ad
Deshabhimani

രേഖാമൂലം

സുഹാസിനി: ബ്രിട്ടീഷ്‌ രേഖകളിലെ ‘കുപ്രസിദ്ധയായ കമ്യൂണിസ്റ്റ്‌ ’

suhasini rekhamoolam image

സുഹാസിനി

avatar
ശ്രീകുമാർ ശേഖർ

Published on Mar 21, 2026, 10:39 AM | 3 min read

ഷാങ്‌ മേരി ലൂയിസ്‌ നോളിൻ എന്ന ഫ്രഞ്ചുകാരിക്ക്‌ വിസ കൊടുക്കണോ എന്നതായിരുന്നു ആ ഫയലിലെ വിഷയം. അതിൽ 1936 നവംബർ 17ന്‌ ബോംബെ സബർബൻ ജില്ലാ മജിസ്‌ട്രേട്ട്‌ തയ്യാറാക്കിയ കുറിപ്പിൽ വിസ കൊടുക്കരുത്‌ എന്ന്‌‌ എഴുതിയിട്ടുണ്ട്‌. ഹരീന്ദ്രനാഥ്‌ ചതോപാധ്യായ ആണ്‌ അവരെ ക്ഷണിച്ചിരിക്കുന്നതെന്നും ഒരു നൃത്തനാടക ഗ്രൂപ്പുണ്ടാക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമമെന്നും മജിസ്‌ട്രേട്ട്‌ പറയുന്നു. ‘‘ഈ പരിശ്രമത്തിൽ ഹരീന്ദ്രനാഥിന്റെ സഹോദരി സുഹാസിനി നമ്പ്യാർ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്‌’’ എന്നുകൂടി രേഖയിൽ വായിക്കാം. പക്ഷേ സുഹാസിനിയുടെ പേര്‌ വെറുതെ എഴുതിപ്പോവുകയല്ല. ആ പേരിനുശേഷം ബ്രാക്കറ്റിൽ അവരെ പരിചയപ്പെടുത്തുന്ന രണ്ടു വാക്കുകൾ മജിസ്‌ട്രേട്ട്‌ എഴുതിച്ചേർക്കുന്നുണ്ട്‌; അതിങ്ങനെയാണ്‌: ‘Notorious Communist’ (കുപ്രസിദ്ധയായ കമ്യൂണിസ്റ്റ്‌). 90 വർഷം മുമ്പ്‌ ബ്രിട്ടീഷ്‌ സർക്കാർ അപകടകാരിയായി കണ്ട ഈ കമ്യൂണിസ്റ്റിന്റെ പേര്‌ മീററ്റ്‌ ഗൂഢാലോചന കേസിലെ വിധിപ്പകർപ്പിലും ഇരുപതിലേറെ തവണ കാണാം.


സുഹാസിനിയെ ‘കുപ്രസിദ്ധ കമ്യൂണിസ്റ്റാ’യി വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ്‌ രേഖസുഹാസിനിയെ ‘കുപ്രസിദ്ധ കമ്യൂണിസ്റ്റാ’യി വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ്‌ രേഖ






















സർക്കാർ രേഖകളിൽ മാത്രമല്ല, പല പോരാളികളുടെയും ഓർമകളിലും കടന്നുവരുന്ന പേരാണ്‌ സുഹാസിനിയുടേത്‌. ബോംബേയിലെ ന്യൂ ഏരാ സ്‌കൂളിൽ പ്രസംഗിക്കാനെത്തി കുട്ടികളെ ആവേശം കൊള്ളിച്ച കമ്യൂണിസ്റ്റ്‌ നേതാവായാണ്‌ നക്‌സലൈറ്റ്‌ നേതാവ്‌ മന്ദാകിനി നാരായണൻ സുഹാസിനിയെ വിവരിക്കുന്നത്‌. ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ ഓർമയിൽ, മദിരാശിയിലെ അവരുടെ വീട്ടിൽ താമസിച്ച്‌ കമ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ പാടിക്കേൾപ്പിച്ച്‌ ആവേശം കൊള്ളിച്ച സുഹൃത്താണ്‌ സുഹാസിനി.


ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പാർടിയിൽ അംഗമാകുന്ന ആദ്യ വനിത എന്ന്‌ ഒറ്റ വാചകത്തിൽ സുഹാസിനിയെ പരിചയപ്പെടുത്താം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റും കവിയും ഇന്ത്യയുടെ വാനമ്പാടിയുമായിരുന്ന സരോജിനി നായിഡുവിന്റെ ഇളയസഹോദരി. കമ്യൂണിസ്റ്റ്‌ നേതാവായി മാറിയ വീരേന്ദ്രനാഥ് ചതോപാധ്യായയും ഹരീന്ദ്രനാഥ്‌ ചതോപാധ്യായയും അടക്കം എട്ടുമക്കളിൽ ഏറ്റവും ഇളയവൾ.

സുഹാസിനിസുഹാസിനി



















എ സി എൻ നമ്പ്യാരെ 1919ൽ പതിനേഴാം വയസ്സിൽ സുഹാസിനി വിവാഹം കഴിച്ചു. വിഖ്യാത മലയാള സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനായ നമ്പ്യാർ അന്ന്‌ മദിരാശിയിൽ അഭിഭാഷകനാണ്‌; സുഹാസിനി നിയമ വിദ്യാർഥിനിയും. ഇരുവരും ലണ്ടനിലേക്ക്‌ പോയി. സുഹാസിനി ഓക്‌സഫഡിൽ പഠനം തുടർന്നു. നമ്പ്യാർ പത്രപ്രവർത്തകനായി. സുഭാഷ്‌ ചന്ദ്രബോസിന്റെയും ജവാഹർലാൽ നെഹ്‌റുവിന്റെയും അടുത്ത സുഹൃത്തായി. 1944ൽ ബോസ് രൂപീകരിച്ച പ്രൊവിഷനൽ സർക്കാരിൽ സഹമന്ത്രിയായി. സ്വാതന്ത്ര്യത്തിനുശേഷം ജർമനിയിൽ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം നിയമിക്കപ്പെട്ടു.


ലണ്ടനിൽനിന്ന്‌ നമ്പ്യാരും സുഹാസിനിയും ബർലിനിലേക്കാണ്‌ പോയത്‌. സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ (ചട്ടോ)യെ ബെർലിനിലാണ്‌ സുഹാസിനി ആദ്യമായി കാണുന്നത്‌. സുഹാസിനി ജനിക്കുമ്പോഴേക്കും അദ്ദേഹം നാടുവിട്ടിരുന്നു. ജർമനിയിൽ ഇന്ത്യൻ വിപ്ലവകാരികളുടെ സംഘം ഉണ്ടാക്കിയ സഹോദരന്റെ സ്വാധീനത്തിൽ സുഹാസിനി കമ്യൂണിസ്റ്റ്‌ ആശയങ്ങളുമായി അടുത്തു. ചട്ടോയുടെ ഉപദേശത്തിൽ സോവിയറ്റ്‌ യൂണിയനിലേക്ക്‌ കമ്യൂണിസം പഠിക്കാനായി പോയി.


സഹോദരി മൃണാളിനിക്കും മീററ്റ്‌ ഗൂഢാലോചനക്കേസ്‌ പ്രതി ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ എൽ ഹച്ചിൻസണുമൊപ്പം സുഹാസിനി (മധ്യത്തിൽ)സഹോദരി മൃണാളിനിക്കും മീററ്റ്‌ ഗൂഢാലോചനക്കേസ്‌ പ്രതി ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ എൽ ഹച്ചിൻസണുമൊപ്പം സുഹാസിനി (മധ്യത്തിൽ)




















പിന്നീട്‌ 1928‐ലാണ്‌ സുഹാസിനി ഇന്ത്യയിലേക്ക്‌ തിരിച്ചെത്തുന്നത്‌. ഇവിടെ കമ്യൂണിസ്റ്റ്‌ പാർടി ഒളിവിൽ പ്രവർത്തനം തുടങ്ങിയിരുന്നു. അവർ പാർടി അംഗമായി. ഭഗത്‌സിങ്‌ സ്ഥാപിച്ച നൗ ജവാൻ ഭാരത്‌സഭയുടെ പ്രസിഡന്റായി 1929 ഡിസംബറിൽ സുഹാസിനി തെരഞ്ഞെടുക്കപ്പെട്ടു. തുണിമിൽ തൊഴിലാളി സംഘടനയിൽ ഭാരവാഹിയായി ബി ടി രണദിവെയ്‌ക്കും എസ്‌ എ ഡാങ്കേയ്‌ക്കുമൊപ്പം സമരങ്ങൾ നയിച്ചു.


മീററ്റ്‌ ഗൂഢാലോചനക്കേസിൽ സുഹാസിനി പ്രതിയായിരുന്നില്ല. പക്ഷേ അവരുടെ താമസസ്ഥലം പലവട്ടം റെയ്‌ഡ്‌ ചെയ്യപ്പെട്ടു. പാസ്‌പോർട്ട്‌ പിടിച്ചെടുത്തു. കേസിലെ പ്രതി ബ്രിട്ടീഷ്‌ പത്രപ്രവർത്തകൻ എൽ ഹച്ചിൻസൺ ബോംബെ ഖാറിലുള്ള അവരുടെ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. അവർ ഒന്നിച്ച്‌ ‘ദ് ന്യൂ സ്‌പാർക്ക്’ എന്ന പേരിൽ പ്രസിദ്ധീകരണവും നടത്തിയിരുന്നു. പ്രതികളുടെ ആശയവിനിമയത്തിന്‌ നിരന്തരം സഹായം നൽകിയ കമ്യൂണിസ്റ്റായാണ്‌ സുഹാസിനിയെ കേസ്‌ രേഖകളിൽ വിവരിക്കുന്നത്‌.


എ സി എൻ നമ്പ്യാർഎ സി എൻ നമ്പ്യാർ

സുഹാസിനിയുടെ സഹോദരി മൃണാളിനി അന്ന്‌ ബോംബെയിൽ ഒരു സ്‌കൂൾ പ്രിൻസിപ്പലാണ്‌. ഇവരുടെ പേരിൽ വരുന്ന കവറുകളിൽ സുഹാസിനിക്കുള്ള പല കത്തുകളും ഒളിച്ചെത്തിയിരുന്നു. ഈ രഹസ്യരേഖകൾ കമ്യൂണിസ്റ്റ്‌ നേതാക്കൾക്ക്‌ എത്തിച്ചിരുന്നത്‌ സുഹാസിനിയാണെന്ന്‌ ബ്രിട്ടീഷ്‌ സർക്കാർ കണ്ടെത്തി. ഈ ഘട്ടത്തിലാണ്‌ ‘കുപ്രസിദ്ധയായ കമ്യൂണിസ്റ്റ്‌’ എന്ന വിശേഷണം ബ്രിട്ടീഷ്‌ പൊലീസ്‌ അവർക്ക്‌ നൽകിയത്‌.


എ സി എൻ നമ്പ്യാർ ഈ കാലയളവിൽ ബർലിനിൽ തന്നെയായിരുന്നു. ബർലിനിൽ ഒപ്പം പ്രവർത്തിച്ചിരുന്ന ജർമൻകാരിയെ നമ്പ്യാർ വിവാഹം ചെയ്‌തു. സുഹാസിനിയെ ഇത്‌ മാനസികമായി തകർത്തു.


വീരേന്ദ്രനാഥ് ചതോപാധ്യായവീരേന്ദ്രനാഥ് ചതോപാധ്യായ

കമ്യൂണിസ്റ്റും കവിയും തൊഴിലാളി നേതാവുമായ ആർ എം ജംഭേക്കറെ 1938ൽ സുഹാസിനി വിവാഹം കഴിച്ചു. അവർ ഒരുമിച്ച്‌ ബോംബെയിൽ പാർടി പ്രവർത്തനങ്ങളിൽ സജീവമായി. ക്രമേണ സജീവ പ്രവർത്തനത്തിൽനിന്ന്‌ പിൻവലിഞ്ഞു. വാതരോഗം അവരെ വീൽചെയറിലാക്കി. അതിനിടയിലും സ്‌ത്രീകൾക്കായി ഒരു കരകൗശല പരിശീലന സ്ഥാപനം നടത്തിയിരുന്നു. 1973 നവംബർ 26ന്‌ സുഹാസിനി അന്തരിച്ചു. ഏറെയൊന്നും അവരെപ്പറ്റി എഴുതപ്പെട്ടിട്ടില്ലെങ്കിലും നാഷണൽ ആർക്കൈവ്‌സിലെ ബ്രിട്ടീഷ്‌ രേഖകളിൽ അവരുടെ പോരാട്ട ചരിത്രം കത്തിനിൽക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home