കവർസ്റ്റോറി
ഇറാൻ പ്രതിരോധത്തിൽ ശക്തി ക്ഷയിച്ച് അമേരിക്ക


വി ബി പരമേശ്വരൻ
Published on Mar 28, 2026, 02:20 PM | 6 min read
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും അനവസരത്തിൽ, നിയമവിരുദ്ധമായി ആരംഭിച്ച യുദ്ധം രണ്ടാഴ്‌ച പിന്നിട്ടിരിക്കുന്നു. ഉടൻ യുദ്ധത്തിന് വിരാമമാകുമെന്ന് വീരസ്യം പറഞ്ഞ് ആരംഭിച്ച യുദ്ധം നിർത്താനാകാതെ പരുങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയാണ് നമുക്ക് കാണാനാകുന്നത്. ഇറാൻ തോറ്റുവെന്നും അവർ അനുരഞ്ജനത്തിനായി കേഴുകയാണെന്നും മുഖം രക്ഷിക്കാനായി ട്രംപ് പറയുമ്പോഴും ചർച്ചയ്‌ക്കില്ലെന്നും കാര്യങ്ങൾ യുദ്ധം ചെയ്‌ത് തീരുമാനിക്കാമെന്നുമാണ് ഇറാന്റെ ഭാഷ്യം. അമേരിക്കയ്‌ക്ക് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കാനാവില്ലെന്നതാണ് വസ്‌തുത. ഇറാൻ യുദ്ധം നിർത്താത്ത പക്ഷം, ലോകത്തെ എണ്ണവാതക- ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്ന യുദ്ധം തുടരുക തന്നെ ചെയ്യും.
അമേരിക്കൻ ആക്രമണത്തിൽ തകർന്ന ടെഹ്‌റാനിലെ കെട്ടിടത്തിനുമുന്നിലിരിക്കുന്ന സ്‌ത്രീ
രണ്ടുനാല് ദിവസത്തിനകം ഇറാനെ തകർത്ത് യുദ്ധത്തിൽ നിന്നും വിജയശ്രീലാളിതരായി പിൻവാങ്ങാമെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രമാണ് ഇറാന്റെ ചെറുത്തുനിൽപ്പിന് മുമ്പിൽ തകർന്നടിയുന്നത്. സ്വന്തം മതനേതാവിനെ, രാഷ്‌ട്രത്തലവനെ കൊന്ന അമേരിക്കയുമായി എന്ത് ചർച്ച എന്നാണ് ഇറാൻ ചോദിക്കുന്നത്. ആണവക്കരാർ തകർത്തത് ട്രംപാണ്. 2025ലും 2026ലും ചർച്ചയ്‌ക്ക് തയ്യാറായ ഇറാനു നേരേയാണ് അമേരിക്ക ആക്രമണം നടത്തിയത്. അവരുമായി ഇനിയും ചർച്ച ചെയ്യുന്നതിൽ എന്ത് അർഥമാണുള്ളത് എന്ന അർഥവത്തായ ചോദ്യമാണ് ഇറാൻ ഉയർത്തുന്നത്.
ഇറാനിൽ ഭരണമാറ്റം എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന ട്രംപിന്റെ ആഖ്യാനത്തിനുള്ള ഉത്തരമാണ് കൊല്ലപ്പെട്ട ഖമനേയിയുടെ മകനെ തന്നെ അടുത്ത പരമോന്നത നേതാവായി നിശ്ചയിച്ചുകൊണ്ട് അവർ നൽകിയത്. ഇറാന്റെ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കയ്‌ക്ക് അടിയറവെക്കില്ലെന്ന സന്ദേശം കൂടിയുണ്ട് മൊജ്താബ ഖമനേയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിന് പിന്നിൽ. യുദ്ധം നിർത്താൻ മൂന്ന് ഉപാധികളാണ് മൊജ്താബ ഖമനേയി മുന്നോട്ടുവെക്കുന്നത്.
1‐ പശ്ചിമേഷ്യയിലെ സൈനിക ത്താവളങ്ങൾ യുഎസ് എന്നെന്നേക്കുമായി ഉപേക്ഷിക്കുക.
2‐ ഇറാന് നഷ്‌ടപരിഹാരം നൽകുക.
3‐ യുദ്ധകാര്യത്തിൽ തീരുമാനം ആകുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുക.
ഇറാൻ പ്രസിഡന്റ് പെസഷ്സി കിയാൻ മുന്നോട്ടുവെച്ച സമാധാന നിർദേശത്തിൽ ഭാവിയിൽ ഇറാനെ ആക്രമിക്കില്ലെന്ന ഗ്യാരന്റി നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിച്ചാൽ അമേരിക്കയുടെ മുഖം നഷ്ടപ്പെടും. അതിനാൽ അവർക്ക് വിജയം ആഘോഷിക്കാൻ ഒരവസരം കിട്ടുന്നതുവരെ യുദ്ധം നീളാനാണ് സാധ്യത.
ഇറാനെ പ്രതിസന്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 14ന് മരതക ദ്വീപായി അറിയപ്പെടുന്ന ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചത്. ഇറാൻ എണ്ണയുടെ 90 ശതമാനവും പുറത്തുപോകുന്നത് ഈ ദ്വീപ് വഴിയാണ്. കടലിന് ആഴം കൂടുതലായതിനാൽ എണ്ണക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടാണ് എണ്ണ നിറയ്‌ക്കുന്നതും പോകുന്നതും. ഇറാൻ എണ്ണപ്പാടങ്ങളിൽനിന്നുള്ള പൈപ്പുകൾ അവസാനിക്കുന്നത് ഖാർഗ് ദ്വീപിലാണ്. 13 ലക്ഷം ബാരൽ മുതൽ 15 ലക്ഷം ബാരൽ വരെയാണ് ഇവിടെനിന്നും ദിനംപ്രതി എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ 90 ശതമാനവും വാങ്ങുന്നത് ചൈനയുമാണ്. അതായത് ഈ എണ്ണ കയറ്റുമതി സ്‌തംഭിപ്പിച്ചാൽ ഇറാൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യാം, ചൈനയ്‌ക്ക് എണ്ണ നിഷേധിക്കുകയും ചെയ്യാം. എന്നാൽ ഇവിടുത്തെ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് 14ന് അമേരിക്ക ആക്രമിച്ചത്.
എണ്ണ സംഭരണികളും പശ്ചാത്തല സൗകര്യങ്ങളും ആക്രമിക്കുമെന്നാണ് അമേരിക്കൻ ഭീഷണി. അങ്ങനെ ചെയ്‌താൽ പശ്ചിമേഷ്യയിലെ എല്ലാ എണ്ണക്കിണറുകളും സംവിധാനങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടഞ്ഞതോടെ തന്നെ ലോകത്ത് പാചകവാതകക്ഷാമം രൂക്ഷമാകുകയും എണ്ണവില കുതിച്ചുയരുകയും ചെയ്‌തിരിക്കുകയാണ്. യുദ്ധത്തിന് മുമ്പ് 65‐69 ഡോളറായിരുന്നു ബാരലിനെങ്കിൽ ഇപ്പോൾ അത് 120 ഡോളറായി ഉയർന്നിരിക്കുന്നു. ഖാർഗ് ആക്രമിച്ചാൽ സ്ഥിതി ഒന്നുകൂടി രൂക്ഷമാകും. ജനരോഷം അമേരിക്കയ്‌ക്കും ട്രംപിനുമെതിരെ പതിന്മടങ്ങ് ഉയരുകയും ചെയ്യും. ഹോർമുസിലൂടെയുള്ള ഗതാഗതം ഫലപ്രദമായി അടയ്‌ക്കാൻ കഴിഞ്ഞുവെന്നതാണ് ഇറാന് യുദ്ധത്തിൽ മേൽക്കൈ നേടിക്കൊടുത്തതിലെ പ്രധാന ഘടകം. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾ, -യുഎസ്എസ് അബ്രഹാം ലിങ്കണും ജെറാൾസ് എസ് ഫോർഡും, ഗൾഫിൽ ഉണ്ടായിട്ടും ഹോർമുസിലെ നിയന്ത്രണം ഏറ്റെടുക്കാൻ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ലെന്നത് അവരുടെ പരാജയത്തിന്റെ ആരംഭമായി വിലയിരുത്തപ്പെടുന്നത് സ്വാഭാവികം മാത്രം. ഇറാൻ ആക്രമണത്തെ തുടർന്ന് ഈ രണ്ട് കപ്പലുകളും നേരത്തെ നങ്കൂരമടിച്ച സ്ഥാനത്തു നിന്നും ബഹുദൂരം പിൻവാങ്ങിയിരിക്കുകയാണ്.
നെതന്യാഹുവും ട്രംപും
പശ്ചിമേഷ്യയിൽ അമേരിക്കയുടെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നതാണ് ഈ യുദ്ധത്തിന്റെ പ്രധാന ഫലം. അമേരിക്കയ്‌ക്ക് 19 സൈനികത്താവളങ്ങളാണ് ഈ മേഖലയിലുള്ളത്. അതിൽ 17 ഇടത്തും ഇറാൻ ആക്രമണമുണ്ടായി. ഏഴിടത്തെ റഡാർ സംവിധാനം തകർക്കപ്പെട്ടു. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമായ ഖത്തറിലെ അൽ ഉദൈദിലെ ഏറ്റവും വില കൂടിയ (1.1 ബില്യൺ ഡോളർ) റഡാറോടു കൂടിയുള്ള താഡ് സംവിധാനം തകർക്കപ്പെട്ടത് മേഖലയിലെ യുദ്ധതന്ത്രത്തിന്റെ ഏകോപനം പോലും ശിഥിലമാക്കി. റഡാർ സംവിധാനം തകർന്നാൽ പാട്രിയറ്റ്, താഡ്, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുക അസാധ്യമാണ്.
ഇറാൻ ആക്രമണം രൂക്ഷമാക്കിയപ്പോൾ അത് തടയാൻ കഴിയാത്ത അവസ്ഥയിലായി അമേരിക്ക. മെച്ചപ്പെട്ട റഡാറുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനം നിർമിക്കാൻ എട്ട് വർഷം എടുക്കുമെന്നതിനാൽ പെട്ടെന്ന് പകരം സംവിധാനം ഏർപ്പെടുത്താനും കഴിയില്ല. ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച റഡാറുകൾ അവരുടെ പ്രതിഷേധം വകവെക്കാതെ പശ്ചിമേഷ്യയിലേക്ക് മാറ്റാനാണ് അമേരിക്ക ശ്രമിക്കുന്നത്. വില കൂടിയ റഡാറുകളും ഇന്റർസെപ്റ്ററുകളും തകർക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ഡ്രോണുകളാണ്. ഒരു ഷഹിദ് ‐136 ഡ്രോൺ നിർമിക്കാൻ 20,000 ഡോളറാണ് ചെലവ്. അത് തകർക്കുന്ന പ്രതിരോധ സംവിധാനങ്ങൾക്ക് നാലുമുതൽ ഒന്പത് ദശലക്ഷം ഡോളർ വരെയാണ് ചെലവ് എന്ന് ബ്ലൂംബർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആദ്യത്തെ ഒരാഴ്‌ചത്തെ യുദ്ധത്തിന് അമേരിക്കയ്‌ക്കുള്ള ചെലവ് 11.3 ബില്യൺ ഡോളറാണ്. ഒരു മാസം നീണ്ടാൽ 50 ബില്യൺ ഡോളർ ചെലവാകും. ഇസ്രയേലിന് ഏകദേശം മുക്കാൽ ബില്യൺ ഡോളറും ദിനംപ്രതി ചെലവാകുന്നതായാണ് കണക്ക്. അനാവശ്യ യുദ്ധങ്ങൾ അമേരിക്കൻ ട്രഷറി ചോർത്തുന്നു എന്ന മാഗ മുദ്രാവാക്യം ഉയർത്തിയ പ്രസിഡന്റ് തന്നെയാണ് അമേരിക്കൻ ട്രഷറിയിൽ വൻതോതിൽ ചോർച്ച ഉണ്ടാക്കുന്നത് എന്നതാണ് വിരോധാഭാസം.
ഗൾഫിലുള്ള ഇന്റർസെപ്റ്ററുകൾ ഇസ്രയേലിലേക്ക് മാറ്റുന്നതിൽ സൗദിയും ഖത്തറും മറ്റും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്‌തു. തങ്ങളുടെ സുരക്ഷയേക്കാൾ അമേരിക്കയ്‌ക്ക് പ്രധാനം ഇസ്രയേലിന്റെ സുരക്ഷയാണെന്ന ആക്ഷേപമാണ് അവർ ഉയർത്തിയത്. അതായത് അമേരിക്കൻ സൈനികത്താവളങ്ങൾക്ക് ജിസിസി രാഷ്‌ട്രങ്ങൾ അനുവാദം നൽകുന്നത് അവരുടെ സുരക്ഷ കൂടി കണക്കിലെടുത്തായിരുന്നു. എണ്ണയും വാതകവും വഹിച്ചുള്ള തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് ഹോർമുസിൽ സുരക്ഷ ഒരുക്കാൻ അമേരിക്കൻ സൈനിക സാന്നിധ്യം പ്രയോജനപ്പെടുന്നില്ലെങ്കിൽ എന്തിന് യുഎസ് സൈനികത്താവളങ്ങൾ തുടരണമെന്ന ചോദ്യവും ഗൾഫിൽ ഉയരുകയാണ്. ഇത് മനസ്സിലാക്കിയാണ് അമേരിക്ക ഗൾഫിലെ സൈനികത്താവളങ്ങൾ ഉപേക്ഷിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നത്. ഒരു ആസൂത്രണവും ഇല്ലാതെയാണ് അമേരിക്ക യുദ്ധത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത്. മിനാബിലെ സ്‌കൂളിൽ ബോംബിട്ടത് ഇറാൻ സൈനിക കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നുവെന്ന റിപ്പോർട്ടും ഈ ആസൂത്രണമില്ലായ്‌മയിലേക്കാണ് വിരൽചൂണ്ടുന്നത്. 168 പെൺകുട്ടികളും 14 അധ്യാപകരുമാണ് അമേരിക്കയുടെ തോംഹാക്ക് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്ക നടത്തിയ തോംഹാക്ക് മിസൈൽ ആക്രമണത്തിലാണ് മിനാബ് ദുരന്തം ഉണ്ടായതെന്ന് "ന്യൂയോർക്ക് ടൈംസാ'ണ് റിപ്പോർട്ട് ചെയ്‌തത്. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇറാനും തോംഹാക്ക് ഉണ്ടെന്നായിരുന്നു. തീർത്തും വാസ്‌തവ വിരുദ്ധമായ കാര്യമാണിത്. ഇറാന് മിസൈലുകളും സൂപ്പർ സോണിക് ബാലിസ്റ്റിക് മിസൈലുകളും ഉണ്ടെങ്കിലും തോംഹാക്ക് മിസൈലുകൾ ഇല്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പോലും പറയുന്നത്.
യുദ്ധത്തിൽ ഇറാനാണ് മുൻതൂക്കം എന്ന രീതിയിൽ അമേരിക്കൻ മാധ്യമങ്ങളിൽ വാർത്ത വരുന്നത് ട്രംപിനെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. തെറ്റായ വാർത്തകൾ നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന ഭീഷണിപോലും ട്രംപ് ഭരണകൂടം ഉയർത്തിക്കഴിഞ്ഞു.
ഖാർഗ് ദ്വീപിന്റെ സാറ്റലൈറ്റ് ദൃശ്യം
മേഖലയിൽ ഇസ്രയേലിന്റെ സ്വാധീനത്തിൽ വലിയ ഇടിവ് വന്നുവെന്നതും ഈ യുദ്ധത്തിന്റെ പ്രത്യേകതയാണ്. ഇറാനെ അപേക്ഷിച്ച് ഇസ്രയേലിന്റെ സൈനികശേഷി തുലോം കുറവാണെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ ഇസ്രയേൽ ഒന്നുമല്ലെന്ന് പശ്ചിമേഷ്യൻ രാഷ്‌ട്രങ്ങൾക്കും ലോകത്തിനും ബോധ്യമായി.
ഇറാൻ വലിയ നാശനഷ്ടങ്ങളാണ് ഇസ്രയേലിൽ ഉണ്ടാക്കിയത്. വിശാലമായ ബങ്കർ സംവിധാനം ഉള്ളതിനാലാണ് ആൾനാശം കുറഞ്ഞതെന്ന് മാത്രം. നെതന്യാഹുവിന്റെ ഓഫീസും വീടും ലക്ഷ്വറി റിസോർട്ടും ഇറാൻ ആക്രമിച്ചു. ഇറാനെ നശിപ്പിക്കാൻ നാഴികയ്‌ക്ക് നാൽപ്പതുവട്ടം ആഹ്വാനം ചെയ്യുന്ന നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സും ധനമന്ത്രി മോസട്രിച്ചും നിശ്ശബ്ദരാണ്. ഒളിത്താവളങ്ങളിൽ നിന്നും ഇറക്കുന്ന അപൂർവം വീഡിയോകൾ മാത്രമാണ് കാണാൻ കഴിയുന്നത്. തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുക കൂടി ചെയ്‌തതോടെ നെതന്യാഹു പുറത്തിറങ്ങിയിട്ടില്ല. എന്നാൽ ഇറാൻ നേതൃത്വം നിരന്തരം പ്രസ്‌താവനകളും വീഡിയോകളും പുറത്തിറക്കുന്നു.
ലോകമെങ്ങുമുള്ള ജൂതർക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന പ്രദേശമാണ് ഇസ്രയേൽ എന്ന ധാരണയും തിരുത്തപ്പെട്ടു. അവർ കൂട്ടത്തോടെ രാജ്യം വിടാൻ വിമാനത്താവളങ്ങളിൽ തമ്പടിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാനിൽനിന്നും ദിനംപ്രതി മൂന്ന് നാല് തരംഗമായി നാൽപ്പതോളം ഡ്രോണുകളും മിസൈലുകളും പതിക്കുമ്പോൾ ലെബനണിൽനിന്നും ഹിസ്‌ബൊള്ളകൾ നൂറും ഇരുനൂറും മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമാക്കി വിക്ഷേപിക്കുന്നത്. പ്രതിരോധ സംവിധാനങ്ങളായ അയൺഡോമും ഡേവിഡ് സ്ലിങ്ങും തകർന്നതിനാൽ പതുക്കെ സഞ്ചരിക്കുന്ന ഡ്രോണുകൾ പോലും തടയാൻ കഴിയുന്നില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മാധ്യമ സെൻസർഷിപ്പ് ഉള്ളതിനാൽ ഇസ്രയേലിൽ എന്താണ് അവസ്ഥ എന്ന യഥാർഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല.
അമേരിക്കയെ അലട്ടുന്ന മറ്റൊരു പ്രശ്നം സ്വന്തം സഖ്യശക്തികൾ പിന്തുണ നൽകാൻ തയ്യാറായി മുന്നോട്ടുവരുന്നില്ലെന്നതാണ്. ലോക സമ്പദ്‌വ്യവസ്ഥയെ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ഹോർമുസ് അടഞ്ഞുകിടക്കുന്നതാണ്. ഇതിലൂടെ ഗതാഗതം സാധാരണ നിലയിലാക്കാൻ നാറ്റോ അംഗരാജ്യങ്ങളായ ബ്രിട്ടനോടും ഫ്രാൻസിനോടും ജർമനിയോടും അമേരിക്കൻ സഖ്യകക്ഷികളായ ജപ്പാനോടും ദക്ഷിണ കൊറിയയോടും ആസ്‌ട്രേലിയയോടും ട്രംപ് ആവശ്യപ്പെട്ടെങ്കിലും ആരും അനുകൂലമായി പ്രതികരിക്കാൻ തയ്യാറായില്ല. ഇന്ധന-സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതിന് ഉത്തരവാദി അമേരിക്കയാണെന്ന് ലോകം മുഴുവൻ കുറ്റപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇറാൻ അടച്ചിട്ട ഹോർമുസ് കടലിടുക്കിൽ ഗതാഗതം സാധാരണ നിലയിലാക്കി മുഖം രക്ഷിക്കാൻ ട്രംപ് ശ്രമിക്കുന്നത്. ഹോർമുസിന്റെ നിയന്ത്രണം കൈക്കലാക്കി ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയാണ് അമേരിക്കയുടെ യഥാർഥ ലക്ഷ്യമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇറാന്റെ ആക്രമണം ഭയന്ന് സഖ്യ രാജ്യങ്ങളാരും അവരുടെ കപ്പലുകൾ അയക്കാൻ തയ്യാറായില്ല. പേർഷ്യൻ ഗൾഫിലും ഹോർമുസിലും കടലിനടിയിൽ ടണലുകൾ ഉണ്ടാക്കി കപ്പൽവേധ മിസൈലുകളും മൈനുകളും ടോർപിഡോകളും ഇറാൻ ഇഷ്ടംപോലെ സംഭരിച്ചിട്ടുണ്ട് എന്നതാണ് ഈ ഭയത്തിന് കാരണം.
മിനാബിലെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളുമായി
വിലാപയാത്ര നടത്തുന്നവർ
അമേരിക്കയെ സഹായിക്കുകയെന്നാൽ യുദ്ധത്തിൽ പങ്കാളിയാകുക എന്നാണ് അർഥം. തങ്ങളോട് ആലോചിക്കാതെ ആരംഭിച്ച യുദ്ധത്തിൽ എന്തിന് പങ്കാളിയാകണമെന്ന ചോദ്യവും സഖ്യശക്തികൾ ഉന്നയിക്കുകയാണ്. സഖ്യകക്ഷികൾ സഹായിക്കാത്ത പക്ഷം നാറ്റോ സഖ്യത്തിന്റെ ഭാവി മോശമാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിക്കഴിഞ്ഞു. ചൈനയോടും ട്രംപ് യുദ്ധക്കപ്പലയച്ച് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഹോർമുസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ കാരണം അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണമാണെന്ന് ഓർമിപ്പിക്കാനാണ് ചൈന തയ്യാറായത്.
ജിസിസി രാഷ്‌ട്രങ്ങൾ ഇറാനെതിരെ രംഗത്തുവരുമെന്ന പ്രതീക്ഷയും ആസ്ഥാനത്തായി. തങ്ങളുടെ രാജ്യത്തുനിന്നും ഇറാനെതിരെ ആക്രമണം നടത്തരുതെന്ന് ജിസിസി രാഷ്‌ട്രങ്ങൾ പറഞ്ഞിട്ടും അമേരിക്ക അത് ലംഘിച്ച് യുഎഇയിലെയും ഖത്തറിലെയും സൈനികത്താവളങ്ങളിൽ നിന്നും ഇറാനെ ആക്രമിക്കുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌തു. എന്നിട്ടും ജിസിസി രാഷ്‌ട്രങ്ങൾ അമേരിക്കയോടൊപ്പം കൂടാത്തത് ജനങ്ങളുടെ പ്രതികരണം ഭയന്നാണ്. പശ്ചിമേഷ്യയിൽ നിന്നും ഉയരുന്നത് പുതിയൊരു ലോകക്രമത്തിന്റെ കാഹളമാണ്. എകധ്രുവ ലോകത്തിന്റെ അന്ത്യവും ബഹുധ്രുവ ലോകത്തിനായുള്ള ആഹ്വാനവുമാണ് അതിലടങ്ങിയിട്ടുള്ളത്.










0 comments