രേഖാമൂലം
ഇ എം എസും നെഹ്‌റുവും ഒരു യാത്രാനുമതിയും


ശ്രീകുമാർ ശേഖർ
Published on Aug 30, 2025, 04:10 PM | 5 min read
‘ഞാൻ വിദേശത്തുപോകുന്നത് തടയുന്നത് ഇതാദ്യമല്ല. 1952‐നും 1955‐നുമിടയിൽ ഒരു തവണയിൽ കൂടുതൽ എന്റെ പാസ്‌പോർട്ട് അപേക്ഷ തള്ളിയിട്ടുണ്ട്. എന്നാൽ ഇക്കുറി ആദ്യമായാണ് സർക്കാർ നടപടിയുടെ കാരണം‐ ആ കാരണം എത്ര അടിസ്ഥാനരഹിതമാണെങ്കിലും‐ എന്നോട് പറയുന്നത്. ഏതായാലും എനിക്ക് ഇതിൽ ആശ്‌ചര്യമൊന്നുമില്ല. എന്റെ വലിയവിഭാഗം സഖാക്കൾ ഇതേ കാരണത്തിനാണല്ലോ ഇപ്പോഴും ഇരുമ്പഴിക്കുള്ളിൽ വലയുന്നത്.’
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് 1963 ആഗസ്‌ത് രണ്ടിനയച്ച കത്തിലായിരുന്നു അന്ന് കേരളത്തിൽ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന ഇ എം എസിന്റെ അമർഷവും രോഷവും തുളുമ്പുന്ന ഈ വാക്കുകൾ.

ഇ എം എസും ഭാര്യ ആര്യാ അന്തർജനവും സോവിയറ്റ് യൂണിയനിലേക്ക് ചികിത്സയ്‌ക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. ആദ്യം നിരുപാധികം അനുമതി നൽകിയ സർക്കാർ പെട്ടെന്ന് ചുവടുമാറ്റി. 1963 ഏപ്രിലിലാണ് സോവിയറ്റ് സന്ദർശനത്തിന് ഇ എം എസ് ആദ്യം അനുമതി തേടുന്നത്. സോവിയറ്റ് പാർടിയുടെ ക്ഷണം കിട്ടിയിരുന്നു.
കമ്യൂണിസ്റ്റ് പാർടിയിൽ തർക്കങ്ങൾ മുറുകിവന്ന കാലം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണത്തിനോടുള്ള സമീപനത്തിൽ പാർടിയിൽ കടുത്ത ഭിന്നിപ്പ്. അതിനിടെ 1959 മുതൽ രൂപപ്പെട്ട ഇന്ത്യ -‐ ചൈന അതിർത്തി തർക്കത്തെ തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായും കമ്യൂണിസ്റ്റ് പാർടിക്കകത്തെ വിപ്ലവ കാഴ്‌ചപ്പാടിനെ ദുർബലപ്പെടുത്താനും എതിർക്കാനും ഉപയോഗപ്പെടുത്തുന്ന കാലം. ചൈനാചാരൻമാർ എന്ന് മുദ്രകുത്തി നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലിൽ അടച്ചതിനെ എതിർക്കാനും വിമർശിക്കാനുംപോലും പാർടിയിലെ വലതുപക്ഷ വിഭാഗം തയ്യാറാകാത്ത നാളുകൾ.

ഈ കാലത്തെപ്പറ്റി ഇ എം എസ് എഴുതുന്നത് ഇങ്ങനെ: ‘പാർടിയാകെ ഇടതും വലതുമെന്ന് രണ്ടായി തിരിഞ്ഞുകഴിഞ്ഞിരുന്നു. രണ്ടിനോടും പൂർണമായി യോജിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരൊത്തുതീർപ്പെന്ന നിലക്ക് വലതുകാരനായ ഡാങ്കെ ചെയർമാനും ഇടതിനോട് ചായ്‌വുള്ള ഞാൻ സെക്രട്ടറിയുമായി പ്രവർത്തിക്കാൻ ഇരുവിഭാഗവും സമ്മതിച്ചിരുന്നു.
പക്ഷേ, എന്റെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കാൻ തയ്യാറാവാതെ എന്നെ ‘പുകച്ച് പുറത്ത് ചാടിക്കുക'യെന്ന സമീപനം വലതുനേതൃത്വം അംഗീകരിച്ചതിനാൽ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. തുടർന്നുള്ള ആഴ്‌ചകളിലാണ് ‘വിശ്രമ ചികിത്സ'ക്കായി ഞാൻ ഭാര്യാസമേതം സോവിയറ്റ് യൂണിയൻ സന്ദർശിച്ചത്’ (ലോകകമ്യുണിസ്റ്റ് നേതാക്കൾക്കൊപ്പം, പേജ് 64).
പോകാൻ റിസർവ് ബാങ്കിൽനിന്ന് വിദേശനാണ്യം സംബന്ധിച്ച ‘പി ഫോം’ കിട്ടണം. അതിനായുള്ള അപേക്ഷയാണ് കേന്ദ്രസർക്കാരിൽ എത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ F.122 (49) (W) 163 എന്ന ഫയലിൽ അനുമതി പ്രശ്‌നം ഒരു രാഷ്‌ട്രീയസംവാദമായി മാറുന്നുണ്ട്.
അപേക്ഷ പരിഗണനയ്‌ക്ക് വന്നപ്പോൾ തന്നെ 1963 ഏപ്രിൽ 27‐ന് ഇന്റലിജൻസ് ബ്യൂറോ ഒരു റിപ്പോർട്ട് നൽകി. ഇ എം എസ് ചൈനാ അനുകൂലിയാണെന്നും യാത്ര അനുവദിക്കരുതെന്നുമായിരുന്നു ചുരുക്കം. എന്നാൽ, പോയാൽ ഇ എം എസിന്റെ അഭിപ്രായം മാറിയേക്കാം എന്നും അദ്ദേഹം സോവിയറ്റ് നിലപാടിനോട് യോജിക്കാനിടയുണ്ടെന്നും ആഭ്യന്തര സെക്രട്ടറി വി വിശ്വനാഥൻ ഫയലിൽ എഴുതി. വിദേശകാര്യ സെക്രട്ടറി എം ജെ ദേശായിക്ക് ഇതിനോട് യോജിപ്പില്ലായിരുന്നു. ഇ എം എസിന്റെ അഭിപ്രായം മാറുമെന്ന ‘ശുഭാപ്‌തിവിശ്വാസം’ തനിക്കില്ലെന്ന് അദ്ദേഹം എഴുതി. എങ്കിലും യാത്രയ്‌ക്ക് അനുമതി കൊടുക്കുന്നതാകും നല്ലതെന്നും കൂട്ടിച്ചേർത്തു.
‘ഞാൻ വിദേശകാര്യ സെക്രട്ടറിയോട് യോജിക്കുന്നു’ എന്നെഴുതി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും ഒപ്പുവച്ചതായി ഫയലിന്റെ അഞ്ചാം പേജിൽ കാണാം. ഇതനുസരിച്ച് യാത്രയ്‌ക്ക് റിസർവ് ബാങ്കിന്റെ അനുമതി കൊടുക്കാനും തീരുമാനമായി. ഇ എം എസിന് അറിയിപ്പും അയച്ചു.
1963 ആഗസ്‌ത് രണ്ടിന് ഇഎംഎസ് നെഹ്‌റുവിന് അയച്ച കത്ത്
ആര്യയുടെ ചികിത്സമൂലം നടപടികൾ നീണ്ടു. ഇ എം എസ് യാത്ര ജൂലൈയിലേക്ക് നിശ്‌ചയിച്ചു. ഇതിനിടെ മൂന്നുമാസത്തിനുശേഷം പെട്ടെന്ന് ജൂലൈ ഒമ്പതിന് ഫയലിൽ പുതിയ കുറിപ്പ് വന്നു. സാഹചര്യത്തിൽ മാറ്റം വന്നതിനാൽ പ്രധാനമന്ത്രിയുടെ അഭിപ്രായം മാറിയെന്നും ഇ എം എസിന് പി ഫോം നൽകരുതെന്നും റിസർവ് ബാങ്കിന് നിർദേശം പോയി. ഇതറിയാതെ ഇ എം എസും ആര്യയും ഡൽഹിയിലെത്തി. ട്രാവൽ ഏജൻസി ടിക്കറ്റിനായി ശ്രമിക്കുമ്പോഴാണ് യാത്ര വിലക്കിയതായി മനസ്സിലാകുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 10‐നുതന്നെ ഇ എം എസ് പ്രതിഷേധപൂർവം പ്രധാനമന്ത്രിക്ക് കത്തെഴുതി. സാഹചര്യങ്ങൾ വിവരിച്ച ശേഷം ഇ എം എസ് കത്ത് ഇങ്ങനെയാണ് അവസാനിപ്പിച്ചത്: ‘പി ഫോം സാധാരണ രീതിയിൽ നിരസിക്കപ്പെട്ടിരുന്നെങ്കിൽ ഞാൻ ഇങ്ങനെ താങ്കളെ സമീപിക്കുകയില്ലായിരുന്നു. എന്നെയും എന്റെ ഭാര്യയെയും സംബന്ധിക്കുന്ന വ്യക്തിപരമായ കാര്യങ്ങളായതിനാൽ, അത് എത്ര അനീതിയാണെന്ന് തോന്നിയാലും, ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കുകയില്ലായിരുന്നു. എന്നാൽ പി ഫോം ആദ്യം അനുവദിച്ചതിന് ശേഷം "പുനഃപരിശോധന’ നടത്തിയ അപഹാസ്യമായ രീതിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനായി മാത്രമാണ് ഈ ഘട്ടത്തിൽ ഞാൻ ശ്രമിക്കുന്നത്.’ മറുപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പിറ്റേന്നുതന്നെ നെഹ്‌റുവിന്റെ മറുപടി വന്നു. ‘താങ്കൾ ‘ഇന്ത്യയുടെ താൽപ്പര്യത്തിനെതിരായ പ്രവൃത്തികളിൽ ഏർപ്പെടുന്നതുകൊണ്ട് അനുമതി നിഷേധിക്കുന്നു’ എന്നാണ് തനിക്ക് ലഭ്യമായ വിവരം എന്ന് നെഹ്‌റു മറുപടിയിൽ എഴുതി. ‘പാർടിയിൽ പോലും ഭൂരിപക്ഷ നിലപാടിനുവിരുദ്ധമായി ഇന്ത്യ‐ചൈന തർക്കത്തിൽ ചൈനയ്‌ക്ക് അനുകൂലമായ നിലപാടാണ് താങ്കൾ എടുത്തതെന്നും കേൾക്കുന്നു’ എന്നും കത്തിലുണ്ടായിരുന്നു. ഈ കത്തിനോട് രൂക്ഷമായ ഭാഷയിലാണ് ഇ എം എസ് പ്രതികരിച്ചത്. അനുമതി നിഷേധിച്ചതിന് കാരണം നേരേ പറഞ്ഞതിനു നന്ദി പറഞ്ഞു തുടങ്ങുന്ന കത്തിൽ, തീർത്തും സത്യവിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടുന്നു.
‘എന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് ദോഷകരമാണെന്നാണ് ആരോപണം. എന്റെ ഏത് പ്രവർത്തനമാണ് രാജ്യത്തിന് ദോഷകരമായത്? ഈ ചോദ്യത്തിന് ഉത്തരം കിട്ടാനുള്ള അവകാശം എനിക്കുണ്ട്. അതു കിട്ടിയാൽ മാത്രമേ എനിക്ക് അവ നിഷേധിച്ച് പ്രതിരോധിക്കാൻ കഴിയൂ.’ പാർടിയിലെ നിലപാട് സംബന്ധിച്ച നെഹ്‌റുവിന്റെ പരാമർശത്തിന് ഇ എം എസ് വിശദമായ മറുപടി പാർടി രേഖകൾ ഉദ്ധരിച്ചുതന്നെ എഴുതുന്നു. രാജ്യത്തെ സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹ്യ‐ സാംസ്‌കാരിക വികാസങ്ങളെപ്പറ്റിയുള്ള വിലയിരുത്തലിലെ ഭിന്നതയാണ് പാർടിയിലെ തർക്കവിഷയമെന്നും ഇന്ത്യ‐ചൈന ബന്ധമോ ചൈന‐സോവിയറ്റ് തർക്കമോ അല്ല പ്രധാന വിഷയമെന്നും മൂന്നുപേജുള്ള കത്തിൽ ഇ എം എസ് പറയുന്നു.
കത്ത് അവസാനിപ്പിക്കുന്നത് ആദ്യം ഉദ്ധരിച്ച വാചകത്തോടെയാണ്. അന്ന് ഇ എം എസ് അടക്കം ഏതാനും പേർ ഒഴികെയുള്ള നേതാക്കളെയും ആയിരക്കണക്കിന് പ്രവർത്തകരെയും ജയിലിൽ അടച്ചിരിക്കുന്ന കാര്യമാണ് ഇ എം എസ് ചൂണ്ടിക്കാട്ടുന്നത്. ഈ കത്തയച്ചശേഷം ഇ എം എസും ആര്യയും തിരുവനന്തപുരത്തേക്ക് മടങ്ങി. നെഹ്‌റുവിൽനിന്ന് മറുപടി ഉണ്ടായില്ല. യാത്രാ അനുമതി നിഷേധിച്ചതിനെതിരെ കേരളത്തിൽ വിവിധ പാർടി കമ്മിറ്റികൾ പ്രതിഷേധ പ്രമേയങ്ങൾ പാസാക്കി. (ദേശാഭിമാനി വാർത്ത കാണുക)
ഇ എം എസിന് യാത്രാനുമതി കൊടുക്കാത്തതിൽ പാർടി കമ്മിറ്റികളുടെ പ്രതിഷേധം. ദേശാഭിമാനി 1963 ആഗസ്‌ത് 9 ന്റെ വാർത്ത
ഇതിനിടെ 1963 ആഗസ്‌ത് രണ്ടിന് ഇ എം എസ് മറ്റൊരു കത്തുകൂടി നെഹ്‌റുവിനയച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 11‐നയച്ച കത്ത് ഓർമിപ്പിച്ചാണ് എഴുത്ത് തുടങ്ങുന്നത്. ‘ഇനി എഴുതണമെന്ന് കരുതിയതല്ല. പക്ഷേ ഹൈദരാബാദിൽ 1963 ജൂലൈ 27‐ന് താങ്കൾ നടത്തിയ ഒരു പരാമർശം കണ്ടതുകൊണ്ടാണ് എഴുതുന്നത്.’‐ നെഹ്‌റുവിന്റെ പ്രതികരണം വന്ന വാർത്ത പങ്കുവച്ചുകൊണ്ട് ഇ എം എസ് കത്ത് തുടരുന്നു: "വിമർശനത്തിൽ മാന്യത കാണിക്കണമെന്ന് ഗവൺമെന്റിന്റെ വിമർശകർക്ക് താങ്കൾ നൽകുന്ന ഉപദേശം ഒരുപോലെ സർക്കാരിനും ബാധകമാണെന്ന് താങ്കൾ സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്‌താൽ, ഗവൺമെന്റ് എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും മാന്യതയില്ലാത്തതാണെന്നും താങ്കൾ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ആരോപണങ്ങൾ അസത്യമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.’
ഇഎംഎസിന്റെ യാത്രയ്‌ക്ക് അംഗീകാരം നൽകി നെഹ്‌റു ഫയലിൽ എഴുതിയ ആദ്യകുറിപ്പ്
ഈ കത്തിനും നെഹ്‌റു മറുപടി അയച്ചതായി ഫയലിൽ കാണുന്നില്ല. എന്നാൽ ഈ കത്തിലെ തീയതി കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫയലിൽ നെഹ്‌റുവിന്റെ മറ്റൊരു കുറിപ്പ് വന്നു. അതിങ്ങനെയായിരുന്നു: ‘ഇ എം എസിൽ നിന്നു കിട്ടിയ കത്ത് ഞാൻ ഒപ്പം വയ്‌ക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സോവിയറ്റ് യൂണിയൻ സന്ദർശിക്കാൻ അദ്ദേഹത്തിനും ഭാര്യക്കും പാസ്‌പോർട്ട് നൽകാൻ സമ്മതിക്കുന്നതല്ലേ ഗുണകരം എന്ന് ഞാൻ ചിന്തിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ വളരെ രോഗിയാണെന്നതിൽ സംശയമില്ല താനും.'
ഈ കുറിപ്പോടെ വിലക്ക് നീങ്ങി. പി ഫോം കൊടുക്കാനുള്ള ഉത്തരവ് വീണ്ടും റിസർവ് ബാങ്കിലേക്ക് പോയി. ആഗസ്‌ത് ഒമ്പതിന് അനുമതി അറിയിച്ച് ഇ എം എസിന് ടെലിഗ്രാം അയച്ചു. 1963 ആഗസ്‌ത് 20‐ന് ഇ എം എസും ആര്യയും സോവിയറ്റ് യൂണിയനിലേക്ക് പോയി. ആദ്യം ഒരു മാസത്തേക്കായിരുന്നു സന്ദർശനം നിശ്‌ചയിച്ചതെങ്കിലും അനുമതി നീട്ടി രണ്ടുമാസത്തിലേറെ അവിടെ ചെലവിട്ടാണ് അവർ തിരികെയെത്തിയത് .
സന്ദർശനത്തിനിടെ നുണവാർത്തയും!
കമ്യൂണിസ്‌റ്റ് നേതാക്കൾക്കെതിരെ ഏതുനുണയും പ്രചരിപ്പിക്കാൻ അറുപതുകൊല്ലം മുമ്പും മാധ്യമങ്ങൾ തെല്ലും മടിച്ചിരുന്നില്ല എന്നുകൂടി വ്യക്തമാക്കുന്ന മറ്റൊരു വിവാദവും അന്നുണ്ടായി.
സോവിയറ്റ് യൂണിയനിലെത്തിയ ഇഎംഎസ് സർക്കാർ അറിയാതെ അവിടെ നിന്ന് ചൈനയിലെ പീക്കിങ്ങി (ബെയ്‌ജിങ്ങിന്റെ പഴയപേര്) ലേക്ക് പോയി എന്ന് ഹിന്ദുസ്ഥാൻ ടൈംസ് 1963 സപ്‌തംബർ15 നു വാർത്ത കൊടുത്തു. അതിർത്തി തർക്കത്തിൽ നിലപാട് മയപ്പെടുത്താൻ ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയോട് ആവശ്യപ്പെടാനാണ് യാത്ര എന്നും പത്രം ഊഹം ചമച്ചു.
ഇഎംഎസ് ചൈനയിലേക്ക് പോയതായി ഹിന്ദുസ്ഥാൻ ടൈംസിൽ 1963 സെപ്‌തംബർ 15 നു വന്ന നുണവാർത്ത
പത്രം ചോദ്യ ചിഹ്നത്തോടെയാണ് വാർത്ത കൊടുത്തതെങ്കിലും പാർലമെണ്ടിൽ ഇത് ആരോപണമായി വന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ മകൻ ദാഹ്യഭായ് വി പട്ടേൽ രാജ്യസഭയിലും മറ്റ് ചില എംപിമാർ ലോക്‌സഭയിലും ചോദ്യോത്തരവേളയിൽ പ്രശ്‌നം ഉന്നയിക്കാൻ ശ്രമിച്ചു. ഇഎംഎസ് എങ്ങനെ ചൈനയ്‌ക്കു പോയി എന്നായിരുന്നു അവർക്ക് അറിയേണ്ടത്. ഒടുവിൽ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിശദീകരണം വന്നു.
വാർത്ത തെറ്റാണ്. ഇഎംഎസ് ഇടയ്‌ക്ക് സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട അസർബൈജാനിലെ ബാക്കു വരെ മോസ്‌ക്കോയിൽ നിന്ന് പോയിരുന്നു. അല്ലാതെ ചൈനയിലേക്കല്ല. അതോടെയാണ് വിവാദം ശമിച്ചത്.









0 comments