രേഖാമൂലം
ഐഎൻഎയുടെ ഝാൻസി റാണിയെ എതിരേറ്റ തിരുവിതാംകൂർ


ശ്രീകുമാർ ശേഖർ
Published on Feb 07, 2026, 11:16 AM | 3 min read
‘മാന്യരെ, നമ്മുടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി അടർക്കളത്തിലിറങ്ങി, ദേശാഭിമാനികളെ പുളകംകൊള്ളിക്കുന്ന അത്ഭുതകൃത്യങ്ങൾ നിർവഹിച്ച്, ഭാരതീയ സ്വാതന്ത്ര്യസമരത്തിൽ ഒരു നവീനാധ്യായം രചിച്ച ഝാൻസി റാണി റെജിമെന്റിന്റെ അധിനായിക ലഫ്. കേണൽ ശ്രീ. ലക്ഷ്‌മി ഈ മാസം 7 ശനിയാഴ്‌ച പകൽ ഒരുമണിക്ക് ഹരിപ്പാട്ടു വന്നുചേരുന്നതാണ്.’
ക്യാപ്‌റ്റൻ ലക്ഷ്‌മിക്ക് 1946 ഏപ്രിൽ 20ന് ഹരിപ്പാട്ട് നൽകിയ സ്വീകരണത്തിന്റെ നോട്ടീസ്
വീരാരാധന നിറച്ച ഈ വാചകങ്ങളിലുണ്ട്, ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ വരവ് തിരുവിതാംകൂറിൽ കോരിയിട്ട ആവേശം. ബർമയിലെ റങ്കൂണിൽ ഒരുവർഷം ബ്രിട്ടീഷുകാരുടെ തടവിലായിരുന്ന അവർ 1946 മാർച്ചിലാണ് ഇന്ത്യയിലെത്തുന്നത്. തൊട്ടടുത്ത മാസം ആയിരുന്നു കേരള സന്ദർശനം. നാട്ടിലെത്തിയ ഐഎൻഎ പോരാളികൾക്ക് ജീവിതമാർഗം ഒരുക്കാനുള്ള ഫണ്ട് ശേഖരിക്കുകയായിരുന്നു ലക്ഷ്‌മി. ജന്മനാടായ ആനക്കരയിലടക്കം മലബാറിൽ നടന്ന സ്വീകരണങ്ങൾക്കുശേഷം 1946 ഏപ്രിൽ 20‐നാണ് അവർ കാറിൽ ആലുവയിലെത്തുന്നത്.
കൊല്ലത്തായിരുന്നു മുഖ്യ സ്വീകരണം. പൊലീസ് രേഖകളനുസരിച്ച് എറണാകുളം, അരൂർ, ചേർത്തല, കഞ്ഞിക്കുഴി, ആലപ്പുഴ, അമ്പലപ്പുഴ, തോട്ടപ്പള്ളി, ഹരിപ്പാട്, രാമപുരം, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ശങ്കരമംഗലം, നീണ്ടകര എന്നിവിടങ്ങളിലെല്ലാം ചെറുസ്വീകരണവും ഫണ്ട് ശേഖരണവും നടന്നു. ഇതിൽ ഹരിപ്പാട്ടെ പരിപാടിയുടെ നോട്ടീസാണ് കുറിപ്പിനൊപ്പം.
ക്യാപ്‌റ്റൻ ലക്ഷ്‌മി
തിരുവിതാംകൂർ പൊരുതി ഉണരുന്ന കാലം. സ്റ്റേറ്റ് കോൺഗ്രസ് സി പിക്കെതിരെ പ്രക്ഷോഭത്തിൽ. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും സ്വന്തം സമരവഴികളിൽ. പുന്നപ്ര വയലാർ പ്രക്ഷോഭത്തിലേക്ക് നാട് നടന്നടുക്കുന്ന നാളുകൾ. ലക്ഷ്‌മിയുടെ സന്ദർശനത്തെ സി പി ഭയന്നു. സമരങ്ങൾക്ക് അത് കുതിപ്പ് പകരും എന്നു സംശയിച്ചു. പരിപാടികൾക്കു പിന്നാലെ പൊലീസ് നീങ്ങി. വിശദാംശങ്ങളും നോട്ടീസുകളും ശേഖരിച്ചു. തിരുവിതാംകൂർ സർക്കാർ രേഖകളിൽ ലഭ്യമായ പൊലീസ് കുറിപ്പുകളിൽപോലും സന്ദർശനം പകർന്ന ആവേശത്തിന്റെ തുടിപ്പ് കാണാം.
കൊല്ലത്തെ പരിപാടിയുടെ മുഖ്യസംഘാടകർ സോഷ്യലിസ്റ്റുകളായിരുന്നു. എൻ ശ്രീകണ്ഠൻ നായരും അഡ്വ. ജി ജനാർദനക്കുറുപ്പും കെ ബാലകൃഷ്‌ണനും മുൻനിരയിൽ. കമ്യൂണിസ്റ്റ് പാർടി വിട്ടുനിന്നു. ഫാസിസ്റ്റ് ജർമനിയുടെ കൂട്ടാളിയായിരുന്ന ജപ്പാനൊപ്പം ചേർന്ന ഐഎൻഎയെ പാർടി പിന്തുണച്ചിരുന്നില്ല. (ഐഎൻഎ പോരാളികളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്‌തത് ശരിയായില്ലെന്ന നിലപാടിൽ പാർടി എത്തിയതും ക്യാപ്‌റ്റൻ ലക്ഷ്‌മിയും കൊല്ലത്തെ സ്വീകരണത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്ന ജി ജനാർദനക്കുറുപ്പും കമ്യൂണിസ്റ്റ് നേതാക്കളായതും പിൽക്കാല ചരിത്രം).
കെ ബാലകൃഷ്‌ണൻ
കൊല്ലത്തേക്ക് എത്തുംവഴി പലയിടത്തും ജനങ്ങൾ ലക്ഷ്‌മിക്ക് പണപ്പൊതി കൈമാറി. കരുനാഗപ്പള്ളിയിലെ ക്രൗൺ ടാക്കീസ് ഉടമ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തു. ചിലർ മോതിരം ഊരി നൽകി.
താമരക്കുളത്തെ ബേബി തിയറ്ററിലെ പ്രതിനിധി സമ്മേളനത്തിനുശേഷം ഇ വി മൈതാനത്തെ ‘നേതാജി നഗറി’ൽ പൊതുസമ്മേളനം ചേർന്നു. 200 ഐഎൻഎ ഭടന്മാർ സല്യൂട്ട് നൽകി ലക്ഷ്‌മിയെ എതിരേറ്റു. അന്ന് 22 വയസുകാരനായ കെ ബാലകൃഷ്‌ണനാണ് പ്രതിനിധി സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്. പൊതുസമ്മേളനത്തിൽ 2000 പേർ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. പല തട്ടായി ഇരിപ്പിടം സജ്ജീകരിച്ച് ടിക്കറ്റ് വച്ചായിരുന്നു പ്രവേശനം. കുറഞ്ഞ നിരക്ക് ഒരു രൂപയും കൂടിയത് 25 രൂപയും.
അഡ്വ. ജി ജനാർദനക്കുറുപ്പ്
ദിവാൻ സി പി രാമസ്വാമി അയ്യരും ഐഎൻഎയ്‌ക്ക് സംഭാവന നൽകിയിരുന്നു. പൊതുസമ്മേളനത്തിൽ സ്വാഗതം പറഞ്ഞ കണ്ണന്തോടത്ത് ജാനകി അമ്മ ഇത് എടുത്തുപറഞ്ഞ് സി പി-ക്ക് നന്ദി പറഞ്ഞു. എന്നാൽ ഇത് ദിവാന്റെ സൂത്രമാണെന്ന് സമ്മേളനം ഉദ്‌ഘാടനംചെയ്‌ത കുമ്പളത്ത് ശങ്കുപ്പിള്ള ചൂണ്ടിക്കാട്ടി. തിരികെ വരുന്ന ഐഎൻഎ ഭടന്മാരെ തനിക്കൊപ്പം നിർത്താനാണ് ദിവാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച അഡ്വ. ജനാർദനക്കുറുപ്പ് സംഭാവന നൽകിയ ദിവാനെ കളിയാക്കിയാണ് പ്രസംഗിച്ചതെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ‘സംഭാവന നൽകി വിലയ്‌ക്കെടുക്കാവുന്നവരാണ് ഐഎൻഎ ഭടന്മാർ എന്ന് സി പി കരുതേണ്ട. ഇപ്പോൾ അവരുടെ അവസ്ഥ ഒരു സമരത്തിലേക്ക് ചാടിയിറങ്ങാൻ പറ്റുന്നതല്ല. പക്ഷേ ആവശ്യം വരുമ്പോൾ അവർ ആയുധമേന്തി ജനങ്ങൾക്കൊപ്പം മുൻനിരയിലുണ്ടാകും’ ‐ അദ്ദേഹം പ്രഖ്യാപിച്ചു. ഇങ്ക്വിലാബ് സിന്ദാബാദ് വിളികളോടെയാണ് സമ്മേളനം അവസാനിച്ചത്.
എൻ ശ്രീകണ്ഠൻ നായർ
പൊതുസമ്മേളനത്തിലും പലരും പണക്കിഴികൾ സമ്മാനിച്ചു. സംഭാവനയായി ലഭിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം 600 രൂപയ്‌ക്ക് ലേലത്തിൽ പോയി. സ്വീകരണ പരിപാടി ഗംഭീരമായെങ്കിലും ലക്ഷ്‌മി എത്തുംമുമ്പ് കൊല്ലത്ത് ശ്രീകണ്ഠൻ നായർ നടത്തിയ പണപ്പിരിവിൽ അവർക്ക് തീരെ മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് എത്തിയശേഷം പങ്കെടുത്ത പരിപാടികളിൽ സംഭാവന താൻ നേരിട്ടു വാങ്ങുകയായിരുന്നുവെന്നും അത് തിരിച്ചുവാങ്ങാൻ ശ്രീകണ്ഠൻ നായർ ശ്രമിച്ചെങ്കിലും കൊടുത്തില്ലെന്നും ക്യാപ്‌റ്റൻ ലക്ഷ്‌മി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
കൊല്ലത്തുനിന്ന് നാഗർകോവിലിലേക്ക് പോയ ക്യാപ്‌റ്റൻ ലക്ഷ്‌മി ഏപ്രിൽ 23ന് തിരിച്ചെത്തി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മൈതാനത്തെ പൊതുസമ്മേളനത്തിലും സംസാരിച്ചു. തിരുവിതാംകൂറിലെ സമരസജ്ജരായ ജനതയ്‌ക്ക് പുതിയ ആവേശം പകർന്ന് അന്നുതന്നെ അവർ തിരികെ പോകുകയും ചെയ്‌തു.








0 comments