ad
Deshabhimani

കവർസ്റ്റോറി

നാറ്റോ തകർച്ചയിലേക്കോ?

ഇറാനെതിരായ അമേരിക്കൻ‐ഇസ്രയേൽ ആക്രമണത്തിൽ  പ്രതിഷേധിച്ച്‌ സ്‌പെയിനിൽ നടന്ന റാലി
avatar
വി ബി പരമേശ്വരൻ

Published on May 11, 2026, 12:19 PM | 5 min read

മേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം ലോകരാഷ്‌ട്രീയത്തിൽ അമേരിക്കൻ "ഹെജിമണി’ക്ക് അന്ത്യം കുറിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന നിരീക്ഷണത്തെ ശക്തിപ്പെടുത്തുംവിധം നാറ്റോ സൈനിക സഖ്യത്തിലും വിള്ളൽ ദൃശ്യമായിരിക്കുകയാണ്. അമേരിക്കയും യൂറോപ്യൻ രാഷ്‌ട്രങ്ങളും തമ്മിലാണ് തർക്കം മൂർച്ഛിക്കുന്നത്. ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച് സൈനികസഹായം നൽകാൻ യൂറോപ്യൻ രാഷ്‌ട്രങ്ങൾ തയ്യാറാകാത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും ഹോർമുസ് കടലിടുക്കിനെ ഇറാന്റെ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് സഹായം ആവശ്യപ്പെട്ടെങ്കിലും പ്രധാനപ്പെട്ട യൂറോപ്യൻ ശക്തികളൊന്നും സഹായിക്കാൻ മുന്നോട്ടുവന്നില്ല. അമേരിക്കയ്‌ക്ക് തനിച്ച് ഇറാനെ നേരിടേണ്ടി വന്നു. ആപത്തുകാലത്ത് സഹായിക്കാത്ത നാറ്റോയിൽ ഇനി എന്തിന് നിൽക്കണം എന്ന ചോദ്യമാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉയർത്തുന്നത്.

ഇറാനെതിരായ അമേരിക്കൻ‐ഇസ്രയേൽ ആക്രമണത്തിൽ  പ്രതിഷേധിച്ച്‌ സ്‌പെയിനിൽ നടന്ന റാലി ഇറാനെതിരായ അമേരിക്കൻ‐ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ സ്‌പെയിനിൽ നടന്ന റാലി

രണ്ടാം ലോകയുദ്ധത്തിന് ശേഷം പാശ്ചാത്യ ശക്തികൾ സോവിയറ്റ് യൂണിയനെ ലക്ഷ്യം വെച്ച് ഉണ്ടാക്കിയ സൈനിക സഖ്യമാണ് നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ അഥവാ നാറ്റോ. പത്ത് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും ചേർന്ന് 1949 ഏപ്രിൽ 4‐നാണ് ബെൽജിയത്തിലെ ബ്രസ്സൽസ് ആസ്ഥാനമായി നാറ്റോയ്‌ക്ക് രൂപം നൽകിയത്. 1991 ഡിസംബറിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പിരിച്ചുവിടേണ്ടിയിരുന്ന നാറ്റോയെ നിലനിർത്താനാണ് അമേരിക്കയും കൂട്ടരും തീരുമാനിച്ചത്. യൂറോപ്യൻ പ്രതിരോധവും സുരക്ഷയും കണക്കിലെടുത്താണ് ഈ സഖ്യം രൂപം കൊണ്ടതെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആധിപത്യ മോഹങ്ങൾ യാഥാർഥ്യമാക്കാനാണ് പ്രധാനമായും നാറ്റോ പ്രവർത്തിച്ചത്. 1990ലും 2003ലും ഇറാക്കിനെതിരെയും 1999ൽ സെർബിയക്ക്‌ നേരെയും നടത്തിയ ആക്രമണങ്ങളിലും 2001ൽ അഫ്ഗാനിസ്ഥാന് നേരെ നടത്തിയ ആക്രമണത്തിലും ലിബിയ, സിറിയ വിരുദ്ധ ആക്രമണങ്ങളിലും നാറ്റോ അമേരിക്കയ്‌ക്ക് ഒപ്പമായിരുന്നു. അമേരിക്കൻ സൈനിക ബജറ്റിനോട് തുല്യം നിൽക്കുന്ന ഒരു ട്രില്യൺ ഡോളർ ബജറ്റാണ് സഖ്യത്തിനുള്ളത്. ഇതിന്റെ 15 ശതമാനവും നൽകിയാണ് അമേരിക്ക നാറ്റോയെ നിയന്ത്രിക്കുന്നത്. എന്നാൽ ട്രംപ് അമേരിക്കൻ പ്രസിഡന്റാകുകയും മെയ്‌ക്ക്‌ അമേരിക്ക ബെയ്റ്റ് എഗെയ്ൻ (മാഗ) നയത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്‌തതോടെയാണ് യൂറോപ്പിന്റെ സുരക്ഷയ്‌ക്കായി അമേരിക്ക എന്തിന് പണം ചെലവാക്കണം എന്ന ചിന്തയ്‌ക്ക് പ്രാമുഖ്യം ലഭിക്കുന്നത്. ട്രംപ് ആദ്യതവണ പ്രസിഡന്റായ ഘട്ടത്തിൽ തന്നെ യൂറോപ്യൻ യൂണിയനെയും നാറ്റോയെയും വിമർശിക്കാൻ തുടങ്ങിയിരുന്നു. യുഎസിന്റെ സമ്പത്തിനെ ചോർത്തുന്ന സഖ്യമായാണ് രണ്ടിനെയും ട്രംപ് വിലയിരുത്തിയിരുന്നത്. നാറ്റോയിലെ യൂറോപ്യൻ അംഗരാജ്യങ്ങൾ പ്രതിരോധ ബജറ്റിലേക്ക് കാര്യമായ സംഭാവന ചെയ്യുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. പണം ചെലവഴിക്കാതെ സുരക്ഷ നൽകാനാവില്ലെന്ന് ട്രംപ് തീർത്തു പറഞ്ഞു.

രണ്ടാമതും ട്രംപ് അധികാരമേറ്റതോടെ ഈ സംഘർഷം വർധിച്ചു.


ഡെന്മാർക്കിന്റെ കോളനിയായ ഗ്രീൻലാൻഡിനെ യുഎസിന്റെ ഭാഗമാക്കുമെന്ന ട്രംപിന്റെ പ്രസ്‌താവന യൂറോപ്യൻ രാഷ്‌ട്രങ്ങളെ ചൊടിപ്പിച്ചു. നാറ്റോയുടെ സ്ഥാപക അംഗമാണ്‌ ഡെന്മാർക്ക്‌. നാറ്റോയുടെ ഭരണഘടനയിലെ അഞ്ചാം അനുഛേദം അനുസരിച്ച് ഒരു അംഗ രാഷ്‌ട്രത്തിനെതിരായ ആക്രമണം എല്ലാ അംഗരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കരുതി കൂട്ടായ പ്രതിരോധം ഉയർത്തണമെന്നാണ് നിർദേശിക്കുന്നത്. അതായത് നാറ്റോ അംഗമായ ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് കൈവശമാക്കാൻ അമേരിക്ക ശ്രമിച്ചാൽ അതിനെതിരെ നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കണം എന്നർഥം. അങ്ങനെ സംഭവിച്ചാൽ പിന്നെ നാറ്റോ എങ്ങനെ നിലനിൽക്കും എന്ന ചോദ്യമാണ് ഉയരുന്നത്. അമേരിക്കൻ ദേശീയ സുരക്ഷ ഉറപ്പുവരുത്താർ ഗ്രീൻലാൻഡിനെ കീഴ്പ്പെടുത്തണമെന്നത് പരമമായ ആവശ്യമാണെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക ഒരു ട്രില്യൺ ഡോളർ ചെലവിട്ട് നിർമിക്കുന്ന ഗോൾഡൻ ഡോം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻലാൻഡ്. അതു മാത്രമല്ല ആർട്ടിക് പ്രദേശങ്ങളെ മറ്റ് കപ്പൽപ്പാതകളുമായി ബന്ധിപ്പിപ്പിക്കുന്ന ആർട്ടിക് കടൽപ്പാതയും നോർത്ത് വെസ്റ്റ് പാതയും കടന്നുപോകുന്നത് ഗ്രീൻലാൻഡ് വഴിയാണ്. അപൂർവ ലോഹങ്ങൾ ഉൾപ്പെടെ ധാതുലവണങ്ങളുടെ ശേഖരവും ഗ്രീൻലാൻഡിലുണ്ട്. പശ്ചിമാർധ ഗോളം അമേരിക്കയുടെ പിന്നാമ്പുറമാണെന്നും അവിടെയുള്ള എല്ലാ പ്രദേശങ്ങളും തങ്ങളുടെതാണെന്നുമാണ് 1823 മൺറോ സിദ്ധാന്തവും ഇപ്പോഴത്തെ ഡോൺറോ സിദ്ധാന്തവും പറയുന്നത്.


ഏതായാലും ഗ്രീൻലാൻഡ് വിഷയമാണ് യുഎസും യൂറോപ്പും തമ്മിലുള്ള പെട്ടെന്നുള്ള അകൽച്ചയ്‌ക്ക് പ്രധാന കാരണം. ഇറാനെതിരായ യുദ്ധം ഈ അകൽച്ച വർധിപ്പിച്ചുവെന്നു മാത്രം. യൂറോപ്യൻ യൂണിയനെയോ നാറ്റോയെയോ അറിയിക്കാതെ യുഎൻ അംഗീകാരമില്ലാതെ ഇസ്രയേൽ സമ്മർദത്തിന് വഴങ്ങി എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും ലംഘിച്ചാണ് അമേരിക്ക ഇറാനെതിരായ ആക്രമണം ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തെ പിന്തുണക്കേണ്ട ഒരു ബാധ്യതയും തങ്ങൾക്കില്ലെന്ന സമീപനമാണ് ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങൾക്കും ഉള്ളത്. ഫ്രാൻസും സ്‌പെയിനും ഇറ്റലിയുമാണ് പ്രധാനമായും തങ്ങളുടെ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ഇറാനെതിരായ യുദ്ധത്തിന് ഉപയോഗിക്കരുതെന്നും തങ്ങളുടെ രാജ്യാതിർത്തിയിലൂടെ ഇറാനെ ലക്ഷ്യമാക്കിയുള്ള യുദ്ധവിമാനങ്ങൾ പറക്കരുതെന്നും ശഠിച്ചത്. ഇവരാരും തന്നെ അമേരിക്കയെ സഹായിക്കാൻ നാവികസേനയെ അയക്കാനും തയ്യാറായില്ല. ബ്രിട്ടൻ അവരുടെ ഏതാനും സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചെങ്കിലും നാവികസേനയെ അയക്കാൻ തയ്യാറായില്ല.

ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനം ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനം

ഈ യൂറോപ്യൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് സ്‌പെയിനായിരുന്നു. ഇടതുപക്ഷ പാർടികളുടെ പിന്തുണയോടെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർടി (പിഎസ്ഒഇ) സർക്കാരിന് നേതൃത്വം നൽകുന്ന പെദ്രോ സാഞ്ചസ് ആണ് ഇറാനെതിരായ യുദ്ധം അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പറയാൻ ധൈര്യം കാട്ടിയത്. യൂറോപ്പിൽ നിന്നും ഇങ്ങനെ പറഞ്ഞ ഒരേയൊരു നേതാവും സാഞ്ചസാണ്. മാർച്ച് 4ന് രാഷ്‌ട്രത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ അന്താരാഷ്‌ട്ര നിയമലംഘനത്തിന് കൂട്ടുനിൽക്കാനാവില്ലെന്നും ലോകരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഏറ്റുമുട്ടലിലൂടെയും ബോംബിങ്ങിലൂടെയും മാത്രമേ പരിഹരിക്കാനാവൂ എന്ന ചിന്താഗതിയെ അംഗീകരിക്കാനാവില്ലെന്നും പഴയ തെറ്റുകൾ അതേപടി ആവർത്തിക്കുന്നതിന് കയ്യടിക്കാനാവില്ലെന്നും സാഞ്ചസ് വ്യക്തമാക്കി. നാറ്റോയിലെ എല്ലാ യൂറോപ്യൻ അംഗരാജ്യങ്ങളും അവരുടെ ബജറ്റിന്റെ അഞ്ച്‌ ശതമാനം സൈനിക ബജറ്റിനായി നീക്കിവെക്കണമെന്ന ട്രംപിന്റെ തിട്ടൂരവും സ്‌പെയിൻ അംഗീകരിച്ചില്ല. 2.1 ശതമാനം മാത്രമാണ് സ്‌പെയിനിന്റെ സൈനിക ബജറ്റ്. ഇസ്രയേലിന് ആയുധം എത്തിക്കുന്നതിന് സ്‌പെയിനിന്റെ തുറമുഖങ്ങളും വ്യോമപാതയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സാഞ്ചസ് വ്യക്തമാക്കി. സ്‌പെയിനിൽ പ്രധാനമായും രണ്ട് യുഎസ് സൈനിക താവളങ്ങളാണുള്ളത്. റോട്ടയിലെ നാവികതാവളവും മൊറോണിലെ വ്യോമതാവളവും. ഇത്‌ രണ്ടും ഇറാനെതിരായ യുദ്ധത്തിൽ ഉപയോഗിക്കാൻ സ്‌പെയിൻ അനുവദിച്ചില്ല.


ഗാസയിൽ ഇസ്രയേൽ സേന നടത്തിയത് വംശഹത്യയാണെന്ന് പറയാൻ തയ്യാറായ ഏക യൂറോപ്യൻ നേതാവും സാഞ്ചസാണ്. സ്ലോവേനിയയും അയർലണ്ടുമാണ് ഇസ്രയേലിനെ വിമർശിച്ച മറ്റ് രണ്ട് യൂറോപ്യൻ രാഷ്‌ട്രങ്ങൾ. ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ ഒരു ഇന്ത്യൻ കപ്പലിന് തുറമുഖത്ത്‌ നങ്കൂരമിടാൻ അനുമതി നിഷേധിച്ചത് ഉൾപ്പെടെ ആയുധക്കടത്തിനെ തടയാൻ പ്രവർത്തിച്ച രാജ്യം കൂടിയാണ് സ്‌പെയിൻ. പലസ്‌തീൻകാരെ കേൾക്കാതെയുള്ള ട്രംപിന്റെ ഗാസ പുനർനിർമാണ പദ്ധതിയെയും സാഞ്ചസ് എതിർക്കുകയുണ്ടായി. അമേരിക്കയുടെ വെനിസ്വേലൻ കടന്നാക്രമണത്തെയും സാഞ്ചസ് വിമർശിച്ചു. കുടിയേറ്റം സംബന്ധിച്ച വിഷയത്തിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പാശ്ചാത്യ രാഷ്‌ട്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‌ത നയമാണ് സ്‌പെയിൻ സ്വീകരിച്ചിട്ടുള്ളത്. രേഖകളില്ലാത്ത അഞ്ച്‌ ലക്ഷം കുടിയേറ്റക്കാർക്ക് ജോലിചെയ്യാനും താമസിക്കാനുമുള്ള അനുമതി സാഞ്ചസ് സർക്കാർ നൽകുകയുണ്ടായി. പാശ്ചാത്യലോകത്തിന് കുടിയേറ്റക്കാരില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന പക്ഷക്കാരനാണ് സാഞ്ചസ്. ഇടതുപക്ഷ പിന്തുണയോടെയാണ് ഭരണം എന്ന ആഭ്യന്തര രാഷ്‌ട്രീയ സമ്മർദവും അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടെന്ന യാഥാർഥ്യവുമാണ് സാഞ്ചസിനെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്‌തമായ പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം യൂറോപ്പിന് അവഗണിക്കാൻ കഴിയാത്ത സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. സ്‌പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തിവെക്കുമെന്ന ഭീഷണിയാണ് ട്രംപ് ഉയർത്തുന്നത്.


ഇപ്പോൾ ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ സിസ്സഹകരണം കൂടിയായതോടെ നാറ്റോയിൽ നിന്നും പുറത്തുകടക്കാൻ ഗൗരവമായി ആലോചിച്ചുവരികയാണെന്ന് ട്രംപ് അറിയിച്ചു. ‘ഞങ്ങൾക്ക് ഒരാവശ്യം വന്നപ്പോൾ അവരാരും സഹായിക്കാനെത്തിയില്ല’ എന്നും ട്രംപ് പരിഭവിച്ചു. അമേരിക്കയില്ലാത്ത നാറ്റോ വെറും കടലാസ് പുലി മാത്രമാണെന്നും ട്രംപ് കൂടിച്ചേർത്തു. റഷ്യക്കെതിരെ ഉക്രെയിന്‌ വേണ്ടി നാറ്റോ പോരാട്ടമുഖത്ത് നിലയുറപ്പിച്ച ഘട്ടത്തിലാണ് സഖ്യസേനയുടെ മനോവീര്യം തകർക്കുംവിധം ട്രംപിന്റെ പെരുമാറ്റം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പരിഭവം. പരോക്ഷമായി ഇത് റഷ്യയ്‌ക്ക് കരുത്തുപകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രീൻലാൻഡ്‌ ദ്വീപ്‌ ഗ്രീൻലാൻഡ്‌ ദ്വീപ്‌

ഈയൊരു ഘട്ടത്തിലാണ് ഇറാൻ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാത്ത യൂറോപ്യൻ രാഷ്‌ട്രങ്ങളെ ശിക്ഷിക്കണമെന്ന് കാണിച്ച് പെന്റഗൺ തയ്യാറാക്കിയ ഒരു ആഭ്യന്തരകുറിപ്പ് സംബന്ധിച്ച വാർത്ത റോയിട്ടേഴ്സ് പുറത്തുവിടുന്നത്. അമേരിക്കക്കെതിരെ പരസ്യനിലപാട് എടുത്ത സ്‌പെയിനിനെ നാറ്റോയിൽ നിന്നും പുറത്താക്കണമെന്നും ഈ ആഭ്യന്തര കുറിപ്പ് ശുപാർശ ചെയ്യുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. അമേരിക്കയ്‌ക്ക് അനുകൂലമായി നാവികസേനയെ അയക്കാത്ത ബ്രിട്ടനെതിരെ പ്രതികാര നടപടിയും പെന്റഗൺ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണ അത്ലാന്റിക്കിലെ ഫാക്‌ലാൻഡ്‌സ്‌ ദ്വീപിന്മേൽ ബ്രിട്ടന്റെ അധികാരത്തെക്കുറിച്ച് പുനഃപരിശോധനയിൽ ഏർപ്പെടണമെന്ന നിർദേശവും മുന്നോട്ടുവയ്‌ക്കുന്നു. 1982‐ലാണ് അർജന്റീനയും ബ്രിട്ടനും തമ്മിൽ ഫാക്‌ലാൻഡ്‌സ്‌ യുദ്ധം നടന്നത്. ഫാക്‌ലാൻഡ്‌സ്‌ പിടിച്ചെടുക്കാൻ അർജന്റീന തുടങ്ങിയ യുദ്ധം 74 ദിവസം നീണ്ടു. ബ്രിട്ടനാണ് വിജയിച്ചത്. ആ യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ചത് അമേരിക്കയായിരുന്നു. നേരത്തേ സൂചിപ്പിച്ച ഡോൺറോ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ ഫാക്‌ലാൻഡ്‌സിന്മേലുള്ള ബ്രിട്ടന്റെ അവകാശവാദം പുനഃപരിശോധിക്കുമെന്ന സൂചനയാണ് പെന്റഗൺ രേഖ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അതും നാറ്റോയെ ക്ഷീണിപ്പിക്കും.


സ്‌പെയിനിനെ പുറത്താക്കാൻ അമേരിക്ക ശഠിച്ചാലും നിലവിലുള്ള ഭരണഘടനയനുസരിച്ച് അതിന്‌ ചെയ്യാൻ കഴിയില്ല. ഇറാൻ, ഗാസ വിഷയങ്ങളിൽ മാത്രമാണ് സ്‌പെയിനിന് വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉള്ളത്. മറ്റെല്ലാ വിഷയങ്ങളിലും നാറ്റോയെ പിന്തുണയ്‌ക്കുന്ന രാജ്യമാണ് സ്‌പെയിൻ. അതുകൊണ്ടുതന്നെ സ്‌പെയിനിനെ പുറത്താക്കുക ചെയ്യുക എളുപ്പമല്ല.

ഏതായാലും അംഗരാജ്യങ്ങൾക്കിടയിലെ തർക്കം നാറ്റോയെ ദുർബലമാക്കുമെന്നതിൽ തർക്കമില്ല. ഗ്രീൻലാൻഡ്‌, വ്യാപാരച്ചുങ്കം, ഇറാൻ വിഷയം തുടങ്ങിയവയിൽ തട്ടി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നാറ്റോയെയാണ് കാണാനാകുന്നത്. അമേരിക്കൻ ആധിപത്യത്തിന്റെ തകർച്ചയ്‌ക്കൊപ്പം 77 വർഷമായി തുടരുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ സൈനിക സഖ്യമായ നാറ്റോയും തകർച്ചയിലേക്ക് നീങ്ങുകയാണോ എന്ന സംശയമാണ് ബലപ്പെടുന്നത് .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home