ad
Deshabhimani

കവർസ്റ്റോറി

വെനസ്വേല അതിജീവിക്കും

നിക്കോളാസ്‌ മഡുറോ വെനസ്വേലൻ ജനതയ്‌ക്കൊപ്പം
avatar
വി ബി പരമേശ്വരൻ

Published on Jan 17, 2026, 11:47 AM | 7 min read


പുതുവർഷം പിറന്ന് മൂന്നാം ദിവസം പുലർച്ചെയാണ് വെനസ്വേലയിൽ, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറസിനെയും അമേരിക്കൻ സൈന്യം തടവിലാക്കി അമേരിക്കയിലേക്ക് കടത്തിയത്. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുംവിധമുള്ള ഓപ്പറേഷനാണ് അമേരിക്കൻ ഭരണകൂടം നടത്തിയത്. ഒരു കൊള്ളക്കാരനെപ്പോലെ കടന്നുവന്ന് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ഭരണാധികാരിയെ തട്ടിക്കൊണ്ടുപോകുകയാണ് അമേരിക്ക ചെയ്‌തത്. 1989‐ൽ പനാമയിലെ ഭരണാധികാരിയായ മാന്വൽ നൊറീഗയെയും ഇതുപോലെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്‌തിരുന്നു. അന്ന് നൂറുകണക്കിന് വരുന്ന സൈനികർ പനാമ സിറ്റി വളഞ്ഞാണ് നൊറീഗയെ കീഴ്പ്പെടുത്തിയതെങ്കിൽ ഇക്കുറി യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഏതാനും സൈനികരുടെ മാത്രം സഹായത്തോടെയാണ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയത്. എന്നാൽ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർടി ഓഫ് വെനസ്വേല തന്നെയാണ് ഇതെഴുതുമ്പോഴും ഭരണത്തിലുള്ളത്. വെനസ്വേലയ്‌ക്ക് ഒരു പ്രസിഡന്റേയുള്ളൂവെന്നും അയാളുടെ പേര് നിക്കോളാസ് മഡുറോയാണെന്നും വൈസ് പ്രസിഡന്റ്‌ ഡെൽസി റോഡ്രിഗസ് പ്രഖ്യാപിച്ചിട്ടുണ്ട്. തകരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കോളനിയായി വെനസ്വേല തുടരില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

നിക്കോളാസ്‌ മഡുറോ വെനസ്വേലൻ ജനതയ്‌ക്കൊപ്പംനിക്കോളാസ്‌ മഡുറോ വെനസ്വേലൻ ജനതയ്‌ക്കൊപ്പം

രണ്ടാം ലോകയുദ്ധത്തിന് ശേഷം മാത്രം നൂറോളം രാജ്യങ്ങളിൽ ഇടപെടുകയും ഭരണം അട്ടിമറിക്കുകയോ ഭരണാധികാരികളെ വധിക്കുകയോ ചെയ്‌ത അമേരിക്കയുടെ ഏറ്റവും അവസാനത്തെ ഇടപെടലാണിത്. 1954‐ൽ ഗ്വാട്ടിമാലയിലെ ജേക്കബ് അർബൻസ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് രണ്ടാംലോക യുദ്ധാനന്തരം ലാറ്റിനമേരിക്കയിലെ അട്ടിമറിക്ക് അമേരിക്ക തുടക്കം കുറിക്കുന്നത്. 1973‐ൽ ചിലിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ സാൽവദോർ അലൻഡെ സർക്കാരിനെ അട്ടിമറിക്കുക മാത്രമല്ല, അലൻഡെയെയും കവിയും കമ്യൂണിസ്റ്റുമായ പാബ്ലോ നെരൂദയെയും പോലുള്ളവരെ വധിച്ചാണ് ജനറൽ പിനോഷേയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നത്. ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവക്യൂബയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് 1961 ഏപ്രിലിൽ ബേ ഓഫ് പിഗ്സിൽ സിഐഎയുടെ സഹായത്തോടെ നടത്തിയ അമേരിക്കൻ സൈനികാക്രമണവും അതിജീവിക്കാൻ വിപ്ലവകാരികൾക്കായി. ലാറ്റിനമേരിക്കയിൽ അമേരിക്കൻ നേതൃത്വത്തിൽ നടന്ന അട്ടിമറികളുടെയും അട്ടിമറിശ്രമങ്ങളുടെയും പട്ടിക നീണ്ടതാണ്. അതിൽ അവസാനത്തേതാണ് വെനസ്വേലയിലേത്.


അന്താരാഷ്‌ട്ര നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപറത്തിയാണ് അമേരിക്ക വെനസ്വേലയ്‌ക്ക് നേരേ ആക്രമണം നടത്തിയിട്ടുള്ളത്. മറ്റൊരു രാജ്യത്തിന് നേരെ സായുധനീക്കം നടത്താൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണമെന്നിരിക്കേയാണ് അതൊന്നുമില്ലാതെ ഈ ആക്രമണം. രണ്ടാം ലോകയുദ്ധത്തിനൊടുവിൽ 1945 ഒക്ടോബറിൽ ഒപ്പുവച്ച യുഎൻ പ്രമാണത്തിലെ അനുഛേദം 2 (4) അനുസരിച്ച് മറ്റ് രാഷ്‌ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിച്ച് സൈനികശേഷി ഉപയോഗിക്കുന്നതിൽനിന്നും എല്ലാ യുഎൻ അംഗരാഷ്‌ട്രങ്ങളും വിട്ടുനിൽകണമെന്ന ചട്ടമാണ് അമേരിക്ക ലംഘിച്ചത്. ലോക രാഷ്‌ട്രീയത്തിൽ തെറ്റായ കീഴ്‌വഴക്കമാണ് ഇതുവഴി അമേരിക്ക സൃഷ്ടിച്ചിട്ടുള്ളത്. അന്താരാഷ്‌ട്ര നിയമങ്ങളോടും കൂട്ടുകെട്ടുകളോടും ഒരു ബഹുമാനവും ട്രംപ് വച്ചുപുലർത്തുന്നില്ല. കാലാവസ്ഥാമാറ്റം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും അമേരിക്ക പിൻവാങ്ങിയത് തന്നെ ഇതിനുള്ള ഉദാഹരണമാണ്.

ഡോണൾഡ്‌ ട്രംപ്‌ഡോണൾഡ്‌ ട്രംപ്‌

തങ്ങൾക്ക് വഴങ്ങാത്ത, ഇഷ്ടപ്പെടാത്ത ഭരണാധികാരിയെ സൈനിക ബലപ്രയോഗത്തിലൂടെ മാറ്റാനോ വധിക്കാനോ അധികാരമുണ്ടെന്ന ധാർഷ്ട്യമാണ് ട്രംപ് പ്രകടിപ്പിച്ചത്. രണ്ടാമതും പ്രസിഡന്റായ വേളയിൽ ട്രംപ് നടത്തിയ പ്രസ്‌താവന ഈ ദിശയിൽ ഉള്ളതായിരുന്നു. ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്നും കാനഡയെ അമേരിക്കയുടെ 51-‐ാമത്തെ സംസ്ഥാനമാക്കുമെന്നും പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നുമായിരുന്നു ആ പ്രസ്‌താവന. ഇപ്പോൾ പറയുന്നത് വെനസ്വേലയും തങ്ങൾ ഭരിക്കുമെന്നാണ്. കൂടാതെ ക്യൂബയെയും കൊളംബിയയെയും മെക്‌സിക്കോയെയും ഇറാനെയും ആക്രമിച്ച് അവിടെയും ഭരണമാറ്റം ഉറപ്പാക്കുമെന്നാണ് ട്രംപും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മാർക്കോ റൂബിയോവും വാർ സെക്രട്ടറി പീറ്റർ ഹെഗ്സേത്തും പറയുന്നത്. രാഷ്‌ട്ര ഭീകരവാദമല്ലാതെ (State Terrorism) മറ്റൊന്നുമല്ല ഇത്. അന്താരാഷ്‌ട്ര സമൂഹം അമേരിക്കയെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിച്ച് അകറ്റിനിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മൂന്ന് കാരണങ്ങൾ പറഞ്ഞാണ് അമേരിക്ക വെനസ്വേലയ്‌ക്ക് നേരെ നീങ്ങിയിട്ടുള്ളത്. അതിലൊന്ന് അമേരിക്കയിലേക്ക് കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്ന് വൻതോതിൽ എത്തിക്കുന്നത് വെനസ്വേലയാണെന്നും അതിനാൽ അമേരിക്കയ്‌ക്ക് സുരക്ഷാഭീഷണിയാണ്‌ ആ രാജ്യമെന്നുമാണ് ട്രംപിന്റെ വാദം. ട്രംപ് രണ്ടാമതും പ്രസിഡന്റായി കഴിഞ്ഞവർഷം ജനുവരിയിൽ അധികാരത്തിൽ വന്നപ്പോൾ തന്നെ മഡുറോ മയക്കുമരുന്ന് കടത്തുകാരനും കാർടൽ ഡി ലോസ് (കാർടൽ ഓഫ് ദ സൺസ്) എന്ന മയക്കുമരുന്ന് സഖ്യത്തിന്റെ തലവനുമാണെന്നും ചിത്രീകരിച്ച് സൈനിക ആക്രമണത്തിന് ഒരുങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കരീബിയൻ തീരത്ത് 35 ബോട്ടുകൾ തകർത്ത് 115 പേരെ വധിച്ചു. വധിക്കപ്പെട്ടവരിൽ കൊളംബിയക്കാരും കരീബിയൻ രാഷ്‌ട്രങ്ങളിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധമില്ലാത്തവരാണ് ഏറെയും കൊല്ലപ്പെട്ടത്. കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോ പറഞ്ഞതുപോലെ യഥാർഥ മയക്കുമരുന്ന് രാജാക്കന്മാർ താമസിക്കുന്നത് അമേരിക്കയിലെ ഫ്ളോറിഡയിലും വാഷിങ്‌ടണിലുമാണ്. ഏതായാലും മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിൽ ജെറാൾഡ് ആർ ഫോർഡ് ഉൾപ്പെടെ ഒരു ഡസനോളം യുദ്ധക്കപ്പലുകൾ കരീബിയൻ തീരത്ത് നങ്കൂരമടിച്ചിരിക്കുകയാണ്. ക്യൂബയിലേക്ക് പോകുന്നത് ഉൾപ്പെടെ രണ്ട് എണ്ണ ടാങ്കുകൾ പിടിച്ചെടുത്ത് അതിലെ എണ്ണ അമേരിക്ക കൊള്ളയടിച്ചു. വെനസ്വേലൻ ഗവൺമെന്റിനെ അന്താരാഷ്‌ട്ര ഭീകരസംഘടനയായി പ്രഖ്യാപിച്ചു. മഡുറോയെ അട്ടിമറിക്കാൻ രഹസ്യനീക്കങ്ങൾ നടത്താൻ സിഐഎയെ പരസ്യമായി ചുമതലപ്പെടുത്തി. മഡുറോയെ ജീവനോടെ പിടിച്ചു നൽകുന്നവർക്ക് 500 ലക്ഷം ഡോളർ ഇനാം വാഗ്ദാനം ചെയ്‌തു.

ഹ്യൂഗോ ഷാവേസും മഡുറോയുംഹ്യൂഗോ ഷാവേസും മഡുറോയും

മഡുറോ തലവനായ മയക്കുമരുന്ന് സഖ്യം നിലവിലില്ലെന്ന് പല വിദഗ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലേക്ക് കടത്തുന്ന കൊക്കെയ്‌ന്റെ വെറും അഞ്ച്‌ ശതമാനം മാത്രമാണ് വെനസ്വേല, കരീബിയൻ വഴി വരുന്നത്. ലോകത്തിലെ മയക്കുമരുന്ന് ഉൽപ്പാദനത്തിന്റെ 22 ശതമാനവും കൊളംബിയ, പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളിലാണ്. ഇതിൽ കൊളംബിയയിൽ ഒഴിച്ച് മറ്റ് രണ്ട് രാജ്യങ്ങളും ഭരിക്കുന്നത് അമേരിക്കൻ ശിങ്കിടികളാണ്. മയക്കുമരുന്ന് കടത്തിൽ യുഎസ് ജയിലിൽ കഴിയുന്നതാകട്ടെ 87 ശതമാനവും അമേരിക്കൻ പൗരന്മാരാണ്. അമേരിക്കയിലേക്ക് 400 ടൺ കൊക്കെയ്ൻ കടത്തിയ കേസിൽ മാൻഹാട്ടൺ കോടതി 45 വർഷത്തെ തടവിന് ശിക്ഷിച്ച ഹോണ്ടുറാസിന്റെ മുൻ പ്രസിഡന്റ്‌ ജുവാൻ ഓർലാൻഡോ ഹെർണാണ്ടസിന് പൊതുമാപ്പ് നൽകിയ ട്രംപ് ഈ വിഷയത്തിലുള്ള തന്റെ ഇരട്ടത്താപ്പ് പരസ്യമാക്കുകയും ചെയ്‌തു. ഇപ്പോൾ ഹെർണാണ്ടസിന്റെ പാർടിക്കാരനായ നസ്രി അഫ്‌സൂറയെ അമേരിക്കൻ ഇടപെടലിലൂടെ ഹോണ്ടുറാസ് പ്രസിഡന്റാക്കിയിരിക്കുകയാണ് ട്രംപ്. അമേരിക്കൻ പിന്തുണയോടെ ഭരിക്കുന്ന ഇക്വഡോറിലെ ഡാനിയൽ നോബോയും മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം പ്രസിദ്ധമാണ്. അതായത് മഡുറോയുടെ മയക്കുമരുന്ന് കടത്തുമായുള്ള ബന്ധമെന്ന ആരോപണം ശുദ്ധ ഭോഷ്‌കാണ്. അട്ടിമറിക്കുള്ള പുകമറ സൃഷ്ടിക്കൽ മാത്രമാണ് ഈ ആരോപണം.


വെനസ്വേല അമേരിക്കയ്‌ക്ക് സുരക്ഷാ ഭീഷണിയാണെന്ന അമേരിക്കയുടെ ആരോപണം പരിഹാസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയാണ് അമേരിക്ക. ലോകത്തിലെ 50‐ാമത്തെ സൈനികശക്തി മാത്രമാണ് വെനസ്വേല. ലാറ്റിനമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ചാൾസ് ഗോയെറ്റ് ഉദ്ധരിക്കുന്ന ഒരു കണക്കുണ്ട്. അതിങ്ങനെയാണ്. അമേരിക്കയിലെ ഒരു സംസ്ഥാനമായ ന്യൂ ജഴ്സിയുടെ ജിഡിപി മാത്രമാണ് വെനസ്വേലയ്‌ക്കുള്ളത്. അമേരിക്കയുടെ സൈനിക ബജറ്റിനേക്കാൾ (ഒരു ലക്ഷം കോടി ഡോളറിനടുത്ത്) 160 മടങ്ങ് കുറവ് മാത്രമാണ് വെനസ്വേലയുടേത്. വിമാനവാഹിനികൾ, നശീകരണ കപ്പലുകൾ എന്നിവയൊന്നും വെനസ്വേലയ്‌ക്കില്ല. വെറും രണ്ട് മുങ്ങിക്കപ്പലുകൾ മാത്രമാണുള്ളത്. വെനസ്വേലയ്‌ക്കുള്ളത് 33 യുദ്ധവിമാനങ്ങൾ. 10 ആക്രമണ ഹെലികോപ്റ്ററുകൾ, 192 ടാങ്കുകൾ. അമേരിക്കയ്‌ക്കുള്ളത് 2300 യുദ്ധവിമാനങ്ങൾ, 957 ആക്രമണ ഹെലികോപ്റ്ററുകൾ, 9000 ടാങ്കുകൾ. എന്നിട്ടും അമേരിക്ക പുലമ്പുകയാണ് വെനസ്വേല തങ്ങൾക്ക്‌ സൈനിക ഭീഷണിയാണെന്ന്.


മൂന്നാമത്തെ കാരണമാണ് വിചിത്രം. മഡുറോ ഏകാധിപതിയാണെന്നും അതിനാൽ ജനാധിപത്യം പുനഃസ്ഥാപിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നുമാണ് വാദം. എന്നാൽ അമേരിക്ക ജനാധിപത്യത്തിന്റെ പേരിൽ അട്ടിമറി നടത്തിയ ഇറാക്കിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലും എന്ത്‌ ജനാധിപത്യമാണ് ഇപ്പോഴുള്ളത്? ജനാധിപത്യത്തിന്റെ പേരിൽ അമേരിക്ക ഇടപെട്ടാൽ അവിടെ വരാൻപോകുന്നത് താലിബാനായിരിക്കുമെന്ന ചൊല്ലുതന്നെ ഇപ്പോൾ രൂപപ്പെട്ടിരിക്കുകയാണ്.


ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ്. അമേരിക്കയുടെ വെനസ്വേലൻ ആക്രമണത്തിന്‌ മറ്റു കാരണങ്ങളാണുള്ളത്. അതിൽ ഏറ്റവും പ്രധാനം അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെങ്കിൽ (മാഗ) ചൂഷണം വർധിപ്പിക്കണം. അതിന് തങ്ങൾക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ഭൂപ്രദേശം സ്വന്തമാക്കണം. അവിടുത്തേക്ക് ചൈന പോലുള്ള വിദേശ ശക്തികൾക്ക് പ്രവേശനം നൽകരുത്. ഇതിനുള്ള തന്ത്രമാണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി (എൻഎസ്എസ്). മൺറോ സിദ്ധാന്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് പശ്ചിമാർധ ഗോളത്തിൽ അമേരിക്കൻ ഔന്നത്യം ഊട്ടിയുറപ്പിക്കണമെന്നാണ് എൻഎസ്എസ് ആഹ്വാനം ചെയ്യുന്നത്. എതിരാളികളുടെ (ചൈന, റഷ്യ) പ്രവർത്തനകേന്ദ്രമാക്കാൻ പശ്ചിമാർധ ഗോളത്തെ അമേരിക്ക അനുവദിക്കില്ലെന്നും ഈ നയരേഖ വ്യക്തമാക്കുന്നു. അതായത്, ലാറ്റിനമേരിക്കയെ രാഷ്‌ട്രീയമായും സാമ്പത്തികമായും വാണിജ്യപരമായും സൈനികമായും നിയന്ത്രിക്കുന്നത് അമേരിക്കയായിരിക്കുമെന്ന മറയില്ലാത്ത പ്രഖ്യാപനമാണ് എൻഎസ്എസ് അഥവാ ഡോണൾഡ് ട്രംപിന്റെ മൺറോ സിദ്ധാന്തം. പുതിയൊരു ശീതയുദ്ധാരംഭത്തിന്റെ കേളികൊട്ട് ഈ നയരേഖയിൽനിന്ന് ശ്രവിക്കാം.

മൺറോ സിദ്ധാന്തത്തിന്റെ ആദ്യ ഇരയാകാൻ വെനസ്വേല തെരഞ്ഞെടുക്കപ്പെട്ടത് അവിടുത്തെ എണ്ണ നിക്ഷേപമാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ളത് വെനസ്വേലയിലാണ്. 30,300 കോടി ബാരൽ എണ്ണശേഖരം ഇവിടെയുണ്ട്.


ലോകശേഖരത്തിന്റെ 18 ശതമാനം. കൂടാതെ ഗ്യാസും സ്വർണവും അപൂർവ ലോഹങ്ങളും ഇവിടെയുണ്ട്. ഇതുമുഴുവൻ അമേരിക്കയ്‌ക്ക് അവകാശപ്പെട്ടതാണെന്നും ദേശസാൽക്കരണത്തിലൂടെ ഹ്യൂഗോ ഷാവേസും മഡുറോയും അത് അമേരിക്കയിൽനിന്നും "കൊള്ള’ ചെയ്യുകയാണുണ്ടായതെന്നുമാണ് ട്രംപിന്റെ വാദം. ഹാലിബർടൺ പോലുള്ള ബഹുരാഷ്‌ട്ര കമ്പനികൾ വെനസ്വേല ദേശസാൽക്കരണ നയത്തിലേക്ക് നീങ്ങിയതിനാൽ തങ്ങൾക്ക് 200 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്നും അത് നികത്താൻ വെനസ്വേലൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. അതായത് എക്‌സൺ മോബിൽ, ഷെവറോൺ, കോൺകോ ഫിലിപ്പ്, ബിപി, ടോട്ടൽ തുടങ്ങിയ ബഹുരാഷ്‌ട്ര കോർപറേറ്റ് കമ്പനികൾക്ക് വെനസ്വേലൻ എണ്ണ കുഴിച്ചെടുത്ത് വിതരണം ചെയ്യാനും അതുവഴി ശതകോടി ഡോളർ ലാഭം ഉണ്ടാക്കാനുമുള്ള അവസരമാണ് വെനസ്വേലയിലെ സോഷ്യലിസ്റ്റ് പാർടി സർക്കാർ നിഷേധിച്ചത്. 1999‐ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വരുന്നതുവരെ ഇതിനുള്ള സ്വാതന്ത്ര്യം ബഹുരാഷ്‌ട്ര കമ്പനികൾക്ക് ഉണ്ടായിരുന്നു. കാർലോസ് ആന്ദ്രേസ് പെരസ് (1984 ‐ -93), റാഫേൽ കാൽഡെര (1994 ‐ -99) സർക്കാരുകൾ 1975‐ലെ എണ്ണ ദേശസാൽക്കരണ നയം കാറ്റിൽപറത്തി നിയോലിബറൽ നയങ്ങളാണ് നടപ്പിലാക്കിയിരുന്നത്. എന്നാൽ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ മുറുകെപ്പിടിച്ച ഷാവേസ് അധികാരമേറിയതോടെ 2001‐ൽ ഓർഗാനിക് ഹൈഡ്രോ കാർബൺ നിയമം പാസാക്കുകയും എണ്ണ പര്യവേക്ഷണവും ഖനനവും പൊതുമേഖലയിലാക്കുകയും ശുദ്ധീകരണം, വിൽപ്പന മേഖലയിൽ മാത്രം സ്വകാര്യകമ്പനികൾക്ക്‌ പ്രവേശം അനുവദിക്കുകയും ചെയ്‌തു. വെനസ്വേലയുടെ വിദേശ വരുമാനത്തിന്റെ 80 ശതമാനവും എണ്ണ വിൽപ്പനയിലൂടെയാണ് നേടുന്നത്. ഈ പണം ഉപയോഗിച്ചാണ് ഷാവേസ് ദാരിദ്ര്യനിർമാർജനം, ആരോഗ്യ-‐വിദ്യാഭ്യാസ സേവനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തിയത്. ബഹുരാഷ്‌ട്ര കുത്തകകൾ പ്രസിഡന്റ്‌ ബുഷിൽ സമ്മർദം ചെലുത്തി 2002‐ൽ ഷാവേസിനെ അട്ടിമറിച്ച് പെദ്രോ കർമോണയെ വാഴിച്ചെങ്കിലും ജനം തെരുവിലിറങ്ങിയതോടെ 48 മണിക്കൂറിനകം ഷാവേസ് അധികാരത്തിൽ തിരിച്ചുവന്നു.

മഡുറോയെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട്‌ ന്യൂയോർക്കിൽ നടന്ന പ്രതിഷേധംമഡുറോയെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട്‌ ന്യൂയോർക്കിൽ നടന്ന പ്രതിഷേധം

2018‐ൽ ഒരു മിലിട്ടറി പരേഡിൽ പങ്കെടുക്കവെ മഡുറോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നെങ്കിലും അദ്ദേഹം തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. ട്രംപ് ആദ്യം പ്രസിഡന്റായ വേളയിൽ 2019‐ൽ സ്‌പീക്കർ ജുവാൻ ഗുവായിഡോയെ പ്രസിഡന്റായി പ്രഖ്യാപിച്ച് സമാന്തര ഗവൺമെന്റിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. മഡുറോ ഏകാധിപതിയാണെന്നും ജനങ്ങൾ പട്ടിണിയിലാണെന്നും അവർ വർധിച്ച തോതിൽ അമേരിക്കയിലേക്ക് കുടിയേറുകയാണെന്നുമുള്ള ആഖ്യാനവും മാധ്യമങ്ങളെ ഉപയോഗിച്ച് അമേരിക്ക നടത്തി. എണ്ണയുണ്ടെങ്കിലും അത് പൂർണമായ തോതിൽ കുഴിച്ചെടുക്കാനോ വിതരണം ചെയ്യാനോ അമേരിക്കൻ സാമ്പത്തിക ഉപരോധം കാരണം കഴിഞ്ഞില്ല. പൊതുമേഖലാ എണ്ണ കമ്പനിയായ പിഡിവിഎസ്എയ്‌ക്ക് ആധുനിക സാങ്കേതികവിദ്യ ലഭിക്കുന്നതിനും 2015‐ൽ തുടങ്ങി 2017‐ൽ ശക്തമാക്കിയ ഉപരോധം തടസ്സമായി. ദിനംപ്രതി ഒരു ദശലക്ഷം ബാരൽ എണ്ണ മാത്രമാണ് കമ്പോളത്തിലിറക്കാൻ വെനസ്വേലയ്‌ക്ക് കഴിയുന്നത്. ഉപരോധത്തിന് മുമ്പ് മൂന്ന് ദശലക്ഷം ബാരൽ എണ്ണ വിറ്റിരുന്നു. ഉപരോധം ഏർപ്പെടുത്തിയ വേളയിൽ തന്നെയാണ്‌ ബാരലിന് 110 ഡോളർ ഉണ്ടായിരുന്ന എണ്ണവില 50 ഡോളറായി ഇടിഞ്ഞത്. സ്വാഭാവികമായും ജനക്ഷേമ ബൊളിവാറിയൻ നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തടസ്സങ്ങൾ നേരിട്ടു. ഇതവസരമാക്കിയാണ് "നോബെൽ യുദ്ധസമ്മാനം’ ലഭിച്ച മറീന കൊറീന മച്ചാഡോയെ അണിനിരത്തി മഡുറോയെ അട്ടിമറിക്കാനുള്ള ശ്രമം സജീവമാക്കിയത്. എന്നാൽ മച്ചാഡോയ്‌ക്ക്‌ വലിയ ജനപിന്തുണയൊന്നും ലഭിച്ചില്ലെന്നാണ് കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പ് ഫലവും വ്യക്തമാക്കിയത്. ഈ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രചണ്ഡമായ പ്രചാരണം പാശ്ചാത്യമാധ്യമങ്ങൾ നടത്തിയപ്പോൾ പുരോഗമനപക്ഷത്ത് നിൽക്കുന്നവർ ഉൾപ്പെടെ ചിലരൊക്കെ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും വെനസ്വേലയിൽ അതിന് അനുകൂലമായ ജനവികാരമൊന്നും ഉയർന്നിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് മഡുറോയെ തട്ടിക്കൊണ്ടുപോയി "ഞങ്ങൾ വിജയിച്ചേ’ എന്ന ആഖ്യാനനിർമിതിക്ക് ട്രംപും കൂട്ടരും തയ്യാറായത്.


അമേരിക്കയുടെ യഥാർഥ ലക്ഷ്യം ചൈനയെ പശ്ചിമാർധ ഗോളത്തിൽനിന്നും പുറത്താക്കലാണ്. ലാറ്റിനമേരിക്കയെ പിന്നാമ്പുറമായി മാറ്റുന്നതിനുള്ള തടസ്സം ചൈനയാണ്. തെക്കേ അമേരിക്കയിലെ ഭൂരിപക്ഷം രാജ്യങ്ങളുമായി ചൈനയ്‌ക്ക് വ്യാപാര - നിക്ഷേപ ബന്ധമുണ്ട്. ഈ മേഖലയിലെ 24 രാജ്യങ്ങൾ ചൈനയുടെ ബെൽറ്റ് ആൻഡ്‌ റോഡ് പദ്ധതിയിൽ അംഗങ്ങളാണ്. അമേരിക്കയുടെ കടുത്ത സമ്മർദത്തിന് വിധേയമായി പനാമ മാത്രമാണ് ഇതിൽനിന്നും പുറത്തുകടന്നിട്ടുള്ളത്. വെനസ്വേലൻ എണ്ണ 80 ശതമാനം വാങ്ങുന്നതും ചൈനയാണ്. മാത്രമല്ല വെനസ്വേലൻ എണ്ണമേഖലയിൽ വൻനിക്ഷേപവും ചൈന നടത്തിയിട്ടുണ്ട്. ചൈന നാഷണൽ പെട്രോളിയം കോർപറേഷനാണ് ഏറ്റവും വലിയ നിക്ഷേപം നടത്തിയത്. ചൈനയിലെ ഒരു സ്വകാര്യ കമ്പനി 100 കോടി ഡോളറിന്റെ നിക്ഷേപവും ഈ മേഖലയിൽ നടത്തിയിട്ടുണ്ട്. മാത്രമല്ല, വെനസ്വേല ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ 46 ശതമാനവും ചൈനയിൽ നിന്നാണ്. അതുപോലെ വെനസ്വേലൻ ധാതുലവണങ്ങളുടെ 28 ശതമാനവും വാങ്ങുന്നതും ചൈനയാണ്. ലിഥിയത്തിന്റെയും അപൂർവ ലോഹങ്ങളുടെയും ഖനിയാണ് ലാറ്റിനമേരിക്ക. അവയുടെ ഖനനത്തിലും വ്യാപാരത്തിലും ചൈനയ്‌ക്കാണ് പ്രാമുഖ്യം. അർജന്റീന, ചിലി, ബൊളീവിയ എന്നീ രാജ്യങ്ങളുമായി ലിഥിയം ഖനനത്തിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. പെറുവിലെ ചെമ്പിലും ബ്രസീലിലെ ഹൈഡ്രോ കാർബൺ മേഖലയിലും ചൈനയ്‌ക്ക് പങ്കുണ്ട്.


പെറുവിൽ ചങ്കാരി തുറമുഖ നിർമാണത്തിലും കൊളംബിയയിലെ റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിലും ചൈനയ്‌ക്ക് നിക്ഷേപമുണ്ട്. ചൈനീസ് വികസന ബാങ്കിൽനിന്നും 120 ബില്യൺ ഡോളർ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ വെനസ്വേല, അർജന്റീന, ഇക്വഡോർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 180 ബില്യൺ ഡോളർ വായ്‌പയായും ഗ്രാന്റായും ലാറ്റിനമേരിക്കയ്‌ക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ മൂന്നിലൊന്നും വെനസ്വേലയ്‌ക്കാണ് ലഭ്യമാകുന്നത്. മഡുറോയെ തടവിലാക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത് ലാറ്റിനമേരിക്കയിലെ ചൈനയുടെ പ്രത്യേക പ്രതിനിധി ക്വി സിയാക്വിയുമായിട്ടായിരുന്നു. അത്രമേൽ ദൃഢമായിരുന്നു വെനസ്വേലയും ചൈനയുമായുള്ള ബന്ധം. മഡുറോയെ തടവിലാക്കിയതിൽ ഏറ്റവും രൂക്ഷമായ പ്രതികരണം ഉണ്ടായതും ചൈനയിൽ നിന്നാണ്. അമേരിക്കൻ നടപടി അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മഡുറോയെ അന്യായമായി തടവിലിടുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ചൈനീസ് വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. ചൈനീസ് ദിനപത്രമായ "ഗ്ലോബൽ ടൈംസ്’ രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ നടപടിയെ വിമർശിച്ചത് .



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home