരം രൂപയാണ്. അഴുക്കു പിടിച്ച ഒരു ലോഡ്ജ് മാത്രമാണത്. പാർക്കിങ് റോഡിലാണ്. വേണമെങ്കിൽ മതി എന്ന ഭാവത്തിൽ അയാൾ അകത്തേക്ക് പോയി. അയാളും കുടുംബവും അവിടെത്തന്നെയാണ് താമസം. ഇതെന്തായാലും വേണ്ട എന്നുതന്നെ തീരുമാനിച്ചു. എന്തു ചെയ്യുമെന്ന ആശങ്കയിൽ പുറത്തിറങ്ങി പലരോടും ചോദിച്ചു. മഴ വീണ്ടും തുടങ്ങി. ഫോണിൽ നോക്കിയിട്ട് എവിടെയും താമസിക്കാൻ സ്ഥലമില്ല. സമയം പോകുന്നു. തിരിച്ചുപോയി അസംകാരനോട് പരാജയം സമ്മതിച്ചാലോ എന്നാലോചിച്ചു. ഉടൻ തന്നെ അതെന്തായാലും വേണ്ട എന്നു തീരുമാനിച്ചു.
കുറച്ചു മാറി പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഉണ്ടെന്ന് ഒടുവിലൊരാൾ പറഞ്ഞു, അതൊരു കുന്നിൻ പുറത്താണ്. അവിടെയുള്ള മൂന്നു മുറികളിലും താമസക്കാരുണ്ടെന്നും എല്ലാവരും ഇലക്ഷൻ ഉദ്യോഗസ്ഥരാണെന്നും കെയർടേക്കർ അറിയിച്ചു. അരുണാചലിൽ ഇലക്ഷൻ കഴിഞ്ഞിട്ട് നാലഞ്ചു ദിവസമായി എന്നറിയാം. എന്നാൽ ഇവിടെയുള്ള മൂന്ന് ബൂത്തുകളിൽ നാളെ റീ പോളിങ് ആണ്. മുറിയില്ലെങ്കിലും ഭക്ഷണം തരാമെന്നയാൾ സമ്മതിച്ചു. ചോറും പരിപ്പുമാണ് കിട്ടിയത്.
നദിക്കരയിലെ ഉരുളൻകല്ലുകൾ
ഇനിയുള്ള ഏക മാർഗം കൂടുതൽ സമയം കളയാതെ സിറോയിലേക്ക് പോകുക എന്നതാണ്. ഇവിടെനിന്ന് വീണ്ടും നാലു മണിക്കൂർ ദൂരമാണ് നാവിഗേഷൻ കാണിക്കുന്നത്. സമയമിപ്പോൾ നാലു മണി കഴിഞ്ഞതേയുള്ളൂവെങ്കിലും സന്ധ്യയായതുപോലെയുണ്ട്. നാളെ സിറോയിൽ താമസിക്കാൻ ഒരു ഹോം സ്റ്റേയാണ് പറഞ്ഞുവച്ചിരുന്നത്. അവരെ വിളിച്ച് നാളെ എന്നതിനുപകരം ഇന്നു രാത്രി എന്നു മാറ്റിപ്പറഞ്ഞപ്പോൾ അവർക്കത് പറ്റില്ല. എന്റെ അവസ്ഥ ഞാനവരെ വിശദമായി പറഞ്ഞുകേൾപ്പിച്ചു. വൈകി എത്തിയിട്ട് ഈ മഴയത്ത് താമസിക്കാൻ സ്ഥലമില്ലാതെ വന്നാൽ വല്ലാത്ത ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു. അങ്ങനെയൊരു പ്രശ്നം ഉണ്ടാകില്ലെന്നും ഹോട്ടൽ ബ്ലൂ പൈനിൽ ഉറപ്പായി മുറി കിട്ടുമെന്നും അവർ പറഞ്ഞു. ഫോണിൽ നോക്കിയപ്പോൾ ബ്ലൂ പൈൻ നല്ല ഹോട്ടലാണ്. വലുപ്പത്തിനൊത്ത വാടകയും കാണുന്നില്ല. വിളിച്ചപ്പോൾ മുറിയുണ്ടെന്നും രാത്രി എത്ര വൈകിയാലും ഭക്ഷണം തരാമെന്നും മാനേജർ പറഞ്ഞു.
അഭയാർഥികളെ അന്യായമായി ആട്ടിയോടിക്കുന്ന അക്രമിരാഷ്‌ട്രങ്ങളുടെ പട്ടികയിലേക്ക് ഡാപോറിജോ എന്ന പേരുകൂടി എഴുതിച്ചേർത്തിട്ട് ഞാനുടനെ സ്ഥലംവിട്ടു. അതിനുള്ള മറുപടി അപ്പോൾത്തന്നെ ഡാപോറിജോ തന്നു. ഇതുവരെ കാണാത്ത ശക്തിയിൽ വലിയ മഴത്തുള്ളികൾ കൂട്ടമായി വീഴാൻ തുടങ്ങി.
ബോക്ടാക് ഗ്രാമത്തിലെ നെൽപാടങ്ങൾ
ഡാപോറിജോ വിട്ട ഉടൻ തന്നെ അടിവാരത്തുനിന്നുള്ള കയറ്റങ്ങൾ വീണ്ടും ആരംഭിച്ചു. അതിനിടയിൽ സുബാൻസിരിയും എവിടെയോ പോയി മറഞ്ഞു. വഴി വീണ്ടും മോശമായി. ഇടയ്‌ക്കു കാണുന്ന തരക്കേടില്ലാത്ത റോഡുകൾ തരുന്ന ആശ്വാസത്തിന് ആയുസ്സ് കുറവാണ്. കൊടുംവളവുകളുടെ നീണ്ട പരമ്പര കടന്നതോടെ പുതിയൊരു രണ്ടുവരിപ്പാത തുടങ്ങി. റോഡ് പണിക്കായി ഇടിച്ചുനിരത്തിയ കുന്നുകളുടെ അവശിഷ്ടങ്ങൾ, ഉരുൾപൊട്ടിയതുപോലെ എല്ലായിടത്തും താഴേക്കൊലിച്ചു കിടക്കുന്നുണ്ട്. വശങ്ങൾ അരിഞ്ഞിറക്കിയ മലകളെച്ചുറ്റിയും ചിലയിടങ്ങളിൽ കുന്നുകളെ ആഴത്തിൽ നടുവേ മുറിച്ചുമാണ് പുതിയ വഴി പോകുന്നത്. മഴ നിന്നതുപോലെ തോന്നുന്നു. എങ്കിലും ഇരുട്ട് തുടങ്ങാനിരിക്കുന്നതേ ഉള്ളൂ. അഞ്ചുമണിക്ക് തന്നെ വണ്ടിയുടെ ലൈറ്റ് തെളിഞ്ഞു. വീണ്ടും ഒരിറക്കമിറങ്ങി വഴി താഴേക്കുവന്നതോടെ മൂടൽമഞ്ഞ് വീണ്ടും കണ്ടു. താമസിയാതെ തന്നെ ദൂരക്കാഴ്‌ച പൂർണമായും ഇല്ലാതായി. പുതിയ വഴിയിലെ വെളുത്തവരകൾ മാത്രമാണ് ആകെയുള്ള മാർഗസഹായികൾ. അതുംകൂടി ഇല്ലെങ്കിൽ ഇത്തരം ഇരുട്ടിലും മഞ്ഞിലും വണ്ടിയോടിക്കുക അസാധ്യമാണ്. വെളുത്ത വരയിൽ മാത്രം തുറിച്ചുനോക്കിയിരുന്നാൽ, ഒച്ചിഴയുന്ന വേഗത്തിലാണെങ്കിലും കുറേശ്ശെ മുന്നോട്ടുപോകാൻ സാധിക്കും. ഇടയ്‌ക്ക് മഞ്ഞു മാറി വഴി തെളിയുകയും ഉടൻതന്നെ തിരിച്ചുവന്ന് എല്ലാം മൂടുകയും ചെയ്യുന്നു.
മലകളുടെ ഇടയിലെ താഴ്‌ന്ന സ്ഥലങ്ങളിലാണ് മൂടൽമഞ്ഞ് കൂടുതൽ കനക്കുന്നത്. ഇരുട്ടു വീണ ശേഷം ഒരിക്കൽപോലും മഴ പെയ്‌തില്ല. വഴിയിലെങ്ങും മനുഷ്യവാസത്തിന്റെ അടയാളങ്ങളില്ല. അതോ എല്ലാം ഇരുട്ടിൽ മറഞ്ഞിരിക്കുന്നോ എന്നും ഉറപ്പില്ല. രാത്രി ഒൻപതരയ്‌ക്ക് സിറോയിലെ ബ്ലൂ പൈൻ ഹോട്ടലിൽ എത്തുന്നതു വരെയുള്ള ദൂരത്തിനിടയിൽ, വഴിയിലാകെ കണ്ടത് മൂന്നോ നാലോ വാഹനങ്ങൾ മാത്രമായിരുന്നു . (തുടരും)










0 comments