ad
Deshabhimani

രേഖാമൂലം

ഇന്ത്യൻ നാവിക കലാപത്തിന്‌ ഫെബ്രുവരി 18ന്‌ എൺപത്‌ വർഷം തികയുന്നു: സൈനികത്താവളങ്ങളിൽ ഇങ്ക്വിലാബ്‌ ഉയർന്ന നാളുകൾ

നാവികകലാപത്തിന്റെ ഭാഗമായി ബോംബെയിൽ നടന്ന വെടിവെപ്പിന്റെ ചിത്രങ്ങളുമായി ഇറങ്ങിയ പീപ്പിൾസ്‌ ഏജിന്റെ 1946 മാർച്ച്‌ 3ന്റെ ലക്കം
avatar
ശ്രീകുമാർ ശേഖർ

Published on Feb 28, 2026, 12:16 PM | 3 min read


ബോംബെയുടെ തെരുവുകളും നടവഴികളും നിങ്ങളുടെ രക്തത്തിൽ ചുവന്നിരിക്കുന്നു. നിങ്ങൾ വീണുപോയ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ അത് ഞങ്ങളെ എന്നും ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കും. തെരുവിൽ വെടിയേറ്റു വീണ നിങ്ങൾ, സാധാരണക്കാരുടെ മകനും മകളുമാണ്. നിങ്ങളാണ് യഥാർഥ ഇന്ത്യയുടെ പ്രതിനിധികൾ. നിങ്ങൾ വീണുപോയത്, മഹത്തായ ഒരു പോരാട്ടത്തിലാണ്. ലഹളക്കാർ എന്ന് ഗവൺമെന്റ്‌ മുദ്രകുത്തിയവരോട് അനുഭാവം പ്രകടിപ്പിച്ചു എന്നതുമാത്രമാണ് നിങ്ങൾ ചെയ്‌ത ‘കുറ്റം’.

കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയുടെ വികാരതീവ്രമായ ഈ കുറിപ്പുമായി ഇറങ്ങിയ പാർടി മുഖപത്രം ‘പീപ്പിൾസ് ഏജി’ന്റെ 1946 മാർച്ച് മൂന്നിന്റെ ഒന്നാം പേജ് നിറയെ മൃതദേഹങ്ങളായിരുന്നു. നഗരത്തിലെ ഏതോ ശവപ്പുരയിൽ കൂട്ടിയിട്ടവ, തെരുവിൽ നിരത്തിക്കിടത്തിയവ, ഒപ്പം, വെടിയേറ്റു മരിച്ച കമ്യൂണിസ്റ്റ് പ്രവർത്തക കമൽ ദോന്തെയുടെ ശരീരവും.

നാവികകലാപത്തിന്റെ ഭാഗമായി ബോംബെയിൽ നടന്ന വെടിവെപ്പിന്റെ ചിത്രങ്ങളുമായി ഇറങ്ങിയ പീപ്പിൾസ്‌ ഏജിന്റെ 1946 മാർച്ച്‌ 3ന്റെ ലക്കംനാവികകലാപത്തിന്റെ ഭാഗമായി ബോംബെയിൽ നടന്ന വെടിവെപ്പിന്റെ ചിത്രങ്ങളുമായി ഇറങ്ങിയ പീപ്പിൾസ്‌ ഏജിന്റെ 1946 മാർച്ച്‌ 3ന്റെ ലക്കം

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ധീരോദാത്തമായ പോരാട്ടങ്ങളിൽ ഒന്നിന്റെ ബാക്കിപത്രമായിരുന്നു ആ ചിത്രങ്ങൾ. ഉജ്വലമായ ഒരു സായുധ പോരാട്ടവും അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ ആയിരങ്ങളും ചേർന്നെഴുതിയ സമരചരിത്രം. ‘അവസാന സ്വാതന്ത്ര്യ പ്രക്ഷോഭം’ എന്നു വിളിപ്പേരുള്ള ഇന്ത്യൻ നാവിക കലാപത്തിന്റെ ദൃശ്യസാക്ഷ്യം.

പ്രക്ഷോഭത്തിന്റെ തീപ്പൊരി വീണത് എച്ച്‌എംഐ‌എസ് തൽവാറിലാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സിഗ്നൽ- പരിശീലന കേന്ദ്രം. ഐ‌എൻ‌എയുടെ പോരാട്ട കഥകളും ക്വിറ്റ് ഇന്ത്യാ സമരവും ഒളിച്ചെത്തിയ കമ്യൂണിസ്റ്റ് സാഹിത്യവും സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളും ഇന്ത്യക്കാരായ നാവികരെ ആവേശം കൊള്ളിച്ച കാലം. വംശീയതയും വിവേചനവും കത്തിനിന്ന പട്ടാള കേന്ദ്രങ്ങളിൽ അവർ പ്രതിഷേധങ്ങൾ ഉയർത്തിത്തുടങ്ങി. 1945 അവസാനം അത് കൂടുതൽ സംഘടിതമായി.


1945 ഡിസംബർ ഒന്ന് നാവികദിനമായിരുന്നു. എച്ച്‌എം‌ഐ‌എസ് തൽവാറിൽ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ദിവസം. പക്ഷേ സൈനിക മേധാവികൾ പുലർച്ചെ കണ്ടത് പരേഡ് ഗ്രൗണ്ടിൽ നിറഞ്ഞ മാലിന്യവും ചുവരുകളിലെല്ലാം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളുമാണ്. ‘കൊല്ല് ബ്രിട്ടീഷുകാരെ’ (Kill the British), ‘സാമ്രാജ്യവാദികൾ തുലയട്ടെ’ (Down with the Imperialists) തുടങ്ങിയവയായിരുന്നു ചുവരെഴുത്തുകൾ. കടുത്ത നടപടി ഉണ്ടായില്ല. 1946 ഫെബ്രുവരി രണ്ടിന് കമാൻഡർ ഇൻ ചീഫിന്റെ സന്ദർശനത്തിന് മുന്നോടിയായി വീണ്ടും മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇക്കുറി ബാലെ ചന്ദ്ര ദത്ത്‌ എന്ന നാവികൻ പിടിയിലായി. അദ്ദേഹത്തിന്റെ ലോക്കറിൽ നിന്ന് ‘ജവഹർ ലാൽ നെഹ്‌റുവിന്റെ പ്രസംഗങ്ങൾ’, ‘കോൺഗ്രസ് ആരോപണങ്ങൾക്ക് കമ്യൂണിസ്റ്റ് പാർടിയുടെ മറുപടി’ എന്നീ ലഘുകൃതികളും കിട്ടി. ദത്തിനെ ഏകാന്ത തടവിലാക്കി. അതുവരെ ചിറകൊതുക്കിയിരുന്ന കൊടുങ്കാറ്റ് വീശാൻ തുടങ്ങി. ഫെബ്രുവരി 18ന് രാവിലെ പരേഡിന് വിസിൽ മുഴങ്ങിയപ്പോൾ ഉയർന്നത് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളികളാണ്. കലാപം ആരംഭിച്ചുകഴിഞ്ഞിരുന്നു.

1946 ഫെബ്രുവരി രണ്ടാം പകുതിയിലെ ഇന്റലിജൻസ്‌ റിപ്പോർട്ടിൽ നാവിക കലാപത്തിലെ കമ്യൂണിസ്‌റ്റ്‌ പങ്കാളിത്തത്തെപ്പറ്റിയുള്ള പരാമർശം (നാഷണൽ ആർക്കൈവ്‌സ്‌)1946 ഫെബ്രുവരി രണ്ടാം പകുതിയിലെ ഇന്റലിജൻസ്‌ റിപ്പോർട്ടിൽ നാവിക കലാപത്തിലെ കമ്യൂണിസ്‌റ്റ്‌ പങ്കാളിത്തത്തെപ്പറ്റിയുള്ള പരാമർശം (നാഷണൽ ആർക്കൈവ്‌സ്‌)

കറാച്ചി, കൽക്കട്ട, മദിരാശി, കൊച്ചി, വിശാഖപട്ടണം... കലാപം അങ്ങനെ പടർന്നു. 45 കപ്പലുകളിലും കരയിലുള്ള 20 നാവികസ്ഥാപനങ്ങളിലും സൈനികർ പണിമുടക്കി. കപ്പലുകളിൽ യൂണിയൻ ജാക്ക് വലിച്ചുതാഴ്‌ത്തി കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും കൊടികൾ ഒരുമിച്ചുയർത്തി. പണിമുടക്കിയവർ തെരുവിലേക്കിറങ്ങി. അവർക്കൊപ്പം ജനങ്ങളും.


കോൺഗ്രസും ലീഗും നാവികരെ കൈവിട്ടു. കമ്യൂണിസ്റ്റ് പാർടി ഒപ്പം നിന്നു. കോൺഗ്രസിൽനിന്ന് പാർടി വിലക്ക് ലംഘിച്ച് അരുണ അസഫലി സമരത്തെ സഹായിച്ചു. സോഷ്യലിസ്റ്റ് നേതാക്കളും സമരത്തിനൊപ്പമായിരുന്നു. കമ്യൂണിസ്റ്റുകാരാണ് സമരത്തിന് പിന്നിലെന്ന് സർദാർ വല്ലഭായി പട്ടേൽ പ്രഖ്യാപിച്ചു. നാവികർക്കിടയിൽ കമ്യൂണിസ്റ്റുകാരുണ്ടെങ്കിലും കലാപം സംഘടിപ്പിച്ചത് പാർടിയല്ല എന്നായിരുന്നു ബ്രിട്ടീഷ് ഇന്റലിജൻസ് അയച്ച രഹസ്യ റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ പുറത്തെ പ്രക്ഷോഭത്തിന് പിന്നിൽ പാർടിയാണ് എന്നും അവർ റിപ്പോർട്ട് ചെയ്‌തു. പിന്നീട് സർക്കാർ നിയമിച്ച അന്വേഷണ കമീഷന്‌ നൽകിയ കുറിപ്പിൽ പാർടിയും ഈ നിലപാടാണ് ആവർത്തിച്ചത്. നാവിക സമരം ബഹുജന മുന്നേറ്റമായി വളരുന്നത് ബ്രിട്ടീഷുകാരെ പോലെ കോൺഗ്രസ് നേതാക്കളെയും ഭയപ്പെടുത്തി. ഒത്തുതീർപ്പിലൂടെ സ്വാതന്ത്ര്യം എന്ന തങ്ങളുടെ നയത്തിന് തിരിച്ചടിയാകും സമരം എന്ന് അവർ കരുതി.

ബി സി ദത്ത്‌ബി സി ദത്ത്‌

ഫെബ്രുവരി 19ന് പൊതുപണിമുടക്കിന് കമ്യൂണിസ്റ്റ് പാർടി ആഹ്വാനം ചെയ്‌തു. ബോംബെ നിശ്ചലമായി. ആയുധസജ്ജമായ വാഹനങ്ങളുമായി ബ്രിട്ടീഷ് പട്ടാളം തെരുവിലിറങ്ങി. മുന്നറിയിപ്പുപോലും നൽകാതെ, ജനക്കൂട്ടത്തെ കണ്ടിടത്തൊക്കെ വെടിവച്ചു. നിരവധിപേർ കൊല്ലപ്പെട്ടു. പാർലിയിലെ മഹിളാ നേതാവും കമ്യൂണിസ്റ്റുമായ കമൽ ദോണ്ടെയും വെടിയേറ്റു വീണു. ഫെബ്രുവരി 21 മുതൽ 23 വരെ 250 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

നാവിക പണിമുടക്കിനെ തുടർന്ന്‌ ബോംബെയിൽ  നടന്ന ഏറ്റുമുട്ടലിന്റെ ചിത്രംനാവിക പണിമുടക്കിനെ തുടർന്ന്‌ ബോംബെയിൽ നടന്ന ഏറ്റുമുട്ടലിന്റെ ചിത്രം

ബ്രിട്ടീഷ് അതിക്രമത്തെ കോൺഗ്രസും ലീഗും അപലപിച്ചില്ല. അവർ നാവികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. മറ്റ് വഴികളില്ലാതെ ‘ഞങ്ങൾ ബ്രിട്ടനോട് അല്ല, ഇന്ത്യയോട് കീഴടങ്ങുന്നു’ എന്ന പ്രഖ്യാപനത്തോടെ കേന്ദ്ര നാവിക പണിമുടക്ക് കമ്മിറ്റി ഫെബ്രുവരി 23-ന് കീഴടങ്ങി. പ്രക്ഷോഭത്തിൽ സഹകരിച്ച സൈനികരെയെല്ലാം കോർട്ട്‌മാർഷലിന് വിധേയരാക്കി. അനേകം പേരെ പിരിച്ചുവിട്ടു. സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ സേനകളിലേക്ക് അവരിലാരെയും തിരിച്ചെടുത്തില്ല. സമരത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിച്ചതുപോലും 1973ൽ മാത്രമാണ് .







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home