ad
Deshabhimani

കവർസ്റ്റോറി

അമേരിക്കയുടെ ഉന്നം പശ്ചിമേഷ്യൻ സമ്പൂർണ നിയന്ത്രണം

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കൻ‐ഇസ്രയേൽ സേന  ബോംബ്‌ വർഷിച്ചപ്പോൾ
avatar
വി ബി പരമേശ്വരൻ

Published on Mar 21, 2026, 12:01 PM | 10 min read

ഫെബ്രുവരി 28‐നാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചത്. "ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് അമേരിക്കയും "ഓപ്പറേഷൻ ലയൺസ് റോർ' എന്ന് ഇസ്രയേലും പേരിട്ട് വിളിക്കുന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും കുടുംബവും മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരും കൊല്ലപ്പെട്ടിരിക്കുന്നു. അന്താരാഷ്‌ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണം. അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് പ്രസിഡന്റ് ട്രംപ്‌ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടുള്ളത്.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കൻ‐ഇസ്രയേൽ സേന  ബോംബ്‌ വർഷിച്ചപ്പോൾഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കൻ‐ഇസ്രയേൽ സേന ബോംബ്‌ വർഷിച്ചപ്പോൾ

ഔർ ഡെമോക്രസി പോൾ നടത്തിയ അഭിപ്രായ സർവേയിൽ 64 ശതമാനം അമേരിക്കക്കാരും യുദ്ധത്തിനെതിരാണ്. ട്രംപിന്റെ മെയ്‌ക്ക്‌ അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ (മാഗ) വോട്ടർമാരിൽ 58 ശതമാനം പേരും യുദ്ധത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. 21 ശതമാനം അമേരിക്കക്കാർ മാത്രമാണ് യുദ്ധത്തിന് അനുകൂലമായി നിലകൊണ്ടത്. മറ്റൊരു അഭിപ്രായ സർവേയിൽ അമേരിക്കൻ ജനതയിൽ പലസ്‌തീൻ അനുകൂല ഭാവം 15 ശതമാനത്തിൽനിന്ന് 41 ശതമാനമായി ഉയരുകയും ഇസ്രയേൽ അനുകൂല നിലപാട് 60 ശതമാനത്തിൽനിന്നും 36 ശതമാനമായി കുറയുകയും ചെയ്‌തു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അമേരിക്കൻ ഭരണകൂടം മുന്നോട്ടുവയ്‌ക്കുന്ന യുദ്ധാനുകൂല ആഖ്യാനങ്ങളെ അമേരിക്കയിലെ ജനങ്ങൾ പോലും പൂർണമായി അംഗീകരിക്കുന്നില്ല എന്നാണ്.


അമേരിക്കൻ കണക്കുകൂട്ടലുകൾ

തെറ്റുകയാണോ?

ആക്രമണത്തിന്റെ ഫലമായി ലോകം അനിശ്ചിതത്വത്തിലേക്ക് തലകുത്തി വീണിരിക്കുകയാണ്. യുദ്ധം ആരംഭിച്ച വേളയിൽ ട്രംപ് പറഞ്ഞത് "രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധത്തിന് അന്ത്യമാകു'മെന്നായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ "നാലാഴ്‌ചയോ അതിൽ കുറഞ്ഞ ദിവസത്തിനകമോ മാത്രമേ യുദ്ധത്തിന് വിരാമമാകൂ' എന്ന് ട്രംപിന് മാറ്റിപ്പറയേണ്ടി വന്നു. ദിവസം കഴിയുന്തോറും യുദ്ധത്തിന്റെ തീ പുതിയ മേഖലകളിലേക്ക് പടരുകയാണ്. നിലവിൽ 14 രാജ്യങ്ങളിലേക്ക് യുദ്ധത്തിന്റെ അഗ്നിഗോളങ്ങൾ എത്തിക്കഴിഞ്ഞു. ഇറാനും ഇസ്രയേലിനും പുറമെ ലെബനൻ, കുവൈത്ത്, യുഎഇ, സൗദി, ഖത്തർ, ഒമാൻ, തുർക്കി, സൈപ്രസ്, ഇറാക്ക്, ജോർദാൻ, ബഹറൈൻ, സിറിയ എന്നീ രാജ്യങ്ങളെയും നേരിട്ട് ബാധിച്ചുകഴിഞ്ഞു. മാർച്ച്‌ നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാൻ കപ്പൽ ഐഎൻഎസ്‌ ദേന അമേരിക്കൻ അന്തർവാഹിനി ടോർപിഡോ വച്ച് തകർത്തതോടെ യുദ്ധം ഇന്ത്യൻ തീരത്തേക്ക് കൂടി എത്തിയിരിക്കുകയാണ്.


ഭയപ്പെടുത്തുന്ന ഇന്ത്യൻ മൗനം

ബംഗാൾ ഉൾക്കടലിൽ ഫെബ്രുവരി 15 മുതൽ 25 വരെ "മിലൻ' എന്ന പേരിൽ ഇന്ത്യൻ നാവിക സേന സംഘടിപ്പിച്ച നാവികാഭ്യാസത്തിൽ പങ്കെടുത്ത് തിരികെപ്പോകുമ്പോഴാണ് ശ്രീലങ്കൻ തീരത്തുവച്ച് ഇറാനിയൻ കപ്പലിനെ യു എസ് അന്തർവാഹിനി ആക്രമിച്ചത്. ഇന്ത്യൻ ക്ഷണമനുസരിച്ച് എത്തിയ കപ്പലിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത ഇന്ത്യയ്‌ക്കുണ്ടായിരുന്നു എന്ന വാദമാണ് ഉയരുന്നത്. ഇന്ത്യയുടെ "ബെസ്റ്റ് ഫ്രണ്ട്' അമേരിക്കയാണ് ഇറാൻ കപ്പലിനെ തകർത്തത് എന്നതിനാൽ ഈ ഉത്തരവാദിത്വത്തിൽനിന്നും കൈ കഴുകാൻ ഇന്ത്യക്ക് ആവില്ല. മാർച്ച് ആറിന് ഇന്ത്യയിൽ ഉണ്ടായിരുന്ന ഇറാൻ വിദേശ സഹമന്ത്രി സയ്യദ് ഖതീബ്സാദേ പറഞ്ഞത് "എന്തുകൊണ്ട് ഇന്ത്യൻ സമുദ്രത്തിൽ വച്ച് ഇറാൻ കപ്പലിനെ തകർത്തുവെന്ന് അമേരിക്കയോട് ചോദിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്' എന്നായിരുന്നു. ഇറാനെ ആക്രമിക്കാൻ യു എസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങളെ ഉപയോഗിക്കുന്നുവെന്ന അമേരിക്കയുടെ മുൻ കരസേനാ ഉദ്യോഗസ്ഥൻ ഡഗ്ലസ് മക്ക് ഗ്രിഗോറിയസിന്റെ വെളിപ്പെടുത്തലും ഇതോടൊപ്പം ചേർത്ത് വായിക്കണം. ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം സ്ഥാപിക്കുന്നതിനുള്ള നാല് അടിസ്ഥാന കരാറുകളിലൊന്നായ പശ്ചാത്തല സൗകര്യങ്ങൾ പരസ്‌പരം ഉപയോഗിക്കാൻ അനുവദിക്കുന്ന ലിമോവ (Lemoa) കരാർ അനുസരിച്ച് തുറമുഖം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്‌ക്ക് കഴിയും. ഇന്ത്യൻ അധികൃതർ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും സാധ്യത തള്ളിക്കളയാനാവില്ല.

അയത്തൊള്ള അലി ഖമനേയിഅയത്തൊള്ള അലി ഖമനേയി

ഇന്ത്യാ സമുദ്രത്തിൽവച്ച് അമേരിക്ക ഇറാൻ കപ്പൽ തകർത്തത് യുദ്ധം തങ്ങളുടെ മേഖലയിലേക്ക് കൊണ്ടുവന്നതിന് സമാനമാണെന്ന് ശ്രീലങ്കയും മാലിദ്വീപും അഭിപ്രായപ്പെട്ടപ്പോൾ ഇന്ത്യ പാലിക്കുന്ന മൗനം സംശയമുണർത്തുന്നതാണ്. ഇറാനെ ആക്രമിച്ചത് അമേരിക്കയും ഇസ്രയേലുമാണെന്ന് പറയാൻ പോലും ഭയപ്പെടുന്ന ഇന്ത്യയെയാണ് നാം കാണുന്നത്. യുദ്ധം ആരംഭിച്ച വേളയിൽ ഇന്ത്യൻ വിദേശമന്ത്രാലയം ഇറക്കിയ പ്രസ്‌താവനയിൽ "ഇറാനിലെ സമീപകാല സംഭവങ്ങൾ' എന്നുമാത്രം പറഞ്ഞ് അക്രമികളായ അമേരിക്കയുടെയും ഇസ്രയേലിന്റെയും പേരെടുത്ത് പറയാതെ രക്ഷിക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. ഖമനേയി കൊല്ലപ്പെട്ടപ്പോഴും ഇതേ മൗനം തുടർന്നു. രാഷ്‌ട്രത്തലവനെ കൊല ചെയ്‌തതിനെ അപലപിക്കാനോ അതിൽ ദുഃഖം രേഖപ്പെടുത്താനോ ഇന്ത്യ തയ്യാറായില്ല. കൊല നടന്ന് അഞ്ച് ദിവസത്തിനുശേഷമാണ് ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ പോയി അനുശോചനമറിയിക്കാൻ ഇന്ത്യ തയ്യാറായത്. അതും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചത്. ഇറാൻ ആക്രമിക്കപ്പെടുന്നതിന് 48 മണിക്കൂർ മുമ്പാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയെന്ന നിലയിലുള്ള രണ്ടാം സന്ദർശനത്തിന് ഇസ്രയേലിലെത്തിയതും "ഞങ്ങൾ ഇപ്പോഴും എപ്പോഴും ഇസ്രയേലിനൊപ്പം നിലകൊള്ളു'മെന്ന് പ്രഖ്യാപിച്ചതും. ഗാസയിലെ കൂട്ടക്കൊല നടത്തിയതിന് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ട്‌ പുറപ്പെടുവിച്ച ക്രിമിനലായ നെതന്യാഹുവിനെയാണ് മോദി ആലിംഗനം ചെയ്‌തത്. ഇത് നൽകുന്ന സന്ദേശം വ്യക്തമാണ്.


ഖമനേയിയുടെ

രക്തസാക്ഷിത്വവും

ഇറാന്റെ പ്രതിരോധവും

160 സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 1332 പേരെയാണ് (മാർച്ച് ആറ് വരെ) ഇതിനകം അമേരിക്ക വധിച്ചത്. ഖമനേയിയെ വധിച്ചെങ്കിലും ഭരണമാറ്റം എന്ന ലക്ഷ്യം നേടാൻ അമേരിക്കയ്‌ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഖമനേയിയെ മാറ്റുന്നതോടെ ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചെടുത്ത് അധികാരം നേടാൻ ഇറാൻ ജനതയോട് അമേരിക്കൻ പ്രസിഡന്റ് ആഹ്വാനം ചെയ്‌തെങ്കിലും ജനങ്ങൾ അതിന് തയ്യാറായിട്ടില്ല. ഖമനേയി രക്തസാക്ഷിയാക്കപ്പെട്ടത് അറിഞ്ഞതോടെ ഭരണാധികാരികളോടുള്ള വെറുപ്പും അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ജനങ്ങൾ അമേരിക്ക‐ഇസ്രയേൽ ആക്രമണത്തിനെതിരെ രംഗത്തുവരുന്ന കാഴ്‌ചയാണ് ഇറാനിൽ ദൃശ്യമായത്. ലോകത്തെമ്പാടുമുള്ള 25 കോടിയോളം ഷിയാക്കളുടെ ആത്മീയ നേതാവാണ് ഖമനേയി. പലസ്‌തീൻ വിഷയത്തിൽ അവരുടെ കൂടെ മരണംവരെയും അചഞ്ചലമായി നിന്ന നേതാവ് എന്ന പ്രതീതിയുള്ളതിനാൽ ഗൾഫിലുൾപ്പെടെ ലോകമെങ്ങുമുള്ള മുസ്ലീങ്ങളുടെ നേതാവ് കൂടിയായി ഖമനേയി മാറി. ഏത് ഭരണത്തെയാണോ മാറ്റണമെന്ന് അമേരിക്ക ആഹ്വാനം ചെയ്‌തത് അതേ ഭരണക്കാരെ അധികാരത്തിൽ തുടരുന്നതിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് ഏകപക്ഷീയമായ ആക്രമണത്തിലൂടെ അമേരിക്ക സൃഷ്ടിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ പോലും അമേരിക്കൻ വിരുദ്ധവികാരം ആളിക്കത്തി. പുതിയ നേതാവിനെ കൗൺസിൽ ഓഫ് എക്‌സ്‌പേർട്ടുകൾ തെരഞ്ഞെടുക്കുന്നതുവരെ ഒരു മൂന്നംഗ സമിതിക്ക് ഭരണച്ചുമതല ഇറാൻ നൽകിക്കഴിഞ്ഞു. ആയത്തൊള്ള അലി റേസ അറാഫിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഖമനേയിയുടെ മകൻ മൊജ്താബ ഖമനേയി അടുത്ത പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇയാൾ സ്വീകാര്യനല്ലെന്നും വെനസ്വേലയിൽ മഡൂറോയെ മാറ്റി ഡെൽസി റൊഡ്രിഗ്യൂസിനെ തെരഞ്ഞെടുത്തമാതിരി തന്റെ അനുമതിയോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ തിട്ടൂരം.

ഖമനേയി കൊല്ലപ്പെട്ടതുകൊണ്ട് ഇറാനിയൻ രാഷ്‌ട്രീയ നേതൃത്വമോ സൈനിക നേതൃത്വമോ അവരുടെ സൈനിക ആസൂത്രണത്തിലോ യുദ്ധ നടത്തിപ്പിലോ നയതന്ത്രജ്ഞതയിലോ എന്തെങ്കിലും പിന്നോട്ടുപോക്കോ ദുർബലതയോ പ്രകടിപ്പിച്ചുവെന്ന് പറയാനാവില്ല. മത നേതൃത്വത്തിൻ കീഴിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഒരു ചാഞ്ചല്യവും പ്രകടിപ്പിക്കാതെ യുദ്ധമുഖത്ത് പ്രവർത്തിക്കുന്നതാണ് ലോകം കണ്ടത്. ഖമനേയി നേരത്തേ പ്രഖ്യാപിച്ചതുപോലെ ഒരു പ്രാദേശിക യുദ്ധമായി ഇറാൻ ആക്രമണത്തെ മാറ്റാൻ അവർക്ക് കഴിഞ്ഞു. ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയതുപോലെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കും അമേരിക്കൻ സാമ്പത്തിക താൽപ്പര്യം പ്രതിനിധീകരിക്കുന്ന ആമസോൺ, മൈക്രോസോഫ്റ്റ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി തുടങ്ങിയവയുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു. തുടർന്ന് അവർ അമേരിക്കൻ സ്ഥാനപതി കാര്യാലയങ്ങൾ ലക്ഷ്യമിടാൻ തുടങ്ങി. ഇതിന്റെ ഫലമായി സൗദി, കുവൈത്ത്, ലെബനൻ, ബഹറൈൻ എന്നിവിടങ്ങളിലെ എംബസികൾ അടച്ചിടാൻ അമേരിക്ക നിർബന്ധിതമായി. ഗൾഫ് മേഖലയിലെ 19 അമേരിക്കൻ സൈനികത്താവളങ്ങളിലെ ഏഴിടത്തുമുള്ള വാർത്താവിനിമയ ഇന്റർസെപ്റ്റ് സംവിധാനങ്ങൾ തകർക്കാൻ ഇറാന് കഴിഞ്ഞു. അതോടൊപ്പം എണ്ണ -വാതക കിണറുകൾ ലക്ഷ്യമാക്കിയും ഇറാൻ ആക്രമണം നടത്തി. സൗദിയിലെ ആരാംകോ എണ്ണ ഉൽപ്പാദന കേന്ദ്രം അടച്ചിടേണ്ടിവന്നു. ഖത്തർ അവരുടെ വാതക ടെർമിനലും അടച്ചിട്ടു. ഏറ്റവും അവസാനമായി ഇസ്രയേലിന്റെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇറാൻ സൂപ്പർസോണിക് ബാലിസ്റ്റിക്‌ മിസൈൽ ആക്രമണം നടത്തിയതായാണ് വാർത്ത. ഇസ്രയേൽ അതീവരഹസ്യമായി സൂക്ഷിച്ച ഈ ആണവകേന്ദ്രത്തിലെ റഡാർ സംവിധാനം തകർന്നതായും റിപ്പോർട്ടുണ്ട്. റഷ്യൻ സഹായത്തോടെയാണ് ഇത്തരം രഹസ്യങ്ങൾ ഇറാന് ചോർന്ന് കിട്ടുന്നത് എന്ന് "വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്‌തു. അതായത് ഇറാൻ അവരുടെ ഏറ്റവും പ്രഹരശേഷിയുള്ള ഖുറംഷഹർ മിസൈലുകളും പുറത്തെടുക്കാൻ തുടങ്ങിയിരിക്കുന്നു എന്നർഥം.

മൊജ്താബ ഖമനേയി മൊജ്താബ ഖമനേയി

ലോകത്ത് ഇന്ധനക്ഷാമം സൃഷ്ടിച്ച് ലോകരാഷ്‌ട്രങ്ങളെയും അമേരിക്കൻ‐ഇസ്രയേൽ വിരുദ്ധപക്ഷത്തേക്ക് നയിക്കാനുള്ള തന്ത്രമാണ് ഇറാൻ പയറ്റുന്നതെന്ന് മാധ്യമവാർത്തകൾ വന്നു. യൂറോപ്പിന് ഉൾപ്പെടെ വാതകം നൽകുന്നത് റഷ്യ അവസാനിപ്പിക്കുന്നപക്ഷം ഊർജ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും. ഇറാൻ സുരക്ഷാ ഉപദേഷ്ടാവ് അലി ലാറിജാനി ഈ രീതിയിലുള്ള ആസൂത്രണം നടത്തുന്നുണ്ടെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവരികയുണ്ടായി. പേർഷ്യൻ ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതും ഈ തന്ത്രത്തിന്റെ ഭാഗമാണ്. ലോകത്തിലെ മൊത്തം എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനവും വിനിമയം ചെയ്യപ്പെടുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇന്ത്യയിലേക്കുള്ള എണ്ണയുടെ 15 ശതമാനവും പ്രകൃതിവാതകത്തിന്റെ 25 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തേണ്ടത്. ഇന്ത്യ ഒരു ദിവസം ഉപഭോഗം ചെയ്യുന്ന ഗ്യാസിന്റെ മൂന്നിലൊന്നും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തർ എൽഎൻജി പ്ലാന്റ് അടച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യ പോകുന്നത്. റഷ്യയിൽനിന്ന്‌ എണ്ണ ഇറക്കുമതി ചെയ്യാൻ ഒരു മാസത്തേക്ക് അമേരിക്ക അനുവദിച്ചത് മാത്രമാണ് ഇന്ത്യയ്‌ക്ക് ആശ്വാസം പകരുന്നത്. ഇന്ത്യൻ താൽപ്പര്യവും പരമാധികാരവും അമേരിക്കയ്‌ക്ക് അടിയറവച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ നാം അനുഭവിക്കുന്നതെന്നർഥം. റഷ്യയിൽനിന്ന്‌ ഇന്ധനം ഇറക്കുമതി ചെയ്യാൻ അമേരിക്കയുടെ അനുവാദം വേണം! മോദി തന്നെ ഏറ്റവും വലിയ രാജ്യസ്‌നേഹി!


ഇപ്പോൾ തന്നെ ഇന്ധനവില ഉയർന്നിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള നാൽപ്പതോളം കപ്പലുകൾ യാത്ര തുടരാനാവാതെ പേർഷ്യൻ ഗൾഫിൽ കുടുങ്ങി കിടക്കുകയാണിപ്പോൾ. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളവും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 25 ദിവസത്തേക്കുള്ള കരുതൽ ശേഖരം മാത്രമാണ് ഇന്ത്യയിലുള്ളതെന്നാണ് പെേട്രാളിയം മന്ത്രാലയം തന്നെ അറിയിച്ചിട്ടുള്ളത്. അതായത് യുദ്ധം നീണ്ടാൽ ഇന്ത്യയിലുൾപ്പെടെ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇന്ധനക്ഷാമം ഉണ്ടായാൽ ചരക്ക് ഗതാഗതം താറുമാറാകും. സാധന വില ഉയരും. ജനജീവിതം ദുസ്സഹമാകും.


പ്രതിരോധത്തിന്റെ അച്ചുതണ്ടും

ഇറാനൊപ്പം യുദ്ധത്തിൽ

ഇറാന്റെ "പ്രതിരോധത്തിന്റെ അച്ചുതണ്ട്' എന്ന് വിശേഷിപ്പിക്കുന്ന ശക്തികളും യുദ്ധത്തിൽ സജീവമായി പങ്കെടുത്തുവരികയാണ്. ലെബനണിലെ ഹിസ്‌ബൊള്ളയും ഗാസയിലെ ഹമാസും ഇറാക്കിലെ ഷിയ മിലീഷ്യയും യെമനിലെ ഹൂത്തികളും മറ്റുമാണ് ഈ അച്ചുതണ്ടിലുള്ളത്. ഗാസ യുദ്ധ വേളയിൽ ലെബനണിലെ ഹിസ്‌ബൊള്ള കേന്ദ്രങ്ങൾക്ക് നേരേ ആക്രമണം കടുപ്പിച്ച് അവരെ ദുർബലമാക്കാൻ ഇസ്രയേലിന് കഴിഞ്ഞെങ്കിലും പൂർണമായും നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ ഇപ്പോൾ ഇസ്രയേലിന് നേരേ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ വ്യക്തമാക്കുന്നു. മൂവായിരത്തിലധികം മിസൈലുകൾ ഇവരുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനാലാണ് ഹിസ്‌ബൊള്ള ശക്തികേന്ദ്രമായ ദക്ഷിണ ലെബനണിൽ ഇസ്രയേൽ ഇപ്പോൾ ആക്രമണം കടുപ്പിച്ചിട്ടുള്ളത്.

അമേരിക്കൻ‐ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഇറാനിലെ ഒരു കെട്ടിടംഅമേരിക്കൻ‐ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഇറാനിലെ ഒരു കെട്ടിടം

ഇറാക്കിലെ ഇറാൻ അനുകൂല മിലീഷ്യയും കുർദിഷ് സേനക്കെതിരെ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. അഫ്ഗാനിലും ഇറാഖിലും അമേരിക്കൻ കരസേന നേരിട്ട് ഇടപെട്ടതിന്റെ ദുരന്തഫലം വേട്ടയാടുന്നതിനാൽ ഇറാനിൽ ഭരണമാറ്റത്തിനായി ഒരു കരയുദ്ധത്തിന് അമേരിക്ക തയ്യാറല്ല. എന്നാൽ അമേരിക്ക‐ഇസ്രയേൽ കൂട്ടുകെട്ടിന്റെ പ്രതീക്ഷയ്‌ക്ക് വിരുദ്ധമായി ഇറാൻ പിടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ അവരെ ദുർബലമാക്കാൻ ഇറാന്റെ പശ്ചിമ മലനിരകളിൽ കുർദുകളെ ആയുധമണിയിച്ച് ഇറക്കാൻ അമേരിക്കൻ ചാരസംഘടനയായ സിഐഎ തീരുമാനിച്ചതായി "വാൾസ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇത് യുദ്ധം ഇറാക്കിലേക്കും തുർക്കിയിലേക്കും വ്യാപിക്കുന്നതിന് വഴിവയ്‌ക്കും. കുർദുകളെ ആയുധമണിയിക്കുന്നതിനെ തുർക്കിക്ക് അംഗീകരിക്കാനാവില്ല. നാറ്റോ അംഗം കൂടിയായ തുർക്കി നിലവിൽ അമേരിക്ക‐ഇസ്രയേൽ ആക്രമണത്തിനൊപ്പമാണ്. എന്നാൽ കുർദുകൾ വിഭാവനം ചെയ്യുന്ന സ്വതന്ത്ര രാഷ്‌ട്രത്തിൽ തുർക്കിയുടെ പ്രദേശംകൂടി ഉൾപ്പെടുന്നതിനാൽ അവരെ ആയുധമണിയിക്കുന്നതിനെ തുർക്കിക്ക് അംഗീകരിക്കാനാവില്ല. ഇത് നാറ്റോ സഖ്യത്തിൽ വിള്ളലുണ്ടാക്കും. കഴിഞ്ഞ ദിവസം ഇറാക്കിലെ എർബിലിലുള്ള അമേരിക്കൻ സൈനികത്താവളത്തിന്റെ ഭാഗമായ വിമാനത്താവളത്തിന് നേരേ ഇറാക്ക്‌ മിലീഷ്യ ആക്രമണം നടത്തുകയുണ്ടായി. അതുപോലെ ഇവർ ജോർദാനെയും കുവൈത്തിനെയും ലക്ഷ്യമാക്കി ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായും "ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുകയുണ്ടായി. പക്ഷേ ഇറാക്കി ന്യൂസ് ഏജൻസി ഈ വാർത്തയ്‌ക്ക് സ്ഥിരീകരണം നൽകിയിട്ടില്ല. അതുപോലെ യെമനിലെ ഹൂത്തികളും ഇറാന് പിന്തുണയുമായി രംഗത്തുണ്ട്. ചെങ്കടലിലൂടെയുള്ള ഗതാഗതം നിരോധിക്കുമെന്ന ഹൂത്തികളുടെ പ്രഖ്യാപനം എണ്ണ -വാതക കടത്തിനെ രൂക്ഷമായി ബാധിക്കും. അതായത് ഇറാന് പിന്തുണയുമായി പ്രതിരോധത്തിന്റെ അച്ചുതണ്ടിൽപെട്ട സംഘടനകൾ രംഗത്തുവന്നതും അമേരിക്ക‐ഇസ്രയേൽ കണക്കുകൂട്ടലുകൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു. അതായത് ഖമനേയിയുടെ വധത്തോടെ ഇറാനിലെ ഗവൺമെന്റും ഭരണസംവിധാനവും നിലംപൊത്തുമെന്ന ട്രംപിന്റെയും നെതന്യാഹുവിന്റെയും സ്വപ്‌നം യാഥാർഥ്യമായില്ലെന്ന് മാത്രമല്ല ഒരു പശ്ചിമേഷ്യൻ യുദ്ധമായി അത് മാറുകയും ചെയ്‌തു. സ്വന്തം സുരക്ഷകൂടി പരിഗണിച്ച് അമേരിക്കൻ സൈനികത്താവളങ്ങൾക്ക് അനുമതി നൽകിയ ഗൾഫ് രാഷ്‌ട്രങ്ങൾ വെട്ടിലായിരിക്കുന്നു. സുരക്ഷ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഉള്ള സുരക്ഷ കൂടി നഷ്ടപ്പെടുകയും ചെയ്‌തു. ഒരു സൗദി മന്ത്രി പറഞ്ഞത് ഇറാൻ മിസൈലുകളും ഡ്രോണും തടയുന്നതിന് സൈനിക കേന്ദ്രങ്ങളിൽ ഇന്റർസെപ്റ്റ് ഉപയോഗിക്കുന്നതിന് പകരം അമേരിക്ക അവ ഇസ്രയേലിന് നൽകുന്നുവെന്നാണ്. വിലകുറഞ്ഞ ഒരു ഡ്രോണിനെ തടയാൻ വിലകൂടിയ മൂന്ന്, നാല് ഇന്റർസെപ്റ്ററുകളെങ്കിലും വേണം. ഇതും അമേരിക്കയ്‌ക്കും ഇസ്രയേലിനും പ്രശ്നം സൃഷ്ടിക്കുകയാണ്. ഇറാനെ എതിർക്കാനും അനുകൂലിക്കാനും കഴിയാത്ത അവസ്ഥയിലാണിപ്പോൾ ഗൾഫ് രാഷ്‌ട്രങ്ങളും ചെന്നുപെട്ടിട്ടുള്ളത് എന്ന് സൗദി മന്ത്രിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു.


ട്രംപിനും നെതന്യാഹുവിനും

എവിടെയാണ് പിഴച്ചത്

ഏതൊരു യുദ്ധത്തിലും ഏർപ്പെടുന്ന കക്ഷികൾക്ക് ആദ്യം വേണ്ടത് വ്യക്തമായ ഒരു ലക്ഷ്യമാണ്. യുദ്ധംകൊണ്ട് എന്ത് നേടണമെന്ന് ആദ്യം നിശ്ചയിക്കണം. അതോടൊപ്പം യുദ്ധത്തിൽനിന്നും പിൻവാങ്ങുന്നത് സംബന്ധിച്ചും വ്യക്തമായ ഒരു പദ്ധതി വേണം. ഈ യുദ്ധം നൽകുന്ന പാഠം അമേരിക്കയ്‌ക്കും ഇസ്രയേലിനും വ്യക്തമായ ഒരു യുദ്ധപദ്ധതി ഇല്ലായിരുന്നു എന്നാണ്. ട്രംപ് പറഞ്ഞത് "റെജിം ചെയ്ഞ്ചും' "ആണവ പദ്ധതി’ ഇല്ലാതാക്കലുമാണ് ലക്ഷ്യമെന്നായിരുന്നു. നെതന്യാഹു പറഞ്ഞതാകട്ടെ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയാണ് ഇറാനെന്നും അതിനാൽ ആ രാജ്യത്തിന്റെ സമ്പൂർണ നാശമാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു. ഇത് വിരൽചൂണ്ടുന്നത് ഈ കൂട്ടുകെട്ടിന് യോജിച്ച ഒരു ലക്ഷ്യം ഇല്ലായിരുന്നുവെന്നാണ്. എന്നാൽ അമേരിക്ക പോലുള്ള ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയോട് ഏറ്റുമുട്ടി വിജയിക്കാനാവില്ലെന്ന് വ്യക്തമായ ബോധ്യമുള്ളതിനാൽ യുദ്ധം പ്രാദേശിക യുദ്ധമായി വളർത്തി അമേരിക്കയെയും അവരുടെ കൂട്ടാളികളെയും പരമാവധി ശ്വാസംമുട്ടിക്കുക ലക്ഷ്യമാക്കിയാണ് ഇറാൻ നീങ്ങിയത്. നിലനിൽപ്പിനായുള്ള അന്തിമ യുദ്ധമാണ് ഇറാൻ നടത്തുന്നത്. മാത്രമല്ല, ഇത്തരമൊരു ഏറ്റുമുട്ടൽ 1979 മുതൽ ഇറാൻ പ്രതീക്ഷിച്ചിരുന്നു. അതിനാൽ അവർ കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പരമാവധി ആധുനികവൽക്കരിക്കുകയും വൻതോതിൽ നിർമിക്കുകയും ചെയ്തു. വിദേശ ശക്തികളെ ആശ്രയിക്കാതെ സ്വയം നിർമിച്ചവയാണിവയിൽ അധികവും എന്ന പ്രത്യേകതയുമുണ്ട്. അതുമാത്രമല്ല, ഇതു നിർമിക്കുന്നതും ശേഖരിക്കുന്നതും ഒരിടത്ത് മാത്രമായിരുന്നില്ല. നിരവധി മലമ്പ്രദേശങ്ങൾ ഉള്ളതിനാൽ അവയുടെ അടിയിൽ നൂറോളം മീറ്റർ താഴ്‌ചയിലാണ് നിർമാണ യൂണിറ്റുകളും ശേഖരണ കേന്ദ്രങ്ങളും ഉണ്ടായിരുന്നത്. അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് പോലും ഇവ തകർക്കുക എളുപ്പമല്ലായിരുന്നു. 2025 ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളായ നതാൻസിലും ഫോർദോയിലും ഇസ്‌ഫഹാനിലും അമേരിക്ക ബി-‐2 വിമാനങ്ങൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തുകയുണ്ടായി. അതിനുശേഷം ഇറാന്റെ ആണവശേഷി തുടച്ചുനീക്കിയെന്ന് (obliterated) ട്രംപ് അവകാശപ്പെടുകയും ചെയ്‌തു. അങ്ങനെ തുടച്ചുനീക്കിയെങ്കിൽ ഇപ്പോഴത്തെ യുദ്ധം എന്തിന് വേണ്ടിയാണ്? ആണവശേഷി പൂർണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫെബ്രുവരി 28‐ന്റെ ആക്രമണത്തിന് ശേഷം സ്വന്തം സാമൂഹ്യമാധ്യമ വേദിയായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്‌ത എട്ടു മിനിറ്റ്‌ വീഡിയോയിൽ ട്രംപ് ആവർത്തിച്ചത് എന്തിനായിരുന്നു? യുദ്ധത്തിന് തൊട്ടുമുമ്പ് ഒമാൻ വിദേശമന്ത്രിയുടെ മധ്യസ്ഥതയിൽ മൂന്നുവട്ടം ആണവ പദ്ധതിയെക്കുറിച്ച് അമേരിക്ക ചർച്ച നടത്തിയത് ആരെ കബളിപ്പിക്കാനായിരുന്നു? സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചുവെന്നും ഐഎഇഎയ്‌ക്കും അമേരിക്കൻ ഉദ്യോഗസ്ഥർക്കും ആണവ കേന്ദ്രങ്ങൾ പരിശോധിക്കാൻ ഇറാൻ അനുവദിച്ചുവെന്നും സമാധാന കരാറിലെത്തിയെന്നും അമേരിക്കയിലെ സിബിഎസ് ടെലിവിഷനോട് ഒമാൻ വിദേശമന്ത്രി ബദർ അൽ ബുസൈദി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇറാനെതിരെ ആക്രമണമുണ്ടായത്. ഇതിൽനിന്നും രണ്ട് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, അമേരിക്കയോ ഇസ്രയേലോ സമാധാനം ആഗ്രഹിക്കുന്നില്ല. ഇറാനെ തകർത്ത് അവർക്കുള്ള പ്രാദേശികമായുള്ള സ്വാധീനം ഇല്ലാതാക്കി പശ്ചിമേഷ്യയെ ഇസ്രയേൽ-‐അമേരിക്കൻ സമ്പൂർണ നിയന്ത്രണത്തിലാക്കി പലസ്‌തീൻ പ്രശ്നം എന്നെന്നേക്കുമായി കുഴിച്ചുമൂടുകയാണ് ഇവരുടെ ഒരു പ്രധാന ലക്ഷ്യം; അതുവഴി "ഗ്രേറ്റർ ഇസ്രയേൽ' സ്ഥാപിക്കുകയും.

ഇറാനിലെ യു എസ്‌ ആക്രമണത്തിനെതിരെ  ന്യൂയോർക്ക്‌ നഗരത്തിൽ നടന്ന പ്രകടനംഇറാനിലെ യു എസ്‌ ആക്രമണത്തിനെതിരെ ന്യൂയോർക്ക്‌ നഗരത്തിൽ നടന്ന പ്രകടനം

ഗൾഫിൽ ഇസ്രയേലിന്റെ ലക്ഷ്യത്തിന് എതിരായിനിന്ന എല്ലാ ശക്തികളെയും അവർക്ക് അമേരിക്കയുടെ സഹായത്തോടെ ഇതിനകം തകർക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇറാക്കിൽ സദ്ദാം ഹുസൈനെയും ലിബിയയിൽ കേണൽ ഗദാഫിയെയും അവർ വധിച്ചു. സിറിയയിൽ ബഷർ അൽ അസദിനെ അധികാരത്തിൽ നിന്നും പുറത്താക്കാനും ഇവർക്ക് കഴിഞ്ഞു. ഇറാനിൽ മാത്രമാണ് ഭരണമാറ്റം അസാധ്യമായിരുന്നത്. ആ ലക്ഷ്യംകൂടി യാഥാർഥ്യമാക്കാനാണ് ഇപ്പോഴത്തെ യുദ്ധം. എന്നാൽ ഈ ലക്ഷ്യം ഇസ്രയേലിന് തനിച്ച് നേടാനാകില്ല. ഇറാക്കിനേക്കാൻ വലിപ്പവും ജനസംഖ്യയുമുള്ള രാജ്യമാണ് ഇറാൻ. ഇസ്രയേലിന്റെ 70 ഇരട്ടി വലിപ്പമുണ്ട്. സൈനികശേഷിയിലും ഇസ്രയേലിനേക്കാൾ മുന്നിലാണ്. ആണവായുധം കൂടി കരസ്ഥമാക്കിയാൽ ഒരിക്കലും ഇറാനെ തോൽപ്പിക്കാനാവില്ല. ഇതിനാലാണ് ഇറാൻ ആണവായുധം നേടുന്നത് മേഖലയുടെ സുരക്ഷിതത്വം ഇല്ലാതാക്കുമെന്ന് ഇസ്രയേലും അമേരിക്കയും വിളിച്ചുകൂവുന്നത്. അയ്യായിരത്തിലധികം ആണവബോംബുകളുള്ള അമേരിക്കയും നൂറോളം ആണവ ബോബുകളുള്ള ഇസ്രയേലും ആണ് ഇറാൻ ആണവായുധം നേടുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് പറയുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അമേരിക്കൻ കാപട്യത്തിന് ഒരു മറുവശം കൂടിയുണ്ട്. ഷാ ഭരണകാലത്ത് ആണവസഹകരണ ഉടമ്പടിയുണ്ടാക്കി ആണവറിയാക്ടർ (1967ൽ) ഇറാന് നൽകിയതും ഇതേ അമേരിക്കയാണ്. സമാധാന ആവശ്യങ്ങൾക്ക് മാത്രമാണ് ആണവോർജം ഉപയോഗിക്കുന്നതെന്നാണ് ഇറാന്റെ വാദം. ആണവായുധങ്ങൾ ഇറാന്റെ കൈവശമില്ലെന്ന് മറ്റാരേക്കാളും അറിയുന്നത് അമേരിക്കയ്‌ക്കും ഇസ്രയേലിനുമാണ്. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നുവെങ്കിൽ ഈ യുദ്ധത്തിന് അമേരിക്കയോ ഇസ്രയേലോ ഇപ്പോൾ തയ്യാറാവുമെന്ന് കരുതാനാവില്ല.


മറ്റൊരു അമേരിക്കൻ ലക്ഷ്യം ഇറാന്റെ എണ്ണ-വാതക നിയന്ത്രണം ബഹുരാഷ്‌ട്ര കമ്പനികൾ വഴി സ്വയം നിയന്ത്രണത്തിലാക്കുക എന്നതാണ്. 1979ൽ അമേരിക്കൻ പാവയായ ഷായുടെ ഭരണത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ താഴെയിറക്കി ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ വന്നതോടെയാണ് എണ്ണയുടെ നിയന്ത്രണം അവർക്ക് നഷ്ടമായത്. 1953ൽ അമേരിക്ക ഷാ ഭരണം ഇറാനിൽ കൊണ്ടുവന്നതുതന്നെ എണ്ണയുടെ നിയന്ത്രണം നേടാനായിരുന്നു. 1950ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മൊസ്സോദെഖിന്റെ സർക്കാരാണ് 1913 മുതൽ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആംഗ്ലോ പേർഷ്യൻ എണ്ണ കമ്പനിയെ (ഇപ്പോഴത്തെ BP) ദേശസാൽക്കരിച്ചത്. ഇറാൻ സർക്കാരുമായുള്ള കരാറിന് പുറത്ത് എണ്ണ കുഴിച്ചെടുത്ത് വിറ്റതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയതോടെയാണ് കമ്പനി ദേശസാൽക്കരിക്കാൻ മൊസ്സോദെഖ് ഗവൺമെന്റ്‌ തീരുമാനിച്ചത്. ദേശസാൽക്കരണം എന്നാൽ അമേരിക്കൻ ഭാഷയിൽ തങ്ങൾക്ക്‌ ലഭിക്കേണ്ട കൊള്ളലാഭം തട്ടിപ്പറിക്കലാണ്. അതുകൊണ്ടാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയും ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്‌സും ചേർന്ന് മൊസ്സോദെഖിനെ അട്ടിമറിച്ചത്. നിലവിലുള്ള ഇസ്ലാമിക ഭരണകൂടത്തെ മാറ്റി എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കാനായാൽ ഗൾഫിലെ ഊർജസ്രോതസ്സിന്റെ നിയന്ത്രണം അമേരിക്കൻ കൈവശമാകും. ഈ മേഖലയിലേക്ക് ചൈനയും റഷ്യയും അവരുടെ സ്വാധീനം വർധിപ്പിക്കുന്നത് തടയുകയും അമേരിക്കൻ ലക്ഷ്യമാണ്.


കഴിഞ്ഞ മാസം മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്, പാശ്ചാത്യ സംസ്‌കാരം പ്രഫുല്ലമായത് പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് കോളനികളുള്ള കാലമായിരുന്നു. ദൈവവിശ്വാസികളല്ലാത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളും കോളനിവിരുദ്ധ വിമോചന പ്രസ്ഥാനങ്ങളുമാണ് പാശ്ചാത്യരുടെ ആ "നല്ല കാലത്തിന്' തിരശ്ശീലയിട്ടത്. അത് തിരിച്ചുപിടിക്കാൻ കൂട്ടായി പ്രവർത്തിക്കാം എന്നാണ് യൂറോപ്യൻ രാഷ്‌ട്രങ്ങളോട് റൂബിയോ ആഹ്വാനം ചെയ്‌തത്. നഷ്ടപ്പെട്ടുപോയ ആ നല്ല കാലം തിരിച്ചുകൊണ്ടുവരണമെങ്കിൽ എണ്ണയും ധാതുലവണങ്ങളുമുള്ള പ്രദേശങ്ങളും രാജ്യങ്ങളും വീണ്ടും കോളനിവൽക്കരിക്കണം. അമേരിക്ക ആ രീതിയിലുള്ള നീക്കത്തിനാണ് വെനസ്വേലയിൽ തുടക്കമിട്ടത്. കാനഡയും ഗ്രീൻലാൻഡും ക്യൂബയും പിടിക്കുമെന്ന് അമേരിക്ക പറയുന്നതും ഈ പശ്ചാത്തലത്തിലാണ്. ഇറാൻ ആക്രമണവും സാമ്രാജ്യത്വത്തിന്റെ ഈ നയത്തിന്റെ ഭാഗമാണ്. വിശാലമായ ഒരു സാമ്രാജ്യത്വവിരുദ്ധ മുഖം തുറക്കേണ്ട സമയം ആഗതമായിരിക്കുന്നു. ഇറാൻ യുദ്ധം അതിന് വഴി തുറക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം .



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home