രേഖാമൂലം
തിരുവിതാംകൂറിനെ കുലുക്കി ഉണർത്തിയ വെടിയൊച്ചകൾ


ശ്രീകുമാർ ശേഖർ
Published on Mar 09, 2026, 11:09 AM | 3 min read
‘‘ കമാണ്ടന്റും കൂട്ടത്തിലെ സൈനികരും ഉച്ചത്തിൽ പതിനഞ്ച് മിനിറ്റോളം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫലം ഉണ്ടാകാത്തതിനാൽ വെടിവെപ്പ് തുടങ്ങി. നാലു റൗണ്ട് വെടിവെച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഒരാൾ സ്‌ത്രീയായിരുന്നു. രണ്ടുപേർ മരണാസന്നരായി.’’ തിരുവിതാംകൂറിലെ സ്വാതന്ത്ര്യ പോരാട്ടത്തിനുനേരെ നടന്ന ആദ്യ വെടിവെപ്പിനെപ്പറ്റി സർക്കാരിന്റെ ഭാഷ്യം ഇങ്ങനെ ആയിരുന്നു. 1938 ആഗസ്‌ത് 31ന് നെയ്യാറ്റിൻകരയിൽ നടന്ന ആ ചെറുത്തുനിൽപ്പിന്റെ തീവ്രത ജില്ലാ മജിസ്‌ട്രേറ്റിന്റെ ഈ ഔദ്യോഗിക കുറിപ്പിൽപോലും രക്തത്തുടിപ്പോടെ നിൽക്കുന്നു.
സി പിയുടെ ദുർഭരണത്തിനെതിരെ സ്റ്റേറ്റ് കോൺഗ്രസ് നൽകിയ നിവേദനം പ്രചരിപ്പിക്കുന്നത് നിരോധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ്
നാട്ടുരാജ്യങ്ങളിൽ കൂടി സ്വാതന്ത്ര്യപ്രക്ഷോഭം പടർത്താൻ സുഭാഷ് ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ ഹരിപുരയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം തീരുമാനമെടുത്തത് 1938‐ലാണ്. കോൺഗ്രസിന്റെ നിലപാട് മാറ്റത്തിനെ കമ്യൂണിസ്റ്റ് പാർടിയും സ്വാഗതം ചെയ്‌തു. ‘ഹരിപുര: ഒരു ചുവട് മുന്നോട്ട്’ എന്ന തലക്കെട്ടിൽ പാർടി പ്രസിദ്ധീകരണമായ ന്യൂ ഏജ് മുഖപ്രസംഗം എഴുതി. തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർടി ഘടകമില്ല. ഇടതുപക്ഷക്കാർ സ്റ്റേറ്റ് കോൺഗ്രസിലാണ്. അവരും സജീവമായി.
ദിവാൻ സി പി രാമസ്വാമി അയ്യർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചും ഉത്തരവാദഭരണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും രാജാവിന് സ്റ്റേറ്റ് കോൺഗ്രസ് നിവേദനം സമർപ്പിച്ചു. രാജാവ് പ്രതികരിച്ചില്ല. ദിവാൻ കൂടുതൽ അക്രമാസക്തനായി. നാടാകെ മർദനം. 1938 ആഗസ്‌ത് 28ന് സ്റ്റേറ്റ് കോൺഗ്രസ് നിരോധനാജ്ഞ ലംഘിച്ച് സമരം തുടങ്ങി. 31ന് നെയ്യാറ്റിൻകരയിൽ നടന്ന കാര്യങ്ങൾ അക്കാമ്മ ചെറിയാൻ 1114ന്റെ കഥയിൽ വിവരിക്കുന്നത് ഇങ്ങനെ:
“അഞ്ചുമണിയായപ്പോൾ പട്ടാളക്കമാണ്ടർ എച്ച് എൽ വാട്‌കിസ് ഒരു സംഘം പട്ടാളത്തോടു കൂടി വന്ന് പട്ടണത്തിൽ നിലയുറപ്പിച്ചു. തിരിച്ചുപൊയ്‌ക്കൊണ്ടിരുന്ന ജനങ്ങൾ വീണ്ടും പട്ടണത്തിൽ തടിച്ചുകൂടി. കല്ലേറു നടന്നു. പട്ടാളം വെടിവച്ചു. വാട്‌കിസ് തോക്കു ചൂണ്ടുന്നതു കണ്ട് അസാമാന്യ ധീരതയോടെ രാഘവൻ എന്ന യുവാവ് ഒരു വെല്ലുവിളിയോടെ മാറ് കാട്ടിക്കൊടുത്തു. വാട്‌കിസ് നിസ്സങ്കോചം ആ യുവാവിന്റെ നെഞ്ചിൽ നിറയൊഴിക്കുകയും ചെയ്‌തു.’’ നെയ്യാറ്റിൻകര രാഘവൻ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലെ ആദ്യ രക്തസാക്ഷിയായി. ആറുപേർ കൂടി മരിച്ചു. പൊടിയന്‍, കുട്ടന്‍, കുട്ടന്‍പിള്ള, മുത്തന്‍പിള്ള, പത്മനാഭന്‍പിള്ള, വാസുദേവന്‍ എന്നിവരാണ് ആ ധീരർ. ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിൽ പരിക്കേറ്റ പത്തുപേരുടെ പേരുണ്ട്. അവരിൽ അഞ്ചുപേർ മരിച്ചവരാണ്.
നെയ്യാറ്റിൻകര വെടിവെപ്പിനെതിരെ ബോംബെയിൽ ഉയർന്ന പ്രതിഷേധത്തിന്റെ റിപ്പോർട്ട് (ബോംബെ ക്രോണിക്കിൾ, സെപ്‌തംബർ 5,1938)
തിരുവിതാംകൂറിലാകെ പ്രതിഷേധം ഇരന്പി. സി പിയും തയ്യാറെടുത്തു. 1938 സെപ്‌തംബർ രണ്ടിന് കൊല്ലം പീരങ്കി മൈതാനത്ത് നിരോധനം ലംഘിച്ച് യോഗം പ്രഖ്യാപിച്ചു. രാവിലെ പട്ടാളവും പൊലീസും മൈതാനം വളഞ്ഞു. യോഗം അടിച്ചുപിരിക്കാനായിരുന്നു ശ്രമം. ജനങ്ങൾ കല്ലെറിഞ്ഞു ചെറുത്തു. ഇതിനിടെ നിയമലംഘനത്തിന് നിയുക്തരായവർ എത്തി. വീണ്ടും ലാത്തിചാർജ് തുടങ്ങി; ജനങ്ങൾ കല്ലേറും. പട്ടാളത്തെ കൊണ്ടുവന്ന ട്രാൻസ്‌പോർട്ട് ബസിന് ജനക്കൂട്ടം തീവെച്ചു. പട്ടാളം വെടിവെച്ചു. കല്ലട പാച്ചുപ്പിള്ളയും തോമസും അവിടെ വീണുമരിച്ചു. ജനങ്ങൾ മുദ്രാവാക്യം മുഴക്കി കുതിച്ചു. പട്ടാളം വീണ്ടും നിറയൊഴിച്ചു. കുരീപ്പുഴ കൊച്ചുകുഞ്ഞ്, കൊല്ലൂർവിള മൈതീൻകുഞ്ഞ്, അയത്തിൽ ബാലകൃഷ്‌ണപിള്ള, കോട്ടൺ മിൽ തൊഴിലാളി ആശ്രാമം ലക്ഷ്‌മണൻ തുടങ്ങിയവർ വെടികൊണ്ടു വീണു.
നെയ്യാറ്റിൻകരയിലെ രക്തസാക്ഷി വീരരാഘവൻ
വെടിവെപ്പ് ദേശീയശ്രദ്ധയിൽ വന്നു. പ്രക്ഷോഭം ഒക്ടോബർ 23 വരെ നീണ്ടു. ഓരോ ദിവസത്തെയും സമരനേതാക്കൾക്ക് ‘ഡിക്റ്റേറ്റർ’ എന്ന പേരു നൽകി. അവസാനത്തെ ഡിക്‌റ്റേറ്ററായിരുന്നു അക്കാമ്മ ചെറിയാൻ. അക്കാമ്മയുടെ ജാഥയ്‌ക്കുനേരെയും പട്ടാളം ആക്രമണം നടത്തി. പട്ടാളമേധാവി വാട്കിസ് ജനങ്ങൾക്കുനേരെ കൈത്തോക്ക് ഉയർത്തി. ഭീഷണിപ്പെടുത്തി. ‘വെടിവയ്‌ക്കാനാണു ഭാവമെങ്കിൽ ഈ ജനക്കൂട്ടത്തെ നയിക്കുന്ന എന്റെ നെഞ്ചിൽത്തന്നെ ആദ്യത്തെ നിറയൊഴിക്കുക’ എന്നു പറഞ്ഞ് എന്റെ ദേഹത്തു കിടന്നിരുന്ന ഹാരങ്ങൾ വലിച്ചുമാറ്റി. ഇത് ഒട്ടുംതന്നെ പ്രതീക്ഷിക്കാത്ത വാട്കിസിന്റെ കൈ താനേ താണുപോയി. അദ്ദേഹം തൊപ്പി ഉയർത്തി ഗുഡ്‌നൈറ്റ് പറഞ്ഞ് കോട്ടയ്‌ക്കകത്തേക്കു വലിയുകയും ചെയ്‌തു’’ (1114ന്റെ കഥ)‐ അക്കാമ്മ എഴുതുന്നു.
നെയ്യാറ്റിൻകര വെടിവെപ്പിൽ പരിക്കേറ്റവരുടെ പട്ടിക. ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിൽ നിന്ന്
ഇതിനിടെ സർദാർ വല്ലഭായ് പട്ടേലുമായി ദിവാൻ പല കത്തിടപാടും നടത്തി. പിന്തുണ കിട്ടിയില്ല. ദിവാന് വഴി അടഞ്ഞു. പട്ടം താണുപിള്ളയടക്കമുള്ള 188 നേതാക്കളെ ജയിലിൽ നിന്നു മോചിപ്പിച്ചു. സമരം പിൻവലിച്ചു.
സമരം, നേതൃത്വത്തിന്റെ ശക്തിക്കൊപ്പം ദൗർബല്യവും വ്യക്തമാക്കി. സ്റ്റേറ്റ് കോൺഗ്രസിൽ ഏറെ വൈകാതെ റാഡിക്കൽ ഗ്രൂപ്പും യൂത്ത് ലീഗും ശക്തമായി. 1938 ഡിസംബറിൽ തന്നെ അവർ കൊച്ചിയിൽ യോഗം ചേർന്നു. കെ ദാമോദരൻ, പി ടി പുന്നൂസ്, കെ സി ജോർജ്, എം എൻ ഗോവിന്ദൻ നായർ തുടങ്ങി പിന്നീട് കമ്യൂണിസ്റ്റുകാരായവർ സജീവ പങ്കുവഹിച്ചു. സമരം ശക്തമാക്കാൻ തീരുമാനമായി. നെയ്യാറ്റിൻകര വെടിവെപ്പിന്റെ തുടർച്ചയിൽ ഉണ്ടായ മുന്നേറ്റം തിരുവിതാംകൂറിലെ പോരാട്ടത്തെ കൂടുതലിടത്തേക്കും പുന്നപ്ര വയലാറിലെ ധീരപോരാട്ടത്തിലേക്കും വരെ നയിച്ചത് പിൽക്കാല ചരിത്രം .








0 comments