ad
Deshabhimani

രേഖാമൂലം

സേലം വെടിവെപ്പും രമേശ്‌ ഥാപ്പറും ഒന്നാം ഭരണഘടനാ ഭേദഗതിയും

സേലം ജയിൽ രക്തസാക്ഷികൾക്ക്‌ അഭിവാദ്യമർപ്പിച്ചുകൊണ്ട്‌  പുറത്തിറങ്ങിയ ‘ക്രോസ്‌ റോഡ്‌സ്‌’
avatar
ശ്രീകുമാർ ശേഖർ

Published on Mar 14, 2026, 11:18 AM | 3 min read

"ഈ തളരാത്ത പോരാളികളെ,

ധീരരായ ഈ മണ്ണിന്റെ മക്കളെ,

ഭയപ്പെടുത്താനും അടിച്ചമർത്താനുമാണ്

ജയിൽ അധികൃതർ ആ കൊടുംക്രൂരത കാട്ടിയത്.

ഈ രക്തസാക്ഷികളെ ഞങ്ങൾ

അഭിവാദ്യം ചെയ്യുന്നു.

ഇവരുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ

നിയമത്തിനു മുന്നിൽ കൊണ്ടുവരും

എന്നു പ്രതിജ്ഞ ചെയ്യുന്നു.’


കുറ്റക്കാരെ ശിക്ഷിക്കുക (Punish the Guilty) എന്ന തലക്കെട്ടിനു മുകളിലായിരുന്നു ഈ തീയാളുന്ന വാക്കുകൾ. അതിനും മുകളിലായി ഒരു തുണിത്തുണ്ട്‌ ചുടുചോരയിൽ മുക്കി ചുവപ്പിക്കുന്ന തടവുകാരന്റെ ചിത്രവും. 1950 ഫെബ്രുവരി 11-ന് തമിഴ്‌നാട്ടിലെ സേലം സെൻട്രൽ ജയിലിൽ 22 കമ്യൂണിസ്റ്റ് തടവുകാരുടെ ജീവനെടുത്ത വെടിവെപ്പിനെതിരെ മുംബൈയിൽ നിന്നിറങ്ങുന്ന ‘ക്രോസ്‌ റോഡ്‌സ്‌’ വാരിക പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു. അകത്തെ പേജുകളിലും സർക്കാരിനെതിരെ രോഷം തിളച്ചു. വാരികക്കെതിരായ സർക്കാരിന്റെ നീക്കം അവസാനിച്ചത്‌ ഇന്ത്യൻ ഭരണഘടന തന്നെ മാറ്റിയെഴുതിക്കൊണ്ട്‌.

സേലം ജയിൽ രക്തസാക്ഷികൾക്ക്‌ അഭിവാദ്യമർപ്പിച്ചുകൊണ്ട്‌  പുറത്തിറങ്ങിയ ‘ക്രോസ്‌ റോഡ്‌സ്‌’സേലം ജയിൽ രക്തസാക്ഷികൾക്ക്‌ അഭിവാദ്യമർപ്പിച്ചുകൊണ്ട്‌ പുറത്തിറങ്ങിയ ‘ക്രോസ്‌ റോഡ്‌സ്‌’

വിഖ്യാത ചരിത്രകാരി റൊമീല ഥാപ്പറുടെ മൂത്ത സഹോദരൻ കൂടിയായ രമേശ്‌ ഥാപ്പർ മുംബൈയിൽ നിന്ന്‌ 1949 എപ്രിൽ 29‐നാണ്‌ ‘ക്രോസ്‌ റോഡ്‌സ്‌’ തുടങ്ങുന്നത്‌. ഭാര്യ രാജ്‌ ഥാപ്പറും ഒപ്പമുണ്ടായിരുന്നു. കൽക്കത്ത തിസീസിനെ തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർടി പ്രസിദ്ധീകരണങ്ങൾ നിരോധിക്കപ്പെട്ട കാലം. നേതാക്കൾ ഏറെയും ജയിലിൽ. പലരും ഒളിവിൽ. ‘ക്രോസ്‌ റോഡ്‌സ്‌’ പാർടിയുടെ അനൗദ്യോഗിക നാവായി.


സേലം ജയിൽ പതിപ്പിറക്കിയതോടെ 1950 മാർച്ച്‌ ഒന്നിന്‌ മദ്രാസിലെ കോൺഗ്രസ്‌ സർക്കാർ ‘ക്രോസ്‌ റോഡ്‌സി’ന്റെ വിതരണം തടഞ്ഞു. മദ്രാസ്‌ മെയിന്റനൻസ്‌ ഓഫ്‌ പബ്ലിക് ഓർഡർ ആക്ട്‌ ഉപയോഗിച്ചായിരുന്നു നിരോധനം. കോപ്പികൾ പിടിച്ചെടുത്തു. രമേശ്‌ ഥാപ്പർ പൊരുതാനുറച്ചു. നേരെ സുപ്രീം കോടതിയെ സമീപിച്ചു. നേരിട്ട്‌ സുപ്രീംകോടതിയിൽ പോകാമോ എന്ന നിയമപ്രശ്‌നം ഉയർത്തി സർക്കാർ എതിരിട്ടു. കോടതി ഥാപ്പർക്കൊപ്പം നിന്നു. നിയമപാഠങ്ങളിൽ ഇന്നും തിളങ്ങിനിൽക്കുന്ന വിധി ആ കേസി (Romesh Thapar vs Govt. of Madras)ലുണ്ടായി. മദ്രാസ്‌ സർക്കാരിന്റെ ഉത്തരവ്‌ ഭരണഘടനയുടെ 19 (1)(എ) അനുഛേദപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം നിഷേധിക്കുന്നതാണെന്ന്‌ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച്‌ വിധിച്ചു.

രമേശ്‌ ഥാപ്പർരമേശ്‌ ഥാപ്പർ

അധ്യായം അവിടെ അവസാനിച്ചില്ല. കോടതിവിധി സർക്കാരിന്‌ അലോസരമായി. ആർഎസ്എസ്‌ മുഖപത്രമായ ഓർഗനൈസർ നിരോധിച്ച കേസിലും സമാനമായ വിധിയുണ്ടായി. ഭരണഘടനയുടെ 19‐ാം അനുഛേദത്തിൽ ഭേദഗതിക്ക്‌ സർക്കാർ തീരുമാനിച്ചു. 1950 മെയ്‌ 10ന്‌ താൽക്കാലിക പാർലമെന്റിൽ ഭരണഘടനയിൽ ഒന്നാം ഭേദഗതിക്ക്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ബിൽ അവതരിപ്പിച്ചു. നിലവിൽ വന്ന്‌ പതിനാറാം മാസത്തിൽ ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ ആദ്യഭേദഗതി വന്നു. സേലം ജയിൽ വെടിവെപ്പും അതിനെതിരായ പോരാട്ടവും ഭരണഘടനതന്നെ മാറ്റിയെഴുതുന്നതിന് വഴിതെളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ‘ന്യായമായ’ നിയന്ത്രണങ്ങൾ ആകാം എന്ന ഭേദഗതി അങ്ങനെ ഭരണഘടനയിൽ ചേർത്തു.

ലാഹോറിൽ ജനിച്ച രമേശ്‌ ഥാപ്പറുടെ പഠനം ബ്രിട്ടനിലായിരുന്നു. രജനി പാംദത്തിന്റെ സുഹൃത്തും സഹപ്രവർത്തകനും എന്ന നിലയിലാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ സഹയാത്രികനാകുന്നത്‌. മുംബൈയിൽ ഇന്ത്യൻ എക്‌സപ്രസിൽ പത്രപ്രവർത്തകനായി തുടങ്ങിയ അദ്ദേഹം കുടുംബസ്വത്തിൽനിന്ന്‌ പണം ചെലവിട്ടാണ്‌ ‘ക്രോസ്‌ റോഡ്‌സ്‌’ (1949‐1951) തുടങ്ങിയത്‌.

റൊമീല ഥാപ്പർറൊമീല ഥാപ്പർ

‘ക്രോസ്‌ റോഡ്‌സി’നുശേഷം ‘സെമിനാർ’ ആരംഭിച്ച ഥാപ്പർ മാധ്യമസ്വാതന്ത്ര്യത്തിനായി പോരാടി. 1987ൽ മരിക്കുന്നതിന് തൊട്ടുമുമ്പ്‌ ദൂരദർശനും ആകാശവാണിയും സ്വയംഭരണസ്ഥാപനങ്ങളാക്കണമെന്ന വാദവുമായി സുപ്രീം കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തിരുന്നു. നെഹ്‌റുവിന്റെ കാലത്ത്‌ കടുത്ത കോൺഗ്രസ്‌ വിമർശകനായിരുന്നെങ്കിലും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ഥാപ്പർ അവരുടെ ഉപദേഷ്‌ടാവായി. എന്നാൽ അടിയന്തരാവസ്ഥയെ എതിർക്കാൻ ഈ അടുപ്പം തടസ്സമായതുമില്ല. ഒട്ടേറെ അന്താരാഷ്‌ട്ര സമിതികളിൽ അംഗമായിരുന്ന അദ്ദേഹം നിരവധി കൃതികളുടെ രചയിതാവുമാണ്‌. മുംബൈയിൽ ഇന്ത്യൻ പീപ്പിൾസ്‌ തിയറ്ററിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഥാപ്പർ രണ്ട്‌ സിനിമകളിലും അഭിനയിച്ചു. ഫിലിംസ്‌ ഡിവിഷൻ ന്യുസ്‌ റീലുകൾക്കു പലതിനും ശബ്ദം നൽകിയിട്ടുമുണ്ട്‌.

ഇന്ത്യൻ ഭരണഘടനയുടെ ഒന്നാംഭേദഗതിഇന്ത്യൻ ഭരണഘടനയുടെ ഒന്നാംഭേദഗതി

ഥാപ്പറിന്റെ മകൾ മാളവിക സിങ്ങും എഡിറ്ററായ ഭർത്താവ് തേജ്ബീർ സിങ്ങും ചേർന്ന്‌ ‘സെമിനാർ’ 2023 വരെ പ്രസിദ്ധീകരിച്ചിരുന്നു. കടുവസംരക്ഷണത്തിനായി പതിറ്റാണ്ടുകൾ പൊരുതിയ മകൻ വാൽമീക്‌ ഥാപ്പർ 2025 മേയിലാണ്‌ അന്തരിച്ചത്‌.


‘ക്രോസ്‌ റോഡ്‌സി’ലെ ചില കുറിപ്പുകൾ എഴുതിയിരുന്നത്‌ രമേശ്‌ ഥാപ്പറുടെ ഇളയ സഹോദരിയായ റൊമീല ഥാപ്പറാണെന്ന്‌ ചില ലേഖനങ്ങളിൽ പരാമർശം കാണാം. എന്നാൽ ആ കാലത്തെപ്പറ്റിയുള്ള ചോദ്യത്തിന്‌ ഇ ‐മെയിലിൽ അവർ നൽകിയ മറുപടി ഇങ്ങനെ:

‘എനിക്ക്‌ 18 വയസ്സാണ്‌ അന്ന്‌. കോളേജിൽ ചേർന്നിട്ടേയുള്ളൂ. അച്ഛനും അമ്മയും ഞാനും പൂനെയിലും ജ്യേഷ്‌ഠൻ മുംബൈയിലുമായിരുന്നു. അദ്ദേഹത്തെയും ഭാര്യയെയും കാണാൻ ഇടയ്‌ക്ക് വാരാന്ത്യങ്ങളിൽ പോയിരുന്നു. പത്രവുമായി എനിക്ക്‌ ബന്ധമൊന്നുമുണ്ടായിരുന്നില്ല. രണ്ടുതവണ ഓഫീസിൽ പോയിട്ടുണ്ട്‌. വാരികയിൽ ഒന്നും എഴുതിയിട്ടില്ല. അച്ചടിച്ച പത്രം പ്രൂഫ്‌ റീഡിങ് നടത്തുന്നത്‌ എങ്ങനെ എന്നതായിരുന്നു എന്റെ കൗതുകം. ഒരിക്കൽ അൽപ്പം പ്രൂഫ്‌ വായിച്ചിട്ടുമുണ്ട്‌. അതിലേറെ ബന്ധമൊന്നുമുണ്ടായിരുന്നില്ല’ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home