ലേഖനം
കടിഞ്ഞാൺ ഇറാന്റെ കൈയിൽ; അമേരിക്കയ്‌ക്ക് താക്കീത്


വി ബി പരമേശ്വരൻ
Published on Apr 06, 2026, 12:00 PM | 7 min read
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുന്നു. യുദ്ധത്തിന്റെ തീവ്രത കുറയ്‌ക്കുകയാണെന്നും ഇറാന്റെ മിസൈൽ ശേഷിയും സൈനികശേഷിയും കുറച്ചുവെന്നും നാവിക-‐വ്യോമശേഷി തുടച്ചുനീക്കിയെന്നും ട്രംപ് ഒരുവശത്ത് അവകാശപ്പെടുമ്പോൾ മറ്റുള്ളവർ വിശ്വസിക്കുന്നതിനേക്കാൾ വേഗം യുദ്ധം അവസാനിക്കുമെന്നും ഇറാനെ തകർത്തുകഴിഞ്ഞുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു മറുവശത്ത് ആണയിടുകയാണ്. അപ്പോഴും യുദ്ധം ശമനമില്ലാതെ തുടരുകയാണ്. മാർച്ച് 23ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിലാണെന്നും പ്രധാന കാര്യങ്ങളിൽ ധാരണയായെന്നും ട്രംപ് അറിയിക്കുകയുണ്ടായി. ട്രംപിന്റെ മധ്യ പൗരസ്‌ത്യ വക്താവ് സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാറദ് കുഷ്നറും ആണ് ചർച്ചയ്‌ക്ക് നേതൃത്വം നൽകുന്നതെന്നുംകൂടി അദ്ദേഹം അറിയിക്കുകയുണ്ടായി. 48 മണിക്കൂറിനകം ഹോർമുസ് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ പവർ സ്റ്റേഷനുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന മുൻഭീഷണി ട്രംപ് പിൻവലിക്കുകയും അഞ്ച് ദിവസത്തേക്ക് ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ മേഖലയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരേ ആക്രമണം നടത്തുമെന്നും ഇറാൻ തീരമോ ഖാർഗ് ദ്വീപോ ലക്ഷ്യമിട്ടാൽ ഗൾഫ് തീരം മുഴുവൻ മൈനുകൾ സ്ഥാപിക്കുമെന്നും ഇറാനും തിരിച്ചടിച്ചു. എന്നാൽ ചർച്ച നടക്കുന്നുവെന്ന വാർത്ത ഇറാൻ പൂർണമായും നിഷേധിച്ചു. ടെഹ്റാനും വാഷിങ്‌ടണും തമ്മിൽ ഒരു ചർച്ചയും ഇല്ലെന്നും കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിർത്താനും അടുത്ത ആക്രമണത്തിന് സമയം കണ്ടെത്താനുമുള്ള അമേരിക്കൻ പദ്ധതിയുടെ ഭാഗമാണ് ചർച്ചയുടെ പുകമറയെന്നും ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് വ്യക്തമാക്കി.
തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയപ്പോൾ
ഈ മേഖലയിലേക്ക് മൂന്ന് യുദ്ധക്കപ്പലുകളും 5000 നാവികരെയും അമേരിക്ക അയച്ചിട്ടുണ്ട്. ഇറാൻ തീരത്തുനിന്നും നേരത്തെ പിൻവാങ്ങിയ യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന കപ്പൽ വീണ്ടും ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുകയാണ്. 5000 നാവിക കമാൻഡോകളെയും വഹിച്ച് യുഎസ്എസ് ട്രിപ്പോളിയും എസ്എസ് ജെറാൾഡ് ഫോർഡും ഇറാൻ തീരത്തേക്ക് അടുക്കുന്നതായാണ് വിവരം. യുഎസ് നേവി ഇൻസ്റ്റിറ്റ്യൂട്ട് മാർച്ച് 23ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അവയെത്തിച്ചേരാനുള്ള സമയം തേടുകയാണ് ട്രംപ് എന്നാണ് വിലയിരുത്തൽ. കര-‐നാവിക-‐വ്യോമസേന ഉപയോഗിച്ച് ഹോർമുസിന്റെയും ഖാർഗ് ദ്വീപിന്റെയും നിയന്ത്രണം ഏറ്റെടുത്ത് ഇറാനുമായുള്ള യുദ്ധത്തിന് വിരാമമിടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മേഖലയിലെ ചില രാഷ്‌ട്രങ്ങൾ സംഘർഷം ലഘൂകരിക്കാനായി നീക്കങ്ങൾ നടത്തുന്നു എന്നത് വസ്‌തുതയാണ്. (സംഘർഷം ലഘൂകരിക്കുന്നതിന് പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ ട്രംപുമായി സംസാരിച്ചതായി വാർത്തയുണ്ട്. ഈജിപ്തും ഒമാനും യുദ്ധവിരാമത്തിനായി ശ്രമം നടത്തുന്നതായും വാർത്തയുണ്ട്.) അവരോട് ഇറാന് പറയാനുള്ളത് യുദ്ധം തുടങ്ങിയത് ഞങ്ങളല്ലെന്നും അതിനാൽ സമാധാനത്തിനായുള്ള നിർദേശങ്ങൾ വാഷിങ്‌ടണിന് മുമ്പിലാണ് വയ്‌ക്കേണ്ടതെന്നുമാണ്. യുഎസ് തോൽവി സമ്മതിച്ച് പിൻവാങ്ങുകയാണെന്നും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയിൽ ഭയന്നാണ് ട്രംപിന്റെ നീക്കമെന്നും ഇറാൻ വാർത്താ ഏജൻസി "മെഹർ' റിപ്പോർട്ട് ചെയ്‌തു. അതായത്, യുദ്ധത്തിന്റെ കടിഞ്ഞാൺ അമേരിക്കയുടെ കൈവശമല്ല ഇറാന്റെ കൈവശമാണെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്.
സൗത്ത് പാറിനെതിരായ
ആക്രമണവും
യുദ്ധത്തിന്റെ വ്യാപ്തിയും
ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ സമ്പൂർണ നാശമായതുകൊണ്ടുതന്നെ വെടിനിർത്തലിനുള്ള അമേരിക്കൻ നീക്കത്തെ തകർക്കാനാണ് ഇസ്രയേൽ ശ്രമിക്കുക. ഇതിന്റെ ഭാഗമായാണ് യുദ്ധത്തിന്റെ മൂന്നാമത്തെ ആഴ്‌ച മാർച്ച് 18ന് ഇറാനിലെ തന്ത്രപ്രധാന സൗത്ത് പാർസ് വാതകപ്പാടത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ യുദ്ധം രൂക്ഷമാക്കിയത്. യുദ്ധം ആരംഭിക്കുകയും ഇറാൻ ഹോർമുസ് ഇടനാഴി അടയ്‌ക്കുകയും ചെയ്‌തതോടെ തന്നെ ലോകം ഇന്ധന പ്രതിസന്ധിയിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. ഈ പ്രതിസന്ധി രൂക്ഷമാക്കാനേ ഈ ആക്രമണം ഉപകരിച്ചുള്ളൂ. ഇറാനും ഖത്തറും സംയുക്തമായി നടത്തുന്ന വാതകപ്പാടത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടന്നത്. ഇറാൻ ഇതിനെ സൗത്ത് പാർ എന്നും ഖത്തർ ഇതിനെ നോർത്ത് ഫീൽഡ് എന്നുമാണ് വിളിക്കുന്നത്. 1800 ക്യുബിക് അടി ഗ്യാസ് ശേഖരം ഇവിടെയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലോകത്തിന് 13 വർഷത്തേക്ക് ആവശ്യമായ ഗ്യാസ് ശേഖരമാണ് ഇതെന്ന് റോയിട്ടർ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാതക ശേഖരമുള്ള രാജ്യങ്ങളാണ് ഇറാനും (രണ്ടാമത്) ഖത്തറും (മൂന്നാമത്). ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നിന്ന് 80 കിലോമീറ്റർ അകലെ റാസ് ലഫാൻ വ്യവസായ നഗരം നിർമിച്ചതുതന്നെ ഈ വാതകശേഖരം കണ്ടെത്തി അത് ഖനനം ചെയ്യാനും വിപണനം നടത്താനുമായിരുന്നു. ഖത്തറിനാവശ്യമായ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) പൂർണമായും, ലോകാവശ്യത്തിന്റെ അഞ്ചിലൊന്നും ഇവിടെ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇറാനാകട്ടെ ആഭ്യന്തര ആവശ്യത്തിനുള്ള എൽഎൻജിയുടെ 70-‐75 ശതമാനത്തിനും സൗത്ത് പാർസിനെയാണ് ആശ്രയിക്കുന്നത്. ഇറാന്റെ ആഭ്യന്തര ഇന്ധന വിതരണത്തിന്റെ നട്ടെല്ലാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. സ്വാഭാവികമായും ഇറാന്റെ പ്രതികരണവും രൂക്ഷമായിരുന്നു.
നെതന്യാഹുവും ട്രംപും
തങ്ങളുടെ ഊർജ സ്രോതസ്സുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലെ ഊർജ േസ്രാതസ്സുകളും ആക്രമിക്കുമെന്ന് ഇറാൻ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ സൗത്ത് പാർസ് ആക്രമണത്തിന് പകരമായി മാർച്ച് 19ന് ഖത്തർ, കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലെ എണ്ണവാതക നിലയങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ സമുച്ചയത്തിൽ രണ്ട് വട്ടം ഇറാന്റെ ആക്രമണമുണ്ടായി. ഇതുവരെയുള്ള ആക്രമണങ്ങളിലായി തങ്ങളുടെ 17 ശതമാനം എൽഎൻജി ശേഷി കുറഞ്ഞതായി ഖത്തർ എനർജി സിഇഒ സാദ് അൽ ഖാബി അറിയിച്ചു. കുവൈത്തിലെ രണ്ട് പ്രധാന റിഫൈനറികൾക്ക് നേരെയും ആക്രമണമുണ്ടായി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ മിനായിലെ അൽ അഹമ്മദ് റിഫൈനറിക്ക് നേരെ മാർച്ച് 20ന് ഇറാൻ ആക്രമണം നടത്തി. 7,30,000 ബാരൽ ദിനംപ്രതി ഉൽപ്പാദന ശേഷിയുള്ള റിഫൈനറിയാണിത്. യുഎഇയിലെ ഹബ്ഷാൻ വാതകകേന്ദ്രവും ബാബ് എണ്ണപ്പാടവും ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ വിക്ഷേപിച്ചെങ്കിലും പ്രതിരോധ സംവിധാനങ്ങൾക്ക് ആ നീക്കം പരാജയപ്പെടുത്താനായി. 6.1 ബില്യൺ ഘനയടി ശേഷിയുള്ള ലോകത്തിലെ തന്നെ പ്രധാന വാതക സംസ്‌കരണ കേന്ദ്രമാണിത്. സൗദി അരാംകോയും എക്‌സൺ മോബിലും സംയുക്തമായി നടത്തുന്ന സൗദിയിലെ യാൻ ബു തുറമുഖത്തുള്ള സാം റിഫൈനറിക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. അതായത് ഇസ്രയേലിന്റെ പ്രകോപനം ഇന്ധന മേഖലയിൽ അരക്ഷിതാവസ്ഥ പടർത്താനും വിതരണ ശ്രംഖല താറുമാറാക്കാനും വില വർധിപ്പിക്കാനും മാത്രമാണ് ഉപകരിച്ചത്. ഇതിനാലായിരിക്കണം ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് മുൻകൂർ അറിവില്ലായിരുന്നുവെന്നും ഖത്തറിന്റെ വാതകപ്പാടങ്ങൾ ആക്രമിക്കപ്പെട്ടാൽ സംരക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ ഈ വാദം നെതന്യാഹു പിന്നീട് അംഗീകരിക്കുകയും ചെയ്‌തു. അതു മാത്രമല്ല, ഇറാൻ എണ്ണയ്‌ക്കുള്ള ഉപരോധം ഒരു മാസത്തേക്ക് നിർത്തിവയ്‌ക്കാനും തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് 1.72 ദശലക്ഷം ബാരൽ എണ്ണ വിപണിയിൽ എത്തിക്കാനും അമേരിക്ക തീരുമാനിച്ചു. ഫോക്‌സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യൻ എണ്ണയ്‌ക്കുള്ള ഉപരോധത്തിലും ഒരു മാസത്തെ ഇളവ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ്
ആഗോള ഭീകരവാദം എന്ന പാമ്പിന്റെ വിഷം ചീറ്റുന്ന തലയാണ് ഇറാൻ എന്നുപറഞ്ഞ് ബോംബാക്രമണം നടത്തുന്ന അമേരിക്ക തന്നെയാണ് അവരിൽനിന്നും എണ്ണ വാങ്ങാമെന്ന് ലോക രാഷ്‌ട്രങ്ങളോട് പറയുന്നത്. അതുകൊണ്ടുതന്നെ ഇറാന്റെ യുദ്ധവിജയമായാണ് അമേരിക്കയുടെ ഈ നീക്കങ്ങളെ പൊതുവെ വിലയിരുത്തപ്പെടുന്നത്.
ഡീഗോ ഗാർഷ്യക്ക് നേരെയുള്ള ആക്രമണം
അമേരിക്കയ്‌ക്ക് താക്കീത്
അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സൈനികത്താവളമായ ഡീഗോ ഗാർഷ്യക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണ് മറ്റൊരു പ്രധാന സംഭവം. ചെങ്കടലിൽനിന്നും ദക്ഷിണ ചൈനാ കടലിൽനിന്നും തുല്യ ദൂരമുള്ള ചാഗോസ് ദ്വീപ് സമൂഹത്തിലെ തന്ത്രപ്രാധാന്യമേറെയുള്ള ദ്വീപാണ് ഡീഗോ ഗാർഷ്യ. ഇറാഖ്, അഫ്ഗാൻ യുദ്ധവേളയിൽ അമേരിക്ക ഏറ്റവും കൂടുതൽ ആശ്രയിച്ച സൈനികത്താവളങ്ങളിൽ ഒന്നും ഇതായിരുന്നു. ഈ ദ്വീപ് ലക്ഷ്യമാക്കിയുള്ള മിസൈലാക്രമണം അമേരിക്കൻ മേധാവിത്വത്തിനെതിരെയുള്ള ഇറാന്റെ വെല്ലുവിളിയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഡീഗോ ഗാർഷ്യക്കെതിരായ മിസൈലാക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റായ വാർത്തയാണിതെന്ന് ഇറാൻ വിദേശമന്ത്രാലയ വക്താവ് അൽ ജസീറയോട് പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടും ഇറാൻ വാദത്തെ പിന്തുണച്ചു. ഇസ്രയേലാണ് സംഘർഷം രൂക്ഷമാക്കാനായി ഡീഗോ ഗാർഷ്യക്ക് നേരെ മിസൈലാക്രമണം നടത്തിയതെന്നാണ് ഇറാന്റെ ഭാഷ്യം.
മിസൈലാക്രമണത്തെ പരാജയപ്പെടുത്താൻ അമേരിക്കയ്‌ക്ക് കഴിഞ്ഞുവെങ്കിലും ഇറാനാണ് ഈ മിസൈൽ ആക്രമണം നടത്തിയതെങ്കിൽ അത് ഇറാന്റെ മിസൈൽ ആക്രമണശേഷി വിദൂരപ്രദേശങ്ങൾ പോലും ലക്ഷ്യമാക്കാൻ തക്കവണ്ണം വളർന്നിരിക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നത്. "വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ടനുസരിച്ച് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യാ മഹാസമുദ്രത്തിലെ 17 ചതുരശ്ര മൈൽ മാത്രം വിസ്‌തീർണമുള്ള ദ്വീപായ ഡീഗോ ഗാർഷ്യയിലേക്ക് വിക്ഷേപിച്ചത്. ഇതുവരെ ഇറാൻ 2000 കിലോമീറ്റർ വരെ ലക്ഷ്യം വയ്‌ക്കാവുന്ന മിസൈലുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആ രാജ്യത്തുനിന്ന് 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈൽ അയച്ചതിൽനിന്ന് ലോകത്തിന് മനസ്സിലായ കാര്യം ഇറാന്റെ മിസൈൽ പ്രഹരശേഷി വളരെ വിപുലമാണെന്നാണ്. ട്രംപിനെ സഹായിക്കാൻ നാറ്റോയുടെ ഭാഗമായി യൂറോപ്യൻ രാഷ്‌ട്രങ്ങൾ തുനിഞ്ഞാൽ അവർക്ക് നേരെയും മിസൈൽ ആക്രമണം നടത്താൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകാൻ ഡീഗോ ഗാർഷ്യ ആക്രമണത്തിലൂടെ ഇറാന് കഴിഞ്ഞുവെന്ന് ജർമൻ വാർത്താ ഏജൻസി ഡിഡബ്ല്യു റിപ്പോർട്ട് ചെയ്‌തു.
ഹോർമുസ് നിയന്ത്രണം ഇറാനിൽനിന്ന് മോചിപ്പിച്ച് അവരുടെ ഇന്ധനശേഷിയുടെ കേന്ദ്രമായ ഖാർഗ് ദ്വീപ് കീഴടക്കാനാണ് നീക്കമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സൈനിക നീക്കത്തിന് നാറ്റോ രാഷ്‌ട്രങ്ങളുടെ പിന്തുണയും ട്രംപ് അഭ്യർഥിച്ചിരുന്നു. എന്നാൽ യൂറോപ്യൻ രാഷ്‌ട്രങ്ങൾ അതിന് തയ്യാറായില്ല. ഇതേത്തുടർന്നാണ് നാറ്റോ അംഗരാഷ്‌ട്രങ്ങൾ ഭീരുക്കളാണെന്ന അധിക്ഷേപം ട്രംപിൽ നിന്നുണ്ടായത്. അമേരിക്കയില്ലാത്ത നാറ്റോ വെറും കടലാസ് പുലി മാത്രമാണെന്നും ട്രംപ് ഓർമപ്പെടുത്തി. ഇന്ധനവില കൂടുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്ന യൂറോപ്യൻ രാഷ്‌ട്രങ്ങൾ അതിന് കാരണമായ ഹോർമുസ് അടച്ചിടൽ അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണയ്‌ക്കുന്നില്ലെന്നും ട്രംപ് ആക്ഷേപിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമാണ്. നാറ്റോ ദിനംതോറും ദുർബലമാകുകയാണ്.
അലി ലാരിജാനിയുടെ വധം
മൂന്നാമത്തെ ആഴ്‌ചയുണ്ടായ മറ്റൊരു പ്രധാന സംഭവം ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി മേധാവി അലി ലാരിജാനിയുടെ വധമാണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28‐നാണ് ഇറാന്റെ പരമോന്നത നേതാവും ഷിയാ മതനേതാവുമായ ആയത്തുള്ള അലി ഖമനേയിയെ വധിച്ചത്. നേതാക്കളെ ലക്ഷ്യമിട്ട് കൊല്ലുന്ന മൊസാദിന്റെ ഈ രീതി ഇസ്രയേൽ തുടരുകയാണെന്നതിന്റെ സൂചനയാണ് മാർച്ച് 17‐ നുണ്ടായ അലി ലാരിജാനിയുടെ കൊലപാതകം. അലി ലാരിജാനിക്കൊപ്പം ഇറാൻ അർധസൈനികവിഭാഗമായ ബാസിജിന്റെ തലവൻ ഗുലാം റിസ സുലൈമാനിയും വധിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖാത്തീബും ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് അലി മുഹമ്മദ് നൈനിയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഖമനേയി വധിക്കപ്പെട്ടശേഷം ഇറാനുണ്ടായ പ്രധാന നഷ്ടമാണ് ലാരിജാനിയുടെ വധം. സുരക്ഷാകാര്യങ്ങളുടെ മേധാവിയായിരിക്കെ തന്നെ ഇറാൻ നയതന്ത്രജ്ഞതയുടെ മുഖം കൂടിയായിരുന്നു ലാരിജാനി. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായും ഗൾഫ് രാഷ്‌ട്രത്തലവന്മാരുമായും അടുത്ത ബന്ധമുള്ളയാളായിരുന്നു അദ്ദേഹം. അമേരിക്കയുമായുള്ള ആണവ ചർച്ചയിലും പ്രധാന പങ്കാളിയായിരുന്നു. സുരക്ഷാ കാര്യങ്ങളിൽ കർശന നിലപാട് സ്വീകരിക്കുമ്പോഴും നയതന്ത്ര മെയ്‌വഴക്കമുള്ള നേതാവാണ് ലാരിജാനി. സൈനികകാര്യങ്ങളിൽ മാത്രമല്ല രാഷ്‌ട്രീയ കാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വമായിരുന്നു. പാർലമെന്റ് സ്‌പീക്കർ, സാംസ്‌കാരിക മന്ത്രി, ഇറാൻ ബ്രോഡ്കാസ്റ്റിങ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ച ലാരിജാനി 2025 ആഗസ്‌തിലാണ് സുരക്ഷാ വകുപ്പ് മേധാവിയാകുന്നത്. ഇറാനുമായി വെടിനിർത്തൽ എന്ന ട്രംപിന്റെ നീക്കം തടയുക എന്നതും ലാരിജാനിയുടെ വധത്തിന് പിന്നിലുള്ള ഇസ്രയേൽ ലക്ഷ്യമാണെന്ന് നിരീക്ഷണങ്ങളുണ്ട്.
അമേരിക്കയ്‌ക്ക് വിദേശനയത്തിന്റെ നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ഒമാന്റെ വിദേശമന്ത്രി ബദർ അൽ ബുസൈദിയാണ്. "ദ ഇക്കോണമിസ്റ്റി'ൽ എഴുതിയ ലേഖനത്തിലാണ് ഈ കുറ്റപ്പെടുത്തൽ. ഇസ്രയേലാണ് അമേരിക്കൻ വിദേശനയം പോലും നിയന്ത്രിക്കുന്നതെന്ന പരോക്ഷ വിമർശനമാണ് ബുസൈദി നടത്തുന്നത്.
ഡീഗോ ഗാർഷ്യയുടെ ആകാശദൃശ്യം
ലെബനണിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ
മൂന്നാമത്തെ ആഴ്‌ചയുണ്ടായ മറ്റൊരു പ്രധാന സംഭവം ദക്ഷിണ ലെബനണിൽ ഇസ്രയേൽ പരിമിതമായെങ്കിലും കരയുദ്ധം ആരംഭിച്ചുവെന്നതാണ്. മാർച്ച് 16‐നാണ് ഇസ്രയേൽ ടാങ്കുകൾ വീണ്ടും ദക്ഷിണ ലെബനണിലേക്ക് കടന്നത്. രണ്ടാഴ്‌ചയോളമായി ഇസ്രയേൽ ദക്ഷിണ ലെബനണിലെ ഹിസ്‌ബൊള്ള കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ യുദ്ധത്തിനിടയിൽ, 2024 നവംബറിലാണ് ഇസ്രയേലും ഹിസ്‌ബൊള്ളയും വെടിനിർത്തൽ കരാറിലെത്തിയത്. എന്നാൽ ഇറാനിലെ പരമോന്നത നേതാവ് ഖമനേയി വധിക്കപ്പെട്ടതോടെയാണ് മാർച്ച് രണ്ടിന് ഇറാനെ പിന്തുണയ്‌ക്കുന്ന ഹിസ്‌ബൊള്ളകൾ ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം വീണ്ടും ആരംഭിച്ചത്. ഇസ്രയേൽ വ്യോമസേന പ്രത്യാക്രമണവും നടത്തി.
ഗാസ യുദ്ധത്തിൽ ഹിസ്‌ബൊള്ളകളെ തകർത്തു എന്ന് വാദിച്ച ഇസ്രയേലിനെ ഞെട്ടിക്കുന്ന ആക്രമണമാണ് ഹിസ്‌ബൊള്ളകളിൽ നിന്നുണ്ടായത്. 2024 സെപ്തംബറിൽ ഹിസ്‌ബൊള്ള നേതാവ് ഹസ്സൻ നസ്രള്ളയെ വധിച്ചതോടെയാണ് ഈ അവകാശവാദം ഇസ്രയേൽ ശക്തമായി ഉയർത്തിയത്. ഇസ്രയേൽ രണ്ടാഴ്‌ചയായി നടത്തിയ വ്യോമാക്രമണത്തിന് ശേഷവും ഹിസബൊള്ളകൾ മിസൈൽ, റോക്കറ്റ് ആക്രമണം തുടർന്നതോടെയാണ് മാർച്ച് 16ന് ദക്ഷിണ ലെബനണിലെ അതിർത്തി നഗരമായ തായ് ബേഹ് വഴി ഇസ്രയേൽ ടാങ്കുകൾ ലെബനണിലേക്ക് പ്രവേശിച്ചത്. ലെബനണിന്റെ വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസി തായ് ബേഹിലും ഖിയാമിലും ഇസ്രയേൽ കരയാക്രമണം സ്ഥിരീകരിക്കുകയും ചെയ്‌തു. സഹ്റാനി നദിക്ക് തെക്ക് താമസിക്കുന്ന ലെബനൺ വാസികളോട് 40 കിലോമീറ്റർ ദൂരേക്ക് മാറാൻ ഇസ്രയേൽ സേന മുന്നറിയിപ്പ് നൽകി. ലെബനണിലേക്ക് എന്നപോലെ ഇറാനിലേക്കും കരയാക്രമണം നടത്തണമെന്നും എങ്കിലേ ഭരണമാറ്റം എന്ന അമേരിക്കൻ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയൂ എന്നുമാണ് ഇസ്രയേൽ വാദിക്കുന്നത്. എന്നാൽ ഇറാഖിലെയും അഫ്ഗാനിലെയും അനുഭവങ്ങൾ മുന്നിലുള്ളതിനാൽ അമേരിക്ക അതിന് ഇതുവരെയും സമ്മതം മൂളിയിട്ടുമില്ല. എന്നാൽ ട്രംപിന്റെ അമേരിക്കയെ വിശ്വസിക്കാനാവില്ല. വലിയ ഒരു ഏറ്റുമുട്ടലിനുള്ള മുന്നൊരുക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. എന്തും സംഭവിക്കാം. കാത്തിരുന്ന് കാണാം .










0 comments